Latest News
|^| Home -> Cover story -> വാതിലുകള്‍ തുറക്കുന്ന ക്രിസ്മസ്!

വാതിലുകള്‍ തുറക്കുന്ന ക്രിസ്മസ്!

sathyadeepam

അഭിലാഷ് ഫ്രേസര്‍

എല്ലാ സത്രങ്ങള്‍ക്കും വാതിലുണ്ട്. രാവായാല്‍ ആ വാതിലുകള്‍ അടയും, സത്രത്തില്‍ തങ്ങുന്നവരുടെ സ്വകാര്യതകള്‍ക്കായി. സത്രങ്ങള്‍ക്കുള്ളിലെ സ്ഥലം എന്നു പറയുന്നതിന് പല അര്‍ത്ഥങ്ങളുണ്ടാകാം. വേണമെങ്കില്‍ ഇങ്ങനെ ചിന്തിക്കാം. പേരെഴുതിക്കാന്‍ വേണ്ടി ദൂരെ നിന്നും എത്തിയ ആളുകള്‍ പലരും ഈ സത്രങ്ങളില്‍ മുറി എടുത്തിരിക്കാം. അങ്ങനെ സത്രങ്ങള്‍ നിറഞ്ഞു പോയതാവാം. മറ്റൊരു സാധ്യത സ്ഥലം എന്ന വാക്കിന്‍റെ ആപേക്ഷികമായ അര്‍ത്ഥമാവാം.
രണ്ടു പേര്‍ക്ക് താമസിക്കാന്‍ സ ത്യത്തില്‍ എത്ര മുറിയുള്ള വീടുകള്‍ വേണം? എന്നാല്‍ നമ്മുടെ നാട്ടില്‍ കെട്ടിപ്പൊക്കുന്ന കുറേ വീടുകളെങ്കിലും നോക്കുക. രണ്ടു പേര്‍ കഷ്ടിച്ചു താമസിക്കാനുണ്ടാകും. എന്നിട്ടും രണ്ടായിരവും മൂവായിരവും സ്ക്വയര്‍ ഫീറ്റുള്ള വീടുകള്‍. ഇത്തരം വീടുകളുടെ ഉടമകള്‍ പലപ്പോഴും വര്‍ഷത്തില്‍ ഭൂരിഭാഗവും വീട്ടില്‍ തന്നെ ഉണ്ടാകണം എന്ന് ഉറപ്പുമില്ല. ഒരു ദ്വീപ് മൊത്തമായൊക്കെ സ്വന്തമാക്കി വയ്ക്കുന്നവരെ കുറിച്ചെല്ലാം നാം വായിച്ചിട്ടുണ്ടല്ലോ! അപ്പോള്‍ സ്ഥലം എന്ന് പറയുന്നത് മനസ്സിന് തൃപ്തി വരുന്നതു വരെ സ്വന്തമാക്കി വയ്ക്കുന്ന ഇടമാണ്. സത്രത്തില്‍ സ്ഥലമില്ല എന്നു പറയുമ്പോള്‍ അതിന് ഇങ്ങനെ ഒരര്‍ത്ഥം കൂടിയുണ്ടാവാം. ആരൊക്കെയോ അനുപാതത്തിന് വിരുദ്ധമായി കയ്യടക്കി വച്ചിരിക്കുന്ന സ്ഥലം മറ്റ് പലരെയും വഴിയാധാരമാക്കുന്നു!
വാതിലുകളും വാതിലുകളില്ലാത്ത ഇടങ്ങളും തമ്മിലുള്ള ഒരു സംഘര്‍ഷമാണ് ക്രിസ്മസ് രാത്രി. സത്രങ്ങള്‍ക്കെല്ലാം ഭദ്രമായ വാതിലുകളുണ്ടായിരുന്നു. ഓരോ സത്രവും കടന്ന് യൗസേപ്പും മേരിയും പരിത്യക്തരെ പോലെ സഞ്ചരിച്ചു. അടച്ചു പൂട്ടിയ കെട്ടിടങ്ങളില്‍ ദൈവം പിറക്കില്ല എന്ന് ആദ്യ സന്ദേശം നല്‍കിക്കൊണ്ടാണ് അവ സാനം അവര്‍ വാതിലുകളില്ലാത്ത കാലിത്തൊഴുത്തില്‍ എത്തുന്നത്. ആരും തുറക്കേണ്ട കാര്യമില്ല. ആരും അടയ്ക്കുകയുമില്ല. സകലരെയും സ്വാഗതം ചെയ്യുന്ന തുറന്ന ഹൃദയം പോലെ ഒരു പുല്‍ക്കുടില്‍. അതിനകത്ത് സ്ഥലം എന്നത് ഒരു പ്രശ്നമേയല്ല. ആരും ഭാഗിച്ചെടുക്കാത്ത, ആരും അവകാശം സ്ഥാപിക്കാത്ത നിലത്ത് കന്നുകാലികള്‍ പരസ്പരം പുണര്‍ന്നു കിടന്നു.
