മാവേലിയും ഓണവും

മാവേലിയും ഓണവും


കെ.എല്‍. മോഹനവര്‍മ്മ.

കുള്ളനും കണ്ടാല്‍ പഞ്ചപാവം എന്നു തോന്നിക്കുന്നവനുമായ ബ്രാഹ്മണക്കുട്ടിയെ കണ്ട് മഹാബലിക്ക് സ്നേഹവും വാത്സല്യവും തോന്നി. അതിഥി ആയി വരുന്ന ആരും ദേവനാണ് എന്നാണ് മാവേലി സൈക്കോ. മലയാളിയുടെ രീതി. മഹാബലി ചോദിച്ചു.

കുട്ടിക്ക് എന്താണ് വേണ്ടത്?

ഒരു ചെറിയ അമ്പലം. എന്‍റെ ഇഷ്ടദേവതയായ സംഹാര മൂര്‍ത്തി പരമശിവനെ പ്രതിഷ്ഠിക്കണം. എന്നിട്ട് ഇവിടെ താമസിച്ച് പൂജാദികര്‍മ്മങ്ങള്‍ നടത്തണം. അതിനുള്ള ഇടം നല്കണം.

എത്ര ഭൂമി വേണം ?

മൂന്നടി മതി.

സന്തോഷം. എവിടെയാണെന്നു വച്ചാല്‍ ഇഷ്ടമുള്ളിടത്ത് എടുത്തു കൊള്ളൂ.

പിന്നത്തെ കഥ നമുക്കറിയാം. വാമനന്‍റെ ചെറിയ പാദം വളര്‍ന്നു വളര്‍ന്ന് ആകാശം മുട്ടുന്ന ബുള്‍ഡോസറായി. വാമനന്‍ രണ്ടു ചുവടു വച്ച് മഹാബലിയുടെ അധീനതയിലുണ്ടായിരുന്ന കേരളത്തിലെ ഭൂമി സ്വന്തമാക്കി. മൂന്നാമത്തെ ചുവട് എവിടെ വയ്ക്കണമെന്ന് ചോദിച്ചപ്പോള്‍ അദ്ഭുതവും ചതിയും കബളിക്കപ്പെട്ടതിലുള്ള വിഷമവും ഒന്നും വകവയ്ക്കാതെ മഹാബലി സ്വന്തം തല താഴ്ത്തി കാട്ടി. ഇവിടെ വച്ചോളൂ. ആ തലയില്‍ ചുവടമര്‍ത്തി വാമനന്‍ മഹാബലിയെ ചവുട്ടി പാതാളത്തിലേക്കു സ്ഥിരമായി വിട്ടു. വാമനനായി വന്നത് വിഷ്ണുഭഗവാനായിരുന്നു. അദ്ദേഹത്തിന് സിമ്പതി തോന്നി. അദ്ദേഹം മഹാബലിക്ക് മരണത്തില്‍ നിന്ന് നിത്യമോചനവും എല്ലാ വര്‍ഷവും ഓണത്തുംനാള് കേരളത്തിലേക്കു വന്ന് തന്‍റെ പ്രജകളെ കാണാനുള്ള അനുവാദവും നമുക്ക് ഓണവും തന്നു.

നമുക്ക്, മലയാളിക്ക്, നോസ്റ്റാള്‍ജിയയുടെയും സ്വപ്നത്തിന്‍റെയും അവാച്യമായ ആനന്ദവും.

വാമനന്‍ രൂപത്തില്‍ പൂര്‍ണ്ണ മനുഷ്യനായിരുന്നില്ല. വിഷ്ണു ഭഗവാന്‍റെ അടുത്ത അവതാരം ഒരു പൂര്‍ണ്ണമനുഷ്യരൂപത്തിലായിരുന്നു. പരശുരാമന്‍. അദ്ദേഹം ഭൂമിയിലെത്തി ഏറെ താമസിയാതെ കേരളത്തില്‍ കുറെയേറെ അനുചരുമായി വന്നു. ഇവിടെ ജനവാസത്തിനും കൃഷി ചെയ്യാനും ഭൂമിയില്ല. അദ്ദേഹം വടക്കേയറ്റത്ത് ഗോകര്‍ണ്ണത്തു നിന്ന് ആകാശത്തില്‍ കണ്ട സപ്തവര്‍ണ്ണ മഴക്കാറ് നോക്കി മഴുവെറിഞ്ഞു. തെക്ക് കന്യാകുമാരിയില്‍ ചെന്നു മഴു വീണു. കടല്‍ പടിഞ്ഞാറോട്ട് പിന്മാറി. കേരളക്കര ഇന്നത്തെ രൂപത്തിലെത്തി. കടല്‍ നികത്തി കരയുണ്ടാക്കി.

