Latest News
|^| Home -> Cover story -> മദര്‍ തെരേസ: കാരുണ്യവര്‍ഷത്തില്‍ ലോകത്തിനൊരു മാതൃക

മദര്‍ തെരേസ: കാരുണ്യവര്‍ഷത്തില്‍ ലോകത്തിനൊരു മാതൃക

sathyadeepam

കത്തോലിക്കാസഭയില്‍ ഒരു വ്യക്തിയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തുന്നത് സങ്കീര്‍ണവും സുദീര്‍ഘവുമായ ഒരു പ്രക്രിയയ്ക്കു ശേഷം മാത്രമാണ്. അതുകൊണ്ടാണ് ജീവിക്കുന്ന വിശുദ്ധയെന്ന അഭിധാനം ജീവിതകാലത്തു തന്നെ ലഭിച്ചെങ്കിലും മദര്‍ തെരേസയെ ഔദ്യോഗികമായി വിശുദ്ധയായി പ്രഖ്യാപിക്കാന്‍ 17 വര്‍ഷങ്ങളെടുത്തത്. ഫാ. ബ്രയന്‍ കൊളോദിചൂക് ആണ് പോസ്റ്റുലേറ്റര്‍ എന്ന നിലയില്‍ ഈ പ്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്. മദര്‍ തന്റെ ആത്മീയജീവിതത്തിന്റെ ‘ഇരുണ്ടഘട്ടങ്ങളില്‍’ തന്റെ വിശ്വാസസന്ദേഹങ്ങള്‍ പങ്കുവച്ചുകൊണ്ട്, ആത്മീയ പിതാക്കള്‍ക്കെഴുതിയ കത്തുകള്‍ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തിയ ‘കം ബി മൈ ലൈറ്റ്’ എന്ന പുസ്തകത്തിന്റെ എഡിറ്റര്‍ എന്ന നിലയിലും ഫാ. ബ്രയന്‍ ശ്രദ്ധിക്കപ്പെട്ടു. മദര്‍ വ്യക്തിപരമായ നിലയ്‌ക്കെഴുതിയ കത്തുകള്‍ പ്രസിദ്ധപ്പെടുത്തുന്നതിന്റെ ഔചിത്യത്തിന്റെയും കത്തുകള്‍ വെളിപ്പെടുത്തുന്ന മദറിന്റെ സംശയങ്ങളുടെയും പേരില്‍ ആ പുസ്തകം വിവാദവിഷയമായിരുന്നു. വത്തിക്കാനില്‍ മദറിന്റെ നാമകരണച്ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കിനിടയില്‍ നിന്നു ഫാ.ബ്രയന്‍ സത്യദീപം ചീഫ് എഡിറ്റര്‍ക്കു നല്‍കിയ അഭിമുഖത്തില്‍ നിന്ന്:

? തുടക്കം മുതല്‍ താങ്കള്‍ ഈ നാമകരണപ്രക്രിയയുടെ ഭാഗമായിരുന്നോ?
അതെ. 1999 ല്‍ ഇത് ആരംഭിച്ച അന്നു മുതല്‍. 17 വര്‍ഷങ്ങള്‍ നീണ്ട ഒരു ദീര്‍ഘയാത്രയായിരുന്നു അത്.

? ഈ പ്രക്രിയയ്ക്കിടെ എന്തെങ്കിലും പ്രത്യേകമായ ദൈവിക ഇടപെടല്‍ താങ്കള്‍ അനുഭവിച്ചോ?
തുടക്കത്തില്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നത് ഇതൊരു വളരെ ദീര്‍ഘമായ പ്രക്രിയ ആണല്ലോ എന്നാണ്. മദര്‍ തെരേസായുടെ സന്യാസസഭയിലെ അംഗങ്ങളെന്ന നിലയില്‍ ഉപവാസവും വിധേയത്വവും സന്തോഷവുമാണ് ഞങ്ങളുടെ എല്ലാ മിഷന്‍ യാത്രകളുടെയും ചൈതന്യം. ഞാന്‍ ആദ്യത്തെ രണ്ടു പടികളിലാണ് ഇപ്പോള്‍ ശ്രദ്ധയൂന്നുന്നത്. അതായത്, ഉപവാസവും വിധേയത്വവും. സമയമാകുമ്പോള്‍ മൂന്നാമത്തേതിനെ കുറിച്ചു ചിന്തിക്കും. ഇപ്പോള്‍ ഉപവാസവും വിധേയത്വവുമാണു പ്രധാനം.

