ഹർത്താലുകളേ വിട

ഹർത്താലുകളേ വിട

ടോംസ് ആന്‍റണി

ബന്ദ്, പണിമുടക്ക്, ഹര്‍ത്താലുകള്‍ എന്നീ പേരുകളില്‍ കേരളത്തില്‍ നടമാടുന്ന സമരാഭാസങ്ങള്‍ നമ്മുടെ നാടിനെയാകെ സ്തംഭിപ്പിക്കുകയാണ് ചെയ്യുന്നത്. ജനജീവിതം സ്തംഭിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് മനസ്സിലാക്കി കോടതിതന്നെ ബന്ദ് നിരോധിച്ചതാണ്. പഴയവീഞ്ഞ് പുതിയ തോല്‍ക്കുടത്തില്‍ എന്നപോലെ ബന്ദിനു പകരം ഹര്‍ത്താല്‍ എന്ന പേരിട്ട് പഴയ "ബന്ദ്" തന്നെ നടപ്പിലാക്കുകയാണ്, ദേശീയപാര്‍ട്ടികളും സംസ്ഥാനപാര്‍ട്ടികളും; ഒപ്പം ഈര്‍ക്കില്‍ പാര്‍ട്ടികളും.
ദേശീയതലത്തില്‍ നടത്തുന്ന ഹര്‍ത്താലുകള്‍ കേരളത്തെ മാത്രമാണ് ഗൗരവമായി ബാധിക്കുന്നത്. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും ജനജീവിതം ഹര്‍ത്താലിന്‍റെ പേരില്‍ തടസ്സപ്പെടാറില്ല. എന്നാല്‍ കേരളത്തിലെ സ്ഥിതിയെന്ത്? ഒരു ഈര്‍ക്കില്‍പാര്‍ട്ടി വിചാരിച്ചാലും ഇവിടുത്തെ ജനജീവിതം സ്തംഭിപ്പിക്കാം എന്നായിട്ടുണ്ട്.

എന്തുഫലം ?

ഇന്നേവരെ കേരളം കണ്ടിട്ടുള്ള ഹര്‍ത്താലുകള്‍കൊണ്ട് എന്തുഗുണമാണ് ഉണ്ടായിട്ടുള്ളത്? ഹര്‍ത്താലുകളിലൂടെയും ബന്ദുകളിലൂടെയും നാം എന്തു നേടി? പ്രതികരിക്കുവാന്‍ വേറെ അനേകം വഴികള്‍ നമുക്ക് മുന്നിലുള്ളപ്പോള്‍ ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഇത്തരം പ്രതികരണപേക്കൂത്തുകള്‍ അവസാനിപ്പിക്കുക തന്നെയാണ് വേണ്ടത്.

കോടികളുടെ നഷ്ടമാണ് ഹര്‍ത്താലുകള്‍മൂലം സംസ്ഥാനത്തിന് ഉണ്ടാകുന്നത്. ഉല്പാദനമേഖലയാകെ നിശ്ചലമാകുകയാണ്. എത്രയോ തൊഴില്‍ ദിനങ്ങള്‍ നമുക്ക് നഷ്ടമായി! പാവപ്പെട്ടവരായ തൊഴിലാളികളുടെ കൂലി ഹര്‍ത്താലിന് ആഹ്വാനം ചെയുന്ന പാര്‍ട്ടികള്‍ കൊടുക്കാറുണ്ടോ? അവര്‍ക്ക് നഷ്ടപ്പെട്ട തൊഴില്‍ ദിനങ്ങളും വരുമാനവും പിന്നീട് ഒരിക്കലും തിരിച്ചുകിട്ടില്ല.

ഹര്‍ത്താലില്‍ വാഹനം കിട്ടാതെ ആശുപത്രിയില്‍ കൃത്യസമയത്ത് എത്തിക്കാത്തതുമൂലം ജീവന്‍ ഹോമിക്കപ്പെട്ടവരുടെ എണ്ണം എത്ര വലുതാണ്!

ഹര്‍ത്താല്‍ ദിനങ്ങളില്‍ നടന്ന അക്രമങ്ങളില്‍ ഉണ്ടായ ജീവനാശങ്ങളുടേയും, സ്ഥാപനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഇതര ഓഫീസുകള്‍ക്കും ഉണ്ടായ നാശനഷ്ടങ്ങളുടേയും കണക്കുകള്‍ കോടികളുടേതാണ്.

