സ്വാശ്രയവിദ്യാഭ്യാസം – അകവും പുറവും

സ്വാശ്രയവിദ്യാഭ്യാസം – അകവും പുറവും

ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

രോഹിത് വെമുലയുടെ മരണത്തിനുശേഷം ക്യാമ്പസ്സുകളുടെ കെമസ്ട്രി മാറിയത് തിരിച്ചറിയണം

ലാഭേഛയില്ലാതെ പ്രവര്‍ത്തിച്ച മിഷനറിമാരുടെ നിസ്വാര്‍ത്ഥ സേവന ശൈലി ക്രൈസ്തവ സ്വാശ്രയ മാനേജ്മെന്‍റുകള്‍ ഉപേക്ഷിച്ചുവെന്ന് കേരള മുഖ്യമന്ത്രി ഈയിടെ കോഴിക്കോട്ട് പ്രസ്താവിച്ചത് ഖേദകരമാണ്. ഇത് ഒരൊറ്റപ്പെട്ട പ്രസ്താവനയായി മാത്രമേ കാണുന്നുള്ളുവെന്നും സര്‍ക്കാരിന്‍റെ പൊതു അഭിപ്രായമായി കരുതുന്നില്ലെന്നും സീറോ-മലബാര്‍ സഭാതലവന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രതികരിച്ചത് തന്നെയാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കുള്ള ഏറ്റവും ഉചിതമായ മറുപടി. കര്‍ദ്ദിനാളിന്‍റെ മറുപടി പക്വവും അഭിനന്ദനാര്‍ഹവും അതിനാല്‍തന്നെ അര്‍ത്ഥപൂര്‍ണ്ണവുമാണ്. വേണ്ടത്ര പഠനം നടത്താതെ, ഈ മേഖലയില്‍ അടുത്തിടെ തലപൊക്കിയ പ്രശ്നങ്ങള്‍ (പ്രത്യേകിച്ച് ജിഷ്ണു പ്രണോയുടെ വേദനിപ്പിക്കുന്ന മരണം) ഉളവാക്കിയ പിരിമുറുക്കം മൂലമായിരിക്കണം ഇത്തരം ഒരു അഭിപ്രായപ്രകടനം എന്ന് പിതാവിന്‍റെ പ്രതികരണത്തില്‍ നിന്ന് വായിച്ചെടുക്കാം. മുഖ്യമന്ത്രിയുടെ പ്രസംഗം സസൂക്ഷ്മം പഠിക്കുമ്പോഴും "എല്ലാവരും അങ്ങനെയാണെന്നല്ല" എന്ന വാക്കുകള്‍ സത്യസന്ധമായി ഈ മേഖല യില്‍ പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സ്വാശ്രയസ്ഥാപനങ്ങള്‍ക്കുള്ള ഒരു കോംപ്ലിമെന്‍റ് തന്നെയാണ്. പുത്തന്‍തലമുറ സ്വാശ്രയകോളേജുകള്‍ ആരംഭിച്ചിട്ട് ഒന്നരവ്യാഴവട്ടം പൂര്‍ത്തിയാകുന്ന ഈ അവസരത്തില്‍ ക്രൈസ്തവ മാനേജ്മെന്‍റുകള്‍ അടക്കമുള്ള സ്വാശ്രയസ്ഥാപനങ്ങള്‍ സത്യസന്ധമായ വിലയിരുത്തല്‍ നടത്തുന്നത് ഉചിതമായിരിക്കും. പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം മാത്രമല്ല, മാര്‍ഗ്ഗവും ക്രൈസ്തവമായിരിക്കണമല്ലോ.
