Latest News
|^| Home -> Cover story -> നമ്മുടെ ആണ്‍കുട്ടികള്‍ പുറകിലോ?

നമ്മുടെ ആണ്‍കുട്ടികള്‍ പുറകിലോ?

sathyadeepam

-ജോസ് കുറിയേടത്ത് സി.എം.ഐ.

നമ്മുടെ സമൂഹത്തിലെ ആണ്‍കുട്ടികള്‍ എണ്ണത്തിന് ആനുപാതികമായ തോതില്‍ ബുദ്ധിയിലും മറ്റു കഴിവുകളിലും വളരുന്നില്ല, ഉയരുന്നില്ല എന്നൊരു ധാരണ ഇന്നു പരന്നിട്ടുണ്ട്. ഇതില്‍ മാതാപിതാക്കളും, സമുദായ നേതാക്കളും, വിദ്യാഭ്യാസ പ്രവര്‍ത്തകരും മറ്റും കുണ്ഠിതരും ആകാംക്ഷാഭരിതരും ആണ്. ഇത്തരമൊരു ധാരണ പടര്‍ന്നിരിക്കുന്നതിന്‍റെ പുറകില്‍ ചില നിരീക്ഷണങ്ങളില്ലാതില്ല. ഉദാഹരണത്തിന്, വിദ്യാലയ ത്തില്‍ ചേരുന്ന കുട്ടികളിലെ ലിംഗാനുപാതം ഏകദേശം തുല്യ മാണെങ്കിലും, കേരളത്തിലെ പ്രൊഫഷണല്‍ ഉള്‍പ്പടെയുള്ള കോളജുകളില്‍ പൊതുവേ പെണ്‍കുട്ടികളാണ് കൂടുതല്‍. ആര്‍ട്സ് & സയന്‍സ് കോളജുകളുടെ കാര്യം പറയാനില്ല. 60-65 ശതമാനത്തോളം പെണ്‍കുട്ടികളാണെന്നു മാത്രമല്ല, പരമ്പരാ ഗതമായി ആണ്‍വിഷയങ്ങള്‍ എന്നു കരുതിപ്പോന്നിരുന്ന ഫിസിക്സ്, കോമേഴ്സ് മുതലായവയില്‍പ്പോലും ബഹുഭൂരിപക്ഷവും പെണ്‍കുട്ടികളാണ്. ഡിഗ്രിതലത്തില്‍ ഇതാണു സ്ഥിതിയെ ങ്കില്‍, ബിരുദാനന്തരതലത്തില്‍ മിക്കവാറും എല്ലാ കോഴ്സുകളിലും നിറയെ പെണ്‍കുട്ടികളാണ്. കഷായത്തിനു മേന്‍പൊടി യെന്നവണ്ണം ഒന്നോ രണ്ടോ ആണ്‍കുട്ടികള്‍ വന്നുപെട്ടാലായി.
ആണ്‍കുട്ടികള്‍ കുറയുന്ന കോളജുകള്‍
ബിരുദതലത്തിലും ബിരുദാനന്തരതലത്തിലും പെണ്‍കുട്ടികളുടെ അനുപാതം വര്‍ദ്ധിക്കാന്‍ ഒന്നിലധികം കാരണങ്ങളുണ്ടാകാം. സ്കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് ആണ്‍കുട്ടികളിലേറെപ്പേര്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിലേക്കോ തൊഴിലിലേക്കോ തിരിയുന്നതും, പെണ്‍കുട്ടികള്‍ പൊതുവിദ്യാഭ്യാസത്തിന്‍റെ തുടര്‍ച്ചയെന്നപോലെ, കോളജുകളില്‍ എത്തിച്ചേരുന്നതുമാകാം ഒരു കാരണം. പക്ഷേ, അതുകൊണ്ടു മാത്രം ഈ പ്രതിഭാസത്തെ വ്യാഖ്യാനിച്ച് അവസാനിപ്പിക്കാമെന്നു തോന്നുന്നില്ല. മേല്പ്പറഞ്ഞ നിരീക്ഷണം, അതായത് പെണ്‍കുട്ടികളുടെ അനുപാതം കൂടുതലാണെന്നുള്ളത്, ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസത്തെക്കുറിച്ചും ഒട്ടൊക്കെ ബാധകമാണ്. പ്ളസ്ടു തലത്തിലും പെണ്‍കുട്ടികള്‍ പകുതിയിലേറെയുണ്ടെങ്കില്‍, അതിനു കാരണം പത്താം ക്ളാസ്സിലെ ഉയര്‍ന്ന മാര്‍ക്കോടുകൂടിയ വിജയാനുപാതത്തിലെ വ്യത്യാസം തന്നെയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ പത്താം ക്ലാസ് പരീക്ഷാഫലം പരിശോധിച്ചാല്‍ കാണാം ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മൊത്തം വിജയശതമാനം ഏകദേശം തുല്യമാണ്. ഗണനീയമായ വ്യത്യാസമില്ല. പിന്നെ, എന്തുകൊണ്ട് ഹയര്‍ സെക്കന്‍ററി തലത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ക്കു പ്രവേശനം ലഭിക്കുന്നു? യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം 80 ശതമാനം പ്രവേശനം നടക്കുന്ന ഈ തലത്തില്‍ പെണ്‍കുട്ടികളാണ് കൂടുതല്‍ മാര്‍ക്ക് വാങ്ങി മുന്നില്‍ നില്‍ക്കുന്നതെ ന്നര്‍ത്ഥം. പ്ളസ്ടു കഴിയാതെ ഒരുതരം ഉന്നതവിദ്യാഭ്യാസത്തിനും സാധ്യമല്ലാത്ത സംവിധാനത്തില്‍ ആ മേഖലയില്‍നിന്നും ഉയര്‍ന്ന തലങ്ങളിലേക്കു കയറുന്നതിലും സ്വാഭാവികമായി കൂടുതല്‍ പെണ്‍കുട്ടികള്‍ തന്നെ വരുന്നു.