കേരളത്തിന്‍റെ സാമ്പത്തിക പുരോഗതിയുടെ ശൈലിയും ഒന്നാലോചിച്ചാല്‍ ഈ പുരാണ കഥകളുടെ ആവര്‍ത്തനമല്ലേ ?

ഭൂമിയായിരുന്നു എന്നും പ്രശ്നം. ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിലും കായലും കടലും നികത്തുന്നതിലും ഒരു നിയമവും നാം കര്‍ശനമായി അനുസരിച്ചിരുന്നില്ല. ഇന്നും നിവര്‍ത്തിയുണ്ടെങ്കില്‍ അനുസരിക്കുകയുമില്ല. അവിടെ നാം വാമനന്‍റെയും പരശുരാമന്‍റെയും മാനസ ശിഷ്യരാണ്. പക്ഷെ അതിഥിയെ തുറന്ന ഹൃദയത്തോടെ ആഘോഷപൂര്‍വം സ്വീകരിക്കുന്നതില്‍ നാം മഹാബലിയുടെ പ്രജകളാണ്.

അറബികളും ബൗദ്ധരും ജൂതരും തോമാശ്ലീഹയും നമ്പൂതിരിയും ഈ മണ്ണില്‍ വന്നപ്പോള്‍ അവരും നമ്മളായി മാറി. നമ്മുടെ ഉത്സവങ്ങളുടെ എണ്ണവും വൈവിദ്ധ്യവും ഏറി.

ഭൂമിയും ആഘോഷവുമാണ് നമ്മുടെ ഇക്കണോമിക്ക് ആക്ടിവിറ്റിയുടെ അടിസ്ഥാനം. ഭൂ നിയമം അമ്പതു വര്‍ഷം മുമ്പ് കേരളത്തില്‍ പതിനഞ്ചു ലക്ഷത്തിലേറെ ഭൂവുടമകളെ സൃഷ്ടിച്ചു. കഴിഞ്ഞ ദശകത്തില്‍ ഇവരില്‍ ഭൂരിഭാഗവും ഭൂമിയുടെ അഭുതപൂര്‍വമായ വിലവര്‍ദ്ധന കാരണം കോടീശ്വരരായി മാറി. ആഘോഷത്തിന് ശക്തി കൂടി. കേരളത്തെ നിലനിര്‍ത്തുന്ന പ്രവാസി പൈപ്പ് മണിയോര്‍ഡര്‍ ഇക്കോണമിയിലെ മണിയെല്ലാം ചെന്നു വീഴുന്നത് ആദ്യം ഭൂമിയിലും പിന്നീട് ആഘോഷത്തിലുമാണ്.

ബില്‍ മാക്ഗിബണ്‍ എന്ന സുപ്രസിദ്ധ സാമ്പത്തിക പരിസ്ഥിതി വിദഗ്ദ്ധന്‍ കേരളത്തിന്‍റെ അതിവിചിത്രമായ സാമൂഹ്യ സാമ്പത്തിക ഡെമോഗ്രഫിക്ക് അവസ്ഥയെക്കുറിച്ച് പറഞ്ഞത് ശരിയാണ്.

Kerala, a state in India, is a bizarre anomaly among developing nations, a place that offers real hope for the future of the Third World.  Though not much larger than Maryland, Kerala has a population as big as California's and a per capita annual income of less than $300. But it's infant mortality rate is very low, its literacy rate among the highest on Earth, and it's birth rate below America's and falling faster. Kerala's residents live nearly as long as Americans or Europeans. Though mostly a land of paddy-covered plains, statistically Kerala stands out as the Mount Everest of social development; there's truly no place like it.

താങ്ക്യു മാവേലി. (വാമനനും – മാവേലിക്ക് ചിരഞ്ജീവത്വം കൊടുത്തതിന്). താങ്ക് യു പരശുരാമന്‍ (കായലും കടലും നികത്താന്‍ ഗൈഡന്‍സ് തന്നതിന്)

ഹാപ്പി ഓണം ടു ആള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org