? മദര്‍തെരേസായുടെ സമൂഹത്തിലെ പുരോഹിത വിഭാഗത്തിന്റെ കാരിസം എന്തൊക്കെയാണ്?
പുരോഹിത സേവനം സൗജന്യമായി നല്‍കുന്നതിനാണ് പ്രഥമമായും ഞങ്ങള്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. രണ്ടാമതായി, മിഷണറീസ് ഓഫ് ചാരിറ്റി കുടുംബത്തെ സഹായിക്കുന്നതിന്, വിശേഷിച്ചും സിസ്റ്റര്‍മാര്‍ക്ക് വേണ്ടി കുര്‍ബാനയര്‍പ്പിക്കുക, കുമ്പസാരിപ്പിക്കുക, സെമിനാറുകളും ധ്യാനങ്ങളും നടത്തുക എന്നിങ്ങനെ വിശേഷിച്ചും, എംസി കാരിസത്തോടു ബന്ധപ്പെട്ട ധ്യാനങ്ങള്‍. മൂന്നാമ തായി, ഇടവകധ്യാനങ്ങളിലൂടെയും പുസ്തകരചനയിലൂടെയും ലഘുലേഖകളിലൂടെയുമെല്ലാം ഞങ്ങളുടെ മദറിന്റെ സന്ദേശം സഭയില്‍ പ്രചരിപ്പിക്കുന്നു. പൗരോഹിത്യത്തെ കുറിച്ച് വളരെ സവിശേഷവും അതിഭൗതികവുമായ ഒരു ദര്‍ശനമാണ് മദറിനുണ്ടായിരുന്നത്. വൈദികരോടു വലിയ സ്‌നേഹവും ആദരവുമായിരുന്നു മദറിന്. സ്വന്തം പുരോഹിതരോടു സവിശേഷമായ ഒരു സ്‌നേഹവും ഉണ്ടായിരുന്നു. മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതോടെ ഞങ്ങളുടെ സഭയിലേയ്ക്കുള്ള പുരോഹിത ദൈവവിളികള്‍ വളരെയധികം വര്‍ദ്ധിക്കുമെന്നു പ്രതീക്ഷിക്കുന്നു.

? ഏതൊക്കെ വിഭാഗങ്ങളാണ് മദര്‍ തെരേസായുടെ സന്യാസസമൂഹത്തിലുള്ളത്?
സിസ്റ്റര്‍മാര്‍ക്കും ബ്രദര്‍മാര്‍ക്കും പുരോഹിതര്‍ക്കും ഉള്ള വിഭാഗങ്ങള്‍. ഞങ്ങളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന അല്മായ മിഷണറിമാരുടെ വിഭാഗവും ഉണ്ട്.

