Latest News
|^| Home -> Cover story -> ആപ്പിള്‍ തേടിയൊരു കപ്പല്‍ യാത്ര

ആപ്പിള്‍ തേടിയൊരു കപ്പല്‍ യാത്ര

Sathyadeepam

ഡോ. സൂരജ് ജോര്‍ജ് പിട്ടാപ്പിള്ളില്‍
soorajgeorge@hotmail.com

ഡോ. സൂരജ് ജോര്‍ജ് പിട്ടാപ്പിള്ളില്‍

2013 മാര്‍ച്ച് 24. അഡ്രിയാറ്റിക് കടലിന്റെ തീരത്തുള്ള ബാരി തുറമുഖത്ത് നങ്കൂരമിട്ടിരുന്ന MSC Divina എന്ന ക്രൂയിസ് കപ്പലില്‍ ഞാന്‍ കയറി. ലോകത്തിലെ ഏറ്റവും മികച്ച കടലെന്ന് ചരിത്രകാരന്മാര്‍ വാഴ്ത്തുന്ന മധ്യധരണ്യാഴിയിലൂടെ യൂറോപ്പിന്റെ കിഴക്കന്‍ അതിര്‍ത്തിയിലേക്ക് ഒരാഴ്ചയോളം നീളുന്ന ഒരു യാത്രയാണ് എന്റെ ലക്ഷ്യം. ലോകത്തിലെ എണ്ണം പറഞ്ഞ ആഡംബര കപ്പലുകളിലൊന്നായ ദിവിനയുടെ പൊങ്ങച്ചങ്ങളില്‍പ്പെടുന്ന സ്വരോവ്‌സ്‌കി ക്രിസ്റ്റല്‍ പാകിയ സ്റ്റെയര്‍ കെയ്‌സുകളോ വെനീഷ്യന്‍ കസീനോകളോ പബ്ബുകളോ കഫേകളോ നീന്തല്‍ കുളങ്ങളോ ഒന്നുമായിരുന്നില്ല എന്റെ മനസ്സിനെ ത്രസിപ്പിച്ചത്. മറിച്ച് അയോണിയന്‍, ഈജിയന്‍ കടലുകളും ഡാര്‍ഡനെല്ലസ് കടലിടുക്കും, തുടര്‍ന്ന് മര്‍മാറ കടലും കടന്നു ചെല്ലുമ്പോള്‍ ഞാന്‍ കാണാന്‍ പോകുന്ന അനശ്വര കമിതാക്കളെക്കുറിച്ചുള്ള ചിന്തയായിരുന്നു മനസ്സു മുഴുവന്‍. മര്‍മാറ കടലിനെയും കരിങ്കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ബോസ്ഫറസ് കടലിടുക്കിന് ഇരുവശത്തുമായി പ്രണയ പരവശമായ ചുണ്ടുകളോടെ പരസ്പരം ചുംബിക്കാന്‍ വെമ്പുന്ന കമിതാക്കളെ പോലെ ഏഷ്യന്‍ വന്‍കരയും യൂറോപ്യന്‍ വന്‍കരയും നില്‍ക്കുന്നു. അവരുടെ പ്രണയവും പരിഭവവും പരസ്പരം കൈമാറാനുള്ള പ്രത്യേക ദൗത്യമാണ് സമുദ്രദേവന്‍ ആയ നെപ്റ്റിയൂണില്‍ നിന്ന് ബോസ്ഫറസിലെ ഓളങ്ങള്‍ക്ക് ലഭിച്ചിരിക്കു ന്നത്. ബോസ്ഫറസിന് ഇരുവശത്തുമായി യൂറോപ്പിലും ഏഷ്യയിലും ആയി നിവര്‍ന്നു കിടക്കുന്ന മെഡിറ്ററേനിയന്‍ സുന്ദരിയായ കോണ്‍സ്റ്റാന്റിനോപ്പിള്‍ നഗരമാണ് എന്റെ ലക്ഷ്യം. ബോസ്ഫറസിനു കുറുകെയുള്ള പാലങ്ങള്‍ക്ക് ശമിപ്പിക്കാന്‍ ആവാത്ത വിരഹ ദുഃഖം പ്രകടിപ്പിച്ചുകൊണ്ട് ആ നഗരത്തിന്റെ പാതികള്‍ കിഴക്ക് ഏഷ്യാമൈനറിലും (Anatolia) പടിഞ്ഞാറ് ത്രാസിലുമായി (Thrace) നിലകൊള്ളുന്നു. കോണ്‍സ്റ്റാന്റി നോപ്പിളിലേക്കുള്ള യാത്രാ മധ്യേ സന്ദര്‍ശിച്ച ഗ്രീസിലെ കാത്താക്കൊളോണ്‍, ക്രൊയേഷ്യയിലെ ദുബ്‌റോവ്‌നിക്, തുര്‍ക്കിയിലെ സ്മിര്‍ണ തുടങ്ങിയ തുറമുഖനഗരങ്ങള്‍ക്കോ പടിഞ്ഞാറന്‍ ചിന്തയെയും ജനാധിപത്യത്തെയും പ്രസവിച്ച ഗ്രീക്കു ദ്വീപുകള്‍ക്കോ ഹെലന്‍ രാജ്ഞിയുടെ സര്‍പ്പസൗന്ദര്യത്തിന്റെ പേരില്‍ ആയിരം പടക്കപ്പലുകളെ നീറ്റിലിറക്കിയ ട്രോയി നഗരത്തിനോ ശമിപ്പിക്കാന്‍ കഴിയാത്ത ആകാംക്ഷയോടെയും കൊതിയോടെയുമാണ് മാര്‍ച്ച് 27-ന് ഞാന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ കാലുകുത്തിയത്. മരിച്ചാലും വിട്ടുകൊടുക്കില്ല എന്ന് അന്തേവാസികളെ കൊണ്ടും മരിക്കേണ്ടിവന്നാലും കീഴടക്കണമെന്ന് അധിനിവേശകരെക്കൊണ്ടും ചിന്തിപ്പിച്ച ചുവന്ന ആപ്പിളിന്റെ നഗരം: കോണ്‍സ്റ്റാന്റിനോപ്പിള്‍.
