Latest News
|^| Home -> Cover story -> പാരിസ്ഥിതിക മാനസാന്തരം: കോവിഡ്-19 ക്ഷണിക്കുന്ന സുവിശേഷദൗത്യത്തിന്‍റെ മനഃസാക്ഷി

പാരിസ്ഥിതിക മാനസാന്തരം: കോവിഡ്-19 ക്ഷണിക്കുന്ന സുവിശേഷദൗത്യത്തിന്‍റെ മനഃസാക്ഷി

Sathyadeepam


ഫാ. ജോബി താരാമംഗലം

ജ്ഞാന-ദീപാ വിദ്യാപീഠ്, പൂനെ

നമ്മള്‍ എത്രമാത്രം നിസ്സഹായരാണെന്നും അശക്തരാണെന്നും ഒരു മഹാവ്യാധി നമുക്ക് കാണിച്ചു തരുന്നു. ചെറുക്കാനാവാത്ത വലിയ ഒരു ശക്തിക്കു മുമ്പില്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്ന ഒരു മനുഷ്യാവസ്ഥ (Human condition of vulnerability) ആയി വേണമെങ്കില്‍ അതിനെ കാണാം. പുതിയൊരു ലോക ക്രമത്തിലേക്കാവാം നമ്മള്‍ നടന്നടുക്കുന്നത്. നിയന്ത്രണങ്ങളും പരിമിതികളും അനിവാര്യതയായേക്കാം. എങ്കിലും അതേ മനുഷ്യാവസ്ഥ പ്രത്യാശയുടെ സമയമായി കാണാനാണ് സുവിശേഷം പഠിപ്പിക്കുന്നത്. കോവിഡ്-19 പ്രതിരോധത്തില്‍ നാളിന്നുവരെ നേടിയ നേട്ടങ്ങളൊക്കെയും കൂട്ടായ പ്രയത്നത്തിന്‍റെയും സഹവര്‍ത്തിത്തത്തിന്‍റെയും ഫലമായിരുന്നു. അത്തരമൊരു ജീവിതക്രമം പ്രാഥമിക പരിഗണനയായി സ്വീകരിക്കപ്പെടുന്ന മാനസാന്തര അനുഭവമാണ് ഇന്ന് ലോകജനതയ്ക്ക് ആവശ്യമായിട്ടുള്ളത്. ഓരോ കാലഘട്ടത്തിലുമുള്ള വചന സാന്നിധ്യത്തെ അതുയര്‍ത്തുന്ന വെല്ലുവിളികളോട് ചേര്‍ത്ത് ജീവന്‍റെ സമൃദ്ധിക്കുവേണ്ടി പകര്‍ന്നു നല്‍കുകയാണ് സഭയുടെ ദൗത്യം. പ്രത്യാശ നല്‍കുന്ന സദ്വാര്‍ത്തയോടൊപ്പം മാനസാന്തരത്തിലേക്കുള്ള ക്ഷണം കൂടി അതിലുണ്ട്.

വ്യക്തികളുടെയും കുടുംബങ്ങളുടെയും മനസ്സാക്ഷികളിലും, ദേശീയ പ്രാദേശീയ അന്തര്‍ദേശീയ തലങ്ങളിലും പാരിസ്ഥിതികമായ ഒരു മാനസാന്തരത്തിന്‍റെ ആവശ്യകതയെക്കുറിച്ച് ‘Laudato Si’ എന്ന ചാക്രിക ലേഖനത്തില്‍ ഫ്രാന്‍സ്സിസ് മാര്‍പാപ്പ പറഞ്ഞു (LS§19). വരാനുള്ള സമയത്തെ ജീവിതസാധ്യതകളെക്കുറിച്ചു കൂടി ഏതാനും കാര്യങ്ങള്‍ ഈ കോവിഡ്-19 സ്ഥിതിവിശേഷം, മുമ്പേ നമുക്ക് പറഞ്ഞു തരികയാണ്. അതുകൊണ്ട്, ചുറ്റുപാടുകളുമായുള്ള നമ്മുടെ ബന്ധങ്ങളെക്കുറിച്ച് മാര്‍പാപ്പ സൂചിപ്പിച്ചതു പോലുള്ള ഒരു തിരിഞ്ഞു നോട്ടം തീര്‍ത്തും സന്ദര്‍ഭോചിതമാണ്. ഉദാരപൂര്‍ണ്ണമായ കരുതലുകള്‍ ഉള്‍ക്കൊള്ളുന്ന സമീപനങ്ങളിലേക്കാണ് ഈ മാനസാന്തരം നമ്മെ ക്ഷണിക്കുന്നത് (LS§220).

