സുവിശേഷത്തില്‍ കല്ലു കടിക്കുന്നു!

സുവിശേഷത്തില്‍ കല്ലു കടിക്കുന്നു!

കഴിഞ്ഞആഴ്ച ഒരു സായാഹ്നത്തില്‍ ഞാന്‍ കേരള കത്തോലിക്കാസഭയുടെ ആസ്ഥാനകാര്യാലയമായ പാലാരിവട്ടത്തെ പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍ററില്‍ (പിഒസി) പോയി.
ബൈബിള്‍ വിഭാഗത്തില്‍ സമ്പൂര്‍ണ ബൈബിളിന്‍റെ അന്യൂനമായൊരു പുതിയ ഭാഷാന്തരം അഥവാ, സംശോധിതപതിപ്പു തയ്യാറായി വരുന്നു. പുതിയ നിയമത്തിന്‍റെ പുതിയ പതിപ്പ് 2012-ല്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അതൊന്നു പരിശോധിക്കുകയായിരുന്നു, എന്‍റെ ഉദ്ദേശ്യം. പ്രത്യേകിച്ച്, 'കരുണയുടെ സുവിശേഷം' എന്ന പേരില്‍ ലൂക്കാ സുവിശേഷത്തിനു തയ്യാറാക്കിയ പഠനബൈബിള്‍ കാണുക. സുവിശേഷങ്ങളിലെ രണ്ട്-മൂന്നു തിരുവചനങ്ങള്‍ കാലങ്ങളായി എന്നിലുണര്‍ത്തുന്ന അസ്വസ്ഥത പരിഹരിക്കപ്പെട്ടിരിക്കുമോ എന്നറിയാന്‍തന്നെ.
പദേ പദേ ആഴത്തില്‍ ചിന്തിച്ചും അര്‍ത്ഥം മനനം ചെയ്തും ധ്വനികള്‍ വ്യവച്ഛേദിച്ചും പ്രാര്‍ത്ഥനാപൂര്‍വകമാണു ബൈബിളിന്‍റെ ഭാഷാപതിപ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ലോകമെങ്ങുമുള്ള ജനകോടികള്‍ വായിച്ച്, ധ്യാനിച്ച്, പഠിച്ച് ജീവിതത്തിനു മാര്‍ഗദര്‍ശകമാക്കുന്ന വി. ഗ്രന്ഥത്തില്‍ ഒരു പദത്തിനുപോലും അര്‍ത്ഥവ്യതിരേകം സംഭവിക്കരുതെന്ന നിഷ്ഠയോടെയാണു ബൈിബള്‍വിവര്‍ത്തകര്‍ ആ പാവന ദൗത്യം ഏറ്റെടുക്കുന്നത്. ഇപ്പോള്‍, ഇവിടെ തപസ്സിരുന്ന്, വാക്കുകളുടെ നാനാര്‍ത്ഥങ്ങളിലും ധ്വനിഭേദങ്ങളിലും കാലികമായ സാംസ്കാരികസൂചനകളിലും ഇവര്‍ ഗവേഷണം ചെയ്യുന്നത് സാര്‍വത്രികവും സാര്‍വലൗകികവുമായ നൂതനകാഴ്പ്പാടുകളോടുകൂടിയ ഒരു ഭാഷാവിവര്‍ത്തനം നമുക്കു സമ്മാനിക്കാന്‍ വേണ്ടിയാണ്. നൂറു രൂപ മാത്രം കൊടുത്ത്, ഈ അമൂല്യഗ്രന്ഥം കൈപ്പറ്റുന്ന നമ്മളുണ്ടോ, ഇതിന്‍റെ പിമ്പില്‍ പ്രവര്‍ത്തിച്ച നിരവധി പേരുടെ ത്യാഗപൂര്‍ണമായ സമര്‍പ്പിതചേതസ്സിനെ സ്മരിക്കുന്നു, ആദരിക്കുന്നു!
