അധ്യാപകനിൽ നിന്ന് ​ഗുരുവിലേക്കുള്ള ദൂരം

അധ്യാപകനിൽ നിന്ന് ​ഗുരുവിലേക്കുള്ള ദൂരം

സെമിച്ചന്‍ ജോസഫ്

സഹോദരിക്ക് വിവാഹാലോചനയുമായി വന്നരോടെല്ലാം രാജീവിന് പറയാനുണ്ടായിരുന്ന ഡിമാന്‍ഡ് ഒന്നു മാത്രമായിരുന്നു. പയ്യന്‍ അധ്യാപകന്‍ ആയിരിക്കണം. നല്ല ജോലിയും സാമ്പത്തിക ചുറ്റുപാടും ഒക്കെ ഉള്ള പല ആലോചനകളും ഈ ഒരൊറ്റ മാനദണ്ഡത്തില്‍ തട്ടി ഒഴിവാക്കപ്പെട്ടപ്പോള്‍ രാജീവിനെ ഉപദേശിച്ച് നേരെയാക്കാനുള്ള ഉത്തരവാദിത്വം അടുത്ത സുഹൃത്തായ എന്നില്‍ വന്നുചേര്‍ന്നു. നിര്‍ബന്ധബുദ്ധിയുടെ കാരണം തിരക്കിയപ്പോള്‍ രാജീവ് മുന്നോട്ടുവെച്ച, ഒരു പരിധിവരെ വസ്തുതാപരമായ ചില കാരണങ്ങള്‍ ഇവയായിരുന്നു. സമൂഹം കല്‍പ്പിക്കുന്ന മാന്യമായ സ്ഥാനം. സംസാരത്തിലും പ്രവര്‍ത്തിയിലും പ്രതീക്ഷിക്കാവുന്ന മാന്യത. ലഹരി പദാര്‍ത്ഥങ്ങളില്‍നിന്നും ഏറെ കുറെ അകലം പാലിച്ചുള്ള ജീവിതം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആഗ്രഹിച്ചത് പോലൊരു അധ്യാപക അളിയനെ രാജീവിനു ലഭിക്കുക തന്നെ ചെയ്തു.

രാജീവിനെക്കുറിച്ചും അവന്‍റെ അധ്യാപക സങ്കല്പങ്ങളെക്കുറിച്ചും വീണ്ടും ചിന്തിക്കാന്‍ ഇട നല്‍കിയത് രണ്ടു സമകാലിക സംഭവങ്ങളാണ്. അഖിലേന്ത്യ പ്രവേശന പരീക്ഷയില്‍ ഒന്നാം റാങ്കിന്‍റെ മികവോടെ ചെന്നൈ ഐഐടിയില്‍ പ്രവേശിപ്പിക്കപ്പെട്ട കൊല്ലംകാരി ഫാത്തിമയുടെ ദുരൂഹമരണത്തില്‍ രാജ്യമാകെ അലയടിച്ച പ്രതിഷേധങ്ങള്‍ നാം കണ്ടതാണ്.

ഒരു ചിത്രശലഭത്തെ പോലെ പാറി പറക്കേണ്ട അഞ്ചാം ക്ലാസുകാരി, ബത്തേരി സര്‍വ്വജന ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പാമ്പുകടിയേറ്റ് മരിച്ച ഷഹല ഷെറിന്‍ മലയാളികളുടെ നൊമ്പരപ്പൂവായി മാറിക്കഴിഞ്ഞു. ആദ്യത്തെ സംഭവത്തില്‍ തന്‍റെ മരണത്തിന് ഉത്തരവാദി സുദര്‍ശന്‍ പത്മനാഭന്‍ എന്ന അധ്യാപകന്‍ ആണെന്ന് ഫാത്തിമ തന്നെ തന്‍റെ മൊബൈല്‍ ഫോണില്‍ കുറിച്ചിട്ടിട്ടുണ്ട്. ബത്തേരി സംഭവത്തില്‍ അധ്യാപകര്‍ക്ക് വീഴ്ച സംഭവിച്ചതായി വിദ്യാര്‍ത്ഥികളും പൊതുസമൂഹവും മാധ്യമങ്ങളും ഏറ്റുപറയുന്നു.

