Latest News
|^| Home -> Cover story -> മദര്‍ തെരേസ: കാരുണ്യവര്‍ഷത്തില്‍ ലോകത്തിനൊരു മാതൃക

മദര്‍ തെരേസ: കാരുണ്യവര്‍ഷത്തില്‍ ലോകത്തിനൊരു മാതൃക

sathyadeepam

-ജസ്റ്റിസ് കുര്യന്‍ ജോസഫ്
(സുപ്രീം കോടതി ജഡ്ജി)

നൂറ്റാണ്ടുകളായി കത്തോലിക്കാ സഭ അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുന്ന ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നിട്ടും മദര്‍ തെരേസ ഏര്‍പ്പെട്ട അത്ര തീവ്രമായ ശുശ്രൂഷയുടെ ഫലം എന്തുകൊണ്ട് ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്ന തരത്തില്‍ സഭയില്‍ ഉണ്ടായില്ല എന്നു ചിന്തിച്ചാല്‍, അതിനര്‍ത്ഥം ആ ശുശ്രൂഷകളിലെവിടെയോ ലോകത്തിന്റെ കളങ്കങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ്. സമ്പത്ത് കൂട്ടി വയ്ക്കുന്നത് കളങ്കമാണ്, പദവി ഒരു കളങ്കമാണ്. പ്രശസ്തിയും സ്ഥാനമാനങ്ങളും കളങ്കമാണ്. മനുഷ്യന്റെ മഹത്ത്വം അവഗണിച്ചിട്ട് സ്ഥാപനത്തിന്റെ നിലനില്പും മഹത്ത്വവും പ്രധാനമായി കാണുന്നത് കളങ്കമാണ്.

വി. യാക്കോബ് ശ്ലീഹയുടെ ലേഖനത്തില്‍ നാലാം അധ്യായത്തില്‍ 17-ാമത്തെ വചനം ഇപ്രകാരം പറയുന്നു: ” ചെയ്യേണ്ട നന്മ ഏതാണെന്ന് അറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു.” മദര്‍ തെരേസയുടെ ജീവിതവും മദറിന്റെ സന്യാസ സഭയുടെ ആവിര്‍ഭാവവും ഈ തിരുവചനത്തിന്റെ ശക്തമായ ചൈതന്യത്താലായിരുന്നു എന്നാണെന്റെ വിലയിരുത്തല്‍. മദര്‍ തെരേസയ്ക്ക് തന്നെ വിളിച്ചവനോടുള്ള വിശ്വസ്തതയും വിളിച്ചവന്‍ ഏല്‍ പിച്ച ദൗത്യവും ബോധ്യപ്പെട്ടപ്പോള്‍ അത് ചെയ്യേണ്ട നന്മ ഏതാണെന്നുള്ള അറിവിലേയ്ക്ക് ഒരു വഴിത്തിരിവായിത്തീര്‍ന്നു. ആ വഴിതിരിയലില്‍ നിന്നാണ് മദര്‍ തെരേസ ലൊറെറ്റോ കോണ്‍വെന്റില്‍ നിന്നിറങ്ങി പുതിയൊരു മാര്‍ഗ്ഗത്തിലേക്കു തിരിഞ്ഞത്. അ ങ്ങനെ ഇറങ്ങുമ്പോള്‍ മദറിന്റെ കൈയില്‍ ദൈവപരിപാലനയിലുള്ള ആശ്രയമല്ലാതെ ഒന്നുമില്ലായിരുന്നു.
”നന്മ ചെയ്യുന്നതില്‍ നിങ്ങള്‍ തീക്ഷ്ണതയുള്ളവരാണെങ്കില്‍ നിങ്ങളെ ഉപദ്രവിക്കാന്‍ ആര്‍ക്കു കഴിയും. നിങ്ങള്‍ ഭയപ്പെടേണ്ട, നിങ്ങള്‍ അസ്വസ്ഥരാകുകയും വേണ്ട. ക്രിസ്തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുക” (1 പത്രോസ് 3:13-15). ഈ വചനമാണ് മദറിന്റെ പ്രവര്‍ത്തനങ്ങള്‍ ക്കു കരുത്തു പകര്‍ന്നത്. മദര്‍ തെരേസയ്ക്ക് ദൈവത്തിന്റെ രൂപം മനുഷ്യരുടെ മുമ്പില്‍ കാണിച്ചുകൊടുക്കാന്‍ സാധിച്ചത് നന്മ ചെയ്യുന്നതിലൂടെയാണ്. നാമെല്ലാം ഓരോ വിധത്തില്‍ നന്മ ചെയ്യുന്നവരാണ്. ജോലിചെയ്യുന്നവനും ബിസിനസ്സു ചെയ്യുന്നവനും നന്മ ചെയ്യുന്നു. രാഷ്ട്രീയത്തിലൂടെയും നന്മചെയ്യുന്നവരുണ്ട്. തനിക്കു ചെയ്യാന്‍ കഴിയുന്ന നന്മ അതു ലഭിക്കാന്‍ അര്‍ഹതയുള്ളവനു നിഷേധിക്കരുത് എന്ന തിരുവചനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മദറിന്റെ ജീവിതം.
നന്മ ലഭിക്കാന്‍ അര്‍ഹതയുള്ള സമൂഹത്തെ തിരിച്ചറിയുക വളരെ പ്രധാനപ്പെട്ടതാണ്. ലഭിക്കാന്‍ അര്‍ഹതയുള്ളവരായി മദര്‍ തെരേസ കണ്ടെത്തിയത് ഒന്നും അല്ലാത്തവരും ഒന്നും ഇല്ലാത്തവരുമായ സമൂഹത്തെയാണ്. നാം ഏര്‍പ്പെട്ടിരിക്കുന്ന പലവിധ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ എന്തെങ്കിലുമൊക്കെ ഉള്ളവരോ ആയിരിക്കുന്നവരോ ആണ്. ഒന്നും ഇല്ലാത്തവര്‍ക്കും ഒന്നും അല്ലാത്തവര്‍ക്കും വേണ്ടിയുള്ളതായിരുന്ന മദറിന്റെ ജീവിതം. ദൈവത്തിന്റെ മുന്നില്‍ നീതി പ്രവര്‍ത്തിക്കുക എന്നാല്‍ വിളിച്ചവനോടുള്ള വിശ്വസ്തതയും വിളിച്ചവന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രവര്‍ത്തനവുമായിരുന്നു എന്നു മദര്‍ തെരേസ മനസ്സിലാക്കിയിരുന്നു.
”നീതി പ്രവര്‍ത്തിക്കാത്ത ഒരു വനും ദൈവത്തില്‍ നിന്നുള്ളവനല്ല, തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെ തന്നെ.” (1 യോഹ. 3:10). സഹോദരന്‍ ആരാണെന്നു തിരിച്ചറിയാന്‍ മദര്‍ തെരേസയ്ക്കു കഴിഞ്ഞു – അത് ഒന്നുമില്ലാത്തവരും ഒന്നുമല്ലാത്തവരുമായിരുന്നു. യേശുക്രിസ്തു ഈ ലോകത്തില്‍ തന്റെ സഹോദരരായി തിരഞ്ഞെടുത്തതും ഇപ്രകാരം ഒന്നും അല്ലാത്തവരും ഒന്നും ഇല്ലാത്തവരുമായ മനുഷ്യരെയാണ്. എവിടേക്കു പോകണമെന്നറിയാതെയും എന്തു ചെയ്യണമെന്നറിയാതെയും ജീവിക്കുന്ന ജനങ്ങള്‍ ഇന്നു ഭാരതത്തില്‍ ധാരാളമുണ്ട്. അവരാണ് ഇടയനില്ലാത്ത ആട്ടിന്‍പറ്റം. അവര്‍ക്കിടയിലേക്കാണ് മദര്‍ തെരേസ കടന്നുചെന്നത്. ഒരു സന്യാസിയെന്ന വിധത്തില്‍ മദര്‍ തെരേസയ്ക്ക് തന്റെ വ്രതങ്ങള്‍-ദാരിദ്ര്യവും അനുസരണവും കന്യാവ്രതവും – വ്രതവിശുദ്ധിയോടെ പാലിക്കണമായിരുന്നു. എന്നാല്‍ ഈ വ്രതങ്ങളെല്ലാം സന്യാസത്തിന്റെ ആവൃതി യിലേക്കാണോ സ്വാതന്ത്ര്യത്തിലേക്കാണോ തന്നെ നയിച്ചിരുന്നതെന്ന് മദര്‍ സ്വയം ചോദിച്ചിരുന്നിരിക്കണം എന്നാണു ഞാന്‍ കരുതുന്നത്.