വരന്മാരെക്കാള്‍ ഉയര്‍ന്ന ഡിഗ്രിയുള്ള വധുമാര്‍
ആണ്‍കുട്ടികള്‍ പുറകിലായെന്നു സംശയമുളവാക്കുന്ന മറ്റൊരു നിരീക്ഷണത്തെക്കുറിച്ചും കൂടി സൂചിപ്പിക്കട്ടെ. നമ്മുടെ സമൂഹത്തിലെ മിഡില്‍, ലോവര്‍ മിഡില്‍ ക്ലാസ്സ് കുടുംബങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ പരിശോധിച്ചാല്‍ കാണാം ഒരു വലിയ ശതമാനം ബന്ധങ്ങളിലും വരനേക്കാള്‍ ഉയര്‍ന്ന ഡിഗ്രിയുള്ളവളാണ് വധു. വരന്‍ പത്താം ക്ലാസ്സോ, പ്രീഡിഗ്രിയോ കഴിഞ്ഞ് വല്ല തൊഴിലധിഷ്ഠിത പഠനവും പൂര്‍ത്തിയാക്കി എന്തെങ്കിലും ജോലി ചെയ്യുന്നവനാകാം. വധുവാകട്ടെ നേഴ്സിംഗ്, ബി.എഡ്, ഇതൊന്നുമല്ലെങ്കില്‍ അലങ്കാരത്തിനൊരു പോസ്റ്റ് ഗ്രാജ്വേറ്റ് ഡിഗ്രി മുതലായവയില്‍ ഏതെങ്കിലുമൊന്ന് ഉള്ളവളാകാം. ഒരുപക്ഷേ വരന്‍ വധുവിനേക്കാള്‍ പണം സമ്പാദിക്കുന്നവനാകാം; എങ്കിലും ക്വാളിഫിക്കേഷന്‍ കൂടുതല്‍ വധുവിനു തന്നെ. ഈ സാഹചര്യത്തിലും ചോദ്യമുയരും, “നമ്മുടെ ആണ്‍കുട്ടികള്‍ക്കെന്തു പറ്റി?”
കുടുംബത്തില്‍ മങ്ങിക്കൊണ്ടിരിക്കുന്ന പുരുഷന്മാര്‍ ഇത്രയും പറഞ്ഞത് പഠനസം ബന്ധമായ വളര്‍ച്ചയെ അടിസ്ഥാനമാക്കിയാണ്. നമ്മുടെ പല സാധാരണ കുടുംബങ്ങളിലേക്കു തിരിയൂ. സാധാരണ ജോലികളായ കല്പ്പണി, മരപ്പണി, ഓട്ടോറിക്ഷ ഡ്രൈവിംഗ്, മണ്ണിലെ പണികള്‍ മുതലായവ ചെയ്യുന്ന പുരുഷന്മാര്‍ ഇന്നു ദിവസേന എണ്ണൂറും തൊള്ളായിരവും രൂപ ഉണ്ടാക്കുമെങ്കിലും, മേല്പ്പറഞ്ഞ കുടുംബങ്ങള്‍ നടന്നുപോകുന്നുണ്ടെങ്കില്‍ അതു സ്ത്രീകള്‍ ചിട്ടയോടെ ജോലി ചെയ്തിട്ടാണ്. ഇവിടെ കുടുംബത്തിന്‍റെ നടത്തിപ്പിന്‍റെയും ചിട്ടയുടെയും ചരട് പുരുഷന്മാരില്‍നിന്ന് വിട്ടുപോകുന്നു. അത് ഏറ്റെടുക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധിതരാകുന്നു. കിട്ടുന്ന വരുമാനത്തിലേറെയും കുടുംബത്തിനുവേണ്ടി ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തില്‍ മദ്യപാനം, ചീട്ടുകളി, ലോട്ടറിഭ്രമം മുതലായ ദുര്‍ച്ചെലവുകള്‍ വഴി നഷ്ടപ്പെടുന്നതുകൊണ്ടും ഇത്തരം ആ സക്തികള്‍മൂലം കുടുംബകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ പുരുഷന്മാര്‍ വീഴ്ച വരുത്തുന്നതു കൊണ്ടുമാണ് ഇത് സംഭവിക്കുന്നത്. അപ്പോഴും ചോദ്യമുയരുന്നു, “നമ്മുടെ ആണുങ്ങള്‍ക്കെന്തു പറ്റി?”
