കാലം ആവശ്യപ്പെടുന്ന കരുതലുകള്‍

കാലം ആവശ്യപ്പെടുന്ന കരുതലുകള്‍

ഞങ്ങള്‍ പെണ്ണുങ്ങളോട് അമ്മമാര്‍ ഞങ്ങളുടെ ശരീരങ്ങളെക്കുറിച്ച് വിശദമായി അല്ലെങ്കിലും പാരമ്പര്യമായി പകര്‍ന്നു നല്കുന്ന അറിവുകളൊന്നും ഒരാണ്‍കുട്ടിക്കും അവന്‍റെ അപ്പനില്‍ നിന്നും അവന്‍റെ ശരീരത്തെ ക്കുറിച്ച് കിട്ടുന്നില്ലല്ലോ? അവനവനെന്തെന്നും അവളെന്തെ ന്നും അവനറിയേണ്ടത് അപ്പനില്‍ നിന്നാകുന്നത് എത്രയോ നല്ല കാര്യമാണ്. പെണ്ണെന്തെന്നും അ വളുടെ ശരീരത്തിന്‍റെ പ്രത്യേകതയെന്തെന്നും ഓരോ 28 ദിവസങ്ങളിലും സംഭവിക്കുന്ന ശാരീരിക മാറ്റങ്ങള്‍ക്കൊപ്പമുണ്ടാകുന്ന മാനസ്സികപിരിമുറുക്കം എന്തെന്നുമൊക്കെ വിവരിക്കാന്‍ ഒരപ്പനും സൂചനകളുടെയും ശരീരശാസ്ത്രത്തിന്‍റെയും പിന്‍ബലം ആവശ്യമില്ലല്ലോ? അമ്മ എന്ന സത്യത്തെക്കുറിച്ചു മാത്രം പറഞ്ഞാല്‍ പോരെ?

ജിഷയെന്ന പേര് പല വിശേഷണങ്ങളുടെ അകമ്പടിയോടെ ഉച്ഛരിക്കുന്നത് കേള്‍ക്കുമ്പോഴും, പല ലിപികളിലും നിറത്തിലും അച്ചടിച്ച് വായിക്കുമ്പോഴും കൊള്ളിയാന്‍ പോലെ മനസ്സിലേക്ക് ആളുന്നൊരു കറുത്ത കൗതുകമുണ്ട്. ശരീരത്തില്‍ ക്യാമറ ഒളിപ്പിച്ച് ജീവിച്ച പെണ്‍കുട്ടി. തനിക്കായ് ശബ്ദിക്കാന്‍ ആരുമുണ്ടാകില്ലെന്ന തിരിച്ചറിവ്, വേട്ടനായയെ മുന്‍പെപ്പോഴോ നേരില്‍ കണ്ടതിന്‍റെ ഭീതി. ഇതൊക്കെയാവാം ജിഷയുടെ ഉയിരിനൊപ്പം മൂന്നാം കണ്ണ് കൂടെ കൂടാനുണ്ടായ സാഹചര്യം. ആത്മാവിനുപോലുമത് ഉപകരിച്ചില്ലെങ്കിലും പതിയിരിക്കുന്ന അപകടത്തെപ്പേടിച്ച് ഭീതിയോടെ നമുക്കിടയിലൊരു പെണ്‍കുട്ടി ജീവിച്ചിരുന്നു എന്ന അറിവ് പല അമ്മമാരുടെയും ഉറക്കം കെടുത്തുന്നുണ്ട്. ചാനല്‍ യുദ്ധങ്ങളില്‍ മുറവിളി കൂട്ടിയും മുഖപുസ്ത കത്തിലെ തീപ്പൊരി ചര്‍ച്ചയ്ക്കും ഇവരെ കണ്ടില്ലെന്നു വരാം. അടക്കിയ നിലവിളിയായും തൊണ്ടയില്‍ കുരുങ്ങിയ നെടുവീര്‍ പ്പായും അടച്ചാലും അടയാത്ത വാതിലുകള്‍ക്കപ്പുറം അവരുണ്ട്.