വി. മത്തായിയുടെ സുവിശേഷം 23-ാം അധ്യായത്തില്‍ യേശു ശാസനയോടെ സംസാരിക്കുന്നതു നാം കാണുന്നു. നിയമഞ്ജരെയും ഫരിസേയരെയും കപടനാട്യക്കാരെയുമാണ് യേശു ശാസിക്കുന്നത്. ഇവരെല്ലാം നിയമം പാലിക്കുന്നവരാണ്. പക്ഷെ നിയമം പാലിച്ചതുകൊണ്ടു മാത്രം ഒരുവനും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നില്ലെന്ന് യേശുക്രിസ്തു വളരെ കൃത്യമായി വ്യക്തമാക്കുന്നു. നിയമത്തിനപ്പുറത്ത് നീതിയുടെ പ്രവര്‍ത്തനം ഉണ്ടാകണം. ആ നീതിയുടെ പ്രവര്‍ത്തനത്തിന്റെ പ്രധാനകാര്യങ്ങളായി പറയുന്നത്, നീതിയും കാരുണ്യവും വിശ്വസ്തതയുമാണ്. ഇവ അവഗണിച്ചിട്ട് വേറെ ഏതുതരത്തിലുള്ള നിയമത്തിന്റെ പ്രവര്‍ത്തനവും ദൈവസന്നിധിയില്‍ നീതീകരിക്ക പ്പെടുകയില്ല. അങ്ങനെ നീതീകരിക്കപ്പെടുന്നു എന്നു വിശ്വസിച്ചവരോടാണ് കര്‍ത്താവു ‘ഞാന്‍ നിങ്ങളെ അറിയില്ല’ എന്നു പറയുന്നത്. നീതി എന്നത് ദൈവത്തിന്റെ പ്രിയപ്പെട്ടവര്‍ക്ക് തന്നെത്തന്നെ ശൂന്യവത്കരിച്ചു വിനിയോഗിക്കലാണ്. അതു മുറിച്ചു കൊടുക്കലാണ്. ഈ മുറിച്ചുകൊടുക്കുന്ന, മുറിയപ്പെടുന്ന ശുശ്രൂഷയിലേക്കുള്ള താദാത്മ്യമായിരുന്നു മദര്‍ തെരേസയുടെ ജീവിതം.
”പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക. ലോകത്തിന്റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തു സൂക്ഷിക്കുക” ( യാക്കോബ് 1: 27). നൂറ്റാണ്ടുകളായി കത്തോലിക്കാ സഭ അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുന്ന ശുശ്രൂഷകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നിട്ടും മദര്‍ തെരേസ ഏര്‍പ്പെട്ട അത്ര തീവ്രമായ ശുശ്രൂഷയുടെ ഫലം എന്തുകൊണ്ട് ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്ന തരത്തില്‍ സഭയില്‍ ഉണ്ടായില്ല എന്നു ചിന്തിച്ചാല്‍, അതിനര്‍ത്ഥം ആ ശുശ്രൂഷകളിലെവിടെയോ ലോകത്തിന്റെ കളങ്കങ്ങള്‍ ഉണ്ടായിരുന്നു എന്നതാണ്. സമ്പത്ത് കൂട്ടിവയ്ക്കുന്നത് കളങ്കമാണ്, പദവി ഒരു കളങ്കമാണ്. പ്രശസ്തിയും സ്ഥാനമാനങ്ങളും കളങ്കമാണ്. മനുഷ്യന്റെ മഹത്ത്വം അവഗണിച്ചിട്ട് സ്ഥാപനത്തിന്റെ നിലനില്പും മഹത്ത്വവും പ്രധാനമായി കാണുന്നത് കളങ്കമാണ്. ഇപ്രകാരമുള്ള കെട്ടുപാടിന് അകത്തു നിന്നുകൊണ്ട് അനാഥരുടയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുമ്പോള്‍ ആ ശുശ്രൂഷയില്‍ അഭിഷേകം കുറയും. അവിടെ നീതിയുടെ പ്രവര്‍ത്തനം പൂര്‍ണമാകുന്നില്ല. മദര്‍ തെരേസ ലോകത്തിന്റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിച്ചിട്ടാണ് അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തി നെത്തിയത്.
