Latest News
|^| Home -> Cover story -> “സുവിശേഷത്തിന്‍റെ ആനന്ദം പ്രഘോഷിക്കാന്‍….”

“സുവിശേഷത്തിന്‍റെ ആനന്ദം പ്രഘോഷിക്കാന്‍….”

sathyadeepam

നമ്മുടെ തീരുമാനങ്ങള്‍ സഭയുടെ പഠനങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അനുസരിച്ചുള്ളതായിരിക്കും. സഭയെ സംരക്ഷിക്കുക, സാക്ഷ്യം നല്‍കുക എന്നതാണു നമ്മുടെ ഡ്യൂട്ടി. അതിനെതിരാകുന്ന തീരുമാനങ്ങളില്‍ നമ്മളില്ല. സര്‍ക്കാരുമായി യോജിക്കാന്‍ പറ്റാത്ത മേഖലകള്‍ ഉണ്ടാകുമ്പോള്‍ അതു മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങളാണു നാം നടത്തുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനയില്‍ അടിസ്ഥാനപ്പെട്ടുള്ളതാണ്. കാരണം ലോകത്തിന് അനുരൂപപ്പെട്ടു നീങ്ങുമ്പോള്‍ ധാര്‍മ്മികതയ്ക്കും മൂല്യങ്ങള്‍ക്കും ഇടിവു സംഭവിക്കുന്നുണ്ട്. അവിടെ ധര്‍മ്മത്തിന്‍റെ ചേരിയില്‍ നില്‍ക്കാനും പ്രതിരോധിക്കാനും ദൈവത്തിന്‍റെ ശക്തമായ ഇടപെടല്‍ വേണം. അവിടെ പ്രാര്‍ത്ഥനയാണ് എന്‍റെ ബലവും ശക്തിയും.

പപ്പുവാ ന്യൂ ഗിനിയയുടെ അപ്പസ്തോലിക് നൂണ്‍ഷ്യോയും റാസ്സിയാറിയായുടെ സ്ഥാനിക മെത്രാപ്പോലീത്തായുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ച മോണ്‍. കുര്യന്‍ വയലുങ്കല്‍ ജൂലൈ 25-ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ വച്ച് അഭിഷിക്തനാകുകയാണ്. കോട്ടയം അതിരൂപതാംഗമായ നിയുക്ത ആര്‍ച്ചുബിഷപ് 1998 മുതല്‍ വിവിധ രാജ്യങ്ങളിലെ വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ സേവനം ചെയ്തുവരികയായിരുന്നു. നീണ്ടൂര്‍ ഇടവക വയലുങ്കല്‍ എം.സി. മത്തായിയുടെയും അന്നമ്മയുടെയും മൂത്തപുത്രനായ നിയുക്ത ആര്‍ച്ചുബിഷപ് തിരുഹൃദയക്കുന്ന് സെന്‍റ് സ്റ്റനിസ്ലാവൂസ് മൈനര്‍ സെമിനാരിയിലും ആലുവ സെന്‍റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയിലും പഠനം പൂര്‍ത്തിയാക്കി 1991 ഡിസംബര്‍ 27-ന് വൈദികപട്ടം സ്വീകരിച്ചു. രാജപുരം, കള്ളാര്‍, എന്‍.ആര്‍. സിറ്റി, സേനാപതി പള്ളികളില്‍ അജപാലനശുശ്രൂഷ നിര്‍വ്വഹിച്ചിട്ടുണ്ട്. റോമിലെ “സാന്താക്രോചെ” യൂണിവേഴ്സിറ്റിയില്‍ നിന്നു സഭാനിയമത്തില്‍ ഡോക്ടറേറ്റ് നേടിയശേഷം വത്തിക്കാന്‍ നയതന്ത്ര അക്കാദമിയില്‍ പരിശീലനം നേടി. തുടര്‍ന്ന് ഗിനിയ, കൊറിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക്ക്, ബംഗ്ലാദേശ്, ഹംഗറി, എന്നിവിടങ്ങളിലെ വത്തിക്കാന്‍ എംബസികളില്‍ സേവനം ചെയ്തു. ഈജിപ്തിലെ വത്തിക്കാന്‍ നയതന്ത്ര കാര്യാലയത്തില്‍ പ്രഥമ കൗണ്‍സിലറായി ശുശ്രൂഷ ചെയ്തുവരുമ്പോഴാണ് വത്തിക്കാന്‍ സ്ഥാനപതിയായി നിയമിതനാകുന്നത്. 2001-ല്‍ മോണ്‍സിഞ്ഞോര്‍ പദവിയും 2011-ല്‍ “പ്രിലേറ്റ് ഓഫ് ഓണര്‍” പദവിയും ലഭിച്ചിട്ടുണ്ട്. പൗരോഹിത്യ സ്വീകരണത്തിന്‍റെ രജത ജൂബിലി വര്‍ഷത്തില്‍ വത്തിക്കാന്‍ നൂണ്‍ഷ്യോ ആയി നിയമിക്കപ്പെട്ടത് ദൈവാനുഗ്രഹവും കാരുണ്യവര്‍ഷത്തിലെ ദൈവദാനവുമായി കാണുകയാണ് ഇദ്ദേഹം. നിയുക്ത ആര്‍ച്ചുബിഷപ്പുമായി സത്യദീപം സീനിയര്‍ സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം. നടത്തിയ അഭിമുഖത്തില്‍ നിന്ന്….