"ദൈവത്തിന്‍റെ സ്വന്തം നാട്ടി" ലേയ്ക്കുള്ള ടൂറിസ്റ്റുകളെ എക്കാലവും ഹര്‍ത്താലുകള്‍ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടൂറിസം മേഖലയ്ക്ക് ഹര്‍ത്താലുകള്‍ നല്‍കിയിട്ടുള്ള തിരിച്ചടി കനത്തതാണ്. അതിഥിയെ ദൈവമായി കാണുന്ന നാട്ടില്‍ ഹര്‍ത്താല്‍ ദിനങ്ങളില്‍ വിദേശികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും പ്രയാസങ്ങളും എത്രയോ ഗുരുതരമാണ് !

അടിക്കടി ഹര്‍ത്താലുകളും സമരങ്ങളും നടക്കുന്ന ഒരു സംസ്ഥാനമെന്ന നിലയില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനും, നിക്ഷേപമിറക്കാനും സ്വദേശത്തും വിദേശത്തുമുള്ള വ്യവസായികള്‍ തയ്യാറാകാത്തതും നമ്മുടെ സംസ്ഥാനത്തിന്‍റെ വളര്‍ച്ചയെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

ജനങ്ങളിലെ ഭയമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ മുതലെടുക്കുന്നത്. തങ്ങളുടെ കച്ചവട സ്ഥാപനം ഒന്നു തുറന്നുപോയാല്‍ കല്ലേറും അസഭ്യവര്‍ഷങ്ങളും ദേഹോപദ്രവങ്ങളും എന്നുവേണ്ട കൊലപാതകം വരെ നടക്കും. ഈ ഭയം നിലനില്‍ക്കുന്നിടത്തോളം ആര്‍ക്കും എവിടെയും ഹര്‍ത്താല്‍ നടത്താവുന്ന താവളമാണ് നമ്മുടെ കേരളം.

ഈ വര്‍ഷം ജൂലൈ മാസത്തില്‍ മാത്രം 10 പ്രാദേശിക ഹര്‍ത്താലുകളും ഒരു സംസ്ഥാനഹര്‍ത്താലും രണ്ടു വിദ്യാഭ്യാസബന്ദുകളും കേരളത്തില്‍ അരങ്ങേറി. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ സ്കൂള്‍ കോളേജ് പഠനത്തെയും പരീക്ഷകളേയും തകിടം മറിക്കുന്നു. ഹര്‍ത്താലുകളും വിദ്യാഭ്യാസബന്ദുകളും പ്രഖ്യാപിച്ചിരുന്ന തീയതികളിലെ എല്ലാ പരീക്ഷകളും മാറ്റിവയ്ക്കപ്പെട്ടു. വൈകിപ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളില്‍ പരീക്ഷ മാറ്റിവയ്ക്കുന്ന വിവരം രണ്ടായിരത്തോളം കേന്ദ്രങ്ങളില്‍ അറിയിക്കുന്നതും ബുദ്ധിമുട്ടാണ്. ഒരിടത്ത് നടന്നാല്‍പോലും ചോദ്യപേപ്പറടക്കം വേറെ തയ്യാറാക്കണം. സര്‍വ്വകലാശാലകളില്‍ പരീക്ഷ മാറ്റിവച്ചാല്‍ പിന്നീട് പുതിയ തീയതി കണ്ടെത്തി അവ പുനഃക്രമീകരിക്കുക എന്നത് ഏറെ ദുഷ്ക്കരമാണ്. ഇതിനൊക്കെ വരുന്ന സമയവും ബുദ്ധിമുട്ടും സാമ്പത്തിക ചെലവും ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ക്ക് തിരിച്ചറിയേണ്ടതില്ലല്ലോ.

ഈ വര്‍ഷം ജൂണില്‍ നടന്ന എച്ച്.എസ്.ഇ., വി.എച്ച്.എസ്.ഇ. രണ്ടാംവര്‍ഷ 'സേ'പരീക്ഷകള്‍ ജില്ലാ ഹര്‍ത്താലുകള്‍ കാരണം മാറ്റിവച്ചു. അഞ്ച് ദിവസത്തെ പരീക്ഷയില്‍ രണ്ടുദിവസം ഹര്‍ത്താല്‍ മൂലം മുടങ്ങി. മൂല്യനിര്‍ണ്ണയവും ഫലപ്രഖ്യാപനവും രണ്ടാഴ്ച വൈകി. രണ്ടോ മൂന്നോ വിഷയം തോറ്റവര്‍ക്ക് ഒരുവര്‍ഷം നഷ്ടമാകാതിരിക്കാന്‍ നടത്തുന്ന സേ പരീക്ഷയുടെ ലക്ഷ്യം തന്നെപാളി.

