കാലം പൂക്കുന്ന ഓണം

കാലം പൂക്കുന്ന ഓണം

ലളിതാംബിക അന്തര്‍ജനത്തിന്‍റെ കൊച്ചുമകള്‍ തനൂജ എസ്. ഭട്ടതിരി ഓണാഘോഷം
നമ്മില്‍ നിറക്കേണ്ട ഒരു സാര്‍വത്രീക സാഹോദര്യ മാനത്തെക്കുറിച്ച്…

ഓണം പൂവിളിയെന്ന്…
ഓണം പാല്‍പ്പായസമെന്ന്…
ഓണം പുതുവസ്ത്രമെന്ന്…
ഓണം സുഗന്ധപൂത്തടമെന്ന്,
ഓണം സംഗീതമെന്ന്, കൈകൊട്ടിക്കളിയെന്ന്,
പിന്നെ ഓണം വെക്കേഷനെന്ന്,
ഷോപ്പിംഗ് എന്ന്, ടൂര്‍ എന്ന്…
കാലം മാറുന്നതനുസരിച്ച് കോലവും മാറും.
അല്ലെങ്കില്‍ മാറണം.

മതങ്ങള്‍, മതാചാരങ്ങള്‍ ഇവയൊക്കെ പിടിമുറുക്കുന്നതിനു മുമ്പേ മുഴുവന്‍ ജനതയ്ക്കായും ഇവിടെയുണ്ടായിരുന്ന കാര്‍ഷികോത്സവമാണ് ഓണം. അതിനുംമുമ്പ് ഉണ്ടായിരുന്ന വസന്തോത്സവം, ശ്രാവണോത്സവം എന്നിവപോലെ പ്രകൃതിയുടെ ആഘോഷത്തിന് കൂട്ടുകൂടുന്ന മനുഷ്യരുടെ ആഘോഷം. മനുഷ്യര്‍ക്ക് അതായത് ഏത് നിലയിലുള്ള മനുഷ്യര്‍ക്കും ഉത്സവങ്ങളും ആഘോഷങ്ങളും ആവശ്യമാണ്. ഉണ്ണാനും, ഉറങ്ങാനും, ഇണചേരാനും, മരിക്കാനും മാത്രമുള്ളതല്ല ജീവിതം. അതിസാധാരണമായ ജീവിതത്തെ അസാധാരണമാക്കുന്നതില്‍ ആഘോഷങ്ങളുടെ പങ്ക് ചെറുതല്ല. എല്ലാ മനുഷ്യരും ഒരുപോലെ ചേര്‍ന്ന് ആഘോഷിക്കുന്ന ഓണം കാലത്തിനനുസരിച്ച് ഒരുപാട് മാറി.

പഴയകാലത്ത്, ഓണം വന്നാല്‍ മറ്റെന്ത് ആഘോഷങ്ങളും വന്നാല്‍ ഏറ്റവും തിരക്കാവുന്നത് സ്ത്രീകള്‍ക്കാണ്. ഭക്ഷണം ഒരുക്കല്‍ അവരുടെ പണിയായിരുന്നല്ലോ. ഇന്നും സംഗതികള്‍ക്ക് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നാലും കമ്പോള സംസ്കാരത്തിന്‍റെ ഭാഗമായി എല്ലാം കൂടുതല്‍ എളുപ്പമായി. പക്ഷെ അപ്പോള്‍ മറ്റു പല മേന്മകളും അതിലൂടെ നഷ്ടപ്പെടുകയും ചെയ്തു. സ്വയം ഉണ്ടാക്കുന്നതിന്‍റെ ആത്മനിര്‍വൃതി പലപ്പോഴും നഷ്ടപ്പെടുന്നുണ്ട് ഇപ്പോള്‍. സ്വന്തം കൈകള്‍കൊണ്ട് ഉണ്ടാക്കിയ ഭക്ഷണമായാലും വസ്ത്രമായാലും അതിന്‍റെ തനിമ ഒന്നു വേറെ തന്നെയാണ്. പക്ഷേ, അതിന്‍റെയൊക്കെ ചുമതല സ്ത്രീകള്‍ക്ക് മാത്രമായി തീര്‍ന്നപ്പോള്‍ അവരനുഭവിച്ച ദുരിതങ്ങള്‍ക്ക് കണക്കില്ലാതായി. വീട്ടിലിരുന്ന സ്ത്രീകള്‍ ജോലിക്ക് പോകാന്‍ തുടങ്ങിയതോടെ റെഡിമെയ്ഡ് ജീവിതം സ്വീകരിക്കാതെ ആധുനിക സമൂഹത്തില്‍ നിവൃത്തിയില്ലെന്നും വന്നു.