? നാമകരണപ്രക്രിയയില്‍ താങ്കള്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി എന്തായിരുന്നു?
ലോകമെങ്ങുമുള്ള വിവിധ ആളുകളുടെ പക്കലുണ്ടായിരുന്ന നിരവധി വസ്തുക്കള്‍ ശേഖരിക്കുകയായിരുന്നു ഞാന്‍ നേരിട്ട ആദ്യത്തെ ബുദ്ധിമുട്ട്. ടിവി വാര്‍ത്തകളും ചിത്രങ്ങളും രേഖകളും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ടായിരുന്നു. എല്ലാ ഭാഗത്തേയ്ക്കും വിവരമറിയിച്ചു. ജനങ്ങള്‍ മഹാമനസ്‌കതയോടെ സഹകരിച്ചു. മുന്നൂറിലേറെ രേഖാലയങ്ങള്‍ സന്ദര്‍ശിച്ചു, 113 സാക്ഷികളെ വിസ്തരിച്ചു. ഒടുവില്‍ ഞങ്ങളതെല്ലാം രൂപതാ ആസ്ഥാനത്തേയ്ക്കു കൊണ്ടുവന്നു. അതായത് കൊല്‍ക്കത്ത അതിരൂപതയില്‍. അവിടെ ഞങ്ങള്‍ തയ്യാറാക്കിയ രേഖ 35,000 പേജുകളുള്ളതായിരുന്നു. ഒരുപാട് വിവരങ്ങള്‍. അതിനാല്‍ അതു സംബന്ധിച്ച ജോലികള്‍ 17 കൊല്ലം നീണ്ടു നിന്നു. പക്ഷേ ഇതിന്റെ പ്രധാന ഭാഗം പെട്ടെന്നു നടന്നു. അതായത് മദര്‍ വീരോചിത സുകൃതം ജീവിതത്തില്‍ അനുഷ്ഠിച്ചുവെന്നതിന്റെ അംഗീകരണവും വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിന് ആവശ്യമായ മദറിന്റെ മാദ്ധ്യസ്ഥത്താല്‍ നടന്ന അത്ഭുതത്തിന്റെ സ്ഥിരീകരണവും. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിനു ശേഷം വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു 13 വര്‍ഷമെടുത്തു. ഏതായാലും ഈ വര്‍ഷമാണ് ഈ പ്രഖ്യാപനത്തിന് ഏറ്റവും അനുയോജ്യമായ വര്‍ഷമെന്നു ഞാന്‍ കരുതുന്നു. കാരണം ഇതു കാരുണ്യവര്‍ഷം കൂടിയാണല്ലോ. വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു കാരണമായ അത്ഭുതം 2008-ല്‍ നടന്നതാണ്. പക്ഷേ 2013 വരെ ഞങ്ങള്‍ അതിനെ കുറിച്ചു കേട്ടിരുന്നില്ല. ഇതൊരു ദൈവികനിയോഗമായാണ് ഞാന്‍ കാണുന്നത്.

? മദര്‍ ഇന്ത്യയുടെയോ അല്‍ ബേനിയയുടെയോ മാത്രം വിശുദ്ധയല്ല. ആഗോള വിശുദ്ധയാണ്. പ്രഖ്യാപന ചടങ്ങില്‍ ഇതെങ്ങനെയാണു പ്രതിഫലിക്കപ്പെടാന്‍ പോകുന്നത്?
പ്രഖ്യാപനം റോമിലാണല്ലോ. സഭയിലാകെ പരസ്യമായി മദറിനെ വണങ്ങുന്നതിന് അവസരമൊരുക്കുന്നതാണ് വിശുദ്ധയായിട്ടുള്ള പ്രഖ്യാപനം. പ്രഖ്യാപനത്തിനു മൂന്നു രാജ്യങ്ങളുടെ ഔദ്യോഗിക പ്രതിനിധി സംഘങ്ങള്‍ വരുന്നുണ്ട്. ഇന്ത്യ, മാസിഡോണിയ, അല്‍ബേനിയ എന്നിവയാണവ. മറ്റു പ്രതിനിധി സംഘങ്ങളും വരുന്നുണ്ടെങ്കിലും ഔദ്യോഗികസ്വഭാവമുള്ളത് ഈ മൂന്നു രാജ്യങ്ങളുടേതിനാണ്. ഈ മൂന്നു രാജ്യങ്ങള്‍ക്കുമാണ് മദറുമായി നേരിട്ടു ബന്ധമുള്ളത്. മാസിഡോണിയയിലാണ് അവര്‍ ജനിച്ചത്, അല്‍ബേനിയന്‍ വംശജയുമാണ്.

