അധാര്‍മ്മികത പരിധി വിടുമ്പോള്‍

അധാര്‍മ്മികത പരിധി വിടുമ്പോള്‍

ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്

അധാര്‍മ്മികത പരിധി വിടുമ്പോള്‍ ഏറ്റവും വലിയ നഷ്ടം അനുഭവിക്കേണ്ടി വരിക മത – വിശ്വാസ മേഖലയ്ക്കാണ്. ജനസാമാന്യം നന്മയുടെ മാര്‍ഗ്ഗം കൈവിട്ടാലും സത്യധര്‍മ്മാദികളുടെ കാവല്‍കാരായ പുരോഹിതരെ കളങ്കമറ്റവരായി കാണാനാണ് അവര്‍ ആഗ്രഹിക്കുക. ജീവിതത്തിന്‍റെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ തങ്ങളെ വഴി നടത്താന്‍ ദൈവീക അഭിഷേകം സ്വീകരിച്ചവരാണ് പുരോഹിതരെന്ന് അവര്‍ ഇപ്പോഴും കരുതുന്നു. അതുകൊണ്ട് തന്നെ ആനുകാലിക സംഭവവികാസങ്ങള്‍ വിശ്വാസികളെയും അവിശ്വാസികളെയും ഒരുപോലെ നിരാശയിലാഴ്ത്തുന്നു. ആദ്യമൊക്കെ പ്രതികരണങ്ങള്‍ മിതമായിരുന്നുവെങ്കില്‍ അടിയ്ക്കിടെ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പുരോഹിതരുടെ ഒറ്റപ്പെട്ട ദുര്‍മാതൃകകള്‍മൂലം ഈയിടെയായി വിമര്‍ശനങ്ങള്‍ വല്ലാതെ പരിധിവിടുന്നുവെന്ന് വ്യക്തമാണ്. വ്യക്തികള്‍, സംഭവങ്ങള്‍ എന്നിവയ്ക്കപ്പുറം സഹസ്രാബ്ദങ്ങളിലൂടെ സഹനവും രക്തസാക്ഷിത്വവും വഴി നനച്ചു വളര്‍ത്തിയ വിശ്വാസപ്രമാണങ്ങളും അതില്‍ നിന്ന് ഉത്ഭൂതമാകുന്ന ആചാരങ്ങളും പാടെ പിഴുതു കളയണമെന്ന സിംഹഗര്‍ജ്ജനം ശ്രദ്ധിക്കപ്പെടാതെയും തിരുത്തപ്പെടാതെയും മുമ്പോട്ട് പോയാല്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ വിശ്വാസത്തിന്‍റെ കോട്ടകള്‍ തകര്‍ന്നടിയും. "അവര്‍ ചെയ്യുന്നത് എന്തെന്ന് അവര്‍ തന്നെ അറിയുന്നില്ല" (ലൂക്കാ 23:24) എന്ന യേശുക്രിസ്തുവിന്‍റെ ശ്രദ്ധേയമായ അവസാന വാക്കുകള്‍ക്ക് കേവലം ആ നിമിഷത്തിന്‍റെ സാംഗത്യം മാത്രമല്ല ഉള്ളത്. ഒരു മനുഷ്യന്‍ ചെയ്യുന്നത് അവന്‍ തന്നെ അറിയാത്ത അവസ്ഥ മനഃശാസ്ത്ര പ്രകാരം ഏറ്റവും അധഃപതിച്ച അവസ്ഥയാണ്. ഇവിടെ ഒരു വീണ്ടെടുപ്പ് പോലും അസാധ്യമായ സ്ഥിതി കാണേണ്ടതുണ്ട്. സ്കിസോ ഫ്രീനിയ തുടങ്ങിയ മാനസികരോഗമുള്ളവരില്‍ ഈ അവസ്ഥ ഡോക്ടര്‍മാര്‍ തിരിച്ചറിയുന്നുണ്ട്. ഇത് മാനസികരോഗം മൂലമാണെങ്കില്‍ ഇന്ന് കാണുന്ന അപൂര്‍വ്വമെങ്കിലും അപലപനീയമായ മ്ലേച്ഛതകള്‍ക്ക് കാരണം എന്തിനോ വേണ്ടിയുള്ള കടിഞ്ഞാണില്ലാത്ത ആര്‍ത്തി മാത്രമാണ്. പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധമില്ലാത്തതുകൊണ്ടല്ല കടുത്ത സ്വാര്‍ത്ഥത കലര്‍ന്ന ആര്‍ത്തിമൂലം ബന്ധപ്പെട്ടവര്‍ക്ക് ആത്മനിയന്ത്രണം നഷ്ടപ്പെടുമ്പോഴാണ് ഈ ദുരവസ്ഥയില്‍ നിപതിക്കുന്നത്. എന്തായാലും ഇതിന് ന്യായവാദങ്ങളും തൊലിപ്പുറ ചികിത്സയും പോംവഴിയല്ല.

