അവന്‍ കുരിശുമായി പൊള്ളിയ കാലുകളോടെ നടക്കുകയാണ്

അവന്‍ കുരിശുമായി പൊള്ളിയ കാലുകളോടെ നടക്കുകയാണ്


റവ. ഫാ. ജസ്റ്റിന്‍ കൈപ്രമ്പാടന്‍

വൈസ് ചാന്‍സലര്‍,
എറണാകുളം-അങ്കമാലി അതിരൂപത.

പറുദീസയില്‍ നിന്നു പുറപ്പെട്ടു പറുദീസയിലേക്ക് എത്തിച്ചേരാനുള്ള മാനവകുലത്തിന്‍റെ നീണ്ട നടപ്പാണ് രക്ഷാകരചരിത്രം. ഏദന്‍തോട്ടത്തിലെ നടത്തത്തില്‍ തുടങ്ങി, ഗാഗുല്‍ത്തായിലൂടെ മാനവകുലത്തിന്‍റെ നടത്തം ഇന്ന് അതിഥിത്തൊഴിലാളികളുടെ ചോരവീണ മണ്ണിലെത്തിയിട്ടുണ്ട്. മാനവകുലത്തിന്‍റെ എല്ലാ നടപ്പിലും ദൈവം കൂട്ട് നടക്കുന്നുണ്ട്. ഒരു മൈല്‍ ദൂരം പോകാന്‍ നിര്‍ബന്ധിക്കുന്നവനോടു കൂടെ രണ്ടു മൈല്‍ ദൂരം നടക്കുന്ന ദൈവം. പറുദീസയില്‍ നിന്നു പുറത്താക്കപ്പെടുവാന്‍ അനുസരണക്കേട് നിമിത്തമായെങ്കില്‍ അനുസരണയുടെ ക്ലേശപൂര്‍ണമായ നടപ്പിനവസാനം കുരിശില്‍ കിടന്നുകൊണ്ട് ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന കുഞ്ഞാട് പറയുന്നു: 'ഇന്ന് നീ എന്നോടു കൂടെ പറുദീസയിലായിരിക്കും.' ദൈവമേ, നീ കൂടെ നടക്കുകയാണല്ലോ.

വിശ്വാസനടപ്പ്
ഏദന്‍തോട്ടത്തിന്‍റെ സ്വച്ഛതയില്‍ ആദത്തിന്‍റെ കൂടെ നടക്കുന്ന ദൈവത്തെ നമ്മള്‍ ഉത്പത്തിപ്പുസ്തകത്തിന്‍റെ ആദ്യതാളുകളില്‍ കാണുന്നുണ്ട്. എല്ലാം ക്രമമായി നീങ്ങുമ്പോള്‍ ദൈവം മനുഷ്യന്‍റെ കൂടെ സായാഹ്ന സവാരിക്കിറങ്ങുന്നു. അനുസരണക്കേടിന്‍റെ വഴിയില്‍ ആ നടപ്പിന്‍റെ താളം തെറ്റുന്നുണ്ട്. പാപത്തിന്‍റെ മറവില്‍ ദൈവത്തിന്‍റെ കാലടി ശബ്ദം ഭീകരമായ പേടിസ്വപ്നമായിത്തീരുന്നു. വീണ്ടും ഭാതൃഹത്യയുടെ ചോരമണമുള്ളവനെ ശപിച്ച് വിടുമ്പോള്‍ പറയുന്നത് 'നീ ഭൂമിയില്‍ അലഞ്ഞു തിരിയുന്നവനായിരിക്കും.' അലഞ്ഞു തിരിയുന്നവരോടൊപ്പം ഒരു ശാപമുണ്ടെന്ന ധാരണയുടെ ഭാരം ഇന്നും പൊതുസമൂഹത്തിനുണ്ട്. സമൂഹം പരദേശികളെ നികൃഷ്ടരായി കണ്ട് വില കുറച്ചു മാറ്റിനിറുത്തുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നതു മാറ്റി ദൈവം അവനെ പല ജാതികളും ഉപജാതികളും പല രാജ്യക്കാരും പല വര്‍ണ്ണക്കാരുമായി സൃഷ്ടിച്ചുവെന്ന്, സ്വന്തം ഇഷ്ടങ്ങള്‍ക്കനുസരിച്ച് തരാതരം തിരിച്ച് വര്‍ത്തമാനകാലം സൃഷ്ടിയെ സൗകര്യമനുസരിച്ച് വിഭജിച്ച് നിറുത്തുന്നു. എന്നിട്ടും കായേന്‍റെ അലച്ചിലിലും ഇസ്രായേലിന്‍റെ പല ഗോത്രങ്ങളിലും വിജാതീയരായ സമരിയാക്കാരുടെ ഇടയിലും ദൈവം നടന്നുകൊണ്ടേയിരുന്നു.