ഉത്തരവാദിത്വബോധം ക്ഷയിപ്പിക്കുന്ന സ്വാതന്ത്ര്യം
മേല്‍പ്പറഞ്ഞ ചോദ്യങ്ങള്‍ക്ക് എവിടെയാണ് ഉത്തരങ്ങള്‍ അന്വേഷിക്കേണ്ടത്? നമ്മുടെ വ്യക്തിത്വ രൂപവത്ക്കരണത്തെ സ്വാധീനിക്കുന്ന സമൂഹത്തിലും, ഈ സമൂഹത്തില്‍ നിരന്തരം സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളിലും ആണ് ഉത്തരം കിടക്കുന്നത് എന്നാണ് ഈ ലേഖകന്‍റെ പക്ഷം. ഒരു സമൂഹം ഗ്രാമീണ സംസ്കാരത്തില്‍ നിന്നും നാഗരിക സംസ്കാരത്തിലേക്കു മാറുമ്പോള്‍ അതിന്‍റെ ചട്ടക്കൂടിനു പല വ്യതിയാനങ്ങളും സംഭവിക്കുന്നുണ്ട്. ഒരു വശത്ത് വ്യക്തിസ്വാതന്ത്ര്യത്തെ നല്ലപോലെ നിയന്ത്രിച്ച്, സമൂഹത്തിനു മുഴുവന്‍ ഒരേ പെരു മാറ്റശൈലി നല്‍കിപ്പോന്നിരുന്ന ഗ്രാമീണജീവിതത്തിലെ പാരമ്പര്യങ്ങളും ആചാരങ്ങളും അലിഖിത നിയമങ്ങളും അയഞ്ഞ് നാഗരി കജീവിതത്തില്‍ വൈവിധ്യത്തിന് അവസരം വന്നുചേരുന്നു. അതു കൊണ്ടാണ് ഗ്രാമീണത ഐകരൂ പ്യമുള്ളതും (വീാീഴലിീൗെ) നാഗരികത വൈവിധ്യമാര്‍ന്നതും (വലലേൃീഴലിീൗെ) ആണെന്ന് സാമൂഹ്യശാസ്ത്രകാരന്മാര്‍ പറയുന്നത്. അതോടൊപ്പം മറുവശത്ത് മേല്പ്പറഞ്ഞ അയവ് വ്യക്തികളുടെ മനസ്സിനെയും സ്വതന്ത്രമാക്കുന്നു. ഒരു രീതിയെ പാടുള്ളുവെന്നു വിചാരിച്ചിരുന്നവര്‍, “അങ്ങനെയുമാകാം ഇങ്ങനെയുമാകാം” എന്നു ചിന്തിക്കാന്‍ തുടങ്ങുന്നു. ഈ അയവ് ബാഹ്യമായ പെരുമാറ്റ രീതികളെ മാത്രമല്ല, മൂല്യബോധത്തെയും ഒട്ടൊക്കെ സ്വാധീനിക്കുന്നു. വിവിധതരം മൂല്യങ്ങളിലധിഷ്ഠിതമായ രീതികള്‍ സമൂഹത്തില്‍ പ്രചരിക്കുന്നതോടെ, മനസ്സുകളില്‍ അഥവാ കാഴ്ചപ്പാടുകളില്‍ മൂല്യങ്ങളുടെ ഒരുതരം ആപേക്ഷികവത്ക്കരണം (ൃലഹമശ്ശ്വേമശേീി ീള ്മഹൗലെ) നടക്കുന്നു. ഈ പ്രക്രിയ ധാര്‍മ്മികവും സാന്മാര്‍ഗികവുമായ മൂല്യങ്ങളുടെ കാര്യത്തില്‍പോലും സംഭവിക്കുന്നു. അതുകൊണ്ടാണ്, കൂടുതല്‍ വ്യക്തിസ്വാതന്ത്ര്യമുള്ള പല പാശ്ചാത്യസമൂഹങ്ങളിലും വിവാഹം, ലൈംഗികത, കുടുംബജീവിതം മുതലായ മേഖലകളില്‍ വളരെ വ്യത്യസ്തങ്ങളായ മൂല്യങ്ങളനുസരിച്ച് ആളുകള്‍ ജീവിക്കുന്നതും ആരും ആര്‍ക്കും തടസ്സം നില്‍ക്കാത്തതും. ഇതിനു പുറമെ, എല്ലാവരുടെയും ദൃഷ്ടിയില്‍ അധാര്‍മ്മികമെന്നു തോന്നു ന്നവയിലേക്കുമുള്ള ആകര്‍ഷണങ്ങളും സ്വാധീനങ്ങളും നാഗരിക സമൂഹത്തില്‍ കൂടുതലായിരിക്കു മല്ലോ. ഇവയെല്ലാം കൂടി ചേരുമ്പോള്‍ മനസ്സിനെ ചഞ്ചലമാക്കുന്നതും പ്രധാന ഉത്തരവാദിത്വങ്ങളില്‍ നിന്നുപോലും ശ്രദ്ധ തിരിക്കുന്നതുമായ ഒട്ടനവധി സ്വാധീനങ്ങള്‍ നാഗരികസമൂഹത്തിലുണ്ട്.
കൗമാരത്തിന്‍റെ ശ്രദ്ധ നശിപ്പിക്കുന്ന സ്വാതന്ത്ര്യം
ഇത്തരമൊരു സമൂഹത്തിലാണ് ഇന്നത്തെ കൗമാരക്കാരും യുവജനങ്ങളും ജീവിക്കാന്‍ തുടങ്ങുന്നത്. ബാല്യകാലത്ത് കുട്ടികളെ മാതാപിതാക്കളും അദ്ധ്യാപകരും മറ്റു മുതിര്‍ന്നവരും പല കാര്യങ്ങളിലും കുറെയൊക്കെ നിയന്ത്രിച്ചാണല്ലോ വളര്‍ത്തുന്നത്. എന്നാല്‍ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ പഠിക്കുന്ന കൗമാരകാലമാകുന്നതോടെ, ഈ നിയന്ത്രണത്തിനു ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. പെണ്‍ കുട്ടികളുടെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരുന്നുവെന്നു മാത്രമല്ല, ചില നിയന്ത്രണങ്ങള്‍ കൂടുതലായും വരുന്നു. ഇന്നത്തെ പെണ്‍ കുട്ടികള്‍ അവയ്ക്കു മുഴുവനായി സമ്മതിച്ചു കൊടുക്കാറില്ലെങ്കിലും, പേരുദോഷം സംഭവിച്ചാല്‍ ആധുനിക സമൂഹത്തില്‍പോലും തങ്ങളുടെ ഭാവിക്കു ഹാനിതട്ടുമെന്ന് അറിയാവുന്നതുകൊണ്ട് സ്വയം നിയന്ത്രിക്കാനും അവര്‍ നിര്‍ബന്ധിതരാകുന്നു.