യന്ത്രവത്കരണവും വിവര സാങ്കേതികവിദ്യയും ലോകത്തെയും മനുഷ്യന്‍റെ ആന്തരികാവബോധത്തെയും കീഴ്മേല്‍ മറിക്കുന്നതായിരുന്നു. വികസനങ്ങളിലും വളര്‍ച്ചയിലും ഈ പശ്ചാത്തലം നല്‍കിയ അമിതാവേശം നമുക്ക് പുതിയൊരു ജീവിതശൈലിയായി മാറിക്കഴിഞ്ഞു. സകലതും നമ്മുടെ അധീനതയിലാക്കാമെന്ന ഉന്മാദം നിറഞ്ഞ ഒരുതരം മാനസികാവസ്ഥയിലേക്ക് മനുഷ്യനെ അത് കൊണ്ടുചെന്നെത്തിച്ചു. കീഴ്പെടുത്തി ജേതാവായ മനുഷ്യന്‍ ഇന്ന് സൂര്യന്‍റെ ആയുസ്സു കൂട്ടാനും, ക്ഷീരപഥത്തിന്‍റെ ഗതി നിയന്ത്രിക്കാനും, തമോഗര്‍ത്തങ്ങള്‍ ഊര്‍ജ്ജസ്രോതസ്സുകളാക്കുവാനും വരെ ലക്ഷ്യമിടുന്നു. അതേസമയം നമ്മള്‍ നിരന്തരം ഇടപെടുന്ന ജീവന്‍റെ യാഥാര്‍ത്ഥ്യങ്ങളെ അവഗണിച്ചും കളയുന്നു. പ്രഥമസ്ഥാനം നല്കപ്പെടേണ്ടിയിരുന്ന ജീവന്‍ മുന്‍ഗണനാ ക്രമത്തില്‍ താഴേയ്ക്കു പോകുന്നത് ഈ ദുരന്ത സമയത്തും നമുക്ക് കാണാം. ആരോഗ്യ പരിപാലനരംഗത്ത് ലഭിക്കേണ്ട അത്യാവശ്യങ്ങള്‍ക്കു വേണ്ടി പോലും അടിയന്തര പ്രാധാന്യം നല്‍കി പണം നല്‍കാന്‍ വിമുഖത കാണിക്കുന്ന സമീപനങ്ങള്‍ പല ഭാഗത്തുനിന്നും കാണുകയുണ്ടായി. ഈയൊരു അവസ്ഥയില്‍ ജീവ പരിരക്ഷണമല്ലാതെ ലാഭമൊന്നും ഉണ്ടാകില്ല എന്നത് തന്നെ കാരണം. പടക്കോപ്പുകള്‍ക്കും വ്യവസായവ്യാപനത്തിനും ലഭ്യമാക്കുന്ന തുകയും ആരോഗ്യരംഗത്തിനു വേണ്ടി മാറ്റിവയ്ക്കപ്പെടുന്ന തുകയും തമ്മില്‍ ഒരു താരതമ്യ പഠനം ഇത് വെളിപ്പെടുത്തും. അതേസമയം, ജീവനും മരുന്നും കച്ചവടവസ്തുവാകുമ്പോള്‍, സകല ജീവജാലങ്ങളും പരീക്ഷണത്തിന്‍റെയും, വില്പനയുടെയും, ദുരുപയോഗത്തിന്‍റെയും, വലിച്ചെറിയപ്പെടലിന്‍റെയും ഇരയാവുന്നുമുണ്ട്. ഇത്തരം മുന്‍ഗണന നിശ്ചയിക്കുന്ന കാഴ്ചപ്പാടുകളെ നമുക്ക് തിരുത്തേണ്ടതുണ്ട്.

നമ്മള്‍ ആസ്വദിക്കുന്ന സകലതും നല്‍കപ്പെട്ടതാണെന്നുള്ള ബോധ്യം കൃതജ്ഞതയുടെയും ഉദാരമായി പങ്കുവെച്ചു നല്കാനുമുള്ള സന്നദ്ധതയുടെയും മനോഭാവങ്ങള്‍ നമ്മില്‍ തീര്‍ച്ചയായും സൃഷ്ടിക്കും. വീടില്ലാത്തവരും വിശക്കുന്നവരുമായ എത്രയോ പേര്‍ നമുക്കിടയില്‍ത്തന്നെയുണ്ടെന്ന് ഈ സമയം കാണിച്ചുതരികയാണ്. കൊള്ളയടിക്കപ്പെടുകയും മലിനമാക്കപ്പെടുകയും ചെയ്ത ഭൂമിയും, ജീവനുവേണ്ടി കേഴുന്ന, വഴങ്ങിക്കൊടുക്കേണ്ടി വരുന്ന പാവങ്ങളുടെ പട്ടികയിലേക്ക് ചേര്‍ക്കപ്പെട്ടുകഴിഞ്ഞു. പാവങ്ങള്‍ എന്നുമുണ്ടായിരുന്നെങ്കിലും, ആധുനിക സമൂഹം പാലിച്ചു പോരുന്ന മുന്‍ഗണനാക്രമം ഇന്ന് വലിയ ഒരു ദുരിതാവസ്ഥ രൂപപ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിയുടെ മേലുള്ള ഏതു കടന്നു കയറ്റത്തിന്‍റെയും ഏറ്റം ദയനീയമായ ഇരകള്‍ ഇത്തരം ക്രമങ്ങളുടെ ഒരു ഉപകാരവും ലഭിക്കാതെ തെരുവുകളിലേക്കു വലിച്ചെറിയപ്പെടുന്ന ഈ പാവങ്ങളാണെന്നത് നമ്മുടെ തന്നെ കണ്‍മുമ്പില്‍ കാണപ്പെടുന്നുവെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ചൂണ്ടിക്കാണിക്കുന്നു (LS§48). എല്ലാവര്‍ക്കുമായി ഫലങ്ങളുല്‍പാദിപ്പിക്കുന്ന ഭൂമി ഏതാനും പേരുടെ കുത്തകയായി മാറിക്കഴിഞ്ഞു. വനങ്ങള്‍ ഇല്ലാതായി, ഖനനത്തിനായി ഭൂമിയുടനീളം കുഴിക്കപ്പെട്ടു, വായുവും ജലവും മലിനമായി. പണവും ലാഭവുമാണ് മതങ്ങളും ഭരണകൂടങ്ങളും ഉള്‍പ്പെടെ മനുഷ്യനെ സ്വാധീനിക്കുന്ന എല്ലാ സംവിധാനങ്ങളെയും നിയന്ത്രിക്കുന്നത്.

