സാംസ്‌കാരികാനുരൂപണം: സത്യമോ മിഥ്യയോ?

സാംസ്‌കാരികാനുരൂപണം: സത്യമോ മിഥ്യയോ?

-ഡോ. ആന്റണി നരികുളം

'ഐകരൂപ്യം' എന്ന കീറാമുട്ടിയില്‍ തട്ടി സഭയിലെ പല നല്ല സംരംഭങ്ങളും വിജയിക്കാതെ പോയി എന്നതിന് ചരിത്രം സാക്ഷിയാണ്. ഐകരൂപ്യത്തിനുവേണ്ടിയുളള ശ്രമങ്ങള്‍ സഭയെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിച്ചതെന്ന് ഫ്രാന്‍സീസ് പാപ്പ ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: 'ഫരിസേയര്‍ "എല്ലാം ഒരേപോലെ" എന്ന ദൈവശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്നവരായിരുന്നു. ഈ സമീപനത്തില്‍ ദൈവത്തിന്റെ പുതുമയ്ക്ക് (newness of  God) സ്ഥാനമില്ല ഏകരൂപ വാദികള്‍ക്ക് (Uniformists)െ ഒരേ കാര്യം വ്യത്യസ്ത രീതികളിലാകാമെന്നു ചിന്തിക്കാന്‍ പോലും കഴിയില്ല. അവര്‍ ഐകരൂപ്യത്തെ വിഗ്രഹമാക്കുന്നു.'

"ആരാധനക്രമത്തില്‍പോലും, വിശ്വാസമോ പൊതുനന്മയോ ഉള്‍പ്പെടാത്ത കാര്യങ്ങളില്‍ കര്‍ക്കശമായ ഐകരൂപ്യം അടിച്ചേല്പിക്കാന്‍ സഭയ്ക്കാഗ്രഹമില്ല; മറിച്ച്, വിവിധ വര്‍ഗ്ഗക്കാര്‍ക്കും ജനവിഭാഗങ്ങള്‍ക്കുമുളള ആദ്ധ്യാത്മികസമ്പത്തുകളെയും വൈഭവങ്ങളെയും അവള്‍ മാനിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ ജീവിതരീതികളില്‍ അന്ധവിശ്വാസത്തോടും അബദ്ധാചാരങ്ങളോടും അവിച്ഛിന്നമായി കെട്ടുപിണയാത്തഘടകങ്ങള്‍ അവള്‍ താത്പര്യപൂര്‍വ്വം പഠിക്കുകയും, സാധ്യമെങ്കില്‍ അന്യൂനം പരിരക്ഷിക്കുകയും ചെയ്യുന്നു. മാത്രമല്ല, ചിലപ്പോള്‍ ആരാധനക്രമത്തിന്റെ യഥാര്‍ത്ഥവും അകൃത്രിമവുമായ ചൈതന്യത്തോടു പൊരുത്തപ്പെടുന്ന ഘടകങ്ങള്‍ ആരാധനക്രമത്തില്‍ അവള്‍ ഉള്‍ക്കൊളളിക്കുക കൂടി ചെയ്യുന്നു" (ആരാധനക്രമം, 37).
ദേശീയ സംസ്‌കാരത്തോടും പാരമ്പര്യത്തോടും ആരാധനക്രമം അനുരൂപപ്പെടുത്താന്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് നല്കിയ നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് മുകളില്‍ ചേര്‍ത്തിരിക്കുന്നത്. സഭയുടെ 'സാംസ്‌കാരികാനുരൂപണം' എന്ന വിശാലമായ ലക്ഷ്യത്തെ ആരാധനക്രമത്തില്‍ മാത്രമായി ഒതുക്കാന്‍ ശ്രമിച്ചതാകാം ഈ പ്രക്രിയ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി.
സാംസ്‌കാരികാനുരൂപണം
സാംസ്‌കാരികാനുരൂപണം ഒരു ജീവിതശൈലിയാണ്. അതുകൊണ്ടുതന്നെ, മറ്റാരെങ്കിലും കെട്ടിയേല്പിക്കുന്ന അനുരൂപണശൈലികള്‍ പരാജയപ്പെടാനാണ് സാധ്യത. ഇത് ഒരു തുടരന്വേഷണമാണ്.
ബെനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പ "സ്‌നേഹത്തിന്റെ കൂദാശ" എന്ന അപ്പസ്‌തോലിക പ്രബോധനത്തില്‍ പ്രസ്താവിച്ചതുപോലെ, ഈ മേഖലയിലെ ചില ദുരുപയോഗങ്ങള്‍ സാംസ്‌കാരികാനുരൂപണപ്രക്രിയയില്‍നിന്ന് പിന്മാറാന്‍ കാരണമാകരുത്. അദ്ദേഹം എഴുതി: "വ്യത്യസ്തസാംസ്‌കാരികസാഹചര്യങ്ങളില്‍ ജീവിക്കുകയും ക്രിസ്തുവിന്റെ ഒരേ രഹസ്യം ആഘോഷിക്കുകയും ചെയ്യുന്ന സഭയുടെ യഥാര്‍ത്ഥ ആവശ്യമനുസരിച്ച് ഈ തത്ത്വത്തെ ഉയര്‍ത്തിപ്പിടിക്കണം. മനുഷ്യാവതാരരഹസ്യത്തില്‍ സ്ത്രീയില്‍നിന്നു ജനിച്ചവനും പൂര്‍ണ്ണമനുഷ്യനുമായ കര്‍ത്താവായ യേശു, പഴയനിയമത്തിലുണ്ടായിരുന്ന പ്രതീക്ഷകളോടു മാത്രമല്ല, എല്ലാ ജനതകളുടെയും പ്രതീക്ഷകളോടുളള ബന്ധത്തിലേക്കു നേരിട്ടു പ്രവേശിച്ചു. നമ്മുടെ മൂര്‍ത്തമായ സാഹചര്യത്തില്‍ നമ്മെ കണ്ടുമുട്ടാന്‍ ദൈവം ആഗ്രഹിക്കുന്നുവെന്ന് അവിടുന്ന് അങ്ങനെ വ്യക്തമാക്കി. അതുകൊണ്ട്, കുര്‍ബാനയാഘോഷത്തിന്റെ സാംസ്‌കാരികാനുരൂപണം തുടങ്ങുന്നത് ദിവ്യരഹസ്യങ്ങളില്‍ വിശ്വാസികളുടെ കൂടുതല്‍ ഫലപ്രദമായ പങ്കെടുക്കലിന് ഉപകാരപ്രദമായിരിക്കും." (സ്‌നേഹത്തിന്റെ കൂദാശ, 54).
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷമുളള വര്‍ഷങ്ങളില്‍ സഭാവേദികളില്‍ നിരന്തരമായ ചര്‍ച്ചകള്‍ക്കും പരീക്ഷണങ്ങള്‍ക്കും വിധേയമായതാണ് സാംസ്‌കാരികാനുരൂപണം. ആ ഫ്രിക്കയിലും ഏഷ്യയിലുമാണ് ഇതിന്റെ അനുരണനങ്ങള്‍ ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്. തദ്ഫലമായി ആഫ്രിക്കയിലെ കോംഗോയിലും ഏഷ്യയിലെ ഇന്ത്യ, ഫിലിപ്പൈന്‍സ് രാജ്യങ്ങളിലും ദേശീയ സാംസ്‌കാരികഘടകങ്ങള്‍ ചേര്‍ത്ത കുര്‍ബാനക്രമം പരീക്ഷണാര്‍ത്ഥം ഉപയോഗിക്കാന്‍ തുടങ്ങി.
ഭാരതത്തിലെ ലത്തീന്‍സഭയില്‍ സാംസ്‌കാരികാനുരൂപണപ്രക്രിയക്ക് നേതൃത്വം നല്കിയത് ബാംഗളൂരില്‍ സ്ഥാപിതമായ നാഷണല്‍ സെന്ററും അതിന്റെ സ്ഥാപക ഡയറക്ടറായ ഫാ. അമലോര്‍പവദാസുമാണ്. ഒട്ടേറെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് അദ്ദേഹം അതില്‍ മുന്നേറിയത്. 1974-ല്‍ റോം അംഗീകരിച്ച 'ഇന്ത്യന്‍ മാസ്സി'ന് സാര്‍വ്വത്രികസ്വീകാര്യത ലഭിച്ചില്ലെങ്കിലും, ഇന്നും അതു പരീക്ഷണാര്‍ത്ഥം ചൊല്ലുന്നുണ്ട്.