പൊടുന്നനേ പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകള്‍ വിവാഹം, മരണം, വിദേശയാത്ര, ആശുപത്രിയാത്രകള്‍, മറ്റ് അടിയന്തിര ആവശ്യങ്ങള്‍ എന്നിവയ്ക്കെല്ലാം അതിരൂക്ഷമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. പാര്‍ട്ടി ഓഫീസുകളിലിരുന്ന് ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്നവര്‍ക്കറിയില്ലല്ലോ, സാധാരണക്കാരന്‍റെ നീറുന്ന പ്രശ്നങ്ങള്‍!
പെട്ടെന്നുള്ള ഹര്‍ത്താലുകള്‍ സ്ത്രീകളെയും പ്രായമായവരേയും രോഗികളെയും കുറച്ചൊന്നുമല്ല ബാധിക്കുന്നത്. ദൂരസ്ഥലങ്ങളില്‍ നിന്നും വീട്ടില്‍ തിരിച്ചെത്തുന്നതിന് സ്ത്രീകള്‍ നേരിടുന്ന പ്രയാസങ്ങള്‍ ഭീതിദമാണ്.

പി.ഡി.പി. ഈയിടെ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും ജനങ്ങളുടെ പ്രതികരണം മൂലം ചെയര്‍മാന്‍ മഅദനിതന്നെ ഇടപെട്ട് ആ ഹര്‍ത്താല്‍ പിന്‍വലിച്ചതും നല്ല ചരിത്രം തന്നെയാണ്.

ദേശസ്നേഹമുള്ള ഒരു പാര്‍ട്ടിയ്ക്കും ഹര്‍ത്താലുകള്‍ ആഹ്വാനം ചെയ്യുവാന്‍ കഴിയില്ല എന്നാണ് ലേഖകന്‍റെ പക്ഷം. സംസ്ഥാന നേതൃത്വത്തിന്‍റെ മുന്‍കൂര്‍അനുമതിയില്ലാതെ പ്രാദേശികമായി ഹര്‍ത്താല്‍ നടത്താന്‍ പാടില്ല എന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം പ്രഖ്യാപിച്ചത് ചില ശുഭസൂചനകള്‍ തരുന്നുണ്ട്.

ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടികളെയും ഹര്‍ത്താലുകളേയും നമുക്ക് ചെറുത്തുതോല്‍പ്പിക്കണം. മനുഷ്യാവകാശത്തിന്‍റെ പ്രകടമായ ലംഘനമാണ് ഹര്‍ത്താലുകള്‍. സ്വസ്ഥമായി ജീവിക്കാനും ജോലിചെയ്യുവാനും മറ്റ് അനുദിന പ്രവര്‍ത്തനങ്ങളില്‍ ഇടപെടാനുമുള്ള മനുഷ്യന്‍റെ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് ഓരോ ഹര്‍ത്താലും.

ഹര്‍ത്താലുകള്‍ മാത്രമല്ല ജനങ്ങളുടെ സ്വസ്ഥജീവിതത്തെ തടസ്സപ്പെടുത്തുന്ന ഒന്നും നമ്മുടെ നാടിനു വേണ്ട. ഇനി പ്രഖ്യാപിക്കുന്ന ഹര്‍ത്താലുകളെ ജനങ്ങള്‍ ഒന്നടങ്കം ചെറുത്തു തോല്പിക്കണം. ഹര്‍ത്താലുകള്‍ക്കെതിരെ ജനകീയ ക്യാമ്പയിനുകള്‍ നടത്തണം. ജനങ്ങള്‍ സംഘടിതമായി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഹര്‍ത്താലുകള്‍ പ്രഖ്യാപിക്കുന്ന എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേയും നാം ഒറ്റപ്പെടുത്തണം. നമുക്കുവേണം ഹര്‍ത്താലുകള്‍ ഇല്ലാത്ത ഒരുകേരളം. അതെ കേരളം വളരട്ടെ. ഉയരട്ടെ.

tomsantony@yahoo.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org