സാങ്കേതികരംഗം സൃഷ്ടിച്ച പുതിയ സാഹചര്യം ആവശ്യപ്പെടുന്ന തക്കതായ ഉത്തരവാദിത്തങ്ങളിലും, മൂല്യബോധത്തിലും, മനഃസാക്ഷിരൂപീകരണത്തിലും വളര്‍ച്ച കൊണ്ടുവരാന്‍ ആധുനിക സമൂഹം വേണ്ടത്ര പ്രാധാന്യം നല്‍കിയില്ല. തത്ഫലമായി, സത്യം, ക്ഷേമം, യാഥാര്‍ത്ഥ്യം എന്നിവ സാങ്കേതികവിദ്യയുടെയും സാമ്പത്തിന്‍റെയും ശക്തിയെ അപേക്ഷിച്ചു നിലനില്കുന്നവയാണ് എന്ന തരത്തിലുള്ള മിഥ്യാ ബോധം നമ്മെ കീഴ്പ്പെടുത്തിക്കളഞ്ഞു. ഇത്തരത്തിലുള്ള മൂല്യ ബോധം ജീവിച്ചുപോരുന്ന സംസ്കാരമായി മാറി എന്നതാണ് സത്യം. നമ്മുടെയും ജീവന്‍റെ തന്നെയും നിലനില്പിനുവേണ്ടി ഇത്തരം ജീവിതശൈലിയെയും വലിച്ചെറിയല്‍ സംസ്കാരത്തെയും വിമര്‍ശന വിധേയമാക്കാനുള്ള ഗൗരവമേറിയ ഉത്തരവാദിത്തം ഓരോ മനുഷ്യനുമുണ്ട്.

മനുഷ്യന്‍റെ ഓരോ തീരുമാനവും ഇന്ന് പ്രകൃതിയുടെ പുനഃസൃഷ്ടിക്കോ നാശത്തിനോ കാരണമാകുന്നവയാണ്. ഇത് മാനസാന്തരത്തിന്‍റെ സമയമാണ്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകളില്‍, യഥാര്‍ത്ഥത്തില്‍ ‘പ്രധാനമായവയെ തിരിച്ചറിയാനും അപ്രധാനമെന്ന് കരുതിപ്പോന്നിരുന്നവയെ മാറ്റി നിര്‍ത്താനും’ ഉള്ള ഉറച്ച തീരുമാനത്തിലേക്ക് നയിക്കുന്നതാവണം ഈ മാനസാന്തരം. ആ പ്രധാനമായവ അടങ്ങിയിരിക്കുന്നത് സഹവര്‍ത്തിത്വം, സാഹോദര്യം, നന്മ, സഹാനുഭൂതി, മനുഷ്യത്വം മുതലായവയിലാണ്. എന്നാല്‍ ഇതിന്‍റെ വിപരീത ദിശയില്‍ വാണിജ്യ താല്പര്യങ്ങള്‍ പ്രകൃതിക്കുമേല്‍ ചെയ്ത കടന്നുകയറ്റം പോലും മാനസാന്തരത്തിനു വിധേയമാവണം. അതുകൊണ്ടാണ് പാരിസ്ഥിതികമായ ഒരു മാനസാന്തരം കൂടി ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നത്. ലാഭങ്ങളെ മാറ്റിനിര്‍ത്തുന്നത് വലിയ വേദനയാണ് എന്നാലും നന്മയെ മുന്‍നിര്‍ത്തി താത്കാലിക ലാഭത്തെ ഉപേക്ഷിച്ചേ മതിയാകൂ.

