Latest News
|^| Home -> Cover story -> ആധുനിക കുടിയേറ്റങ്ങളിലെ അപകടങ്ങള്‍

ആധുനിക കുടിയേറ്റങ്ങളിലെ അപകടങ്ങള്‍

Sathyadeepam

ടോം ജോസ് തഴുവംകുന്ന്

തികഞ്ഞ ഗവേഷണ സ്വഭാവമുള്ള ആധികാരികമായ ഒരു ചരിത്രപഠനത്തിലൂടെ ആനുകാലികമായ ചില പ്രതിസന്ധികളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എത്തി നില്ക്കുന്ന ഒരു ക്ലാസ്സ്. ഏവരും ആകാംക്ഷയോടെയും താത്പര്യത്തോടെയുമാണ് ക്ലാസ്സിലെ വിലയിരുത്തലുകള്‍ ശ്രദ്ധിക്കുന്നത്. വികസനവും വികസനം വന്ന വഴികളിലെ പ്രവര്‍ത്തനങ്ങളുമൊക്കെ പരാമര്‍ശിക്കപ്പെടുന്നു. കാലാനുസൃതമായ വികസന വഴികളില്‍ കുടിയേറ്റങ്ങളുടെ പ്രാധാന്യം എടുത്തുപറഞ്ഞു. പിന്നെപ്പിന്നെ കുടിയേറ്റങ്ങളുടെ ഒരു ഭ്രമം തന്നെ സമൂഹത്തെ ബാധിച്ചു. സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ ഉണ്ടായെങ്കിലും ഇത്തരം കുടിയേറ്റങ്ങള്‍ നാടിന്‍റെ സന്തുലിതാവസ്ഥയെ തകിടം മറിച്ചിരിക്കുന്നത്രേ! നാട്ടിലെ ജനങ്ങള്‍ നാടിനെ മറന്ന് അന്യദേശത്തേയ്ക്കു കുടിയേറുകയും പിന്നീടു സ്ഥിരവാസം അവിടെത്തന്നെയാകുകയും ചെയ്യുന്നതിന്‍റെ അപകടകരമായ ആധുനികവിചാരത്തില്‍ ആശയം എത്തിനില്ക്കുന്നു. നാട്ടില്‍ ബഹുനില കെട്ടിടങ്ങളും വൃദ്ധജനങ്ങളും മാത്രമാകുന്നു. ബന്ധങ്ങളുടെ ഊഷ്മളതയില്‍ ആര്‍ക്കും താത്പര്യമില്ലെന്നായിരിക്കുന്നു. വിദേശരാജ്യങ്ങളിലേക്കുള്ള ‘ഇടിച്ചുകയറ്റം’ ആധുനികനാളുകളില്‍ ഇത്രമാത്രം ആവശ്യമോ? എന്ന ചിന്തയിലേക്കു നാമെത്തണമെന്നാണു ചരിത്രകാരന്‍ കൂടിയായ പണ്ഡിതന്‍ സദസ്സിനെ ഓര്‍മ്മപ്പെടുത്തുന്നത്.