? എംസി സഭയില്‍ ഈ പ്രഖ്യാപനത്തിനായി നടക്കുന്ന പ്രത്യേകമായ ഒരുക്കങ്ങള്‍ എന്തൊക്കെയാണ്?
നാമകരണച്ചടങ്ങിനെ കുറിച്ചറിഞ്ഞ മാര്‍ച്ചില്‍ത്തന്നെ ഞങ്ങള്‍ ആത്മീയമായ ഒരുക്കങ്ങള്‍ ആരംഭിച്ചു. മദറിന്റെ വാക്കുകള്‍ ഉപയോഗിച്ചു ധ്യാനിച്ചു. ദിവസവും ഇതിനായുള്ള പ്രാര്‍ത്ഥനകളുണ്ടായിരുന്നു. സഭയുടെ എല്ലാ ഭവനങ്ങളിലും കൃതജ്ഞതാര്‍പ്പണ പരിപാടികളും നടത്തി.

? മദര്‍ അറിയപ്പെടുന്നത് തന്റെ ജീവിതത്തിലെ ലാളിത്യത്തിന്റെയും ദാരിദ്ര്യത്തിന്റെയും പേരിലാണ്. ഈ രണ്ടു കാര്യങ്ങളും ഈ ചടങ്ങില്‍ പ്രതിഫലിക്കപ്പെടാന്‍ പോകുന്നതെങ്ങനെയായിരിക്കും?
കഴിയുന്നത്ര ലളിതമാക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ ദിവ്യബലി ദിവ്യബലി തന്നെയാണല്ലോ. അതൊരു ആഘോഷമാണ്. അത്തരം കാര്യങ്ങളിലൊന്നും ഞങ്ങള്‍ക്കു വലിയ നിയന്ത്രണങ്ങളുമില്ല. ഏതായാലും ഞങ്ങള്‍ സംരക്ഷിക്കുന്ന പാവപ്പെട്ടയാളുകളെ ചടങ്ങുകളുടെ മുന്‍നിരയിലേയ്ക്കു തന്നെ കൊണ്ടുവരുന്നുണ്ട്. അതിനുശേഷം അവര്‍ക്കു ലളിതമായ ഭക്ഷണവും വിതരണം ചെയ്യും.

? നാമകരണച്ചടങ്ങുകള്‍ക്കു റോം രൂപതയില്‍ നിന്നു ലഭിക്കുന്ന പിന്തുണ എപ്രകാരമാണ്?
നാമകരണച്ചടങ്ങിനൊരുക്കമായ നിത്യാരാധനയും പ്രത്യേക പ്രാര്‍ത്ഥനയും ഞങ്ങള്‍ ലാറ്ററന്‍ ബസിലിക്കയിലാണ് നടത്തുന്നത്. ഇതു റോം രൂപതയുടെ പള്ളിയാണ്. റോം രൂപതയുടെ പേപ്പല്‍ വികാരിയായ കാര്‍ഡിനലായിരിക്കും ആരാധനയ്ക്കു നേതൃത്വം നല്‍കുക. പ്രഖ്യാപനചടങ്ങിനാവശ്യമായ സ്ഥലവും അടിസ്ഥാനസൗകര്യങ്ങളും പ്രചാരണവും എല്ലാം നല്‍കുന്നതിനു വലിയ സഹായമാണ് റോം രൂപത നല്‍കി വരുന്നത്.

? മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുമ്പോള്‍ ലോകമെങ്ങുമുള്ള യുവജനങ്ങള്‍ അതിനോടെങ്ങനെയായിരിക്കും പ്രതികരിക്കുക?
ധാരാളം യുവജനങ്ങള്‍ പരിപാടിക്കെത്തുമെന്നാണ് ഞാന്‍ കരുതുന്നത്. മദര്‍ ജീവിച്ചിരിക്കെ ചി ല സര്‍വേകള്‍ വര്‍ഷംതോറും നടക്കാറുണ്ടായിരുന്നു. യുവജനങ്ങള്‍ ഏറ്റവുമധികം ആദരിക്കുന്ന വ്യക്തിത്വങ്ങള്‍ ആരെന്നറിയുന്നതിനുള്ള സര്‍വേ. മദര്‍ എപ്പോഴും ആദ്യസ്ഥാനങ്ങളിലൊന്നില്‍ വരുമായിരുന്നു. ജോണ്‍ പോള്‍ രണ്ടാമനെ പോലെ യുവജനങ്ങളില്‍ സവിശേഷമായ സ്വാധീനം ചെലുത്താന്‍ മദര്‍ തെരേസായ്ക്കും സാധിച്ചിട്ടുണ്ട്.

? ഇന്ത്യയില്‍ നിന്നുള്ള പ്രതിനിധി സംഘത്തിനു ചടങ്ങില്‍ പ്രത്യേകിച്ചെന്തെങ്കിലും സ്ഥാനമോ പങ്കോ ഉണ്ടായിരിക്കുമോ?
മൂന്ന് ഔദ്യോഗിക പ്രതിനിധി സംഘങ്ങളിലൊന്നാണ് ഇന്ത്യയെന്നു പറഞ്ഞല്ലോ. മാസിഡോണിയന്‍, അല്‍ബേനിയന്‍ പ്രതിനിധിസംഘങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സംഘവുംചടങ്ങുകളില്‍ പങ്കെടുക്കും. അല്‍ബേനിയയില്‍ നിന്നു മദറിന്റെ ബന്ധുക്കളും വരുന്നുണ്ട്. മദറിന്റെ ഒരു സഹോദരപുത്രിയും ചടങ്ങില്‍ പങ്കെടുക്കാനെത്തും. മദറുമായി നേരിട്ടു ബന്ധമുള്ളവരില്‍ ജീവിച്ചിരിക്കുന്ന ഏകവ്യക്തിയാണവര്‍. ഇറ്റലിയില്‍ ജനിച്ചു വളര്‍ന്ന അവര്‍ രണ്ടു മക്കളോടൊപ്പമാണു വരിക.

? പ്രഖ്യാപനത്തിനു ശേഷം കൃതജ്ഞാതാസമര്‍പ്പണ ചടങ്ങുകള്‍ വല്ലതും ഉണ്ടാകുമോ?
പ്രഖ്യാപനത്തിന്റെ പിറ്റേന്ന് ഒരു കൃതജ്ഞതാബലിയുണ്ടാകും. സെ. പീറ്റേഴ്‌സ് ബസിലിക്കയില്‍ തന്നെയായിരിക്കും അത്. പിറ്റേന്ന് മദറിന്റെ തിരുനാള്‍ ദിനം കൂടിയാണല്ലോ.

? ഈ നാമകരണപ്രക്രിയയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേക പങ്കു വഹിക്കുകയുണ്ടായോ?
ഈ കാരുണ്യവര്‍ഷത്തില്‍ തന്നെ വിശുദ്ധപദപ്രഖ്യാപനം നടക്കണമെന്ന് ഏറ്റവുമാഗ്രഹിച്ചത് ഫ്രാന്‍സിസ് മാര്‍പാപ്പയാണ്. കാരണം മദറിന്റെ ജിവിതവും സന്ദേശവും കാരുണ്യം നിറഞ്ഞതാണ്. ലോകത്തിനു മുഴുവനും കാരുണ്യപ്രവൃത്തികള്‍ക്കുള്ള ഒരു മഹനീയ മാതൃകയായി മദറിനെ ഉയര്‍ത്തിക്കാണിക്കാനാണ് മാര്‍പാപ്പ ആഗ്രഹിക്കുന്നത്. മഹാജൂബിലിവര്‍ഷത്തിന്റെ വിശുദ്ധയായിരുന്നു വി. ഫൗസ്തീന എന്നു പറയുന്നതു പോലെ കാരുണ്യവര്‍ഷത്തിന്റെ വിശുദ്ധയാണ് മദര്‍ തെരേസാ എന്നു നമുക്കു പറയാം.