സമാനമായ ഒരു ഭാരതീയ കുര്‍ബാനക്രമം കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലിന്റെ നേതൃത്വത്തില്‍ എറണാകുളത്തും, മറ്റൊന്ന് ധര്‍മ്മാരാം കോളേജിന്റെ ആഭിമുഖ്യത്തില്‍ ബാംഗളൂരിലും പരീക്ഷണാര്‍ത്ഥം ഉപയോഗിക്കുകയുണ്ടായി. സീറോ-മലബാര്‍ സഭയിലെ ഈ പരീക്ഷണം റോമിന്റെ നിര്‍ദ്ദേശപ്രകാരം 1980-ല്‍ നിര്‍ത്തലാക്കപ്പെട്ടു.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിനുശേഷമാണ് സാംസ്‌കാരികാനുരൂപണത്തിന് സഭയില്‍ വേരോട്ടം ഉണ്ടായതെന്ന അഭിപ്രായം ശരിയല്ല. 1963-ല്‍ പാസ്സാക്കിയ ആരാധനക്രമത്തെപ്പറ്റിയുളള കൗണ്‍സില്‍ പ്രമാണരേഖയുടെ 37-ാം ഖണ്ഡികയില്‍ പ്രതിപാദിച്ചിരിക്കുന്ന സാംസ്‌കാരികാനുരൂപണാഭിമുഖ്യം 1939-ലും 1952-ലും പന്ത്രണ്ടാം പീയൂസ്

മാര്‍പാപ്പ പ്രസിദ്ധീകരിച്ച പ്രബോധനരേഖകളിലുണ്ട്. സാംസ്‌കാരികാനുരൂപണവും "സത്യദീപ"വും
1949 ജൂണ്‍ 15, 22 തീയതികളിലെ "സത്യദീപ"ത്തില്‍ ദേശീയവത്കരണത്തെപ്പറ്റി വാരികയുടെ എഡിറ്റര്‍ മോണ്‍. ജേക്കബ് നടുവത്തുശ്ശേരി മുഖപ്രസംഗങ്ങള്‍ എഴുതിയിരുന്നുവെന്നത് പലര്‍ക്കും പുതിയ അറിവായിരിക്കും.
"ക്രിസ്തുമതവിശ്വാസവും ദേശീയസംസ്‌കാരവും" എന്ന പേരിലുളള എഡിറ്റോറിയലിന്റെ പശ്ചാത്തലം, ക്രിസ്തുമതം ജപ്പാനില്‍ സാധ്യമല്ലെന്ന ചിലരുടെ വാദമുഖങ്ങളാണ്. ക്രിസ്തുമതം പാശ്ചാത്യരാജ്യങ്ങളില്‍ വളര്‍ന്നു വന്നിട്ടുളള ഒരു ചെടിയാണെന്നും, അവിടത്തേതില്‍നിന്നു ഭിന്നമായസാം സ്‌കാരമുളള പൗരസ്ത്യദേശങ്ങളിലെ അന്തരീക്ഷം അതിനനുകൂലമല്ലെന്നും, തന്മൂലം അതു പൗരസ്ത്യദേശമായ ജപ്പാനില്‍ നട്ടാല്‍ പിടിക്കുകയോ വളരുകയോ ചെയ്യില്ലെന്നും ആയിടെ ചില പത്രങ്ങളിലും വ്യക്തികളുടെ അഭിപ്രായപ്രകടനങ്ങളിലും കണ്ടതിന്റെ വെളിച്ചത്തിലാണ് മോണ്‍. നടുവത്തുശ്ശേരി ആമുഖപ്രസംഗം എഴുതിയത്. അതിലെ പ്രസക്തഭാഗം ഇപ്രകാരം സംഗ്രഹിക്കാം.
