അവയവദാനം: സംശയങ്ങളും പ്രതികരണങ്ങളും

അവയവദാനം: സംശയങ്ങളും പ്രതികരണങ്ങളും

-ജോര്‍ജ് ജോസഫ് ഊക്കന്‍

ശരീരത്തിന്‍റെ ഘടനാപരമായ സമഗ്രതയെ ബാധിച്ചാലും പ്രവര്‍ത്തനപരമായ സമഗ്രതയെ ബാധിക്കാത്തിടത്തോളം ക്രൈസ്തവസഭയും സഭാപിതാക്കന്മാരും അവയവദാനത്തെ അനുകൂലിക്കുന്നു. അവയവദാനം ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വളര്‍ച്ചയിലൂടെ കൈവരിച്ച നേട്ടമാണ്.  സ്വയം മുറിക്കപ്പെടുന്നതിലൂടെ  അപരനു ജീവനേകുന്ന പരസ്നേഹത്തിന്‍റെ ഏറ്റവും ഉദാത്തമായ  പ്രകടനവുമാകുന്നു.

ഞാന്‍ ഒരു വൃക്കദാതാവാണ്. 2014 ജൂലൈ മാസം 8-ാം തീയതി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍വച്ചു നടന്ന അവയവമാറ്റ ശസ്ത്രക്രിയ വഴി, എന്‍റെ ഒരു വൃക്ക മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി മൊയ്തീന്‍ (50) എന്ന വ്യക്തിക്കു ദാനം ചെയ്തു. എന്‍റെ പ്രായം 62. സത്യദീപം 44, 46 ലക്കങ്ങളില്‍ യഥാക്രമം ഫാ. ജെയിംസ് പെരേപ്പാടന്‍, സെബാസ്റ്റ്യന്‍ എ. എളമക്കര എന്നിവര്‍ ഉന്നയിച്ചിരിക്കുന്ന സംശയങ്ങള്‍ / അഭിപ്രായങ്ങള്‍ എന്നിവയ്ക്കുള്ള എന്‍റെ പ്രതികരണമാണ് ഈ കുറിപ്പ്. ഒരു അവയവദാതാവ് എന്ന നിലയില്‍ ആര്‍ജ്ജിച്ച അനുഭവത്തിന്‍റെ വെളിച്ചത്തിലും വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ വസ്തുതകളുടെ അടിസ്ഥാനത്തിലുമാണ് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
അമേരിക്കയിലും യൂറോപ്പിലും ജീവിച്ചിരിക്കുന്നവരുടെ അവയവങ്ങള്‍ ദാനം ചെയ്യുന്ന പതിവു കാണുന്നില്ല എന്നും അവിടങ്ങളില്‍ മസ്തിഷ്കമരണം സംഭവിക്കുന്നവരുടെ അവയവങ്ങളാണു ദാനം ചെയ്യുന്നതെന്നും ബഹു. ജെയിംസ് അച്ചന്‍ പറഞ്ഞിരിക്കുന്നു. ഇതു വസ്തുതകള്‍ക്കു നിരക്കുന്നതല്ല. ലഭ്യമായ സ്ഥിതിവിവരകണക്കുകളനുസരിച്ച് 2014-ല്‍ അമേരിക്കയില്‍ 17,107 വൃക്കമാറ്റ ശസ്ത്രക്രിയകള്‍ നടന്നതില്‍ 11,570 മസ്തിഷ്കമരണാനന്തരമുള്ളതും 5,537 ജീവിച്ചിരിക്കുന്നവരുടെ ദാനവുമത്രേ. യൂറോപ്പിലും കാര്യം വ്യത്യസ്തമല്ല. 2014 വര്‍ഷം യൂറോപ്യന്‍ രാജ്യങ്ങളില്‍ മൊത്തം 7,182 വൃക്കയുടെ ലൈവ് ഡൊണേഷന്‍ നടന്നപ്പോള്‍ 17,556 മസ്തിഷ്ക മരണാനന്തരമുള്ള ദാനവും നടന്നു. ഇന്‍റര്‍നെറ്റില്‍ ലഭ്യമാകുന്ന ആധികാരികസ്വഭാവമുള്ള കണക്കുകള്‍ ഇങ്ങനെയായിരിക്കേ മറിച്ചൊരു നിഗമനത്തിന് അടിസ്ഥാനമില്ല.