ചെറിയ മാര്‍ക്കിന്‍റെ കുറവില്‍ കേരളത്തിലെ മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കാതെ, വളരെ മുമ്പേ തന്നെ മറ്റ് സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്വാശ്രയ- ഓട്ടോണമസ് കോളേജുകളില്‍ ലക്ഷങ്ങള്‍ – തലവരിപണം, ട്യൂ ഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീസ് – ചെലവാക്കി പ്രവേശനം വാങ്ങുന്ന നിസ്സഹായവസ്ഥയ്ക്ക് പരിഹാരം എന്ന നിലയിലാണ് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്‍റണി സ്വകാര്യ മേഖലയില്‍ സ്വാശ്രയകോളേജുകള്‍ എന്ന നയം പ്ര ഖ്യാപിച്ചത്. എന്‍.ഒ.സി. വാങ്ങിതരാമെന്ന പേരില്‍ കോടികള്‍ ആവശ്യപ്പെട്ട് ഏജന്‍റുമാര്‍ രംഗത്തിറങ്ങി. അപേക്ഷിച്ച എല്ലാവര്‍ക്കും എന്‍.ഒ.സി. നല്‍കി ശ്രീ. എ.കെ. ആന്‍റണി വന്‍ അഴിമതിയുടെ വേരറുത്തു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ(MCI) ലെറ്റര്‍ ഓഫ് പെര്‍മിഷന്‍ (LOP) നല്‍കിയ മെഡിക്കല്‍ കോളേജുകള്‍ സാമാന്യം നല്ല മുന്നൊരുക്കത്തോടെ പ്രവര്‍ത്തനമാരംഭിച്ചു. ഇതില്‍ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന്‍റെ നാല് കോളേജുകളും ഉള്‍പ്പെടുന്നു. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍റെ അനുമതി ലഭിച്ച എന്‍ജിനീയറിങ്ങ് കോളേജുകളും ഈ കാലഘട്ടത്തില്‍ത്തന്നെ സ്ഥാപിതമായി. പ്രാരംഭമുതല്‍ മുടക്ക് താരതമ്യേന കുറവായതുകൊണ്ടായിരിക്കാം കൂടുതല്‍ എന്‍ജിനീയറിങ്ങ് കോളേജുകള്‍ തുടങ്ങിയത്. സംസ്ഥാന സര്‍ക്കാര്‍ എന്‍.ഒ.സി. നല്‍കുമ്പോള്‍ ഉണ്ടായിരുന്ന 50:50 എന്ന ധാരണ പിന്നീട് ഇല്ലാതായി. മുന്‍കാലങ്ങളിലെ ചില കോടതിവിധികളുടെ പശ്ചാത്തലത്തില്‍ (ഇനാംദാര്‍ കേസ്) ന്യൂനപക്ഷങ്ങള്‍ നടത്തുന്ന കോളേജുകള്‍ക്ക് സമ്പൂര്‍ണ്ണ അധികാരാവകാശങ്ങളുണ്ടെന്ന വാദം ഉയര്‍ന്നു. പിന്നീട് വന്ന സര്‍ക്കാരും സമൂഹത്തിന്‍റെ നല്ലൊരു ശതമാനവും ഈ നീക്കത്തെ എതിര്‍ത്തു. പിന്നീട് കോടതി നിര്‍ദ്ദേശപ്രകാരം കോളേജുകള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന കണ്‍സോര്‍ഷ്യങ്ങള്‍ക്ക് സുപ്രീംകോടതി ചില പ്രത്യേക അവകാശങ്ങള്‍ നല്‍കി. ഈ കാലഘട്ടത്തിലാണ് സഭ സമൂഹത്തില്‍ ഏറ്റവും ഒറ്റപ്പെട്ട നിലയിലായത്. പിന്നീട് സുപ്രീംകോടതി വിധികളുടെ പശ്ചാത്തലത്തില്‍ ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സിലിന് കീഴിലുള്ള കോളേജുകള്‍ മെറിറ്റ്, പിന്നാക്കസംവരണം, നടത്തുന്ന സമുദായ വിദ്യാര്‍ത്ഥികള്‍ക്ക് നിശ്ചിതശതമാനം സീറ്റുകള്‍ എന്നീ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി സുപ്രീംകോടതി നിയമിച്ച മേല്‍നോട്ട സമിതി നിശ്ചയിക്കുന്ന ഫീസ് ഈടാക്കി കോളേജ് പ്രവര്‍ത്തനം തുടര്‍ന്നു. ഇത് മഞ്ഞക്കണ്ണട അണിയാത്ത സ്വതന്ത്ര ഇടതുപക്ഷചിന്തകര്‍പോലും അംഗീകരിച്ചു. വലിയ പരിധിവരെ വിദ്യാര്‍ത്ഥി സംഘടനകളും ഇതു സ്വീകരിച്ചതിന്‍റെ തെളിവാണ് ഈ മേഖലയില്‍ നിന്ന് അപ്രത്യക്ഷമായ സമരങ്ങള്‍. അപ്പോഴും ഒരു മുള്ള് അവശേഷിച്ചിരുന്നു – എന്‍ആര്‍ഐ സീറ്റുകളിലേക്കു ള്ള ഫീസും പ്രവേശനരീതിയും. എന്നാല്‍ അവിടെയും സത്യസന്ധത പുലര്‍ത്തിയ കോളേജുണ്ടെങ്കില്‍ അത് കത്തോലിക്കാരൂപതയുടേതാണ്.