അബ്രാഹം ഊര്‍ ദേശംവിട്ട് ദൈവം കാണിച്ചുകൊടുത്ത ഇടങ്ങളിലേക്കു നടക്കുമ്പോള്‍ അവിടെ വിശ്വാസത്തിന്‍റെ വെളിച്ചം വരുന്നുണ്ട്. പാദങ്ങള്‍ക്ക് വെളിച്ചവും പാതയില്‍ പ്രകാശവുമായവന്‍റെ ശബ്ദത്തിനനുസരിച്ചു കാലടികളെ നിയന്ത്രിക്കാനാവുമ്പോഴാണ് ഒരുവന്‍ വിശ്വാസികളുടെ പിതാവ് ആകുന്നത്. സ്വന്തം ദേശത്തെയും ബന്ധുക്കളെയും പിതൃ ഭവനത്തെയും വിട്ട് അന്യദേശത്തേക്കു പോകുന്നവനു പിന്നെ സ്വന്തമായിട്ടുള്ളത് ദൈവമാണ്. അതുകൊണ്ടാണ് ആ ദൈവം പറയുമ്പോള്‍ അവന്‍ മോറിയാ മലയിലേക്കു നെഞ്ച് പിടഞ്ഞു നടക്കുന്നത്. കദനഭാരത്തിന്‍റെ കരിങ്കല്ല് ഹൃദയത്തില്‍ കെട്ടിയാണ് ആ അപ്പന്‍ വിറകും കത്തിയുമായി നടക്കുന്നത്. ഒ.വി. വിജയന്‍റെ 'കടല്‍ത്തീരത്തി'ലെ തൂക്കിക്കൊല്ലപ്പെടാന്‍ പോകുന്ന മകന് പൊതിച്ചോറുമായി പോകുന്ന വെള്ളായിയപ്പനും 'എന്‍റെ മകനെ നിങ്ങള്‍ ഇനിയും എന്തിനാണിങ്ങനെ മഴയത്തു നിര്‍ത്തിയിരിക്കുന്നതെന്ന' ചോദ്യവുമായി ഈച്ച്വരവാര്യരും അബ്രാഹം എന്ന അപ്പനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. ഭാര്യയും കുഞ്ഞുങ്ങളുമായി നടക്കുന്ന എല്ലാ അപ്പന്മാരുടെയും കാലടികളുടെ ദിശ നിര്‍ണ്ണയിക്കുന്നത് ചില വിശ്വാസങ്ങളിലുള്ള ദൃഢതയാണ്. ഊരിലെ കുലദൈവങ്ങളുടെ വിളിയാണവരെ പൊള്ളിയ കാലുകളിലും കിലോമീറ്ററുകളോളം നടത്തിക്കുന്നത്.