ഇവിടെ നിരന്നിരിക്കുന്ന ഈ ബൈബിള്‍പണ്ഡിതന്മാര്‍ പലരും എനിക്കു പരിചിതരാണ്. കേരളത്തിലെ വിവിധ രൂപതകളില്‍പ്പെട്ട മിടുക്കന്മാരായ കൊച്ചച്ചന്മാരും സിസ്റ്റര്‍മാരും – എന്‍റെ കൊച്ചനുജന്മാരും അനുജത്തിമാരുംതന്നെ. ഞാനെത്തിയിരിക്കുന്നതോ, ലഘുവായൊരു കാര്യവുമായിട്ട്! പറയട്ടെ, ഞാനൊരു ബൈബിള്‍ പണ്ഡിതനല്ല. ഒരു പ്രാവശ്യമെങ്കിലും ശ്രദ്ധാപൂര്‍വം ആഗ്രന്ഥം മുഴുവന്‍ വായിച്ചിട്ടുണ്ടെന്ന് അവകാശപ്പെടാനും കഴിയില്ല. എന്നിട്ടിപ്പോള്‍, ഒരു പദത്തിന്‍റെ പ്രയോഗസാംഗത്യം അന്വേഷിച്ചെത്തിയിരിക്കുന്നു! എന്നാലോ, ആ പദം എനിക്കൊരു അസ്വസ്ഥതയാണെന്ന് ആരോടു പറയാന്‍! കേള്‍ക്കുന്നവര്‍ ചിരിച്ചാലോ?
സുവിശേഷങ്ങളിലെ ചില കൊച്ചു വാക്യങ്ങള്‍ എന്നെ അലസോരപ്പെടുത്തുന്നു. "നിങ്ങള്‍ വിജാതീയരുടെ അടുത്തേയ്ക്കു പോകരുത്; സമറിയാക്കാരുടെ പട്ടണത്തില്‍ പ്രവേശിക്കുകയുമരുത്" (മത്താ. 10:5); "നിങ്ങള്‍ പോയി ആ കുറുക്കനോട് പറയുക" (ലൂക്കാ 13:32); "മക്കളുടെ അപ്പമെടുത്തു നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കരുത്" (മര്‍ക്കോ 7:27) എന്നിങ്ങനെ ചില വാചകങ്ങള്‍ വായിക്കുമ്പോള്‍, ഈശോ അങ്ങനെ പറയാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയിട്ടുണ്ട്. അതു പോകട്ടെ.
എന്‍റെ പ്രശ്നം: "യേശു അവരോടു പറഞ്ഞു, സ്വന്തം പിതാവിനെയും മാതാവിനെയും, ഭാര്യയെയും മക്കളെയും, സഹോദരന്മാരെയും സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്‍റെ അടുത്തു വരുന്ന ആര്‍ക്കും എന്‍റെ ശിഷ്യനായിരിക്കാന്‍ കഴിയില്ല" (ലൂക്കാ 14:26). തന്‍റെ ശിഷ്യത്വത്തിനു നല്കേണ്ട വിലയെക്കുറിച്ചാണു യേശു പറയുന്നത്. യാതൊരു സാഹചര്യത്തിലും എനിക്ക് എന്‍റെ മാതാപിതാക്കളെയോ സഹോദരങ്ങളെയോ വെറുക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല! അതുപോലെ എന്‍റെ ജീവനെയും.