താരതമ്യേന മുതല്‍മുടക്ക് കുറവുള്ള എന്‍ജിനീയറിങ്ങ് മേഖലയില്‍ കൂണ് മുളയ്ക്കുന്നതുപോലെയാണ് കോളേജുകള്‍ ഉയര്‍ന്നുപൊന്തിയത്. നഷ്ടം സഹിക്കേണ്ടിവരുമെങ്കില്‍ ഇവിടെ ആരാണ് മുതലിറക്കുക. വേണ്ടത്ര ഗൃഹപാഠം നടത്താതെ സര്‍ക്കാരും അഖിലേന്ത്യാ ടെക്നിക്കല്‍ കൗണ്‍സിലും കോളേജുകള്‍ക്ക് അനുമതി നല്‍കി. വിജയ ശതമാനം അഞ്ചും പത്തും ആയി ഇടിഞ്ഞപ്പോഴും കാര്യമായ ഇടപെടലുകള്‍ ഉണ്ടായില്ല. ആയിരകണക്കിന് ബി.ടെക്. സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. പല കോളേജുകളും അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. എന്‍ജിനീയറിങ്ങിനെക്കാള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആകര്‍ഷണമുള്ള എം.ബി.എ. പോലുള്ള കോഴ്സുകള്‍ ആരംഭിക്കുക വഴി നഷ്ടം നികത്തിയെടുക്കാനുള്ള ശ്രമത്തിനിടയില്‍ പ്രാഥമിക ബിരുദപഠനത്തിന്‍റെ നിലവാരത്തില്‍ ഇടിവ് സംഭവിക്കുന്നു എന്നതും ഒരു യാഥാര്‍ത്ഥ്യമാണ്.
പാമ്പാടി കോളേജില്‍ നടന്ന അനിഷ്ടസംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ചില ക്രൈസ്തവമാനേജ്മെന്‍റ് സ്ഥാപനങ്ങളുടെ മേല്‍ ഉയര്‍ന്ന ആരോപണങ്ങള്‍ കെട്ടിച്ചമച്ചതുപോലെ തോന്നുന്നു. അവസരം മുതലെടുത്ത് നിഗൂഢലക്ഷ്യങ്ങളോടെ സ്ഥാപനങ്ങള്‍ തച്ചുടയ്ക്കുന്ന പ്രവണത ഭരണാധികാരികളുടെ ശക്തമായ ഇടപ്പെടലുകള്‍ വഴി അവസാനിപ്പിച്ച്, ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ മടിച്ചുനില്‍ക്കുന്നതുപോലെ തോന്നുന്നു. നേഴ്സറി ക്ലാസ്സു മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ വരെയുള്ള നമ്മുടെ സ്ഥാപനങ്ങള്‍ നിലവാരംകൊണ്ടും നടത്തിപ്പിലെ പ്രത്യേകതകള്‍കൊണ്ടും സര്‍വ്വരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നുവെന്നത് പരമാര്‍ത്ഥവും അസൂയാജനകവുമാണ്. ഈ സ്ഥാപനങ്ങളുടെ പിന്നില്‍ രാപകല്‍ പ്രവര്‍ത്തിക്കുന്ന സന്ന്യസ്തരടക്കമുള്ള നിസ്വാര്‍ത്ഥമതികളുണ്ട്. സമയം നോക്കിയോ പ്രതിഫലം നോക്കിയോ അല്ല അവര്‍ പ്രവര്‍ത്തിക്കുന്നത്. എയ്ഡഡ് സ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ വേതനം നല്‍കുന്നുവെന്നത് ശരിതന്നെ, പക്ഷേ പ്രവൃത്തിസമയത്തിന് ശേഷവും അവധി ദിവസങ്ങളിലും വിദ്യാര്‍ത്ഥികളെ മക്കളായിക്കരുതി, അവരുടെ പഠന മികവിനും സ്ഥാപനത്തിന്‍റെ ഉന്നതിക്കുമായി പ്രവര്‍ത്തിക്കുന്ന നിസ്വാര്‍ത്ഥമതികളുടെ വിയര്‍പ്പിനും കണ്ണീരിനും തെറ്റിദ്ധാരണയുടെ പേരില്‍ കേള്‍ക്കേണ്ടിവരുന്ന ആരോപണങ്ങള്‍ക്ക് പകരം നല്‍ കാന്‍ സര്‍ക്കാരിന്‍റെയും സമൂഹത്തിന്‍റെയും കയ്യില്‍ എന്തെങ്കിലു മുണ്ടോ?