പുറപ്പാട് നടപ്പ്
നടപ്പ് ഒരു പുറപ്പാടായി മാറുന്നത് ഈജിപ്തില്‍ നിന്നുള്ള യാത്രയിലാണ്. ഇസ്രായേല്‍ ജനം കടലിനു നടുവേ ഉണങ്ങിയ മണ്ണിലൂടെ നടന്നു. അവരുടെ വലത്തും ഇടത്തും വെള്ളം മതില്‍പ്പോലെ നിന്നു (പുറ. 14:22). എല്ലാ നടപ്പും ദുരിതാനുഭവമാകണമെന്നില്ല. ഉത്സാഹത്തിന്‍റെയും പ്രതീക്ഷയുടെയും നടപ്പാണ് പുറപ്പാട്. അടിമയാക്കപ്പെടുന്ന ജനത്തിനൊപ്പമാണ് ദൈവമെന്നും ഉടമയെന്നു കരുതുന്നവരുടെ കടിഞ്ഞൂലുകളെയും രഥത്തെയും കുതിരകളെയും തകര്‍ക്കുന്നവനാണ് ദൈവമെന്നും പുറപ്പാട് സംഭവം തെളിയിക്കുന്നുണ്ട്. ഇസ്രായേല്‍ ജനം നാല്പതു സംവത്സരം മരുഭൂമിയിലൂടെ നടന്നു. വിശപ്പിന്‍റെയും ദാഹത്തിന്‍റെയും ദുരിതപര്‍വ്വങ്ങള്‍ അവര്‍ താണ്ടിയത് കാനാന്‍ദേശമെന്ന പ്രതീക്ഷയുടെ മന്നയാലാണ്. പ്രതീക്ഷകള്‍ മനുഷ്യനെ ഏതു ഭാരവും വഹിക്കാന്‍ ശക്തനാക്കുന്നു. ഡല്‍ഹിയില്‍ കുടുങ്ങിപ്പോയ രോഗിയായ പിതാവിനെ സൈക്കിളിന്‍റെ പിന്നിലിരുത്തി ഏഴ് ദിവസം കൊണ്ട് 1200 കിലോമീറ്റര്‍ പിന്നിട്ട 15 വയസുള്ള ബീഹാറുകാരി പെണ്‍കുട്ടിയുടെ കരുതലും സ്നേഹവും പ്രതീക്ഷയുടെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യമാണ്.

ആലംബഹീനന്‍റെ ഒറ്റപ്പെട്ട മരുഭൂമി നടപ്പില്‍ ദൈവം കൂടെയുണ്ട്. അവന്‍റെ മരുഭൂമി അനുഭവങ്ങളില്‍ കരിമ്പാറയില്‍ നിന്നു പോലും വെള്ളം പുറപ്പെടുന്നു. രാജ്യം ഭരിക്കുന്നവര്‍, ദാവീദിന്‍റെ കാലം മുതല്‍ സൗകര്യങ്ങള്‍ക്കു വേണ്ടി ഉറിയമാരെ മരിക്കാന്‍ മുന്‍നിരയില്‍ കാലാളുകളായി നിറുത്താറുണ്ട്. അവര്‍ പടവെട്ടിയും പട്ടിണി കിടന്നും രാജ്യനിര്‍മ്മാണം നടത്തുമ്പോള്‍ കസേരയിലിരിക്കുന്നവര്‍ ഭയം വിതറിയും മതം പരിചയാക്കിയും വൈറസ് തുറന്നുവിട്ടും സമ്പത്തിനെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. ഹിംസ എന്നത് കൊലപാതകം മാത്രമല്ല ഒരുവനെ കൊല്ലാന്‍ വിട്ടു കൊടുക്കലും കൂടിയാണ്. കൊല്ലരുത് എന്നത് ഒരാളോടുള്ള ഉപദേശമല്ല. ഈ ലോകത്ത് മരണത്തിലേക്കു മനഃപൂര്‍വം മനുഷ്യരെ തള്ളിവിടുന്ന ഏത് വ്യവസ്ഥിതിയോടുമുള്ള താക്കീതാണ്. അഭയാര്‍ത്ഥികള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ പറയുമ്പോള്‍ യൂറോപ്പിലെ പ്രായോഗികവാദക്കാര്‍ മുഴുവന്‍ ഒരേ സ്വരത്തില്‍ എതിര്‍ക്കും. നമ്മുടെ സൗകര്യങ്ങളിലേക്ക് ആര് കയറിയാലും എതിര്‍ക്കാനുള്ള ഒരുതരം അവകാശബോധം നമുക്കുണ്ട്.