? മെത്രാനാകുമ്പോള്‍ അങ്ങു സ്വീകരിക്കുന്ന ആപ്തവാക്യം എന്താണ്?
“സുവിശേഷത്തിന്‍റെ ആനന്ദം പ്രഘോഷിക്കുക”എന്നതാണ് എന്‍റെ ആപ്തവാക്യമായി എടുത്തിട്ടുള്ളത്. വി. ഗ്രന്ഥം സദ്വാര്‍ത്തയാണ്. ഞാന്‍ നിയമിക്കപ്പെടുന്ന പപ്പുവാ ന്യൂ ഗിനിയ ഒരു മിഷന്‍ പ്രവിശ്യയാണ്. വികസിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യം. എന്നാല്‍ വളരെ സജീവമാണ് അവിടുത്തെ സഭ. തമ്പുരാന്‍റെ വചനത്തിന് എല്ലാം നിറവേറ്റാന്‍ കഴിയും. ദൈവവചനത്തിന്‍റെ ആനന്ദവും സന്തോഷവും ജനങ്ങള്‍ക്കു നല്‍കുന്നതില്‍ ഞാനൊരു ഉപകരണമായിത്തീരാന്‍ കഴിഞ്ഞാല്‍ അതായിരിക്കും എനിക്ക് അവിടെ ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യം.
? ക്രിസ്ത്യന്‍ രാജ്യമായ പപ്പുവാ ന്യൂ ഗിനിയയിലെ സഭ സമ്പന്നവും സജീവുമാണ്…?
ഇതുവരെ ഞാനവിടെ പോയിട്ടില്ല. വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതും പറയാം. വളരുന്ന ഒരു ക്രൈസ്തവ സമൂഹമാണ് അവിടെയുള്ളത്. ജനസംഖ്യയില്‍ 70 ശതമാനവും ക്രിസ്ത്യാനികളാണ്. അതില്‍ത്തന്നെ 30 ശതമാനം പേര്‍ കത്തോലിക്കരാണ്. നാല് അതിരൂപതകള്‍ ഉള്‍പ്പെടെ 19 രൂപതകളുണ്ട്. കത്തോലിക്കരുടെ എണ്ണം ഒന്നരക്കോടിയോളമുണ്ട്. ചെറിയ ചെറിയ ദ്വീപുകളുടെ സമുച്ചയമാണു രാജ്യം. റോഡുമാര്‍ഗ്ഗം എല്ലായിടത്തും എത്തിപ്പെടുക പ്രയാസകരമാണ്. അതിനാല്‍ യാത്രയ്ക്കായി ചെറിയ പ്ളെയിനുകളാണ് ഉപയോഗിക്കുന്നത്. ഒരു ഇടവകയുടെ കീഴില്‍ പത്തും പതിനഞ്ചും മിഷന്‍ സ്റ്റേഷനുകളുണ്ട്. രണ്ടും മൂന്നും മാസങ്ങള്‍ കൂടുമ്പോഴേ അവിടങ്ങളില്‍ ചെന്ന് ഇടവക വികാരിക്കു വി. ബലിയര്‍പ്പിക്കാന്‍ സാധിക്കൂ. പത്തും പന്ത്രണ്ടും മണിക്കൂറുകള്‍ നടന്നുവേണം ഇത്തരം മിഷന്‍ സ്റ്റേഷനുകളില്‍ എത്താന്‍. നല്ല പ്രേഷിത ചൈതന്യം ഉണ്ടെങ്കിലേ അവിടെ സന്തോഷത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മിഷനറികള്‍ അവിടെ സേവനം ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ നിന്നും നമ്മുടെ കേരളത്തില്‍ നിന്നും അവിടെ സേവനം ചെയ്യുന്ന മിഷനറികളുണ്ട്. നമ്മുടെ ചില സന്യാസസഭകളുടെ സാന്നിധ്യവുമുണ്ട്. അതെന്തായാലും ഒരു മിഷനറിയുടെ മനോഭാവത്തോടെ, ഒരു മിഷനറിയായിത്തന്നെയാണ് ഞാന്‍ അങ്ങോട്ടു പോകുന്നത്.
? പിതാവിന്‍റെ പുതിയ ദൗത്യത്തില്‍ എന്തിനായിരിക്കും കൂടുതല്‍ മുന്‍ഗണന നല്‍കുക?
