പ്രവാചകന്‍ എങ്ങനെ പുരോഹിതനായി?

പ്രവാചകന്‍ എങ്ങനെ പുരോഹിതനായി?

ഡോ. ജോയ്സ് കൈതക്കോട്ടില്‍

"ജനങ്ങളുടെ പാപങ്ങള്‍ക്കു പരിഹാരം ചെയ്യുന്നതിനുവേണ്ടി ദൈവീകകാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാന പുരോഹിതനാകാന്‍ അവന്‍ എല്ലാ കാര്യങ്ങളിലും തന്‍െറ സഹോദരരോടു സദൃശനാകേണ്ടിയിരുന്നു" (ഹെബ്രാ. 2:17). ഹെബ്രായക്കാര്‍ക്ക് എഴുതിയ ലേഖനത്തില്‍ അല്ലാതെ പുരോഹിതന്‍ എന്ന വിശേഷണം യേശുവിന് ചാര്‍ത്തി കൊടുത്തിരിക്കുന്നതായി പുതിയ നിയമത്തില്‍ എങ്ങും കാണുന്നില്ല. സുവിശേഷങ്ങള്‍ ഒരു പ്രാവശ്യം പോലും യേശുവിന്‍റെ പൗരോഹിത്യത്തെക്കുറിച്ചു പറയുന്നില്ല. ജന്മംകൊണ്ടൊ, കര്‍മ്മം കൊണ്ടൊ പുരോഹിതനല്ലാതിരുന്ന യേശു എങ്ങനെ പ്രധാന പുരോഹിതനായി എന്ന ചോദ്യം പ്രസക്തമാണ്. സുവിശേഷങ്ങളില്‍ പ്രവാചകനായി ജനങ്ങളാല്‍ വിളിക്കപ്പെടുകയും പ്രവാചകന്മാര്‍ക്ക് യോജിച്ച രീതിയില്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത യേശുവിന് ആരാണ് ഈ പുരോഹിതവേഷം നല്‍കിയത് എന്ന അന്വേഷണവും എന്തുകൊണ്ട് നല്കി എന്ന ചോദ്യവും പ്രസക്തമാണ്.

പുരോഹിതനെന്ന പദമൊഴികെ മറ്റു പല പേരുകളിലും യേശുവിനെ സുവിശേഷങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ജനങ്ങള്‍ യേശുവിനെ പ്രവാചകനായി പരിഗണിച്ചിരുന്നു. ലോകത്തിലേക്ക് വരാനിരിക്കുന്ന പ്രവാചകന്‍ യേശുവാണെന്ന് അവര്‍ വിശ്വസിച്ചു. അവന്‍റെ പ്രവൃത്തികളും വാക്കുകളും ശ്രദ്ധിച്ചവര്‍ പറഞ്ഞു: ഒരു പ്രവാചകന്‍ നമ്മുടെ ഇടയില്‍ ഉദയം ചെയ്തിരിക്കുന്നു (മത്താ. 16:14; 21:11, 46; മര്‍ക്കോ. 6:15; ലൂക്കാ 7:16; 9:8, 19; യോഹ. 4:19; 9:17). "ദൈവത്തിന്‍റെ പരിശുദ്ധന്‍," "ദൈവപുത്രന്‍," ഇസ്രായേലിന്‍റെ രാജാവ് (യോഹ. 6:69; മത്താ. 14:33; 16:16; 27:54; യോഹ. 1:49; 12:13), റബ്ബി, ഗുരു (മത്താ. 26:25, 49; മര്‍ക്കോ. 9:5; 11:51; യോഹ. 1:38-50) തുടങ്ങിയ പേരുകളിലും സംബോധന ചെയ്യപ്പെടുന്നുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും യേശുവിനെ പുരോഹിതന്‍ എന്നു വിളിച്ചിട്ടില്ല. പ്രവാചകനായിട്ടാണ് യേശു സ്വയം കണക്കാക്കിയിരുന്നത് (മര്‍ക്കോ. 13:57).