നമ്മുടെ മാധ്യമങ്ങളില്‍ ഇന്നു സര്‍വസാധാരണമാകുന്ന പരസ്യങ്ങളാണു വിദേശത്തു പഠനവും ജോലിയും സ്ഥിരവാസവുമൊക്കെ വാഗ്ദാനം ചെയ്തുകൊണ്ടുള്ളത്! ഭാരതത്തേക്കാള്‍ മികവുറ്റത്… സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്… ലോകനിലവാരത്തിലുള്ളത്… ഭാവി ശോഭനമാക്കാന്‍ പര്യാപ്തമായത്… ഉപരിപഠനം… പഠനത്തോടൊപ്പം ജോലി… കുടുംബാംഗങ്ങളെയെല്ലാം കൊണ്ടുപോകാം… മുഴുസമയം ജോലി ചെയ്യാം… നാലു വര്‍ഷം വരെ നില്ക്കാം… ഇതിനിടയില്‍ സ്ഥിരതാമസത്തിനുള്ള അപേക്ഷ നല്കാം. വിദഗ്ദ്ധര്‍ കൈകാര്യം ചെയ്യുന്ന സേവനങ്ങള്‍… വിസാ നിയമങ്ങള്‍ ലഘൂകരിക്കുന്നു… തുടങ്ങി നിരവധി മോഹനസുന്ദരവാഗ്ദാനങ്ങളിലൂടെ നമ്മുടെ യുവതയെ വിദേശരാജ്യങ്ങളിലേക്കു കുടിയേറാന്‍ പ്രേരിപ്പിക്കയാണ്. ഒപ്പം ഇത്തരം രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ പണം സമ്പാദിച്ചു കൂട്ടുകയും ചെയ്യുന്നു. പന്ത്രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസത്തിനുശേഷം വിദേശരാജ്യങ്ങളില്‍ ചേക്കേറാന്‍ വെമ്പല്‍ പൂണ്ടു നില്ക്കുന്നവര്‍ ഏറിവരുന്നു. വൈദേശിക വാതിലുകള്‍ ഇതിനായി മലര്‍ക്കെ തുറക്കുമ്പോഴും ഇതിനകത്തെ ‘അപകടം’ തിരിച്ചറിയാതെ പോകുന്നു.

ശൂന്യമാകുന്ന പക്ഷിക്കൂടുകള്‍ മാത്രമായി വീടുകള്‍ മാറുന്നു. മുട്ടയിടാന്‍ കാലമാകുമ്പോള്‍ തകൃതിയായി പണിതൊരുക്കുന്ന വീട്!! മുട്ടയിട്ട് വിരിഞ്ഞു കുഞ്ഞുങ്ങള്‍ ചിറക് വയ്ക്കുന്നതോടെ കൊമ്പുകള്‍ ചാടി, ചില്ലകള്‍ ചാടി കുഞ്ഞുങ്ങള്‍ ആകാശത്തേയ്ക്കു കുതിക്കുന്നു; കടപ്പാടുകളുടെ തിരിഞ്ഞുനോട്ടം പക്ഷിക്കുഞ്ഞുങ്ങള്‍ക്കില്ല. തന്തപ്പക്ഷിയെയും തള്ളപ്പക്ഷിയെയും പിന്നീടൊരിക്കലും തിരിച്ചറിയുന്നില്ല; ഇതേ പക്ഷിക്കുഞ്ഞുങ്ങള്‍ ഭാവിയില്‍ കെട്ടിയൊരുക്കുന്ന വീട്ടിലേക്കു തന്തപ്പക്ഷിയെയും തള്ളപ്പക്ഷിയെയും സഹോദരങ്ങളെയും ക്ഷണിക്കുന്നുമില്ല. വാര്‍ദ്ധക്യത്തിന്‍റെയും വിരഹത്തിന്‍റെയും സ്നേഹദാരിദ്ര്യത്തിന്‍റെയും കൂരിരുളില്‍ സമൃദ്ധിയുടെ ആഘോഷം പ്രസംഗിക്കുന്ന കുടിയേറ്റം ഭാവിയുടെ ദുരന്തമാണെന്നു തിരിച്ചറിയുന്നതു നല്ലത്.