ഏതെങ്കിലും പ്രത്യേക മേഖല മാത്രം കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തന പദ്ധതികളല്ല ഞാനാഗ്രഹിക്കുന്നത്. രണ്ടു തരത്തില്‍ എന്‍റെ ദൗത്യം മുന്നോട്ടു കൊണ്ടുപോകാനാകും. ആദ്യത്തേത് പ്രാദേശിക സഭയുടെ കാര്യങ്ങളില്‍ മാര്‍പാപ്പയുടെ പ്രതിനിധി എന്ന വിധത്തില്‍ ഇടപെട്ട് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുക എന്നതാണ്. അവിടത്തെ സഭയുടെ സന്തോഷത്തിലും ക്ലേശങ്ങളിലും വളര്‍ച്ചയിലും എല്ലാം പങ്കുചേരുക. അത്തരത്തില്‍ അവരില്‍ ഒരുവനായി അവര്‍ ക്കൊപ്പം ആയിരിക്കുക. രണ്ടാമത്തേത്, രാഷ്ട്രീയപരമാണ്. വത്തിക്കാനും പപ്പുവാ ന്യൂ ഗിനിയയും തമ്മിലുള്ള ബന്ധം അരക്കിട്ടുറപ്പിക്കാനും വളര്‍ത്താനും പരിശ്രമിക്കുക.
? ഡിപ്ലൊമാറ്റിക് സര്‍വീസ് ഓഫീസ് നിര്‍വഹണത്തിന്‍റെ തലത്തില്‍ ഒതുങ്ങി നില്‍ക്കുന്ന ഒന്നാണെന്നു പറയുന്നത് എത്രമാത്രം ശരിയാണ്?
എന്നെ സംബന്ധിച്ച് അങ്ങനെയല്ല. അതിന് അജപാലനപരമായ ഒരു തലം ഉണ്ട്. അത്തരത്തില്‍ ഇടപഴകാനുള്ള സാഹചര്യങ്ങളും ഉണ്ട്. അജപാലന ശുശ്രൂഷ എനിക്കു വളരെ താത്പര്യവുമാണ്. ഇടവകകളില്‍ സേവനം ചെയ്തുള്ള പരിചയം തീര്‍ച്ചയായും എനിക്കതിനു സഹായകമാകും. മാത്രമല്ല, ഡിപ്ലൊമാറ്റിക് സര്‍വീസില്‍ ഞാന്‍ പ്രവര്‍ത്തിച്ച കാലഘട്ടങ്ങളില്‍ എവിടെപ്പോയാലും ഇടവകജനങ്ങളുമായി ഇടപഴകാനും അജപാലനശുശ്രൂഷകളില്‍ വ്യാപൃതനാകാനും പരിശ്രമിച്ചിട്ടുണ്ട്. എന്‍റെ ജോലി ഓഫീസ് ഉദ്യോഗമാക്കി ചുരുക്കേണ്ടതല്ല എന്ന ബോധ്യമുണ്ട്. മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് അവര്‍ക്കു സമീപസ്ഥനായി അവരെ സഹായിക്കുക എന്ന ഉത്തരവാദിത്വവും എന്നില്‍ നിക്ഷിപ്തമാണ്.
? ഡിപ്ലൊമാറ്റിക് സര്‍വ്വീസിലേക്കുള്ള കടന്നുവരവ് എങ്ങനെയായിരുന്നു?
റോമില്‍ കാനന്‍ ലോയില്‍ ലൈസന്‍ഷ്യേറ്റ് ചെയ്യാനാണു ഞാന്‍ പോയത്. കോഴ്സ് പൂര്‍ത്തിയാക്കി തിരിച്ചു പോരാന്‍നേരത്താണ് ഡിപ്ലൊമാറ്റിക് സര്‍വീസില്‍ ചേരാനുള്ള നിര്‍ദ്ദേശം വരുന്നത്. ഇത് ഞാനൊരിക്കലും പ്രതീക്ഷിക്കാത്തതും ആഗ്രഹിക്കാത്തതുമായ ഒന്നായിരുന്നു. ഇതുസംബന്ധിച്ച കുന്നശ്ശേരി പിതാവിന്‍റെ നിര്‍ദ്ദേശം ഞാന്‍ അനുസരിക്കുകയായിരുന്നു.
? വിവിധ രാജ്യങ്ങളില്‍ നയതന്ത്ര രംഗത്തു സേവനം ചെയ്ത മറക്കാനാവാത്ത അനുഭവങ്ങള്‍…..?
