പ്രളയം തന്നത് നന്മയുടെ തിരുവോണം

പ്രളയം തന്നത് നന്മയുടെ തിരുവോണം

നിബിന്‍ കുരിശിങ്കല്‍

സര്‍,
"അണ്ണാന്‍കുഞ്ഞിനും തന്നാലയത് എന്നല്ലേ?" നാടിന്‍റെ ഇന്നത്തെ ദയനീയ സ്ഥിതിയില്‍ ഈ സ്കൂളിലെ വിദ്യാര്‍ത്ഥികളായ ഞാനും എന്‍റെ അനുജന്‍ ബ്രഹ്മയുംകൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു കൊച്ചു സംഭാവന നല്കാന്‍ ആഗ്രഹിക്കുന്നു. കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നല്ല നാളേയ്ക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ഭൂസ്വത്തില്‍നിന്നും ഒരേക്കര്‍ (100 സെന്‍റ്) സ്ഥലം സംഭാവനയായി നല്കാന്‍ നിശ്ചയിച്ചു. അച്ഛന്‍റെ അനുവാദവും ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണു വേണ്ടത്?

വിനീത വിധേയര്‍
സ്വാഹ
ബ്രഹ്മ IX Std

ഷേണായ് സ്മാരക ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയായ സ്വാഹ വി. എസിന്‍റെ ഈ പ്രഖ്യാപനം പുനര്‍ജനിക്കുന്ന കേരളത്തിന്‍റെ നെഞ്ചിടിപ്പാണ്. സ്വാഹയെപ്പോലുള്ള കുഞ്ഞുങ്ങള്‍ മുതല്‍, അഞ്ചു ലക്ഷം രൂപയുടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വണ്ടിയില്‍ കയറ്റി അഭയാര്‍ത്ഥി ക്യാമ്പിലേക്കു വന്ന വൃദ്ധയായ ഒരു അമ്മച്ചിയെപ്പോലുള്ള മനുഷ്യര്‍ ഈ മണ്ണില്‍ നിവര്‍ന്നു നില്ക്കുന്നിടത്തോളം കാലം കേരളം പ്രളയത്തെയും പേമാരിയെയും അതിജീവിക്കുകതന്നെ ചെയ്യും.

ആദ്യകാല്‍വയ്പില്‍ ഭൂമിയും രണ്ടാമത്തേതില്‍ സ്വര്‍ഗവും അളന്നെടുത്ത വാമനനു മുന്നില്‍ മൂന്നാമത്തെ അളന്നെടുപ്പിനായി ശിരസ്സ് നമിച്ചുകൊടുത്ത മഹാബലിയുടെ കഥയായിരുന്നു കഴിഞ്ഞ ഓണക്കാലം മുഴുവന്‍ നാം പാടിത്തീര്‍ത്തതെങ്കില്‍, ഇത്തവണ കഥ മാറുകയാണ്. പാവപ്പെട്ട കൃഷിക്കാരനായ 'അച്ഛന്‍ ഞങ്ങളുടെ നല്ല നാളേക്കായി നല്കിയ ഒരേക്കര്‍ ഭൂമി ഞാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് നല്കുന്നു' എന്ന ഒരു പെണ്‍കുട്ടിയുടെ വില്‍പത്ര രചനയില്‍ മാറ്റിയെഴുതപ്പെടുകയാണ് മഹാബലിയുടെ പുരാതന ചരിതം. ഇതുപോലുള്ള മനുഷ്യരുടെ ശിരസ്സിലാണ് ഇന്നു കേരളം പ്രഭാപൂര്‍വം നിലകൊള്ളുന്നത്. സ്വാഹയുടെ വില്‍പത്രത്താളിനു താഴെ ഒരു ചോദ്യം അവശേഷിക്കുന്നുണ്ട്. 'ഇനി ഞങ്ങള്‍ എന്താണു വേണ്ടത്?' ആ ചോദ്യം മലയാളികളുടെ ഓണസദ്യയുടെ വാഴയിലയില്‍ വിളമ്പപ്പെട്ട നവവിഭവമാണ്. ഓരോ മലയാളിയും വെള്ളം തൊടാതെ വിഴുങ്ങേണ്ട ആ ചോദ്യം. 'ഞാനിനി എന്താണ് കേരളത്തിനുവേണ്ടി ചെയ്യേണ്ടത്, എന്ന ചോദ്യം ഭ്രൂണത്തെ ഉദരത്തില്‍ വഹിക്കുന്ന പെണ്ണിനെപ്പോലെ നാം വഹിച്ചിടേണ്ടതാണ്. കാരണം ഇനിയുള്ള ഓരോ പുലരിയിലും നാം പ്രസവിച്ചിടേണ്ടത് ഈ ചോദ്യത്തിനുള്ള ഉത്തരങ്ങളെയാണ്.