വ്യക്തികളുടെയും കമ്പനികളുടെയും വരുമാനവും ലാഭവും വര്‍ധിപ്പിച്ചുകൊണ്ട് മാത്രം ലോകത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാമെന്ന് വിചാരിക്കുന്നത് വ്യര്‍ത്ഥമാണ്; കച്ചവടതാല്പര്യങ്ങളാല്‍ നയിക്കപ്പെടുന്നതുമാണ്. സാമ്പത്തിക ലാഭനഷ്ടങ്ങള്‍ മാത്രം മുന്‍പില്‍ കാണുമ്പോള്‍, പ്രകൃതിക്കുണ്ടായിരുന്ന സ്വാഭാവിക താളക്രമങ്ങള്‍ക്കോ, ജീര്‍ണ്ണതയും പുനര്‍ജ്ജീവനവും ഉള്‍പ്പെടുന്ന സങ്കീര്‍ണമായ ജീവപ്രക്രിയകള്‍ക്കോ വേണ്ട പ്രാധാന്യം നല്കപ്പെടുകയുമില്ല. കമ്പോള ക്രയവിക്രയങ്ങള്‍ക്ക് പരിസ്ഥിതിക്ക് ആവശ്യമായ സംരക്ഷണമോ പരിരക്ഷയോ നല്‍കാനാവില്ല (LS§190).

നമുക്ക് പ്രകൃതിയുമായുള്ള ബന്ധം മെച്ചപ്പെടുത്താനായി മാനവികതയുടെ നവീകരണമാണ് ആദ്യം നടക്കേണ്ടത് (LS§118). പ്രപഞ്ചമെന്ന നമ്മുടെ ഭവനത്തിലെ സസ്യങ്ങളും മൃഗങ്ങളും ഉള്‍പ്പെടുന്ന അംഗങ്ങളുമായുള്ള നിരന്തര സമ്പര്‍ക്കങ്ങളിലൂടെയാണ് മനുഷ്യന്‍ രൂപപ്പെട്ടതും, മനുഷ്യന്‍ മനുഷ്യനായതും. ഇനിയുള്ള തലമുറയ്ക്ക് കാണാനോ മനസ്സിലാക്കാനോ കഴിയാത്ത വിധം ആയിരക്കണക്കിന് സസ്യങ്ങളും മൃഗങ്ങളുമാണ് മനുഷ്യന്‍റെ ഇടപെടലുകള്‍ മൂലം ഭൂമുഖത്തുനിന്നു അപ്രത്യക്ഷമാകുന്നത്. ജീവന്‍റെ അത്രമാത്രം വൈവിധ്യങ്ങള്‍, പ്രപഞ്ച സത്യത്തിലേക്ക് നമുക്കുള്ള അത്രയും കവാടങ്ങള്‍ മനുഷ്യന് നഷ്ടമായി എന്നര്‍ത്ഥം. തനിച്ചിരുന്ന് സുരക്ഷാഗൃഹങ്ങളില്‍ മനുഷ്യരാകുവാന്‍ ആര്‍ക്കുമാവില്ല. സമൃദ്ധിയും മനോഹാരിതയും നമ്മുടെ തന്നെ സമൃദ്ധിയുടെയും മനോഹാരിതയുടേയും തിരിച്ചറിവാണ് (LS§34). സൃഷ്ട വസ്തുക്കളോടും ജീവികളോടും കാണിക്കുന്ന ഏതു തരത്തിലുള്ള ക്രൂരതയും നമ്മുടെ തന്നെ അന്തസ്സിനു വിരുദ്ധമാണ് (LS§92).

പ്രകൃതിയിലുള്ള സകലതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഈ ബന്ധത്തിലെ കണ്ണികളില്‍ ഒന്നായി നിന്നുകൊണ്ട് ഉള്ളില്‍ നിന്നാണ് നമ്മുടെ ഭവനമായ ഭൂമിയെ കാണുന്നത്. ഈ ബന്ധത്തെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ പിന്നീടൊരിക്കലും പ്രകൃതിയെ പഠനത്തിനോ, പരീക്ഷണത്തിനോ നിരീക്ഷണത്തിനോ വിധേയമാക്കാവുന്ന വിഷയമോ വസ്തുവോ ആയിക്കാണാനാവില്ല. അങ്ങനെ ലോകം നേരിടുന്ന പ്രശ്നങ്ങളെ പരിഹരിക്കാന്‍ കുറേക്കൂടി ക്രിയാത്മകവും ഉത്സാഹപൂര്‍ണ്ണവുമായ പ്രയത്നങ്ങള്‍ നടത്താന്‍ പാരിസ്ഥിതികമായ മാനസാന്തരം നമുക്ക് പ്രചോദനം നല്‍കും. മണ്ണിലേക്ക് മടങ്ങുക എന്ന് പറയുമ്പോള്‍ മരണത്തെക്കുറിച്ചല്ല, നമ്മുടെ യഥാര്‍ത്ഥ ഉറവിടങ്ങളെക്കുറിച്ചാണ് ധ്യാനിക്കേണ്ടത്. ഈ ദര്‍ശനം ‘വിശുദ്ധവും സ്വീകാര്യവുമായ സജീവബലിയായി അര്‍പ്പിക്കുവാന്‍’ നമ്മെ കുറേക്കൂടി തുറന്നുതരും. ഇതൊരു കാല്പനികസങ്കല്പം അല്ല, നിര്‍ധനരെയും അബലരായവരെയും കാര്യമായെടുക്കാനും, വികസനം എന്നതിനെ സാമ്പത്തിക മാനം മാത്രം നല്‍കി വിലയിരുത്തുന്ന സമീപനങ്ങളെ വിമര്‍ശന വിധേയമാക്കാനുള്ള പ്രതിബദ്ധത കൂടി ഈ ദര്‍ശനത്തിന്‍റെ ധാര്‍മിക തലത്തിലുണ്ട്.