കാണികളുടെ ഹരം കൂട്ടാനോ എന്തോ, മറ്റൊന്നു കൂടെ ചാനല്‍ തലവരയായ് കണ്ടു. കേരളത്തിലെ ഒരു ക്രൈസ്തവ സഭയുടെ പുറമ്പോക്ക് ഭൂമിയിലാണത്രെ ജിഷയുടെ വീട്. റേറ്റിംഗ് കൂട്ടാനുള്ള ശ്രമത്തില്‍ അവര്‍ വിജയിച്ചോ എന്നറിയില്ല. എന്നിലെ പീലാത്തോസ് ഉടനെ കൈകഴുകി. കത്തോലിക്കാ സഭയുടേതല്ല. കൈയിലെ നനവ് തോര്‍ന്നെങ്കിലും കണ്ണില്‍ നനവ് പടര്‍ത്തി വേറെ കുറെ മുഖങ്ങള്‍ കയറി വന്നു. തമ്പുരാന്മാ ത്രമറിയാവുന്ന കാരണങ്ങള്‍കൊണ്ട് സഭയുടെയും സമൂഹത്തിന്‍റെയും പുറമ്പോക്കിലായിപ്പോയ കുറേ ജന്മങ്ങള്‍.
ഇക്കഴിഞ്ഞ ഏപ്രില്‍ 26-ന്  10 വയസ്സുള്ള കുഞ്ഞ് പുല്ലേപ്പടിയില്‍ ദാരുണമായി കൊല്ലപ്പെട്ടു. ഈ കുഞ്ഞും, ലഹരിക്കടിമയായ് അവന്‍റെ അന്തകനായ ആ ചെറുപ്പക്കാരനും നമ്മുടെ സഭാ സമൂഹത്തിലാണ് എന്നത് വല്ലാത്ത കുറ്റബോധം തരുന്നു ണ്ട്. മകന്‍റെ ഉപദ്രവം സഹിക്കാനാവാതെ ആ അമ്മ പല ദിവസങ്ങളിലും അന്തി ഉറങ്ങിയിരുന്നത് അയല്‍ വീടുകളിലായിരുന്നു എന്നത്, ഞങ്ങളൊന്നും അറിഞ്ഞിരുന്നില്ല എന്ന പതിവു പതം പറച്ചിലിനും വകയില്ലാതാക്കി. കുടുംബകൂട്ടായ്മ ഇടവകസമൂഹം തുടങ്ങിയ സുരക്ഷിത കളങ്ങളുടെ ഒക്കെ പുറമ്പോക്കിലാ യി പോയ ജന്മങ്ങള്‍.
വളര്‍ന്ന് വികസിച്ച് കാരകാഞ്ഞുപോയ നമ്മുടെ സംഘടനകളെയും കൂട്ടായ്മകളെയും കോതി ഒതുക്കേണ്ട സമയമായെന്ന് തോന്നുന്നു. ചുറ്റുവട്ടത്തു നിന്ന് തന്നെ തുടങ്ങിയാലോ? നേരത്തെ കണ്ട സാമൂഹിക പ്രശ്നങ്ങള്‍ ഒക്കെ കുടുംബയൂണിറ്റ് മീറ്റിംഗുകളില്‍ ചര്‍ച്ച ചെയ്യുന്നത്, വചനം മാത്രം വിചിന്തനം ചെയ്ത് മരിക്കുന്നതിലും എത്രയോ വിലപ്പെട്ടതാകും ദൈവസന്നിധിയില്‍? സുരക്ഷിതമല്ലാത്ത ജീവിതാവസ്ഥയിലായ പെണ്‍കുട്ടിയും ലഹരിക്കടിപ്പെട്ടുപോയ യുവാവുമൊക്കെ ബേത് സഥാ കുളക്കരയില്‍ ഇപ്പോഴുമുണ്ട് ആരുമില്ലാന്നൊക്കെ വലിയവായില്‍ നിലവിളിച്ച്, കുടുംബഭദ്രതയെയോ സമൂഹത്തിന്‍റെ സുരക്ഷയെയോ ബാധിക്കുന്ന തരത്തില്‍ ഇത്തരം പ്രശ്നങ്ങള്‍ വളരുന്നുവെന്ന് ഉറപ്പായാല്‍ – ചര്‍ച്ചകളിലൊതുക്കാതെ – പ്രാര്‍ത്ഥനയ്ക്കും ഉ പദേശത്തിനുമപ്പുറം, ചികിത്സ യോ നിയമസഹായമോ ഉറപ്പാ ക്കാനുള്ള ബാധ്യതയും നമുക്കുണ്ടെന്ന് മറക്കാതിരിക്കാം. നമ്മുടെ ആണ്‍കുഞ്ഞുങ്ങള്‍ സ്ഥിരമായി ഒത്തുചേരുന്ന സ്ഥലം പന്തികേടാണെന്ന് അറിഞ്ഞാല്‍, കൗമാരക്കാരായ പെണ്‍കുട്ടികളുടെ പെരുമാറ്റത്തില്‍ ചെറിയ അക്ഷരപിശകി ല്ലേ എന്ന് തോന്നിത്തുടങ്ങിയാലൊക്കെ അവരുടെ വ്യക്തിത്വ ത്തെ മുറിപ്പെടുത്താതെ തുറന്ന് സംസാരിക്കാനും തിരുത്താനുമൊക്കെയുള്ള കാര്യപ്രാപ്തി കൂടെ നമുക്കുണ്ടായെങ്കില്‍? ചോദിക്കാനും പറയാനുമാരുമില്ലാത്തോരായ് പോകില്ല നമ്മുടെ മക്കള്‍.
കുറേനാളു മുമ്പാണ് എന്‍റെ ഓട്ടോ ചേട്ടനായ തോമസ്സേട്ടന്‍റെ കൂടെയുള്ള ഒരു സ്ഥിരം യാത്ര. കണ്ണെത്താ ദൂരമുള്ള ബ്ലോക്കിന്‍റെ ഇടയില്‍ ഉച്ചത്തിലുള്ള ബഹളവും ആള്‍ക്കൂട്ടവും. വണ്ടി ഓഫ് ചെയ്ത്, കാരണം അന്വേഷിക്കാനിറങ്ങിയ ചേട്ടന്‍ വല്ലാതെ മുറുകിയ മുഖവുമായാണ് മടങ്ങിവന്നത്. തോമസ്സേട്ടന്‍ പറഞ്ഞു തുടങ്ങിയതിങ്ങനെയാണ് – കെട്ടകാലമാണിത്. ബ്ലോക്കില്‍ നിറുത്തിയിട്ട സ്കൂട്ടറില്‍ ഇരുന്ന പെണ്ണിനെ ഫുട്പാത്തിലൂടെ വന്ന ഒരു കൊച്ചുപയ്യന്‍ ഉപദ്രവിച്ചു. 14 ഓ 15 ഓവയസ്സുകാണും. നാട്ടുകാര് പിടിച്ചുവെച്ചിരിക്കുവാ. പോലീസിപ്പോ വരും. അന്യസംസ്ഥാനക്കാരെപ്പേടിച്ച് നടക്കാന്‍ വയ്യല്ലോ? എന്‍റെ ആത്മഗതം. മുഴുമിപ്പിക്കും മുമ്പേ തോമസ്സേട്ടന്‍റെ മറുപടി വന്നു. ഇല്ല അവന്‍ മലയാളിയാ, ഇവുടടുത്തുള്ളതാ. പേര് സെബിന്‍. യാത്ര തീരും വരെ രണ്ടാളും പിന്നെ സംസാരിച്ചില്ല. ഇരയെ കണ്ടാല്‍ ചാടി വീഴാന്‍ നിമിഷനേരം പോലും വേണ്ടാത്ത ഒരു വേട്ടനായ നമ്മുടെ കുഞ്ഞുങ്ങളുടെ ഉള്ളിലുണ്ടാവില്ലെന്ന് വെറുതെ ആശിച്ചുപോകുന്നു.
