Latest News
|^| Home -> Cover story -> നടുവിലാണു നന്മ

നടുവിലാണു നന്മ

sathyadeepam

ആഗോളകത്തോലിക്കാസഭയിലെ ഏറ്റവും ശ്രദ്ധേയരായ വ്യക്തിത്വങ്ങളിലൊരാളാണ് ന്യൂയോര്‍ക്ക് ആര്‍ച്ചുബിഷപ് കാര്‍ഡിനല്‍ തിമോത്തി എം. ഡോളന്‍. 2012-ല്‍ ടൈം വാരിക ലോകത്തിലെ ഏറ്റവും സ്വാധീന ശക്തിയുള്ള നൂറു പേരിലൊരാളായി കാര്‍ഡിനല്‍ ഡോളനെ തിരഞ്ഞെടുത്തിരുന്നു. ബെനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്തപ്പോള്‍ അടുത്ത മാര്‍പാപ്പയാകാന്‍ സാദ്ധ്യതയുളളവരുടെ പട്ടികയില്‍ ലോകമാധ്യമങ്ങള്‍ കാര്‍ഡി. ഡോളനെയും ഉള്‍പ്പെടുത്തിയിരുന്നു. അമേരിക്കയിലെ ഏറ്റവും ശക്തനായ മതനേതാവ് എന്ന നിലയില്‍ വിവിധ വിഷയങ്ങളില്‍ അദ്ദേഹത്തിന്‍റെ അഭിപ്രായങ്ങള്‍ ലോകം വിലമതിക്കുന്നു. റോമിലെ സെമിനാരികളില്‍ ദീര്‍ഘകാലം അദ്ധ്യാപകനായിരുന്ന അദ്ദേഹം അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞനും ഗ്രന്ഥകാരനുമാണ്. സെമിനാരികള്‍ക്കും പൗരസ്ത്യസഭകള്‍ക്കും വേണ്ടിയുള്ളതുള്‍പ്പെടെ നിരവധി പൊന്തിഫിക്കല്‍ സമിതികളില്‍ അംഗമായി ആഗോളസഭയുടെ നേതൃത്വത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി അടുത്തു പ്രവര്‍ത്തിക്കുന്നയാള്‍ കൂടിയാണ് അദ്ദേഹം. സമ്പന്നമായ അമേരിക്കന്‍ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ ലോകമെങ്ങും, വിശേഷിച്ചു മൂന്നാംലോകരാജ്യങ്ങളില്‍ നടക്കുന്ന വിപുലമായ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഡിനല്‍ നേതൃത്വം നല്‍കുന്നു. അമേരിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായിരുന്നിട്ടുള്ള കാര്‍ഡിനല്‍, മെത്രാന്‍ സംഘത്തിന്‍റെ അന്താരാഷ്ട്ര ജീവകാരുണ്യ സംഘടനയായ സി.ആര്‍.എസിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദല്‍ഹിയിലും ഒഡീഷയിലും നേരത്തെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കാത്തലിക്ക് നിയര്‍ ഈസ്റ്റ് അസ്സോസിയേഷന്‍റെ ചെയര്‍മാനെന്ന നിലയില്‍ ഏഷ്യന്‍ പര്യടനത്തിനിടെ ഈയിടെ അദ്ദേഹം കേരളത്തിലുമെത്തി. കേരളം ആദ്യമായി സന്ദര്‍ശിച്ച കാര്‍ഡിനല്‍ ഡോളനുമായി സത്യദീപം ചീഫ് എഡിറ്റര്‍ നടത്തിയ അഭിമുഖ സംഭാഷണത്തില്‍ നിന്ന്:

ചില പാരമ്പര്യവാദികള്‍ പറയും, പാപ്പ പരിഷ്കരണവാദിയാണെന്ന്. ചില പരിഷ്കരണവാദികള്‍ക്കാകട്ടെ അദ്ദേഹം പാരമ്പര്യവാദിയാണ്. നന്മ നടുവിലാണെന്ന് അറിയാമല്ലോ. ഫ്രാന്‍സി സ് മാര്‍പാപ്പ അതു വിശ്വസിക്കുന്നയാളാണ്. രണ്ടു ചിന്താധാരകളെയും തമ്മില്‍ യോജിപ്പിക്കുന്ന ഒരു പാലമായാണ് താന്‍ വര്‍ത്തിക്കേണ്ടതെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് പാപ്പ. പാലം പണിക്കാരനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ. പത്രോസിന്‍റെ ശൈലി പിന്തുടര്‍ന്നാലും പൗലോസിന്‍റെ ശൈലി പിന്തുടര്‍ന്നാലും നമ്മളെല്ലാം യേശുവിനെ പ്രഘോഷിക്കണം, യേശുവിനെ മാത്രം.