പുരോഗതി, വികസനം അമിതമായി മനുഷ്യകേന്ദ്രീകൃതമായി മാറി എന്നതാണ് ആധുനികതയുടെ സവിശേഷത. ഭൂമിയുടെ ജൈവവൈവിധ്യങ്ങളെക്കുറിച്ചോ, അവ നിലനിര്‍ത്തപ്പെടേണ്ടതിന്‍റെ ആവശ്യത്തെക്കുറിച്ചോ ചിന്തിക്കാതെ അവയുടെ ഉപഭോഗസാധ്യതയെക്കുറിച്ചു മാത്രം ചിന്തിക്കുകയാണ് മനുഷ്യന്‍. അത് ഉപഭോഗവും വലിച്ചെറിയുന്ന ശൈലിയും ആഴപ്പെടുത്തുന്നു. മറ്റു പലതരത്തിലുള്ള അധാര്‍മ്മിക പ്രവൃത്തികള്‍ക്കും ഈ കാഴ്ചപ്പാട് വഴിവയ്ക്കുന്നു. വല്ലപ്പോഴുമുള്ള ഒരു സാമൂഹിക സേവനം അല്ലെങ്കില്‍ ഒരു സംഘടന നടപ്പിലാക്കുന്ന ഒരു പരിപാടി എന്നതിലപ്പുറം മേല്പറഞ്ഞ ഓരോന്നും തിരിച്ചറിവിനും പുതിയ സാംസ്കാരിക ക്രമത്തിനും വഴിവയ്ക്കണം. അവയിലെ ആത്മീയ തലം കാണുവാനും കഴിയണം. ഇത്തരം കാര്യങ്ങള്‍ അച്ചടക്കം, ശുചിത്വം തുടങ്ങിയ തലത്തില്‍ വെച്ചു മാത്രമേ പരിഗണിക്കപ്പെടാറുള്ളൂ. അങ്ങനെ കാണുമ്പോള്‍ ഇവ തീര്‍ത്തും ‘ലൗകികവും’ അതുകൊണ്ട് ‘വില കുറഞ്ഞതായും’ കാണപ്പെടാനാണ് സാധ്യത. അനന്തജീവനെക്കുറിച്ചൊക്കെ നമ്മള്‍ പറയുന്നെങ്കില്‍ ജീവന്‍ എന്ന അനുഭവം തന്നെ നമ്മുടെയും ചുറ്റുമുള്ള ജീവനെ കണ്ടുകൊണ്ടല്ലേ? പാരിസ്ഥിതികമായ ഉത്തരവാദിത്തം ധാര്‍മികവും മതപരവുമായ ഉത്തരവാദിത്തമാണ്. അത് ദൈവപ്രവൃത്തിയുമാണ്. അതുകൊണ്ട് അത്തരത്തിലുള്ള ജീവിതമാതൃക നമ്മെത്തന്നെ പഠിപ്പിക്കേണ്ടതും ആവശ്യമാണ്. അതിനു കഴിഞ്ഞെങ്കിലേ മനുഷ്യനിലേറ്റവും ഉദാത്തമായതു പുറത്തുകൊണ്ടുവരുവാന്‍ നമുക്കു സാധിക്കൂ. അപ്പോള്‍ നമ്മുടെ തന്നെ അന്തസ്സിനെ ഒന്നു കൂടി അറിയുകയും നേടുകയും ചെയ്യുകയാണ് ചെയ്യുന്നത് (LS§211). കാവ്യഭാവനയോ, വിപ്ലവപരമായ ആദര്‍ശമോ, നേരമ്പോക്കിന് വേണ്ടിയുള്ള ചിന്താവിഷയമോ ആയല്ല, സുവിശേഷമൂല്യമായിത്തന്നെ ഇവയെ കാണാന്‍ കഴിഞ്ഞെങ്കിലേ ദൈവരാജ്യനിര്‍മിതിക്കായുള്ള ഈ കാലഘട്ടത്തിലെ നന്മകളെ പ്രഘോഷിക്കുവാന്‍ നമുക്ക് കഴിയൂ. ഹതഭാഗ്യരായി, പരിഗണിക്കപ്പെടാതെ പോകുന്ന പാവങ്ങളെയും, ചൂഷണം ചെയ്യപ്പെടുന്ന പ്രകൃതിയെയും ഒരേപോലെ കണ്ടുകൊണ്ടേ ദൈവരാജ്യപ്രവൃത്തികളെ മുമ്പോട്ട് നയിക്കാനാകൂ. നമ്മെത്തന്നെ ഇരുവരുടെയും ഉള്ളില്‍ കണ്ടുകൊണ്ടു മാത്രമേ സുവിശേഷത്തിന്‍റെ ജീവന്‍ പകരുവാനും കഴിയൂ.

