Latest News
|^| Home -> Cover story -> ന്യൂനപക്ഷപ്രീണനം എന്ന ആയുധം

ന്യൂനപക്ഷപ്രീണനം എന്ന ആയുധം

sathyadeepam

കാര്യങ്ങളെ വക്രീകരിച്ച് അസഹിഷ്ണുത വളര്‍ത്തി, അതില്‍ നിന്നു വോട്ടു നേടി അധികാരത്തിലെത്താന്‍ വെമ്പല്‍ കൊള്ളുന്നവര്‍ നമ്മുടെ ഈ നേട്ടങ്ങളെ കോട്ടങ്ങളായി ചിത്രീകരിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങള്‍ കുറെയൊക്കെ വിജയിക്കുന്നുണ്ട്. അതുകൊണ്ടാണു ശ്രീ. ഏ.കെ. ആന്‍റണിയെപ്പോലുള്ള നേതാക്കള്‍, ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി എന്തൊക്കെയോ നേടി എന്നു വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്.

ന്യൂനപക്ഷ സമുദായങ്ങള്‍ അര്‍ഹിക്കുന്നതിലധികം ആനുകൂല്യങ്ങള്‍ ഭരണകൂടത്തില്‍ നിന്നു പിടിച്ചുപറ്റുന്നു എന്നൊരു പ്രചരണം ഏറെക്കാലമായി സമൂഹത്തില്‍ നിലനില്ക്കുന്നുണ്ട്. ന്യൂനപക്ഷ സമുദായങ്ങള്‍ ചില പ്രത്യേക ജില്ലകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. അവര്‍ക്കു സമുദായതാത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമായി രാഷ്ട്രീയപാര്‍ട്ടിയുണ്ട്. മതമേലദ്ധ്യക്ഷന്മാരുടെ ആഹ്വാനമനുസരിച്ചു സമുദായം ഒന്നടങ്കം വോട്ട് ചെയ്യുന്നു. അങ്ങനെ അവര്‍ക്കു ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ ജനപ്രതിനിധികളും രാഷ്ട്രീയ വിലപേശല്‍ ശക്തിയും ലഭിക്കുന്നു. അതുപയോഗിച്ചു ക്രി സ്ത്യാനികളും മുസ്ലീങ്ങളും ഖജനാവിന്‍റെ മുന്തിയ പങ്ക് അനുഭവിക്കുന്നു എന്നാണു പ്രചരണങ്ങളുടെ രത്നച്ചുരുക്കം.
ന്യൂനപക്ഷങ്ങള്‍ യഥാര്‍ത്ഥത്തില്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുന്നുണ്ടോ? ഒരു സാധാരണക്കാരനായ ക്രിസ്ത്യാനി എന്ന നിലയില്‍ എനിക്കു തോന്നുന്നത് അര്‍ഹതപ്പെട്ടതുപോലും ലഭിക്കുന്നില്ല എന്നാണ്. കാലാകാലമായി പട്ടയമില്ലാതെ കഷ്ടപ്പെടുന്ന മലയോര കര്‍ഷകര്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ്. അവര്‍ക്ക് അര്‍ഹമായ പട്ടയം കൊടുത്താല്‍ ന്യൂനപക്ഷപ്രീണനം എന്ന ആക്ഷേപം കേള്‍ക്കേണ്ടി വരുമെന്നു ഭരണപക്ഷം ഭയക്കുന്നു എന്നു തോന്നുന്നു. ക്രിസ്തുമതം സ്വീകരിച്ചുപോയി എന്ന ഒറ്റക്കാരണംകൊണ്ടു സംവരണാനുകൂല്യങ്ങള്‍ നിഷേധിക്കപ്പെട്ട പട്ടികജാതി-പട്ടികവര്‍ഗ സഹോദരങ്ങള്‍ നീതിബോധമുള്ള ഏവരുടെയും ചങ്കിലെ മുറിവാണ്.