എന്നാല്‍ ആണ്‍കുട്ടികളുടെ സ്ഥിതി അതല്ല. മേല്‍ സൂചിപ്പിച്ച കൗമാരകാലം മുതല്‍ അവര്‍ കുടുംബത്തിലും സമൂഹത്തിലും കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കാന്‍ തുടങ്ങുന്നു. ഓരോരോ കാര്യങ്ങള്‍ക്കായി മാതാപിതാക്കള്‍ അവരെ നിയോഗിക്കാനും, ചുമത ലപ്പെടുത്താനും ഒറ്റയ്ക്കു പോലും ഉത്തരവാദിത്വം ഏല്പ്പിക്കാനും തുടങ്ങുന്നു. പുറത്തുപോകാനും മറ്റുള്ളവരുമായി ബന്ധപ്പെടാനും മറ്റും അവര്‍ക്കു കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നു. അവരുടെ പ്രവര്‍ത്തനങ്ങളില്‍ മുതിര്‍ന്നവര്‍ കൂടുതല്‍ നിരീക്ഷണം നടത്താന്‍ മടിക്കുന്നു. പിതാവ് ജോലിക്കോ മറ്റോ വേണ്ടി അകലെ താമസിക്കുന്നെങ്കില്‍, പ്രത്യേകിച്ച് വിദേശത്താണെങ്കില്‍, ആണ്‍കുട്ടികളുടെ ഉത്തരവാദിത്വവും സ്വാതന്ത്ര്യവും പല മടങ്ങ് വര്‍ദ്ധിക്കുന്നു. വീട്ടിലെ പകരക്കാരനായ ഗൃഹനാഥനെപ്പോലെ അവന്‍ പെരുമാറാന്‍ തുടങ്ങുന്നു. അമ്മയുടെ നിയന്ത്രണ ത്തിലൊന്നും അവന്‍ ഒതുങ്ങിയെന്നും വരില്ല. നല്ല അച്ചടക്കവും ആത്മനിയന്ത്രണവും ഉള്ള ചെറുപ്പക്കാരന് ഈ സാഹചര്യം ഭാവിയി ലേക്കുള്ള നല്ല പരിശീലനമായേക്കാം. പക്ഷേ, ഭൂരിപക്ഷം പേരും അത്തരത്തിലായി തീരണമെന്നില്ല, തീരുന്നുമില്ല.
ഈ ചുറ്റുപാടില്‍, അധാര്‍മ്മികമോ അപകടകരമോ ആയ പ്രശ്നങ്ങളില്‍ ചെന്നു വീഴുന്നില്ലെങ്കില്‍ പോലും ഒട്ടുമിക്കവരുടെയും ശ്രദ്ധ പതറാന്‍ തുടങ്ങുന്നു. ഇവയ്ക്കു പുറമെ, കൗമാരക്കാലത്ത് സ്വാഭാ വികമായി ഉണ്ടാകുന്ന ഏകാഗ്ര താനഷ്ടവും പരിഗണിക്കേണ്ടിയിരിക്കുന്നു. കായിക വിനോദങ്ങളില്‍ കൂടുതലായി തോന്നുന്ന താത്പര്യം, സുഹൃത്തുക്കളെ കണ്ടെത്താനും ബന്ധപ്പെടാനും ഉള്ള ആവേശം, വികസിച്ചുവരുന്ന ലൈംഗിക ജിജ്ഞാസയുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയുള്ള അന്വേഷണങ്ങള്‍ ഉണ്ടാക്കുന്ന ഏകാഗ്രതാനഷ്ടം മുതലായവ ഇക്കൂട്ടത്തില്‍പ്പെടും. ഇവയ്ക്കൊക്കെ പണ്ടത്തെക്കാളേറെ കൂടുത ലായി ഇന്നു സൗകര്യമൊരുക്കുന്നത് ആധുനിക സമ്പര്‍ക്കമാധ്യമങ്ങളാണെന്ന കാര്യവും നാമോര്‍ ക്കണം.
നിയന്ത്രണം കുറയുന്ന കുടുംബങ്ങള്‍
എന്നാല്‍ ഇവ ഉപയോഗിക്കുന്നതിനെക്കുറിച്ചോ, അവ വഴിയോ അല്ലാതെയോ മേല്പ്പറഞ്ഞ താത്പര്യങ്ങളില്‍ അമിതമായി സമയം കളയുന്നതിനേക്കുറിച്ചോ മാതാപിതാക്കളില്‍ പലരും വേണ്ടത്ര ശ്രദ്ധിക്കാറില്ലയെന്നതാണ് യാഥാര്‍ത്ഥ്യം. ഇനി ശ്രദ്ധിച്ചാല്‍ത്തന്നെ ഈ പ്രായത്തില്‍ നിയന്ത്രണ മേര്‍പ്പെടുത്താനാവശ്യമായ അധികാരപ്രയോഗം നടത്താന്‍ പലരും മടിക്കുകയും ചെയ്യുന്നു. അതിനു പ്രധാന കാരണം സമൂഹത്തില്‍ പൊളിഞ്ഞുകൊണ്ടിരിക്കുന്ന അധികാര ശ്രേണീസങ്കല്പമാണ്.