പണ്ട്, ഓണത്തിന് ഓരോ ദിവസവും ഒരുക്കേണ്ട പൂക്കളവും പൂനുള്ളലും മറ്റു കളികളും ഒക്കെ ബാലാവകാശമായിരുന്നു. പറമ്പിലെ ചക്കരമാവിലും തേന്‍വരിക്കയിലും വ്യത്യസ്ത വലിപ്പത്തില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടിതിമിര്‍ത്ത കാലം മറക്കാനാകുന്നില്ല. തുമ്പിതുള്ളല്‍, കുഴിപ്പന്തുകളി ഇങ്ങനെ കൂടാന്‍ കളികള്‍ അനവധി…

ഇന്ന്, മാര്‍ക്കറ്റില്‍ കിട്ടുന്ന തമിഴ്നാട്ടിലെ പൂക്കള്‍ കൊണ്ട് നാം പൂക്കളം ഫ്ളാറ്റുകള്‍ക്ക് മുന്നിലൊരുക്കും.

എങ്ങോ പോയ് മറഞ്ഞൊരു കാലം…

എല്ലാരും സ്വപ്നം കാണുന്നൊരു കാലം…

എല്ലാ മനുഷ്യരും ഒരേപോലെ ജീവിക്കുന്നൊരു നാട്…

അത് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ്, ഒരുപക്ഷേ, വൃഥാ ശ്രമമാണ് ഓണത്തില്‍ കൂടി നാം സാദ്ധ്യമാക്കുന്നത്.

ഓണമെന്നത് ദേശമെങ്ങും ഒരുമിച്ച് ആഘോഷിക്കുന്ന ഉത്സവമാണ്. സത്യം പറഞ്ഞാല്‍ എല്ലാ ഉത്സവങ്ങളും അങ്ങനെതന്നെയാണ്. അല്ലെങ്കില്‍ അങ്ങനെ തന്നെയായിരിക്കണം. പലവിധ ആളുകള്‍ ഒരുമിച്ച് ജീവിക്കുന്ന പ്രദേശങ്ങളില്‍, ഓരോ വിഭാഗക്കാരുടെ ആഘോഷങ്ങളും മറ്റുള്ളവര്‍ക്ക് കൂടി വേണ്ടതാവണം. അപ്പോഴാണ് നമുക്ക് മനുഷ്യര്‍ എന്ന പേരില്‍ അറിയപ്പെടാന്‍ യോഗ്യത വരിക. ജാതിമതവ്യത്യാസമില്ലാതെ സ്ത്രീപുരുഷഭേദമില്ലാതെ തൊഴിലാളി മുതലാളി വേര്‍തിരിവില്ലാതെ ഓണം ആഘോഷിക്കപ്പെട്ടിരുന്നു ഈ നാട്ടില്‍. അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു രംഗം ഞാനോര്‍ത്തുപോകുന്നു ഇപ്പോള്‍. തിരുവനന്തപുരത്ത്, ബ്രാഹ്മണര്‍ മാത്രം താമസിക്കുന്ന കോട്ടയ്ക്കകത്ത് എന്‍റെ ജന്മവീടായ നൈയ്തശ്ശേരി മഠത്തിന്‍റെ മുന്നില്‍ ക്രിസ്തുമസ് കാലത്ത്, എന്‍റെ അച്ഛന്‍ ഞങ്ങള്‍ കുട്ടികള്‍ക്കായി ഒരു നക്ഷത്രം തൂക്കി. അതൊരു ചര്‍ച്ചാവിഷയമായി നാട്ടില്‍. പരിഹസിക്കാനായി ഒരാള്‍ അച്ഛനോട് ചോദിച്ചു 'എന്താ, നിങ്ങള് നസ്രാണിയായോ?' അച്ഛന്‍ ചിരിച്ചുകൊണ്ട് പറഞ്ഞത് ഞാനോര്‍ക്കുന്നു. "ഈ നക്ഷത്രം തൂക്കിയില്ലേ, അപ്പോ മുതല്…" ജാതിമതം നോക്കാതെ വീട്ടിലെത്തിയ അച്ഛന്‍റെ സുഹൃത്തുക്കളും അവരുടെ ജീവിതവും മനുഷ്യരെന്താണെന്ന് മനസ്സിലാക്കാന്‍ പാഠപുസ്തകത്തേക്കാള്‍ സഹായിച്ചു. ഓണവും ഓണക്കാലവും ഇത്തരം സാധാരണക്കാരായ എല്ലാത്തരം മനുഷ്യരെയും ഉള്‍പ്പെടുത്തിയുള്ളതാവണമെന്ന് അന്നാണ് മനസ്സിലാക്കിയത്. അല്ലെങ്കില്‍ ഓണമായാലും സംക്രാന്തിയായാലും അത് പേരില്‍ മാത്രം ഒതുങ്ങി നില്ക്കും.

ഓണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മനുഷ്യരെപ്പോലെ പ്രധാനപ്പെട്ടതാണല്ലോ പ്രകൃതിയും. ഓണക്കാലം വസന്തകാലമാണ്. താമര പൂത്ത കുളങ്ങള്‍, ആമ്പലുകള്‍ നിറഞ്ഞ കുളങ്ങള്‍, അടുക്കള മുറ്റത്തെ കരിംകൂവളം, തോട്ടുവക്കത്തെ മഞ്ഞകോളാമ്പി എല്ലായിടത്തും നിറങ്ങള്‍ മാത്രം. ഇന്നും കണ്ണഞ്ചിക്കുന്ന നിറങ്ങളുണ്ട് ചുറ്റിലും. ഉണ്ടായതും, ഉണ്ടാക്കിയതും…

പൂക്കളുടെ കാര്യം പോലെതന്നെ മുറ്റവും പറമ്പും നിറയെ നിരവധി കായ്കനികളുണ്ടാവും. മത്തന്‍, കുമ്പളം വാഴ, ചേന, ചേമ്പ്, പയര്‍, കാന്താരി, ഇഞ്ചി, മഞ്ഞള്‍ തുടങ്ങി ഉപദംശങ്ങളുണ്ടാക്കാനുള്ള ചേരുവകളൊക്കെ ലഭ്യമായിരിക്കുമിവിടെ. ഇന്ന് പച്ചക്കറി കൃഷി വീണ്ടും വ്യാപകമായിട്ടുണ്ട്. ടെറസ്സില്‍ ചാക്കിലും, പ്ലാസ്റ്റിക് കൂടിലും ഇവ നട്ടുവളര്‍ത്തുന്നു. കാലം പുരോഗമിക്കുംതോറും ജനസംഖ്യ കൂടുന്നതനുസരിച്ച് മനുഷ്യര്‍ക്ക് ലഭ്യമാകുന്ന സ്ഥലവും പരിമിതപ്പെടുന്നു. ഉള്ളതു കൊണ്ട് പൊന്നോണമെന്ന മട്ടില്‍ 'ഫ്ളാറ്റ് കൃഷി'യിലൂടെ നമ്മള്‍ ഭൂമിയേയും ഓണത്തേയും തിരികെപ്പിടിക്കുന്നു.

തലമുറകള്‍ക്കുമുമ്പ് തൊഴിലാളികളെ തന്ത്രപൂര്‍വ്വം മുതലാളിമാര്‍ സുഖിപ്പിച്ചിരുന്നു. ഓണസമ്മാനമായി നെല്ലും ഉപ്പും മുളകും വെളിച്ചെണ്ണയും കൂട്ടത്തില്‍ ഒരു മുണ്ടും നല്‍കി സന്തോഷിപ്പിക്കും അവരെ. 365 ദിവസവും കഷ്ടപ്പെ ട്ട് ജോലി ചെയ്യുന്നതിനുള്ള ബോണസ് ആണത് എന്നും അത് വളരെ കുറവാണെന്നും അവരറിഞ്ഞതേയില്ല. പകരം മുതലാളിമാരെ അവര്‍ പുകഴ്ത്തിപ്പാടി. ഇവിടെയും കാലം മാറി. തൊഴിലാളികള്‍ തൊഴിലെന്താണെന്ന് തിരിച്ചറിഞ്ഞു. ഓണം വന്നാലും ഉണ്ണി പിറന്നാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ എന്ന സ്ഥിതി മാറി. നവോത്ഥാന കാലത്തെ സാമൂഹ്യപരിഷ്കര്‍ത്താക്കളുടെ ദൃശ്യമായ രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ട് നേടിയെടുത്ത കാര്യങ്ങളാണവ.

സമയം പുതുതാണ്. കാലം എന്നും സജീവവുമാണ്. ഓണം, കാലത്തെ പുനരുജ്ജീവിപ്പിക്കുന്നു.