'ക്രിസ്തുമത'ത്തില്‍ മറ്റെല്ലാ മതങ്ങളിലുമെന്നപോലെ പ്രകൃത്യനുസൃതമായ (Natural) വിശ്വാസാനുഷ്ഠാനങ്ങളുണ്ട്, അതിനും പുറമേ പ്രകൃത്യാതീതമായ (Super-Natural) വിശ്വാസാനുഷ്ഠാനങ്ങ ളുമുണ്ട്. പ്രകൃത്യാനുസൃതങ്ങള്‍ മനുഷ്യബുദ്ധികൊണ്ട് കണ്ടുപിടിക്കാവുന്നതാണ്. പ്രകൃത്യാതീതമായവ അപ്രകാരം കണ്ടുപിടിക്കാന്‍ കഴിയാത്തവയുമാണ്. ഇവയില്‍ ആദ്യത്തേത് സാംസ്‌കാരത്തോട് (culture) അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. കാരണം, സംസ്‌കാര മെന്നത്, മനുഷ്യബുദ്ധി കണ്ടുപിടിക്കുന്നതും നിര്‍മ്മിക്കുന്നതും സമ്പാദിക്കുന്നതുമായ മാനുഷികസമ്പത്താണ്. ശാസ്ത്രം, കല, വിദ്യാഭ്യാസം, കൃഷി, കച്ചവടം, വ്യവസായം, സാമൂഹ്യാചാരങ്ങള്‍ മുതലായവ സംസ്‌കാരത്തില്‍ പെടുന്നവയാണ്. പ്രകൃത്യനുസൃതമായ മതാനുഷ്ഠാനങ്ങളും മനുഷ്യബുദ്ധിയില്‍നിന്നു പുറപ്പെടാവുന്നതാകയാല്‍ അവയെല്ലാം സംസ്‌കാരത്തിന്റെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്താം. നേരേമറിച്ച്, ക്രിസ്തുമതത്തിലെ പ്രകൃത്യാതീതങ്ങളായ വിശ്വാസാനുഷ്ഠാനങ്ങള്‍ ദൈവം മനുഷ്യജീവിതത്തിനു പ്രദാനം ചെയ്തിട്ടുളളതാണ്. ഏതു രാജ്യത്തിലെയും ഏതു കാലത്തിലെയും സംസ്‌കാരത്തോട് ഇണങ്ങിച്ചേര്‍ന്നു പോകുവാന്‍ ഇവയ്ക്കു കഴിവുണ്ട്. ക്രിസ്തുമതത്തിന്റെ സുദീര്‍ഘമായ ചരിത്രംതന്നെ ഇതിനു സാക്ഷ്യം വഹിക്കുന്നു.' തുടര്‍ന്ന്, യൂറോപ്പിലെയും മറ്റു ഭൂഖണ്ഡങ്ങളിലെയും സംസ്‌കാരങ്ങളില്‍ ക്രിസ്തുമതം എങ്ങനെ ഇണങ്ങിച്ചേര്‍ന്നുവെന്ന് എഡിറ്റോറിയല്‍ വിശദീകരിക്കുന്നു. എഡിറ്റോറിയലിലെ സമാപനഖണ്ഡികയ്ക്ക് രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ആരാധനക്രമത്തെപ്പറ്റിയുള്ള പ്രമാണരേഖയുടെ 37-ാം ഖണ്ഡികയോട് സാമ്യമുണ്ടെന്നത് യാദൃച്ഛികമാകാം. 'പ്രകൃത്യനുസൃതമായ സാംസ്‌കാരികഘടകങ്ങളില്‍ കൈകടത്താന്‍ തിരുസഭ ആഗ്രഹിക്കുന്നില്ല. സന്മാര്‍ഗ്ഗദൃഷ്ട്യാ ദോഷമില്ലാത്തിടത്തോളം കാലം അവയെ സംരക്ഷിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന് സഭ ആഗ്രഹിക്കുന്നു. അവയില്‍ അബദ്ധസിദ്ധാന്തങ്ങള്‍ ഉണ്ടെങ്കില്‍ സഭ അവയെ സ്വീകരിക്കില്ല.'