ജീവിതം ശോഭനമാകുന്നതു പണവും ജോലിയും സുഭിക്ഷമായ ഭക്ഷണവും ആര്‍ഭാടമായ ജീവിതസാഹചര്യങ്ങളും സ്വന്തമാക്കുമ്പോഴാണെന്നതില്‍ ഒരു മിഥ്യയില്ലേ? നമ്മുടെയൊപ്പം നമുക്കായി ദൈവം നല്കിയ ബന്ധുമിത്രാദികളും ജീവിതസാഹചര്യങ്ങളും സംസ്കാരവും സംസ്കൃതിയും ഭാഷയും ഭക്ഷണവും പഠനങ്ങളുമൊക്കെ നിസ്സാരമല്ലെന്നറിയുക. മലയാള ഭാഷയെ അവഗണിക്കുന്നതും അവജ്ഞയോടെ വിലയിരുത്തുന്നതും മലയാളികള്‍ മാത്രമാണെന്നറിയുക. ലോകഭാഷകളില്‍ 27-ാം സ്ഥാനത്തുള്ള മലയാളഭാഷയ്ക്കു പദസമൂഹവും ആശയാവതരണത്തിനുള്ള വൈവിദ്ധ്യങ്ങളും അവര്‍ണനീയമാണ്. ഏതു ഭാഷയും മലയാളിക്കു അതിവേഗം വഴങ്ങും. പക്ഷേ, മലയാള ഭാഷ മറ്റുളളവര്‍ക്ക് അത്ര എളുപ്പമല്ല; എത്രമാത്രം പരിശീലനം നേടിയാലും മലയാളം പറയുന്ന മലയാളിയല്ലാത്തവരെ നമുക്കു പെട്ടെന്നു തിരിച്ചറിയാനാകും! മലയാളം മലയാളിക്കു തൊഴിലുമായി ബന്ധപ്പെട്ടു മാത്രമാണോ ചിന്തിക്കാനാകുന്നത്? ഭാഷയെന്നത് ആശയസംവേദനത്തിനുള്ള ഒരു മാര്‍ഗം മാത്രമാണ്. ശ്രേഷ്ഠഭാഷാ പദവി കിട്ടിയതുകൊണ്ടു മലയാളം മഹത്തായ ഒരു ‘ഷോകേസ്’ ഭാഷയായി മാറിയതല്ലാതെ നമുക്കെല്ലാം അഭിമാനത്തോടെ സംസാരിച്ച് അഭിമാനത്തോടെ ജീവിക്കാനാകുന്ന നാടിന്‍റെ മുഖ്യധാരാവിചാരമാകുന്നുണ്ടോ?

ആദ്യം പ്രതിപാദിച്ച ചരിത്രകാരന്‍ പറഞ്ഞുവയ്ക്കുന്നതു കുടിയേറ്റം ഇനി നമ്മുടെ നാട്ടില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നാണ്. പക്ഷേ, അവരവരുടെ ജീവിതസാഹചര്യങ്ങളിലേക്കെത്തുമ്പോള്‍ ആശയവ്യതിയാനം സംഭവിക്കുന്നുവെന്നുള്ളതു മറ്റൊരു യാഥാര്‍ത്ഥ്യം! എന്തുകൊണ്ടാണു നമുക്കിത്രമാത്രം വിദേശപഠനഭ്രമവും അതിനനുസരിച്ചുള്ള തൊഴില്‍ സ്വപ്നങ്ങളുമെന്നു ചിന്തിക്കാത്തത്? നമുക്കെന്തുണ്ടെങ്കിലും അതെല്ലാം നമ്മുടെ ഉറ്റവരുടെയും ഉടയവരുടെയും ഒപ്പമായിരിക്കുമ്പോഴാണു സംതൃപ്തിയിലേക്കെത്തിക്കാനാകുന്നത്. പണമുണ്ടാക്കുന്ന ‘ഉപകരണ’ങ്ങളായി ഭാവി തലമുറ മാറുന്നതിലെ അപകടം തിരിച്ചറിയണം.

ഓടിക്കളിക്കുന്ന ബാല്യങ്ങളും ജീവിതത്തെ തൊട്ടറിഞ്ഞു വളരു ന്ന കൗമാരയൗവ്വനങ്ങളും ഭവനങ്ങളില്‍നിന്ന് പടിയിറങ്ങി ബംഗ്ലാവും കാവല്‍ക്കാരനും ഒരുപക്ഷേ കാവല്‍നായയും മാത്രമാകുകയും ഇതിനെയെല്ലാം ശ്രദ്ധിക്കുന്ന നിരീക്ഷണക്യാമറകളും മാത്രമായി നമ്മുടെ നാട്ടിലെ വീടുകള്‍ മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യര്‍ പരസ്പരം നിരീക്ഷിക്കുന്നതില്‍ നിന്ന് മാറി എല്ലാം യന്ത്രത്തിനു കൈമാറുന്ന കാലം! ഉന്നത വിദ്യാഭ്യാസം തൊഴിലധിഷ്ഠിത വിദ്യാഭ്യാസമെന്നൊക്കെ പറയുന്ന ആധുനിക സാങ്കേതിക വൈദഗ്ദ്ധ്യം ഒരു വി ജയമായിരുന്നെങ്കില്‍ നമ്മുടെ മക്കള്‍ ഇത്രമാത്രം വിദേശ കുടിയേറ്റത്തെ പ്രണയിക്കുമായിരുന്നോ? “ഭാരതത്തേക്കാള്‍ മെച്ചമുള്ളതും ഭാവിയെ ശോഭനമാക്കുന്നതുമായ” പഠനരീതികളും തൊഴിലാസൂത്രണങ്ങളുമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചു നമ്മുടെ ഭാവിവാഗ്ദാനങ്ങളെ ഇതര രാജ്യങ്ങള്‍ക്കു മുതല്‍ക്കൂട്ടാക്കുന്നതിലെ സാംഗത്യം നാമെന്തേ പഠിക്കാത്തത്? വിദ്യാഭ്യാസത്തിനു പേരുകേട്ട കേരളമെന്തുകൊണ്ടാണ് ഇതര രാജ്യങ്ങളുടെ പഠനസമ്പ്രദായങ്ങളെ പകര്‍ത്തിയെടുക്കാത്തതും ഈ നാടിന് അനുകൂലമാക്കാത്തതും?