അതുകൊണ്ടുതന്നെ എത്ര തിരക്കുള്ള ശുശ്രൂഷയ്ക്കു പോകുന്നവരും രണ്ടുമണിക്കൂറെങ്കിലും ദൈവസന്നിധിയില്‍ സ്വസ്ഥമായി ചെലവഴിക്കണമെന്ന് മദര്‍ നിഷ്കര്‍ഷിച്ചിരുന്നു. കാരണം മദറും സഹപ്രവര്‍ത്തകരും ഏര്‍പ്പെട്ടിരിക്കുന്ന ശുശ്രൂഷ ലോകത്തെ വെല്ലുവിളിച്ചുകൊണ്ടുള്ളതായിരുന്നു. ലോകത്തോടുള്ള വെല്ലുവിളിയാണ് യഥാര്‍ത്ഥത്തിലുള്ള ആത്മീയത എന്നു പൂര്‍ണമായും തിരിച്ചറിഞ്ഞ വ്യക്തിയുമായിരുന്നു മദര്‍. അങ്ങനെയുള്ള ഒരാള്‍ക്ക് ലോകത്തിന്റെ കളങ്കമേല്‍ക്കാതിരിക്കണമെന്നുണ്ടെങ്കില്‍ ഹൃദയത്തില്‍ യേശുവിനെ പൂര്‍ണമായും കുടിയിരുത്തിയാലേ സാധിക്കൂ. തന്നെത്തന്നെ ശൂന്യരാക്കുന്നതും മറ്റുള്ളവരെ തങ്ങളേക്കാള്‍ ശ്രേഷ്ഠരായി കരുതുന്നതും സ്വന്തം താത്പര്യം നോക്കാതെ മറ്റുള്ളവരുടെ താത്പര്യങ്ങള്‍ക്കു മുന്‍ഗണന കൊടുക്കുന്നതുമെല്ലാം മദര്‍ തെരേസയുടെ ശുശ്രൂഷാമനോഭാവങ്ങളും ആഭിമുഖ്യങ്ങളുമാണ്. ഇത് ഉണ്ടാകണമെങ്കില്‍ മുറിയപ്പെട്ട കര്‍ത്താവില്‍നിന്നും ശക്തി സംഭരിക്കണം.
സന്യാസിയുടെ ശുശ്രൂഷ, പറക്കുന്ന പട്ടം പോലെയാണ്. പട്ടത്തിന്റെ നിയന്ത്രണം കര്‍ത്താവിന്റെ കൈയില്‍ കൊടുത്തിട്ടില്ലെങ്കില്‍ ചരടുപൊട്ടി അതു പറക്കുന്നത് പല സ്ഥലങ്ങളിലേക്കായിരിക്കും. ഇത്തരത്തില്‍ പ്രാര്‍ത്ഥനയുടെ പിന്‍ബലമില്ലാതെ, പ്രവര്‍ത്തനം തന്നെയാണു പ്രാര്‍ത്ഥന എന്നു പറഞ്ഞ പലരും ചരടുപൊട്ടിയ പട്ടം പോലെയായിപ്പോയിട്ടുണ്ട്. പ്രാര്‍ത്ഥനയുടെ തുടര്‍ച്ചയാണു പ്രവര്‍ത്തനം, പ്രാര്‍ത്ഥനയുടെ പൂര്‍ത്തീകരണവുമാണു പ്രവര്‍ത്തനം. കാരുണ്യപ്രവര്‍ത്തി അതില്‍ത്തന്നെ പ്രാര്‍ത്ഥനയാണ് എന്ന രീതിയോടും മദര്‍ തെരേസയ്ക്കു യോജിപ്പില്ലായിരുന്നു. പ്രാര്‍ത്ഥനയുടെ പിന്‍ബലമില്ലാതെയുള്ള ആത്മീയപ്രവര്‍ത്തനം ശുഷ്‌കമായിപ്പോകും. കാരണം, അവിടെ ലോകത്തിന്റെ കളങ്കങ്ങള്‍ കടന്നു കൂടും.