യഹൂദരെ സംബന്ധിച്ചിടത്തോളം പൗരോഹിത്യം പാരമ്പര്യമായി കൈമാറിപ്പോരുന്നതായിരുന്നു. പുരോഹിതന്മാരായി ശുശ്രൂഷ ചെയ്യാന്‍ ദൈവം അഹറോനെയും അവന്‍റെ മക്കളെയും ആണ് അവരോധിച്ചത് (പുറപ്പാട് 28:1; 29:4, 8, 15). ഒരു കുടുംബത്തില്‍ നിന്നും മറ്റൊരു കുടുംബത്തിലേക്ക് അത് കൈമാറ്റം ചെയ്യാന്‍ സാധ്യമല്ലായിരുന്നു.

മോശയുടെ നിയമമനുസരിച്ച് യേശു പുരോഹതിനായിരുന്നില്ല. യേശുവിന് പുരോഹിതനാകാന്‍ കഴിയുമായിരുന്നില്ല. യേശു പുരോഹിത കുടുംബത്തില്‍ പെട്ടവനായിരുന്നില്ല, ലേവി ഗോത്രത്തിലും ഉള്‍പ്പെട്ടിരുന്നില്ല. യേശു ദാവീദിന്‍റെ കുടുംബത്തില്‍ നിന്നുള്ളവനായിരുന്നു. യൂദാ ഗോത്രത്തിലാണ് യേശു ഉള്‍പ്പെട്ടിരുന്നത് (മത്താ. 1:20-21). ഹെബ്രായക്കാര്‍ക്കുള്ള ലേഖനത്തില്‍ പറയുന്നു: "നമ്മുടെ കര്‍ത്താവ് ജനിച്ചത് യൂദായുടെ വംശത്തിലാണെന്നു സ്പഷ്ടമാണ്. ഈ വംശത്തിന്‍റെ പൗരോഹിത്യത്തെക്കുറിച്ച് മോശ ഒന്നും പറഞ്ഞിട്ടില്ല" (7:14). സുവിശേഷത്തില്‍ പുരോഹിതരെക്കുറിച്ചോ, പ്രധാന പുരോഹിതനെക്കുറിച്ചോ പരാമര്‍ശിക്കുമ്പോള്‍ അത് പഴയനിയമത്തിലെ ലേവ്യരുടെ പൗരോഹിത്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പല സ്ഥലങ്ങളിലും പ്രധാനപുരോഹിതനും പുരോഹിതരും സുവിശേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് യേശുവിന്‍റെ എതിരാളികളായിട്ടാണ് (മത്താ. 26:3-4). പുരോഹിത വര്‍ഗ്ഗത്തിന് യേശുവിനോടുള്ള വിരോധം യൂദാസ്കറിയോത്തായുമായുള്ള കൂട്ടുകെട്ടിലൂടെയും (മത്താ. 28:14-16) സാന്‍ ഹെദ്രിന്‍ ഉയര്‍ത്തുന്ന ആരോപണത്തിലൂടെയും (മത്താ. 26:57-66), പീലാത്തോസിന്‍റെ അരമനയില്‍ നടക്കുന്ന കുറ്റവിചാരണയിലൂടെയും (മത്താ. 27:3, 12) വ്യക്തമായി സുവിശേഷകര്‍ അവതരിപ്പിക്കുന്നുണ്ട്. അപ്പസ്തോലന്മാരുടെ വചനപ്രഘോഷണസമയത്ത് പുരോഹിതന്മാരും ദേവാലയ സേനാധിപനും സദുക്കായരും യേശുവിന്‍റെ ശിഷ്യര്‍ക്കെതിരെ തിരിയുന്നത് നടപടി പുസ്തകത്തിലും കാണാം (4:1-4).