കേരളത്തില്‍ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം ന്യൂനപക്ഷങ്ങളുടെ നില പൊതുവേ മെച്ചപ്പെട്ടിട്ടുണ്ട് എന്നു കാണാം. മിഷനറിമാരുടെ പ്രവര്‍ത്തനംമൂലം വിദ്യാഭ്യാസം സിദ്ധിച്ച നമ്മുടെ പെണ്‍കുട്ടികള്‍ ആതുരശുശ്രൂഷാരംഗത്ത് ഒരു ആഗോളസാന്നിദ്ധ്യമാണ് എന്നതാണ് ആദ്യത്തെ കാരണം. കേവലം പത്താംതരം വിദ്യാഭ്യാസമുള്ള ഉള്‍ഗ്രാമങ്ങളില്‍നിന്നു പെണ്‍കുട്ടികള്‍ സ്വിറ്റ്സര്‍ലന്‍റിലും അമേരിക്കയിലും ജര്‍മനിയിലും ഗള്‍ഫിലുമൊക്കെ കടന്നുചെന്നു സ്തുത്യര്‍ഹമായ വിധം സേവനം ചെയ്യാന്‍ തുടങ്ങിയിട്ട് ഇന്നേയ്ക്ക് അര നൂറ്റാണ്ടില്‍ കൂടുതലായി. ഈ തൊഴിലിനെ പുച്ഛത്തോടെ കണ്ടിരുന്നവര്‍പോലും അനുഭവങ്ങളുടെ വെളിച്ചത്തില്‍ തങ്ങളുടെ മക്കളെ നഴ്സിംഗിനയയ്ക്കാന്‍ മുന്നോട്ടു വന്നു. അങ്ങനെ സ്വജീവിതംകൊണ്ട് ഒരു തൊഴിലിന്‍റെ പേരുദോഷം നീക്കിയ നമ്മുടെ പെണ്‍കുട്ടികളെ അംഗീകരിക്കാനും ആദരിക്കാനും ഒരു സര്‍ക്കാരും ഇന്നുവരെ മുന്നോട്ടുവന്നിട്ടില്ല. അനുകരണമാണ് ഏറ്റവും വലിയ അഭിനന്ദനം എന്നു തെളിയിച്ചുകൊണ്ടു മറ്റു സമുദായക്കാരും നഴ്സിംഗിലേക്ക് ആകൃഷ്ടരാകു ന്ന നിലയിലേക്കു കാര്യങ്ങള്‍ എത്തിനില്ക്കുന്നു.
മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍ക്കു സാമ്പത്തികാഭിവൃദ്ധി നേടിക്കൊടുത്ത രണ്ടാമത്തെ ഘടകം നമ്മുടെ സാഹസികമായ കുടിയേറ്റമാണ്. ഏൃീം ാീൃല ളീീറ പദ്ധതി പ്രകാരവും അല്ലാതെയും ധാരാളം സാഹസികരായ ചെറുപ്പക്കാര്‍ മലമ്പനിയേയും കാട്ടുമൃഗങ്ങളെയും തദ്ദേശീയരായ മുഷ്കന്മാരെയും നേരിട്ടു പട്ടിണിയെ തോല്പിച്ചു വിജയമകുടം ചൂടിയ വീരഗാഥ നേരായി ചിന്തിക്കുന്ന ഏവരെയും രോമാഞ്ചമണിയിക്കേണ്ടതാണ്. കുടിയേറ്റ കര്‍ഷകര്‍ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ് എന്ന കാരണത്താല്‍ അവര്‍ക്ക് അര്‍ഹമായ പട്ടയം നിഷേധിക്കപ്പെടുകയും അവര്‍ കയ്യേറ്റക്കാരും പരിസ്ഥിതി ധ്വംസകരും ഒക്കെയായി മാറുന്ന വിചിത്രമായ കാഴ്ചയാണു നമ്മെ തുറിച്ചുനോക്കുന്നത്.
എന്തുകൊണ്ടാണു കുടിയേറ്റക്കാര്‍ എല്ലാവരുംതന്നെ ക്രിസ്ത്യാ നികളാകാന്‍ കാരണം? അമ്പതുകളില്‍ ക്രിസ്ത്യാനിയേക്കാള്‍ മെച്ചപ്പെട്ട സാമ്പത്തികസ്ഥിതിയിലായിരുന്നു ഹിന്ദുക്കള്‍ എന്നതുതന്നെ. അവര്‍ എല്ലാവരും സമ്പദ്സമൃദ്ധിയില്‍ ആറാടി എന്നല്ല വിവക്ഷ. പശിയടക്കാന്‍ ക്രിസ്ത്യാനിയേക്കാള്‍ സൗകര്യമായിരുന്നു എന്നു മാത്രം. അവരുടെ കൂട്ടുകുടുംബ പിന്തുടര്‍ച്ച അവകാശ പ്രശ്നങ്ങള്‍ മൂലം ഏതെങ്കിലും ഒരു കുടുംബത്തിനു വിറ്റുപെറുക്കി കുടിയേറാന്‍ എളുപ്പമല്ലായിരുന്നു. പിതൃക്കളെ സംസ്കരിച്ച മണ്ണില്‍ കുടുംബ പരദേവതകളെ വിട്ടുപോകാനുള്ള മതാനുഷ്ഠാനപരമായ ബുദ്ധിമുട്ടുകള്‍ വേറെ. അന്നത്തെ ഹിന്ദുക്കള്‍ ഏറെയും വരമ്പില്‍ കുടയും ചൂടി നിന്നു കീഴാളരെക്കൊണ്ടു പണിയിപ്പിക്കുന്നവരായിരുന്നു. ക്രിസ്ത്യാനികളെപ്പോലെ നേരിട്ടു മണ്ണിലിറങ്ങി വെട്ടുകയും കിളയ്ക്കുകയും ചെയ്യുന്നവരായിരുന്നില്ല എന്നതും ഒരു കാരണമാണ്.
