ചരടും തൊട്ടിയുമില്ലാത്ത ആത്മീയതയുടെ കാലം

ചരടും തൊട്ടിയുമില്ലാത്ത ആത്മീയതയുടെ കാലം

ഡോ. ടോം ഓലിക്കരോട്ട്, റോം

വിശ്വസാഹിത്യത്തിലെ മനോഹര കൃതികളിലൊന്നാണു സാഹിത്യത്തിനു നൊബേല്‍സമ്മാനം ലഭിച്ച കൊളമ്പിയന്‍ നോവലിസ്റ്റ് ഗബ്രിയേല്‍ മര്‍ക്കസിന്‍റെ El amor en los tiempos C'olora അഥവാ "കോളറക്കാലത്തെ പ്രണയം" എന്ന നോവല്‍. ഫ്ളോറന്തീനോ അരിസ്സോയുടെയും ഫെമിന ഡാസോയുടെയും പ്രണയമാണ് ഈ നോവലിന്‍റെ ഇതിവൃത്തം. കൗമാരത്തിന്‍റെ ആകര്‍ഷണങ്ങളിലൊന്നായി തുടങ്ങിയ അവരുടെ പ്രണയം ഇടയ്ക്കുവച്ച് അകലാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. കഥാനായിക മറ്റൊരു വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും കോളറ രോഗത്തില്‍ ഗവേഷണം ചെയ്യുന്ന ഡോ. ഉര്‍ബീനോയുടെ ഭാര്യയായി നീണ്ട 50 വര്‍ഷങ്ങള്‍ ജീവിക്കുകയും ചെയ്യുന്നു. ഈ ദാമ്പത്യത്തിന്‍റെ 50 വര്‍ഷങ്ങള്‍ കഥാകാരന്‍റെ ഭാഷയില്‍ 'കോളറക്കാലമാണ്.' പ്രണയം നഷ്ടപ്പെട്ട ഫ്ളോറത്തിനോ എന്നാല്‍ മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കുന്നുപോലുമില്ല. ഫെമിനയോടുള്ള അവളുടെ പ്രണയം ആത്മീയമായ അനുരാഗമായി ജ്വലിച്ചുനിന്നിരുന്നു. ഉര്‍സീനെനയുടെ മരണശേഷമാണ് അയാള്‍ പിന്നീടു ഫെമിനയെ കാണുന്നതും തന്‍റെ പ്രണയാതുരമായ കാത്തിരിപ്പിനെക്കുറിച്ചു പറയുന്നതും. മാംസം ആത്മാവായി മാറിയ ഫ്ളൊറത്തിന്‍റെ പ്രണയകാലത്തെയാണു 'കോളറക്കാലത്തെ പ്രണയമെന്ന്' കഥാകാരന്‍ വിളിച്ചത്. പ്രണയിനിയുടെ അകല്‍ച്ചയോ നിരാകരണമോ അയാളുടെ ഉള്ളിലെ സ്നേഹത്തിന്‍റെ കനലിനെ കെടുത്താന്‍ പോന്നതായിരുന്നില്ല. അചഞ്ചല സ്നേഹത്തിന്‍റെ മടുക്കാത്ത കാത്തിരിപ്പിന്‍റെയും ഇലകൊഴിയാത്ത പ്രത്യാശയുടെയും കഥയാണ് – El amor en los tiempos C'olora നമ്മോടു പറയുന്നത്.