മരിച്ചാലും വേണ്ടില്ല, രക്തംപുരണ്ട രാജകീയ അങ്കി ധരിച്ച് ഈ കോണ്‍സ്റ്റാന്റിനോപ്പിളില്‍ തന്നെ ഞാന്‍ വീഴുമെന്ന് ഭര്‍ത്താവായ ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയോട് 532 ലെ നീകാ കലാപകാലത്ത് പറഞ്ഞ തെയൊഡോറ ചക്രവര്‍ത്തിനിയെയും പ്രാണന്‍ ത്യജിച്ചും കോണ്‍സ്റ്റാന്റിനോപ്പിള്‍ പിടിക്കുമെന്ന് ഉറപ്പിച്ച ഓട്ടോമന്‍ രാജാവ് മുഹമ്മദ് രണ്ടാമനെയും ഒരുപോലെ പ്രലോഭിപ്പിച്ച കോണ്‍സ്റ്റാന്റിനോപ്പിളിലെ മണല്‍തരികള്‍ക്കും അതിനെ തഴുകുന്ന മര്‍മാറയിലെ തിരകള്‍ക്കും പടയോട്ടങ്ങളുടെ നീണ്ട ചരിത്രം വിളമ്പാനുണ്ട്. ആ വിരുന്ന് ആസ്വദിക്കാനായി ആര്‍ത്തിപ്പണ്ടാരത്തെപ്പോലെ ആ നഗരത്തില്‍ ഞാന്‍ കറങ്ങി.

ചുവന്ന ആപ്പിളിന്റെ ചരിത്രം
തമ്പുരാന്റെ മനസ്സിലെ അനശ്വര സ്വപ്നം എന്ന് റോമന്‍ ജനറല്‍ ക്രാസൂസ് വിശേഷിപ്പിച്ച നഗരമാണ് റോം. പ്രാചീന ലോകത്തിന്റെ യജമാനത്തി എന്ന് അറിയപ്പെട്ട റോമാ സാമ്രാജ്യത്തിന്റെ തല സ്ഥാനം ആയി എഡി 330 വരെ നിലനിന്ന നഗരമാണ് റോം. റോമാ ചക്രവര്‍ത്തി ആയിരുന്ന കോണ്‍സ്റ്റന്റയിന്‍ ആണ് AD 324 ല്‍ ബൈസാന്റിയം എന്ന ഗ്രീക്ക് നഗരത്തെ തന്റെ പേരിന്റെ ബഹുമാനാര്‍ത്ഥം കോണ്‍സ്റ്റാന്റിനോപ്പിള്‍ ആക്കി മാറ്റിയതും AD 330 മെയ് 11 ന് റോമാ സാമ്രാജ്യത്തിന്റെ ഔദ്യോഗിക തലസ്ഥാനം ആക്കിയതും. റോമിനോട് കിടപിടിക്കത്തക്ക പ്രൗഡിയില്‍ അദ്ദേഹം വികസിപ്പിച്ചെടുത്ത ആ നഗരത്തില്‍ അതിന്റെ അവശേഷിപ്പുകള്‍ ആയ ഈജിപ്ഷ്യന്‍ ഒബലിസ്‌ക്കും സര്‍പ്പത്തൂണും, റോമിലെ മാക്‌സിമിയന്‍ സര്‍ക്കസിനെ അനുസ്മരിപ്പിക്കുന്ന ഹിപ്പോഡ്രോമുമൊക്കെ ഇന്നും അവശേഷിക്കുന്നുണ്ട്. AD 395 ല്‍ റോമാ സാമ്രാജ്യം എന്നെന്നേക്കുമായി വിഭജിതമായതിനു ശേഷം കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആയി AD 395 മുതല്‍ 1453 വരെയും, അതിനുശേഷം ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായി 1923 വരെയും നിലകൊണ്ട നഗരമാണിത്. മധ്യകാലഘട്ടത്തിലെ അറിയപ്പെട്ട ലോകത്തിന്റെ ഒത്ത നടുക്ക് ആരെയും മോഹിപ്പിക്കുന്ന സുന്ദരിയായി കോണ്‍സ്റ്റാന്റിനോപ്പിള്‍ നിലകൊണ്ടു. AD അഞ്ചാം നൂറ്റാണ്ടില്‍ തെയോഡോഷ്യസ് രണ്ടാമന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച അപ്രതിരോധ്യമായ കോട്ടയാല്‍ ചുറ്റപ്പെട്ട ഈ നഗരം 1453-ല്‍ തുര്‍ക്കികള്‍ക്ക് കീഴടങ്ങുന്നതിനുമുമ്പ് ഡസന്‍കണക്കിന് അധിനിവേശശ്രമങ്ങളെ ചെറുത്തു തോല്‍പ്പിച്ചിട്ടുണ്ട്. ജിബ്രാള്‍ട്ടര്‍ മുതല്‍ ബോസ്ഫറസ് വരെയും ഫോള്‍കിര്‍ക് മുതല്‍ കാര്‍ത്തേജ് വരെയും നിവര്‍ന്നു കിടന്ന റോമാ സാമ്രാജ്യത്തിന്റെ പടിഞ്ഞാറന്‍ പകുതി AD 476ല്‍ തകര്‍ന്നടിഞ്ഞ തോടെ, റോമാ സാമ്രാജ്യം എന്ന പേരിന് ഏക അവകാശിയായി കോണ്‍സ്റ്റാന്റിനോപ്പിള്‍ കേന്ദ്രമായ കിഴക്കന്‍ റോമാ സാമ്രാജ്യം മാറി. കിഴക്കന്‍ റോമാ സാമ്രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനായ ചക്രവര്‍ത്തിയായിരുന്ന ജസ്റ്റീനിയന്‍ ഒന്നാമന്‍ 532 ലെ നീക്കാ കലാപത്തെ അതിജീവിച്ചതിനു ശേഷം ആ കലാപത്തില്‍ കത്തി നശിച്ച പഴയ ഹാഗിയ സോഫിയ പള്ളിയുടെ സ്ഥാനത്ത് പണിത അതിബൃഹത്തായ പള്ളിയാണ് ബൈസന്റയിന്‍ വാസ്തുശില്പ കലയുടെ മകുടമായ ഇന്നത്തെ ഹാഗിയ സോഫിയ. ഹാഗിയ സോഫിയ എന്ന വാക്കിന്റെ അര്‍ത്ഥം പരിശുദ്ധ ജ്ഞാനം എന്നാണ്. ദൈവത്തിന്റെ ജ്ഞാനമായ ക്രിസ്തുവിന് പ്രതിഷ്ഠിക്കപ്പെട്ട ഈ പള്ളി 537-ല്‍ പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പള്ളിയായിരുന്നു. 1054 കോണ്‍സ്റ്റാന്റിനോപ്പിള്‍ പാത്രിയര്‍ക്കീസ് റോമാ മാര്‍പാപ്പയുമായി തെറ്റിപ്പിരിഞ്ഞതോടെ ഉടലെടുത്ത ഓര്‍ത്തഡോക്‌സ് സഭയുടെ കേന്ദ്രമായി പിന്നീട് ഇത് മാറി. ഹാഗിയ സോഫിയയ്ക്ക് സമീപത്തായി ഒരു വലിയ സ്മാരകം നിലനിന്നിരുന്നു. തന്റെ യുദ്ധവിജയങ്ങളുടെ സ്മാരകമായി ജസ്റ്റീനിയന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച ‘ജസ്റ്റീനിയന്‍ തൂണ്‍’ എന്നറിയപ്പെടുന്ന ഈ സ്മാരകത്തിന് മുകളില്‍ കു തിരപ്പുറത്ത് യവന യുദ്ധവീരനായ അഖിലീസിന്റേതു പോലുള്ള പടച്ചട്ട ധരിച്ച് കിഴക്കോട്ട് നോക്കിയിരിക്കുന്ന ജസ്റ്റീനിയന്റെ വെങ്കല പ്രതിമ നിലനിന്നിരുന്നു. ഈ പ്രതിമയുടെ കയ്യിലിരുന്ന രാജകീയ ഗോളത്തിലാണ് ആരെയും മോഹിപ്പിക്കുന്ന കോണ്‍സ്റ്റാന്റിനോപ്പിളിലെ ചുവന്ന ആപ്പിള്‍ സ്ഥിതി ചെയ്തിരുന്നത് എന്നാണ് പരക്കെയുള്ള വിശ്വാസം. ഓട്ടോമന്‍ പടയോട്ടകാലത്ത് ഈ പ്രതിമ നശിപ്പിക്കപ്പെട്ടു. കനകത്തിന് വേണ്ടി നടന്ന അസംഖ്യം കലഹങ്ങള്‍ക്കും കാമിനിക്ക് വേണ്ടി നടന്ന ട്രോജന്‍ യുദ്ധത്തിനും പ്രതികാരത്തിനു വേണ്ടി നടന്ന സലാമീസ് യുദ്ധത്തിനുമൊക്കെ സാക്ഷ്യം വഹിച്ചിട്ടുള്ള മെഡിറ്ററേനിയന്‍ ജലം പഴത്തിനു വേണ്ടിയുള്ള യുദ്ധങ്ങള്‍ക്ക് വേദിയായത് ഈ ചുവന്ന ആപ്പിളിനെ ചൊല്ലിയായിരുന്നു. എന്നാല്‍ സര്‍വ്വ അധിനിവേശക്കാരെയും കൊഞ്ഞനം കുത്തിക്കൊണ്ട് പത്തു