വിദേശത്തു പഠിച്ചാല്‍ ജോലിയുണ്ട്, ജീവിതവുമുണ്ട്; ഇവിടെ നിന്നാല്‍ ആയുസ്സ് പോകുമെന്നു മക്കള്‍ പറയേണ്ടിവരുന്നത് എന്തുകൊണ്ട്? മുക്കിനുമുക്കിനു വിദ്യാലയങ്ങളും ഉന്നത സാങ്കേതിക തൊഴിലധിഷ്ഠിത കോളജുകളുമൊക്കെയുള്ള ഈ നാട്ടില്‍ പഠനത്തിനു സമാനമായ തൊഴിലുകള്‍ ഇല്ലാത്തത് ആസൂത്രണത്തിന്‍റെ പിഴവല്ലേ? കേരളത്തില്‍ തൊഴിലില്ലാത്തതു നാം ജീവിക്കുന്ന സാഹചര്യങ്ങളെ വിദ്യാഭ്യാസത്തിന് അനുകൂലമായി ക്രമീകരിക്കാത്തതുകൊണ്ടല്ലേ? ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരും കഴിവുകളുടെ നിറകുടങ്ങളുമായ നമ്മുടെ മക്കള്‍ നമുക്കിടയിലെ സ്ഥാപനങ്ങളില്‍ വളരെ ചെറിയ ശമ്പളത്തിനു ജോലി ചെയ്യുമ്പോള്‍ ഇതേ മക്കളുടെ വീടുകളില്‍ പണിയെടുക്കുന്ന അക്ഷരംപോലും അറിയാത്ത ഇതര സംസ്ഥാന തൊഴിലാളിയുടെ കൂലിയെത്രയാണെന്നു വിലയിരുത്തിയിട്ടുണ്ടോ? ‘പണ്ഡിതനും പാമരനും’ തമ്മിലുള്ള അന്തരം ശ്രദ്ധിക്കേണ്ടതല്ലേ? ഉന്നത പഠനം കഴിഞ്ഞു പുറത്തിറങ്ങുന്ന നമ്മുടെ മക്കളുടെ കൈവശം ‘സ്വര്‍ണപ്പാത്രം’ (സര്‍ട്ടിഫിക്കറ്റുകള്‍) കൊടുത്തു പുറത്തേയ്ക്കു വിടുന്നു…. ജീവിക്കാനുളള ‘ഭക്ഷണം’ മിക്കപ്പോഴും വിദേശത്താണെന്നു നാം പറയാതെ പറയുന്നുണ്ട്. അതുകൊണ്ടാണല്ലോ കുടിയേറ്റത്തെക്കുറിച്ചു സംസാരിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്കു നാമിങ്ങനെ പറയുന്നത്, “കുടിയേറ്റം, അതു വേണം… വേണ്ടാന്നല്ല…!” എന്നു പറഞ്ഞാല്‍ നാടിന്‍റെ തനിമയെക്കുറിച്ചും അതിന്‍റെ പച്ചപിടിച്ച വളര്‍ച്ചയെക്കുറിച്ചുമുള്ള ‘വിലാപം’ പ്രസംഗത്തിലൊതുങ്ങുമെന്നു സാരം! ഇതു മാറണം; പഠിച്ചു ബിരുദവും ബിരുദാനന്തരബിരുദവും ഇതര സാങ്കേതികജ്ഞാനവുമൊക്കെ നേടുന്ന വ്യക്തിക്ക് ഇതിനു സമാനമായ തൊഴില്‍ ക്രമീകരിക്കേണ്ടതു സമൂഹത്തിന്‍റെ ഉത്തരവാദിത്വമാണ്.