എത്യോപ്യയിലെ അസിസ് അബേബയിലായിരുന്നു പഠനത്തോടനുബന്ധിച്ച മൂന്നു മാസക്കാലത്തെ പരിശീലനം. അവിടെ നൂണ്‍ഷ്യോയായ ആര്‍ച്ചുബിഷപ് സില്‍വാനൊ തൊമാസിക്കൊപ്പമാണ് ജോലി ചെയ്തിരുന്നത്. ഡിപ്ലൊമാറ്റിക് സര്‍വ്വീസ് അജപാലനവുമായി ബന്ധപ്പെടുത്തി പ്രവര്‍ത്തിക്കുന്നതിന് അദ്ദേഹമാണ് ഞങ്ങള്‍ക്കു പ്രേരണയായത്. 1998ല്‍ ജൂണില്‍ പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗിനിയായിലാണ് എന്‍റെ ആദ്യനിയമനം. വളരെ ബുദ്ധിമുട്ടുനിറഞ്ഞ കാലഘട്ടമായിരുന്നു അത്. സീറോലയോണ, ലൈബീരിയ എന്നിവിടങ്ങളില്‍ ആഭ്യന്തര യുദ്ധം നടക്കുന്ന സമയമായിരുന്നു. അവിടെ നിന്നുള്ള അഭയാര്‍ത്ഥികളുടെ ആശ്രയമായിരുന്നു ഗിനിയ. അഭയാര്‍ത്ഥികളുടെ ദുരിതങ്ങളും കഷ്ടതകളും വേദനയും പട്ടിണിയുമൊക്കെ നേരില്‍ കാണാനിടയായി. അവര്‍ക്കൊപ്പം അതില്‍ പങ്കുപറ്റി. അതു വലിയൊരു അനുഭവമായിരുന്നു. ജീവിതമാകുന്ന യൂണിവേഴ്സിറ്റിയില്‍ പിഎച്ച്ഡി എടുത്ത കാലഘട്ടം എന്നാണു ഞാന്‍ ആനാളുകളെ വിശേഷിപ്പിക്കുന്നത്. ഹംഗറിയില്‍ സേവനം ചെയ്യുമ്പോഴാണ് ഹായ്തിയില്‍ വലിയ ഭൂകമ്പ കെടുതി ഉണ്ടായത്. അന്ന് വത്തിക്കാന്‍റെ പിന്തുണയും സഹായങ്ങളും ഏകോപിപ്പിക്കാന്‍ ഞാന്‍ നിയുക്തനായി. അതും വലിയ അനുഭവങ്ങളാണു പകര്‍ന്നു നല്‍കിയത്. ജീവിതത്തിന്‍റെ നിസ്സാരതയും നിസ്സഹായതയുമെല്ലാം മനസ്സിലാക്കാന്‍ കഴിഞ്ഞു.
? ഇതര രാജ്യങ്ങളിലെ അംബാസിഡര്‍മാരെപ്പോലയല്ല വത്തിക്കാന്‍ അംബാസിഡര്‍മാര്‍. നയതന്ത്ര സമ്മേളനങ്ങളിലും മറ്റു വേദികളിലും വത്തിക്കാനെ പ്രതിനിധീകരിക്കുമ്പോള്‍ നമ്മുടെ സ്വീകാര്യത എത്രത്തോളമുണ്ടാകും?
മറ്റു രാജ്യങ്ങളിലെ അംബാസിഡര്‍മാരെപ്പോലെ നമ്മളും ഡിപ്ലൊമാറ്റുകളാണ്. എന്നാല്‍ അവരെ അപേക്ഷിച്ചു ഞങ്ങള്‍ പുരോഹിതരാണ് എന്നതാണു വ്യത്യാസം. അതിന്‍റെ പേരില്‍ ആരും നമ്മെ മാറ്റി നിറുത്തിയിട്ടില്ല എന്നുമാത്രമല്ല, മറ്റുള്ളവരേക്കാള്‍ കൂടുതല്‍ സ്വീകാര്യതയും ആദരവും നല്‍കുന്നുമുണ്ട്. നമ്മില്‍ അവര്‍ ആദ്യം കാണുന്നത് ഒരു വൈദികനെയാണ് എന്നതാണ് അതിനുകാരണമായി അവര്‍ പറയുന്നത്. അതിനുശേഷമാണ് ഡിപ്ലൊമാറ്റ് വരുന്നത്. പല ഡിപ്ലൊമാറ്റുകളും അവരുടെ വ്യക്തിപരമായ കാര്യങ്ങള്‍പോലും നമ്മോടു തുറന്നു സംസാരിക്കും. എന്നിലെ വൈദികന്‍റെ സാമീപ്യമാണ് അവര്‍ ദര്‍ശിക്കുന്നത്. അതിലൂടെ നമുക്ക് നല്ല സാക്ഷ്യം നല്‍കാന്‍ കഴിയും.
? നയപരമായ ചില കാര്യങ്ങളിലെങ്കിലും വത്തിക്കാന്‍ ഡിപ്ലൊമാറ്റിനു യോജിച്ചുപോകാന്‍ സാധിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാകാറില്ലേ?