സെബിനെന്ന് പേര്. നല്ലപാ ഠം ചൊല്ലിക്കൊടുക്കാന്‍ അപ്പനുമമ്മയും ഉണ്ടാകാം. ഓര്‍മ്മ ഉറച്ചപ്രായം മുതല്‍ വേദപാഠം പഠിച്ചും കാണും. ഇവന്‍ ചെയ്ത തെറ്റിന്‍റെ ആഴമറിഞ്ഞാല്‍ തകര്‍ന്നുപോകുന്നോരുള്ള വീടുമുണ്ടാകാം. ലൈംഗിക വിദ്യാഭ്യാസം പാഠ്യവിഷയവുമാണ്. ശരിയാണ് – എന്നിട്ടുമെന്തെ? വിചിത്രമായ് തോന്നിയ മറ്റൊരു കാര്യം, 1980-90 കളില്‍ സാരീബ്ലൗസ്സും വെറും മുണ്ടും മാത്രം-അതല്ലായെങ്കില്‍ ശരീരത്തോട് ചേര്‍ന്നു കിടക്കുന്ന ബ്ലൗസ്സും ഫുള്‍പാവാടയും ആയിരുന്നു പെണ്‍കുട്ടികളുടെ വേഷം. എന്നിട്ടും ഇടുങ്ങിയ വഴിയിലൂടെ, ടൈപ്പും തയ്യലും പഠിക്കാന്‍പോയ പെണ്‍ കുട്ടികള്‍ സുരക്ഷിതരായിരുന്നു. ആരുടെയും സ്വകാര്യതകളിലേക്ക് കടന്നു കയറുന്ന കൈയും കണ്ണും ആണ്‍കുട്ടികള്‍ക്കുണ്ടായിരുന്നില്ല. തോമസ്സേട്ടന്‍ പറഞ്ഞതുതന്നെ ആവര്‍ത്തിച്ചു – കെട്ടകാലമാണ്.
ഈ കെട്ടകാലത്തില്‍ ജീവിക്കാനാണ് വിധി എന്നതുകൊണ്ട് തന്നെ നമുക്ക് ഒരുപാട് ചെയ്യാനുമുണ്ട്. പരസ്പരമുള്ള ആദരവ്, പെണ്‍കുട്ടികളുടെ അടക്കോം ഒതുക്കോം, ആണ്‍കുട്ടികളെ മര്യാദ പഠിപ്പിക്കല്‍ എന്നൊക്കെ പറഞ്ഞ് ഒഴുക്കിലങ്ങനെ നീന്തിക്കയറാനും നമുക്ക് ആവില്ലല്ലോ? മുന്‍ വാതിലില്‍ അപ്പന്‍റെ കാലടിശബ്ദം കേട്ടാല്‍ പിന്‍വാതിലിലൂടെ പറമ്പിലേക്കിറങ്ങുന്ന മക്കളുടെ കാലഘട്ടത്തില്‍ നിന്നും ഒരുമിച്ചിരുന്ന് ഫേസ് ബുക്കും വാട്ട്സപ്പും കളിക്കുന്ന യൂത്തന്മാരായ അപ്പന്‍ മാരുടെ യുഗത്തിലേക്ക് എത്തിയി ട്ടും പറയേണ്ടതും പറഞ്ഞുകൊടുക്കേണ്ടതുമായ പട്ടികയില്‍ പെണ്ണ് കടന്നുവരുന്നില്ല. ഞങ്ങള്‍ പെണ്ണുങ്ങളോട് അമ്മമാര്‍ ഞങ്ങളുടെശ രീരങ്ങളെക്കുറിച്ച് വിശദമായി അല്ലെങ്കിലും പാരമ്പര്യമായി പകര്ന്നു നല്കുന്ന അറിവുകളൊന്നും ഒരാണ്‍കുട്ടിക്കും അവന്‍റെ അപ്പനില്‍ നിന്നും അവന്‍റെ ശരീരത്തെ ക്കുറിച്ച് കിട്ടുന്നില്ലല്ലോ? അവനവനെന്തെന്നും അവളെന്തെന്നും അവനറിയേണ്ടത് അപ്പനില്‍ നിന്നാകുന്നത് എത്രയോ നല്ല കാര്യമാണ്. പെണ്ണെന്തെന്നും അവളുടെ ശരീരത്തിന്‍റെ പ്രത്യേകതയെന്ത ന്നും ഓരോ 28 ദിവസങ്ങളിലും സംഭവിക്കുന്ന ശാരീരിക മാറ്റങ്ങള്‍ ക്കൊപ്പമുണ്ടാകുന്ന മാനസ്സിക പിരിമുറുക്കം എന്തെന്നുമൊക്കെ വിവരിക്കാന്‍ ഒരപ്പനും സൂചനകളുടെയും ശരീരശാസ്ത്രത്തിന്‍റെയും പിന്‍ബലം ആവശ്യമില്ലല്ലോ? അ മ്മ എന്ന സത്യത്തെക്കുറിച്ചു മാത്രം പറഞ്ഞാല്‍ പോരെ? കൗതുകങ്ങള്‍ക്കും കന്നത്തരങ്ങള്‍ക്കും ഇരയാകേണ്ടതല്ല മുന്നില്‍ വരുന്ന പെണ്‍ശരീരമെന്ന ബോദ്ധ്യത്തിലേക്ക് അവനെ കൈപിടിച്ചു നടത്തേണ്ടത് അപ്പന്‍റെ കരുതലിന്‍റെ കരുത്താവട്ടെ.