നൂറ്റാണ്ട് കോണ്‍സ്റ്റാന്റിനോപ്പിളിനെ സംരക്ഷിച്ച തെയോഡോഷ്യന്‍ കോട്ട ഈ ചു വന്ന ആപ്പിളിനെ അധിനിവേശക്കാര്‍ക്ക് കിട്ടാക്കനി ആക്കി മാറ്റി. പതിമൂന്നാം നൂറ്റാണ്ടില്‍ നാലാം കുരിശുയുദ്ധക്കാര്‍ക്കും വെനീഷ്യന്‍ അധിനിവേശക്കാര്‍ക്കും മുന്‍പില്‍ ഒന്ന് തലകുനിച്ചതല്ലാതെ കോണ്‍സ്റ്റാന്റിനോപ്പിള്‍ ആരുടെ മുമ്പിലും തലകുനിച്ചിരുന്നില്ല; 1453 വരെ.

ചരിത്രത്തിന്റെ മുറിവുകളുണങ്ങാന്‍ അനുവദിക്കു ന്നതിനു പകരം
മുറിവുകള്‍ മാന്തി പൊളിക്കാനാണ് ഹാഗിയ സോഫിയ മുസ്ലീം
പള്ളിയാക്കി മാറ്റിക്കൊണ്ട് എര്‍ദോഗാന്‍ ശ്രമിച്ചത്.
ഹാഗിയ സോഫിയ ക്രിസ്ത്യന്‍ പള്ളി ആക്കണം എന്ന് ആവശ്യപ്പെടുന്ന
ക്രിസ്ത്യന്‍ വലതുപക്ഷക്കാരോടോ മോസ്‌ക് ആക്കണമെന്നാവശ്യപ്പെടുന്ന
ഇസ്ലാം വലതുപക്ഷക്കാരോടോ പക്ഷം ചേരാതെ അതിനെ ഒരു മ്യൂസിയമാക്കി
നിലനിര്‍ത്താനുള്ള ആര്‍ജവമാണ് അദ്ദേഹം കാട്ടേണ്ടിയിരുന്നത്.


AD 622 ല്‍ ഉദയം ചെയ്ത ഇസ്ലാംമതം, ഉമ്മയദ്, അബ്ബാസിദ് രാജവംശങ്ങളിലൂടെ പടിഞ്ഞാറേക്ക് ഭാഗികമായി തങ്ങളുടെ സ്വാധീനം വ്യാപിപ്പിച്ചെങ്കിലും അവരുടെ അനായാസമുള്ള മുന്നേറ്റത്തെ തടഞ്ഞു നിര്‍ത്തിയത് അപ്രതിരോധ്യമായ കോണ്‍സ്റ്റാന്റിനോപ്പിള്‍ കോട്ടയാണ്. പതിമൂന്നാം നൂറ്റാണ്ടിന്റെ ഒടുവില്‍ രൂപം കൊണ്ട ഉസ്മാന്റെ സാമ്രാജ്യം (ഓട്ടോമന്‍ സാമ്രാജ്യം) പിന്നീട് ഒരു വന്‍ശക്തിയായി മാറുകയും കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിക്കൊണ്ട് പടിഞ്ഞാറോട്ട് വ്യാപിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ജസ്റ്റീനിയന്‍ ചക്രവര്‍ത്തിയുടെ കാലത്തെ പ്രതാപമൊക്കെ ക്ഷയിച്ച് മെലിഞ്ഞ കോണ്‍സ്റ്റാന്റിനോപ്പിളിനെയാണ് 1453-ല്‍ ഓട്ടോമന്‍ സുല്‍ത്താന്‍ മുഹമ്മദ് രണ്ടാമന്‍ കീഴടക്കിയത്. പ്രതാപകാലത്ത് 5 ലക്ഷം ജനങ്ങള്‍ വസിച്ചിരുന്ന ആ നഗരത്തിന്റെ ശേഷി 1450 ആയപ്പോഴേക്കും 40,000 ആയി ചുരുങ്ങി. തന്റെ പിതാവ് മുറാദ് രണ്ടാമന്‍ 1422-ല്‍ കീഴടക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ആ നഗരത്തെക്കുറിച്ച് ഊണിലും ഉറക്കത്തിലും സ്വപ്നംകണ്ട് മുഹമ്മദ് രണ്ടാമന്‍ 1453 ല്‍ കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 21 വയസ്സ് മാത്രമാണ്. പതനസമയത്ത് കോണ്‍സ്റ്റാന്റിനോപ്പിള്‍ ഭരിച്ചിരുന്ന ചക്രവര്‍ത്തിയുടെ പേരാകട്ടെ വിധി വൈപരീത്യം പോലെ കോണ്‍സ്റ്റന്റൈന്‍ പതിനൊന്നാമന്‍ എന്നും!