കഴിഞ്ഞ ഓണക്കാലത്ത് ഞാനും നിങ്ങളും ധരിച്ചതു പുതുമണം മാറാത്ത പുത്തനുടുപ്പുകളായിരുന്നുവെങ്കിലും ഇത്തവണ സം ഗതിയതല്ല. ആരോ അമ്പലത്തില്‍ പോകാന്‍ തേച്ചുവച്ച ഡബിള്‍മുണ്ടുടുത്തു മറ്റാരോ അഭയാര്‍ത്ഥി ക്യാമ്പില്‍ ഓണമുണ്ണുന്നുണ്ട്. മകളെ ഉടുപ്പിക്കാന്‍ തുന്നിച്ചേര്‍ത്തുവച്ച പട്ടുപാവാടയുടെ മേല്‍പ്പകുതി ദുരിതാശ്വാസക്യാമ്പിലെ തറയില്‍ മയങ്ങുന്ന ഏതോ കുഞ്ഞിനു തണുപ്പേല്ക്കാതിരിക്കാന്‍ പുതച്ചിരിക്കുന്നു. ഇന്നലെവരെ എനിക്കിഷ്ടപ്പെട്ട രുചിക്കൂട്ടുകളായിരുന്നു ഓണസദ്യയില്‍ വിളമ്പപ്പെട്ടതെങ്കിലും ഇത്തവണ രുചി മാറുകയാണ്. ഏതോ ഉമ്മച്ചി അരച്ചുണ്ടാക്കിയ തേങ്ങാച്ചമ്മന്തിയും ഏതോ നസ്രാണിപെണ്ണു താളിച്ചെടുത്ത തോരന്‍കറിയും നെറ്റിയില്‍ ചന്ദനം ചാര്‍ത്തിയ ഹൈന്ദവ സ്ത്രീ ഇലയിലേക്കു വിളമ്പുമ്പോള്‍ കേരളത്തിലെ കുഞ്ഞുങ്ങള്‍ അത് സ്നേഹത്തോടെ പരസ്പരം വായില്‍വച്ചു കൊടുക്കും. ഇത്തവണ വാഴയിലയിലേക്കു വിളമ്പപ്പെടുന്ന കറികളുടെ കൂടെ 'സ്നേഹ'മെന്ന പുതിയൊരു വിഭവംകൂടി ഉണ്ടാകും. അടപ്രദമന്മാരെ അരികിലേക്കു നീക്കിനിര്‍ത്തി അതിനുപകരമായി വിളമ്പപ്പെടുന്ന കരുണയുടെയും കരുതലിന്‍റെയും പാല്‍പ്പായസത്തിനകത്തു കിടന്നു ജാതിയുടെയും മതത്തിന്‍റെയും പപ്പടങ്ങള്‍ പൊടിഞ്ഞില്ലാതാകും.

കഴിഞ്ഞ ഓണത്തിനു നാം മരത്തില്‍ കയറുകെട്ടി ഊഞ്ഞാലാടിയതോര്‍ക്കുന്നു. ഇത്തവണയും ഊഞ്ഞാലുകള്‍ക്ക് കുറവില്ലായിരുന്നു. ആകാശത്തു പറന്നുയര്‍ന്ന ഹെലിക്കോപ്റ്ററുകളുടെ ഇരുമ്പിന്‍ കാലുകളില്‍ ചുറ്റപ്പെട്ട കനത്ത കയറുകളില്‍ ഗര്‍ഭിണികളും കുഞ്ഞുങ്ങളും വൃദ്ധരും ഊഞ്ഞാലാടിക്കയറി. ഊഞ്ഞാല്‍ കയറ് തകരാതെ ആകാശത്തിന്‍റെ മദ്ധ്യഭാഗത്ത് അവര്‍ക്കായി ഉയിരിന്‍റെ ഊഞ്ഞാലാട്ടം നടത്തിയവരുടെ പേരാണ് ഇന്ത്യന്‍ ആര്‍മി! പതിവുപോലെ തന്നെ ഓണം സമൃദ്ധിയുടേതുതന്നെയാണ്. പക്ഷേ, അതു പണത്തിന്‍റെയോ ഭക്ഷണത്തിന്‍റെയോ അല്ല. സ്നേഹത്തിന്‍റെയും കരുതലിന്‍റെയും കെട്ടിപ്പിടുത്തങ്ങളുടേതുമാണ്. മത്സരങ്ങള്‍ അവസാനിപ്പിച്ചതിന്‍റെയും മതിലുകള്‍ തകര്‍ക്കപ്പെട്ടതിന്‍റെയും മേല്ക്കോയ്മ മായ്ക്കപ്പെട്ടതിന്‍റെയും ഓണമാണിത്.