പഠിക്കുന്ന പാഠങ്ങള്‍ക്കു പുറത്തു ജീവിതമറിയില്ലെന്ന അവസ്ഥയിലേക്കു യുവതലമുറ മാറ്റപ്പെടുന്നു. വിദ്യാഭ്യാസം ജീവിതത്തിനുള്ള പരിശീലനം കൂടിയാകണ്ടേ? വിദേശത്തു പോയി വൃദ്ധമന്ദിരത്തില്‍ ആതുരശുശ്രൂഷ ചെയ്തു ലക്ഷങ്ങള്‍ സമ്പാദിക്കുമ്പോള്‍ സ്വന്തം വീട്ടിലെ വൃദ്ധമാതാപിതാക്കളെ പരിചരിക്കുന്നത് ഇതര സംസ്ഥാനക്കാരായ കൂലിക്കാരാണെന്നുള്ള യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ നമ്മുടെ പഠനം ഉണരണം. വിദേശത്തു തരുന്ന ശമ്പളം ആ രാജ്യത്തെ ‘തുച്ഛം’ മാത്രമാണ്. രൂപയുടെ മൂല്യവ്യതിയാനമാണു ഫോറിന്‍കാരെ ലക്ഷാധിപതികളാക്കുന്നതെന്ന് തിരിച്ചറിയുക; ഒപ്പം ഒരു കാര്യംകൂടി നാമറിയണം. ഒരു രാജ്യത്തിന്‍റെ അഥവാ നാടിന്‍റെ വളര്‍ച്ചയെന്നതു സാമ്പത്തികത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്നു ള്ള യാഥാര്‍ത്ഥ്യം.

സദ്ഗുണങ്ങളുടെ സംരക്ഷകനാണ് അദ്ധ്വാനമെന്നത്; പക്ഷേ, ഇന്ന് അദ്ധ്വാനമെന്നതിന് “ഏ.സി. മുറിയും കമ്പ്യൂട്ടറും” എന്നൊരു വിവക്ഷയുണ്ടോയെന്നൊരു സംശയം. വിഭവസമൃദ്ധവും രുചിസമൃദ്ധവും ആഡംബരപൂര്‍ണവുമായ ഭക്ഷണത്തില്‍ എല്ലാവരും ആകൃഷ്ടരാണെങ്കിലും മണ്ണിനോട് താത്പര്യമില്ല; പാളത്തൊപ്പിയിട്ട് രക്തം വിയര്‍പ്പാക്കി മാറ്റി എല്ലും തോലുമായിത്തീരുന്ന കര്‍ഷകരെ മാത്രം സമൂഹത്തിനും ഭരണകര്‍ത്താക്കള്‍ക്കും വിദ്യാഭ്യാസവിചക്ഷണര്‍ക്കും ശാസ്ത്രത്തിനുമൊന്നും താത്പര്യമില്ല. പണിമുടക്കും ഹര്‍ത്താലും നടത്തുവാന്‍ കഴിയാത്ത ‘അടുക്കളയുടെ അണിയറ’ക്കാരെ ആര്‍ക്കാണു വേണ്ടത്?