മാനവതയുടെ പാവനബന്ധങ്ങള്‍: മനുഷ്യബന്ധങ്ങളില്‍ ഏറ്റം പാവനവും പരിശുദ്ധവും, ദൃഢവും ആഴമേറിയതുമാണു മാതാപിതാക്കളും മക്കളും, സഹോദരീ-സഹോദരന്മാരും ഭാര്യാ-ഭര്‍ത്താക്കന്മാരും തമ്മിലുള്ളത്. അവയില്‍ ഉണ്ടായേക്കാവുന്ന നേരിയ സ്നേഹക്കുറവോ ധാരണപ്പിശകോപോലും നമ്മെ മാത്രമല്ല, നമ്മെ അറിയുന്ന എല്ലാ നല്ല മനുഷ്യരെയും വേദനിപ്പിക്കും. പരമപവിത്രമായ ഈ ബന്ധങ്ങളുടെയിടയില്‍ 'വെറുപ്പ്' നുഴഞ്ഞുകയറിയാല്‍, അതു നമ്മെ എത്രമേല്‍ അസ്വസ്ഥരാക്കുമെന്നു ചിന്തിക്കാന്‍ പോലും പ്രയാസം. അപൂര്‍വമായുണ്ടാകുന്ന അത്തരം ദുരനുഭവങ്ങള്‍ ചിലരെ ഭ്രാന്തു പിടിപ്പിക്കുന്നു; ക്രൂരവും ഹീനവുമായ പ്രതികരണങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു. അതുകൊണ്ട്, അവരെയൊക്കെ 'വെറുക്കാതെ' എന്‍റെയടുത്തു വരുന്നവര്‍ക്ക് എന്‍റെ ശിഷ്യരായിരിക്കാന്‍ സാധിക്കില്ല" എന്നു യേശു പറയുമ്പോള്‍, എന്‍റെ നെറ്റി ചുളിഞ്ഞുപോകുന്നു.
Hate വെറുപ്പ്, വെറുക്കുക: Hate എന്ന ഇംഗ്ലീഷ്പദം നാമവും ക്രിയയുമാണ്. നാമമാകുമ്പോള്‍, വെറുപ്പ്, അനിഷ്ടം, കോപം, ദേഷ്യം, തിന്മ, അറപ്പ്, ജുഗുപ്സ എന്നൊക്കെ അര്‍ത്ഥം; ക്രിയയാകുമ്പോള്‍, തീവ്രമായ അനിഷ്ടം കൊള്ളുക, നികൃഷ്ഠമായി കരുതുക, തീക്ഷ്ണമായി നിന്ദിക്കുക എന്നും. 'വെറുക്കുക' എന്ന ഭാഷാക്രിയയുടെ അര്‍ത്ഥവ്യാപ്തി യേശു ഉപയോഗിച്ച ഹീബ്രുപദത്തിനോ ഇംഗ്ലീഷ് തുടങ്ങിയ ഭാഷാപദങ്ങള്‍ക്കോ ഉണ്ടോയെന്ന് എനിക്കറിഞ്ഞുകൂടാ.
ലൂക്കാ സുവിശേഷം ഇംഗ്ലീഷ് പതിപ്പില്‍ നാലിടങ്ങളില്‍ Hate എന്ന പദം ഉപയോഗിക്കുന്നുണ്ട്: 1:71; 14:26; 6:22; 16:13. 14:26.
ലൂക്കാ സുവിശേഷം മലയാളം പതിപ്പില്‍ 1:71; 14:26 എന്നീ രണ്ടിടങ്ങളില്‍ Hate എന്ന ഇംഗ്ലീഷ് ക്രിയ 'വെറുക്കുക' എന്നാണു പിഒസി ഭാഷാന്തരപ്പെടുത്തിയിരിക്കുന്നത്; 6:22; 16:13 എന്നീ രണ്ടിടങ്ങളില്‍ Hate 'ദ്വേഷിക്കുക' എന്നും. വെറുക്കുക, ദ്വേഷിക്കുക എന്നീ ക്രിയാപദങ്ങള്‍ക്ക് അര്‍ത്ഥവ്യത്യാ സം വളരെയുണ്ട്. ദ്വേഷം കോപത്തോടും വെറുപ്പ് അറപ്പിനോടും ബന്ധപ്പെട്ടിരിക്കുന്നു. വെറുക്കുക എന്ന പദത്തിന്‍റെ 'അറയ്ക്കുക', 'നിന്ദിക്കുക', 'ജുഗുപ്സ ഉളവാക്കുക' എന്നിങ്ങനെ അരോചകമായ ലീലധ്വനികള്‍ 'ദ്വേഷിക്കുക' എന്ന പദത്തിനില്ല.