മാധ്യമങ്ങള്‍ പോരായ്മകള്‍ ആഘോഷിക്കുന്നു എന്നത് സത്യമാണ്. പക്ഷേ പലതും തീര്‍ത്തും അസത്യമാണെന്ന് നമുക്ക് പറയാനും ആകുന്നില്ല. ഇക്കഴിഞ്ഞ ദിവസം ഒരു പ്രമുഖ ചാനലില്‍ കുമ്പസാരവുമായി ബന്ധപ്പെട്ട ചര്‍ച്ച കാണാനിടയായി. ഈ കൂദാശയുടെ സഭാപരവും വിശ്വാസപരവുമായ തത്ത്വങ്ങളില്‍ ഉറച്ച് വിശ്വസിക്കുന്ന ചില പ്രഗത്ഭര്‍ ഇതില്‍ പങ്കെടുത്തിരുന്നെങ്കിലും ചര്‍ച്ചകള്‍ അര്‍ദ്ധസത്യത്തിന്‍റെ ദിശകളിലേക്ക് തിരിഞ്ഞത് തടുത്തു നിര്‍ത്താനൊന്നും അവര്‍ക്ക് കഴിഞ്ഞില്ല. നമ്മുടെ വിശ്വാസത്തിന്‍റെ അടിസ്ഥാന ശിലകളിലൊന്നാണ് കൂദാശകള്‍. ആത്മീയനേതൃത്വത്തിന് അതിന്‍റെ വിശുദ്ധി പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ ഇതുകൊണ്ട് എന്തു പ്രയോജനമെന്ന് ചിലര്‍ കാര്യ കാരണ സഹിതം ചര്‍ച്ചയില്‍ സ്ഥാപിക്കുകയുണ്ടായി. ഇത്തരം ചര്‍ച്ചകളുടെ ആവര്‍ത്തനം മൂലം ജനമനസ്സുകളെ സ്വാധീനിക്കുന്ന ചില ബദല്‍ ചിന്തകള്‍ ശക്തിപ്രാപിച്ചു വരുന്നു എന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. വ്യക്തിപരമായി ലേഖകന്‍ ഇത്തരം വാദഗതികളോട് യോജിക്കുന്നില്ലെങ്കിലും "ഇതൊന്നും ബൈബിള്‍ അധിഷ്ഠിതമല്ല" എന്ന് ചിലര്‍ വാദിച്ചപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. ഒരു അന്തിചര്‍ച്ചകൊണ്ട് പരിശുദ്ധാത്മാവിന്‍റെ കൃപാവരം വര്‍ഷിക്കപ്പെടുന്ന കൂദാശകള്‍ തകര്‍ന്നടിയുമെന്ന് കരുതുന്നില്ലെങ്കിലും സംപ്രേഷണം കാണുന്ന പതിനായിരങ്ങളെ പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനിക്കുമെന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു. അതുകൊണ്ട് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസ-ബോദ്ധ്യ തലങ്ങള്‍ ശക്തിപ്പെടുത്താന്‍ പക്വമതികളായ സഭാനേതൃത്വത്തിന്‍റെ ധാര്‍മ്മികമായ ഇടപ്പെടലുകള്‍ ഒട്ടും വൈകികൂടാ. ന്യായീകരണങ്ങള്‍ യുവജനങ്ങള്‍ എളുപ്പം തിരസ്കരിക്കുന്നതിനാല്‍ "സത്യം നിങ്ങളെ സ്വതന്ത്രരാക്കും" (യോഹ. 8:32) എന്ന തിരുവചനം നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശകമാകട്ടെ.

ഏതായാലും കാര്യങ്ങള്‍ ഒരു പടികൂടി കടന്നിരിക്കുന്നു എന്ന തിരിച്ചറിവ് നമ്മുടെ കണ്ണുകള്‍ തുറപ്പിക്കണം. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസ്യത നേതൃത്വത്തിന്‍റെയും വിശ്വാസസമൂഹത്തിന്‍റെയും ഉള്ളുതുറന്നുള്ള സഹകരണത്തോടെ പ്രാവര്‍ത്തികമാക്കാന്‍ ഒട്ടും വൈകിക്കൂടാ. തെറ്റായ സുരക്ഷിതത്വ ബോധത്തിന്‍റെ കോട്ടകളില്‍ നിന്ന് സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങിവരാന്‍ ഇനി കാലതാമസം വരുത്തരുതേ. നമ്മുടെ ഫോക്കസ് യേശുക്രിസ്തുവിന്‍റെ പ്രവര്‍ത്തനശൈലി മാത്രമാകട്ടെ. ഇതില്‍ ഒത്തുതീര്‍പ്പിന്‍റെ വിഷാംശം ചേര്‍ക്കുന്നത് ക്ഷീരത്തില്‍ രുധിരം ചേര്‍ക്കുന്നതിന് തുല്യമാകും!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org