നമ്മുടെ പഠനമുറികളിലും ജീവിതത്തിന്‍റെ പ്രൗഢഗംഭീര വേദികളിലും കര്‍ഷകരും കാര്‍ഷികരീതികളും വിളവൈവിധ്യങ്ങളുമൊന്നും മുഖ്യപാഠങ്ങളല്ല; ദുരിതാശ്വാസമോ കര്‍ഷക പെന്‍ഷനുകളോ കടാശ്വാസങ്ങളോ ഒപ്പം ചിങ്ങം ഒന്നിനു പൊന്നാടയണിയിക്കലിനോ വേണ്ടി കര്‍ഷകവിചാരം പ്രസംഗിക്കപ്പെടുന്നു. സമൂഹത്തെ നയിക്കുന്നവരെ അവഗണിക്കുന്ന നാട് പുരോഗമിക്കുമോ? ഭക്ഷണത്തിനു വിഭവങ്ങള്‍ വിളയിച്ചെടുക്കുന്നവരെ കണ്ടാല്‍ എഴുന്നേറ്റ് ആദരിക്കേണ്ടതല്ലേ? പക്ഷേ കര്‍ഷകരെന്നും മറ്റുള്ളവരെ ആദരിക്കാന്‍ തൊഴുകൈയുമായി നില്ക്കുന്ന ‘അസ്ഥിപഞ്ജര’മായി മാറിയിരിക്കുന്നു. ഇതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ യുവത വിദേശപഠനം തേടി പോയിക്കഴിഞ്ഞു; ഇനി നാടിനെ നയിക്കാനും നാട്ടാരെ നോക്കാനും ഉറ്റവരെ പോറ്റാനും ആരുണ്ടിവിടെ? ഭാഷയറിയാത്തവര്‍ക്കു ഹൃദ്യമായ പരിചരണവും അന്യമാകും! മനുഷ്യരെന്നതു ബന്ധങ്ങളോടുകൂടെ നില്ക്കേണ്ട വരും വളരേണ്ടവരുമാണ്. നട്ടിടത്തു പുഷ്പിക്കുന്നതിലാണു ചെടിയുടെ മനോഹാരിതയും ദൈവത്തിന്‍റെ പദ്ധതി മാഹാത്മ്യവും പ്രകാശിതമാകുന്നതെന്നു തിരിച്ചറിയുന്നതു നമ്മുടെ നിലനില്പിനും വളര്‍ച്ചയ്ക്കും ഉപയുക്തമാണ്. വര്‍ദ്ധിതമായ കുടിയേറ്റത്തിനു ശാശ്വതമായ പരിഹാരം ആവശ്യമാണ്. ഉറ്റവരെല്ലാം വിദേശത്ത്… നാട്ടിലോ, മരണമുഖത്തു സഞ്ചരിക്കുന്ന ചില സമ്പത്തിന്‍റെ അടയിരുപ്പുകാരും. ജീവിതത്തിന്‍റെ ഓരോരോ മുഖങ്ങളില്‍ ചിലരൊക്കെ വിമാനത്തില്‍ വന്നുപോകും. ശവസംസ്കാരത്തിനു താങ്ങാനാകാത്ത ദുഃഖം പേറാനും കണ്ണീര്‍ പൊഴിക്കാനും അലമുറയിടാനും ‘ഇവന്‍റ് മാനേജുമെന്‍റുകാരെ’ത്തുന്ന കാലം! ചിരിക്കേണ്ട വേളകളില്‍ ചിരിക്കാനും ഹൃദ്യമായി പെരുമാറാനും ഇവന്‍റ്മാനേജുമെന്‍റ്… എല്ലാത്തിനും ഇടയില്‍ “പണം” കാര്യക്കാരനാകുന്ന കാലത്തു പഠനം ശ്രദ്ധാപൂര്‍വമാകേണ്ടേ? നമ്മുടെ നാട്ടിലെ യോഗ്യതകള്‍ക്കു നമ്മുടെ നാട്ടില്‍ തൊഴിലും ഭേദപ്പെട്ട ശമ്പളവും ഉണ്ടാകണ്ടേ? മക്കള്‍ വിദേശത്തു പോകുന്നതിനെക്കുറിച്ചന്നതിനേക്കാള്‍ നാം ചിന്തിക്കേണ്ടതു നമ്മുടെ നാട്ടില്‍ ഇനി ആരുണ്ടെന്നാണ്? പഠനവിസയുമെടുത്തു ജോലിയും പഠനവുമായി നമുക്കിടയില്‍ എത്ര വിദേശികള്‍ വന്ന് ‘പി.ആര്‍’ സ്വന്തമാക്കിയിട്ടുണ്ടെന്നു പഠിക്കുന്നതു നല്ലതാണ്. ഭരണകര്‍ത്താക്കളുടെ മക്കളും രാഷ്ട്രീയക്കാരുടെ കുടുംബവുമൊക്കെ വി ദേശപ്രണയത്തില്‍ തന്നെയാണ്. ഒരു കാര്യം ശ്രദ്ധയില്‍ വരണം. “ബന്ധുവീട്ടിലെ സമൃദ്ധിയേക്കാള്‍ തറവാട്ടിലെ ദാരിദ്ര്യത്തിന് ഒരു സുഖവും സംതൃപ്തിയു”മുണ്ടെന്ന യാഥാര്‍ത്ഥ്യം. കുടിയേറ്റം “വേണ്ട” എന്നു പറയാതെ പരിഹാരത്തിനായി നാമൊന്നായി ശ്രമിക്കണം.