ക്രൈസ്തവ സ്വാശ്രയകോളേജുകളില്‍ മെറിറ്റിലും കമ്മ്യൂണിറ്റി ക്വോട്ടയിലും മറ്റും പ്രവേശനം ല ഭിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും സമ്പന്നരല്ല. ഇവര്‍ക്ക് ഫീസ് വലിയ കടമ്പതന്നെയാണ്. ലക്ഷങ്ങള്‍ വാര്‍ഷികഫീസ് ഇനത്തില്‍ അടക്കേണ്ടിവരുമ്പോള്‍ ചെറിയ ശതമാനം തുക സ്കോളര്‍ഷിപ്പായി ഇളവ് ചെയ്താലും സാധാരണക്കാര്‍ വിഷമിക്കുകതന്നെയാണ്. ഏതാനും വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇളവ് കൊടുക്കാന്‍ വലിയ ചെലവുകളുള്ള ഒരു മെഡിക്കല്‍ കോളേജിനു കഴിയുകയുള്ളൂ. എന്‍ജിനീയറിങ്ങ് വിഭാഗത്തിന് ഇക്കാര്യത്തില്‍ കൂടുതലായി നിര്‍ദ്ധന വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ കഴിയും (സാമൂഹിക പ്രതിബദ്ധത തെളിയിക്കാന്‍ ഫീസ് കുറയ്ക്കാനാകുമെങ്കില്‍ അത്രയും ക്രൈസ്തവം) ഈ സാഹചര്യത്തിലാണ് വരുമാനമുള്ള ഇടവകകള്‍ വിദ്യാര്‍ത്ഥികളെ ദത്തെടുക്കുക എന്ന ആശയം ഉയര്‍ന്നുവന്നത്. വലിയ സമ്പത്തും ഉയര്‍ന്ന സ്തോത്രക്കാഴ്ചകളും ലഭിക്കുന്ന ഏതാനും പള്ളികള്‍ ഓരോ രൂപതയിലുമുണ്ട്. അഭിവന്ദ്യ മേജര്‍ ആര്‍ച്ച്ബിഷപ്പ് പിതാവ് ആവര്‍ത്തിച്ച് ആഹ്വാനം ചെയ്യുന്നതനുസരിച്ച് പള്ളികള്‍ ധൂര്‍ത്ത് ഒഴിവാക്കിയാല്‍, അതിന്‍റെ ജീവിക്കുന്ന സ്മാരകങ്ങളായി പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് സഭയുടെ സ്വന്തം മക്കള്‍ എന്ന് അവകാശപ്പെടാവുന്ന ഡോക്ടര്‍മാരും, നേഴ്സുമാരും, എഞ്ചിനീയര്‍മാരും ഉണ്ടാകും. ഇങ്ങനെയല്ലേ സഭയുടെ സാമൂഹിക പ്രതിബദ്ധത തെളിയിക്കേണ്ടത്? സഭാംഗങ്ങള്‍ പോലും ഇന്ന് സഭയെ വിമര്‍ശിക്കുന്നുണ്ടെങ്കില്‍, സഭയില്‍ നിന്ന് അവര്‍ പ്രതീക്ഷിക്കുന്ന ആശ്വാസപ്രവൃത്തികള്‍ ലഭിക്കാത്തതുകൊണ്ടല്ലേ?
