ആബേലച്ചന്‍റെ കുരിശിന്‍റെ വഴിയുടെ വേരുകള്‍

ആബേലച്ചന്‍റെ കുരിശിന്‍റെ വഴിയുടെ വേരുകള്‍

കെ.വി. ബേബി

1960-കള്‍. കുട്ടിക്കാലം. ഓര്‍മകള്‍ പിച്ചവെച്ചുതുടങ്ങിയ നാളുകള്‍ പെസഹാക്കാലത്തെ കുരിശിന്‍റെ വഴിയിലും ദുഃഖവെള്ളിയിലെ വിലാപയാത്രയിലും പാടികേട്ട് ഉള്ളില്‍ പതിഞ്ഞ ആ ഗാനം:

'കുരിശു ചുമന്നവനേ! നിന്‍ വഴി
തിരയുന്നു ഞങ്ങള്‍!
കരുണ നിറഞ്ഞവനേ നിന്‍ കഴല്‍
തിരയുന്നു ഞങ്ങള്‍!
(കുരിശു…)
മുള്‍മുടി ചൂടിയ തിരുവുടലേ!
കനിവിന്‍ പാല്‍ക്കടലേ!
നിന്‍ കഴല്‍ തേടി – നിന്‍ വഴി തേടി.
അലയുന്നു ഞങ്ങള്‍!
രക്തമുണങ്ങിയ നിന്‍ പാദമുദ്രകള്‍
കാണ്‍മൂ മുന്നില്‍ ഞങ്ങള്‍!
(കുരിശു…)
കാല്‍വരി നീട്ടിയ നിറകതിരേ!
കനിയില്ലേയിവരില്‍
നിന്‍ കാല്‍ കഴുകാന്‍ ദുഃഖിതര്‍ ഞങ്ങടെ
മിഴിനീരുണ്ടല്ലോ!
നിന്‍ തിരുനാമം നിത്യം വാഴ്ത്തി-
പ്പാടാം ഹല്ലേലൂയ്യാ!
(കുരിശു…)

എന്നാല്‍ 1967-ല്‍ ആബേലച്ചന്‍റെ കുരിശിന്‍റെ വഴി വന്നതോടെ ആ പഴയ പാട്ട് പള്ളികളില്‍ പാടി കേള്‍ക്കാതായി. ആ പഴയ പാട്ടിന്‍റെ അമൃത ഈണത്തിലാണ് ആബേലച്ചന്‍റെ കുരിശിന്‍റെ വഴി എന്നതു ശ്രദ്ധിച്ചു. പക്ഷേ, ആ പഴയ പാട്ട് തേടിക്കണ്ടെത്തിയത് ഈയടുത്തു നെറ്റില്‍. കിട്ടിയ വിവരങ്ങള്‍: കാളിദാസ കലാകേന്ദ്രത്തിന്‍റെ 1961-ലെ 'കാക്കപ്പൊന്ന്' എന്ന നാടകത്തിനുവേണ്ടി ഒ.എന്‍.വി. രചിച്ച് ദേവരാജന്‍ ഈണം നല്‍കി സി.ഒ. ആന്‍റോയും സംഘവും ആലപിച്ച ഗാനം. (കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്‍റെതന്നെ 1962-ലെ 'അള്‍ത്താര' എന്ന നാടകത്തിലും ഇതേ ഗാനം ഉള്‍പ്പെടുത്തി കാണുന്നുണ്ട്). അതെ, 1961-ല്‍ പുറത്തിറങ്ങിയ നാടാകെ പരന്നു ജനകീയമായ ആ നാടകഗാനത്തെ രചനയിലും ഈണത്തിലും തന്‍റെ കുരിശിന്‍റെ വഴിക്ക് ആബേലച്ചന്‍ മാതൃകയാക്കി. ഇതിന്‍റെ വല്ല രേഖയും അച്ചന്‍റെ കുരിശിന്‍റെ വഴിയിലുണ്ടോ? ഉണ്ട്. സുവ്യക്തമായി ഉണ്ട്. തന്‍റെ കുരിശിന്‍റെ വഴിയുടെ തുടക്കത്തില്‍ത്തന്നെ അച്ചന്‍ രേഖപ്പെടുത്തിയത് 'കുരിശു ചുമന്നവനേ…'

ആബേലച്ചന്‍റെ ഗാനരചനയ്ക്ക് രണ്ടു ഘട്ടങ്ങള്‍: അനുകരണത്തിന്‍റെ ഒന്നാം ഘട്ടം. അക്കാലത്തെ പ്രശസ്ത സിനിമാ-നാടകഗാനങ്ങളുടെ ഈണങ്ങളില്‍ ഗാനരചന. ഇതിനു നല്ലൊരു ഉദാഹരണം: അച്ചന്‍റെ "കാലം കനി ചൂടി, കനകക്കതിര്‍ വീശി" എന്നു തുടങ്ങുന്ന ആദ്യകാല ക്രിസ്തുമസ് ഗാനം.

