ആരാധനയ്ക്കായി ആപ്പുകളൊരുക്കി അടച്ചിടൽ കാലം

ആരാധനയ്ക്കായി ആപ്പുകളൊരുക്കി അടച്ചിടൽ കാലം

ഡോണ്‍ ജോസ് മാത്യു
കബനിഗിരി, വയനാട്

പ്ലസ്ടു കഴിഞ്ഞ് എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് അപ്രതീക്ഷിതമായി ഈ 'അടച്ചിടല്‍' എത്തിയത്. എല്ലാവരേയും പോലെ ഭീതിയും ആശങ്കയും ആദ്യദിനങ്ങളില്‍ ഉണ്ടായിരുന്നുവെങ്കിലും കുടുംബത്തോട് കൂടെയായിരിക്കുവാന്‍ സാധിച്ചതില്‍ ഏറെ ആശ്വാസവും ഒപ്പമുണ്ടായിരുന്നു. വേണ്ടപ്പെട്ടവര്‍ പലരും വിദൂരങ്ങളില്‍ ഒറ്റപ്പെട്ടുപോയിരുന്നു. അവരുടെ അനുഭവങ്ങള്‍ നേരിട്ടും മാധ്യമങ്ങളിലൂടെയും അറിഞ്ഞും, നിസ്സഹായനായി അവരുടെ വേദനകളില്‍ പങ്കുചേരാന്‍ മാത്രമേ സാധിച്ചുള്ളൂ. അനുദിന ദിവ്യബലിയില്‍ പങ്കെടുക്കുന്ന പതിവ് മുടങ്ങിയതും ദുഃഖകരമായി.

എങ്കിലും മാറിയ സാഹചര്യങ്ങളെ പരമാവധി പ്രയോജനകരമാക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ഇടവകാംഗങ്ങളെ ഉള്‍പ്പെടുത്തി വാട്സാപ്പ് കൂട്ടായ്മയും, ലോഗോസ് 2020 എന്ന പേരില്‍ ബൈബിള്‍ പഠനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. വലിയ ആഴ്ച തിരുക്കര്‍മ്മങ്ങള്‍ ദേവാലയങ്ങളില്‍ നടത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ മാനന്തവാടി രൂപത ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍ സന്യാസ ഭവനങ്ങള്‍ക്കും, കുടുംബങ്ങള്‍ക്കുമായി പ്രാര്‍ത്ഥനകള്‍ക്കു രൂപം നല്‍കിയിരുന്നു. ആ പ്രാര്‍ത്ഥനകള്‍ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ തക്ക വിധത്തില്‍ ഒരു മൊബൈല്‍ ആന്‍ഡ്രോയിഡ് ആപ്പ് തയ്യാറാക്കുക എന്നൊരു ആശയം മനസ്സിലുദിച്ചു. ചുരുങ്ങിയ സമയം കൊണ്ട് ആപ്പ് റെഡിയാക്കി. രണ്ട് മൂന്ന് ദിവസം കൊണ്ട് മൂവായിരത്തിലധികം പേരാണ് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ ലോഡ് ചെയ്തത്. അടച്ചിടല്‍ കാലത്തെ പ്രാര്‍ത്ഥനകള്‍ക്കായി മാനന്തവാടി രൂപതയിലെയും പുറത്തെയും അനേകായിരം കുടുംബങ്ങള്‍ ഈ ആപ്പ് പ്രയോജനപ്പെടുത്തിയത് വ്യക്തിപരമായി വലിയ സന്തോഷവും സംതൃപ്തിയുമാണു നല്‍കിയത്.

കുരിശിന്‍റെ വഴി, വിവിധ നൊവേനകള്‍, വണക്കമാസങ്ങള്‍ എന്നിവയുടെ മൊബൈല്‍ ആപ്പുകള്‍ പ്ലസ്ടു പഠനകാലത്ത് തയ്യാറാക്കി വിശ്വാസികളുടെ ഉപയോഗത്തിനായി ലഭ്യമാക്കിയിരുന്നു. വണക്കമാസങ്ങളുടെയും കുരിശിന്‍റെ വഴിയുടെയും ആപ്ലിക്കേഷന്‍ പതിനായിരത്തിലേറെ പേര്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചു വരുന്നു. 32 നൊവേനകള്‍ ഉള്‍പ്പെടുത്തി നൊവേന ആപ്പും നിര്‍മ്മിച്ചു. അവ അപ്ഡേറ്റ് ചെയ്ത്, മെച്ചപ്പെടുത്തി ലഭ്യമാക്കുന്നതിനും ഈ അടച്ചിടല്‍ കാലം ഉപയോഗിച്ചു. ബ്ലഡ് ബാങ്കില്‍ രക്തദായകരുടെ കുറവുണ്ടായ സാഹചര്യത്തില്‍ മിഷന്‍ ലീഗ് മാനന്തവാടി രൂപതാ കമ്മറ്റിക്കു വേണ്ടി ബ്ലഡ് ബാങ്ക് വിവരങ്ങള്‍ക്കുള്ള മൊബൈല്‍ ആപ്പും തയ്യാറാക്കി.