സ്വാശ്രയപ്രൊഫഷണല്‍ മേഖലയിലേക്ക് സഭ പ്രവേശിച്ചതുവഴി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ നമ്മുടെ സാന്നിദ്ധ്യം ഉറപ്പാക്കി. തന്മൂലം ഇന്ന് നമ്മുടെ ആയിരക്കണക്കിന് മക്കള്‍ വിവിധ മേഖലയില്‍ മഹത്തായ സേവനം അനുഷ്ഠിച്ചുവരുന്നു. എന്നാല്‍ അതുകൊണ്ട് മാത്രം ഈ രംഗത്ത് നാം വിജയിച്ചുവെന്ന് പറയാനാകുമോ? ഈയിടെയുണ്ടായ ചില രൂക്ഷവിമര്‍ശനങ്ങള്‍ ഇക്കാര്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു. അക്കാദമിക് നിലവാരമെന്നാല്‍ റാങ്കും നൂറുശതമാനം വിജയവും മാത്രമല്ല. നൂറ് ശതമാനം കൈവരിക്കേണ്ട മറ്റു വിഷയങ്ങളില്‍ പലപ്പോഴും നമുക്ക് കഷ്ടി പാസ് മാര്‍ക്ക് മാത്രമേയുള്ളൂ. യുവജനങ്ങളിലെ കലാകായിക അഭിരുചികള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ സംബോധന ചെയ്യപ്പെടണം. പഠനഫലം സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള വേദികള്‍ ഒരുക്കികൊടുക്കണം. പരിസ്ഥിതി പോലുള്ള സമകാലിക വിഷയങ്ങളുടെ ധാര്‍മ്മികത ചര്‍ച്ച ചെയ്യാന്‍ അവസരങ്ങളുണ്ടാകണം. സമൂഹം സഭയില്‍നിന്ന് പ്രതീക്ഷിക്കുന്നത് സ്ക്കോളര്‍ഷിപ്പ് തുകയല്ല, അതിനപ്പുറമാണ്. അതിന് സാമ്പത്തികചെലവില്ല. ഒരു വ്യക്തിയുടെ കഴിവും പോരായ്മകളും മാതൃഹൃദയത്തോടെ തിരിച്ചറിഞ്ഞ്, ശിക്ഷയും സമ്മര്‍ദ്ദവും നല്‍കാതെ അവരുടെ ഹൃദയങ്ങളുടെ താക്കോല്‍ കരസ്ഥമാക്കാന്‍ കഴിവുള്ളവരെയാണ് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ചുമതലയേല്‍പ്പിക്കേണ്ടത്. അങ്ങനെയുള്ള സമര്‍പ്പിതരെയോ അല്മായരെയോ കണ്ടെത്തേണ്ടത് ശ്രമകരമാണെങ്കിലും, അതുണ്ടാകാതെ വയ്യ. കാലം വിദ്യാര്‍ത്ഥികളില്‍ ചെലുത്തുന്ന സമ്മര്‍ദ്ദങ്ങള്‍ അവരോടൊപ്പംനിന്ന് വായിച്ചെടുത്ത് പ്രതികരിക്കാന്‍ ഈ കോളേജുകളിലും ഹോസ്റ്റലുകളിലും "അപ്പച്ചന്മാരും" "അമ്മച്ചിമാരും" ഉണ്ടാകണം. വിദ്യാര്‍ത്ഥികളുടെ പ്രായത്തിനനുസരിച്ചുള്ള നല്ല മൂല്യബോധമുള്ള കൗണ്‍സിലര്‍മാരെ കണ്ടെത്തേണ്ടതുണ്ട്. "വളയ്ക്കാം, ഒടിക്കരുത്" എന്ന പഴഞ്ചൊല്ലില്‍ എല്ലാം സംഗ്രഹിക്കാം.