അതിനെപ്പറ്റി അല്പംകൂടി വിശദീകരിക്കേണ്ടതുണ്ട്. കുടുംബങ്ങളില്‍ മക്കള്‍ മാതാപിതാക്കളെ ആശ്രയിക്കുന്ന കാര്യങ്ങളിലും രീതികളിലും ശ്രദ്ധേയമായ മാറ്റങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വന്നിട്ടുണ്ട്. മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന കൂട്ടുകുടുംബങ്ങളിലും വലിയ കുടുംബങ്ങളിലും കുട്ടികളും മുതിര്‍ന്നവരും തമ്മില്‍ ശക്തമായ മേല്‍കീഴ് ബന്ധമാണ് ഉണ്ടായിരുന്നത്. മുതിര്‍ന്നവര്‍ കുട്ടികളെ സ്നേഹിക്കുകയും സംരക്ഷിക്കു കയും, കുട്ടികള്‍ മുതിര്‍ന്നവരെ അനുസരിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ഈ ബന്ധത്തില്‍ പ്രകടമായ ഉയര്‍ച്ചതാഴ്ച കളുണ്ടായിരുന്നു. പിതാവായിരുന്നു അതില്‍ ഏറ്റവും മുകളിലെ തട്ടില്‍. അമ്മയും മറ്റു മുതിര്‍ന്നവരും അതിനു താഴെ. കുട്ടികള്‍ ഏറ്റവും താഴത്തെ തട്ടിലും. അമ്മയ്ക്കോ മറ്റാര്‍ക്കെങ്കിലുമോ അധികാരം പ്രയോഗിക്കാന്‍ ബുദ്ധിമുട്ടുണ്ടായാല്‍ അവര്‍ പറയുന്ന ഒരു സ്ഥിരം പല്ലവിയായിരുന്നു “അപ്പന്‍ വരട്ടെ, കാണിച്ചു തരാം” എന്നത്. ആ മാനസികഭാവം രൂഢിയായിരുന്ന കുടുംബഘടനയില്‍ അധികാരപ്രയോഗവും അനുസ രണവും സാധാരണഗതിയില്‍ എ ളുപ്പമായിരുന്നു.
എന്നാല്‍ ഇന്ന് ഇതിനൊക്കെ ഏറെ മാറ്റം വന്നിരിക്കുന്നു. മുകളില്‍ സൂചിപ്പിച്ച ശ്രേണീഘടനയ്ക്കു പകരം ഇന്ന് അണുകുടും ബങ്ങളില്‍ മാതാപിതാക്കളും മക്കളും തമ്മില്‍ തുല്യതാഭാവത്തില്‍ ഉറപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരുതരം തിരശ്ചീനബന്ധമാണ് വളര്‍ന്നുകൊണ്ടിരിക്കുന്നത്. കുടുംബത്തില്‍ അംഗങ്ങളുടെ എണ്ണം കുറഞ്ഞതുതന്നെ അതിന്‍റെ ഏറ്റവും പ്രധാന കാരണം. സ്വന്തം വീട്ടിലോ അയല്‍പക്കങ്ങളിലോ ആയി അധികം സുഹൃത്തുക്കളില്ലാത്ത ഇന്നത്തെ കുട്ടികള്‍ക്കു മാതാപിതാക്കള്‍തന്നെ സുഹൃത്തുക്കളായി മാറുന്നു. തിരിച്ചറിവ് വയ്ക്കുന്ന കാലം മുതല്‍ അവര്‍ പരസ്പരം സുഹൃത്തുക്കളെപ്പോലെ പെരുമാറാന്‍ തുടങ്ങുന്നു. ഈ സുഹൃദ്ബന്ധം ഉണ്ടാക്കുന്നത് ശ്രേണീഭാവമല്ല, മറിച്ച് തുല്യതാഭാവമാണ്. മക്കളുടെ സുഹൃത്തുക്കളായി മാറുന്നത് തന്നില്‍ത്തന്നെ മോശമല്ലെങ്കിലും, അതുവഴി മാതാപിതാക്കള്‍ക്കു നഷ്ടപ്പെടുന്നത് അധികാരത്തിന്‍റെ ശക്തിയാണ്. ബാല്യത്തിലെയും അതില്‍ കൂടുതലായി കൗമാരത്തിലെയും വ്യക്തിത്വ രൂപവത്ക്കരണകാലത്ത് ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മേല്പ്പറഞ്ഞ തുല്യതാഭാവം തടസ്സം സൃഷ്ടിക്കുന്നു.
അതോടൊപ്പം, ആധുനിക സമൂഹത്തില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് മക്കള്‍ മാതാപിതാക്കളെ ആശ്രയിക്കേണ്ടിവരുന്ന കാര്യങ്ങളുടെ എണ്ണവും കുറഞ്ഞുവരുന്നു. ഭൗതികാവശ്യമായ ഉപജീവനത്തിന് അവര്‍ ഇന്നും വരുംകാലങ്ങളിലും മാതാപിതാക്കളെ ആശ്രയിക്കുമെങ്കിലും, അറിവ് സമ്പാദനം, ആധുനിക തൊഴിലുകളുടെ പരിശീലനം, പരസ്പരസ്നേഹ ബന്ധങ്ങളുടെ നിര്‍മ്മിതിയും പോഷണവും എന്നിങ്ങനെയുള്ള അനേകം ദൈനംദിന കാര്യങ്ങളില്‍ വളരാന്‍ അവര്‍ മാതാപിതാക്കളെയല്ല ആശ്രയിക്കുന്നത്. ക്ഷയിച്ചു കൊണ്ടിരിക്കുന്ന ഈ ആശ്രയഭാവം മാതാപിതാക്കളുടെ നിയന്ത്രണാധികാരത്തെയും സാരമായി ബാധിച്ചിരിക്കുന്നു.