കത്തോലിക്കരുടെ മാത്രമല്ല എല്ലാ വിഭാഗത്തില്‍പ്പെട്ട മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെയും ഒരു പൊതുസ്വഭാവമാണു മിതവ്യയശീലം. സ്ത്രീധനം സ്വരുക്കൂട്ടാനുള്ള വ്യഗ്രതയില്‍നിന്നാകാം ഈ സ്വഭാവ പ്രത്യേകത നമ്മള്‍ ആര്‍ജ്ജിച്ചത്. ഇതും ക്രിസ്ത്യാനികളുടെ സാമ്പത്തിക അഭ്യുന്നതിക്കു നിദാനമായിട്ടുണ്ട്.
മുസ്ലീം സഹോദരങ്ങളുടെ സാമ്പത്തിക ഉന്നമനത്തിനു കാരണം അവര്‍ പൊതുവേ കച്ചവടത്തില്‍ ശ്രദ്ധയൂന്നി എന്നതും ഗള്‍ഫിലേക്കുള്ള കുടിയേറ്റവുമാണ്. അല്ലാതെ ഏതെങ്കിലും ഭരണകൂടത്തിന്‍റെ പ്രീണനം അല്ല. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്തുണകൊണ്ട് ആരെങ്കിലും രക്ഷപ്പെടുമായിരുന്നെങ്കില്‍ ആദിവാസികളും പട്ടികജാതിക്കാരും പണ്ടേ കോടീശ്വരന്മാരാകേണ്ടതാണ്.
അസഹിഷ്ണുതക്കാര്‍ക്ക് അലോസരമുണ്ടാക്കുന്ന മറ്റൊരു കാര്യം നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. മിഷനറിമാരുടെ കാലം മുതല്‍ സഭ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ്. പിടിയരി പിരിച്ചും കല്ലു ചുമന്നും നമ്മളതു വളര്‍ത്തി വലുതാക്കി. ഈ സ്ഥാപനങ്ങള്‍ ഇരുന്നിട്ട് എഴുന്നേല്ക്കുന്നതുപോലെ, ഇന്നിപ്പോള്‍ കാണുന്ന രൂപത്തില്‍, പെട്ടെന്നു പൊട്ടിമുളച്ചതല്ല. ഓല ഷെഡ്ഡില്‍ നിന്നും പടിപടിയായി കെട്ടിപ്പൊക്കിയതാണിവ. അനേകം തലമുറകളുടെ അദ്ധ്വാനമാണിവ. ഒത്തിരി അച്ചന്മാരുടെയും കന്യാസ്ത്രീകളുടെയും അല്മായ സഹോദരങ്ങളുടെയും ചോരയും വിയര്‍പ്പും സ്വപ്നങ്ങളും കണ്ണീരുമാണവയുടെ അസ്ഥിവാരം. എയ്ഡഡ് മേഖലയിലെ അദ്ധ്യാപകര്‍ക്കു സര്‍ക്കാര്‍ ശമ്പളം കൊടുക്കാന്‍ തുടങ്ങിയിട്ട് അധികകാലമായില്ല. അപ്പോള്‍ മുതലാണു വിദ്യാഭ്യാസസംരംഭകത്വം മറ്റു സമുദായങ്ങള്‍ക്ക് ആകര്‍ഷകമായി തോന്നിത്തുടങ്ങിയത്. അപ്പോഴേക്കും ക്രൈസ്തവസ്ഥാപനങ്ങള്‍ മുമ്പേ പറക്കുന്ന പക്ഷിയുടെ മേല്‍ക്കൈ ആര്‍ജ്ജിച്ചുകഴിഞ്ഞിരുന്നു.