1985 കളിലെഴുതിയ പതിവ് റൊമാന്‍റിക് ക്ലീഷേകളിലൊന്നായ "കോളറക്കാലത്തെ പ്രണയത്തെ" ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതെന്തിനാണ്? ഈ തലമുറയിലോ കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിലോ എന്തിനു സാര്‍വത്രികസഭയുടെ നീണ്ട 20 നൂറ്റാണ്ടുകളിലെ ചരിത്രത്തിലോ കാണാത്ത അനിതര സാധാരണമായ ചില വിശ്വാസ പ്രതിസന്ധിയാണ് എന്നെ ഈ 'കോളറക്കാലത്തെ പ്രണയം' എന്ന സെമിനാരിക്കാലത്തു വായിച്ച നോവല്‍ വീണ്ടും ഓര്‍മ്മിപ്പിച്ചത്. വിശ്വാസത്തിന്‍റെ ഈ അത്യപൂര്‍വ പ്രതിസന്ധി സൃഷ്ടിക്കുന്നതാകട്ടെ കൊറോണ എന്ന വൈറസിന്‍റെ വ്യാപനവും. ആകസ്മികമായി മനസ്സില്‍ വന്ന വചകമാണ് 'കൊറോണക്കാലത്തെ വിശ്വാസം.' ഇങ്ങനെയൊരു വാചകം മനസ്സില്‍ വരാന്‍ കാരണമുണ്ട്; 20 നൂറ്റാണ്ടുകള്‍ വിശ്വാസകൈമാറ്റത്തിന്‍റെയും ആഘോഷത്തിന്‍റെയും ഗരിമ പേറുന്ന റോമിലാണ് ഈ കൊറോണക്കാലത്തു താമസിക്കുന്നത്, ക്ലൗഡിയൂസിന്‍റെയും നീറോയുടെയും ഡൊമിഷ്യന്‍റെയും ട്രാജന്‍റെയും ഡയോക്ലീഷ്യന്‍റെയും എല്ലാം ഭീകര ഭരണങ്ങള്‍ക്കുപോലും മുടക്കാന്‍ കഴിയാതിരുന്ന ഞായറാഴ്ചയാചരണങ്ങളും കൂട്ടായ്മയുമാണു കഴിഞ്ഞ മാര്‍ച്ച് 8 മുതല്‍ ഇറ്റലിയില്‍ മുടങ്ങിത്തുടങ്ങിയത്.

ശാസ്ത്രത്തിന്‍റെ കണക്കുകൂട്ടലുകളെ മുഴുവന്‍ തകിടം മറിച്ചുകൊണ്ടു സംഹാരതാണ്ഡവമാടുന്ന കൊറോണ വൈറസിന്‍റെ വ്യാപനത്തിനു മുമ്പില്‍ സങ്കടത്തോടെ റോമിന്‍റെ വികാരി ജനറാള്‍ കാര്‍ഡിനല്‍ ആഞ്ചലോ സൊണാതിസ് ഇക്കഴിഞ്ഞ മാര്‍ച്ച് 12-ന് രാത്രി ഉത്തരവിറക്കുകയാണ്. സ്കുസാത്തേ, ഓറാ ക്യുദിയാമോ ലെ കിയേസെ. 'ക്ഷമിക്കണം, നമുക്കു ദേവാലയങ്ങള്‍ ഇപ്പോള്‍ അടച്ചിടാം.' ദേവാലയങ്ങള്‍ അടച്ചിടാനുള്ള കര്‍ദിനാളിന്‍റെ ഉത്തരവു വായിച്ചിട്ടു ഞങ്ങളുടെ ചാപ്ലയിന്‍സി കോര്‍ഡിനേറ്റര്‍ ഡോണ്‍ റിക്കാര്‍ഡോ കണ്ണുനിറഞ്ഞു പറഞ്ഞ വാചകം – ഇനി നമ്മുടെ രോഗികള്‍ ആശ്വാസത്തിനായി എവിടെപ്പോകും എന്നായിരുന്നു. വെനസ്വേലയിലെ മഡൂറോ ഗവണ്‍മെന്‍റിന്‍റെ നോട്ടപ്പുള്ളിയായതുകൊണ്ടു സ്വന്തം അമ്മയും സഹോദരിയും മരിച്ചിട്ടു പോലും ജന്മനാട്ടില്‍ കാലുകുത്താന്‍ കഴിയാതിരുന്ന റിക്കാര്‍ഡായെന്ന പുരോഹിതന്‍റെ മുഖം ഇത്രമേല്‍ ശോകസാന്ദ്രമായി കണ്ടിട്ടില്ല. ദിവ്യബലിയര്‍പ്പണങ്ങളില്‍ ജീവിതഭാരങ്ങള്‍ ലഘൂകരിച്ചിരുന്നവര്‍ ദേവാലയ കേന്ദ്രീകൃതമായി ജീവിതം ക്രമീകരിച്ചിരുന്നവര്‍ തുടങ്ങി വിശ്വാസത്തെ അനുദിനജീവിതത്തിന്‍റെ ആഴങ്ങളിലേക്കു കൊണ്ടുവന്നവരൊക്കെ വല്ലാത്തൊരു പ്രതിസന്ധി ഈ കൊറോണക്കാലത്തു നേരിടുന്നുണ്ട്; ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ ഉള്ളിലുയരുന്നുണ്ട്. "നിങ്ങളുടെ ദൈവത്തിനെന്തു പറ്റി?" എന്ന അവിശ്വാസികളുടെ ആക്രോശങ്ങള്‍ ചെവികളിലുയരുന്നുണ്ട്. ഉവ്വ്, ഈ കൊറോണക്കാലം വിശ്വാസിയെ സംബന്ധിച്ച് ഒരു പരീക്ഷണകാലമാണ്. ഒപ്പം, ചില ആഴമായ തിരിച്ചറിവുകളിലേക്കു തിരികെ വരാനുള്ള അവസരവും. അടഞ്ഞ ദേവാലയങ്ങള്‍, നിലച്ചുപോയ തിരുസ്സഭയുടെ ഹൃദയത്തുടിപ്പായ ഞായറാഴ്ചയാചരണങ്ങള്‍, മുടങ്ങിപ്പോയ ആത്മീയ അജപാലന ശുശ്രൂഷകള്‍-ഇവ വിശ്വാസജീവിതത്തിലെ ശൈത്യകാലസൂചനയോ അതോ വിശ്വാസത്തിന്‍റെയും ആത്മീയതയുടെയും ആഴങ്ങള്‍ അറിയാനുള്ള അവസരമോ?