ഇസ്രായേല്‍രാജ്യത്തെ രാജാക്കന്മാര്‍ ദൈവമായി വേഷപ്പകര്‍ച്ചയാടുമ്പോള്‍ യഥാര്‍ത്ഥ ദൈവം സങ്കടപ്പെടുന്നവന്‍റെ കണ്ണീര്‍മഴയത്ത് കൂടെ നടക്കുന്നുണ്ട്. അന്യസംസ്ഥാനത്തൊഴിലാളിയില്‍ നിന്ന് അതിഥിത്തൊഴിലാളിയിലേക്ക് വാക്കുകളില്‍ തേന്‍ പുരട്ടി രാഷ്ട്രീയം നിറഞ്ഞാടുമ്പോഴും അവര്‍ സംഘടിക്കരുതെന്നു തൊഴിലാളികളുടെ മൊത്തക്കച്ചവടക്കാര്‍ക്കു നിര്‍ബന്ധമുണ്ട്. സ്വന്തംനാട്ടിലെ കൊടിയ ചൂഷണത്തിന്‍റെ കാട്ടുതീയില്‍ അകപ്പെട്ടു രക്ഷപ്പെട്ടവരാണു മറ്റ് സംസ്ഥാനങ്ങളിലേക്ക് ശാരീരികബലം മാത്രം കൈമുതലായി വന്നിട്ടുള്ളത്. ഇന്നാട്ടിലെ ചൂഷ ണം പോലും തലോടലായി കാണാതിരിക്കാന്‍ ആവതില്ലവര്‍ക്ക്. കാരണം, സ്വന്തം കൂരയിലെ വയറൊട്ടിയ മക്കളുടെ പാല്‍പുഞ്ചിരി എപ്പോഴെങ്കിലും വിരിയാന്‍ അവര്‍ക്കുമുണ്ടാശ. മാനം മുട്ടെ നോക്കിനില്‍ക്കുന്ന ശതകോടികളുടെ പ്രതിമകളൊന്നും കുഞ്ഞുമക്കളുടെ അരച്ചാണ്‍ വയറ് നിറയ്ക്കില്ലല്ലോ. വയറു നിറഞ്ഞാലാണ് ആ മക്കള്‍ ചിരിക്കുക. ബാര്‍ബി ഗേളോ ബാറ്റ്മാനോ ലഭിക്കുമ്പോഴല്ല അവര്‍ ചിരിക്കുക. 'ഇരുപതു ലക്ഷം കോടി'യെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിലെ പൂജ്യങ്ങളൊക്കെ പാവപ്പെട്ടവര്‍ക്ക് വീതമായി കിട്ടും. ഭോപ്പാല്‍ ദുരന്തം പോലുള്ള വലിയ കൊലപാതകങ്ങള്‍ ചെയ്യുന്നവരും കോടികള്‍ പറ്റിച്ചെടുക്കുന്നവരും കള്ളനോ കൊലപാതകിയോ ആവാതെ സമൂഹത്തില്‍ ഇന്നും വലിയ മാന്യന്മാരായി ജീവിക്കുന്നുണ്ട്. എന്നിട്ടും ഈ അരവയറുമായി ദുരിതപൂര്‍വം താണ്ടുന്നവരെ കള്ളന്മാരായി ചിത്രീകരിച്ച് ചിത്രവധം* തുടരുകയാണ്.