'മുന്നിലിരിക്കുന്നത് സ്വന്തം കുഞ്ഞുങ്ങള്‍ അല്ലെന്ന് തോന്നുന്ന നിമിഷം നിങ്ങള്‍ വിദ്യാലയത്തിന്‍റെ പടിയിറങ്ങുക' എന്ന് ഗുരു നിത്യചൈതന്യയതിയുടെ വാക്കുകള്‍ പലരും ഈ ദിവസങ്ങളില്‍ പങ്കുവെക്കുകയുണ്ടായി. ആര്‍ജ്ജിച്ച അറിവുകൊണ്ടും ഊറി വരുന്ന അലിവ് കൊണ്ടും ഉള്ളം നിറയേണ്ടവനാണ് അധ്യാപകന്‍. അറിവിന്‍റെ പാരമ്യത്തില്‍ നില്‍ക്കുമ്പോഴും അലിവ് നഷ്ടപ്പെട്ട അധ്യാപക സമൂഹത്തോട് പരിഭവിക്കാന്‍ തീര്‍ച്ചയായും നമുക്ക് അവകാശമുണ്ട്.

എന്നാല്‍ അതൊരിക്കലും ഏകപക്ഷീയമായ ആക്രമണം ആകരുത്. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ അധ്യാപക സമൂഹത്തിന്‍റെ ആകെ ആത്മധൈര്യം ചോര്‍ത്തിക്കളയുന്ന വിധത്തില്‍ ഉള്ള പ്രതികരണങ്ങള്‍ ഒരിക്കലും നന്നല്ല.

അവകാശാധിഷ്ടിത നിയമങ്ങള്‍ സൃഷ്ടിക്കുന്ന ചെറുതല്ലാത്ത ആശയക്കുഴപ്പങ്ങളുടെ പിടിയിലാണ് കുറച്ചു കാലങ്ങളായി നമ്മുടെ അധ്യാപക സമൂഹം. അല്പം വൈകാരികമായി തന്നെ അവരത് പങ്കുവയ്ക്കുന്നുമുണ്ട്. ഒരു അധ്യാപകന്‍റെ ഫേസ്ബുക്ക് കുറിപ്പ് ഇപ്രകാരമാണ് 'അധ്യയന പ്രക്രിയയില്‍ അധ്യാപകന്‍റെ സ്ഥാനം കുട്ടിയുടേതിനേക്കാള്‍ ഉയരത്തിലായിരിക്കണം. അതായത് ക്ലാസ്സിന്‍റെ നിയന്ത്രണം അധ്യാപകരുടെ കയ്യില്‍ ആകണം. ഈയിടെയായി ഈ കടിഞ്ഞാണ്‍ അധ്യാപകര്‍ക്കു നഷ്ടപ്പെടുന്നു. ക്ലാസില്‍ താമസിച്ചെത്തുന്നവനെ ചോദ്യം ചെയ്യാനുള്ള അവകാശം, ബഹളമുണ്ടാക്കുന്നവനെ വഴക്കു പറയാനുള്ള അവകാശം, ചെറിയ ശിക്ഷകള്‍ നല്‍കുവാനുള്ള അവകാശം, പരീക്ഷയ്ക്ക് കോപ്പി അടിക്കുന്നവരെ നിയന്ത്രിക്കുവാനുള്ള അവകാശം എന്നിങ്ങനെ തന്‍റേതെന്ന് അധ്യാപകന്‍ കരുതിയിരുന്നത് എല്ലാം വിവിധ അവകാശ കമ്മീഷനുകളും സര്‍ക്കാരും തിരിച്ചെടുത്തു കഴിഞ്ഞു.' മറ്റൊരു കുറിപ്പ് ഇപ്രകരമാണ് 'ആയുധങ്ങള്‍ നഷ്ടപ്പെട്ട പോരാളിയായി, നിര്‍വികാരനായി, നിര്‍ഗുണ പരബ്രഹ്മമായി, അപകര്‍ഷതാ ഭാരത്താല്‍ തലകുമ്പിട്ടു ക്ലാസില്‍ കഴിയേണ്ടി വരുന്ന അവസ്ഥ പരമ ദയനീയമാണ്.' പ്രതികരണങ്ങളിലെ വൈകാരികതലം മാറ്റി നിര്‍ത്തിയാല്‍ വസ്തുതാപരമായ ചില പിഴവുകള്‍ നമുക്ക് കാണാം. അധ്യായനത്തിലെ കേന്ദ്ര ബിന്ദു അന്നും ഇന്നും എന്നും കുട്ടി തന്നെ ആയിരിക്കണം എന്ന അടിസ്ഥാന തത്വം തന്നെ വിസ്മരിക്കപ്പെടുകയാണ് ഇവിടെ. പാഠപുസ്തകത്തിന്‍റെ പരിധിക്ക് അപ്പുറമുള്ള വിശാല ലോകം പകര്‍ന്നു നല്‍കാന്‍ കഴിയുന്ന അധ്യാപകരെ എക്കാലവും സമൂഹം മാനിച്ചിരുന്നു. കുഞ്ഞുണ്ണി മാഷിന്‍റെ വരികള്‍ ഉദ്ധരിച്ചാല്‍ 'പാഠപുസ്തകം ചെറുതാക്കുക. പഠിപ്പു വലുതാക്കുക. ഗുരുവിനും ശിഷ്യനും മദ്ധ്യേ പുസ്തകം ഗുരുതരമായ തടസ്സമല്ലോ' ഇത്തരമൊരു വിശാലമായ അദ്ധ്യാപക ദര്‍ശനം പിന്തുടരുന്നതില്‍ നമ്മുടെ അധ്യാപകര്‍ക്കു സംഭവിക്കുന്ന വീഴ്ച കാണാതെ പോകരുത്.