വിശ്വാസത്തിന്‍റെ ആന്തരികത അറിയാനുള്ള അവസരമായി ഈ പ്രതിസന്ധിയെ സമീപിക്കാമെന്നുകരുതുന്നു. ബാഹ്യപരതകളില്ലാത്ത ആത്മീയതയുടെ ഒരു പുതുകാലത്തിന്‍റെ സൂചന സത്യത്തില്‍ നസ്രായന്‍ നല്കിയിട്ടുള്ളതാണ്.യോഹന്നാന്‍റെ സുവിശേഷം 4-ാം അദ്ധ്യായത്തില്‍ സമരിയാക്കാരി സ്ത്രീയോടു അവന്‍ നടത്തിയ സംവാദങ്ങളത്രയും ദേവാലയങ്ങള്‍, ആരാധനാസ്ഥലങ്ങള്‍ തുടങ്ങിയ ബാഹ്യ ചമല്‍ക്കാരങ്ങളില്‍ നിന്നു സ്വതന്ത്രമായി ആത്മാവ് ആത്മാവായ ദൈവത്തെ ആരാധിക്കുന്ന കാലത്തെക്കുറിച്ചാണ്. 'ദൈവം ആത്മാവാണ്, അവിടുത്തെ ആരാധിക്കുന്നവര്‍ ആത്മാവിലും സത്യത്തിലുമാണ് ആരാധിക്കേണ്ടത്" (യോഹ. 4:23).