കേരളമെന്ന ദൈവത്തിന്‍റെ സ്വന്തം നാട് അത്ഭുതങ്ങളുടെ കലവറയാണ്; നാമിതു തിരിച്ചറിയാത്തതിലെ കൗതുകം മനസ്സിലാകുന്നില്ല. മക്കളെയും കൊച്ചുമക്കളെയും നോക്കി വിദേശത്തെത്തി ഏ.സി.യിലിരുന്ന് ഹൃദയസ്തംഭനം വന്നു മരിച്ചു വിമാനത്തില്‍ പറന്നിറങ്ങി ഇവന്‍റ് മാനേജുമെന്‍റുകള്‍ മൃതസംസ്കാരശുശ്രൂഷകള്‍ ഏറ്റെടുത്തു ഫോറിന്‍കാരുടെ പ്രൗഢി സമാപ്തിയിലെത്തിക്കാനോ നമ്മുടെ കിതച്ചുള്ള ഓട്ടമെന്നു ചിന്തിക്കണം.

ചരിത്രകാരന്‍ പറയുന്നതുപോലെ നമ്മുടെ വിദേശ കുടിയേറ്റം നിര്‍ത്താന്‍ സമയമായോ? നാടിന്‍റെ വിദ്യാഭ്യാസവും അനുബന്ധ ക്രമീകരണങ്ങളും ഇവിടത്തെ തൊഴിലിനു നല്കുന്ന ശമ്പളവുമൊക്കെ പഠനവിഷയമാക്കണം. ഇവിടത്തെ പഠനച്ചെലവു ലഘൂകരിക്കണം. പഠനത്തിനുള്ള ചെലവും ലഭിക്കുന്ന തൊഴിലും തമ്മിലുള്ള അന്തരം യുവാക്കളെ കുടിയേറ്റത്തിനു പ്രേരിപ്പിക്കുന്നു. വായ്പകള്‍ ഉദാരവത്കരിക്കുകയും ശമ്പളം ദിനംപ്രതി ലഘൂകരിക്കുകയും ചെയ്യുന്ന അവസ്ഥ മാറണം. തൊഴില്‍ ലഭിക്കുന്നതിനു സമാനമായി മാത്രം പഠനം ക്രമീകരിക്കുക. യോഗ്യതാ സാക്ഷ്യപത്രവുമായി വൈറ്റ് കോളര്‍ ജോബ് സ്വപ്നത്തില്‍ കഴിയുന്ന സ്വപ്നാടനക്കാരെ സൃഷ്ടിക്കാതെ ജീവിതയാഥാര്‍ത്ഥ്യങ്ങളോട് ഇഴ ചേര്‍ന്നും കുടുംബബന്ധങ്ങളെ അരക്കിട്ടുറപ്പിച്ചും മുന്നേറുന്ന ഭാവി മക്കളെ രൂപപ്പെടുത്തണം. നാടും നാട്ടിലെ ജോലിയും ക്ഷേമത്തോടെയുള്ള ജീവിതവും സ്വപ്നം കാണട്ടെ. മലയാളവും മലയാളിയും മലയാളക്കരയിലില്ലെങ്കില്‍ പിന്നെന്തു ദൈവത്തിന്‍റെ സ്വന്തം നാട്? ചിന്തിക്കണം!!

Leave a Comment

*
*