1959-ല്‍ സുവിശേഷവത്കരണത്തിനുവേണ്ടിയുളള റോമന്‍ കാര്യാലയം മിഷണറിമാര്‍ക്ക് നല്കിയ നിര്‍ദ്ദേശമാണ് രണ്ടാമത്തെ എഡിറ്റോറിയലിന്റെ പ്രധാനഘടകം. ജനതകളുടെ മതകര്‍മ്മങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും മാറ്റിമറിക്കാന്‍ ശ്രമിക്കരുതെന്ന് ആ രേഖയില്‍ പറയുന്നുണ്ട്. കാരണം, 'ഫ്രാന്‍സിനെയോ സ്‌പെയിനിനെയോ ഇറ്റലിയെയോ മറ്റു രാജ്യങ്ങളെയോ ചൈനയിലേക്കു കൊണ്ടുചെല്ലുന്നത് അസംബന്ധമാണ്; മറിച്ച്, വിശ്വാസത്തെയാണ് കൊണ്ടുചെല്ലേണ്ടത്. ആ ജനതകളുടെ ആചാരങ്ങളെ യൂറോപ്പിലേതിനോട് താരതമ്യം ചെയ്യാന്‍ ശ്രമിക്കരുത്. ജനതകളുടെ ആദ്ധ്യാത്മികനന്മയും ആത്മരക്ഷയുമല്ലാതെ മറ്റൊന്നും അന്വേഷിച്ച് ഇറങ്ങരുത്.'
കല്‍ക്കട്ടയില്‍നിന്ന് ഈശോസഭാവൈദികര്‍ പ്രസിദ്ധീകരിച്ചിരുന്ന 'The New Review' എന്ന ഇംഗ്ലീഷ് മാസികയ്ക്ക് 11-ാം പീയൂസ് മാര്‍പാപ്പ നല്കിയ സന്ദേശത്തില്‍ ഭാരതീയ സംസ്‌കാരത്തിന്റെ മഹത്ത്വത്തെ പുകഴ്ത്തിയിരിക്കുന്നത് 'സത്യദീപം' എഡി റ്റോറിയല്‍ ഉദ്ധരിക്കുന്നുണ്ട്. ആ സന്ദേശത്തെ വിലയിരുത്തിക്കൊണ്ട് എഡിറ്റര്‍ എഴുതി: 'ഭാരതീയ സംസ്‌കാരത്തെ സുവിശേഷവെളിച്ചം എതിര്‍ക്കണമെന്നോ നശിപ്പിക്കണമെന്നോ അല്ല മാര്‍പാപ്പ പറഞ്ഞത്: രണ്ടും തമ്മില്‍ സമ്പര്‍ ക്കത്തില്‍ ഏര്‍പ്പെടണമെന്നും, ആ സമ്പര്‍ക്കത്താല്‍ സുവിശേഷതത്ത്വങ്ങള്‍ അതിന്റെ ദിവ്യമായ പ്രകാശം ഭാരതീയസംസ്‌കാരത്തിനുമേല്‍ വീശുവാനും, തദ്ഫലമായി പ്രസ്തുത സംസ്‌കാരം കൂടുതല്‍ പ്രകാശമാനമായിത്തീരുവാനും ഇടവരുത്തണമെന്നുമാണ് അദ്ദേഹത്തിന്റെ ഉദ്‌ബോധനം. അങ്ങനെ, ക്രിസ്തുമതവും ദേശീയസംസ്‌കാരവും തമ്മില്‍ വൈരുദ്ധ്യമില്ല, മറിച്ച് മനുഷ്യദത്തമായ സംസ്‌ക്കാരത്തെ ദൈവദത്തമായ ക്രിസ്തുമതം ഗുണപൂര്‍ണ്ണമാക്കുകയാണ് ചെയ്യുന്നത്.'