പൊതുസമൂഹത്തോട് … ഒരു വീഴ്ച സംഭവിക്കുമ്പോള്‍ അത് മാത്രം കാണുകയും ഒന്നടങ്കം ആക്രമിക്കുകയും ചെയ്യുന്ന വിവേചനരഹിതമായ മനോഭാവത്തിലേക്ക് എങ്ങനെയാണ് നാം എത്തിപ്പെട്ടത്? ഉത്തരേന്ത്യയിലും മറ്റും കാണുന്ന ആള്‍ക്കൂട്ട കൊലപാതക ശൈലി സാംസ്കാരിക കേരളത്തിന് ഭൂഷണമല്ല.' ആ കുഞ്ഞിന്‍റെ സ്ഥാനത്ത് സ്വന്തം കുഞ്ഞിനെ ഓര്‍ത്താല്‍ മതി രക്തം തിളയ്ക്കാന്‍' എന്ന മട്ടിലുള്ള വൈകാരിക പ്രകടനങ്ങള്‍ നമുക്ക് മാറ്റി വെക്കാം. തെറ്റുകള്‍ മറക്കാനാകില്ലായിരിക്കാം പക്ഷേ പൊറുക്കാനും, തിരുത്താനും നമുക്കാകണം. അതിന് അധ്യാപക സമൂഹത്തെ കൂടി നാം വിശ്വാസത്തിലെടുക്കേണ്ടതായിട്ടുണ്ട്. പക്ഷേ അവര്‍ക്കും കൗണ്‍സിലിംഗും ബോധവല്‍ക്കരണവും ഒക്കെ വേണ്ടി വന്നേക്കാം.

വിദ്യാര്‍ഥികളോട് കൂട്ടുകാരില്‍ ഒരാള്‍ നഷ്ടപ്പെട്ടപ്പോള്‍ ബത്തേരിയിലെ വിദ്യാര്‍ത്ഥി സുഹൃത്തുക്കള്‍ നടത്തിയ പ്രതികരണം തികച്ചും മാനുഷ്യസഹജമായ വികാരപ്രകടനം ആയിരുന്നു. അതിന്‍റെ പേരില്‍ അക്ഷരങ്ങളുടെ വെളിച്ചം നമുക്ക് പകര്‍ന്നു നല്‍കുന്ന അധ്യാപകരോട് യാതൊരു വിരോധവും നിങ്ങളില്‍ ഉണ്ടാകരുത്. വിയോജിപ്പുകള്‍ പ്രകടിപ്പിക്കുന്നതും, ചോദ്യങ്ങള്‍ ചോദിക്കുന്നതും എല്ലാം തികഞ്ഞ ബഹുമാനത്തോട് കൂടി വേണം. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ വിരുന്ന് സല്‍ക്കാരം ഒഴിവാക്കി തന്‍റെ അധ്യാപകന്‍റെ വിരമിക്കല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ മൈക്കിള്‍ എന്ന ഡോക്ടറുടെ കഥ നമ്മുടെ മുന്‍ തലമുറ എത്രമാത്രം അധ്യാപകരെ പരിഗണിച്ചിരുന്നു എന്നതിന്‍റെ ഉത്തമ ഉദാഹരണമാണ്. അധ്യാപകനെ ദൈവതുല്യം പരിഗണിക്കുന്ന ഒരു സംസ്കാരത്തിന്‍റെ ഭാഗമാണ് നാം എന്ന കാര്യം മറക്കാതിരിക്കുക.