പഴയ നിയമത്തിലെ പുരോഹിത പതിപ്പുകള്‍ സഭയുടെ ഉള്ളില്‍ നുഴഞ്ഞു കയറിയിട്ടുണ്ട്. യഹൂദ നേതാക്കളെപ്പോലെ സഭയുടെയും സമുദായത്തിന്‍റെയും സംരക്ഷകരായി അവര്‍ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ആചാരങ്ങളുടെ സംരക്ഷണത്തിനും അനുഷ്ഠാനങ്ങളുടെ നിര്‍വ്വഹണത്തിനുമായി യേശുവിന്‍റെ ചൈതന്യത്തെ തന്നെ നിഷേധിക്കുവാനും മടിയില്ലാത്തവരായി മാറിയിട്ടുണ്ട്. അനുഷ്ഠാന ബന്ധിതമായ പൗരോഹിത്യത്തോടും പുരോഹിതരോടും കലഹിക്കുന്ന യേശുവിനെയാണ് സുവിശേഷകര്‍ അവതരിപ്പിക്കുന്നത്. യേശുവിന്‍റെ കാലത്തെ ഫരിസേയരുടെ കൂട്ടാളികള്‍ കേരളസഭയില്‍ ഫണം വിടര്‍ത്തി ആടുന്നുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ "ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍" എന്ന അപ്പസ്തോലിക ഉദ്ബോധനത്തില്‍ വിശുദ്ധിയുടെ രണ്ടു ദുര്‍ഗ്രഹ ശത്രുക്കളെക്കുറിച്ച് (ജ്ഞാനവാദവും പെലാജിയനിസവും) പറയുന്നുണ്ട്. പെലാജിയന്‍ മനോഭാവമുള്ള കൂട്ടര്‍ "ആത്യന്തികമായി അവരുടെ സ്വന്തം ശക്തികളില്‍ മാത്രം വിശ്വസിക്കുന്നു. തങ്ങള്‍ മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠരാണെന്ന് അവര്‍ വിചാരിക്കുന്നു. എന്തെന്നാല്‍ അവര്‍ ചില ചട്ടങ്ങള്‍ പാലിക്കുകയോ ഒരു പ്രത്യേക കത്തോലിക്കാശൈലിയോട് വിട്ടു വീഴ്ച്ചയില്ലാതെ വിശ്വസ്തരായി നിലകൊള്ളുകയോ ചെയ്യുന്നു" (നമ്പര്‍ 49). ഈ കാലഘട്ടത്തിലെ "പെലാജിയന്മാരുടെ" മനോഭാവങ്ങളെയും രീതികളെയും മാര്‍പാപ്പ എടുത്തു പറയുന്നുണ്ട്. അവര്‍ക്ക് "നിയമത്തോട് ഒരു ഒഴിയാബാധപോലെയുള്ള മനോഭാവം, സാമൂഹികവും രാഷ്ട്രീയവുമായ പ്രയോജനങ്ങളോടുള്ള ഒരു ആകര്‍ഷണം, തിരുസഭയുടെ ആരാധനാക്രമം, പ്രബോധനം, അന്തസ്സ് എന്നിവയോട് അനുഷ്ഠാനപരമായ ഒരു താല്‍പര്യം, …സ്വയം സഹായത്തിന്‍റെയും വ്യക്തിപരമായ സംതൃപ്തിയുടെയും പരിപാടികളോടുള്ള അമിതമായ ഒരു താല്‍പര്യം" (നമ്പര്‍ 57) എന്നിവയുണ്ടായിരിക്കും. സോഷ്യല്‍ മീഡിയായിലൂടെ സാധാരണ വിശ്വാസികളുടെ മനസ്സിനെ വിഷലിപ്തമാക്കുന്നതില്‍ ഇക്കാര്യങ്ങളില്‍ അവര്‍ മത്സരബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നുണ്ട്.

യേശുവിന്‍റെ ദൗത്യം പ്രവാചകപാരമ്പര്യത്തിലുള്ളതാണ്. യേശു തന്‍റെ ശുശ്രൂഷ ആരംഭിക്കുന്നതുതന്നെ പഴയനിയമത്തിലെ പ്രവാചകരെപ്പോലെ ജനങ്ങളെ മാനസാന്തരത്തിലേക്ക് ക്ഷണിച്ചുകൊണ്ടാണ് (മത്താ. 4:17; മര്‍ക്കോ. 1:14-15). ലൂക്കായുടെ സുവിശേഷത്തില്‍ ശുശ്രൂഷയുടെ ആരംഭത്തില്‍ തന്നെ യേശു തന്‍റെ സ്വത്വം വെളിപ്പെടുത്തിക്കൊണ്ട് പറയുന്നു: "ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല" (ലൂക്കാ 4:24). യേശുവിന്‍റെ പ്രവൃത്തികളും ജറുസലെമിലേക്കുള്ള രാജകീയ പ്രവേശവും കണ്ട് ജനങ്ങള്‍ വിളിച്ചു പറഞ്ഞു: "ഇവന്‍ ഗലീലിയിലെ നസറത്തില്‍ നിന്നുള്ള പ്രവാചകനായ യേശുവാണ്" (മത്താ 21:11). ഏലീശ്വാ പ്രവാചകന്‍റെയും ഏലീഷാ പ്രവാചകന്‍റേതും പോലുള്ള പ്രവൃത്തികള്‍ യേശു പ്രവര്‍ത്തിക്കുന്നതു കണ്ട് ജനങ്ങള്‍ പറഞ്ഞു: "ലോകത്തിലേക്ക് വരാനിരുന്ന പ്രവാചകന്‍ സത്യമായും ഇവനാണ്" (യോഹ 6:14).