ഫീസ് പരമാവധി ലഘൂകരിക്കുന്നതിനു പുറമേ, മറ്റ് ചെലവുകള്‍ എങ്ങനെ കുറയ്ക്കാമെന്ന് അടിയന്തിരമായി ചിന്തിക്കേണ്ടതുണ്ട്. ജസ്റ്റിസ് കുര്യന്‍ ജോസഫ് കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ സത്യദീപത്തിലെഴുതിയ ലേഖനം ശ്രദ്ധേയമാകുന്നു. സഭ നിറവുകളോടൊപ്പം കുറവുകളും സമൂഹമദ്ധ്യത്തില്‍ പ്രദര്‍ശിപ്പിക്കണം. ലളിതമായ ശൈലികളിലൂടെ മദര്‍ തെരേസ തന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മാര്‍ഗ്ഗമാണ് സ്വീകരിച്ചത്. ലോകം അത് അംഗീകരിക്കുകയും ചെയ്തു. ഇന്ന് സഭാസ്ഥാപനങ്ങളില്‍ ചിലപ്പോഴെല്ലാം ധാരാളിത്തത്തിന്‍റെ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ച് തങ്ങളുടെ "ശ്രേഷ്ഠ ത" ഉയര്‍ത്തിക്കാട്ടുന്നു. ചില സ്ഥാപനങ്ങളുടെ പൊന്നുപൊതിഞ്ഞ ഓഫീസും അധികാരികളുടെ സിംഹാസനസമാനമായ ഇരിപ്പിടങ്ങളും കാണുമ്പോള്‍ സാധാരണക്കാര്‍ അമ്പരന്ന് പോകും. ഓരോ അവസരങ്ങളില്‍ ഉപയോഗിക്കുന്ന പ്രത്യേക സ്യൂട്ടും കോട്ടും ഷൂസും ഒന്നുമല്ല ബിരുദത്തിന്‍റെ മൂല്യം വര്‍ദ്ധിപ്പിക്കുന്നത് എന്ന് മറക്കരുത്.
ലാളിത്യമാണ് നമ്മുടെ ശ്രേഷ്ഠത എന്ന തിരിച്ചറിവ് എന്തേ നമുക്ക് അന്യമാകുന്നു! ചില പ്രൊഫഷണല്‍ കോളേജുകളില്‍ അരങ്ങേറുന്ന ധൂര്‍ത്ത് സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ബിരുദദാനചടങ്ങിന് ഓരോ വര്‍ഷവും ലക്ഷങ്ങളാണ് പൊടിക്കുന്നത്. മാനേജ്മെന്‍റ്  നേരിട്ട് പണം പിരിക്കുന്നില്ലെങ്കില്‍ കൂടി പണം ചെലവാക്കുന്ന രക്ഷകര്‍ത്താക്കളും ഇതെല്ലാം കാണുന്ന സമൂഹവും തെറ്റിദ്ധരിച്ചാല്‍ കുറ്റം പറയാനാകില്ല. അപ്പോള്‍ മിനിസ്ട്രി ഇന്‍ഡസ്ട്രിയും മിഷന്‍ കോര്‍പ്പറേറ്റുമാകും. ജാഗ്രത പുലര്‍ത്താം. രാജ്യാന്തരനിലവാരത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും മദ്രാസ് ഐ.ഐ.റ്റി. (IIT) പോലുള്ള സ്ഥാപനങ്ങളിലും മേല്‍നോട്ടത്തിന്‍റെ പോരായ്മകള്‍ പലതുണ്ടെങ്കി ലും, ഇത്തരം കെട്ടുകാഴ്ചകള്‍ അധികം കണ്ടിട്ടില്ല.