രക്ഷകന്‍റെ പിറവിയുടെ സന്ദേശം ആദ്യം എത്തുന്നത് എവിടെയാണ്? ആകാശത്തെയും ചക്രവാളത്തെയും അതിരുകളാക്കി തുറന്നു കിടക്കുന്ന ഒരു പുല്‍മേട്ടില്‍. മാലാഖ വരുന്ന നേരം ആ ഇടയന്‍മാര്‍ ആടുകള്‍ക്ക് കാവലിരിക്കുകയായിരുന്നു. തുറന്നു കിടന്നതു കൊണ്ടു തന്നെയാണ് അവര്‍ അരക്ഷിതത്വം അനുഭവിച്ചിരുന്നത്. എന്നിട്ടും അവര്‍ സ്വന്തം സുരക്ഷിതത്വം തേടി പോയില്ല. തുറവുകള്‍ക്ക് ചില അരക്ഷിതത്വമൊക്കെയുണ്ട് – കുലീനവും സാഹസികവുമായ അരക്ഷിതത്വം!
കിഴക്കു നിന്നെത്തിയ ജ്ഞാനികളുടെ കാര്യം തന്നെ എടുക്കാം. അവ രും വാതിലുകള്‍ തുറന്ന് പുറത്തിറങ്ങി പോയവരാണ്. രാത്രിയെന്നോ പകലെന്നോ കാടെന്നോ നാടെന്നോ മലയെന്നോ പുഴയെന്നോ യാത്രാ മാര്‍ഗ ത്തെക്കുറിച്ച് ചിന്തിക്കാതെ. സത്യത്തില്‍ യേശുവിനെ തേടിയുള്ള യാത്ര എന്നു പറയുന്നത് അവരെ സംബന്ധിച്ച് വിശാലതയിലേക്കുള്ള യാത്ര തന്നെയായിരുന്നു. എത്ര ലോകങ്ങളാണ് ആ യാത്രയില്‍ അവര്‍ കണ്ടത്. എത്ര സംസ്കാരങ്ങള്‍… ഓരോന്നും അവര്‍ സ്വാംശീകരിച്ചു. ഓരോന്നും അവരെ ഓരോ പാഠം പഠിപ്പിച്ചു. ആല്‍ക്കെമിസ്റ്റിലെ സാന്‍റിയാഗോയെ പോലെ… നിധി തേടിയുള്ള യാത്രയില്‍ കാണുന്ന ലോകങ്ങളുണ്ട്. അറിയുന്ന പാഠങ്ങ ളുണ്ട്…
‘ആരെങ്കിലും എന്‍റെ സ്വരം കേട്ട് വാതില്‍ തുറന്നു തന്നാല്‍ ഞാന്‍ അ വന്‍റെ അടുത്തേയ്ക്ക് വരും…’ വാതില്‍ തുറക്കുക എന്നത് ബൈബിളിന്‍റെ നിതാന്ത സന്ദേശമാണ്. യേശുവിന്‍റെ കല്ലറയുടെ വാതില്‍ പോലും മൂന്നാം നാളില്‍ തുറന്നാണ് കിടന്നിരുന്നതെന്ന് ഓര്‍ക്കുക. വാതിലില്ലാത്ത കാലിത്തൊഴുത്തില്‍ ആരംഭിച്ച ജീവിതം വാതിലുകളെല്ലാം തുറന്ന് പ്രപഞ്ചമാകെ പരക്കുകയാണ്!
ക്രിസ്മസ് എല്ലാവരുടേതുമാണ്. എല്ലാവര്‍ക്കുമുള്ളതാണ്. മാലാഖ പറയുന്ന വാക്ക് ശ്രദ്ധിക്കുക: എല്ലാ ജനത്തിനും വേണ്ടിയുള്ള സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. പലപ്പോഴും നാം ഈ വാക്ക് മറന്നു കളയുന്നു. സകല ജനത്തിനും വേണ്ടിയുള്ള സന്തോഷം നമ്മുടെ സത്രങ്ങള്‍ക്കുള്ളില്‍ സ്വകാര്യമാക്കി വയ്ക്കാതിരിക്കട്ടെ. ക്രിസ്തു അകത്തേക്ക് കടന്നു വരാനും ക്രിസ്തുവിനെ തേടിയെത്തുന്നവര്‍ക്കായി നമ്മുടെ ഉള്ളിലെ ക്രി സ്തുവിന്‍റെ പ്രകാശം പകര്‍ന്നു കൊടുക്കാനും വാതിലുകളും ചുവരുകളുമൊന്നും തടസ്സമാകാതിരിക്കട്ടെ!

Leave a Comment

*
*