പണവും പീരങ്കിയും
തുര്‍ക്കികളുടെ മുന്നേറ്റം യഥാ സമയം തിരിച്ചറിഞ്ഞ് കോണ്‍സ്റ്റാന്റിനോപ്പിളിന് മതിയായ സഹായവും സംരക്ഷണവും നല്‍കുന്നതില്‍ പടിഞ്ഞാറന്‍ നാവിക ശക്തികളായ വെനീസും ജെനൊവയുമടക്കമുള്ള രാജ്യങ്ങള്‍ അമാന്തം കാണിച്ചതാണ് പരാജയത്തിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്തായാലും 1453 മെയ് 29-ന് വൈകുന്നേരം മുഹമ്മദ് രണ്ടാമന്‍ കോണ്‍സ്റ്റാന്റിനോപ്പിളില്‍ പ്രവേശിച്ചു. ഹാഗിയ സോഫിയയില്‍ നിസ്‌കരിച്ചു കൊണ്ട് അതിനെ മോസ്‌കാക്കി മാറ്റുകയും ചെയ്തു. ഓട്ടോമന്‍ സാമ്രാജ്യം പടിഞ്ഞാറേക്ക് വ്യാപിക്കുന്നതിന്റെ ദുശ്ശകുനമായി പടിഞ്ഞാറന്‍ ശക്തികള്‍ ഇതിനെ ഞെട്ടലോടെ തിരിച്ചറിഞ്ഞു. ചരിത്രത്തില്‍ ഇന്നോളം ഏഷ്യന്‍ ശക്തികളില്‍ നിന്നും നിര്‍ണായക പരാജയം ഏറ്റു വാങ്ങിയിട്ടില്ലാത്ത യൂറോപ്പിന്റെ ആത്മാഭിമാനം അതോടെ ഉണര്‍ന്നു. ഉമയ്യദ് രാജവംശത്തിന്റെയും ഇസ്ലാമിന്റെയും സാന്നിധ്യം ഐബീരിയന്‍ (സ്‌പെയിനും പോര്‍ച്ചുഗലും ഉള്‍പ്പെടുന്ന പ്രദേശം) ഉപ ദ്വീപില്‍ നിന്ന് തൂത്തെറിഞ്ഞ ‘വീണ്ടെടുപ്പ്’ (reconquista) 1492-ല്‍ അവര്‍ പൂര്‍ത്തിയാക്കി. പടിഞ്ഞാറോട്ട് വ്യാപിക്കാനുള്ള ഓട്ടോമന്‍ വ്യാ മോഹങ്ങളെ എന്നെന്നേക്കുമായി തകര്‍ത്തുകൊണ്ട് ഒരു നൂറ്റാണ്ടിനു ശേഷം, 1571-ല്‍, അതേ മെഡിറ്ററേനിയനില്‍ വെച്ച് ലെപ്പാന്തോ യുദ്ധത്തില്‍ അലി പാഷയുടെ നേതൃത്വത്തിലുള്ള ഓട്ടോമന്‍ കപ്പല്‍പ്പടയെ അഞ്ചാം പീയൂസ് മാര്‍പ്പാപ്പയുടെ നിര്‍ദ്ദേശപ്രകാരം ഓസ്ട്രിയ, സ്‌പെയിന്‍, വെനീസ് തുടങ്ങിയ രാജ്യങ്ങള്‍ ചേര്‍ന്ന് നാമാവശേഷമാക്കി.