ഇത് അക്കാലത്തെ 'കാവ്യമേള'യെന്ന സിനിമയിലെ വയലാര്‍-ദക്ഷിണാമൂര്‍ത്തി-പി. ലീല, യേശുദാസ് കൂട്ടുകെട്ടില്‍ പിറന്ന 'ദേവീ, ശ്രീദേവി' എന്ന ഗാനത്തിന്‍റെ മാതൃകയില്‍. കുട്ടിക്കാലത്തു ക്രിസ്തുമസിന് വീട്ടിലെ പുല്‍ക്കൂടിന്‍റെ മുമ്പില്‍നിന്ന് ഞങ്ങള്‍ കുട്ടികള്‍ ഈ പാട്ട് പാടിയതു മായാത്ത ഓര്‍മ. അതിന്‍റെ ചരണത്തിലെ ഉയര്‍ന്ന സ്ഥായിയില്‍ പാടുന്ന "ഉണ്ണി പിറന്നതറിഞ്ഞില്ലേ / നിങ്ങള്‍ ബെസ്ലഹം പുരിയില്‍ പോയില്ലേ?" എന്ന വരികള്‍ ഇപ്പോഴും ഓര്‍മയുടെ കാതുകളില്‍ ഉയര്‍ന്നു മുഴങ്ങുന്നു, ഉച്ചസ്ഥായിയില്‍ത്തന്നെ.

ചുരുക്കിപ്പറഞ്ഞാല്‍ പ്രശസ്തമായ സിനിമാ-നാടകഗാനങ്ങളെ അനുകരിച്ചു രചന നടത്തിയതിന്‍റെ ഉത്തമമാതൃകയാണ് അച്ചന്‍റെ കുരിശിന്‍റെ വഴി.

എന്നാല്‍ 1969 അവസാനം അച്ചന്‍ കലാഭവന്‍ തുടങ്ങുന്നതോടെ അച്ചന്‍റെ ഗാനരചനയുടെ രണ്ടാംഘട്ടം തുടങ്ങുകയായി. ഒന്നാം ഘട്ടം അനുകരണമാണെങ്കില്‍, ഇതിനെ എന്തു വിളിക്കണം എന്നെനിക്കു പിടികിട്ടുന്നില്ല. കാര്യം ഇതാണ്: അച്ചന്‍ ഗാനരചന നടത്തി സംഗീതസംവിധായകര്‍ ഈണം പകര്‍ന്ന് ഗായകര്‍ ആലപിച്ചു റിക്കാര്‍ഡ് ചെയ്യപ്പെടുന്ന ഘട്ടം. അച്ചന്‍റെ ഗാനങ്ങള്‍ക്കു സംഗീതസംവിധാനം നിര്‍വഹിച്ചവര്‍: റാഫി ജോസ്, കെ.കെ. ആന്‍റണി, എം.കെ. അര്‍ജുനന്‍, ജെറി അമല്‍ദേവ്, ആലപ്പി രംഗനാഥ്, സണ്ണി രാജ്, എല്‍ഡ്രിജ് ഐസക്സ്, മാനുവല്‍ തങ്കച്ചന്‍ കരിപ്പാപറമ്പില്‍, സേവ്യര്‍ നായത്തോട്. (ഫാ. ആബേലിന്‍റെ ഭക്തി ഗാനങ്ങള്‍ 1997, ദീപിക ബുക്ക് ഹൗസ്, കോട്ടയം). ഫാ. ആബേലിന്‍റെ ഏറ്റവും കൂടുതല്‍ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത് കലാഭവന്‍റെ അംഗീകൃത സംഗീത സംവിധായകനായിരുന്നു) കെ.കെ. ആന്‍റണി.

കുരിശിന്‍റെ വഴിയിലേക്കുതന്നെ മടങ്ങട്ടെ. അച്ചന്‍ തുടക്കത്തില്‍ കുരിശു ചുമന്നവനേ… എന്നു രേഖപ്പെടുത്തിയതിന്‍റെ അര്‍ത്ഥം അക്കാലത്തെ ആ പ്രശസ്ത നാടകഗാനമാണ് മാതൃകയെന്നാണ്. ഇത്തരുണത്തില്‍ എനിക്കോര്‍മ വരുന്നത്. എ.മ. "എന്ന മട്ട്" എന്നതിന്‍റെ ചുരുക്കമാണ് എ.മ. മട്ടെന്നാല്‍ ഗാനരീതി. പണ്ട് കവിതകള്‍ പുസ്തക, മാസികകളില്‍ വരുമ്പോള്‍ അവ ഏതു വൃത്തത്തിലാണ് എന്നു രേഖപ്പെടുത്തിയിരുന്നു. ഇക്കാലത്ത് അതില്ല. വൃത്തങ്ങള്‍ മൂന്നു തരം: സംസ്കൃതം, മലയാളം, വായ്ത്താരി. വായ്ത്താരിയെന്നാല്‍ നാടോടിയീണങ്ങള്‍. കൂടുതലും നാടന്‍ പാട്ടുകളുടെ ഈണങ്ങളില്‍ രചിക്കപ്പെട്ട കവിതകള്‍ക്കാണ് എ.മ. ചേര്‍ക്കാറ്. കവിതയുടെ പേരില്‍ തൊട്ടുതാഴെ ബ്രാക്കറ്റില്‍ എ.മ. ചേര്‍ക്കും. ഉദാ: ഓമനക്കുട്ടന്‍ എ.മ., കല്യാണി കളവാണി എ.മ., ഇത്തിരി പൂവേ ചുവന്ന പൂവേ എ.മ., ഗുണമേറും ഭര്‍ത്താവേ മാമുനീന്ദ്രാ എ.മ. ചുരുക്കിപ്പറഞ്ഞാല്‍ അച്ചന്‍റെ കുരിശിന്‍റെ വഴിയുടെ എ.മ. 'കുരിശു ചുമന്നവനേ' എന്നു തുടങ്ങുന്ന നാടകഗാനം.

1967-ല്‍ ഇറങ്ങിയ കുരിശിന്‍റെ വഴിയുടെ ഒന്നാം പതിപ്പിലെ ആബേലച്ചന്‍റെ ചെറിയ ആമുഖത്തില്‍ നിന്നല്പം: "ഈശോയുടെ മണവാട്ടി കുരിശിന്‍റെ പിന്നാലെ' എന്ന പേരില്‍ ഫാ. ഏ.സി. അന്തിക്കാട് എഴുതിയിരിക്കുന്ന പുസ്തകത്തിലെ ചില ഭാഗങ്ങള്‍ ഈ പുസ്തകരചനയില്‍ എന്നെ സഹായിച്ചിട്ടുണ്ട്." ഇതു കുരിശിന്‍റെ വഴിയുടെ മറ്റൊരു വേര്. അച്ചന്‍റെ ആമുഖത്തില്‍ നാടകഗാനത്തോടുള്ള കടപ്പാട് രേഖപ്പെടുത്തുന്നില്ല. ഇന്നു പിന്തിരിഞ്ഞുനോക്കുമ്പോള്‍, അച്ചന് അത് ആമുഖത്തില്‍ രേഖപ്പെടുത്താമായിരുന്നു എന്നു തോന്നാം. പക്ഷേ, അക്കാലത്ത്, 1967-ല്‍ അതിന്‍റെ ആവശ്യമുണ്ടായിരുന്നില്ല. കാരണം, വെറും ആറുകൊല്ലം മുമ്പ് 1961-ല്‍ പുറത്തിറങ്ങി നാടാകെ പാടിപ്പരന്ന നാടകഗാനമായിരുന്നു 'കുരിശു ചുമന്നവനേ!' അതുകൊണ്ട് അച്ചന്‍ ബ്രാക്കറ്റില്‍ കുരിശു ചുമന്നവനേ… എന്നു കൊടുത്തതു ധാരാളം മതിയായിരുന്നു.

വാല്‍ക്കഷണം: ഈ കുറിപ്പ് വായിച്ചിട്ട് ഇതൊക്ക ഞങ്ങള്‍ക്കറിയാവുന്ന കാര്യങ്ങളല്ലേയെന്ന നീരസത്തില്‍ പഴയ തലമുറ നെറ്റി ചുളിച്ചേക്കാം, കണ്ണടച്ചേക്കാം. എന്നാല്‍ പുതിയ തലമുറയാകട്ടെ ഹോ! ഇങ്ങനെയൊക്കെയാണോ കാര്യങ്ങള്‍! എന്ന വിസ്മയത്തില്‍ നെറ്റിയും മിഴിയും വിടര്‍ത്തിയേക്കാം.

കുരിശിന്‍റെ വഴി
(ഗാനങ്ങളോടു കൂടിയത്)
ഫാ. ആബേല്‍ സിഎംഐ
പ്രാരംഭഗാനം (കുരിശു ചുമന്നവനേ)

കുരിശില്‍ മരിച്ചവനേ, കുരിശാലേ
വിജയം വരിച്ചവനേ,
മിഴിനീരൊഴുക്കിയങ്ങേ, കുരിശിന്‍റെ
വഴിയേ വരുന്നു ഞങ്ങള്‍.
ലോകൈകനാഥാ, നിന്‍
ശിഷ്യനായ്ത്തീരുവാ-
നാശിപ്പോനെന്നുമെന്നും
കുരിശു വഹിച്ചു നിന്‍
കാല്പാടു പിഞ്ചെല്ലാന്‍
കല്പിച്ച നായകാ.
നിന്‍ ദിവ്യരക്തത്താ-
ലെന്‍ പാപമാലിന്യം
കഴുകേണമേ, ലോകനാഥാ

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org