തീര്‍ച്ചയായും. നമ്മുടെ തീരുമാനങ്ങള്‍ സഭയുടെ പഠനങ്ങള്‍ ക്കും കാഴ്ചപ്പാടുകള്‍ക്കും അനുസരിച്ചുള്ളതായിരിക്കും. സഭയെ സംരക്ഷിക്കുക, സാക്ഷ്യം നല്‍കുക എന്നതാണു നമ്മുടെ ഡ്യൂട്ടി. അതിനെതിരാകുന്ന തീരുമാനങ്ങളില്‍ നമ്മളില്ല. സര്‍ക്കാരുമായി യോജിക്കാന്‍ പറ്റാത്ത മേഖലകള്‍ ഉണ്ടാകുമ്പോള്‍ അതു മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങളാണു നാം നടത്തുന്നത്. അതുകൊണ്ടുതന്നെ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനയില്‍ അടിസ്ഥാനപ്പെട്ടുള്ളതാണ്. കാരണം ലോകത്തിന് അനുരൂപപ്പെട്ടു നീ ങ്ങുമ്പോള്‍ ധാര്‍മ്മികതയ്ക്കും മൂല്യങ്ങള്‍ക്കും ഇടിവു സംഭവിക്കുന്നുണ്ട്. അവിടെ ധര്‍മ്മത്തിന്‍റെ ചേരിയില്‍ നില്‍ക്കാനും പ്രതിരോധിക്കാനും ദൈവത്തിന്‍റെ ശക്തമായ ഇടപെടല്‍ വേണം. അവിടെ പ്രാര്‍ത്ഥനയാണ് എന്‍റെ ബലവും ശക്തിയും.
? സഭയില്‍ മൂന്നു മാര്‍പാപ്പമാരോടൊപ്പം ഇടപഴകാന്‍ പിതാവിനു സാധിച്ചു. ആ അനുഭവങ്ങള്‍ പങ്കുവയ്ക്കാമോ?
മൂന്നു പേരെയും വിശുദ്ധരായിട്ടാണു ഞാന്‍ കാണുന്നത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. ഞങ്ങള്‍ വിദ്യാര്‍ത്ഥി കളായിരിക്കുമ്പോഴാണ് ജോണ്‍ പോള്‍ മാര്‍പാപ്പയെ അടുത്തറിയുന്നത്. അദ്ദേഹം ഞങ്ങളുടെ അക്കാദമിയില്‍ വരികയും ആശയ വിനിമയം നടത്തുകയും ചെയ്തിരുന്നു. വ്യക്തിപരമായ കൂടിക്കാഴ്ചകള്‍ ഉണ്ടായിരുന്നു. മനുഷ്യരെ വളരെ അടുത്തറിഞ്ഞ് അവരോട് ഉള്‍ച്ചേര്‍ന്നിരുന്ന വ്യക്തിയായിരുന്നു വി. ജോണ്‍ പോള്‍. മറ്റൊന്ന് അദ്ദേഹത്തിന്‍റെ വിശുദ്ധിയാണ്. ആ സാന്നിധ്യത്തില്‍ നാം ആനന്ദം അനുഭവിക്കും. ആദ്യമേ കാണുമ്പോള്‍ ആദരവിന്‍റെ ഒരു ഭയമാണെങ്കില്‍ കണ്ടുമുട്ടി പിരിയുമ്പോള്‍ വാത്സല്യത്തിന്‍റെ സ്നേഹം നുകരുന്ന അനുഭവമാണ് ജോണ്‍ പോള്‍ മാര്‍പാപ്പയില്‍ നിന്നു കിട്ടിയിട്ടുള്ളത്.
ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ പോലും വളരെ താത്പര്യപൂര്‍വം അന്വേഷിക്കുമായിരുന്നു. ആരോഗ്യം എങ്ങനെ? അവധിക്കാലം ചെലവഴിച്ചുവോ? കാലാവസ്ഥ പിടിക്കുന്നുണ്ടോ എന്നൊക്കെ വളരെ നിസ്സാരമെന്നു തോന്നാവുന്ന കാര്യങ്ങള്‍ പോലും അദ്ദേഹം ചോദിച്ചറിയുമായിരുന്നു. ഇത്ര വലിയൊരു മനുഷ്യന്‍ നമ്മുടെ ചെറിയ കാര്യങ്ങളില്‍ പോലും എത്ര ശുഷ്കാന്തി പുലര്‍ത്തുന്നു എന്നത് നമ്മെ അതിശയിപ്പിക്കും.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത് നാം എപ്പോഴും സ്വതന്ത്രരാണ്. അദ്ദേഹത്തിന്‍റെ അടുത്തു നില്‍ക്കുമ്പോള്‍ നാമും പാപ്പയും മാത്രമേ ഈ ലോകത്തുള്ളൂ എന്ന തോന്നലാണ്. അത്തരത്തിലാണ് ഇടപഴകുന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതത്തില്‍ എന്നെ സ്പര്‍ശിച്ച ഒരനുഭവം പറയാം. ഒരുദിവസം മാര്‍പാപ്പ താമസിക്കുന്ന സാന്താ മാര്‍ത്തയില്‍ ഞാനൊരു കര്‍ദ്ദിനാളിനെ കാണാന്‍ പോയി. അവിടെ ജാഗ്രതയോടെ നില്‍ക്കുന്ന സുരക്ഷാ ഭടന്മാരെ ശ്രദ്ധിച്ചപ്പോഴാണ് മാര്‍പാപ്പ ഇറങ്ങിവരുന്നത് കാണുന്നത്. വീല്‍ചെയറില്‍ ഇരിക്കുന്ന ഒരാളും കുടുംബാംഗങ്ങളും പാപ്പയോടൊപ്പം താഴേക്കു വരികയാണ്. ആരോ ഒരാള്‍ വീല്‍ചെയര്‍ തള്ളുന്നു. അതിന്‍റെ കൂടെച്ചേര്‍ന്ന് മാര്‍പാപ്പയും വീല്‍ചെയര്‍ ഉന്തുന്നു. പിന്നീട് അയാളെ കാറില്‍ കയറ്റാനും മാര്‍പാപ്പ സഹായിച്ചു. കാറില്‍ കയറിയ രോഗിയുടെ കവിളില്‍ കുനിഞ്ഞുനിന്നു ചുംബനം നല്‍കിയാണ് മാര്‍പാപ്പ യാത്രയാക്കിയത്. സത്യത്തില്‍ എന്‍റെ കണ്ണു നിറഞ്ഞുപോയി. ഈ നന്മനിറഞ്ഞ പ്രവൃത്തിക്ക് മാര്‍പാപ്പ സമയം കണ്ടെത്തി എന്നതാണു എന്നെ ചിന്തിപ്പിച്ച ഒന്നാമത്തെ കാര്യം. അതിനുള്ള മനസ്സുണ്ടായി എന്നതു രണ്ടാമത്തെ കാര്യമാണെങ്കില്‍ അദ്ദേഹത്തിന്‍റെ കരുണയുടെ മുഖമാണ് മൂന്നാമതയായി എന്നെ സ്പര്‍ശിച്ചത്.
…. ഈ മാര്‍പാപ്പമാര്‍ നമുക്കു നല്‍കുന്ന മാതൃകകള്‍ നാമെല്ലാവരും ഉള്‍ക്കൊള്ളണം.
? കേരളത്തിലെ ഇടവകകളില്‍ നിന്നു ലഭിച്ച അജപാലനാനുഭവങ്ങള്‍ പിതാവിന്‍റെ പുതിയ ഉത്തരവാദിത്വത്തെ എങ്ങനെ സ ഹായിക്കും?
കേരളത്തിലെ അജപാലനാനുഭവങ്ങള്‍ എനിക്ക് ഒത്തിരിഗുണം ചെയ്തിട്ടുണ്ട്. അതു വരുംകാലങ്ങളിലും എനിക്കു സഹായകമാകും എന്നതില്‍ സംശയമില്ല. രാജപുരം കോളനിയിലും ഹൈറേഞ്ചിലും ഞാന്‍ വികാരിയായിരുന്നിട്ടുണ്ട്. ഇടവകകളില്‍ ജനങ്ങള്‍ക്കൊപ്പമായിരിക്കുക എന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ട് ഞാന്‍ ചെല്ലുന്ന സ്ഥലത്തും എന്‍റെ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ അവിടെയുള്ള സഭയെ എനിക്കു സഹായിക്കാനാകും എന്ന വിശ്വാസമുണ്ട്.
? മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ അല്മായര്‍ക്കുള്ള ആഭിമുഖ്യം വര്‍ദ്ധിച്ചുവരുന്നുണ്ട്. ഹായ്തിയിലേക്കും പപ്പുവാ ന്യൂ ഗിനിയയിലേക്കും മറ്റും ഇത്തരത്തില്‍ ധാരാളം അല്മായരും ജീസസ് യൂത്തുപോലുള്ള യുവജനമുന്നേറ്റങ്ങളും മിഷനറികളായി കടന്നു ചെല്ലുന്നുണ്ട്. അവരുടെ സേവനങ്ങളെ പിതാവ് എങ്ങനെ പ്രയോജനപ്പെടുത്തും?