ക്രിസ്തു പലസ്തീനായില്‍ ജനിച്ചതുകൊണ്ട് അവിടത്തെ ആ ചാരാനുഷ്ഠാനങ്ങളെ സ്വീകരിച്ചുവെന്ന ചരിത്രസത്യമാണ് സഭയുടെ സാംസ്‌കാരികാനുരൂപണത്തിന്റെ അടിസ്ഥാനമായി കണക്കാക്കപ്പെടുന്നത്. ക്രൈസ്തവസഭ അതിന്റെ ആരംഭം മുതല്‍ ഈ പ്രക്രിയ സ്വാംശീകരിച്ചുപോരുന്നു. പ്ലേറ്റോയുടെയും അരിസ്റ്റോട്ടിലിന്റെയും തത്ത്വശാസ്ത്രസരണികളെ സഭ ക്രൈസ്തവീകരിച്ചു സ്വീകരിച്ചു. കനോന്‍നിയമങ്ങള്‍ക്ക് അടിസ്ഥാനമാക്കിയത് റോമന്‍ നിയമസംഹിതയാണ്.
16-ാം നൂറ്റാണ്ടില്‍ ചൈനയില്‍ മിഷണറിയായിരുന്ന മത്തേയോറിച്ചി ചില ചൈനീസ് ആചാരങ്ങള്‍ ക്രൈസ്തവസഭയില്‍ നടപ്പിലാക്കിയതിനെ അലക്‌സാണ്ടര്‍ 7-ാമന്‍ മാര്‍പാപ്പ അംഗീകരിച്ചെങ്കിലും (1656), പീന്നീടുണ്ടായ പരാതികളുടെ അടിസ്ഥാനത്തില്‍ ക്ലെമന്റ് 11-ാമന്‍ മാര്‍പാപ്പ അവ നിരോധിച്ചു (1704). ഈ നിരോധനം 12-ാം പീയൂസ് മാര്‍പാപ്പയുടെ കാലത്ത് സുവിശേഷവത്കരണത്തിനുവേണ്ടിയുളള റോമന്‍ കാര്യാലയം നീക്കം ചെയ്തു (1939). ഇന്ത്യയിലെ മധുര മിഷനില്‍ ഭാരതീയവത്കരണം സംബന്ധിച്ചു പരീക്ഷണം നടത്തിയ ഇറ്റലിക്കാരനും ഈശോസഭാവൈദികനുമായിരുന്ന റോബര്‍ട്ട് ഡി നോബിലിക്കും അതിന്റെ പേരില്‍ തിക്താനുഭവങ്ങളുണ്ടായി. എന്നാല്‍, ചൈനയിലെയും ഇന്ത്യയിലെയും പരീക്ഷണങ്ങള്‍ അവഗണിച്ചത് ശരിയായില്ലെന്ന ചിന്ത ശക്തമാണിന്ന്.
ഫ്രാന്‍സീസ് മാര്‍പാപ്പയുടെ വീക്ഷണം
സാംസ്‌കാരികാനുരൂപണത്തെപ്പറ്റി ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വ്യക്തമായ വീക്ഷണങ്ങളുണ്ടെന്ന് അദ്ദേഹത്തിന്റെ ചില അഭിപ്രായപ്രകടനങ്ങളില്‍നിന്നു മനസ്സിലാക്കാം. ഈശോസഭാമിഷണറിമാരുടെ ചരിത്രം അവലോകനം ചെയ്തപ്പോള്‍ മത്തേയോറിച്ചി ചൈനയില്‍ നടത്തിയ പരീക്ഷണം, സുവിശേഷവത്കരണപ്രക്രിയയുടെ മറക്കാനാവാത്ത ഒരടയാള മാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. ഇന്നും മാതൃകയാക്കാവുന്ന ഉദാഹരണമായിട്ടാണ് അദ്ദേഹത്തിന്റെ മിഷന്‍ പ്രവര്‍ത്തനത്തെ മാര്‍പാപ്പ വിലയിരുത്തുന്നത്. കമ്മ്യൂണിസ്റ്റ് ആധിപത്യത്തിലായിരുന്നിട്ടുപോലും, ചൈനയില്‍ സഭ തഴച്ചുവളരുന്നുണ്ടെങ്കില്‍, അതിന്റെ കാരണങ്ങളിലൊന്ന് മത്തേയോ റിച്ചിയെപോലുളളവര്‍ തുടങ്ങിവച്ച പ്രവര്‍ത്തനശൈലിയാണെന്നും മാര്‍പാപ്പ കൂട്ടിചേര്‍ത്തു. (മത്തേയോ റിച്ചിയുടെ നാമകരണനടപടികള്‍ പുരോഗമിക്കുകയാണെന്ന കാര്യം ഇവിടെ സൂചിപ്പിച്ചുകൊളളുന്നു).
