ദാരിദ്ര്യവും ലാളിത്യവും പ്രഖ്യാപിക്കുന്ന സെപ്തംബര്‍ നാല്

ദാരിദ്ര്യവും ലാളിത്യവും പ്രഖ്യാപിക്കുന്ന സെപ്തംബര്‍ നാല്

ദൈവിക കാരുണ്യത്തിന്റെ ആള്‍രൂപമായ മദര്‍ തെരേസയുടെ നാമകരണ തിരുനാളിനായി ആഗോളസഭ ഉത്സാഹപൂര്‍വ്വം ഒരുങ്ങുകയാണ്. വ്യത്യസ്തവും ലളിതവുമായ ഈ നാമകരണ ആഘോഷത്തിന്റെ പിന്നാമ്പുറ വാര്‍ത്തകളുമായി സത്യദീപത്തിനുവേണ്ടി റോമില്‍ നിന്ന് സി. മരിയ സലോമി MC

ജോണ്‍ പോള്‍ രണ്ടാമന്റെ വിശുദ്ധ പദ പ്രഖ്യാപനത്തിനാണു റോമിനെ അമ്പരപ്പിക്കുന്ന ജനപ്രവാഹം ഉണ്ടായത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയര്‍ നിറഞ്ഞുകവിഞ്ഞു. അങ്ങോട്ടേയ്ക്കുള്ള എല്ലാ വഴികളും തിങ്ങിനിറഞ്ഞു ജനം ഒഴുകി; പത്രോസിന്റെ ബസിലിക്കയിലുള്ള അദ്ദേഹത്തിന്റെ കബറിടം സന്ദര്‍ശിക്കാനും പ്രാര്‍ത്ഥിക്കാനും.
മദര്‍ തെരേസായുടെ വിശുദ്ധ പദപ്രഖ്യാപനത്തിനും ഇങ്ങനെയൊരു ജനപ്രവാഹത്തിന്റെ സാദ്ധ്യത തെളിയുകയാണ്. ഭീകരാക്രമണ ഭീതിയാല്‍ മനസ്സു മരവിച്ച യൂറോപ്പിനും അതിന്റെ ആത്മീയശരീരത്തിനും ഉണര്‍േവകുകയാണ് മദറിന്റെ ചൈതന്യമുണര്‍ത്തുന്ന ഈ ആത്മീയ ആഘോഷം. കാരണം എല്ലാ രാജ്യങ്ങള്‍ക്കും അതിലെ വിശ്വാസികള്‍ക്കും (അവിശ്വാസികള്‍ക്കും) മദര്‍ ഹൃദയത്തിലെവിടെയോ ചേര്‍ത്തുവയ്ക്കപ്പെട്ട നാമമാണ്. തങ്ങളുടെ സ്വന്തം വിശുദ്ധ. വിശുദ്ധിക്ക് ഒരു മറുപേര് ആധുനിക ലോകത്തിനു പറയാനുണ്ടെ ങ്കില്‍ അതിന്റെ പേരു മദര്‍ തെരേസ എന്നാകും.
റോമില്‍ മിഷനറീസ് ഓഫ് ചാരിറ്റിക്ക് അഞ്ചു മഠങ്ങളാണ്. ഒപ്പം ഒരു കണ്‍ടംപ്ലേറ്റീവ് കോണ്‍വെന്റും. ഇതില്‍ ചിര്‍കോ മസിരോ എന്ന സ്ഥലത്തിനടുത്തുള്ള സെന്റ് ഗ്രിഗോറിയോ പ്രൊവിന്‍ഷ്യല്‍ ഹൗസാണു വിശുദ്ധ പദ പ്രഖ്യാപനത്തിന്റെ ഒരുക്കങ്ങളുടെ നേതൃത്വം ഏറ്റെടുത്തിരിക്കുന്നത്. അമിതാഹ്ലാദങ്ങളോ ആരവങ്ങളോ ഇല്ലാത്ത ഒരുക്കങ്ങള്‍.