കേരളത്തില്‍ യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ് ഇതുവരെ അവരുടെ വൃക്കകള്‍ ദാനം ചെയ്തതായി കേട്ടിട്ടില്ല എന്നും പ്രശ്നങ്ങളൊന്നും ഇല്ലായെങ്കില്‍ മാതൃക നല്കാന്‍ ഏറ്റവും ഉത്തമരായവര്‍ അവരല്ലേ എന്നും എന്തുകൊണ്ട് അവര്‍ അവയവദാനം ചെയ്യുന്നില്ല എന്നും ചോദിച്ചിരിക്കുന്നു. ഒരാള്‍ ഡോക്ടറായതുകൊണ്ട് അവയവം ദാനം ചെയ്യണമെന്നില്ല. വൈദ്യശാസ്ത്രപരമായി ശാരീരികവും മാനസികവുമായ ക്ഷമത, ദാതാവിന്‍റെ വൃക്കയും സ്വീകര്‍ത്താവിന്‍റെ ശരീരവുമായുള്ള പൊരുത്തം, കുടുംബാംഗങ്ങളുടെ സമ്മതം, നിയമപരമായ നടപടിക്രമങ്ങളുടെ അനുവര്‍ത്തനം തുടങ്ങി നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു വൃക്കദാനം. ദാതാവിന്‍റെ പൂര്‍ണമായും വ്യക്തിപരമായ വിവേചനത്തിന്‍റെയും ഇച്ഛയുടെയും സ്വാതന്ത്ര്യത്തിന്‍റെയും താത്പര്യത്തിന്‍റെയും വിഷയമാണ്. മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനികരമാണെന്നു ഡോക്ടര്‍മാരടക്കം ഏവരും സമ്മതിക്കും. എന്നാല്‍ പുക വലിക്കുകയും മദ്യപിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാര്‍ ഒരു ന്യൂനപക്ഷമെങ്കിലുമുണ്ട്. അതുകൊണ്ടു പുകവലിയും മദ്യപാനവും ആശാസ്യമാണ് എന്നു കരുതാമോ? വൃക്കദാനം വെറും ഒരു ശാരീരികപ്രക്രിയയല്ല. സഹജീവിയുടെ ജീവന്‍ രക്ഷിക്കുവാന്‍, മാനവികതയെ മുന്‍നിര്‍ത്തി, വൈദ്യശാസ്ത്രം നിഷ്കര്‍ഷിക്കുന്ന പരിശോധനകളും നിയമം അനുശാസിക്കുന്ന നടപടികളും പൂര്‍ത്തിയാക്കി, യോഗ്യത തെളിഞ്ഞ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയതിനുശേഷം മാത്രമാണു ജീവിച്ചിരിക്കുന്ന ഒരാള്‍ വൃക്ക ദാനം ചെയ്യുന്നത്. വൈദ്യശാസ്ത്രപരമായി ശാരീരികക്ഷമതയുടെ അഭാവംമൂലം സ്വപുത്രിക്കു വൃക്ക ദാനം ചെയ്യാന്‍ കഴിയാതെ പോയ ഒരു ഡോക്ടറുടെ കാര്യം ഇതെഴുതുന്ന വ്യക്തിക്കറിയാം. വൃക്ക മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ ഒരു മേജര്‍ ശസ്ത്രക്രിയയാണ്. ഏതൊരു ശസ്ത്രക്രിയയുംപോലെ അപകടസാദ്ധ്യതകളും സങ്കീര്‍ണതകളും വൃക്കമാറ്റ ശസ്ത്രക്രിയയിലുമുണ്ട്. ശസ്ത്രക്രിയാനന്തരം മുന്‍ ജീവിതശൈലിയില്‍ പറയത്തക്ക മാറ്റങ്ങളൊന്നും വരുത്താതെതന്നെ ദാതാവിനു സാധാരണ ജീവിതം നയിക്കാന്‍ കഴിയുമെന്ന് ഈ രംഗത്തുള്ള ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. വൃക്ക ദാനംകൊണ്ടു ദൂരവ്യാപകമായ തകരാറുകള്‍ ദാതാവിന് ഉണ്ടാകുമെന്നു തെളിയിക്കപ്പെട്ടിട്ടില്ല. ശേഷിക്കുന്ന ഒരു വൃക്കകൊണ്ടു ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്നു എന്നുള്ളതാണു വൃക്കദാനത്തിന്‍റെ വൈദ്യശാസ്ത്രപരമായ പ്രസക്തി. തന്‍റെ കൗമാരപ്രായത്തില്‍ വലതു ശ്വാസകോശത്തിന്‍റെ മുകള്‍ ഭാഗം നീക്കം ചെയ്തതിനുശേഷം നമ്മുടെ ഫ്രാന്‍സിസ് മാര്‍പാപ്പ ഇപ്പോഴും കര്‍മനിരതമായ ജീവിതം നയിക്കുന്നു. തൃശൂരില്‍ താമസിക്കുന്ന ഫാ. പോള്‍ വട്ടക്കുഴി 30 വര്‍ഷം മുമ്പു തന്‍റെ സഹോദരനില്‍ നിന്നും വൃക്ക സ്വീകരിച്ചതിനുശേഷമാണു പൗരോഹിത്യം സ്വീകരിച്ചത്. അദ്ദേഹവും സഹോദരനും ഇന്നും സാധാരണ ഗതിയിലുള്ള ജീവിതം നയിക്കുന്നു. ഗുരുവായൂരുള്ള പ്രശസ്ത സാമൂഹ്യപ്രവര്‍ത്തക ശ്രീമതി ഉമാപ്രേമന്‍ രണ്ടു ദശാബ്ദങ്ങള്‍ക്കുമുമ്പു വൃക്ക ദാനം ചെ യ്തു. ദാതാവും സ്വീകര്‍ത്താവും ഇന്നും കര്‍മനിരതമായ ജീവിതം നയിക്കുന്നു. ഇങ്ങനെ ഇനിയും ഉദാഹരണങ്ങള്‍ നിരത്താന്‍ കഴിയും. അവയവദാന ശസ്ത്രക്രിയയ്ക്കു നമ്മുടെ നാട്ടില്‍ പ്രചാരം സിദ്ധിച്ചുവരുന്നതേയുള്ളൂ. കാലചക്രം ഇനിയും ഉരുളുമ്പോള്‍ അവയവദാനത്തിന്‍റെ വിശ്വാസ്യതയും ആധികാരികതയും കൂടുതല്‍ തെളിയിക്കപ്പെടും എന്നു പ്രതീക്ഷിക്കാം.
ദാതാവിനും സ്വീകര്‍ത്താവിനും ഭാവിയിലേക്കു വേണ്ടതായ നിയന്ത്രണങ്ങള്‍ക്കും അനുവര്‍ ത്തിക്കേണ്ടതായ ജീവിതശൈലിക്കും ഒരു മുന്‍കരുതലെന്ന നിലയില്‍ വ്യക്തമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രേഖാമൂലം ആശുപത്രി അധികൃതര്‍ നല്കാറുണ്ട്. സ്വീകര്‍ത്താവു കഴിക്കേണ്ട മരുന്നുകളെക്കുറിച്ചും അതിനു വേണ്ടിവരുന്ന സാമ്പത്തികബാദ്ധ്യതയെക്കുറിച്ചും സ്വീകര്‍ത്താവിനും ബന്ധപ്പെട്ടവര്‍ക്കും മുന്‍കൂട്ടി അറിവു നല്കാറുണ്ട്. ഭാവിയില്‍ നിശ്ചിത സമയങ്ങളില്‍ നടത്തേണ്ടതായ വൈദ്യപരിശോധനയെക്കുറിച്ചു ദാതാവിനും സ്വീകര്‍ത്താവിനും ശസ്ത്രക്രിയാനന്തരം ആശുപത്രി വിടുന്ന വേളയില്‍ രേഖാമൂലം അറിയിപ്പ് നല്കുന്ന പതിവുണ്ട്.