പ്രളയത്തിന്‍റെ കുത്തൊഴുക്കിനു കുറുകെയായിരുന്നു ഇത്തവണത്തെ വടംവലി. മനുഷ്യരും മനുഷ്യരും തമ്മിലായിരുന്നില്ല മത്സരം. ഒരറ്റത്ത് മനുഷ്യരും മറുഭാഗത്തു മരണവും പിടിമുറുക്കിയ ഉഗ്രന്‍ വടംവലി. തന്‍റെ പ്രിയപ്പെട്ടവര്‍ തോല്ക്കരുതെന്നാശിക്കുന്ന ദൈവങ്ങള്‍കൂടി മനുഷ്യരോടൊപ്പം ജീവന്‍റെ വടത്തില്‍ പിടിമുറുക്കിയപ്പോള്‍ കാലന്‍റെ കയ്യില്‍ നിന്നും ജീവന്‍റെ കയററ്റം കേരളത്തിലേക്കു നാം വലിച്ചെടുത്തു.

കലം തല്ലിപ്പൊട്ടിക്കലിനു പകരം ഇത്തവണ കേരളം കളിച്ചതു വീടുകളുടെ മേല്ക്കൂര തകര്‍ക്കലായിരുന്നു. ഉരുള്‍പൊട്ടലില്‍ മണ്ണിടിഞ്ഞു വീണ വീടുകളുടെ മച്ചും മേല്ക്കൂരയും തകര്‍ത്തു മലയാളികള്‍ ഖനനം ചെയ്തെടുത്തതു ശ്വാസം നിലച്ചുപോകാത്ത ചില നെഞ്ചിന്‍കൂടുകളെയായിരുന്നു. മണ്ണില്‍ നിന്നും വീണ്ടും മനുഷ്യനെ മെനഞ്ഞെടുക്കുന്ന മലയാളികള്‍! 'നാട് പട്ടിണി കിടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല' എന്ന മുദ്രാവാക്യം മുഴക്കി പ്രവാസികള്‍ അയച്ചുകൊടുക്കുന്ന ഭക്ഷണപ്പൊതികളില്‍ മലയാളികള്‍ക്കുള്ള ഓണസമ്മാനം ഒളിഞ്ഞിരിക്കുന്നുണ്ട്.

വെണ്ണിയോട് മഹാവിഷ്ണു ക്ഷേത്രത്തിനകത്തും പുറത്തും തളം കെട്ടിക്കിടക്കുന്ന ചെളിക്കൂമ്പാരം തുടച്ചു മാറ്റുന്ന മുസ്ലീം ചെറുപ്പക്കാര്‍ മലയാളിയുടെ മനസ്സിലെ മതവിരോധ വിദ്വേഷങ്ങള്‍ക്കു മേലെയാണു യഥാര്‍ത്ഥ മനുഷ്യസ്നേഹം ഒഴുക്കി ശുദ്ധികലശം നടത്തിയത്.

ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് പേരിട്ടതിന്‍റെ പൊരുള്‍ ഇപ്പോള്‍ മനസ്സിലാകുന്നുണ്ട്. കുറച്ചു ദിവസങ്ങളായി ദൈവങ്ങള്‍ ഇങ്ങനെ ഓടിനടക്കുകയാണ് കരയിലും കായലിലും കടലിലും തീരത്തും മലയിലും മലയിടിച്ചിലിലും ആകാശത്തും വിമാനത്തിലും ബോട്ടിലും വള്ളത്തിലുമൊക്കെയായി…

അഭയാര്‍ത്ഥി ക്യാമ്പില്‍നിന്നും സ്വന്തം വീട് തുറക്കാന്‍ വന്ന ഒരു പെണ്ണ് ഇന്നലെ പുലരിയില്‍ ഇങ്ങനെ വിളിച്ചു പറയുന്നത് കേട്ടു; 'ക്യാമ്പില്‍ ഞങ്ങള്‍ ഒരുപാട് സന്തോഷിച്ചു… ഒരേ സ്നേഹം ഒരേ സങ്കടം ഒരേ അപ്പം ഒരേ കരുതല്‍ ഒരേ തണുപ്പ് ഒരേ കരച്ചില്‍ ഒരേ ആശ്വാസം… കൂടെ ഉള്ള എല്ലാവരുടെയും ഉള്ളില്‍ ദൈവം ഉണ്ടെന്നു കണ്ടറിഞ്ഞ നിമിഷങ്ങളായിരുന്നു അത്…

വെള്ളം വിഴുങ്ങി കളഞ്ഞ വീടിന്‍റെ ഉമ്മറത്ത് നിന്ന് സ്വന്തം അമ്മ നിലവിളിച്ചു കരയുന്നത് കണ്ട ഒരു മകന്‍ ഇങ്ങനെ കുറിച്ചു; 'നിലവിളിക്കുന്ന അമ്മയെ കണ്ട് എന്‍റെ കണ്ണ് സന്തോഷം കൊണ്ട് നിറഞ്ഞു. കാരണം അങ്ങനെ കരയാനെങ്കിലും എന്‍റെ അമ്മയെ പ്രളയം ബാക്കി വച്ചല്ലോ!'

പതിനഞ്ചു പേരെ വഹിച്ചു കൊണ്ട് രണ്ടു മീന്‍പിടുത്തക്കാര്‍ അവരുടെ വഞ്ചി കരയിലേക്ക് പായിച്ചപ്പോള്‍ കുത്തൊഴുക്ക് കണ്ടു ഭയന്ന് നിലവിളിച്ച സഹോദരിമാരോട് അവര്‍ പറഞ്ഞു: 'ഞങ്ങള്‍ ഇതിനകത്തുള്ളപ്പോള്‍ നിങ്ങളാരും ഒരു തരി പോലും ഭയപ്പെടേണ്ട. ഇതൊക്കെ ഞങ്ങള്‍ കുറെ കണ്ടതാണ്.' 'മീന്‍ പിടുത്തക്കാരെ, നിങ്ങളെ ഞാന്‍ മനുഷ്യരെ പിടിക്കുന്നവരാക്കും' എന്ന വാക്യമൊക്കെ വെറുതെ ഓര്‍ത്തു പോകുന്നു.

ക്യാമ്പ് സന്ദര്‍ശിക്കാന്‍ വന്ന കളക്ടറോട് 'ചേട്ടാ കുറച്ചു ഉപ്പെടുത്തു തരോ?' എന്ന് ചോദിച്ച കൊച്ചു പയ്യനും അവന്‍റെ ഇലയിലേക്ക് ഉപ്പും നമ്മുടെ ഉള്ളിലേക്ക് സ്നേഹവും വിതറിയിട്ടു ചിരിച്ചു നടക്കുന്ന ഒരു കളക്ടറേയും കണ്ടപ്പോള്‍ കരഞ്ഞു കൊണ്ട് ചിരിച്ചു.

മുഖം നിറയെ കണ്ണീരും അകം നിറയെ പ്രാര്‍ത്ഥനയും വയറിനകത്ത് ഒരു ജീവനെയും വഹിച്ചു കാത്തു നിന്ന ഒരു പെണ്ണിനെ ആകാശമാര്‍ഗം വന്ന് ആശുപത്രിയില്‍ എത്തിക്കുകയും സുഖപ്രസവത്തിന് ഇടമൊരുക്കുകയും ചെയ്ത ഒരു പട്ടാളക്കാരന്‍! അതിര്‍ത്തിക്ക് മാത്രമല്ല ഉദരത്തിനും കൂടി കാവലേര്‍പ്പെടുത്തുന്നവര്‍!…

ഓഖിയുടെ പ്രഹരമുദ്ര നടുവില്‍ നിന്ന് മാറിയിട്ടില്ലെങ്കിലും ഹൃദയത്തില്‍ പെര്‍മനന്‍റ് സ്നേഹമുദ്ര പതിപ്പിച്ച കടലിന്‍റെ മക്കള്‍ വള്ളം വജ്രായുധമാക്കിയാണ് ജലത്തോടും പ്രളയത്തോടും പട വെട്ടിക്കയറിയത്.