കബനിഗിരി നിര്‍മ്മല ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്താണ് മത്സര ആവശ്യങ്ങള്‍ക്കായി ഞാന്‍ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചത്. സ്കൂള്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനായി രൂപപ്പെടുത്തിയ സംവിധാനം ശ്രദ്ധിക്കപ്പെട്ടു. ഹൈസ്കൂള്‍ കാലത്ത് തന്നെ പൊതുവിതരണ സംവിധാനവും റേഷന്‍ കാര്‍ഡുടമകളുടെ ഫോണ്‍ നമ്പറും ഉള്‍പ്പെടുത്തി 'ദൂത്' എന്ന പേരില്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരുന്നു. കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍, മറ്റ് അറിയിപ്പുകള്‍ എന്നിവ ഫോണ്‍ നമ്പറിലേക്ക് ലഭിക്കുന്നതായിരുന്നു അത്. പിന്നീട് 'കാര്‍ബണ്‍ ന്യൂട്രല്‍ വയനാട്' എന്ന ആശയത്തിനുവേണ്ടി 'സീറോക്' എന്ന ആപ്പ് തയ്യാറാക്കി. നമ്മുടെ ഓരോ അനുദിന പ്രവര്‍ത്തനങ്ങളും പ്രകൃതിയില്‍ എത്ര അളവ് കാര്‍ബണ്‍ വര്‍ദ്ധിപ്പിക്കുമെന്നും അത് ന്യൂട്രലാക്കാന്‍ ഏകദേശം എത്ര മരങ്ങള്‍ നടേണ്ടി വരുമെന്നും കണ്ടുപിടിക്കാനായിരുന്നു ഇത്.ڔക്വിസ് മത്സരങ്ങളിലൂടെ സൗജന്യ പിഎസ്സി പരിശീലനം എന്ന ലക്ഷ്യവുമായി 'ക്യൂ വണ്‍' എന്ന പേരില്‍ ക്വിസ്സിംഗ് ആപ്പും രൂപപ്പെടുത്തി. ഐടി @ സ്കൂള്‍ വഴി ലഭിച്ച അറിവുകളും മോഹന്‍, മധു എന്നീ അദ്ധ്യാപകരുടെ പ്രോത്സാഹനവും മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും നിര്‍ല്ലോഭമായ പിന്തുണയുമാണ് ഇതെല്ലാം ചെയ്യാന്‍ കഴിഞ്ഞതിനു പിന്നില്‍. എല്ലാറ്റിലുമുപരി ദൈവാനുഗ്രഹവും. എഞ്ചിനീയറിംഗിന് കമ്പ്യൂട്ടര്‍ സയന്‍സ് പഠിച്ച് ഈ മേഖലയില്‍ കൂടുതല്‍ മികവ് നേടാനും സഭയ്ക്കും സമൂഹത്തിനും ഉപകരിക്കുന്ന ആധുനിക സംവിധാനങ്ങള്‍ രൂപപ്പെടുത്താനും ആഗ്രഹിക്കുന്നു.

കുടുംബത്തോടൊപ്പ മുള്ള സുവര്‍ണ്ണ നിമിഷങ്ങള്‍ ലോക്ക് ഡൗണ്‍ കാലത്തിന്‍റെ സമ്മാനമാണ്. കുടുംബാംഗങ്ങള്‍ ഒരുമിച്ച് പ്രാര്‍ത്ഥിക്കാനും പങ്കുവെയ്ക്കാനും ധാരാളം സമയം ലഭിച്ചു. കൂട്ടായി പച്ചക്കറിയും ചേനയും കാച്ചിലുമൊക്കെ കൃഷി ചെയ്യാനും കൃഷിയിടങ്ങളും കൃഷിരീതികളും അടുത്തറിയാനും സാധിച്ചു. നവമാധ്യമങ്ങളുടെ ഉപയോഗം നിയന്ത്രിക്കുകയും വായനക്കായി കൂടുതല്‍ സമയം ചിലവഴിക്കുകയുമാണ് ലോക്ക് ഡൗണ്‍ കാലത്തു ചെയ്തത്. മനുഷ്യരാശിക്ക് തിരിച്ചറിയലിന്‍റേയും നവീകരണത്തിന്‍റേയും ദിനങ്ങളാണ് കടന്നുപോയത്.

ഈ ദുരിതകാലത്ത് സഭയ്ക്കും സമൂഹത്തിനും നന്മ ചെയ്യുന്ന ഇടപെടലുകളാണ് യുവജനങ്ങളുടെ പക്ഷത്തുനിന്നും ഉണ്ടായത്. വൊളണ്ടിയര്‍മാരായും മറ്റു പല മേഖലകളിലും യുവത്വം സജീവമായിരുന്നു. മാനന്തവാടി രൂപതയിലെ വിവിധ ഇടവകകളില്‍ കെസിവൈഎം, മിഷന്‍ ലീഗ്, പാരീഷ് കൗണ്‍സില്‍ തുടങ്ങിയവയുടെയും ഇതര സംഘടനകളുടേയും നേതൃത്വത്തില്‍ സാനിറ്റൈസര്‍, മാസ്ക്, ഭക്ഷണ കിറ്റ് എന്നിവ വിതരണം ചെയ്തു. നവമാധ്യമങ്ങളെ സമൂഹ നന്മയ്ക്കായി പ്രയോജനപ്പെടുത്താനും സാധിച്ചിട്ടുണ്ട്. സാമൂഹ്യ പ്രതിബദ്ധതയില്‍ ഒരുപിടി മുന്‍പിലാണ് പുതുതലമുറയെന്ന് കോവിഡ് കാലവും തെളിയിച്ചു. കോവിഡ് അനുഭവം യുവത്വത്തിന് നല്‍കുന്നത് ഉറച്ച ദൈവാശ്രയ ബോധത്തിലേക്കുള്ള ചുവടുകള്‍ തന്നെയാണ്. ദൈവത്തിങ്കലേക്ക് കൂടുതല്‍ അടുക്കാന്‍ മനുഷ്യന് കോവിഡ് കാലം വഴിയൊരുക്കുമെന്ന് പ്രത്യാശിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org