പൊതുനന്മയെ പരിഗണിക്കുമ്പോള്‍ അത് ഒരിക്കലും പരിസ്ഥിതിയെ മാറ്റിനിര്‍ത്തിക്കൊണ്ടാവാന്‍ കഴിയില്ല. സമഗ്രവും പ്രായോഗികവുമായ രീതിയില്‍ ഇതിനെ സമീപിക്കണം. ഐക്യദാര്‍ഢ്യത്തിലും സഹോദര്യത്തിലും അധിഷ്ഠിതമായ ജീവിത തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതും, അന്യായപരമായ ഇടപെടലുകള്‍ പാവങ്ങളാക്കി തീര്‍ത്തവരോട് സ്നേഹത്തോടെയും ആദരവോടെയും ഇടപെടുകയും അവരുടെ സമഗ്രമായ വളര്‍ച്ച ഉറപ്പു വരുത്തുന്നതും കൂടി പൊതുനന്മ എന്ന് പറയുന്നതില്‍ ഉള്‍പ്പെടുന്നു. മനുഷ്യര്‍ വരുത്തിവച്ച വിനകള്‍ പരിഹരിക്കാനും പ്രകൃതിചക്രങ്ങളുടെ വിശുദ്ധിയെ പുനഃസൃഷ്ടിക്കുവാനും ശാസ്ത്രത്തിന്‍റെയും സാങ്കേതിക വിദ്യയുടെയും മികവ് ഉപയോഗപ്പെടുത്തുകയും വേണം. വചനം ചരിത്രത്തിലൂടെയും, സംസ്കാരത്തിലൂടെയും, ശാസ്ത്രത്തിലൂടെയും സംസാരിക്കുന്നതു കുറേക്കൂടി സമഗ്രമായി കേള്‍ക്കാന്‍ സാധിക്കുന്ന സമയം കൂടിയാണിത്.

സുവിശേഷം, ജീവിക്കുന്നതും പ്രഘോഷിക്കുന്നതും, എന്നും ജീവിതഘടനയെ സ്വതന്ത്രമാക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. നമ്മള്‍ കൂടി ഉള്‍പ്പെടുന്ന ലോകമെന്ന നന്മയെ ധ്യാനിക്കുവാന്‍ പ്രോത്സാഹിപ്പിക്കേണ്ടത് ഇനിയെങ്കിലും അജപാലനധര്‍മ്മമായിത്തന്നെ മനസിലാക്കണം. ജീവനെ അറിയുവാനും വളര്‍ത്തുവാനും, നിലനിര്‍ത്തുവാനുമുള്ള പ്രയത്നങ്ങളും ഗവേഷണങ്ങളും ജീവന്‍ എന്ന മൂല്യത്തെ ആധാരമാക്കിത്തന്നെയാവണം. ആശുപത്രികള്‍ക്കോ മരുന്നു നിര്‍മാണ കമ്പനികള്‍ക്കോ വ്യവസായമാക്കാനുള്ളതല്ല ആരോഗ്യപരിപാലനവും അതിനുവേണ്ടിയുള്ള സാങ്കേതികവളര്‍ച്ചയും. എല്ലാവര്‍ക്കും ലഭ്യമാവേണ്ട സേവനമാണത്. ഇനി മുതല്‍ കമ്പോളസാധ്യതയല്ല കണ്‍മുമ്പില്‍ തെളിയേണ്ടത്, ജീവ സാധ്യതയാണ്. ആത്മീയതയിലും, ആചാരങ്ങളിലും സേവനങ്ങളിലും നമ്മള്‍ ശീലിച്ചു തുടങ്ങേണ്ടതും പഠിപ്പിക്കേണ്ടതും അതുതന്നെയാണ്. സഭയുടെ യഥാര്‍ത്ഥദൗത്യവും അതുതന്നെയാവും. വേദനയുള്ള വില നല്‍കേണ്ടി വരുമെന്നത് തീര്‍ച്ച. തികച്ചും തദ്ദേശീയമായ ആവാസ മേഖലയില്‍ വിളയുന്ന കായ്കനികളില്‍ സാധിക്കുന്നിടത്തോളം തൃപ്തിപ്പെടുവാന്‍ കഴിയുന്നത് ആത്മാഭിമാനത്തിനു ഒരു കുറച്ചിലുമുണ്ടാക്കുന്നില്ല. ചെടികളും പച്ചക്കറികളും നട്ടുപിടിപ്പിക്കുന്നതും പരിപാലിക്കുന്നതും, ജീവനോപാധിയോ വിനോദമോ എന്നതിലപ്പുറം ആത്മീയതയാണെന്നും ദൈവപ്രവൃത്തിയാണെന്നും പ്രഘോഷിച്ചു തുടങ്ങാന്‍ വൈകരുത്. അനാവശ്യമായ ദൂരയാത്രകളും, വാണിജ്യ-ഉപഭോക്തൃ സ്വഭാവമുള്ള വിനോദങ്ങളും തീര്‍ത്ഥാടനങ്ങളും ആഘോഷങ്ങളും പുനര്‍ചിന്തയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ചുറ്റുമുള്ള സൗന്ദര്യത്തെ അടുത്തറിയാനും നിലനിര്‍ത്താനും സാധിക്കുന്നത് ദൈവരാജ്യത്തിലെ ആനന്ദം തന്നെയാണ്.