അതുകൊണ്ടാണ് അമ്പത് വര്‍ഷം മുമ്പ് കണ്ട ചില ദൃശ്യങ്ങള്‍ ഇന്നും മായാതെ മനസ്സിലെത്തുന്നത്. പൂനുള്ളാന്‍ പോകുമ്പോള്‍ കണ്ടു വിസ്മയിച്ച തുമ്പ, കലമ്പൊട്ടി, കദളി, കായാമ്പൂ, കോളാമ്പി, വീണ്ട, നെല്ലിപ്പൂ, അരിപ്പൂ… ഇതൊക്കെ വായുവില്‍ ഇന്നും നൃ ത്തം വയ്ക്കുന്നു. കവുങ്ങിന്‍ പൂക്കുല കൈയില്‍ വച്ച് പെണ്‍കുട്ടി ഭ്രാന്തമായി കറങ്ങുന്നു. 'എന്താ തുമ്പീ തുള്ളാത്തൂ? പൂ പോരാഞ്ഞോ? പൂക്കുല പോരാഞ്ഞോ? ആള് പോരാഞ്ഞോ? അലങ്കാരം പോരാഞ്ഞോ? എന്താ തുമ്പീ തുള്ളാത്തൂ?' പാട്ട് ഇന്നും ചെവിയില്‍ മുഴങ്ങുന്നു. കാലം മാറിയോ? മാറി എന്നു പറയാതെ വയ്യ.

കുട്ടികള്‍ ഓണക്കളികള്‍ക്ക് പോകാതെ പുസ്തകം വായിച്ചിരുന്നാല്‍ ശകാരം കേള്‍ക്കുമായിരു ന്നു. 'ഓണമായിട്ട് ഇവിടെ കുത്തിയിരിക്കാതെ പുറത്തുപോയി കളിക്കൂ' എന്ന് അമ്മമാര്‍ പറഞ്ഞിരുന്നു. അകലെയെങ്ങാനും ഒരു പൂവിളി കേട്ടാല്‍ 'ഓ, എന്തൊരു ശല്യം' എന്ന മട്ടില്‍ തലയുയര്‍ത്തി നോക്കി വീണ്ടും പുസ്തകത്തിലേക്ക് തലതാഴ്ത്തുന്ന ഒരു തലമുറയുടെ കാലവും കഴിഞ്ഞു.

ഇന്ന് എല്ലാത്തിനും പകരം ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടാവും. സുഹൃത്തായും, ആഘോഷമായും, ഓണം വന്നുവെന്നറിയുന്നതും, ഓണം ആശംസിക്കുന്നതും ഓണം പര്‍ച്ചേസ് എല്ലാമെല്ലാം ഇതില്‍കൂടി. ഏത് പുതുമയേയും കാലം സ്വീകരിക്കും. മാറി നിന്നാല്‍ ഇന്നല്ലെങ്കില്‍ നാളെ നാം കടപുഴകും. കാലം പുരോഗമിക്കുമ്പോള്‍ മാറ്റങ്ങള്‍ വന്നു ചേരുകതന്നെ ചെയ്യുമല്ലോ. എന്നാല്‍ നൈസര്‍ഗികമായ ആഹ്ലാദവാസന നഷ്ടപ്പെടാതെ നാം സൂക്ഷിക്കേണ്ടതുണ്ട്. ജീവിതം ജീവിച്ച് വിശ്രമവേളയെത്തുമ്പോള്‍ മൊബൈല്‍ ഫോണിന്‍റെ സ്മരണമാത്രം മതിയാവാതെ വരും. മനുഷ്യര്‍ക്ക് മനുഷ്യരോട് തോന്നുന്ന ആത്മബന്ധം ഒരിക്കലും മറക്കാനാവാത്തതാണ്. ഓണക്കോടി ധരിച്ച് സെല്‍ഫി എടുത്ത് ഫേസ് ബുക്കില്‍ ഇടുന്നത് മാത്രമായി ഓണം ചുരുങ്ങരുത്. ഒരാഘോഷവും അങ്ങനെയാവരുത്. പ്രകൃതിയുടെ ആകര്‍ഷണവും മനുഷ്യരുടെ കൂട്ടും ഒരു മനുഷ്യനെ മനുഷ്യനാക്കുന്നു. ഓണം പോലെയുള്ള ആഘോഷങ്ങള്‍ മനുഷ്യരെ മനുഷ്യരായി നിലനിര്‍ത്താന്‍ ആവശ്യമുള്ളതാണ്. ഓണത്തപ്പനും ഓണപ്പാട്ടിനും ഊഞ്ഞാലിനും പായസത്തിനും ഓണക്കോടിക്കും ഓണക്കളിക്കുമപ്പുറം ഒരു ദേശവാസികള്‍ മുഴുവന്‍ ആഘോഷിക്കുന്ന ഉത്സവമാണ് എന്നെ സംബന്ധിച്ചിടത്തോളം ഓണം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org