തിരുക്കുടുംബത്തിന്‍റെ നടപ്പ്
യേശുവിനെ ഗര്‍ഭത്തില്‍ സംവഹിച്ചുകൊണ്ടു മേരിയും ജോസഫും പേരെഴുതിക്കാനായി യൂദയായിലേക്കു നടക്കുന്നുണ്ട്. ആ നടപ്പ് നീണ്ടുപോവുകയാണ്. തിരികെ സ്വന്തം ദേശത്ത് എത്തണമെന്ന മോഹങ്ങളെ മാറ്റി വച്ച് ഈജിപ്തിലേക്ക് രാത്രിയില്‍ പലായനം ചെയ്യേണ്ട ഗതികേടിലായ ഒരു കുടുംബത്തെ നമ്മള്‍ ഇന്നും തിരുക്കുടുംബം എന്നു തന്നെ വിളിക്കുകയും ഞങ്ങളുടെ കുടുംബങ്ങളെ തിരുക്കുടുംബമാക്കണമേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. കൂട്ടപലായനത്തില്‍ 9 മാസം ഗര്‍ഭവുമായി പഞ്ചാബിലെ ലുധിയാനയില്‍ നിന്നു ബീഹാറിലെ സ്വന്തം ഗ്രാമത്തിലേക്ക് കാല്‍നടയാത്ര നടത്തിയ കുടിയേറ്റത്തൊഴിലാളിയുടെ ഭാര്യ ബിന്ദിയ നൂറു കിലോമീറ്റര്‍ നടന്നു തളര്‍ന്നപ്പോഴാണ് പ്രസവിച്ചത്. എന്നാല്‍ ആ കുഞ്ഞ് നിമിഷങ്ങള്‍ക്കകം മരിച്ചു. ബത്ലേഹം കുറച്ചുകൂടി ആശ്വാസമുള്ള ഇടമാണ്. പശുത്തൊഴുത്തെങ്കിലും ഉണ്ടല്ലോ. വഴി യോരവും റെയില്‍വേ ട്രാക്കും കടത്തിണ്ണകളും മാത്രം ആശ്രയമുള്ള കോടതിയും പോലീസും രാഷ്ട്രീയനേതൃത്വവും തള്ളിക്കളഞ്ഞ ഈ മനുഷ്യജന്മങ്ങള്‍ക്ക് ഒരു രക്ഷകന്‍ വരും. ഈജിപ്തിന്‍റെ അടിമത്തത്തില്‍ ഇസ്രായേലിന് പുനര്‍ജനി നല്കിയ ദൈവം ദുരിതമനുഭവിക്കുന്നവന്‍റെ കൂടെ നടക്കും. എല്ലാ സത്രവാതിലും അടയുമ്പോഴും പുല്‍ക്കൂട്ടില്‍ പുഞ്ചിരിക്കുന്ന ദൈവകരം ഈ നടപ്പുമനുഷ്യരുടെ കൂടെയുണ്ട്.