ക്രിസ്തുമതവും ഇസ്ലാം മതവും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആയി മാത്രം ഈ സംഘട്ടനങ്ങളെ ചിത്രീകരിക്കുന്നത് ചരിത്രപരമല്ല. നാലാം കുരിശുയുദ്ധക്കാര്‍ 57 വര്‍ഷം പതിമൂന്നാം നൂറ്റാണ്ടില്‍ (1204-1261) ഹാഗിയ സോഫിയയെ ലാറ്റിന്‍ കത്തീഡ്രല്‍ ആക്കി മാറ്റിയിരുന്നു. 1453-ലെ യുദ്ധത്തിലാകട്ടെ, തുര്‍ക്കിപ്പടയിലെ ഏറ്റവും ശൂരന്മാരായ പോരാളികളായ ജാനിസറികളില്‍ നല്ലൊരു പങ്കും ബാല്‍ക്കന്‍ പ്രദേശങ്ങളില്‍ നിന്നും നന്നേ ചെറുപ്പത്തില്‍ അടിമകളാക്കി പിടിച്ചുകൊണ്ടുവന്ന സ്ലാവിക് വിഭാഗക്കാരായ ക്രിസ്ത്യന്‍ യുവാക്കളും ഗ്രീക്കുകാരും ആയിരുന്നു. എന്നാല്‍ അടിമകളില്‍ നിന്നും വ്യത്യസ്തമായി, അത്യാകര്‍ഷകമായ വേതനം ഇവര്‍ക്ക് ലഭിച്ചിരുന്നു. അവര്‍, തന്മൂലം, സുല്‍ത്താനോട് നൂറ് ശതമാനം കൂറുപുലര്‍ത്തി. തെയോഡോഷ്യന്‍ കോട്ട തകര്‍ക്കാന്‍ മുഹമ്മദ് രണ്ടാമനെ സഹായിച്ച ഹംഗറിക്കാരനായ ഓര്‍ബന്‍ ഒരു ക്രിസ്ത്യാനിയായിരുന്നു. മുക്കാല്‍ ടണ്‍ തൂക്കമുള്ള പീരങ്കിയുണ്ട കൊണ്ട് വെടിവെക്കാന്‍ ശേഷിയുള്ള, ബസിലിക്ക എന്ന് നാമകരണം ചെയ്യപ്പെട്ട, 8 മീറ്റര്‍ നീളമുള്ള പീരങ്കിയുമായി ഓര്‍ബന്‍ ആദ്യം സമീപിച്ചത് കോണ്‍സ്റ്റന്റയിനെ ആയിരുന്നു. എന്നാല്‍ അതിനു വേണ്ടി പണം മുടക്കാന്‍ തനിക്ക് ശേഷി ഇല്ലാത്തതിനാല്‍ കോണ്‍സ്റ്റന്റയിന്‍ ഓര്‍ബനെ മടക്കി അയച്ചു. അതേ ആയുധവുമായി പിന്നീട് ഓര്‍ബന്‍ മുഹമ്മദ് രണ്ടാമനെ സമീപിക്കുകയും തന്റെ സാങ്കേതികവിദ്യ വില്‍ക്കുകയും ചെയ്തു. അപ്രതിരോധ്യമെന്ന് കരുതപ്പെട്ട തെയോഡോഷ്യന്‍ കോട്ടയെ തകര്‍ത്തത് ബസിലിക്ക എന്ന പീരങ്കിയാണ്. അതായത്, മൂലധനവും പണവുമാണ് മതവിശ്വാസത്തെക്കാള്‍ യുദ്ധത്തിന്റെ വഴി തിരിച്ചുവിട്ടത് എന്ന് ചുരുക്കം. കിഴക്കും പടിഞ്ഞാറും തമ്മിലുള്ള നിര്‍ണായക യുദ്ധങ്ങളില്‍ എന്നും പടിഞ്ഞാറിനായിരുന്നു വിജയം. ഗീസ് ട്‌റോയിയെ കീഴടക്കിയ ട്രോജന്‍ യുദ്ധത്തിലും, റോം കാര്‍ത്തേജിനെ കീഴടക്കിയ പ്യൂണിക് യുദ്ധങ്ങളിലും ഗ്രീസ് പേര്‍ഷ്യയെ കീഴടക്കിയ മാരത്തോണ്‍, സലാമീസ് യുദ്ധങ്ങളിലും ഏറ്റവുമൊടുവില്‍ ഓട്ടോമന്‍ സാമ്രാജ്യത്തെ ഇല്ലാതാക്കിയ ഒന്നാം ലോകമഹായുദ്ധത്തിലും പടിഞ്ഞാറിന്റെ മേല്‍ക്കൈ ആണ് നാം കാണുന്നത്.