? കേരളത്തെക്കുറിച്ച് എന്തു തോന്നുന്നു?
കേരളത്തിലേയ്ക്കു വരുന്നത് ആദ്യമായിട്ടാണെങ്കിലും വളരെ നേരത്തെ തന്നെ അടുത്തറിയാമായിരുന്ന ഒരു സ്ഥലമായിട്ടാണ് എനിക്കിതനുഭവപ്പെടുന്നത്. കാരണം, അമേരിക്കയിലെ എന്‍റെ രൂപതയില്‍ കേരളത്തില്‍ നിന്നുള്ള നിരവധി വൈദികരും സിസ്റ്റര്‍മാരും ജനങ്ങളും ഉണ്ട്. അവരുടെ ആഴമേറിയ വിശ്വാസവും ആനന്ദവും അര്‍പ്പണബോധവുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. ശക്തമായ കുടുംബബന്ധങ്ങള്‍ സൂക്ഷിക്കുന്നവരാണ് അവര്‍. സാമൂഹികസേവനരംഗത്തും മറ്റും നിരവധി പദവികളില്‍ അവരെ കാണാം. ആശുപത്രികളിലും വിദ്യാലയങ്ങളിലും കേരളത്തില്‍ നിന്നുള്ള നിരവധി പേര്‍ ജോ ലി ചെയ്യുന്നു. ധാരാളം സ്റ്റാഫ് നഴ്സുമാര്‍ ഇവിടെ നിന്നുണ്ട്. അതിനാല്‍ കേരളത്തോട് എനിക്കൊരു കൃതജ്ഞതാഭാവമാണ് തോന്നുന്നത്.
? ലോകത്തില്‍ ഇസ്ലാമിക തീവ്രവാദത്തിന്‍റെ വളര്‍ച്ചയെ അങ്ങ് എങ്ങനെയാണു കാണുന്നത്?  ഇന്ത്യയിലും അതേകുറിച്ചുള്ള ആശങ്കകള്‍ ഇപ്പോഴുണ്ട്…
വിവിധ മതങ്ങള്‍ക്കിടയിലെ ഹാര്‍ദ്ദവമായ സൗഹൃദത്തിന്‍റെ പേരില്‍ അറിയപ്പെടുന്ന രാഷ്ട്രമാണല്ലോ ഇന്ത്യ. എല്ലാ മതങ്ങളോടും തുറവിയുള്ള ഒരു ഹൈന്ദവപാരമ്പര്യം നിങ്ങള്‍ക്കിവിടെയുണ്ട്. ഇസ്ലാമിക, ക്രൈസ്തവ സംസ്കാരങ്ങളും ഇവിടെ സഹവര്‍ത്തിക്കുന്നു. മതസൗഹാര്‍ദ്ദത്തിനു മറ്റു രാജ്യങ്ങള്‍ക്ക് ഒരു മാതൃകയാണ് ഇന്ത്യ. മതപരമായ അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്‍റെയും ചില പൊട്ടിത്തെറികള്‍ ഇവിടെ ഉണ്ടാകാറുണ്ട് എന്നത് എനിക്കറിയാം. പക്ഷേ തീരെ ചെറിയ ഒരു ന്യൂനപക്ഷം മാത്രമാണ് അതില്‍ ഉള്‍പ്പെടുന്നത്. വളരെ സമാധാനകാംക്ഷികളായ ബഹുഭൂരിപക്ഷത്തെ അവര്‍ പ്രതിനിധീകരിക്കുന്നില്ല.
ലോകമെങ്ങും സഭ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് ആഗോളസഭയ്ക്കും ഉത്കണ്ഠയുണ്ട്. മതസ്വാതന്ത്ര്യം ഇല്ലാതാകുന്നുവോ എന്നത് അമേരിക്കന്‍ സഭയും നേരിടുന്ന ഒരു വെല്ലുവിളിയാണ്. ഞങ്ങളുടെ രാജ്യം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്ന അടിസ്ഥാനസ്തംഭങ്ങളിലൊന്ന് മതസ്വാതന്ത്ര്യമാണ്.