ഒരുക്കങ്ങളിലൊക്കെ കാണപ്പെടുന്ന സാധാരണമായൊരു കാര്യമുണ്ട്. അനിതരസാധാരണമായൊരു ലാളിത്യം… ദാരിദ്ര്യം… മദറിന്റെ വിശുദ്ധ പദപ്രഖ്യാപനത്തിനു ലോകമെല്ലായിടത്തുനിന്നുംകൂടി എത്തുന്ന എം.സി. സിസ്റ്റേഴ്‌സിന്റെ എണ്ണം കേട്ടപ്പോള്‍ ഒന്നമ്പരന്നു – 150 പേര്‍. പാവങ്ങളുടെയും രോഗികളുടെയും ശുശ്രൂഷയില്‍ ആയിരിക്കുന്ന എം.സി. സിസ്റ്റേഴ്‌സ് അതു വിട്ടുപോരുന്നതില്‍ അര്‍ത്ഥം കാണുന്നില്ല. ഇനി ഈ 150 പേര്‍ താമസിക്കാനായി അവര്‍ കണ്ടെത്തിയിരിക്കുന്ന ഇടം അറിയുമ്പോള്‍ കണ്ണുകളില്‍ ആദരവു നിറയും. ഒരു സ്പാനീഷ് കോണ്‍ഗ്രിഗേഷന്റെ സ്‌കൂളിലെ ക്ലാസ്സുമുറി കളിലത്രേ 50 പേര്‍ താമസിക്കുന്നത്. ബാക്കിയുള്ളവര്‍ റോമിനടുത്തുമിയ കാസനീനയിലുള്ള എംസി കോണ്‍വെന്റിന്റെ പരിസരത്തു താത്കാലികമായി കെട്ടിയുണ്ടാക്കുന്ന ടെന്റിലും. ടെന്റ് ഉണ്ടാക്കി കൊടുക്കുന്നതോ മാള്‍ട്ടാ ഗവണ്‍മെന്റും (ഇറ്റലിക്കടുത്തുള്ള രാജ്യമാണു മാള്‍ട്ട).
സെപ്തംബര്‍ നാലിന്റെ ആഘോഷങ്ങളേക്കാള്‍ സെപ്തംബര്‍ ഒന്നിനുള്ള ആഘോഷത്തിനാണ് എംസി സിസ്റ്റേഴ്‌സ് ഒരുങ്ങികൊണ്ടിരിക്കുന്നത്. അന്നാണു "പാവങ്ങളുടെ തിരുനാള്‍" ക്രമീകരിച്ചിരിക്കുന്നത്. വിയാ കൊണ്‍ചില്യാസാണക്കടുത്തു സാന്താ സിസിലിയ സ്റ്റേഡിയം ഇതിനായി വാടകയ്‌ക്കെടുത്തിരിക്കുന്നു. അതിഥികളായി റോമിലെ മുഴുവന്‍ പാവങ്ങളും ആതിഥേയരായി ഏകദേശം എഴുപതോളം എംസി സിസ്റ്റേഴ്‌സും വത്തിക്കാനില്‍നിന്നു രണ്ടു കര്‍ദിനാളന്മാരും ആതിഥേയരുമൊക്കെ മദര്‍ തെരേസയുടെ ചിത്രം പതിച്ച ഏപ്രണുമായിട്ടായിരിക്കും ശുശ്രൂഷ.
റോമിലെ പ്രസിദ്ധനായ പൗളിചെല്ലിയുടെ ബാന്‍ഡാണു മദറിനെക്കുറിച്ചു മ്യൂസിക്കല്‍ പ്രോഗാം അവതരിപ്പിക്കുന്നത്. മറ്റു സാംസ്‌കാരികപരിപാടികള്‍ക്കൊപ്പം ആഘോഷമായ വിരുന്നും "പാവങ്ങളുടെ ഉത്സവ"ത്തിലുണ്ട്. മറ്റാരാലും ചെറുതാക്കപ്പെടാതിരിക്കാനായി പാവങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലാത്ത ഈ പരിപാടിയില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുക്കുന്നുണ്ട്.
ഏഴു ശാരീരിക പുണ്യങ്ങളെയും ഏഴ് ആദ്ധ്യാത്മിക പുണ്യങ്ങളെയും മദറിന്റെ ജീവിതവെട്ടത്തില്‍ നോക്കിക്കണ്ടുെകാണ്ടാണു സെപ്തംബര്‍ നാലിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. അലഞ്ഞുതിരിയുന്നവരിലേക്കു കടന്നുചെല്ലുമ്പോള്‍ ആഹാരവും വസ്ത്രവും പാര്‍പ്പിടവും കണ്ടെത്താന്‍ സഹായിക്കുന്നതിനൊപ്പം ആഗ്രഹമുള്ളവരില്‍ ആത്മീയ ഉണര്‍വ് ഉളവാക്കാന്‍ കുമ്പസാരത്തിനു സൗകര്യമൊരുക്കിയും (വേണ്ടിവന്നാല്‍ വഴിയരികില്‍ത്തന്നെയും) കുരിശിന്റെ വഴിയോടെ സെന്റ് പീറ്റേഴ്‌സ് ചത്വരവും കരുണയുടെ കവാടവും കടക്കാന്‍ കൂടുമെന്നും എം.സി. സിസ്റ്റേഴ്‌സ് അറിയിച്ചു. നീലയും വെള്ളയും കലര്‍ന്ന തങ്ങളുടെ വസ്ത്രത്തിന്റെ കരുണയുടെ നിറം വര്‍ദ്ധിപ്പിക്കുകയാണ് എം.സി. സഹോദരിമാര്‍.