പ്രവാചകന്മാരുടെ പ്രഘോഷണങ്ങളില്‍ ബലിയര്‍പ്പണങ്ങള്‍ക്കെതിരെ ശക്തമായ താക്കീതുകള്‍ ഉണ്ടായിരുന്നു. ഏശയ്യാ പ്രവാചകന്‍റെ വാക്കുകള്‍ ശ്രദ്ധിക്കുക: "നിങ്ങളുടെ നിരവധിയായ ബലികള്‍ എനിക്കെന്തിന്. മുട്ടാടുകളെക്കൊണ്ടുള്ള ദഹനബലികളും കൊഴുത്ത മൃഗങ്ങളുടെ മേദസ്സും എനിക്കു മതിയായി. കാളകളുടെയോ, ആട്ടിന്‍കുട്ടികളുടെയോ മുട്ടാടിന്‍റെയോ രക്തംകൊണ്ട് ഞാന്‍ പ്രസാദിക്കുകയില്ല" (1:11). യേശുവിന്‍റെ നിലപാടും പ്രവാചകന്മാരുടെ നിലപാടിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. മതത്തിന്‍റെ ആധികാരികത ബാഹ്യമായ ആചാരങ്ങളിലല്ലായെന്ന് ഒരു വിവാദത്തിനിടയില്‍ യേശു വ്യക്തമാക്കുന്നുണ്ട് (മത്താ. 15:1-20; മര്‍ക്കോ 7:1-23). സാബത്താചരണത്തിന്‍റെ കേവല പ്രാധാന്യത്തെയും യേശു ചോദ്യം ചെയ്യുന്നുണ്ട് (മര്‍ക്കോ 2:27).

യേശു എന്ന വ്യക്തിക്കോ, യേശുവിന്‍റെ ദൗത്യത്തിനോ പ്രബോധനത്തിനോ പഴയനിയമ പൗരോഹിത്യവുമായി ഒരു ബന്ധവുമില്ലാതിരിക്കെ ഹെബ്രായലേഖന കര്‍ത്താവ് എന്തുകൊണ്ട് പ്രവാചകനായ യേശുവിനെ പുരോഹിതനെന്ന് വിളിച്ചു? യേശുവിന്‍റെ കുരിശുമരണത്തെ ബലിയായി കണ്ടതു കൊണ്ടാണ് അങ്ങനെ വിളിക്കാന്‍ കാരണമായതെങ്കില്‍ അടുത്ത ചോദ്യം ഉയരുന്നത് യേശുവിന്‍റെ മരണം ഒരു പുരോഹിത കര്‍മ്മം ആയിരുന്നോ എന്നതാണ്. യേശുവിന്‍റെ സമകാലികര്‍ ഒരിക്കലും യേശുവിന്‍റെ മരണത്തെ ബലിയായി കണ്ടില്ല. അവരെ സംബന്ധിച്ചിടത്തോളം ബലിയെക്കുറിച്ചുണ്ടായിരുന്ന ധാരണ വ്യത്യസ്തമാണ്. ബലിയര്‍പ്പണം എന്നത് ആചാരപരമായ ഒരു പ്രവൃത്തിയാണ്. ദൈവത്തെ മഹത്ത്വപ്പെടുത്താനും മനുഷ്യനെ ദൈവവുമായി ഐക്യപ്പെടുത്താനുമുള്ള കര്‍മ്മം. അത് ചില വിശുദ്ധമായ ആചാരങ്ങളോടെ നിര്‍വ്വഹിക്കേണ്ടതാണ്. വിശുദ്ധമായ സ്ഥലത്ത് ബലിവസ്തു ദൈവത്തിന് സമര്‍പ്പിക്കുന്നതാണ് ബലിയായി പരിഗണിച്ചിരുന്നത്. എന്നാല്‍ കാല്‍വരിയില്‍ നടന്നത് നിയമപരമായ ശിക്ഷയായിരുന്നു. മരണത്തിന് വിധിക്കപ്പെട്ട ഒരു മനുഷ്യനെ തൂക്കിലേറ്റുകയായിരുന്നു. ഒന്ന് ആചാരപരമായ ബലി, മറ്റൊന്ന് വധശിക്ഷ. വധശിക്ഷയെന്നു പറഞ്ഞാല്‍ നീതിന്യായ പ്രവൃത്തി. ഇത് ദൈവത്തെ മഹത്ത്വപ്പെടുത്തുന്ന പ്രവൃത്തിയായിട്ട് അവര്‍ കണക്കാക്കില്ല. ഹെബ്രായ ലേഖനത്തില്‍ പറയുന്നതുപോലെ ക്രി സ്തുവും…