കാലം അതിവേഗം മാറികൊണ്ടിരിക്കുന്നു, വിദ്യാഭ്യാസമേഖലയും. വിദ്യാഭ്യാസം സര്‍ക്കാര്‍ തലത്തില്‍ മാത്രമേ പാടുള്ളൂ എന്ന തത്ത്വവും മാറ്റത്തിനു വിധേയമാകണം. അമേരിക്ക, ജപ്പാന്‍, ജര്‍മ നി എന്നീ രാജ്യങ്ങള്‍ വമ്പിച്ച വിദ്യാഭ്യാസ ഗവേഷണപുരോഗതി നേടിയിട്ടുണ്ടെങ്കില്‍, അവര്‍ക്കുള്ള നിയന്ത്രണത്തോടെയുള്ള അക്കാദമിക് സ്വാതന്ത്ര്യം വലിയ ഘടകംതന്നെയാണ്. അത്തരം വളര്‍ച്ചയിലേക്കുള്ള പടികളാണ് സര്‍ക്കാര്‍, സ്വകാര്യ, സ്വാശ്രയ, സ്വയംഭരണ, കമ്മ്യൂണിറ്റി, സര്‍വ്വകലാശാല കോളേജുകള്‍. ഏതു മാര്‍ഗ്ഗമായാലും ക്രൈസ്തവസഭ നേതൃത്വം നല്‍കുമ്പോള്‍, വിദ്യാഭ്യാസ മിഷന്‍ എന്ന മുദ്ര അവയുടെ മേല്‍ പതിഞ്ഞിരിക്കണം; പലതില്‍ ഒന്ന് ആയാല്‍ പോര, സമൂഹത്തെ വിസ്മരിക്കാനും പാടില്ല. കള്ളനാണയങ്ങളെ തിരിച്ചറിയാന്‍ വിദഗ്ദ്ധരാണ് സമൂഹം. കാരണം അവരാണല്ലോ നേട്ടവും നഷ്ടവും പേറേണ്ടവര്‍. വിമര്‍ശനങ്ങളെ ഭയപ്പെടാതെ പോരായ്മകള്‍ തിരുത്തി മുമ്പോട്ട് പോകണം. സ്വയം പ്രതിരോധത്തിന്‍റെ സുരക്ഷിതവലയത്തിലെ വിള്ളലുകള്‍ കാണാതിരിക്കരുത്. സ്തുതിപാഠകരുടെ പ്രലോഭനങ്ങളില്‍ നിന്ന് പുറത്തു വന്ന് തുറന്ന മനസ്സോടെ അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷകര്‍ത്താക്കള്‍, സമൂഹം എന്നീ ഘടകങ്ങളെ വിശ്വാസത്തിലെടുത്താല്‍ അതായിരിക്കും നമ്മുടെ ഏറ്റവും ശക്തമായ പ്രതിരോധനിര. നഷ്ടപ്പെട്ടവരോടൊപ്പം സഭ നിലയുറപ്പിക്കുമ്പോള്‍ ക്രിസ്തുവിന്‍റെ സഭയുടെ യഥാര്‍ത്ഥ ഐഡന്‍റിറ്റി സമൂ ഹം എളുപ്പം തിരിച്ചറിയും.
വാല്‍ക്കഷണം: രാഷ്ട്രീയ കൊലപാതകത്തെ തുടര്‍ന്ന് കണ്ണൂര്‍ സംസ്ഥാനയുവജനോത്സവവേദി രൂക്ഷസംഘട്ടനത്തിന്‍റെ വക്കുവരെ എത്തിയപ്പോള്‍ യുവാവായ കളക്ടര്‍ മിര്‍ മുഹമ്മദ് അലി ഇടപെട്ട് പ്രശ്നം പരിഹരിച്ചത് ശ്രദ്ധേയവും പഠനാര്‍ഹവുമാണ്. ഗൗരവമായ സ്ഥിതിവിശേഷങ്ങള്‍ക്കിടയിലും ചുണ്ടിലൊരു പുഞ്ചിരി കരുതിവെയ്ക്കുന്ന മുന്‍ ഡി.ജി. പി. ജേക്കബ് പുന്നൂസിനെ പോലെയുള്ള അല്മായ നേതാക്കളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വാശ്രയമാനേജ്മെന്‍റുകള്‍ തേടുന്നതും സഹായകരമായിരിക്കും.
(ലേഖകന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥിയും തൃശ്ശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജിന്‍റെയും കോളേജ് ഓഫ് നേഴ്സിങ്ങിന്‍റെയും സ്ഥാപക ഡയറക്ടറുമാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org