പ്രാപഞ്ചികകൂട്ടായ്മയുടെ മനോഭാവം നമുക്കു വളര്‍ത്തിയെടുത്തേ മതിയാകൂ. സൃഷ്ടിയുടെ സുവിശേഷത്തിന്‍റെ പ്രഘോഷണമാണത്. തിരിച്ചറിയപ്പെടാത്ത കണ്ണികളാല്‍ നമ്മള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. സ്നേഹത്തിലും വിശുദ്ധിയിലും ആദരവിലും പരസ്പരം കാണാന്‍ വലിയ കുടുംബമായുള്ള ഈ തിരിച്ചറിവ് നമ്മെ സഹായിക്കും (LS§89). കൃപ നമ്മിലുണ്ടാക്കുന്ന നന്മ ഈ സമ്പര്‍ക്കങ്ങളിലേക്കു കൂടി നമ്മെ നയിക്കുന്നു. ദൈവരാജ്യമെന്നത് അവയോടുള്ള ബന്ധങ്ങളും അവയിലുള്ള നന്മകളെ പിന്‍ ചെല്ലാനുള്ള നീതിബോധവും കൂടി ഉള്‍പ്പെട്ടിരിക്കുന്നു. നമ്മുടെ കാഴ്ചയില്‍ പരാദവും, പാഴ്ച്ചെടികളും ആയവ പോലും എന്തൊക്കെയോ ശുശ്രൂഷ ചെയ്യുന്നവയാണ്. അവയുടെ യഥാര്‍ത്ഥ വാസസ്ഥാനങ്ങള്‍ ഇല്ലാതാകുമ്പോള്‍ മനുഷ്യരിലേക്ക് അവ വ്യാപിച്ചേക്കാം. നന്മകള്‍ക്ക് പകരം സ്വാര്‍ത്ഥതയും അത്യാഗ്രഹവും കലര്‍ത്തിയ വാണിജ്യതാല്പര്യങ്ങള്‍ ലോകത്തെ നിയന്ത്രിച്ചുപോന്നതിന്‍റെ ദുരന്തഫലങ്ങള്‍ ഇന്ന് നമുക്കെതിരെ നില്‍ക്കുന്നു.