മരണശേഷമുള്ള അവയവദാ നത്തെയല്ലേ ബോധവത്കരണം വഴി പ്രോത്സാഹിപ്പിക്കേണ്ടതെന്നും എന്തുകൊണ്ട് ആ തലത്തില്‍ ബോധവത്കരണപ്രവര്‍ ത്തനങ്ങള്‍ നടത്തിക്കൂടേ എന്നും ബഹു. ജെയിംസച്ചന്‍ ചോദിക്കുന്നു. ഇതൊരു പുതിയ ആശയമല്ല. യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ മസ്തിഷ്ക മരണാനന്തരമുള്ള അവയവദാനംതന്നെയാണു പ്രോത്സാഹിപ്പിക്കപ്പെടുന്നത്. ആ തലത്തില്‍ത്തന്നെയാണു ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നതും. കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് (മൃതസഞ്ജീവനി) എന്ന സ്ഥാപനം വഴി കഴിഞ്ഞ നാലു വര്‍ഷക്കാലത്തിനിടയില്‍ മസ്തിഷ്ക മരണാനന്തരമുള്ള മൊത്തം 218 അവയവദാനങ്ങളില്‍ നിന്നും 376 വൃക്കകള്‍ സ്വീകര്‍ത്താക്കളുടെ ശരീരത്തില്‍ വച്ചുപിടിപ്പിക്കുകയുണ്ടായി. മസ്തിഷ്ക മരണാനന്തരമുള്ള അവയവദാനത്തിന്‍റെ സന്ദേശം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വഴി സമൂഹത്തില്‍ പരക്കുന്നു എന്നല്ലേ ഈ കണക്കുകള്‍ കാണിക്കുന്നത്? എന്നാല്‍ ജീവിച്ചിരിക്കുന്ന വ്യക്തികളില്‍ നിന്നുള്ള അവയവദാനത്തെ നിരുത്സാഹപ്പെടുത്തേണ്ട കാര്യമില്ല. സ്വഭവനത്തില്‍ ഒരവയവത്തിനായി കാത്തിരിക്കുന്ന രോഗിയുണ്ടെങ്കില്‍ കുടുംബത്തില്‍ത്തന്നെയുള്ള ആരോഗ്യമുള്ള അംഗങ്ങള്‍ ഒരു മസ്തിഷ്കമരണത്തിനായി കാത്തിരിക്കാതെ, അവയവദാനത്തിനായി മുന്നോട്ടുവരണം. ബന്ധുക്കള്‍ തമ്മിലുള്ള അവയവദാനം ഇന്നു കേരളത്തിനു സുപരിചിതമാണ്. പക്ഷേ, എണ്ണത്തില്‍ കുറവാണെങ്കില്‍ പിതാവില്‍ നിന്നും പുത്രനും ഭാര്യയില്‍ നിന്നു ഭര്‍ത്താവും സഹോദരനില്‍നിന്നും സഹോദരനും അവയവം സ്വീകരിക്കുന്നു. കേരളത്തില്‍ അമ്മായിയമ്മ മരുമകള്‍ക്കു വൃക്ക ദാനം ചെയ്ത സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബന്ധുക്കളല്ലാത്തവര്‍ തമ്മിലുള്ള അവയവദാനവും വിരളമായി നടക്കുന്നു.
ശ്രീ. സെബാസ്റ്റ്യന്‍ എളമക്കര (ലക്കം 46) സൂചിപ്പിച്ചിരിക്കുന്ന അഭിപ്രായങ്ങള്‍ക്കുള്ള പ്രതികരണവും മുകളില്‍ നല്കിയിരിക്കുന്ന വിശദീകരണത്തില്‍ അടങ്ങിയിരിക്കുന്നു. ദാതാവിനെ ശിഷ്ടായുസ്സിന്‍റെ ദൈര്‍ഘ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും ദാതാവ് ഒരുപക്ഷേ, നിത്യരോഗിയായി മാറിയേക്കാമെന്നുമുള്ള സംശയത്തിന് അടിസ്ഥാനമില്ല. "എല്ലാം നന്നായിരിക്കുന്നു" എന്നു കണ്ട സൃഷ്ടികര്‍ത്താവുതന്നെയാണ് ആദത്തിനെ ഗാഢനിദ്രയിലാക്കി, വാരിയെല്ലെടുത്തു ഹവ്വായെ സൃഷ്ടിച്ചത്. ആദ്യത്തെ അവയവദാനം അവിടെ തുടങ്ങുന്നു. ശരീരത്തിന്‍റെ ഘടനാപരമായ സമഗ്രതയെ ബാധിച്ചാലും പ്രവര്‍ത്തനപരമായ സമഗ്രതയെ ബാധിക്കാത്തിടത്തോളം ക്രൈസ്തവസഭയും സഭാപിതാക്കന്മാരും അവയവദാനത്തെ അനുകൂലിക്കുന്നു. അവയവദാനം ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ വളര്‍ച്ചയിലൂടെ കൈവരിച്ച നേട്ടമാണ്. സ്വയം മുറിക്കപ്പെടുന്നതിലൂടെ അപരനു ജീവനേകുന്ന പരസ്നേഹത്തിന്‍റെ ഏറ്റവും ഉദാത്തമായ പ്രകടനവുമാകുന്നു.
(ലേഖകന്‍ ഓര്‍ഗന്‍ ഡോണേഴ്സ് അസ്സോസിയേഷന്‍റെ സംസ്ഥാന ട്രഷറര്‍ ആണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org