മദര്‍ തെരേസയുടെ ജീവിതം അനുസ്മരിക്കുമ്പോള്‍ വിട്ടുപോകാന്‍ പാടില്ലാത്ത മറ്റൊരു കാര്യം മദറിന്റെ ലാളിത്യമാണ്. ലളിതജീ വിതവും ഉയര്‍ന്ന മൂല്യങ്ങളും മദറിനെ വ്യത്യസ്തയാക്കി. ഉയര്‍ന്ന മൂല്യങ്ങളിലുള്ള പ്രവര്‍ത്തന ശൈ ലിയില്‍ ഏര്‍പ്പെടുമ്പോള്‍ മദറിനെപ്പോലെ അശാസ്ത്രീയവും ലളിതവുമായി അതിനെ സമീപിക്കാവുന്നതാണ്. ദൈവത്തിന്റെ പരിപാലനയില്‍ ആശ്രയിച്ചുള്ള മദറിന്റെ പ്രവര്‍ത്തനത്തില്‍ ഞാന്‍ കണ്ടത് അശാസ്ത്രീയതയാണ്. ദൈവത്തിന്റെ പരിപാലനയാണ് അവിടെ ഏറ്റവും വലിയ സമ്പത്ത്. ഒരിക്കല്‍ ഒറീസ്സയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കവെ ഒരു കൂട്ടം ബുദ്ധിജീവികള്‍ മദറിന്റെ കാരുണ്യപ്രവൃത്തികളിലുള്ള അശാസ്ത്രീയത ചൂണ്ടിക്കാണിച്ചുകൊണ്ട് ചോദിച്ച ചോദ്യം ഇതായിരുന്നു: ധാരാളം മത്സ്യസമ്പത്തുള്ള ഈ പ്രദേശത്ത് എന്തുകൊണ്ട് ഇവിടെയുള്ള പാവപ്പെട്ട മനുഷ്യരെ മീന്‍പിടുത്തം പഠിപ്പിച്ചുകൂടാ? മദറിന്റെ ലളിതമായ മറുപടി ഇപ്രകാരമായിരുന്നു: ”ആ ചുമതല നിങ്ങളെപോലെയുള്ളവര്‍ ഏറ്റെടുത്തുകൊള്ളൂ. ശേഷിക്കുന്നവരുടെ ഇടയിലാണ് ഞാന്‍ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നത്!”
ദൈവം പരിപാലിച്ചതിനെ സമ്പത്താക്കി ശുശ്രൂഷ ചെയ്യുന്നതും ദൈവത്തിന്റെ പരിപാലന മാത്രം സമ്പത്തായി ശുശ്രൂഷ ചെയ്യുന്നതും രണ്ടും രണ്ടാണ്. ഇന്നു സഭയില്‍ കാണുന്നത് ദൈവം പരിപാലിച്ചതിനെ സമ്പത്താക്കി മാറ്റിയെടുത്തുള്ള സ്ഥാപനാത്മക ശുശ്രൂഷയാണ്. മദര്‍ തെരേസ ചെയ്തത് ദൈവം പരിപാലിക്കുന്നതിനെ അപ്പോള്‍ത്തന്നെ വിനിയോഗിച്ചും വിനിമയം ചെയ്തുകൊണ്ടുമുള്ള ശുശ്രൂഷയാണ്.
കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്ത ഒരാള്‍ക്ക് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കാന്‍ സാധിക്കില്ല. ദൈവത്തെ ആരും കണ്ടിട്ടില്ല. പക്ഷെ ദൈവത്തെ നമുക്കു കാണാന്‍ സാധിക്കും. നാം ഉള്‍കണ്ണുകൊണ്ട് നമ്മുടെ സഹോദരങ്ങളില്‍ ദൈവത്തെ കാണണമെന്നു മാത്രം. അങ്ങനെ ദൈവത്തെ കാണുമ്പോഴാണ് നമ്മില്‍നിന്നും പുറപ്പെട്ട് നമുക്ക് സഹോദരനില്‍ എത്തിച്ചേരാനാകൂ. ഉള്‍ക്കണ്ണുകൊണ്ട് സഹോദരനെ കാണാത്തപ്പോഴാണ് നമ്മള്‍ നമ്മില്‍ നിന്നും പുറപ്പെടാതിരിക്കുകയും സഹോദരനെ ഒന്നുകില്‍ ശത്രുവായിട്ടോ അല്ലെങ്കില്‍ ഉപഭോഗവസ്തുവായിട്ടോ കാണുകയും ചെയ്യുന്നത്. ദൈവത്തിന്റെ കാണപ്പെടുന്ന രൂപങ്ങളോടു നാം സംവദിക്കുമ്പോഴും അവരിലേക്ക് നമ്മിലെ ദൈവികനന്മ ചൊരിയു മ്പോഴുമാണ് ദൈവാനുഭവം ഉണ്ടാകുന്നത്. ഇതാണു മദര്‍ തെരേസ നമുക്കു കാണിച്ചു തരുന്നത്. കാണപ്പെടാത്ത ദൈവത്തെ ആരാധിക്കാനും കാണപ്പെടാത്ത ദൈവത്തോട് അനുഗ്രഹങ്ങള്‍ ചോദി ക്കാനും, സ്തുതിഗീതങ്ങള്‍ അര്‍പ്പിക്കാനും എളുപ്പമാണ്. എന്നാല്‍ അതിന്റെ തുടര്‍ച്ചയായി കാണപ്പെടുന്ന സഹോദരനിലേക്കുള്ള യാത്രയുണ്ട്. അവിടെ നമ്മുടെ ഇടപെടല്‍ പൂര്‍ത്തിയാകുന്നില്ലെങ്കില്‍ ആ ഭക്തി കപടമാണ്. നമ്മുടെ പ്രാര്‍ത്ഥനകള്‍ സ്തുതിഗീതങ്ങളാല്‍ മുഖരിതമാകുമ്പോഴും കരങ്ങള്‍ കാരുണ്യപ്രവര്‍ത്തിയില്‍ മുഴുകിയാല്‍ മാത്രമേ ആ ആരാധന പൂര്‍ണമാകുകയുള്ളൂ. അതാണു ദൈവസന്നിധിയിലുള്ള നീതീകരണം.