പുരാതന കാലം മുതല്‍ക്കേ ആധിപത്യങ്ങളുടെയും യുദ്ധവിജയങ്ങളുടെയും ചരിത്രം സാംസ്‌കാരിക അധിനിവേശങ്ങളുടെ ചരിത്രം കൂടിയാണ്. ജേതാവിന്റെ മതവും സംസ്‌കാരവും പരാജിതരുടെ മേല്‍ കെട്ടിയേല്‍പ്പിക്കപ്പെട്ടിട്ടുണ്ട്. പടിഞ്ഞാറന്‍ യൂറോപ്പിലെ പേഗന്‍ സാംസ്‌കാരികാവശേഷിപ്പുകള്‍ എല്ലാം ക്രിസ്ത്യന്‍ ആധിപത്യകാലത്ത് ക്രൈസ്തവവല്‍ക്കരിക്കപ്പെട്ടിട്ടുണ്ട്. ‘വെങ്കലത്തില്‍ തീര്‍ത്ത കവിത’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന, സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബലിപീഠത്തിന് മുകളിലുള്ള ബാല്‍ദാക്കിന്‍ 80 ടണ്‍ വെങ്കലം കൊണ്ട് വിശ്വപ്രസിദ്ധനായ ശില്‍പ്പി ജാന്‍ലോറന്‍സോ ബര്‍ണീനി നിര്‍മിച്ചതാണ്. അതിനാവശ്യമായ വെങ്കലത്തിന്റെ സിംഹഭാഗവും പ്രാചീന റോമന്‍ ദേവാലയം ആയിരുന്ന പാന്തെയോണില്‍ നിന്നും പൊളിച്ചെടുത്തതാണ്. അതിനുള്ള നിര്‍ദേശം കൊടുത്തത് പതിനേഴാം നൂറ്റാണ്ടിലെ മാര്‍പാപ്പ ആയിരുന്ന ഉര്‍ബന്‍ എട്ടാമന്‍ ആയിരുന്നു. റോമിലെ പ്രഭു കുടുംബാംഗമായിരുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് മാഫെയോ ബാര്‍ബറീനി എന്നായിരുന്നു. ബാര്‍ബേറിയന്‍മാര്‍ റോം കീഴടക്കിയപ്പോള്‍ പോലും പാന്തയോണിനോടു കാണിക്കാത്ത പരാക്രമം ബാര്‍ബെറീനി പാന്തയോണിനോടു കാണിച്ചു എന്ന് ചരിത്രകാരന്മാര്‍ പറയാറുണ്ട്. (Quod non fecerunt barbari fecerunt Barbe-rini) ഇതുപോലുള്ള ധാരാളം ഉദാഹരണങ്ങള്‍ ഞാന്‍ വിസ്താര ഭയം കൊണ്ട് കുറിക്കുന്നില്ല. ഓട്ടോമന്‍ സാമ്രാജ്യത്തിന്റെ പതനം പൂര്‍ണമായ ഒന്നാം ലോകമഹാ യുദ്ധത്തിനു ശേഷവും ഏതാനും വര്‍ഷങ്ങള്‍ കൂടി ഹാഗിയ സോഫിയ ഒരു മോസ്‌കോയി തുടര്‍ന്നു. എന്നാല്‍ ആധുനിക ഭരണ വ്യവസ്ഥയിലേക്ക് തുര്‍ക്കിയെ നയിച്ച അത്താതുര്‍ക്ക് മുസ്തഫ കമാലിന്റെ ഭരണകൂടം 1935-ല്‍ ഈ മോസ്‌കിനെ ഒരു മ്യൂസിയം ആക്കി മാറ്റി. ഈ മ്യൂസിയമാണ് 2020 ജൂലൈ 24-ന് വീണ്ടും മോസ്‌ക് ആക്കി മാറ്റിയത്.

എര്‍ദോഗാന്റെ രാഷ്ട്രീയം
10 നൂറ്റാണ്ടോളം ക്രിസ്ത്യന്‍ പള്ളിയായും 5 നൂറ്റാണ്ടോളം മോസ്‌കായും എട്ടര പതിറ്റാണ്ട് മ്യൂസിയമായും നിലനിന്ന ചരിത്രമാണ് ഹാഗിയ സോഫിയയ്ക്കുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ കയറിപ്പറ്റാന്‍ ഇന്നും വിലപേശല്‍ നടത്തുന്ന രാജ്യമാണ് തുര്‍ക്കി. മുസ്ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ മതേതര സ്വഭാവം കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണത്. ആധുനികത എന്നത് പടിഞ്ഞാറന്‍ ശൈലിയിലുള്ള വസ്ത്രധാരണം മാത്രമല്ലെന്ന് ലോകത്തിനു മുമ്പില്‍ തെളിയിക്കാനുള്ള ബാധ്യത എര്‍ദോഗാനുണ്ട്. ഹാഗിയ സോഫിയ ക്രിസ്ത്യന്‍ പള്ളിയാക്കണം എന്നാവശ്യപ്പെടുന്ന ക്രിസ്ത്യന്‍ വലതുപക്ഷക്കാരോടോ മോസ്‌ക് ആക്കണമെന്നാവശ്യപ്പെടുന്ന ഇസ്ലാം വലതുപക്ഷക്കാരോടോ പക്ഷം ചേരാതെ അതിനെ ഒരു മ്യൂസിയമാക്കി നില നിര്‍ത്താനുള്ള ആര്‍ജവമാണ് അദ്ദേഹം കാട്ടേണ്ടിയിരുന്നത്. ചരിത്രത്തിന്റെ മുറിവുകളുണങ്ങാന്‍ അനുവദിക്കുന്നതിനു പകരം മുറിവുകള്‍ മാന്തി പൊളിക്കാന്‍ അദ്ദേഹം ശ്രമിക്കുമ്പോള്‍ തീവ്രവലതു പക്ഷ പുരോഹിതരുടെ ഇംഗിതം സാധിച്ചു കൊടുത്ത് സുസ്ഥിര ഭരണം ഉറപ്പുവരുത്തുന്ന ശരാശരി അറേബ്യന്‍ ഭരണാധികാരികളുടെ നിലവാരത്തിലേക്ക് അദ്ദേഹം താഴുകയാണ്. വഹാബിസ്റ്റുകളുടെ പിന്തുണയില്‍ ഭരണം നിലനിര്‍ത്തുന്ന സൗദി രാജാക്കന്മാരെയോ സലഫിസ്റ്റുകളുടെ പിന്തുണ ഉറപ്പാക്കി ഭരിക്കുന്ന ഖത്തര്‍, എമിറേറ്റ്‌സ് എന്നിവിടങ്ങളിലെ ഭരണാധികാരികളെയോ പോലെ ആകാനാണ് എര്‍ദോഗാന്‍ ശ്രമമെങ്കില്‍ ഫ്രാന്‍സ് കാഫ്കയുടെ കഥാപാത്രം ഗ്രിഗര്‍ സാംസയെപ്പോലെ ഒരു സു പ്രഭാതത്തില്‍ അദ്ദേഹവും ഒരു ഏകാധിപതിയായി രൂപാന്തരപ്പെടും. പാമ്പിന്റെ മുട്ട വിരിഞ്ഞ് പഞ്ചവര്‍ണ്ണക്കിളി ഉണ്ടായ ചരിത്രം ഇല്ലാത്തതുകൊണ്ട് എര്‍ദോഗാന്റെ പക്കല്‍ നിന്നും ഇതിലും നിലവാരം പ്രതീക്ഷിക്കുന്നത് സാഹസികതയാണ്.
മതേതരത്വത്തിന് ഭീഷണിയാണെന്നാരോപിക്കപ്പെട്ട് ജയിലിലടയ്ക്കപ്പെട്ട ചരിത്രമുള്ള എര്‍ദോഗാന്‍ അക്കാലത്ത് പറഞ്ഞ ഒരു വാചകമുണ്ട്: ‘ജനാധിപത്യം ഒരു എക്‌സ്പ്രസ് ട്രെയിന്‍ പോലെയാണ്, അധികാരം എന്ന ലക്ഷ്യസ്ഥാനത്തെത്തിയാല്‍ അതില്‍ നിന്ന് ഇറങ്ങുക. പിന്നീട് അതിന്റെ ആവശ്യമില്ല,’ ജനാധിപത്യ മാര്‍ഗത്തിലൂടെ അധികാരം പിടിച്ചശേഷം ഏകാധിപത്യത്തിലേക്ക് തിരിഞ്ഞവരുടെ ഉദാഹരണങ്ങള്‍ എര്‍ദോഗാന്റെ മുമ്പിലുണ്ട്: ഹിറ്റ്‌ലറുള്‍പ്പെടെ. ജനാധിപത്യത്തിന്റെ വൈരുദ്ധ്യം (paradox of democracy) എന്ന് കാള്‍പോപ്പര്‍ വിളിക്കുന്ന ഈ തലത്തിലേക്കാണ് എര്‍ദോഗാന്‍ മാറുന്നതെന്ന് സംശയിക്കാന്‍ ന്യായങ്ങള്‍ ഉണ്ട്. മോസ്‌ക്കുകള്‍ നമ്മുടെ ബാരക്കുകള്‍ ആണെന്ന് ഒരിക്കല്‍ പറഞ്ഞ എര്‍ദോഗാന്റെ തീവ്രവാദപ്രീണന രാഷ്ട്രീയവും കുര്‍ദുകളെ കൊന്നൊടുക്കി കൊണ്ട് അര്‍മീനിയന്‍ വംശഹത്യയുടെ ഓര്‍മ്മകളെ ആഗോളതലത്തില്‍ സജീവമാക്കി നിര്‍ത്തുന്ന സാഹസികതയും മറുവശത്ത് കൂടുതല്‍ ട്രംപുമാരെ സൃഷ്ടിക്കും. ആല്‍പൈന്‍ ട്രംപ് എന്ന് ടൈം മാസിക വിശേഷിപ്പിച്ച ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍ത്സിനെ പോലുള്ള യൂറോപ്യന്‍ നേതാക്കളെയും സൃഷ്ടിക്കും. എര്‍ദോഗാന്‍ ‘തെയ്’ എന്ന് വെക്കുമ്പോള്‍ ‘തിത്തെയ്’വെക്കുന്ന ഇത്തരം നേതാക്കള്‍ കൂടിയാകുമ്പോള്‍ പ്രഷര്‍കുക്കറിന് സമാനമായ നിലയിലേക്ക് യൂറോപ്പ് നീങ്ങും. യൂറോപ്പിലെ രോഗി എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുര്‍ക്കിയുടെ രോഗാവസ്ഥ വിചാരിച്ചതിലും ഗുരുതരമാണെന്ന് ലോകം വിലയിരുത്തും.

Leave a Comment

*
*