ആണ്‍കുട്ടികള്‍ പുറകിലേക്ക്
ഇങ്ങനെ ഒരുവശത്ത് ബലഹീ നമായിക്കൊണ്ടിരിക്കുന്ന നിയന്ത്ര ണങ്ങളും മറുവശത്ത് ശ്രദ്ധ പതറാന്‍ ഇടവരുത്തുന്ന സ്വാധീനശ ക്തികളുടെ പെരുപ്പവും ആധുനിക സമൂഹം പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യവും എല്ലാം കൂടി കൗമാരക്കാരുടെ, പ്രത്യേകിച്ച് ആണ്‍ കുട്ടികളുടെ ഏകാഗ്രതയെയും പഠനത്തെയും അതുവഴി പില്‍ക്കാലത്തെ ഉയര്‍ച്ചയെയും ബാധിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ. (എന്നാല്‍, ഇത്ര സ്വതന്ത്രമായ സമൂഹത്തിലും സ്വയം നിയന്ത്രിച്ച്, ശ്രദ്ധ കേന്ദ്രീകരിച്ച്, കഴിവുകള്‍ വളര്‍ത്തിയെടുത്ത് ഉയരുന്നവരുടെ എണ്ണവും അത്ര കുറവല്ല. ഇവര്‍ മുന്‍ കാലങ്ങളിലെ ചെറുപ്പക്കാരെക്കാള്‍ പ്രതിബദ്ധതയും, കഠിനാദ്ധ്വാനശേഷിയും, സ്ഥിരപരിശ്രമവും ഉള്ളവരായിരിക്കും; അവരുടെ വളര്‍ച്ചയും വളരെ ശ്ലാഘനീയമായിരിക്കും.) എന്നാല്‍ അതേസമയം, ഒട്ടൊക്കെ നിയന്ത്രണങ്ങളോടുകൂടിത്തന്നെ ജീവിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്ന പെണ്‍കുട്ടികള്‍ അധികമൊന്നും ശ്രദ്ധ പതറാതെ കുത്തിയിരുന്നു പഠിച്ച് സാമാന്യം നല്ല മാര്‍ക്കോടെ പാസ്സാകാന്‍ ഇടയാകുന്നു. മേല്‍നോട്ടവും സമയ ക്രമവും മറ്റുമുള്ള പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസിക്കുന്നവര്‍ പഠിക്കുന്ന രീതിയും മേല്‍നോട്ടം കാര്യമായി ഇല്ലാത്തതും സമയക്രമം ഒട്ടുംതന്നെ നടപ്പാക്കത്തതുമായ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നടക്കുന്ന പഠനത്തി ന്‍റെ ഗൗരവവും തമ്മിലുള്ള വ്യത്യാസം ഈ ലേഖകന്‍ തന്നെ നേരിട്ട് നിരീക്ഷിച്ചിട്ടുള്ളതാണ്.
മറയുന്ന യുവാക്കള്‍
ഇന്നു കേരളത്തില്‍ സ്കൂള്‍പഠനം കഴിഞ്ഞാല്‍ പിന്നെ മിക്കവര്‍ക്കും ഡോക്ടറോ എഞ്ചിനീയറോ ആയാലല്ലേ തൃപ്തി വരൂ. അങ്ങനെ ആകാന്‍ പറ്റുന്നവരില്‍ത്തന്നെ വളരെക്കുറച്ചുപേര്‍ക്കു മാത്ര മാണല്ലോ കൊള്ളാവുന്ന ശമ്പളത്തോടുകൂടിയ ജോലി സമ്പാദിച്ച് ഇവിടെത്തന്നെ ഉയരാന്‍ സാധിക്കുന്നുള്ളു. ബാക്കിയുള്ളവര്‍ക്കു ഉപജീവനത്തിനാവശ്യമായതു കിട്ടണമെങ്കില്‍ മറുനാട്ടിലേക്കു പോകേണ്ട സ്ഥിതിയാണല്ലോ ഇന്നുള്ളത്. ഉപരിവര്‍ഗത്തിന്‍റേത് എന്നു കരുതുന്ന മേല്പ്പറഞ്ഞ ജോലികളും പിന്നെ ഏതാനും പേര്‍ക്കു മാത്രം ലോട്ടറി ഭാഗ്യം പോലെ ലഭിക്കുന്ന സര്‍ക്കാര്‍ ജോലികളും കഴിഞ്ഞാല്‍, മറ്റേതെങ്കിലും തൊഴിലില്‍ ഏര്‍പ്പെടുന്നതു തന്നെ കൂലി മാത്രമല്ല വിലയും കുറഞ്ഞ മ്ലേച്ഛമായ പണിയായി സമൂഹം കരുതാന്‍ തുടങ്ങിയിരിക്കുന്ന ഒരു പൊങ്ങച്ച സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. അതുകൊണ്ട്, മധ്യതലത്തിലും താഴ്ന്നതലത്തിലും എന്നു സമൂഹം പരിഗണിക്കുന്ന തരം ജോലികള്‍ ചെയ്യുന്ന നമ്മുടെ ചെറുപ്പക്കാരെ ഇവിടെയൊന്നും കണ്ടെത്താനാവില്ല. അതിനുപകരമാണല്ലോ ലക്ഷക്കണക്കിന് അന്യനാട്ടുകാര്‍ ഇവിടെ തൊഴിലന്വേഷിച്ച് വന്നു കൊണ്ടിരിക്കുന്നത്. നമ്മുടെ ചെറുപ്പക്കാരാകട്ടെ, അന്യരാജ്യങ്ങ ളിലേക്കും കുടിയേറിയിരിക്കുന്നു.