നന്മ ആഗ്രഹിക്കുക എന്നത് നമ്മുടെ മാത്രമല്ല ഭൂമിയുടെ കൂടെ ജീവന്‍റെ വിലയാണ്. നിശബ്ദമായ നന്മകളിലൂടെ നാളിതുവരെ മനുഷ്യന് നന്മ ചെയ്തവയാണ് ചുറ്റുമുള്ളവയെല്ലാം. ഒരായുസ്സു കൊണ്ട് നന്മയുടെ ഈ കൂട്ടുകുടുംബത്തിലേക്ക് എത്രമാത്രം നന്മയെ പ്രസരിപ്പിക്കുവാന്‍ നമുക്ക് കഴിഞ്ഞു എന്നത് ധ്യാനിക്കേണ്ടതുണ്ട്. പ്രകൃതിയുമായുള്ള ബന്ധത്തെയും പാരിസ്ഥിതിക മാനസാന്തരവും കാര്യമായെടുക്കാത്ത ഒരു സമീപനത്തിനും സുവിശേഷപ്രഘോഷണത്തിന്‍റെ പ്രത്യാശയോ സാന്മാര്‍ഗികബോധത്തിലെ താക്കീതോ അവകാശപ്പെടാനാകില്ല. ജോലിയില്ലാതലയുന്നവരുടെയും വിശക്കുന്നവരുടെയും ലോകമായാണ് നമ്മള്‍ മാറുന്നത്. പ്രകൃതി പഠിപ്പിക്കുന്ന ഉദാരത മനുഷ്യന്‍റെ ശീലമാവുകയും, സ്വരുക്കൂട്ടി വയ്ക്കുന്നവരുടെ അത്യാര്‍ത്തിക്കെതിരെ സ്വരമുയര്‍ത്തുകയും വേണം. ആരുടെയൊക്കെയോ താല്‍പര്യങ്ങള്‍ക്കു വേണ്ടി പിന്താങ്ങപ്പെട്ട മൂലധന സമ്പദ് വ്യവസ്ഥയും അതിരുകടന്ന സ്വകാര്യസ്വത്തവകാശ വാദങ്ങളും പൊതുനന്മയ്ക്കായി വഴി മാറിയേ മതിയാകൂ. അഭിവൃദ്ധിയുടെ സുവിശേഷത്തിന് കച്ചവടം നടത്താന്‍ സാധ്യത നല്‍കാത്ത യാഥാര്‍ത്ഥ്യമാണ് വിശപ്പ്. വിശക്കുന്ന ലോകത്തിനു വേണ്ടത് അപ്പമാണ്, കൂടെ നില്‍ക്കുന്ന സാന്നിധ്യമാണ്. ഇവ രണ്ടും പകര്‍ന്നു നല്‍കാന്‍ പാരിസ്ഥിതിക മാനസാന്തരം കൂടിയേ തീരൂ. അങ്ങനെ തുറന്ന കണ്ണുകള്‍ക്കേ ചുറ്റുമുള്ള ദൈനംദിന അത്ഭുതങ്ങളെ കാണാനാകൂ. സൗഖ്യവും ജീവനും പ്രാപിക്കാനാകൂ. ഇത്തരം സാഹചര്യത്തില്‍, ലാളിത്യവും നിര്‍ധനതയും പുണ്യങ്ങളായി പ്രകൃതിയില്‍നിന്നു തന്നെ പഠിക്കാവുന്നതാണ്. അങ്ങനെ ഊര്‍ജ്ജ- ജൈവപ്രക്രിയകളിലൂടെ പ്രകൃതി പ്രഘോഷിക്കുന്ന വചനം സഭയുടെയും സമൂഹത്തിന്‍റെയും ആത്മാവായിത്തീരേണ്ടത് നിലനില്‍പിന് വേണ്ടിയുള്ള ഏക ഔഷധമാണ്.

സഭയെക്കുറിച്ചായാലും, കൂദാശകളെക്കുറിച്ചായാലും, നീതി ബോധത്തെക്കുറിച്ചായാലും, സുവിശേഷദൗത്യത്തിനു വേണ്ടി തയ്യാറാക്കപ്പെടുന്ന മാതൃകകളില്‍ പ്രകൃതിയിലെ അംഗങ്ങളുടെ ശബ്ദങ്ങള്‍ ഒഴിവാക്കിക്കൂടാ. അവയുടെ സമ്പര്‍ക്കരീതികള്‍ ഗ്രഹിക്കുകയും അനുകരിക്കാന്‍ ശ്രമിക്കുകയും വേണം. അവയുടെ സ്വാഭാവികധര്‍മങ്ങള്‍ നിര്‍വഹിച്ച് അവരും ദൈവമഹത്വം വെളിപ്പെടുത്തുന്നവരാണ്, ക്രിസ്തുശരീരനിര്‍മിതിയില്‍ പങ്കുകാരുമാണ്. അങ്ങനെ സഭ എന്ന കുടുംബത്തിന് കുറേക്കൂടി വിശാലമായ ഹൃദയവും ഉള്‍ക്കാഴ്ചയുമുണ്ടാകും. പ്രകൃതിയിലെ ജീവവും അജൈവവുമായ സകലതിന്‍റെയും കൂദാശാമാനം തിരിച്ചറിയപ്പെടുകയും വണങ്ങപ്പെടുകയും വേണം. പ്രകൃതിയിലെ പ്രക്രിയകളെ ദൈവജ്ഞാനത്തിന്‍റെ പ്രകാശനമായിക്കാണാന്‍വിധം വേദപഠനങ്ങള്‍ സ്വയം പഠിക്കുകയും പരിശീലിപ്പിക്കുകയും വേണം. എങ്കിലേ, സാക്ഷ്യം നല്‍കുന്ന വിധം പൊതുവായ ദര്‍ശനവും കൂട്ടായ പ്രയത്നങ്ങളും സ്വരൂപിച്ചു കൊണ്ട് മുന്‍പേ നടക്കുവാന്‍ സഭയ്ക്കാകൂ.

ഡൊമിനിക്കന്‍ വൈദികനായ ലേഖകന്‍, ഇപ്പോള്‍ പൂനെയില്‍ തത്വശാസ്ത്രത്തില്‍ Ph.D ഗവേഷണ വിദ്യാര്‍ത്ഥിയാണ്. കണ്ണൂര്‍ ആലക്കോട് സ്വദേശിയാണ്.

Leave a Comment

*
*