മുസ്ലീം സമൂഹമൊന്നാകെ തീവ്രവാദപരമാണെന്നോ ഭീകരത സൃഷ്ടിക്കുന്നുവെന്നോ ഞങ്ങള്‍ കരുതുന്നില്ല. ആ സമൂഹത്തിലെ വളരെ വളരെ ചെറിയ ഒരു ന്യൂനപക്ഷമാണ് പ്രശ്നമുണ്ടാക്കുന്നത്. ഇത്തരത്തിലുള്ള സംഘങ്ങളില്‍ നിന്നു പല തരത്തിലുള്ള ഭീഷണികളും പീഡനങ്ങളും ലോകമെങ്ങും ഉണ്ടാകുന്നുണ്ട്.
? 2012-ല്‍ അങ്ങയെ ടൈം മാഗസിന്‍ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള 100 പേരിലൊരാളായി തിരഞ്ഞെടുത്തല്ലോ. എങ്ങനെയാണതു സാധിച്ചത്? വിശേഷിച്ചും അമേരിക്ക ഒരു സെക്കുലര്‍ രാജ്യവും അങ്ങ് ഒരു മതനേതാവുമായിരിക്കെ…
ആ പട്ടികയില്‍ എനിക്കു മുമ്പുണ്ടായിരുന്നത് ആരാണെന്നറിയുമോ? ലേഡി ഗാഗ. അതുകൊണ്ട്, ആ പട്ടികയെയൊന്നും ഗൗരവമായിട്ടെടുക്കാനാവില്ല. അമേരിക്ക സെക്കുലറാണെന്നു പറയരുത്. മതം അമേരിക്കയില്‍ വളരെ പ്രധാനപ്പെട്ടതാണ്. ഞങ്ങള്‍ തീര്‍ത്തും സെക്കുലറും മതവിരുദ്ധരുമാണെന്ന് ചിലരൊക്കെ ചിന്തിക്കുന്നുണ്ടാകാം. അതു ശരിയല്ല. അമേരിക്കയില്‍ ആളുകള്‍ മതത്തെ ഗൗരവമായിട്ടെടുക്കുന്നവരാണ്. ഞങ്ങള്‍ മതനേതാക്കളെ ബഹുമാനിക്കുന്നു, അവരുടെ വാക്കുകള്‍ക്കു ചെവി കൊടുക്കുന്നു. ഞങ്ങളുടെ കത്തോലിക്കാ സംസ്കാരത്തില്‍ വിശ്വാസത്തിനുള്ള പ്രാധാന്യവും പങ്കും മനസ്സിലാക്കുന്നവരാണു ഞങ്ങള്‍.
? സഭാനേതാക്കള്‍ക്ക് രാഷ്ട്രീയത്തില്‍ ഇടപെടാമോ?
സമൂഹത്തിന്‍റെ മൂല്യങ്ങള്‍ വാര്‍ത്തെടുക്കുന്നതില്‍ സഭയ്ക്ക് ഒരു പങ്കു വഹിക്കാനുണ്ട്. അതുകൊണ്ടു തന്നെ രാഷ്ട്രീയത്തിലും സഭയ്ക്കു പങ്കു വഹിക്കാനുണ്ട്. ജനാധിപത്യത്തിലെ മൂല്യങ്ങള്‍ നിശ്ചയിക്കുന്നതിനു സഭയുടെ സംഭാവനകള്‍ ആവശ്യമാണ്. അമേരിക്കയില്‍ സഭ രാഷ്ട്രീയപാര്‍ട്ടികളിലും നേതാക്കളിലും നിന്ന് അകലം പാലിക്കുന്നു. പക്ഷേ രാഷ്ട്രീയക്കാര്‍ സംരക്ഷിക്കേണ്ട തത്ത്വങ്ങളെയും മൂല്യങ്ങളെയും കുറിച്ച് ഞങ്ങള്‍ സംസാരിക്കണമെന്നാണ് ഞങ്ങളുടെ സംസ്കാരം പ്രതീക്ഷിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ രാഷ്ട്രീയക്കാരോടു പറഞ്ഞുകൊടുക്കുന്ന ശബ്ദമാകാന്‍ മതത്തിനു സാധിക്കണം. അതാണ് ഞങ്ങളുടെ രാജ്യത്തെ മഹത്തായ ഒരു രാജ്യമാക്കുന്നത്.
