Latest News
|^| Home -> Cover story -> ആനി തയ്യില്‍ ഓര്‍മ്മയുടെ താളുകളില്‍

ആനി തയ്യില്‍ ഓര്‍മ്മയുടെ താളുകളില്‍

Sathyadeepam

ഏ.കെ. പുതുശ്ശേരി

“വെട്ടിപ്പിടിച്ചു സ്വന്തമാക്കുമ്പോഴല്ല പങ്കുവച്ച്
ജീവിക്കുമ്പോഴാണു മനുഷ്യജീവിതം ധന്യമാകുന്നത്;
കര്‍മ്മംകൊണ്ടു മറ്റുള്ളവര്‍ക്കും നന്മയുണ്ടാകണം,
എന്നാലേ ജീവിതത്തിന് അര്‍ത്ഥമുണ്ടാകൂ.”

കൊച്ചിയില്‍ ഒരു അച്ചുകൂടമുണ്ടായിരുന്നു, സ്കോളര്‍ പ്രസ്സ്. 1950-കളില്‍ പെണ്‍കുട്ടികളെ അച്ചടിവിദ്യ പഠിപ്പിക്കുവാനും അവരെ സ്വന്തം കാലില്‍ നില്ക്കുവാന്‍ പ്രാപ്തരാക്കുവാനും വേണ്ടി, ദീര്‍ഘവീക്ഷണവും ദീര്‍ഘക്ഷമതയും കൈമുതലാക്കിയ ഒരു മഹതി സ്ഥാപിച്ച അച്ചുകൂടം!

മറ്റ് അച്ചുകൂടങ്ങളിലെല്ലാം അച്ചടിയും കമ്പോസിങ്ങും ബൈന്‍ഡിംഗ് ജോലികളും പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന കാലം. സ്ത്രീകള്‍ അച്ചടിജോലിയെക്കുറിച്ച് സ്വപ്നംപോലും കാണാത്ത കാലം. എറണാകുളത്തെ കച്ചേരിപ്പടിയില്‍ ഇന്നത്തെ ജില്ലാ ആയുര്‍വേദ ആശുപത്രി സ്ഥിതി ചെയ്യുന്നതിന്‍റെ എതിര്‍വശത്തു കാട്ടുനിലത്തുകാരുടെ വാടകക്കെട്ടിടത്തില്‍ വനിതകള്‍ക്കു മാത്രമായിട്ടുള്ള അച്ചുകൂടം-സ്കോളര്‍ പ്രസ്സ് സ്ഥാപിച്ചത് എഴുത്തുകാരിയും വാഗ്മിയുമായിരുന്ന ആനി ജോസഫായിരുന്നു.

തൃശൂര്‍ ജില്ലയിലെ പുതുക്കാട് മാളിയേക്കല്‍ ജോസഫിന്‍റെയും മേരിയുടെയും മകളായി 1918 നവംബര്‍ 10-ാം തീയതി ജനിച്ചു. കറുകുറ്റി കോണ്‍വെന്‍റ് ഹൈസ്കൂളിലെ പഠനം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനു തൃശൂര്‍ ഹോളി ക്രൈസ്റ്റ് കോളജില്‍ ചേര്‍ന്നു. ഇന്‍റര്‍മീഡിയറ്റിനുശേഷം എറണാകുളം മഹാരാജാസ് കോളജില്‍ ചേര്‍ന്നു ബിഎ പാസ്സായി. ഉയര്‍ന്ന മാര്‍ക്കോടെ ബിഎ ജയിച്ച ആനി ജോസഫിനു തിരുവിതാംകൂര്‍ സര്‍ക്കാര്‍ സര്‍വീസില്‍ ലാവണം ലഭിച്ചു. ഗാന്ധിജി നയിച്ച സ്വാതന്ത്ര്യസമരത്തില്‍ ആവേശംകൊണ്ട് നാടിനുവേണ്ടി സേവനം ചെയ്യുവാന്‍ 1945-ല്‍ ജോലി രാജിവച്ചു. കൊച്ചി പ്രജാസഭയിലേക്കു തൃശൂരില്‍നിന്നു മത്സരിച്ചു ജയിച്ച് പ്രജാസഭാംഗമായി. അക്കാലത്താണു സ്കോളര്‍ പ്രസ്സ് സ്ഥാപിച്ചത്.

പ്രജാമിത്രം, വനിത എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരുമായിരുന്നു. പഠിക്കുന്ന കാലത്താണു “കൊച്ചമ്മിണി അഥവാ ലോകഗതി” എന്ന നോവല്‍ പ്രസിദ്ധീകരിച്ചത്. ആ നോവല്‍ കൊച്ചിരാജ്യത്തെ ഹൈസ്കൂള്‍ ക്ലാസ്സുകളില്‍ ഉപപാഠപുസ്തകമായി കൊച്ചിയിലെ വിദ്യാഭ്യാസവകുപ്പ് തിരഞ്ഞെടുത്തു. കൊച്ചമ്മിണിയെന്ന തന്‍റേടിയായ വനിതയെ സംശയദൃഷ്ടിയോടെ വീക്ഷിക്കുന്ന സാമുദായികവ്യവസ്ഥയെയും സംശയാലുവായ ഭര്‍ത്താവിന്‍റെ നീക്കങ്ങളെയുമൊക്കെ ചിത്രീകരിച്ച് അക്കാലത്തെ സാമൂഹികവ്യവസ്ഥയുടെ മൂടുപടം ചീന്തിയെറിഞ്ഞ ഒരു കൃതിയായിരുന്നു “കൊച്ചമ്മിണി അഥവാ ലോകഗതി.”