കേരള കാത്തലിക് ബിഷപ്സ് കോണ്‍ഫ്റന്‍സ് (കെസിബിസി) പിഒസി ബൈബിള്‍ കമ്മീഷന്‍റെ പഴയ പതിപ്പുകളിലും 2012-ലെ നവീകരിച്ച പതിപ്പിലും, Word to World Foundation Pvt. Ltd, TVM 'വിശുദ്ധ സത്യവേദപുസ്തകത്തിലും Hate-നു വെറുക്കുക എന്ന വാക്കുതന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. 'പ്ശീത്താ' വിവര്‍ത്തനത്തില്‍ (The Syrian Orthodoz Bible Socciety of India, തിരുവല്ല, 1994) Hate-നു വെറുക്കുക എന്നതിനു പകരം 'പരിത്യജിക്കുക' എന്ന ക്രിയയാണ് ഉപയോഗിച്ചിരിക്കുന്നത്: "…പരിത്യജിക്കാതിരിക്കുകയും ചെയ്യുന്നവന് എന്‍റെ ശിഷ്യനായിരിപ്പാന്‍ സാദ്ധ്യമല്ല."
ഈ അന്വേഷണത്തിന്‍റെ ചുരുക്കമിതാണ്: 1. ഇംഗ്ലീഷില്‍ വാക്കു മിക്കവാറും എല്ലായിടത്തും 'Hate' എന്നുതന്നെ. 2. മലയാളത്തില്‍, അര്‍ത്ഥാന്തരങ്ങളില്‍ മനസ്സുവച്ചു പല പ്രസാധകന്മാരും വെറുക്കുക/പരിത്യജിക്കുക/ദേഷിക്കുക/ പകക്കുക എന്നെല്ലാം പ്രയോഗിച്ചിരിക്കുന്നു. അതുകൊണ്ട്, 'വെറുക്കുക' എന്ന പദത്തേക്കാള്‍ കൂടുതല്‍ സ്വീകാര്യമായൊരു പദം ഉപയോഗിക്കുന്നതില്‍ തെറ്റില്ലെന്നു തോന്നുന്നു.
അനുഭവങ്ങളില്‍ വൈവിദ്ധ്യം: ദേഷ്യമോ നിരാശയോമൂലം മകന്‍ പിതാവിനെയും പിതാവു മകനെയോ വെട്ടിക്കൊല്ലുകയും തല്ലിക്കൊല്ലുകയുമൊക്കെ ചെയ്യുന്ന അതിദുഃഖകരമായ സംഭവങ്ങള്‍ പത്രങ്ങളില്‍ നാം വായിക്കാറുണ്ടല്ലോ. വെറുപ്പുകൊണ്ട് ഒരു മകന്‍ അപ്പന്‍റെ മുഖത്തു കാര്‍പ്പിച്ചു തുപ്പി, വീടുവിട്ട് ഇറങ്ങിപ്പോയൊരു സംഭവവും എനിക്കറിയാം. രണ്ടും താരതമ്യാതീതമാണ്. ഒന്ന് അറുംകൊലയാണ്; മറ്റേതു കൊല്ലാക്കൊലയാണ് എന്നൊക്കെ വിശദീകരിക്കുന്നവരെ കണ്ടിട്ടുണ്ട്. രണ്ടാമത്തെ സംഭവത്തിലെ പിതാവിനെ പിന്നീടൊരിക്കലും നീരണിയാക്കണ്ണുകളോടെയല്ലാതെ കണ്ടിട്ടില്ല; തേങ്ങി വിറയ്ക്കാതെ സംസാരവുമില്ല. ഒന്നില്‍ ക്രോധവും മറ്റേതില്‍ നിന്ദയുമാണു ചാലകശക്തി.
ഇതൊന്നും അറിഞ്ഞുകൂടാത്തവരല്ല, തിരുവചനം ഭാഷാന്തരം ചെയ്യുന്നവര്‍. ഓരോ വാക്കിന്‍റെയും അര്‍ത്ഥാന്തരങ്ങമെല്ലാം മനസ്സിലിട്ടു തൂക്കി അളന്നു തന്നെയാവും അവര്‍ പദങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളത്. അണ്ണാന്‍കുഞ്ഞിനെ മരം കയറാന്‍ പഠിപ്പിക്കുകയല്ല, ഞാന്‍. ഞാന്‍ അവരെ നന്ദിയോടെ ആദരിക്കുന്നു എന്നാവര്‍ ത്തിക്കട്ടെ.