മറുവശം കൂടെയുണ്ടെന്നു തോന്നുന്നു. പെണ്‍കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആകുലപ്പെടുന്നതിനൊപ്പം അവരുടെ വളര്‍ച്ചയിലും ഒരല്പ്പം കൂടെ ശ്രദ്ധയാവശ്യമാണ്. കാരണം – ഇന്ന് നമ്മുടെ കുടുംബങ്ങളിലൊക്കെ പെണ്‍കുട്ടികള്‍ രാജകുമാരികളാണ്. ആണ്‍കുട്ടികള്‍ക്കൊപ്പമോ ആണ്‍ കുട്ടികളെക്കാളുമോ സ്വാതന്ത്ര്യം ഇന്ന് വീടിനകത്ത് അവരനുഭവിക്കുന്നു. നാം സന്തോഷത്തോടെ ആസ്വദിക്കുന്ന അവരുടെ വാശികളും കുറുമ്പുകളും പിന്നീട് അവര്‍ ജീവിക്കേണ്ട ചുറ്റുപാടില്‍ പരിചയപ്പെടുന്ന ആണ്‍കുട്ടിയുടെയോ ആണിന്‍റെയോ – വ്യക്തിത്വത്തെ മുറിപ്പെടുത്താന്‍ കാരണമാകരുതേ. തമാശ കാട്ടാനും വട്ടുകളിപ്പിക്കാനും കൂട്ടത്തില്‍ മിടുക്കിയെന്ന പേര് സമ്പാദിക്കാനുമൊക്കെ കൂടെ കൂട്ടുന്ന ആണൊരുത്തന്‍ കുറെ ജീവിതങ്ങളുടെ സ്വപ്നമാണെന്നും, ഇത്തരം മിടുക്ക് നമ്മുടെ മക്കള്‍ക്ക് ചേരില്ലെന്നും നമ്മളമ്മമാര് തന്നെയല്ലേ അവരോട് പറയേണ്ടതും? ചെന്നു കയറുന്ന വീടിന്‍റെ ഭാവി – സ്വര്‍ഗ്ഗമോ നരകമോ നിശ്ചയിക്കാനുള്ള മാന്ത്രികവരം തമ്പുരാന്‍ പെണ്ണിനാണല്ലോ ത ന്നിരിക്കുന്നത്.
അല്ലലറിയിക്കാതെ വളര്‍ത്തി, ഞങ്ങള്‍ക്ക് കിട്ടാത്തതൊക്കെ കൊടുത്തു എന്ന നെടുവീര്‍പ്പ് ഉയര്‍ത്തി വയസ്സുകാലം കഴിക്കാതിരിക്കാന്‍ നമുക്ക് കിട്ടിയതുകൂടെ കൊടുത്തവരെ വളര്‍ത്തുന്നതാകും നല്ലതെന്ന് തോന്നുന്നു. കുമ്പസാരകൂടെന്ന പുണ്യ കൗണ്‍സലിങ്ങ് സെന്‍ററിനും, പള്ളിമുറ്റങ്ങളിലും നമ്മുടെ സംഘടനകളിലും തിമിര്‍ക്കേണ്ട ചുറുചുറുക്ക് എന്‍ട്രന്‍സ് കോച്ചിംഗ് ക്ലാസ്സിലും ഫിറ്റ്നസ്സ് സെന്‍ററിലും ഒഴുക്കിവിടാതിരിക്കാനും ശ്രമിച്ചാലോ ? വീട്ടില്‍ വയസ്സിനു മൂത്തചേച്ചിമാരുടെ പോലും സംരക്ഷകനാണു താനെ ന്ന് പൊടിമീശക്കാരന്‍ പയ്യനു പ ണ്ട് തോന്നിയിരുന്നു. സ്വരത്തിന്‍റെ കനപ്പ് കൂടുന്നത് അവന്‍റെ ഉത്തരവാദിത്വബോധത്തെയും കനപ്പിച്ച കാലമായിരുന്നു നമ്മുടേത്. ഈ അനുഭവങ്ങളും കൂടി നമുക്കവര്‍ ക്ക് പകര്‍ന്നു നല്കാനായെങ്കില്‍?