സ്വാശ്രയ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ നിഷ്കര്‍ഷിക്കുന്ന അടിസ്ഥാന സൗകര്യമുള്ള ആര്‍ക്കും അപേക്ഷിക്കുന്ന മുറയ്ക്ക് അനുവദിക്കും എന്നതായിരുന്നു നയം. അന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായിരുന്ന ശ്രീ. നാരായണക്കുറുപ്പ് പറഞ്ഞത് 50 ശതമാനം സീറ്റ് സര്‍ക്കാരിനു നല്കുന്ന മണ്ടത്തരത്തിനില്ല എന്നാണ്. അത്തരം ആഡംബരത്തിനുള്ള ശേഷി സമുദായത്തിനില്ല എന്നദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു ചില സമുദായക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നേടിയെടുത്തുവെങ്കിലും അവ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമൊക്കെയാണ്. എന്നിട്ടിപ്പോള്‍ വിദ്യാഭ്യാസരംഗത്തു സാമുദായിക അസന്തുലിതാവസ്ഥയുണ്ട് എന്നു വിലപിക്കുന്നു. ആദ്യം മുതല്‍ രംഗത്തുണ്ടായിരുന്നതുകൊണ്ടു കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ക്രിസ്ത്യാനികളുടേതായി ഉണ്ട് എന്നത് ഒരു വസ്തുതയാണ്. അത് ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രീണനനയം മൂലമല്ല; ദീര്‍ഘവീക്ഷണത്തോടെ, സ്ഥിരോത്സാഹത്തോടെ, ത്യാഗബുദ്ധിയോടെ സഭാപിതാക്കന്മാര്‍ ചിന്തിച്ചതിന്‍റെയും പ്രയത്നിച്ചതിന്‍റെ യും ഫലമാണ്.
കാര്യങ്ങളെ വക്രീകരിച്ച് അസഹിഷ്ണുത വളര്‍ത്തി, അതില്‍ നിന്നു വോട്ടു നേടി അധികാരത്തിലെത്താന്‍ വെമ്പല്‍ കൊള്ളുന്നവര്‍ നമ്മുടെ ഈ നേട്ടങ്ങളെ കോട്ടങ്ങളായി ചിത്രീകരിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമിക്കുന്നുണ്ട്. അത്തരം ശ്രമങ്ങള്‍ കുറെയൊക്കെ വിജയിക്കുന്നുണ്ട്. അതുകൊണ്ടാണു ശ്രീ. ഏ.കെ. ആന്‍റണിയെപ്പോലുള്ള നേതാക്കള്‍, ന്യൂനപക്ഷങ്ങള്‍ അനര്‍ഹമായി എന്തൊക്കെയോ നേടി എന്നു വ്യാഖ്യാനിക്കാവുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്.
ഇത്തരം അഭിപ്രായപ്രകടനങ്ങള്‍ പല കോണുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. അഭിപ്രായം പറയുന്നയാളിന്‍റെ അപവാദപ്രചരണമോ അര്‍ദ്ധസത്യമോ അസത്യമോ ഒക്കെ ആവാം. മദര്‍ തെരേസയെക്കുറിച്ചുള്ള നിന്ദ്യമായ വാക്കുകള്‍ സോഷ്യല്‍ മീഡിയ ആഘോഷിച്ചുകൊണ്ടിരിക്കുന്നു.
ഇത്തരം കാര്യങ്ങളുണ്ടാകുമ്പോള്‍ നമ്മുടെ പൊതുവേയുള്ള പ്രതികരണം ഇതു ക്രിസ്ത്യാനികളെ ഉദ്ദേശിച്ചല്ല, മുസ്ലീങ്ങളെ ബാധിക്കുന്ന പ്രശ്നമാണ്. അവരുടെ കയ്യിലിരുപ്പുകൊണ്ടാവാം അങ്ങനെ കേള്‍ക്കേണ്ടിവന്നത് എന്നൊക്കെയാണ്.
സര്‍ക്കാരിന്‍റെ ഏതെങ്കിലും നയമോ നിയമമോ നമുക്കു ബുദ്ധിമുട്ടുണ്ടാക്കിയാല്‍ നമ്മള്‍ സുപ്രീംകോടതി വരെ പോയി പരിഹാരം കാണുന്നതാണ് പൊതുവേ കണ്ടു വരുന്ന രീതി.
ഇതെത്രമാത്രം സുസജ്ജമായ പ്രതിരോധമാണെന്നു ചിന്തിക്കണം. പൊതുജനാഭിപ്രായമാണു വോട്ടായി മാറി ഭരണകൂടത്തെ സൃഷ്ടിക്കുന്നത്. ഭരണകൂടത്തിനു വേണ്ടത്ര ഭൂരിപക്ഷമുണ്ടായാല്‍ ഭരണഘടനതന്നെ പൊളിച്ചെഴുതാം. പൊതുജനാഭിപ്രായം കോടതികളെയും സ്വാധീനിക്കുന്നുണ്ട്. ഈയിടെ വന്ന പല വിധികളും പരാമര്‍ശങ്ങളും നിയമത്തിന്‍റെ തലനാരിഴ കീറി പരിശോധിച്ചുള്ളതല്ല പ്രത്യുത മാധ്യമവിചാരണയുടെയും ആള്‍ക്കൂട്ട മനഃശാസ്ത്രത്തിന്‍റെയും സ്വാധീനത്തില്‍, ജഡ്ജിയുടെ വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളാണ്.