ഇവരുടെ ആത്മീയ ആവേശത്തില്‍ മതിമറന്ന ഫ്രാന്‍സിസ് പാപ്പയുടെ ഒരു സമ്മാനം അടുത്തിടെ ഇവരെ തേടിയെത്തി. ഈശോസഭയുടെ സ്വന്തമായിരുന്ന വലിയൊരു കെട്ടിടം (വത്തിക്കാനു വളരെ അടുത്തു സാന്തം സ്പിരിത്ത ചാപ്പലിനരികെ) പാപ്പയുടെ അഭ്യര്‍ത്ഥന പ്രകാരം എംസി സഹോദരിമാര്‍ക്കു കൈമാറി. പാപ്പയ്ക്കായി തിരികെയുള്ള സഹോദരിമാരുടെ സമ്മാനവും ഒട്ടും മോശമായില്ല. വത്തിക്കാനടുത്ത് അലഞ്ഞുതിരിയുന്നവര്‍ക്ക് എല്ലാ ദിവസവും അഞ്ചു മണിക്ക് 'സൂപ്പ് കിച്ചണ്‍" എന്ന പേരില്‍ അത്താഴവും അന്തിയുറങ്ങാന്‍ ഇടവും നല്കുന്ന സത്രമായി അത് മാറിയത് പെട്ടെന്നാണ്. 200-ലധികം പേരാണ് എല്ലാ ദിനവും ഇവിടെ എത്തുന്നത്.
സാധാരണ എംസി കോണ്‍ വെന്റ് ചാപ്പലിലേക്കു സിസ്റ്റേഴ്‌സിനല്ലാതെ മറ്റാര്‍ക്കും പ്രവേശനമില്ലാത്തതാണ്. ഈ വര്‍ഷം പതിവു തെറ്റിച്ച്, അലയുന്നവര്‍ക്കൊപ്പം ഇരുന്നു പ്രാര്‍ത്ഥിക്കുന്ന പതിവുകൂടി ആരംഭിച്ചിരിക്കുന്നു. എംസിസി സ്റ്റേഴ്‌സിനും അച്ചന്മാര്‍ക്കും ഒത്തിരി പരിമിതികള്‍ ഉള്ളതിനാല്‍ത്തന്നെ ഇറ്റാലിയന്‍ സെക്കുലര്‍ മാധ്യമങ്ങളും നോണ്‍ ഗവണ്‍മെന്റല്‍ സ്ഥാപനങ്ങളും ഒക്കെയാണ് ഇപ്പോള്‍ സെപ്തംബര്‍ നാലു പബ്ലിസിറ്റി ചെയ്യാന്‍ സഹായിക്കുന്നത്.
സെപ്തംബര്‍ 2-നു പലാത്തിനോയിലുള്ള സാന്താ അനസ്താസായുടെ ബസിലിക്കയില്‍ മദറിന്റെ തിരുശേഷിപ്പു വണങ്ങുന്നതിനുള്ള പ്രത്യേക ദിനവും സെപ്തംബര്‍ 3-നു സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ കാരുണ്യപ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോളണ്ടിയേഴ്‌സിനായി പാപ്പ തന്നെ നേരിട്ടു നടത്തുന്ന മതബോധനവും സെപ്തംബര്‍ 5 നു വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റിന്റെ നേതൃത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന ആദ്യ തിരുനാള്‍ ആഘോഷവുമൊക്കെ കരുണയുടെ നിറമുള്ള ആഘോഷങ്ങള്‍തന്നെയാണ്. പാവങ്ങളുടെ അമ്മയുടെ സഹോദരിമാരും ദാരിദ്ര്യത്തിന്റെയും ലാളിത്യത്തിന്റെയും കൊടിയേറ്റത്തിനായി അണിനിരക്കുന്നതു കത്തോലിക്കാസഭയുടെ ആത്മീയചരിത്രത്തിലെ അ സുലഭ കാഴ്ചയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org