എന്നാല്‍ സമരിയാക്കാരിയുടെ സദാചാരജീവിതത്തിനു ചുറ്റും നമ്മുടെ പ്രഘോഷകരിലേറെപ്പേരുടെയും വ്യാഖ്യാനങ്ങള്‍ കേന്ദ്രീകരിക്കപ്പെട്ടപ്പോള്‍ സുവിശേഷത്തിന്‍റെ കാതലായ സന്ദേശം അവഗണിക്കപ്പെട്ടു എന്നതാണു സത്യം. "ഈ മലയിലോ ജെറുസലേമിലോ ദൈവത്തെ ആരാധിക്കാത്ത സമയം വരുന്നു" (4:21) എന്ന യേശുവിന്‍റെ വാക്കുകള്‍ അതുവരെ നിലനിന്ന മനുഷ്യന്‍റെ – യഹൂദരുടെയും സമരിയാക്കാരുള്‍പ്പെടെയും ആത്മീയസങ്കല്പങ്ങളെ കീഴ്മേല്‍ മറിക്കുന്നതായിരുന്നു. കാരണം, ദൈവാനുഭവത്തിന്‍റെ പ്രഭവസ്ഥാനമായ ജെറുസലേമിനെയും ദേവാലയത്തെയും ഒഴിവാക്കി ഒരു ആരാധന യഹൂദനോ, ഗരിസീംമലയെ ഒഴിവാക്കി ഒരു ആത്മീയത സമരിയക്കാരനോ അചിന്തനീയമായിരുന്നു. സ്ഥലബദ്ധമല്ലാത്ത ആരാധനയും ദൈവാനുഭവവും ആഗ്രാഹ്യവും അചിന്തനീയവുമായ മനുഷ്യരോടാണു യേശു സ്ഥലബദ്ധമല്ലാത്ത ആരാധനയെക്കുറിച്ചു പറയുന്നത്. സ്ഥലബദ്ധതയും അനുഷ്ഠാനപരതയുമാകുന്ന ചരടും തൊട്ടിയുമില്ലാതെ ദൈവാനുഭവത്തിന്‍റെ ജലം കോരാന്‍ നമ്മെ നിര്‍ബന്ധിക്കുന്ന നസ്രായനെയാണു നാം ഇവിടെ കണ്ടെത്തുന്നത്. ദൈവസാന്നിദ്ധ്യവും ആരാധനകേന്ദ്രവും ഇനിമേല്‍ ഏതെങ്കിലും ഒരു സ്ഥലത്തല്ല, മറിച്ചു നസ്രത്തിലെ യേശു എന്ന നിത്യവും ജീവിക്കുന്ന വ്യക്തിയിലാണ് കണ്ടെത്തേണ്ടത്. ആത്മീയതയെ അചേതനയില്‍നിന്ന് ഉണ്മയിലേക്കു വളര്‍ത്താനുള്ള അവസരമായാണു ദേവാലയങ്ങള്‍ അടച്ചിടുന്ന, ഞായറാഴ്ചയാചരണങ്ങള്‍ നിന്നുപോകുന്ന, ആത്മീയശുശ്രൂഷകള്‍ക്കു വിലക്കു വരുന്ന ഈ കൊറോണക്കാലത്തെ നാം മനസ്സിലാക്കേണ്ടത്.

താര്‍സൂസിലെ മഹാജ്ഞാനി, മൂന്നാം സ്വര്‍ഗം വരെ ഉയര്‍ത്തപ്പെട്ട ആത്മീയമനുഷ്യന്‍ വി. പൗലോസ് പറയുന്നത് ശ്രദ്ധിക്കൂ: "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല." ശരിയാണ്, വിശ്വാസജീവിതത്തില്‍ ബാഹ്യാനുഷ്ഠാനങ്ങള്‍ക്കു വിലക്കു നേരിടുന്ന ഈ കൊറോണക്കാലത്തെ – ദൈവത്തില്‍ ഭോഷത്തം ആരോപിക്കുന്ന, ആത്മീയതയുടെ ശോഭ കെടുത്തിയും ആത്മീയമനുഷ്യരെ പുലഭ്യം പറഞ്ഞുമുള്ള നിരീശ്വരവാദികളുടെ ആക്രോശങ്ങളുയരുന്ന കാലത്തെ പ്രത്യാശകൊണ്ടു നാം അതിജീവിക്കും. അതിനാദ്യം ഓരോ വിശ്വാസിക്കും വേണ്ടതു ക്രിസ്തുവിലുള്ള വിശ്വാസം അടിസ്ഥാനപരമായി സ്ഥലബദ്ധമോ അനുഷ്ഠാനകേന്ദ്രീകൃതമോ അല്ല എന്ന തിരിച്ചറിവാണ്. ബാഹ്യചമത്കാരങ്ങളാകുന്ന 'ചരടും തൊട്ടിയുമില്ലാതെ' ദൈവാനുഭവാകുന്ന ജീവജലം കോരാന്‍ കൃപയുള്ളവനാണു ക്രിസ്ത്യാനി എന്ന വെളിപാടു നാം സ്വന്തമാക്കേണ്ടിയിരിക്കുന്നു.