? യൂറോപ്പില്‍ ഇതു ഭീകരതയുടെയും മതത്തിന്റെ പേരിലുള്ള പീഡനങ്ങളുടെയും കാലമാണല്ലോ. ഈ സവിശേഷ സാഹചര്യത്തില്‍ മദറന്റെ വിശുദ്ധപദപ്രഖ്യാപനം അവിടത്തെ കത്തോലിക്കാ പ്രതിച്ഛായയിലും വിശ്വാസത്തിലും എന്തെങ്കിലും സ്വാധീനം ചെലുത്തുമോ?
വലിയ ആനന്ദത്തിന്റെയും കൃപയുടെയും വേളയാണിത് സഭയ്ക്ക്. യൂറോപ്യന്‍ സഭയ്ക്കു വിശേഷിച്ചും. കത്തോലിക്കാസഭയ്ക്കാകെ ഇതു വലിയ പ്രചോദനം പകരും. പ്രഖ്യാപനത്തിനു ശേഷം ‘മദര്‍തെരേസാ ഇഫക്ട്’ ഞങ്ങളുടെ സന്യാസസഭയില്‍ നിന്നു സഭ മുഴുവനിലേയ്ക്കും പരന്നൊഴുകും. വിശുദ്ധയായി പ്രഖ്യാപിക്കുന്നതോടെ എല്ലാവര്‍ക്കും മദറിന്റെ മാദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കാനും മദറിന്റെ ജീവിതമാതൃകയില്‍ നിന്നു പ്രചോദനം സ്വീകരിക്കാനും സാധിക്കും. മദറിന്റെ സ്വര്‍ഗീയ മാദ്ധ്യസ്ഥം ഞങ്ങളുടെ സന്യാസസഭയ്ക്കു മാത്രമല്ല സഭയ്ക്കാകെ ഒരു പ്രചോദനകേന്ദ്രമായി നില്‍ക്കും.

? ഈ പ്രഖ്യാപനം സന്യാസജീവിതത്തിലേയ്ക്കുള്ള ദൈവവിളികളുടെ എണ്ണത്തെ സ്വാധീനിക്കുമോ?
മദറിന്റെ ജീവിതമാതൃക അനേകം യുവജനങ്ങളെ പ്രചോദിപ്പിക്കുമെന്നതില്‍ തര്‍ക്കമില്ല. മദറിനെ പോലെയാകാന്‍ അവരാഗ്രഹിക്കും. അതിന് എന്താണു ചെയ്യേണ്ടത്, എവിടെയാണു ചേരേണ്ടത്? ദൈവത്തിനും ജനങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍ എന്തു ചെയ്യണമെന്ന ചോദ്യമുയരുമ്പോള്‍ തീര്‍ച്ചയായും ദൈവവിളികള്‍ അവര്‍ തിരഞ്ഞെടുക്കും.

? മദര്‍ തന്റെ ആത്മീയ പിതാക്കന്മാര്‍ക്കെഴുതിയ കത്തുകള്‍ പുസ്തകമായി പ്രസിദ്ധീകരിച്ചതിനെ കുറിച്ചു വിവാദങ്ങളുണ്ടായല്ലോ. ഇതിനോട് എപ്രകാരം പ്രതികരിക്കുന്നു?
ഔദ്യോഗിക രേഖകള്‍ക്കൊപ്പം ഈ പുസ്തകവും ഞാന്‍ 9 ദൈവശാസ്ത്രജ്ഞരടങ്ങുന്ന സമിതിക്കു സമര്‍പ്പിച്ചു. ഈ കത്തുകള്‍ പ്രസിദ്ധീകരിക്കുന്നത് ക്രൈസ്തവജീവിതത്തിനു ഗുണകരമായിരിക്കുമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ഇതു പ്രസിദ്ധീകരിക്കണമെന്നു ദൈവശാസ്ത്രജ്ഞരാണ് ആവശ്യപ്പെട്ടത്. കാരണം, ഒന്നാമതായി മദര്‍ ഒരു വലിയ മിസ്റ്റിക് ആയിരുന്നുവെന്നു കാണിച്ചു തരുന്നതാണ് ഈ പുസ്തകം. മദറും നമ്മെപ്പോലെ സഹനങ്ങള്‍ക്കു വിധേയയാകേണ്ടി വന്നുവെന്നറിയുന്നത് നമ്മെ പ്രചോദിപ്പിക്കും. ഞാനൊരു മിസ്റ്റിക്കല്ലെങ്കിലും ആ കത്തുകള്‍ എനിക്കു പ്രചോദനമേകിയിരുന്നു. മദര്‍ കടന്നു പോയ വേദനകള്‍ എന്റെ ആത്മീയ യാത്രയില്‍ എനിക്കും സഹായകരമാകുന്നു. ഞങ്ങളുടെ സന്യാസസഭയ്ക്ക് അതു ഞങ്ങളുടെ കാരിസത്തിന്റെ പ്രധാന ഭാഗവുമാണ്. സ്‌നേഹിക്കപ്പെടാതെയും പരിഗണിക്കപ്പടാതെയുമിരിക്കുന്നതിന്റെ ആത്മീയദാരിദ്ര്യം തിരിച്ചറിയുക. ജീവിതകാലത്ത് ആ കത്തുകള്‍ പ്രസിദ്ധീകരിക്കപ്പെടുന്നത് തീര്‍ച്ചയായും മദര്‍ ആഗ്രഹിച്ചിരുന്നിരിക്കില്ല. എന്നാല്‍ മദറിപ്പോള്‍ സ്വര്‍ഗത്തിലാണ്. അതുകൊണ്ട് ഇതുണ്ടാക്കുന്ന സ്വാധീനവും വ്യത്യസ്തമായിരിക്കും.

? ഇന്ത്യാക്കാര്‍ക്കും ഇന്ത്യന്‍ സഭയ്ക്കും എന്തു സന്ദേശമാണു നല്‍കാനുള്ളത്?
പരസ്പരം സ്‌നേഹിക്കുക എന്നതാണ് മദറിന്റെ കബറിടത്തിലെ വാചകം. അനേകം ഭാഷകളും സംസ്‌കാരങ്ങളുമുള്ള ഇന്ത്യയോടു മദര്‍ പറയുമായിരുന്നത് ഇതു തന്നെയാണ്. കുടുബങ്ങളിലെയും ഇടവകകളിലെയും സമൂഹങ്ങളിലെയും സ്‌നേഹം പ്രധാനമാണ്. അതുപോലെ, സമാധാനത്തിനും സൗഹാര്‍ദ്ദത്തിനും വേണ്ടി പ്രവര്‍ത്തിക്കുക. സമാധാനത്തിനുള്ള നോബല്‍ സമ്മാനജേതാവായിരുന്നല്ലോ മദര്‍. അങ്ങനെ ഇന്ത്യയില്‍ യേശുവിനു സാക്ഷികളാകുക. ‘പ്രഘോഷണമില്ലാത്ത പ്രഘോഷണം നടത്താന്‍’ കാര്‍ഡിനല്‍ ന്യൂമാനെ പോലെ പ്രാര്‍ത്ഥിക്കുക.

Leave a Comment

*
*