പക്ഷേ ചില ഘട്ടങ്ങളില്‍ രാ ഷ്ട്രീയത്തില്‍ നിന്നു തീര്‍ത്തും മാറി നില്‍ക്കുക ഞങ്ങള്‍ക്കു ബുദ്ധിമുട്ടാകാറുണ്ട്. ഞങ്ങള്‍ രാഷ്ട്രീയക്കാരല്ല, എന്നാല്‍ രാഷ്ട്രീയത്തില്‍ തത്പരരാണ്. അത് ഏതെങ്കിലും രാഷ്ട്രീയകക്ഷിയോടുള്ള താത്പര്യമല്ല. രാഷ്ട്രീയത്തില്‍ ഉള്‍പ്പെടാതെ രാഷ്ട്രീയത്തിലെ മൂല്യനിര്‍മ്മാണത്തില്‍ പങ്കുചേരുന്നു. രാഷ്ട്രീയബോധമുണ്ടായിരിക്കുക ഒരു നല്ല കാര്യമാണ്. ഏതെങ്കിലും പ്രത്യേക രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരാതെ സമൂഹത്തിന്‍റെ സുസ്ഥിതിയെ കുറിച്ച് ചിന്തിക്കുക. പഴയ നിയമത്തിലെ പ്രവാചകന്മാര്‍ ചെയ്തതതാണ്. ദൈവം പ്രതീക്ഷിക്കുന്നത് എന്താണെന്ന് രാജാക്കന്മാരോടും ജനങ്ങളോടും പറയുക, അവരുടെ ദൈനംദിന ജീവിതത്തില്‍ ഇടപെടാതെ തന്നെ. തിരഞ്ഞെടുപ്പു വേളകളില്‍ ഇതു പാലിക്കുക ബുദ്ധിമുട്ടാണ്. പക്ഷേ ആര്‍ക്കെതിരെയും ഞങ്ങള്‍ ഞങ്ങളുടെ വാതിലുകള്‍ അടച്ചിടാറില്ല. സംസാരിക്കാന്‍ എല്ലാവര്‍ക്കും സ്വാഗതം. പ. പിതാവും ഇതു പ്രോത്സാഹിപ്പിക്കുന്നു.
? സഭയില്‍ പരിഷ്കരണവാദികളും പാരമ്പര്യവാദികളും ഉണ്ട്. അവര്‍ തമ്മില്‍ ആശയസംഘര്‍ഷവുമുണ്ട്. സഭയില്‍ പരിഷ്കരണ വാദികള്‍ക്കുള്ള പിന്തുണ കുറഞ്ഞു വരികയാണോ? അങ്ങയുടെ നിലപാട് എന്താണ്?
അഭിപ്രായവ്യത്യാസങ്ങള്‍ ആ ദിമസഭയില്‍ത്തന്നെ ഉണ്ടായിരുന്നു എന്നതു മറക്കരുത്. അപ്പസ്തോല പ്രവര്‍ത്തനങ്ങളിലും പൗലോസ് ശ്ലീഹായുടെ ലേഖനങ്ങളിലും നമ്മളിതു വായിക്കുന്നുണ്ട്. തങ്ങള്‍ പത്രോസിന്‍റേതാണ്, പൗലോസിന്‍റേതാണ്, അപ്പോളോയുടേതാണ് എന്നെല്ലാം പറയുന്നവരുണ്ട്, എന്നാല്‍ യേശുവാണ് എല്ലാവരുടെയും കേന്ദ്രം. മെത്രാന്മാരെന്ന നിലയില്‍ ഞങ്ങള്‍ക്കെല്ലാം പ്രത്യേകമായ പ്രവര്‍ത്തനശൈലികളുണ്ടാകും. എന്നാല്‍ ഉള്ളിന്‍റെയുള്ളില്‍ ഐക്യം വ്യക്തമാണ്. നാമെല്ലാം വിശ്വസിക്കുന്ന സത്തയെ സംബന്ധിച്ച് മഹത്തായ ഐക്യം സഭയിലുണ്ട്. വ്യത്യസ്തമായ ശൈലികളുണ്ടാകാം. ഉദാഹരണത്തിനു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശൈലി. ബെനഡിക്ട് പാപ്പയില്‍ നിന്നു വ്യത്യസ്തനാണ് അദ്ദേഹം. ഇരുവരുടെയും ശൈലികള്‍ മനോഹരമാണ്, പക്ഷേ വ്യത്യസ്തമാണ്. സത്തയില്‍, പ്രബോധനത്തില്‍ ഇരുവരും ഒരേപോലെ വിശ്വസിക്കുന്നു. എന്നാല്‍ ആവിഷ്കാരങ്ങളില്‍ വ്യത്യാസമുണ്ട്. എല്ലാ പുരോഹിതരും സഭയില്‍ ഐക്യപ്പെട്ടിരിക്കുന്നു. എന്നാല്‍ പ്രബോധനശൈലികളില്‍ വ്യത്യസ്തരാണ്. സഭയില്‍ വൈവിധ്യം നിറയ്ക്കുന്നതും സമ്പന്നമാക്കുന്നതും ഇതു തന്നെയാണ്.