പ്രിയ അധ്യാപകരോട്… 'സ്വയം പഠിക്കാനും വിദ്യാര്‍ത്ഥിയായിരിക്കാനും തയ്യാറാകാത്ത ഒരാള്‍ക്ക് ഒരിക്കലും നല്ലൊരു അധ്യാപകനാകാന്‍ കഴിയില്ല. അധ്യാപനം ഭൂമിയില്‍ മനുഷ്യന് നല്‍കപ്പെട്ടിരി ക്കുന്ന ശ്രേഷ്ഠമായ വരദാനങ്ങളില്‍ ഒന്നാണ്.' ചിന്തകനായ വി. കാര്‍ഡിനല്‍ ന്യൂമാന്‍റെ വാക്കുകള്‍ നിങ്ങളെ വഴി നടത്തട്ടെ. ആത്മശോധനയുടെ മണിക്കൂറുകള്‍ സമ്മാനിക്കുന്ന തിരിച്ചറിവില്‍ നിന്ന് സ്വന്തം അധ്യാപനത്തെ വിലയിരുത്താനും അവശ്യംവേണ്ട മാറ്റങ്ങള്‍ക്ക് വിധേയരാകാനും ഉള്ള ഉള്‍വെളിച്ചം സ്വായത്തമാക്കിയവരാണ് നിങ്ങള്‍. സ്വയം തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ. ബുദ്ധ വചനം കൂടി ചേര്‍ത്ത് വെക്കുന്നു 'മാന്യനായ ഒരാള്‍ ജീവിക്കേണ്ട പോലെ അധ്യാപകന്‍ ജീവിക്കണം.' ക്ലാസ് മുറിയിയെന്ന സാമ്രാജ്യത്തിലെ ഏകചത്രാധിപതിയാണ് താനെന്ന മൂഡസ്വര്‍ഗ്ഗത്തില്‍ നിന്നും പുറത്തുകടന്നു കുറച്ചുകൂടി ജനാധിപത്യ ബോധത്തോടെ അധ്യാപനത്തെ സമീപിക്കാന്‍ നിങ്ങള്‍ക്ക് കഴിയട്ടെ.

വിരാമതിലകം: ലോകത്തിനു ഭാരതം സമ്മാനിച്ച മഹത്തായ പദമാണു ഗുരു എന്നത്. അന്ധകാരത്തെ അകറ്റുന്നവനെന്നും വെളിച്ചം പകരുന്നവനെന്നുമുള്ള അര്‍ഥത്തില്‍ ഉപയോഗിക്കപ്പെടുന്ന ഗുരു എന്ന വാക്കിനെയും ആ വാഗര്‍ഥം ജീവിച്ചു മാതൃകയായവരെയും ഏതൊരു സമൂഹവും ആദരവോടെയാണു കണ്ടിട്ടുള്ളത്. കേവലമായ അറിവിന്‍റെ വിനിമയത്തിനപ്പുറത്താണു ഗുരു-ശിഷ്യ ബന്ധം.

ഇന്നു ക്ലാസ് മുറിയില്‍ അറിവു പകര്‍ന്നു നല്‍കുന്നവരെ നോക്കി വിദ്യാര്‍ഥികള്‍ ഗുരു എന്നു വിളിക്കുന്നുണ്ടാവില്ല. എങ്കിലും ഗുരു ആകുകയും ഏകുകയുമെന്നതു തന്നെയാണു എക്കാലത്തെയും അധ്യാപകനിയോഗം. അധ്യാപകനില്‍ നിന്നു ഗുരുവിലേക്കുള്ള ദൂരം കുറയട്ടെ; വിദ്യാര്‍ഥിയില്‍ നിന്നു ശിഷ്യനിലേക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org