വിദ്യ ഒരു സമുദായത്തിന്‍റെ മാത്രം അവകാശമായിരുന്ന കാലഘട്ടത്തില്‍ കീഴാളനും പാമരനുമെല്ലാം അറിവിന്‍റെ വെട്ടം കാട്ടിക്കൊടുത്തവരാണ് നമ്മുടെ പൂര്‍ വ്വികര്‍. തുടര്‍ന്ന് കേരളക്കരയാകെ സംഭവിച്ച വലിയ വിപ്ലവമാണ് നമ്മുടെ ഇന്നത്തെ സമ്പന്നതയുടെ അടിസ്ഥാനം. താനെന്നിലേക്ക് മാത്രമൊതുങ്ങിപ്പോകുന്ന വലിയ വിപത്തിനെതിരെ നമ്മളെന്തെങ്കിലും ചെയ്യാന്‍ തയ്യാറായാല്‍ നാളെ സമൂഹം അതേറ്റെടുക്കുമെന്നത് ഉറപ്പാണ്. കാരണം നമ്മുടെ കുടുംബക്കൂട്ടായ്മകളും പ്രീ-മാരിറ്റല്‍ കോഴ്സുമൊക്കെ ഇന്ന് മറ്റ് പല സമുദായങ്ങളും നടപ്പാക്കിക്കഴിഞ്ഞു. മറച്ചു വക്കേണ്ടതും പതു ക്കേപ്പറയേണ്ടതുമായ വിഷയങ്ങളില്‍ നിന്ന് കൗമാരവും അതിന്‍റെ പ്രശ്നങ്ങളും നമുക്കൊഴിവാക്കാന്‍ ശ്രമിക്കാം. സാമൂഹിക സുരക്ഷയുടെ ഉത്തരവാദിത്വം ഭരണകൂടത്തിനും സദാചാരപ്പോലീസ് ചമയുന്നോര്‍ക്കുമേല്പിച്ച് ഞാനവന്‍റെ കാവല്‍ക്കാരനോ എന്ന് തമ്പുരാനോടുപോലും മറുതലിച്ച് തീരുന്നതിനപ്പുറം കളഞ്ഞുപോയ സുകൃതങ്ങളെ തിരികെ പിടിക്കാന്‍ നമുക്കൊന്ന് കൈകോര്‍ക്കാം.
കാലഘട്ടത്തിന്‍റെ ആവശ്യങ്ങള്‍ക്ക് ഉതകുന്നതാവട്ടെ നമ്മു ടെ കരുണയും കാരുണ്യപ്രവര്‍ ത്തികളും. നമ്മിലെ സമറായന്‍, ഇനിയും എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ മടങ്ങിവരുമ്പോള്‍ വീട്ടിക്കൊള്ളാമെന്നൊക്കെ പറയാന്‍ മാത്രം വിശാലമനസ്കനാകില്ല. എങ്കിലും, അര്‍ത്ഥവും അന്നവും അന്യമായിരുന്ന കാലഘട്ടത്തിലെപോലെ മാസത്തിലെ അഞ്ചുകിലോ അരി, ജൂണ്‍ മാസത്തെ പഠനോപകരണങ്ങള്‍, ചോരുന്ന കൂര കെട്ടിയടക്കല്‍ തുടങ്ങിയ സ്ഥിരം കാരുണ്യപ്രവൃത്തികളിലേക്ക് താഴാതിരിക്കട്ടെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org