ചിലര്‍ പറയുന്നതും എനിക്കു പറയാനുള്ളതും: 1. ബൈബിള്‍ പണ്ഡിതന്മാര്‍ പറയുന്നത് ഇതൊരു പുതിയ ആശയമല്ല; വ്യത്യസ്തമായ പദങ്ങളില്‍ യേശു നേരത്തെതന്നെ ഇതു പറഞ്ഞിട്ടുള്ളതാണ്. ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍, അവന്‍ തന്നെത്തന്നെ പരിത്യജിച്ച്, തന്‍റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ" (ലൂക്കാ 9:23). ഇതുതന്നെയാണു ലൂക്കാ 9: 58-62-ലും ഭംഗ്യന്തരേണ പറയുന്നതത്രേ.
ആയിരിക്കാം; ഞാന്‍ ആശയത്തെക്കുറിച്ചല്ല, 'വെറുക്കുക' എന്ന വാക്കിനെക്കുറിച്ചു മാത്രമാണു പറയുന്നത്. അത്തരമൊരു വാക്ക് ഇവിടെയെങ്ങും ഇല്ലല്ലോ.
2. പിതാവായ ദൈവത്തിന്‍റെ ഹിതമാദരിച്ച്, യേശു അമ്മ മറിയത്തോടും വളര്‍ത്തുപിതാവു വി. യൗസേപ്പിനോടുമുള്ള കൂറു തള്ളിപ്പറഞ്ഞുവല്ലോ (ലൂക്കാ 2:49); 8:21; മര്‍ക്കോ. 3:31-35).
ഈ അഭിപ്രായം ഇവിടെ പ്രസക്തമല്ല. മാതാപിതാക്കള്‍ വിട്ടുപോയ ഒരു വസ്തുതയിലേക്കു യേശു വിരല്‍ചൂണ്ടുക മാത്രമാണിവിടെ. എന്നാല്‍, അക്കാര്യം യേശു അവരെ നേരത്തെ അനുസ്മരിപ്പിക്കുന്നതായിരുന്നില്ലേ, ഉചിതം എന്നു ചോദിച്ചാല്‍, അതേയെന്ന് ഉത്തരം. ആ ദേവാലയരംഗം അവസാനിക്കുന്നതു ശ്രദ്ധിക്കൂ: "പിന്നെ അവന്‍ അവനോടൊപ്പം പുറപ്പെട്ട്, നസ്രത്തില്‍ വന്ന്, അവര്‍ക്കു വിധേയനായി ജീവിച്ചു" (ലൂക്കാ 2:51).
സമ്പൂര്‍ണമായ ആത്മസമര്‍പ്പണത്തിന്‍റെ കാര്യമാണിത്; യേശു സ്വയം പിതാവിനു സമര്‍പ്പിച്ചതുപോലെ: "നീ നിന്‍റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണ ശക്തിയോടും പൂര്‍ണമനസ്സോടുംകൂടെ സ്നേഹിക്കണം; നിന്‍റെ അയല്ക്കാരനെ നിന്നെപ്പോലെയും" (ലൂക്കാ 10:27) എന്നതി രുവചനമോര്‍ക്കുക. വി. മത്തായി ഒന്നും നാലും പ്രമാണങ്ങളെ താരതമ്യം ചെയ്യുകയാണ്; ലൂക്കായാകട്ടെ ഒന്നാം പ്രമാണത്തിന്‍റെ പ്രാഥമ്യത്തില്‍ ഊന്നുകയും.
ഈ വാദം അടിയോടെ തള്ളിക്കളയുന്നില്ല. രക്തസാക്ഷികളുടെ ജീവിതം നമുക്കറിയാമല്ലോ. അതിനപ്പുറം സാങ്കല്പികമായൊരു സ്വപ്നത്തിനുവേണ്ടി 'വെറുപ്പ്' എന്ന വാക്കിനെ കൂട്ടുപിടിക്കണോ?
5) സമാനസന്ദര്‍ഭത്തില്‍ വി. മത്തായി എഴുതുന്നത് നോക്കുക (മത്താ. 10:37-38 = ലൂക്കാ 14: 26-27).