മാറുന്ന വിദ്യാലയ സംസ്കാരം
മൂന്നാമതൊരു മാറ്റവും ഈ പ്രശ്നത്തിന്‍റെ അടിയിലുണ്ട്. കത്തോലിക്കരുടെ സമൂഹത്തില്‍ കൂടുതല്‍ ദൃശ്യത ലഭിക്കുന്നത് അതിലെ അംഗങ്ങള്‍ സഭയോടു പ്രത്യക്ഷമായോ പരോക്ഷമായിട്ടെങ്കിലുമോ ബന്ധമുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴാണല്ലോ. സീറോ-മലബാര്‍ സഭയിലെ യുവജനങ്ങള്‍ സഭയുടെ കെ.സി.വൈ. എം., സി.എം.എല്‍, സി.എല്‍.സി മുതലായ സംഘടനകളില്‍ കൂടു തലായി ചേര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് ഈയിടെ രൂപതാദ്ധ്യക്ഷന്‍ എഴുതിയ ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടത് ഓര്‍ക്കുന്നു. സംഘടനകളില്‍ മാത്രമല്ല, കത്തോലിക്കാ സമൂഹവുമായി ബന്ധപ്പെട്ട ജോലികളിലും പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാകുന്നതും സ്വാഗതാര്‍ഹമായ കാര്യംതന്നെ. മുന്‍കാലങ്ങളില്‍ ഈ ലേഖകന്‍ മേല്പ്പറഞ്ഞ സംഘടനകളിലെല്ലാംതന്നെ നേതൃത്വ പരിശീലനം നല്‍കാനായി പോയിരുന്ന സമയത്ത്, അന്നത്തെ അംഗങ്ങളില്‍ ഒട്ടുമുക്കാലും നമ്മുടെ സാധാരണ എയ്ഡഡ് സ്കൂളുകളില്‍ പഠിച്ചു വളര്‍ന്ന ചെറുപ്പക്കാരായിരുന്നു. ഇന്ന് എയ്ഡഡ് സ്കൂളുകള്‍ ആര്‍ക്കും വേണ്ടെങ്കിലും, അവയ്ക്ക് ഒരു ക്രൈസ്തവസംസ്കാരം ഉണ്ടായിരുന്നു. നമ്മുടെ പൂര്‍വ്വികര്‍ വളര്‍ത്തിയെടുത്ത സേവനത്തിന്‍റെയും സമൂഹത്തോടുള്ള പ്രതിബദ്ധതയുടെയും കൃത്യമായ മൂല്യശിക്ഷണവും ധാര്‍മ്മികപ്രബോധനങ്ങളും ഒക്കെ അടങ്ങുന്ന ഒരു സംസ്കാരം. അവയില്‍ പഠിച്ചിറങ്ങുന്ന കുട്ടികളായിരുന്നു മേല്പ്പറഞ്ഞ സംഘടനകളിലും അതിനു പുറമെ സെമിനാരികളിലും മഠങ്ങളിലും ചേര്‍ന്നിരുന്നത്. ഇന്നും ഈ സ്ഥലത്തൊക്കെ കാണുന്ന യുവതീയുവാക്കളില്‍ ഭൂരിപക്ഷവും അത്തരം സ്കൂളുകളില്‍ നിന്നു തന്നെയുള്ളവരാണ്.
കത്തോലിക്കാ സംഘടനകളില്‍ക്കൂടിയുള്ള സേവനങ്ങള്‍ മാത്രമല്ല, സാമൂഹ്യപ്രതിബദ്ധതയുടെ ദര്‍ശനത്തില്‍ നിന്നുരുത്തിരിയുന്ന രാഷ്ട്രീയ-സാമൂഹ്യ സംഘടനകളില്‍ക്കൂടിയുള്ള പ്രവര്‍ത്തനങ്ങളും വളര്‍ന്നതും നിലനിന്നിരുന്നതും മേല്പ്പറഞ്ഞ എയ്ഡഡ് വിദ്യാലയങ്ങളിലും കലാലയങ്ങളിലും ആണ്. പ്രസ്തുത പ്രവര്‍ത്ത നങ്ങളുടെ ബാഹ്യശൈലി ചിലപ്പോഴൊക്കെ അപക്വവും അക്രമ ചായ്വുള്ളതുമായിരുന്നിരിക്കാം. വിദ്യാര്‍ത്ഥിരാഷ്ട്രീയം ബഹളമയമായിരുന്നല്ലോ അടുത്തകാലം വരെ.
ഇന്നു ധാരാളമായി ആരംഭിച്ചി രിക്കുന്നതും നമ്മുടെ സമൂഹത്തിലെ നല്ലൊരു ശതമാനം കുട്ടികള്‍ ചേര്‍ന്നു പഠിക്കുന്നതുമായ ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ സഭയോടും സമൂഹത്തോടും ഉണ്ടാകേണ്ട പ്രതിബദ്ധതയെക്കുറിച്ച് എത്രമാത്രം അവബോധം സൃഷ്ടിക്കപ്പെടുന്നുണ്ട് എന്നും അത് ഇന്നത്തെരീതിയില്‍ നിലനിര്‍ത്തിയാല്‍ മതിയോ എന്നും ഗൗരവമായി ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നു തോന്നുന്നു. പഠനനില വാരം, കലാകായിക രംഗങ്ങളിലെ മികവ് എന്നിവയ്ക്കൊക്കെ വളരെ പ്രാധാന്യം കൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ പല സ്വാശ്രയ സ്കൂളുകളിലും മൂല്യശിക്ഷണം പോലും കൃത്യമായി നല്‍കാന്‍ സമയം കിട്ടാറില്ലയെന്നതാണു സത്യം. അതിനു പുറമെ, മധ്യവര്‍ഗത്തിലും ഉപരിമധ്യവര്‍ഗത്തിലും നിന്നുള്ള കുട്ടികള്‍ക്കു ഭൂരിപക്ഷമുള്ള പ്രസ്തുത സ്ഥാപനങ്ങളില്‍ എഞ്ചിനിയറിംഗിനും മെഡിസിനും പോകാനുള്ള അധിനിവേശത്തില്‍നിന്നുയരുന്ന ഒരുതരം കരിയര്‍ സംസ്കാരമാണു കൂടുതലായി കാണപ്പെടുന്നതെന്നാണ് ഈ ലേഖകന്‍റെ നിരീക്ഷണം. സമൂഹത്തെയും അതിന്‍റെ വളര്‍ച്ചയ്ക്കു വേണ്ടി ബുദ്ധിമുട്ടേണ്ടതിന്‍റെ ആവശ്യകതയെയും കുറിച്ച് താത്പര്യമുണ്ടാക്കുന്ന ഒരു അന്തരീക്ഷം അത്തരം സ്കൂളുകളില്‍ പലതിലും ഇനിയും രൂപപ്പെട്ടു വരേണ്ടിയിരിക്കുന്നു. പിന്നെയെങ്ങനെയാണ് നമ്മുടെ സമൂഹത്തിലെ ഉയര്‍ന്ന കുടുംബങ്ങളില്‍നിന്നുള്ള ആണ്‍കുട്ടികള്‍ ഇത്തരം പഠനത്തിനു ശേഷം സഭയോടും സമൂഹത്തോ ടും ബന്ധപ്പെട്ട മേഖലകളില്‍ കാണപ്പെടുന്നത്? എന്തിന്, അല്മായര്‍ മൂല്യപ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കേണ്ടതും നേതൃത്വം കൊടുക്കേണ്ടതുമായ രാഷ്ട്രീയ രംഗത്തേക്കിറങ്ങാന്‍ ഈ സ്ഥാപനങ്ങളില്‍നിന്ന് പുറത്തിറങ്ങുന്ന ചെറുപ്പക്കാര്‍ക്ക് എങ്ങനെ താല്പര്യമുണ്ടാകും? അവരൊക്കെ തങ്ങളുടെ കരിയര്‍ വളര്‍ത്തി എവിടെ യെങ്കിലുമൊക്കെ ചെന്നുപെട്ടിട്ടുണ്ടാകും, ഭാര്യയോടും മക്കളോടും ഒപ്പം സുഖമായി കഴിയുന്നുമുണ്ടാവും. ഈ സാഹചര്യത്തിലും ചോദിച്ചുപോകും, څനമ്മുടെ ആണ്‍കു ട്ടികള്‍ എവിടെയെന്ന്.