…കവാടത്തിനു പുറത്തു വച്ച് പീഡനമേറ്റു (13:12). ഈ കാഴ്ചപ്പാടിലൂടെ നോക്കിയാല്‍ യേശുവിന്‍റെ മരണത്തിന് പഴയനിയമത്തിലെ ബലിയുമായോ ബലിയര്‍പ്പണവുമായോ യാതൊരു ബന്ധവുമില്ല. അങ്ങനെയെങ്കില്‍ എന്തു കൊണ്ട് ഹെബ്രായ ലേഖനകര്‍ത്താവ് യേശുവിനെ പുരോഹിതന്‍ എന്ന് വിളിച്ചു? യേശുവിന്‍റെ മരണത്തെ ബലിയായി അവതരിപ്പിച്ചു?

യേശുവിന്‍റെ പീഢാനുഭവ-മരണ-ഉത്ഥാനത്തെക്കുറിച്ചുള്ള ആഴമായ ധ്യാനത്തില്‍നിന്നും ഉയിര്‍ക്കൊണ്ട ധന്യമായ ഒരു ഉള്‍ക്കാഴ്ചയാണ് യഹൂദനായ ഹെബ്രായലേഖന കര്‍ത്താവിന് യേശുവിനെ പുരോഹിതന്‍ എന്നു വിളിക്കാന്‍ പ്രേരണയായത്. ദൈവവുമായുള്ള ഐക്യം യേശു തന്‍റെ ജീവിതത്തിലൂടെയും മരണത്തിലൂടെയും വെളിപ്പെടുത്തിയതുകൊണ്ടാണ് ഹെബ്രായലേഖന കര്‍ത്താവ് യേശുവിനെ പ്രധാന പുരോഹിതന്‍ എന്ന് സംബോധന ചെയ്യാന്‍ ഒരു കാരണം. യേശുവിന്‍റെ മരണം യേശുവിനെ ദൈവത്തില്‍നിന്നും അകറ്റുകയല്ല, ദൈവവുമായി പരിപൂര്‍ണ്ണമായ ഐക്യം സൃഷ്ടിക്കുകയാണ് ചെയ്തത്. പഴയനിയമത്തിലെ പ്രധാന പുരോഹിതന്‍ ആചാരപരമായി കര്‍മ്മങ്ങളിലൂടെ എല്ലാവര്‍ഷവും പാപമോചനത്തിനായി വിശുദ്ധിയുടെ വിശുദ്ധസ്ഥലത്ത് പ്രവേശിച്ചിരുന്നെങ്കിലും ദൈവവുമായുള്ള ഐക്യം സാധ്യമല്ലായിരുന്നു (ഹെബ്രാ 7:11). അതുകൊണ്ട് തന്നെയാണ് എല്ലാ വര്‍ഷവും ആ ചടങ്ങ് ആവര്‍ത്തിക്കേണ്ടി വന്നത്. എന്നാല്‍ യേശു ദൈവവുമായുള്ള ഐക്യം സാധിതമാക്കിയത് സ്വന്തം ജീവിതം പാപമോചനത്തിനായി അര്‍പ്പിച്ചതിലൂടെയാണ്. പഴയ നിയമ പൗരോഹിത്യം അനുഷ്ഠാനത്തിലൂടെ നേടുവാന്‍ ശ്രമിച്ചത്, യേശു തന്‍റെ മരണത്തിലൂടെ സാധിച്ചു. യേശുവിന്‍റെ മരണം അനുഷ്ഠാനപരമായ ഒരു കര്‍മ്മമല്ലായിരുന്നു. യേശു എടുത്ത നിലപാടുകളുടെ അനന്തരഫലമായിരുന്നു. ദൈവത്തോടുള്ള യേശുവിന്‍റെ പുത്രസഹജമായ പൂര്‍ണ്ണ വിധേയത്വമാണ് യേശുവിനെ മരണത്തിലേക്ക് നയിച്ചത്. ശൂന്യവല്‍ക്കരണമാണ് യഥാര്‍ത്ഥ ബലിയെന്നു മനസ്സിലാക്കിയ ഹെബ്രായ ഗ്രന്ഥകാരന്‍ യേശുവിന്‍റെ മരണത്തെ ബലിയായി കണ്ടതു കൊണ്ടാണ് പുരോഹിതന്‍ എന്നു വിളിക്കുന്നത്. അല്ലാതെ പഴയനിയമത്തിലുള്ളതുപോലെ ആചാരപരമായ ബലിയര്‍പ്പണം യേശുവിന്‍റെ ജീവിതത്തില്‍ കണ്ടതുകൊണ്ടല്ല. ക്രിസ്തു എന്താണ് ചെയ്തത്? തന്നെതന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ചു. ഈ പ്രവൃത്തി യേശുവിന്‍റെ സ്വഭാവത്തെ നമുക്ക് കാണിച്ചു തരുന്നു. അതോടൊപ്പം പൗരോഹിത്യത്തിന്‍റെയും. ക്രിസ്തു ദാസനായിത്തീര്‍ന്നതുപോലെ ദാസനായിത്തീരുകയെന്നതാണ് ക്രിസ്തുവിന്‍റെ പൗരോഹിത്യം എന്ന് നാം മനസ്സിലാക്കണം.