? തന്‍റെ പുരോഗമനപരമായ ആശയങ്ങള്‍ നടപ്പാക്കുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കു പാരമ്പര്യവാദികളില്‍ നിന്നു വേണ്ടത്ര പിന്തുണ കിട്ടുന്നില്ലെന്നു പലരും പറയുന്നു. അതു ശരിയാണോ?
ഇരുവശങ്ങളെയും സംയോജിപ്പിക്കാന്‍ കഴിയുന്നു എന്നതാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ സംബന്ധിച്ചുള്ള ഒരു നല്ല കാര്യം. ചില പാരമ്പര്യവാദികള്‍ പറയും, പാപ്പ പരിഷ്കരണവാദിയാണെന്ന്. ചില പരിഷ്കരണവാദികള്‍ക്കാകട്ടെ അദ്ദേഹം പാരമ്പര്യവാദിയാണ്. നന്മ നടുവിലാണെന്ന് അറിയാമല്ലോ. ഫ്രാന്‍സിസ് മാര്‍പാപ്പ അതു വിശ്വസിക്കുന്നയാളാണ്. രണ്ടു ചിന്താധാരകളെയും തമ്മില്‍ യോജിപ്പിക്കുന്ന ഒരു പാലമായാണ് താന്‍ വര്‍ത്തിക്കേണ്ടതെന്ന് ഉറച്ചു വിശ്വസിക്കുന്നയാളാണ് പാപ്പ. പാലം പണിക്കാരനാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
? ഇവയില്‍ ഏതു വിഭാഗത്തിലാണ് താങ്കള്‍ ഉള്‍പ്പെടുന്നത്?
ഞാന്‍ എന്നും മെയില്‍ തുറന്നു നോക്കുമ്പോള്‍ എന്‍റെ പുരോഗമനപരമായ ശൈലികളെ പുകഴ്ത്തിക്കൊണ്ടുള്ള ചില കത്തുകള്‍ കാണാറുണ്ട്. പക്ഷേ ഞാന്‍ തികച്ചും യാഥാസ്ഥിതികനാണ് എന്നു കുറ്റപ്പെടുത്തിക്കൊണ്ടുള്ളതാകും ചില കത്തുകള്‍. പത്രോസിന്‍റെ ശൈലി പിന്തുടര്‍ന്നാലും പൗലോസിന്‍റെ ശൈലി പിന്തുടര്‍ന്നാലും നമ്മളെല്ലാം യേശുവിനെ പ്രഘോഷിക്കണം, യേശുവിനെ മാത്രം.
? സ്വവര്‍ഗവിവാഹത്തെ കുറിച്ചുള്ള അങ്ങയുടെ നിലപാടെന്താണ്?
അമേരിക്കന്‍ കത്തോലിക്കാസഭ ബൈബിളില്‍ ഉറച്ചു നില്‍ക്കുന്നു. കത്തോലിക്കാസഭയുടെ വേദോപദേശത്തിനൊപ്പം നില്‍ക്കുന്നു. ഏതൊരു മനുഷ്യന്‍റെയും, അയാള്‍ വലിയവനോ ചെറിയവനോ സ്വവര്‍ഗാനുരാഗിയോ ബുദ്ധിമാന്ദ്യമുള്ളവനോ ആകട്ടെ, അന്തസ്സിനെ നാം മാനിക്കുന്നു. എല്ലാത്തരം മനുഷ്യരും ആദരവും അന്തസ്സും അര്‍ഹിക്കുന്നു. പക്ഷേ, ജീവിതാന്ത്യം വരെ നീണ്ടു നില്‍ക്കുന്നതും ജീവന്‍ നല്‍കാന്‍ പ്രാപ്തമായതും സ്ത്രീയും പുരുഷനും തമ്മിലുള്ളതുമാണ് വിവാഹബന്ധമെന്നും സഭ വിശ്വസിക്കുന്നു. സഭയിലൂടെ ദൈവമാണ് വിവാഹത്തിന് ഈ നിര്‍വചനം നല്‍കിയിട്ടുള്ളത്. അതിനു മാറ്റം വരുത്താന്‍ നമുക്ക് അധികാരമില്ല.