തീര്‍ച്ചയായും ഇതു നമ്മള്‍ പ്രോത്സാഹിപ്പിക്കണം. അല്മായ പ്രാതിനിധ്യവും പങ്കാളിത്തവും ഈ കാലഘട്ടത്തില്‍ വളരെ അത്യാവശ്യമാണ്. കേരള സഭയില്‍ ദൈവാനുഗ്രഹത്താല്‍ ദൈവവിളികള്‍ ഉണ്ട്. എന്നാല്‍ പൊതുവെ അതില്‍ കുറവു സംഭവിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ അല്മായരുടെ സാന്നിധ്യവും സഹകരണവും വളരെ അനിവാര്യമാണ്. മിഷനറി തീക്ഷ്ണതയുള്ള അല്മായരും സംഘടനകളും നമുക്കുണ്ട്. അവരുടെ സേവനങ്ങള്‍ തീര്‍ച്ചയായും പല പ്രകാരത്തിലും നാം പ്രയോജനപ്പെടുത്തണം. പപ്പുവാ ന്യൂ ഗിനിയയിലും അവരുടെ സേവനങ്ങള്‍ സഭയ്ക്കു മുതല്‍ക്കൂട്ടാണ്.
? കേരളസഭയിലെ അല്മായ സമൂഹത്തില്‍നിന്നു പിതാവു പ്രതീക്ഷിക്കുന്നതെന്താണ്?
ഒത്തിരി പ്രതീക്ഷയുണ്ട്. കേരളത്തെക്കുറിച്ചു ഞാന്‍ പുറത്തു പോയി സംസാരിക്കുമ്പോള്‍ ക്രിസ്തുമതത്തിന്‍റെ പിള്ളത്തൊട്ടിലെന്നാണു പലരും വിശേഷിപ്പിക്കാറുള്ളത്. ധാരാളം വൈദികരും സിസ്റ്റേഴ്സും നമുക്കുണ്ട്. നമ്മുടെ പള്ളികളിലെ അല്മായ പങ്കാളിത്തവും അവരുടെ വിശ്വാസതീക്ഷ്ണതയും മറ്റെങ്ങും അധികം കാണാനാവില്ല. ഊര്‍ജ്ജസ്വലമായ സഭയാണു നമ്മുടേത്. എന്നാല്‍ അതു പറഞ്ഞ് നാം അഹങ്കരിക്കണമെന്നല്ല. ഇനിയും കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത് ആ ഊര്‍ജ്ജസ്വലത വര്‍ദ്ധിപ്പിക്കാനാണു നാം ശ്രമിക്കേണ്ടത്.
? നമ്മുടെ ഇന്നത്തെ വൈദികരെപ്പറ്റിയും വൈദികപരിശീലനത്തെപ്പറ്റിയും എന്തു പറയാനുണ്ട്?
നമ്മുടെ സെമിനാരിയില്‍ നല്ല പരിശീലനം കൊടുക്കാന്‍ പറ്റിയ എല്ലാ സാഹചര്യങ്ങളുമുണ്ട്. എന്നാല്‍ 25 വര്‍ഷം മുമ്പുള്ള സാഹചര്യമല്ല ഇന്നത്തേത്. അതിന്‍റേതായ ചില മാറ്റങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. അതു നമ്മെ പേടിപ്പെടുത്തേണ്ട കാര്യമൊന്നുമല്ല. കാലഘട്ടത്തിനനുസരിച്ചു വൈദികപരിശീലനത്തിലും മാറ്റങ്ങള്‍ ഉണ്ടാകണം. അതിനനുസരിച്ചു വൈദികരെ വളര്‍ത്തിക്കൊണ്ടു വരുകയും വേണം. ഇന്നത്തെ യുവവൈദികര്‍ വിദ്യാസമ്പന്നരാണ്. നല്ല രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണവര്‍ എന്നാണെന്‍റെ അഭിപ്രായം.
? പിതാവിന്‍റെ കുടുംബം…, ദൈവവിളിയുടെ പശ്ചാത്തലം…?
മാതാപിതാക്കള്‍ക്ക് ഞങ്ങള്‍ നാലാണ്‍മക്കളാണ്. മൂത്തവനാണു ഞാന്‍. ഇടത്തരം സാധാരണ കുടുംബമാണ്. ചാച്ചന്‍റെ മാസവരുമാനം കൊണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. ഒരു ചില്ലിക്കാശുപോലും ചാച്ചന്‍ അനാവശ്യമായി ചെലവാക്കിയിട്ടില്ല. ആ കടപ്പാട് എന്നും ഞങ്ങള്‍ക്കുണ്ട്. പ്രാര്‍ത്ഥനയുടെ കുടുംബമാണു ഞങ്ങളുടേതെന്ന് എനിക്ക് അഭിമാനത്തോ പറയാന്‍ കഴിയും. എന്നും വൈകീട്ടുള്ള കുടുംബപ്രാര്‍ത്ഥനയില്‍ എല്ലാവരും പങ്കുചേരും. ഉച്ചത്തില്‍ മുട്ടിന്മേല്‍ നിന്നു കൊണ്ടു പ്രാര്‍ത്ഥന ചൊല്ലണമെന്ന് ചാച്ചനു നിര്‍ബന്ധമായിരുന്നു. രാവിലെ ഉണരുമ്പോഴും എല്ലാവരും ഒന്നിച്ചു പ്രാര്‍ത്ഥന ചൊല്ലിയിരുന്നു. പ്രാര്‍ത്ഥനയുടെ അവസാനം ചാച്ചന്‍ ഞങ്ങളെ എല്ലാവരെയും സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കും. ഈ പ്രാര്‍ത്ഥനാഭിമുഖ്യവും മാതാപിതാക്കളുടെ മാതൃകയും തീര്‍ച്ചയായും എന്‍റെ ദൈവവിളിക്കു കാരണമായിട്ടുണ്ട്.