യേശുവിനെ പുരോഹിതന്‍ എന്ന് സംബോധന ചെയ്യാനുള്ള മറ്റൊരു കാരണം യേശുവിന് തന്‍റെ സഹോദരങ്ങളോടുള്ള ബന്ധമാണ്. മനുഷ്യകുലത്തോടുള്ള പൂര്‍ണ്ണമായ ഐക്യദാര്‍ഢ്യം മരണത്തിലാണ് പൂര്‍ണ്ണമാകുന്നത്. ഇതിനപ്പുറം മനുഷ്യന്‍റെ അവസ്ഥയോട് താദാത്മ്യപ്പെടാനാവുകയില്ല. അതുകൊണ്ടു തന്നെയാണ് യേശുവിനെ പരിപൂര്‍ണ്ണ മനുഷ്യന്‍ എന്നു വിളിക്കുന്നത്. അവന്‍ എല്ലാകാര്യങ്ങളിലും തന്‍റെ സഹോദരങ്ങളോട് സദൃശനാകേണ്ടിയിരുന്നു (ഹെബ്രാ. 2:17). ദൈവീക കാര്യങ്ങളില്‍ വിശ്വസ്തനും കരുണയുള്ളവനുമായ പ്രധാന പുരോഹിതനാകാനാണ് ഈ താദാത്മ്യപ്പെടല്‍. എന്നാല്‍ മനുഷ്യകുലത്തോടുള്ള ഐക്യദാര്‍ഢ്യം എന്ന ആ ശയം പഴയനിയമത്തിലില്ല. പഴയ നിയമത്തില്‍ ജനങ്ങളില്‍നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടവനാണ് പുരോഹിതന്‍. ആചാരപരമായ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നതിനുള്ള വിശുദ്ധീകരണത്തിനു വേണ്ടി ജനങ്ങളില്‍നിന്നും അകന്നു നില്ക്കണം. എന്നാല്‍ ഹെബ്രായ ഗ്രന്ഥകാരന്‍ യേശുവിനെ പുരോഹിതന്‍ എന്നു വിളിക്കുന്നതിനോട് ചേര്‍ത്തു പറയുന്ന കാര്യം പഴയ നിയമത്തിലെ പൗരോഹിത്യ സങ്കല്പങ്ങള്‍ക്ക് പുതിയൊരു മാനം നല്കുന്നതാണ്. ഇസ്രായേല്‍ പ്രതീക്ഷിച്ചിരുന്ന പുരോഹിതനായ മിശിഹായുടെ ദൗത്യം യേശുവില്‍ പൂര്‍ത്തീകരിക്കപ്പെടുന്നുവെന്ന ബോധ്യമാണ് ഗ്രന്ഥകാരനെ നയിക്കുന്നത്. യേശുവില്‍ വിശുദ്ധ ലിഖിതം അന്വര്‍ത്ഥമാകുന്നു. പഴയനിയമ രൂപീകരണത്തിന്‍റെ ഭാഗമായി സ്വീകരിച്ച വ്യത്യസ്ത പാരമ്പര്യങ്ങളില്‍ പൗരോഹിത്യത്തിനും അനുഷ്ഠാനപരമായ ബലിയര്‍പ്പണത്തിനും പരിഗണനാര്‍ഹമായ ഒരു സ്ഥാനം ഉണ്ട്. എന്നാല്‍ പഴയനിയമത്തില്‍ വേര്‍തിരിച്ചു നിര്‍ത്തപ്പെട്ടവനാണ് പുരോഹിതനെങ്കില്‍ യേശു ജനങ്ങളോട് താദാത്മ്യപ്പെട്ടവനാണ്. പ്രവാചകനായ യേശുവിനെ പുരോഹിതനായിട്ട് ഹെബ്രായ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നുണ്ടെങ്കില്‍ അത് പഴയ നിയമത്തിലെ പുരോഹിത സങ്കല്പങ്ങളുടെ ആവര്‍ത്തനമല്ല, അവയെ തിരുത്തുന്നതാണ്. അതു കൊണ്ടുതന്നെ യേശുവിന്‍റെ പൗരോഹിത്യത്തില്‍ പങ്കുചേരുന്നവര്‍ ആചാരത്തിലും അനുഷ്ഠാനത്തിലും കുടങ്ങി കിടന്ന പഴയനിയമ പൗരോഹിത്യ സ്വഭാവങ്ങളെ കൈവെടിയണം. പ്രവാചകനായ യേശുവിന്‍റെ ധീരമായ നിലപാടുകളുടെ വക്താക്കളായി മാറുകയും പ്രവാചക പൗരോഹിത്യത്തിന്‍റെ മുന്നണിപ്പോരാളികളായി വര്‍ത്തിക്കുകയും വേണം.