? അമേരിക്കയില്‍ അങ്ങയുടെ രൂപതയില്‍ പൗരോഹിത്യ ദൈവവിളികളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ അങ്ങേയ്ക്കു സാധിച്ചു എന്നു വായിച്ചിട്ടുണ്ട്. എങ്ങനെയാണതു സാധിച്ചത്? ഇന്നത്തെ സെമിനാരി പരിശീലനത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ എന്താ ണ്?
5 വര്‍ഷം ഞാന്‍ ഞങ്ങളുടെ സെമിനാരിയുടെ റെക്ടറായിരുന്നു. അതൊരു സംയോജിത പരിശ്രമമായിരുന്നു. അമേരിക്കക്കാര്‍ മതവിശ്വാസത്തെ ഗൗരവമായി എടുക്കുന്നവരാണെന്നു ഞാന്‍ നേരത്തെ പറഞ്ഞല്ലോ. അതിനെ ഒന്നു ജ്വലിപ്പിക്കുകയും പ്രചോദിപ്പിക്കുകയും മാത്രമേ ഞാന്‍ ചെയ്തുള്ളൂ. തീര്‍ച്ചയായും ആധുനിക യുഗത്തില്‍ സെമിനാരി പരിശീലനം ധാരാളം വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സെമിനാരി പരിശീലനത്തെക്കുറിച്ചുള്ള അപ്പസ്തോലികലേഖനം നമ്മുടെ സെമിനാരി പരിശീലനത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. പുരോഹിത പരിശീലനത്തില്‍ നാം നേരിടുന്ന എല്ലാ വെല്ലുവിളികളെയും അതില്‍ അദ്ദേഹം പരിശോധിക്കുകയും എല്ലാത്തിനും ഉത്തരം നല്‍കുകയും ചെയ്യുന്നുണ്ട്.
? യൂറോപ്പിലേയ്ക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം വര്‍ദ്ധിക്കുന്നത് അവിടത്തെ സാമൂഹ്യ-മത സന്തുലനത്തെ ബാധിക്കു മോ?
തീര്‍ച്ചയായും, ബാധിക്കും. പക്ഷേ ഞാനതിനെ പോസിറ്റീവായാണ് കാണുന്നത്. സാമ്പത്തികമായ അസ്ഥിരത ഉണ്ടാകും. പക്ഷേ ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതിനെ മറികടക്കാന്‍ സാധിക്കും. രണ്ടുതരം കുടിയേറ്റക്കാരുണ്ട്. വിദ്യാഭ്യാസയോഗ്യതകളും ശരിയായ രേഖകളുമുള്ളവര്‍. പാവപ്പെട്ടവരും യോഗ്യതകള്‍ കുറഞ്ഞവരുമാണ് രണ്ടാമത്തെ കൂട്ടര്‍. ഇരുകൂട്ടരും വ്യത്യസ്തമായ രീതിയില്‍ ഞങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്നവരാണ്. ഞങ്ങളുടെ നാട്ടില്‍ അര്‍പ്പണബോധത്തോടെ ജോലി ചെയ്യുന്ന മലയാളി പുരോഹിതരും കന്യാസ്ത്രീകളും കുടുംബങ്ങളും അദ്ധ്യാപകരും നഴ്സുമാരുമെല്ലാം ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള വലിയ സംഭാവനകളെ കുറിച്ചു ഞാന്‍ പറഞ്ഞല്ലോ. രേഖകളൊന്നുമില്ലാതെ വരുന്ന പാവപ്പെട്ട കുടിയേറ്റക്കാരും ഞങ്ങളുടെ സാമൂഹ്യഘടനയ്ക്ക് അവരുടേതായ സംഭാവനകള്‍ നല്‍കിക്കൊണ്ടാണിരിക്കുന്നത്.