ഒരുപക്ഷേ, ദൈവമറിഞ്ഞു തന്ന ഒരു അവസരമായിരിക്കും ഈ കൊറോണക്കാലം എന്നു തോന്നുന്നു. കാരണം പള്ളികള്‍ പൊളിക്കാനും പിടിച്ചടക്കാനും മേല്ക്കോയ്മ സ്ഥാപിക്കാനും ഓടി നടന്നവര്‍ മിണ്ടാതെ മാളങ്ങളില്‍ ഒളിച്ചതും ആരാധനക്രമത്തിന്‍റെ അപ്രമാദിത്വത്തെക്കുറിച്ചു വാതോരാതെ പറഞ്ഞവര്‍ നിശ്ശബ്ദരായതും കണ്ടില്ലേ, എന്നിട്ടും സഭയ്ക്കോ വിശ്വാസത്തിനോ സത്യത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. യഥാര്‍ത്ഥ വിശ്വാസത്തിനു പള്ളികള്‍ വിട്ടുകൊടുത്താലും അടച്ചിട്ടാലും ആരാധനക്രമത്തില്‍ തീവ്രനിലപാടുകളും ഒഴിവാക്കി അനുരഞ്ജനപാത സ്വീകരിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. കാരണം യഥാര്‍ത്ഥ ആരാധന ആത്മാവിലും സത്യത്തിലുമാണ്, അങ്ങനെയുള്ള ആരാധകരെയാണു പിതാവ് അന്വേഷിക്കുന്നത് (യോഹ. 4:24). അതുകൊണ്ട് ഈ കൊറോണക്കാലം ചരടും തൊട്ടിയുമില്ലാതെ ജീവജലം കോരാനുള്ള കൃപയുടെ കാലത്തിലേക്കുള്ള ക്ഷണമായി മനസ്സിലാക്കണം.

അവസാനമായി, തുടക്കത്തില്‍ പരാമര്‍ശിച്ച കോളറക്കാലത്തെ പ്രണയത്തിലേക്കു തിരികെ വരാം, ഫ്ളോറത്തിനോ അരിസ്സോയുടെ നഷ്ടപ്രണയത്തിന്‍റെ 50 വര്‍ഷങ്ങളെയാണു ഗബ്രിയേല്‍ മാര്‍കസ് 'കോളറക്കാലം' എന്നു വിളിച്ചത്. പക്ഷേ ഉള്ളിലെ തീവ്രമായ പ്രണയവും പ്രണയിനിയുടെ സ്നേഹത്തെക്കുറിച്ചുള്ള തീക്ഷ്ണമായ ഓര്‍മ്മകളും ഫ്ളോറെന്തിനോയുടെ വര്‍ത്തമാനകാലത്തെ ഉത്തേജിപ്പിക്കുകയും ഭാവിയെ പ്രകാശിപ്പിക്കുകയും ചെയ്തു. അങ്ങനെയാണ്, തിരസ്കരണത്തിന്‍റെയും ഒറ്റപ്പെടലിന്‍റെയും 50 വര്‍ഷങ്ങളെ അയാള്‍ അതിജീവിച്ചത്.

ഈ കൊറോണക്കാലത്തെ നമ്മുടെ വിശ്വാസവും അതിജീവിക്കണം. നസ്രായനെക്കുറിച്ചുള്ള തീക്ഷ്ണവും ശുദ്ധവുമായ ഓര്‍മകള്‍ നമ്മെ ബലപ്പെടുത്തട്ടെ. നമുക്കു പ്രത്യാശയോടെ കാത്തിരിക്കാം; ആത്മീയതയുടെ ആഘോഷങ്ങള്‍ ഉണ്ടാകുന്ന പ്രഭാതങ്ങളെയും ചരടും തൊട്ടിയുമില്ലാതെ ദൈവാനുഭവത്തിന്‍റെ ജീവജലം കോരിയെടുക്കുന്ന കൃപാകാലത്തെയും. വിശ്വാസിക്കും ഓര്‍മകള്‍ തന്നെയാണു പ്രധാനം. നസ്രായനെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓര്‍മകള്‍ നമ്മുടെ വര്‍ത്തമാനകാലത്തെ പ്രത്യാശാഭരിതവും ജീവസ്സുറ്റതുമാക്കട്ടെ.

(തലശ്ശേരി അതിരൂപതാംഗമായ ലേഖകന്‍ റോമിലെ ആഞ്ചലിക്കും യൂണിവേഴ്സിറ്റിയില്‍ നിന്നും "Gospel of John' എന്ന വിഷയത്തില്‍ PhD സമ്പാദിച്ചിട്ടുണ്ട്.
'മെമ്മറീസ് ഓഫ് ദി ബിലവഡ് ഡിസൈപ്പിള്‍', 'ഇതരമത ദൈവശാസ്ത്രം ഒരാമുഖം', 'Across the Horizon: an Exegetical and Theological Study of John 2:13-22' എന്നിവ ലേഖകന്‍റെ മറ്റു രചനകളാണ്.)

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org