പൊതുജനാഭിപ്രായം മനഃപൂര്‍വം സൃഷ്ടിക്കപ്പെടുന്നുണ്ട്. അവിടെ കേട്ടുകേള്‍വിയും കിംവദന്തിയും അപവാദപ്രചാരണവുമെല്ലാം മൂര്‍ച്ചയേറിയ ആയുധങ്ങളാണ്.
പൊതുസമൂഹം ചര്‍ച്ച ചെയ്യുന്ന സഭയ്ക്കു താത്പര്യമുള്ള വിഷയങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള വക്രീകരണമുണ്ടെങ്കില്‍, അതു തിരുത്തി ശരിയായ വസ്തുതകള്‍ നിരത്തി, ആ പ്രശ്നത്തിലു ള്ള സഭയുടെ കാഴ്ചപ്പാട് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത രീതിയില്‍ അവതരിപ്പിക്കാന്‍ ആധികാരികതയുള്ള മാധ്യമശ്രദ്ധ നേടാന്‍ മാത്രം പദവിയും വ്യക്തിപ്രഭാവവുമുള്ള ആരെങ്കിലും മുന്നോട്ടു വരണം. പണിസ്ഥലങ്ങളിലും പൊതുഇടങ്ങളിലും ഒക്കെ കയ്യേറ്റക്കാരും അനര്‍ഹമായി നേടിയവരും ആയി സഭാമക്കള്‍ ചിത്രീകരിക്കപ്പെടുന്നുണ്ട്. അവരില്‍ പലര്‍ക്കും ചരിത്രബോധമോ സാമൂഹികശാസ്ത്ര വിജ്ഞാനമോ ഇല്ല. അവരുടെ കയ്യില്‍ കണക്കും കാര്യങ്ങളുമില്ല. അവരെല്ലാംതന്നെ അവനവന്‍റെ പാടേ പിച്ച നോക്കി, പാഠ്യവിഷയങ്ങളും വേദപാഠവും മാത്രം പഠിച്ചു മുന്നോട്ടുപോകുന്നവരാണ്. അവര്‍ നേരിടേണ്ടത് അവരുടെ ആത്മാഭിമാനം തകര്‍ക്കുന്ന തരത്തിലുള്ള പ്രചാരണത്താല്‍ വളര്‍ ത്തപ്പെട്ട സ്വയംസേവകരെയും സഖാക്കളെയുമാണ്. ആത്മാഭിമാനമില്ലാത്ത ഒരു ജനതയെ ആര്‍ക്കും എളുപ്പം കീഴടക്കാം.
നമുക്കെതിരെ തീതുപ്പുന്ന വ്യക്തികള്‍ക്കെതിരെ പ്രതികരിച്ച് അവര്‍ക്ക് അനാവശ്യ പ്രാധാന്യം നേടിക്കൊടുക്കേണ്ട എന്നു തോന്നാം. വ്യക്തികള്‍ക്കെതിരെ പ്രതികരിക്കണ്ട. ആശയങ്ങള്‍ക്കെതിരെ, തെറ്റായ വസ്തുതകള്‍ക്കെതിരെ, സൗമ്യവും സാരവത്തുമായ വാക്കുകളില്‍ നമ്മുടെ വീക്ഷണകോണം അവതരിപ്പിക്കാമല്ലോ.
നമുക്ക് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ല. അഥവാ എന്തെങ്കിലും തിരുത്താനുണ്ടെങ്കില്‍ തിരുത്തി തല ഉയര്‍ത്തിപ്പിടിച്ചു സമൂഹമദ്ധ്യത്തില്‍ ജീവിക്കാനുള്ള പ്രാപ്തി സഭാമക്കള്‍ക്കുണ്ടാകണം. നമ്മള്‍ സ്വയം സജ്ജരല്ലെങ്കില്‍ ഒരു കോടതിയും ഭരണകൂടവും രാഷ്ട്രീയപ്രസ്ഥാനവും എല്ലാക്കാലത്തും നമ്മെ സംരക്ഷിക്കാനുണ്ടാവില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Leave a Comment

*
*