ആംബുലന്‍സ് കടന്നുചെല്ലാത്ത ഗ്രാമങ്ങളിലേക്ക് ശവമഞ്ചവും പേറി ഒരു ഭര്‍ത്താവ് നടക്കുന്നുണ്ട് കിലോമീറ്ററുകളോളം. ചൈനയിലെ ലോംങ്ങ് മാര്‍ച്ചിന്‍റെ ഓര്‍മ്മയില്‍ (1934- 36) മഹാരാഷ്ട്രയിലെ 50,000-ത്തോളം കര്‍ഷകത്തൊഴിലാളികള്‍ 2018 മാര്‍ച്ചില്‍ 180 കിലോ മീറ്റര്‍ നടന്നുവന്ന് നിയമസഭാമന്ദിരത്തിന് മുന്നില്‍ വിണ്ടുകീറിയ കാലുകളുമായി നിന്നത് എല്ലാവരും മറന്നുപോയി. വിണ്ടുകീറിയ കാലുകളോ വരണ്ടുണങ്ങിയ ചര്‍മ്മങ്ങളോ എണ്ണ പുരളാത്ത പൊടിപിടിച്ച തലമുടികളോ ഒന്നും നിശ്ചയിക്കുന്നില്ല. ആരുടെയൊക്കെയോ നിശ്ചയങ്ങള്‍ക്കനുസരിച്ച് അവര്‍ പാവകളെപ്പോലെ ജീവിതത്തിന്‍റെ ആട്ടം നിര്‍വഹിക്കുന്നു. നടത്തത്തിന്‍റെ ദൂരെ വഴികളിലെവിടെയോ വച്ച് കുഴഞ്ഞുവീണ് മരിച്ച അപ്പന്‍റെ മൃതദേഹത്തിനു മുന്നില്‍ ഈച്ചയാട്ടിയിരിക്കുന്ന രണ്ടു പെണ്‍കുട്ടികള്‍ ആരില്‍ വിശ്വസിച്ചിട്ടാണ് വീണ്ടും നടക്കുന്നത്. 'എന്‍റെ ഹൃദയവേദന ഞാന്‍ അങ്ങയെ അറിയിക്കുന്നു. സങ്കടങ്ങളെല്ലാം തിരുമുമ്പില്‍ കാഴ്ചവയ്ക്കുന്നു. ഞാന്‍ സഞ്ചരിക്കുന്ന വഴികളിലെല്ലാം അവര്‍ എനിക്കായി കെണികള്‍ വച്ചിരിക്കുന്നു. ഓടിയൊളിക്കുവാന്‍ എനിക്ക് ഇടമില്ല. എന്നെ രക്ഷിക്കുവാന്‍ ആളുകളുമില്ല. ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു. കര്‍ത്താവേ, അങ്ങ് എന്‍റെ അഭയമാണല്ലോ' (സങ്കീ. 142).

ക്രിസ്തു ചുറ്റി നടന്നു
ഗലീലിയില്‍നിന്ന് യൂദയാവഴി ജറുസലേമിലേക്കുള്ള അവന്‍റെ നടത്തത്തെ സംഗ്രഹിച്ച് ഇങ്ങനെ പറയാം; 'സിനഗോഗുകളില്‍ പഠിപ്പിച്ചും സുവിശേഷം പ്രസംഗിച്ചും എല്ലാ രോഗങ്ങളും വ്യാധികളും സുഖപ്പെടുത്തിയും എല്ലാ നഗരങ്ങളിലും ഗ്രാമങ്ങളിലും യേശു ചുറ്റി നടന്നു' (മത്താ. 9:35). യേശുവിന്‍റെ ഈ സഞ്ചാര പാതയിലൂടെ നടക്കേണ്ട നമ്മള്‍ ഇപ്പോള്‍ ക്വാറന്‍റൈയിനിലാണ്. സ്വയം ഉണ്ടാക്കിയെടുത്ത സൗകര്യങ്ങളുടെ ഇരുട്ടുമുറിയില്‍, പുറത്ത് വെളിച്ചത്തു നടന്നുനീങ്ങുന്നവരുടെ കാലിന്‍റെ പൊള്ളല്‍ തിരിച്ചറിയാതെ നമ്മള്‍ കണ്ണടച്ചിരുട്ടാക്കുകയാണ്. ഇതെന്‍റെ ഉത്തരവാദിത്വമല്ലെന്നു പറഞ്ഞ് 'ഞാന്‍ പരദേശിയായിരുന്നു നിങ്ങളെന്നെ സ്വീകരിച്ചില്ലെന്ന' ക്രിസ്തുമൊഴി ജീവിതത്തില്‍ എടുത്തണിയുകയും ഒപ്പം സ്വര്‍ഗത്തിലേക്കു നടക്കുന്ന സീയോന്‍ സഞ്ചാരിയാണെന്നു പാട്ടു പാടുകയും ചെയ്യുന്ന കാപട്യത്തിന്‍റെ ഫരിസേയത ജീവിതത്തിന്‍റെ ഭാഗമാകുന്നു. എന്നെങ്കിലും ഈ നടപ്പു മനുഷ്യര്‍ നമ്മുടെ മേശകള്‍ മറിച്ചിടുകയും നാണയങ്ങള്‍ ചിതറിക്കുകയും ചെയ്യും.