വി. ലൂക്കാ പ്രകൃതത്തില്‍ "എന്‍റെ ശിഷ്യനായിരിക്കാന്‍ കഴിയില്ല" എന്നു മൂന്നു വട്ടം ആവര്‍ത്തിക്കുമ്പോള്‍ വി. മത്തായി "എനിക്കു യോഗ്യനല്ല" എന്നു മൂന്നുവട്ടം ആവര്‍ത്തിക്കുന്നു. ലൂക്കാ ഉദ്ദേശിക്കുന്നതെല്ലാം മത്തായിയുടെ വചനത്തിലൂണ്ട്; അറപ്പും വെറുപ്പും ഇല്ലതാനും. സുവിശേഷകനായ ലൂക്കായെയും പില്ക്കാലത്തെ ഏതൊരു വ്യാഖ്യാതാവിനെയും അപേക്ഷിച്ച്, സുവിശേഷകനും യേശുവിന്‍റെ അപ്പസ്തോലന്മാരില്‍ ഒരുവനുമായിരുന്ന മത്തായിക്കു യേശുവിന്‍റെ മനസ്സു മനസ്സിലായിരിക്കില്ലേ? പരിശുദ്ധാത്മാവിന്‍റെ പ്രചോദനം ഞാന്‍ വിസ്മരിക്കുകയല്ല.
ചുരുക്കാം: പടിഞ്ഞാറു നോക്കിയാണു കേരള സംസ്കാരം തിടം വയ്ക്കുന്നത്. അവിടെ മനുഷ്യബന്ധങ്ങള്‍ക്കു മൂല്യം കുറഞ്ഞിരിക്കുന്നു എന്ന പരാതിയില്‍ കഴമ്പുണ്ട്. നമ്മുടെ കുടുംബബന്ധങ്ങള്‍ അതിവേഗം ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. കൂട്ടുകുടുംബങ്ങളുടെ സ്ഥാനത്ത് അപ്പനും അമ്മയും മക്കളും മാത്രമുള്ള അണുകുടുംബങ്ങള്‍ എന്നേ വേരുറപ്പിച്ചുകഴിഞ്ഞു! അതോടെ കൈമോശം വന്നതു പവിത്രമായ രക്തബന്ധങ്ങളും പരസ്പരമുണ്ടായിരുന്ന ഭദ്രതാബോധവും അനുഗൃഹീതവും കുലീനവുമായ മാനവബന്ധങ്ങളുമാണ്.
ഇന്നു മക്കള്‍ക്കു കഷ്ടിച്ചു മാതാപിതാക്കളോടു മാത്രമേ ബന്ധമുള്ളൂ; മാതാപിതാക്കള്‍ക്കു മക്കളോടും. അതുപോലും പതിനെട്ടാം വയസ്സില്‍ കൊത്തിപ്പിരിയുന്ന, കൊത്തിപ്പിരിക്കുന്ന, പാശ്ചാത്യകുടുംബങ്ങളുടെ ചുവടുപിടിച്ചാണു നീങ്ങിക്കൊണ്ടിരിക്കുന്നത്. 'ആരും സ്വന്തമല്ല, എല്ലാവരും അന്യനാണ്' എന്ന ചിന്ത കൊഴുത്തുവരുന്നു. പകയും ശത്രുതയും, കൊലയും ചതിയും ഏറിയേറിയും വരുന്നു. "നിങ്ങള്‍ക്ക് എന്നില്‍ നിന്നു കിട്ടേണ്ടതു കോര്‍ബന്‍ – അതായതു വഴിപാടാണന്നു പറഞ്ഞാല്‍ മതി (മര്‍ക്കോ. 9:11) എന്ന നിയമജ്ഞ-ഫരിസേയരുടെ 'ദേവസ്വം' സംസ്കാരത്തിലേക്ക് ഇവിടെനിന്ന് എത്ര ദൂരം? ലൂക്കായുടെ 14:26 അതിനൊക്കെ നീതീകരണമായി ആരും ചൂണ്ടിക്കാണിക്കാന്‍ ഇടയാകാതിരിക്കട്ടെ!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org