കേരളം കണ്ട ഏറ്റവും വലിയ വിമോചനസമരത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു ആനിജോസഫ്. എഴുത്തുകാരനും ജേര്‍ണലിസ്റ്റുമായ കുര്യന്‍ തയ്യിലിനെ വിവാഹം ചെയ്തതോടെ ആനി ജോസഫ് ആനി തയ്യിലായി മാറി.

ആരുടെയും മുഖം നോക്കാതെ തെറ്റുകളെ വിമര്‍ശിക്കുന്ന ശക്തയായ വാഗ്മിയായിരുന്നു ആനി തയ്യില്‍. ഇതിനിടയില്‍ നിയമം പഠിച്ച് അഭിഭാഷകയായി, ഇരകളായ സ്ത്രീകള്‍ക്കും സാധുജനത്തിനുമായി കോടതികളില്‍ സൗജന്യമായി വാദിക്കുവാന്‍ അവര്‍ തയ്യാറായിരുന്നു. 1960-കാലങ്ങളില്‍ കേരള സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് അംഗം, സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി എന്നീ നിലയിലും അവര്‍ പ്രശോഭിച്ചിരുന്നു. 1983-ല്‍ ഭാരതത്തിലെ ന്യൂനപക്ഷ കമ്മീഷനിലെ അംഗമായി.

അക്കാലത്തെ എറണാകുളം മുനിസിപ്പാലിറ്റിയിലെ കെടുകാര്യസ്ഥതയ്ക്കു നേരെ വാചകങ്ങള്‍ കൊണ്ടു തീയമ്പെയ്ത് ചെയര്‍മാന്മാരെയും മെമ്പര്‍മാരെയും അവരുടെ അഴിമതികളില്‍നിന്നും മുക്തയാക്കിയിരുന്നു. ആനി തയ്യിലിന്‍റെ തീപ്പൊരി വിമര്‍ശനങ്ങള്‍. ഒത്തിരി സംഭവങ്ങള്‍ ഓര്‍മ്മയിലുണ്ട്; വിസ്താരഭയത്താല്‍ കുറിക്കുന്നില്ല.

“മോളെന്‍റെ മോന്‍ നിന്‍റെ” എന്ന വിവാദത്തിനു തീ കൊളുത്തിയ നോവലും “ഹംഗറിയില്‍ എന്തുണ്ടായി?” എന്ന രാഷ്ട്രീയക്കാരെ വിറളി പിടിപ്പിച്ച നോവലും ആനി തയ്യിലിന്‍റെ രചനയിലെ തീയമ്പുകള്‍തന്ന. അന്ന കരിനീന, മോണ്ടി ക്രിസ്റ്റോ, ത്രീ മസ്കറ്റേഴ്സ്, ടെയില്‍ ഓഫ് ട്രൂ സിറ്റീസ്, ടെസ് അലക്സാണ്ടര്‍ ഡ്യൂമായുടെയും ചാള്‍സ് ഡിക്കന്‍സിന്‍റെയും നിരവധി പരിഭാഷകളും ബൈബിള്‍ സംബന്ധിയായ ഒട്ടേറെ കൃതികളും ആനി തയ്യിലിന്‍റേതായിട്ടുണ്ട്. “ബൈബിളിലെ സ്ത്രീകള്‍” എന്ന ഗ്രന്ഥം ഏറെ ശ്രദ്ധേയമാണ്. നിരവധി പുരസ്കാരങ്ങളും അവരെ തേടിയെത്തിയിട്ടുണ്ട്. ക്രിസ്തുവിന്‍റെ നാട്ടില്‍ രണ്ടാഴ്ച, ഇസ്രായേല്‍ ചരിത്രം എന്നീ ഗ്രന്ഥങ്ങളാണു കത്തോലിക്കാ കോണ്‍ഗ്രസ്സിന്‍റെ സ്വര്‍ണപ്പതക്കത്തിന് അര്‍ഹമായത്.

കുര്യന്‍-ആനി ദമ്പതികള്‍ക്ക് സന്താനസൗഭാഗ്യമുണ്ടായില്ല. എറണാകുളം പട്ടണത്തിലും മറ്റിടങ്ങളിലുമുള്ള സ്വത്തുക്കള്‍ മുഴുവനും ആദിമ ക്രൈസ്തവഗണം തങ്ങളുടെ എല്ലാം വിറ്റ് വി. പത്രോസിന്‍റെ പാദാന്തികത്തില്‍ സമര്‍പ്പിച്ചതുപോലെ, അതിനേക്കാള്‍ കൂടുതല്‍ തീവ്രതയോടെ, ബൈബിള്‍ പഠനത്തിന് ഉപകരിക്കും വിധത്തില്‍ ഉപയോഗിക്കുവാന്‍ കത്തോലിക്കാസഭാ മേലദ്ധ്യക്ഷന്മാരെ ചുമതലപ്പെടുത്തിക്കൊണ്ടു സംഭവബഹുലമായ ആ ധന്യ ജീവിതം 1993 ഒക്ടോബര്‍ 21-ന് ഈ ലോകവാസത്തില്‍ നിന്നും മുക്തയായി.

ദാനമായി കിട്ടിയതല്ലാതെ മനുഷ്യന് സ്വന്തമായി എന്തുണ്ട് എന്ന പ്രഭാഷകവചനം മനസ്സില്‍ കുറിച്ചിട്ടതായിരുന്നു അവരുടെ ജീവിതം. ആനി തയ്യില്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഈ ഒക്ടോബര്‍ മാസത്തില്‍ കാല്‍നൂറ്റാണ്ടു തികയുന്നു. സന്ന്യാസത്തിന് ആവശ്യം വേഷമല്ല ത്യാഗമാണ് എന്ന സദ് മൊഴി ഇവിടെ ഓര്‍ക്കട്ടെ.

Leave a Comment

*
*