ബെനഡിക്റ്റ് 16-ാമന്‍ മാര്‍പാപ്പ കുര്‍ബാനയിലെ സാംസ്‌കാരികാനുരൂപണത്തെപ്പറ്റി "സ്‌നേഹത്തിന്റെ കൂദാശ"യില്‍ പറഞ്ഞകാര്യങ്ങളും ഫ്രാന്‍സിസ് പാപ്പാ ഈ വിഷയം സംബന്ധിച്ച് നടത്തിയ ചില നിരീക്ഷണങ്ങളും സാംസ്‌കാരികാനുരൂപണത്തെപ്പ റ്റി വീണ്ടുവിചാരപ്പെടാന്‍ കാരണമായിട്ടുണ്ട്. ഈയിടെ അമേരിക്കയില്‍വച്ചു നടന്ന "ആഫ്രിക്കന്‍ സഭാസമ്മേളന"ത്തില്‍, കോംഗോയില്‍ തുടങ്ങിവച്ച സാംസ്‌കാരികാനുരൂപണങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടുവെന്നു മാത്രമല്ല, അവര്‍ പരീക്ഷണാര്‍ത്ഥം ഇറക്കിയ കുര്‍ബാനക്രമം അംഗീകരിക്കുകയും പുതിയ പഠനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
'ഐകരൂപ്യം' എന്ന കീറാമുട്ടിയില്‍ തട്ടി സഭയിലെ പല നല്ല സംരംഭങ്ങളും വിജയിക്കാതെപോയി എന്നതിന് ചരിത്രം സാക്ഷിയാണ്. ഐകരൂപ്യത്തിനുവേണ്ടിയുളള ശ്രമങ്ങള്‍ സഭയെ കുറച്ചൊന്നുമല്ല ക്ഷീണിപ്പിച്ചതെന്ന് ഫ്രാന്‍സിസ് പാപ്പ ഒരിക്കല്‍ സൂചിപ്പിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: 'ഫരിസേയര്‍ "എല്ലാം ഒരേപോലെ" എന്ന ദൈവശാസ്ത്രത്തില്‍ വിശ്വസിച്ചിരുന്നവരായിരുന്നു. ഈ സമീപനത്തില്‍ ദൈവത്തിന്റെ പുതുമയ്ക്ക് (newness of God) സ്ഥാനമില്ല ഏകരൂപവാദികള്‍ക്ക് (Uniformist)െ ഒരേ കാര്യം വ്യത്യസ്തരീതികളിലാകാമെന്നു ചിന്തിക്കാന്‍പോലും കഴിയില്ല. അവര്‍ ഐകരൂപ്യത്തെ വിഗ്രഹമാക്കുന്നു.' ആ അവസ്ഥയെ മാര്‍പാപ്പ വിശേഷിപ്പിക്കുന്നത് Dicatatoriship of Uniformity എന്നാണ്.
മറ്റൊരു സന്ദര്‍ഭത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതിങ്ങനെയാണ്: 'പരിശുദ്ധാത്മാവ് വ്യത്യസ്ത സിദ്ധികളാണ് സഭയില്‍ പ്രദാനം ചെയ്യുന്നത്. പരിശുദ്ധാത്മാവ് നല്കുന്ന ഐക്യം ഐകരൂപ്യമല്ല. ഐകരൂപ്യവാദികള്‍ സഭയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്നു.'