ഞങ്ങള്‍ ആദ്യം വടവാതൂരില്‍ താമസിക്കുമ്പോള്‍ ഇടവകയായിരുന്ന എടക്കാട് പള്ളിയില്‍ പോകുക പ്രയാസമായിരുന്നു. വളരെ ദൂരമായതിനാല്‍ അടുത്തുള്ള കളത്തിപ്പടിക്കലെ മലങ്കര റീത്തില്‍പെട്ട ചെമ്പലത്ത് പള്ളിയിലായിരുന്നു പോയിരുന്നത്. അവിടെ അള്‍ത്താര ശുശ്രൂഷിയായിരുന്നു ഞാന്‍. ആദ്യം കാറ്റിക്കിസം പഠിച്ചതും അവിടെയാണ്. മലങ്കര മെത്രാപ്പോലീത്തയായിരുന്ന സിറിള്‍ മാര്‍ ബസോലിയോസ് പിതാവ് അവിടെ വികാരിയായിട്ടുണ്ട്. അദ്ദേഹത്തിന്‍റെ കൂടെ അള്‍ത്താര ശുശ്രൂഷിയായിട്ടുണ്ട്. ആ പള്ളിയിലാണ് അള്‍ത്താരയുമായിട്ടുള്ള എന്‍റെ ആദ്യത്തെ ബന്ധം തുടങ്ങുന്നത്. അതില്‍ നിന്നാണു ദൈവവിളിയുടെ തുടക്കം എന്നു പറയാം. പിന്നെ ഞങ്ങളുടെ കുടുംബത്തില്‍ നിന്നുള്ള അച്ചന്‍മാരുടെയും സിസ്റ്റേഴ്സിന്‍റെയും മാതൃകകള്‍ സ്വാധീനിച്ചിട്ടുണ്ട്. അതില്‍ പരേതനായ ഫാ. കുര്യാക്കോസ് മ്യാലില്‍, സിസ്റ്റര്‍ അല്‍ഫോന്‍സ എന്നിവരെ ഓര്‍ക്കുന്നു. മറക്കാന്‍ പറ്റാത്ത മറ്റൊരാള്‍ മോണ്‍. പീറ്റര്‍ ഊരാളില്‍ അച്ചനാണ്. എടക്കാട് പള്ളിയില്‍ വികാരിയായി വന്ന അച്ചനാണ് ക്നാനായക്കാരുടെ കുടുംബയോഗങ്ങളൊക്കെ സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത്. അന്ന് ഭവനസന്ദര്‍ശനത്തിനു പോകുമ്പോള്‍ എന്നെയും കൂട്ടിയാണ് അച്ചന്‍ പോയിരുന്നത്. ഒടുവില്‍ ബസ്സ്റ്റോപ്പുവരെ അച്ചനെ ഞാന്‍ അനുഗമിക്കും. പിരിയാന്‍ നേരം എന്‍റെ ശിരസ്സില്‍ കൈവച്ച് അച്ചന്‍ പ്രാര്‍ത്ഥിക്കുമായിരുന്നു. അന്ന് ആ പ്രാര്‍ത്ഥനയെക്കുറിച്ച് അധികമൊന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല.
….പിന്നീട് വൈദികനാകണമെന്നു തീരുമാനിച്ചപ്പോള്‍ എനിക്കു വേണ്ടി അദ്ദേഹം പ്രാര്‍ത്ഥിച്ചതിന്‍റെ പൊരുള്‍ മനസ്സിലായി. എന്‍റെ ദൈവവിളിക്ക് ആ പ്രാര്‍ത്ഥന വലിയ ഘടകമായിട്ടുണ്ട്.
? സത്യദീപം വായനക്കാരോട്…..
സത്യദീപം ഞാന്‍ ചെറുപ്പം മുതലേ ശ്രദ്ധയോടെ വായിച്ചിരുന്ന വാരികയാണ്. ഇന്നും ഓരോ ലക്കവും താത്പര്യത്തോടെ ഞാന്‍ നോക്കാറുണ്ട്. ഇനിയും അതു കൂടുതല്‍ വളരട്ടെ എന്നാശംസിക്കുന്നു. അതിന്‍റെ വായനക്കാര്‍ക്കും എല്ലാ ആശംസകളും നേരുന്നു. ദൈവത്തിന്‍റെ കൃപ നമ്മില്‍ എന്നുമുണ്ടാകട്ടെ.

Leave a Comment

*
*