ഈ പ്രശ്നം നീണ്ടുനില്‍ക്കുമോ?
മുകളിലെ ചോദ്യങ്ങളും അവയുടെ പുറകിലെ നിരീക്ഷണങ്ങളും നീണ്ടുനില്‍ക്കുന്നതാണോ, അതോ തത്ക്കാലത്തെ പ്രതിഭാസങ്ങള്‍ മാത്രമാണോ? തത്ക്കാലത്തേതാകാനാണ് സാധ്യത. കാരണം, കേരളസമൂഹം ഇപ്പോള്‍ പരിവര്‍ത്തനം വഴിയുള്ള ഒരു രൂപമാറ്റ പ്രക്രിയയുടെ നടുവിലാണല്ലോ. മുകളില്‍ സൂചിപ്പിച്ചതുപോലെ, ഗ്രാമീണസംസ്കാരത്തില്‍നിന്ന് നാഗരികസംസ്കാരത്തിലേക്ക് അതു മാറിക്കൊണ്ടിരിക്കുന്നതേയുള്ളൂ. ആ മാറ്റം പൂര്‍ണ്ണമായിട്ടില്ല, സ്ഥായിയായിത്തീര്‍ന്നിട്ടുമില്ല. നാഗരിക സംസ്കാരശൈലിയില്‍ ഉറയ്ക്കുകയും അതില്‍ ജീവിക്കുന്നവര്‍ അതിന്‍റെ നന്മകളെ സ്വന്തമാക്കാനും അപകടങ്ങളെ പ്രതിരോധിക്കാനും നന്നായി പഠിക്കുകയും ചെയ്തിട്ടില്ല. ഈ സംസ്കാരത്തില്‍ അതിജീവിക്കണമെങ്കില്‍ ഈ പഠനം പൂര്‍ത്തിയാകണം. സ്വയം ശിഥിലമാകാന്‍ ഒരു സമൂഹവും ആഗ്രഹിക്കില്ല, സമൂഹങ്ങള്‍ ഒന്നാകെ ഒരിടത്തും സ്വയം ആത്മഹത്യ ചെയ്യാറുമില്ല. അതുകൊണ്ട്, അതിലെ അംഗങ്ങള്‍ അതിജീവനകല സ്വായത്തമാക്കുക തന്നെ ചെയ്യും. അതുവരെയുള്ള താളപ്പിഴകളാണ് നാമിപ്പോള്‍ കണ്ടു കൊണ്ടിരിക്കുന്നത്. നമ്മേക്കാള്‍ സ്വാതന്ത്ര്യമുള്ളതും ഉത്തരനാഗരിക സംസ്കാരത്തിലേക്കു വളര്‍ന്നിരിക്കുന്നതുമായ പാശ്ചാത്യ സമൂഹങ്ങളിലെ യുവാക്കള്‍ ലോകോത്തര പ്രതിഭാശാലികളായി വളരുന്നില്ലേ, ഉയരുന്നില്ലേ. നമ്മുടെ സമൂഹത്തിലേതിനേക്കാള്‍ ശക്തവും, ആകര്‍ഷകവും നിയന്ത്രണങ്ങളൊന്നുംതന്നെ കാര്യമായി ഇല്ലാത്തതുമായ പ്രലോഭനങ്ങളെ അതിജീവിച്ച് ഉയരാന്‍ അവിടെ അവര്‍ക്കു സാധിക്കുന്നെങ്കില്‍, ഇവിടെ നമ്മുടെ യുവാക്കള്‍ക്കും കഴിയും. ഇപ്പോള്‍ പരക്കെ കാണപ്പെടുന്ന ഈ ചാഞ്ചല്യം ഒന്ന് അടങ്ങണം, ഒതുങ്ങണം. അതിനല്പം സമയമെടുത്തേക്കും, അത്രമാത്രം.
മുകളില്‍ ശ്രമിച്ച ഉത്തരങ്ങള്‍ പൂര്‍ണ്ണമായ ശാസ്ത്രീയാടിത്തറയില്‍ ഉറപ്പിച്ചവയുമല്ല. ശാസ്ത്രീയമായ അന്വേഷണരീതികളും വിശകലനമാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് അവയെ ബലപ്പെടുത്തേണ്ടിയിരിക്കുന്നു. തത്ക്കാലത്തേക്ക് ഇതു ശാസ്ത്രീയമായ പരിശീലനം കിട്ടിയ കണ്ണുകൊണ്ടുള്ള സാധാരണ നിരീക്ഷണങ്ങളായി കരുതിയാല്‍ മതിയാവും.

Leave a Comment

*
*