? ‘സ്നേഹത്തില്‍ സന്തോഷ’മെന്ന പുതിയ അപ്പസ്തോലിക പ്രഖ്യാപനവും കുടുംബത്തോടും വിവാഹത്തോടും ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിക്കുന്ന പുതിയ അജപാലന സമീപനങ്ങളും ഇതു സംബന്ധിച്ച സഭയുടെ പരമ്പരാഗത പ്രബോധനങ്ങളെ ദോഷകരമായി ബാധിക്കുമോ?
ഒരിക്കലുമില്ല. കാരണം, സഭാപ്രബോധനത്തിനു വിരുദ്ധമായി യാതൊന്നും ആ പ്രഖ്യാപനത്തിലില്ല. ആധുനിക കാലത്തെ കുടുംബ-വിവാഹ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പുതിയ മാര്‍ഗങ്ങളും ശൈലികളും നിര്‍ദേശിക്കുക മാത്രമാണതു ചെയ്യുന്നത്. ഈ കാരുണ്യവര്‍ഷത്തില്‍ മാര്‍പാപ്പ നമുക്കു നല്‍കുന്ന സമ്മാനമാണിത്. സഭാപ്രബോധനത്തില്‍ കാലുറപ്പിച്ചുകൊണ്ടു തന്നെയാണ് കുടുംബങ്ങളുടെയും വിവാഹിതരുടെയും പ്രശ്നങ്ങളെ പുതിയൊരു ശൈലിയില്‍ പാപ്പ അഭിസംബോധന ചെയ്യാന്‍ ശ്രമിക്കുന്നത്.
? മദര്‍ തെരേസായെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ പോകുകയാണല്ലോ. ഇന്ത്യയില്‍ നിന്നുള്ള മിഷണറിമാര്‍ ഇപ്പോള്‍ ലോകമെങ്ങും പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പ്രവര്‍ത്തനങ്ങളെ അങ്ങ് എങ്ങനെയാണു വിലയിരുത്തുന്നത്?
ഒരു വിദേശ മിഷണറി ഇന്ത്യയുടെ സ്വന്തം വിശുദ്ധയായി മാറിയതു കാണുന്നത് വിസ്മയകരമാണ്. അല്‍ബേനിയായില്‍ നിന്നുള്ള ഒരു കന്യാസ്ത്രീയെന്നല്ല, ഇന്ത്യാക്കാരിയെന്നാണ് അവരറിയപ്പെടുന്നത്. അത്രയും ശക്തമായിരുന്നു അവരുടെ മിഷന്‍ പ്രവര്‍ത്തനം. മുന്‍കാലങ്ങളില്‍ യൂറോപ്പില്‍ നിന്നു ധാരാളം പേര്‍ ഇന്ത്യയില്‍ മിഷണറിമാരായി എത്തിയിരുന്നു. ഇന്ന് ഇന്ത്യയില്‍ നിന്നുള്ള മിഷണറിമാര്‍ യൂറോപ്പിലുണ്ട്. ഒരിക്കല്‍ ഇന്ത്യ സ്വീകരിച്ചു, ഇന്ന് ഇന്ത്യ നല്‍കുന്നു. ദൈവത്തിനു സ്തുതി.
? സോഷ്യല്‍ നെറ്റ് വര്‍ക്കിംഗിന്‍റെ ഇന്നത്തെ ലോകത്ത് സത്യദീപം പോലുള്ള കത്തോലിക്കാ അച്ചടി മാധ്യമങ്ങളുടെ പ്രാധാന്യത്തെ അങ്ങ് എങ്ങനെയാണു വിലയിരുത്തുന്നത്?
ഇന്നത്തെ ലോകം ഒരു സോഷ്യല്‍ മീഡിയ ലോകമാണ്. എല്ലാവരും അതിനകത്താണുള്ളത്. പക്ഷേ അച്ചടിമാധ്യമങ്ങളും സുപ്രധാനമാണ്. കാരണം, അതു സംഭവങ്ങളെ രേഖയാക്കുന്നു. വിവരങ്ങള്‍ കൈമാറുക മാത്രമല്ല അത്. വരും തലമുറകള്‍ക്കു കൂടി വേണ്ടിയുള്ള ഈടുവയ്പുകളാണ് അച്ചടിമാധ്യമങ്ങള്‍. അതിനാല്‍ ആ സേവനം നിങ്ങള്‍ തുടരുക.

Leave a Comment

*
*