‘പാവപ്പെട്ടവരുടെ അമ്മ’ എന്നാണ് മദര്‍ തെരേസയെ വിളിക്കുന്നത്. എന്തുകൊണ്ട് ബാക്കിയുള്ളവര്‍ക്ക് ഈ വിശേഷണം കിട്ടാതെ പോകുന്നു? പാവപ്പെട്ടവരെ സഹായിക്കാന്‍ എല്ലാം ഉപേക്ഷിച്ചു പുറപ്പെട്ടുപോരുന്നവരില്‍ പലരും എന്തേ എത്തേണ്ടിടത്ത് എത്താതെ പോകുന്നു? പാവങ്ങളുടെ അമ്മ, അഥവാ പിതാവ് എന്ന പേര് നമുക്കെല്ലാവര്‍ക്കും നേടാവുന്നതാണ്. നാമെല്ലാം ഓരോ വിധത്തില്‍ പാ വങ്ങളോട് ഇടപഴകുന്നവരുമാണ്. പക്ഷെ എല്ലാവര്‍ക്കും ഇപ്രകാരമുള്ള വിശേഷണം ലഭിക്കുന്നില്ല. കാരണം, നാം പരിധിയും പരിമിതിയും വച്ചുകൊണ്ടാണ് പാവങ്ങളോട് ഇടപഴകുന്നത്. ചിലപ്പോഴെങ്കിലും തങ്ങളെത്തന്നെ ശൂന്യമാക്കാതെ ദാസന്റെ രൂപം സ്വീകരിക്കാതെ വേഷം മാത്രം ധരിക്കുന്നതു കൊണ്ടല്ലേ? ഇടയനുള്ള ആട്ടിന്‍പറ്റത്തെ തന്നെ പരിഗണിച്ചതും ശുശ്രൂഷിച്ചതും ഒരു കാരണമല്ലേ? എന്നാല്‍ മദര്‍ തെരേസ, പരിധിയും പരിമിതിയുമില്ലാതെ, ഒന്നും ബാക്കി വയ്ക്കാതെ പതിതര്‍ക്കായി ഹൃദയവും മനസ്സും തുറന്നു കൊടുത്തു, ഭവനവും തുറന്നു കൊടുത്തു. നമ്മുടെ കാര്യമോ? നാം മനസ്സു തുറന്നു കൊടുക്കും, പക്ഷേ ഹൃദയം തുറന്നുകൊടുക്കില്ല. അഥവാ ഹൃദയം തുറന്നുകൊടുത്താലും ഭവനം തുറന്നു കൊടുക്കില്ല.
നമ്മുടെ പ്രശ്‌നം നമ്മുടെ കയ്യില്‍ എന്ത് ഇല്ല എന്നു ജനത്തോടു പറയാന്‍ പറ്റാത്തതാണ്. നമ്മുടെ കയ്യില്‍ എന്ത് ഇല്ല എന്നു കാണിച്ചു കൊടുത്താലേ കയ്യിലുള്ളതിനുള്ള സ്വീകാര്യത ഉണ്ടാവുകയുള്ളൂ. സുന്ദരകവാടത്തിനു മുന്നില്‍ ഭിക്ഷയാചിച്ചിരുന്ന മുടന്തനു സൗഖ്യം കൊടുക്കുന്ന വേളയില്‍ പത്രോസ് ശ്ലീഹ ഇതു വ്യക്തമാക്കുന്നുണ്ട്. ”ഞങ്ങളുടെ നേരെ നോക്കുക…. വെള്ളിയോ സ്വര്‍ണമോ എന്റെ കൈയിലില്ല. എനിക്കുള്ളതു ഞാന്‍ നിനക്കു തരുന്നു. നസറായനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ എഴുന്നേറ്റു നടക്കുക” (അപ്പ. പ്രവ. 3:6). നമ്മുടെ കയ്യില്‍ എന്താണ് ഇല്ലാത്തത് എന്നു സത്യസന്ധതയോടും സുതാര്യതയോടും വ്യക്തമാക്കാന്‍ കഴിയണം. അപ്പോള്‍ നമ്മുടെ പ്രവര്‍ത്തനവും ഇടപെടലുകളും ദൈവത്തിനും മനുഷ്യര്‍ക്കും സ്വീകാര്യമായ ബലിയായി മാറും. ഈ വെല്ലുവിളി ഏറ്റെടുത്തവളും പ്രാവര്‍ത്തികമാക്കിയവളുമാണ് വി. മദര്‍ തേരേസ. സത്യസന്ധതയോടും സുതാര്യതയോടും കൂടി ഒന്നും അല്ലാത്തവരുടെയും ഒന്നുമില്ലാത്തവരുടെയും അടുക്കലേക്ക്, പ്രാന്തപ്രദേശങ്ങളിലേക്ക്, ഇടയനില്ലാതെ പോയവരുടെ ഇടയിലേക്ക് കടന്നുചെല്ലാനുള്ള വെല്ലുവിളിയാണ് മദര്‍ തെരേസ നമുക്കു മുന്നില്‍ വയ്ക്കുന്നത്.

Leave a Comment

*
*