ഇന്നും ക്രിസ്തുവിന്‍റെ പ്രസക്തമായ പൗരോഹിത്യഭാവങ്ങള്‍ സഭയില്‍ പ്രകാശിതമാകണമെങ്കില്‍ സത്യത്തിനും നീതിക്കും വേണ്ടി നിലപാടെടുക്കുന്ന പ്രവാചകപൗരോഹിത്യത്തിന്‍റെ വസ്ത്രമണിയുന്നവരുണ്ടാകണം. അധികാര ദുര്‍വിനിയോഗം ചെയ്ത രാഷ്ട്രീയ മത നേതാക്കളെ വെല്ലുവിളിക്കുകയും അതിന്‍റെ പേരില്‍ ക്രൂശിലേറ്റപ്പെടുകയും വധിക്കപ്പെടുകയും ചെയ്ത നസ്രത്തിലെ യുവ പ്രവാചകനെ മെരുക്കിയെടുത്ത്, പഴയനിയമത്തിലെ പൗരോഹിത്യ പാരമ്പര്യത്തില്‍ നിലനിര്‍ത്തി ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും കാവല്‍ക്കാരാക്കി തളച്ചിടാനുള്ള ആധുനിക ശ്രമങ്ങളെ ചെറുത്തു നിന്നാല്‍ മാത്രമെ ക്രിസ്തുവിന്‍റെ മൂല്യം സഭയിലും സമൂഹത്തിലും ഈ കാലഘട്ടത്തിലെ പുരോഹിത ശുശ്രൂഷയിലൂടെ തിരിച്ചറിയുകയുള്ളൂ.

(ആശയത്തോട് കടപ്പാട് – Cardinal Albert Vanhoye)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org