നടന്നു നടന്ന് ചില മനുഷ്യര്‍ കാലം പോക്കുകയാണ്. ഇരിക്കുന്നവരുടെ മുന്നിലൂടെ അവര്‍ തളര്‍ന്നു നീങ്ങുന്നത് കാണുന്നതുകൊണ്ടോ കണ്ടിട്ടും കണ്ണിനു തിമിരം ബാധിച്ചതു കൊണ്ടോ ഒരു കണ്ണുകെട്ടിക്കളി ഇവിടെ നടക്കുന്നുണ്ട്. നടന്നു നടന്ന് തളര്‍ന്നുറങ്ങിയവരുടെ ശരീരത്തിലൂടെ ട്രെയിന്‍ കയറിയിറങ്ങി, ഛിന്നഭിന്നമായിപ്പോയ മാംസക്കഷണങ്ങളിലെ ജീവന് ആരാണ് ഉത്തരവാദികളെന്നത് ഉത്തരമില്ലാത്ത ചോദ്യമായി അവശേഷിക്കുന്നു. കോടതി പറയുന്നു ഇതു ഞങ്ങളുടെ ഉത്തര വാദിത്വമല്ല. വിദേശത്തുള്ളവര്‍ക്ക് തിരികെയെത്താന്‍ വിമാനമയയ്ക്കുന്ന സര്‍ക്കാരിന് പട്ടിണിക്കോലവുമായി നാട്ടില്‍ നടക്കുന്നവരെ വീട്ടിലെത്തിക്കാന്‍ അസൗകര്യമാണ്. ബസും ട്രെയിനും തൊഴിലിടങ്ങളിലേക്ക് ആളെ എത്തിക്കുന്നതാണ്. തൊഴിലിടങ്ങളില്‍നിന്ന് സ്വന്തം കൂരകളിലേക്ക് അവരെയെത്തിക്കാന്‍ കാലുകളെ ഇരുമ്പാക്കി മാറ്റണം. മറ്റു വഴികള്‍ ഒന്നുമില്ലാത്തവരുടെ കൂടെ. എമ്മാനുവേല്‍ – ദൈവം നമ്മോടു കൂടെ- ആയ ക്രിസ്തു നടക്കുന്നുണ്ട്.