2015 ഒക്‌ടോബറില്‍ കുടുംബത്തെ സംബന്ധിച്ചു നടന്ന ആഗോളസിനഡിന്റെ സമാപനത്തില്‍ ഫ്രാന്‍സിസ് പാപ്പ നല്കിയ സന്ദേശം സാംസ്‌കാരികാനുരൂപണത്തിന്റെ ശരിയായ മുഖം പ്രകാശിപ്പിക്കുന്നതാണ്. അദ്ദേഹം പറഞ്ഞു: 'സാംസ്‌കാരികാനുരൂപണം സഭാജീവിതത്തിന്റെയും ദൗത്യത്തിന്റെയും സുപ്രധാന ഘടകമാണ്. വിശ്വാസവും സന്മാര്‍ഗ്ഗവും സംബന്ധിച്ച സഭയുടെ അടിസ്ഥാനവീക്ഷണം മാറ്റി നിര്‍ത്തിയാല്‍, ഒരു ഭൂഖണ്ഡത്തിലെ ജനം വളരെ സാധാരണമെന്നു കരുതുന്ന കാര്യങ്ങള്‍ മറ്റൊരു ഭൂഖണ്ഡത്തിലെ ജനത്തിന് അസാധാരണവും, ചിലപ്പോള്‍ ഉതപ്പിനുപോലും കാരണമായേക്കാവുന്നതുമായിരിക്കാം. ഒരിടത്ത് അവകാശലംഘനമെന്നു കരുതുന്നവ മറ്റൊരിടത്ത് അപ്രകാരമായിരിക്കണമെന്നില്ല. ഒരു സമൂഹം മനഃസാക്ഷിയുടെ സ്വാതന്ത്ര്യമായി പരിഗണിക്കുന്നത് മറ്റൊരു കൂട്ടര്‍ക്ക് തികച്ചും അസ്വീകാര്യമാകാം. സംസ്‌കാരങ്ങളുടെ വൈവിധ്യമാണ് ഈ പ്രതിഭാസത്തിനു കാരണം.' 'ചുരുക്കത്തില്‍', പാപ്പാ പറഞ്ഞു, 'സാംസ്‌കാരികാനുരൂപണം അടിസ്ഥാനമൂല്യങ്ങളെ ക്ഷീണിപ്പിക്കുന്നില്ല; മറിച്ച്, അവയില്‍ നിന്നു വ്യതിചലിക്കാതെ സാഹചര്യങ്ങള്‍ക്കനുസരിച്ച് അനുരൂപപ്പെടുത്തുക മാത്രമേ ചെയ്യുന്നു ള്ളൂ.'
ഭാരതത്തിലെ മാര്‍ത്തോമ്മാ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം, സാംസ്‌കാരികാനുരൂപണം പുതിയ കാര്യമായി തോന്നേണ്ടതില്ല. ഇവിടത്തെ സംസ്‌കാരവുമായി ബന്ധപ്പെട്ട് സഭാജീവിതം നയിച്ച പാരമ്പര്യമാണ് അവരുടേത്. ജനനത്തിന്റെയും വിവാഹത്തിന്റെയും മരണത്തിന്റെയും മറ്റും അവസരങ്ങളില്‍ നടന്നിരുന്ന ആ ചാരങ്ങള്‍ ഇതിനു തെളിവാണ്. അവയില്‍ ചിലത് ഇന്നും തുടര്‍ന്നു പോരുന്നുണ്ടല്ലോ. വിവാഹത്തില്‍ താലി, മന്ത്രകോടി എന്നിവ ഉദാഹരണങ്ങളാണ്.
സഭയില്‍ സാംസ്‌കാരികാനുരൂപണം ആവശ്യമോ എന്ന ചോദ്യമേ ഉദിക്കുന്നില്ല. കാരണം, മതാചാരങ്ങള്‍ മനുഷ്യനിര്‍മ്മിതങ്ങളാണ്; അതുകൊണ്ടുതന്നെ, അവ സംസ്‌കാരബന്ധിതങ്ങളാണ്. ആര്‍, എപ്പോള്‍, എങ്ങനെ, എത്രത്തോളം എന്നതിനെപ്പറ്റി ചര്‍ച്ചകള്‍ ആകാമെന്നുമാത്രം.
മറ്റൊരു കാര്യംകൂടി പരാമര്‍ശിക്കുക ആവശ്യമാണെന്നു തോന്നുന്നു. സംസ്‌കാരം ചലനാത്മകമാണ്; നിശ്ചലമല്ല. അക്കാരണത്താല്‍, എന്നേക്കുമായി അനുരൂപണം നടത്തുക സാധ്യമല്ല. അത് തുടര്‍ മാറ്റങ്ങളോട് തുറവിയുള്ള തായിരിക്കണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org