അഭയാര്‍ത്ഥി ക്യാമ്പുകളിലെ അമ്മമാരുടെ അധരത്തില്‍ നിന്നും പ്രാര്‍ത്ഥന പിന്മാറിയിട്ടില്ല. ക്രിസ്തുവിന്‍റെ മേരിയും അല്ലാഹുവിന്‍റെ ആമിനായും കണ്ണന്‍റെ ദേവികയും ഒരുമിച്ചിരുന്നു പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവത്തിന്‍റെ പോലും കണ്ണ് നിറഞ്ഞു കാണണം. ഒരു കാര്യം ഉറപ്പാണ്. പ്രാര്‍ത്ഥന കേട്ടതുകൊണ്ട് മാത്രമല്ല ദൈവം ഇന്ന് ഈ ശാന്തത നല്‍കിയത്. അത് തീര്‍ച്ചയായും ദൈവം ഒരു കാഴ്ച കണ്ടത് കൊണ്ടാണ് – 'മനുഷ്യന്‍ മനുഷ്യനെ സ്വയം മറന്നു സ്നേഹിക്കുന്നത് കണ്ടതുകൊണ്ട്'. ഈശ്വരന്‍റെ സ്വപ്നവും അതുതന്നെയാണ് – പ്രപഞ്ചം മുഴുവനും പടര്‍ന്നിടേണ്ട ഒരു പ്രണയകാലം!

ഇന്നും വെള്ളം ഇറങ്ങാത്ത ഇടങ്ങളുണ്ടെന്നറിയാം, ക്യാമ്പുകളില്‍ ലക്ഷങ്ങള്‍ പാര്‍ക്കുന്നുണ്ടെന്നുമറിയാം അവരില്‍ അനേകര്‍ക്ക്വീടില്ലെന്നുമറിയാം ചിലര്‍ക്ക് വീട്ടുകാരും, എങ്കിലും പ്രളയജലത്തോടൊപ്പം പ്രിയം നിറഞ്ഞവരുടെ കണ്ണീര്‍പ്രളയം തടയാന്‍ മനുഷ്യരിങ്ങനെ സര്‍വ്വം മറന്നു പാടു പെടുന്നത് കാണുമ്പോള്‍ നെഞ്ചിനകത്ത് സംതൃപ്തിയുടെ ഒരു കാറ്റടിക്കുന്നുണ്ട്… ഇത്രയധികം സ്നേഹമോ… ഇത്രയധികം നന്മയോ നമ്മുടെയൊക്കെ ഉള്ളില്‍!

സത്യമാണ്, ജലം കൊണ്ടുവന്നത് ചേറാണ്, ചെളിയാണ്, ദുരന്തമാണ്. പക്ഷേ ഈ ചേറില്‍ കാലുകുത്തി നില്‍ക്കുന്ന നമ്മുടെയൊക്കെ നെഞ്ചുണ്ടല്ലോ അതില്‍ വേര് പിടിക്കുന്നത് സ്നേഹമാണ്… മനുഷ്യത്വമാണ്.

ഒറ്റപെട്ടു പോയവരെ തിരയുന്ന നമ്മുടെ കണ്ണിലും നിലവിളികള്‍ക്കു കാതോര്‍ക്കുന്ന നമ്മുടെ കാതിലും ആശ്വസിപ്പിക്കാന്‍ അക്ഷരങ്ങള്‍ ഒരുക്കുന്ന നമ്മുടെ നാവിലും മഴക്കാറ് പിടിച്ച മാനത്തിന് മീതെ വരച്ച മഴവില്ലു പോലുള്ള നമ്മുടെയൊക്കെ ചെറു ചിരികള്‍ക്കും പ്രണയത്തിന്‍റെ പ്രഭയാണ്..

പ്രകൃതീ… നീ വിതച്ചത് പ്രളയമാണെങ്കിലും ഞങ്ങള്‍ കൊയ്യുന്നത് പ്രണയമാണ്…

പ്രാര്‍ത്ഥനയോടെ ദൈവത്തിന്‍റെ സ്വന്തം കേരളം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org