നടപ്പ് സ്നേഹമായി
ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി നടന്ന അവസാനയാത്രയാണ് ഈ പ്രപഞ്ചത്തെ മുഴുവനുമായി സ്നേഹിക്കുന്ന ദൈവത്തിന്‍റെ സ്നേഹബലിയായിത്തീരുന്നത്. യുഗാന്തം വരെ 'കൂടെ'യുണ്ടാകുമെന്ന വാഗ്ദാനത്തിന്‍റെ നേര്‍സാക്ഷ്യമാണ് എമ്മാവൂസിലേക്കു നടക്കുന്ന ശിഷ്യന്മാരുടെ കൂടെ നടക്കുന്ന ക്രിസ്തുവില്‍ കണ്ടെത്താനാവുക. പത്രോസിനെ കര്‍ത്താവ് വെള്ളത്തിനു മീതെ നടത്തുന്നുണ്ടെങ്കിലും വിശ്വാസരാഹിത്യം അവനെ വെള്ളത്തിലേക്ക് ആഴ്ത്തുന്നുണ്ട്. മീതെ നടക്കാനുള്ള വിളിയുള്ളവന്‍ പോലും വീഴുന്നിടങ്ങളില്‍ താങ്ങായി കരുത്തായി ക്രിസ്തുകരം നീട്ടുന്നുണ്ട്. ചരിത്രത്താളുകളില്‍ കൊടിയ മര്‍ദ്ദനത്തിന്‍റെയും കഠിനയാതനകളുടെയും നടുവില്‍ സ്നേഹത്തിന്‍റെ പുതിയ മന്ത്രണങ്ങളുമായി ദൈവം മാനവകുലത്തിന്‍റെ കൂടെ നടന്നു. ഭീകരത താണ്ഡവമാടുമ്പോഴും ശത്രുത പത്തിവിടര്‍ത്തി ആടുമ്പോഴും നിഷ്കളങ്കസ്നേഹത്തിന്‍റെ സഹനസന്ദേശങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ അഗാധമായ ബന്ധങ്ങള്‍ രൂപപ്പെടുത്തി. മഹാമാരികള്‍ പടരുമ്പോഴും യുദ്ധം ചോര ചിതറിക്കുമ്പോഴും പ്രകൃതി അശനിപാതമായി പതിക്കുമ്പോഴും മനുഷ്യര്‍ സഹകരണത്തിന്‍റെയും ത്യാഗത്തിന്‍റെയും പുതിയ കഥകള്‍ രചിച്ചുകൊണ്ടിരുന്നു. കാരണം, ദൈവം സ്നേഹമായി നിരന്തരം ചരിത്രത്തിലൂടെ നടന്നുകൊണ്ടേയിരുന്നു. വിശ്വാസമെന്നത് മീതെ നടക്കാനുള്ള വിളിയാണ്. എല്ലാവരും തള്ളിക്കളഞ്ഞത് അണച്ചുപിടിക്കാനും എല്ലാവരും ചേര്‍ത്തുപിടിക്കുന്നത് ഉച്ഛിഷ്ടം പോലെ കാണാനുമുള്ള ശക്തിയാണത്.

കൂടെയൊരു ദൈവമുണ്ടെന്ന വിശ്വാസമാണ് തോമാശ്ലീഹായെ ഈ മണ്ണിലെത്തിച്ചത്. അതേ ഉറപ്പിലാണ് ഫ്രാന്‍സിസ് സേവ്യര്‍ ഈ കടല്‍ത്തീരത്തുകൂടെ നടന്നത്. ദൈവം ആരുടെ കൂടെയാണ് ഇന്നു നടക്കുന്നത്? അവന്‍ പഞ്ചാബിലെ ഗോതമ്പുപാടങ്ങളില്‍ നിന്നു ബീഹാറിലേക്കും മഹാരാഷ്ട്രയിലെ ഫാക്ടറികളില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്കും നടക്കുന്നുണ്ട്. 'വീട്ടിലേക്കുള്ള വഴി'യെന്ന കവിതയില്‍ ഡി. വിനയചന്ദ്രന്‍ പറയുന്നതുപോലെ വീട് വെറും ഓര്‍മ്മകള്‍ മാത്രമാകുമ്പോഴും കൊച്ചുസഞ്ചിയില്‍ കൊള്ളുന്ന സങ്കടപ്പാട്ടുമായ് ഊരിലെ പഞ്ഞത്തിലേക്കു ബന്ധങ്ങളുടെ ഗന്ധങ്ങളിലേക്കു മനസ്സു പായുകയാണ്. റെയില്‍പാളങ്ങളിലെ കരിങ്കല്‍ ചീളുകളിലൂടെ ചോരയൊലിച്ചുരഞ്ഞ് നീങ്ങുന്ന ഈ കാലുകള്‍ എന്‍റേത് കൂടിയാണ്. ഒരു അവയവം വേദനയനുഭവിക്കുമ്പോള്‍ എല്ലാ അവയവങ്ങളും വേദനയനുഭവിക്കുന്നുവെന്ന സഭാപാഠം എല്ലാവരുംകൂടി മറക്കാന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ ക്രിസ്തു 40 ഡിഗ്രി ചൂടില്‍ ഭാരമുള്ള കുരിശുമായി നടക്കുകയാണ് ഗാഗുല്‍ത്തായിലേക്ക്…

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org