അഗ്നിച്ചിറകുള്ള ‘നല്ല അയല്‍ക്കാരന്‍’

അഗ്നിച്ചിറകുള്ള ‘നല്ല അയല്‍ക്കാരന്‍’

ജെസി മരിയ

സ്നേഹം പ്രളയത്തേക്കാള്‍ തീവ്രമാണ്. പ്രളയം നശിപ്പിച്ചതെല്ലാം സ്നേഹം പടുത്തുയര്‍ത്തുന്നു. പ്രളയഭീകരതയില്‍ നിരാലംബരും നിസ്സഹായരുമായിപ്പോയ ജീവിതങ്ങളെ സ്നേഹവും കരുതലും നല്കി ചേര്‍ത്തണച്ച്, സമാധാനത്തിന്‍റെയും സ്വസ്ഥതയുടെയും തീരമണച്ച ഒരുകൂട്ടം ചെറുപ്പക്കാരെയാണു പരിചയപ്പെടുത്തുന്നത്.

2018 ആഗസ്റ്റ് മലയാളി ഓര്‍ക്കാനിഷ്ടപ്പെടാത്തതും എന്നാല്‍ ഓര്‍ത്തുവയ്ക്കേണ്ടതുമായ ദിവസങ്ങളാണ്. വര്‍ണ-വര്‍ഗ-ജാതി-മത വ്യത്യാസമില്ലാതെ സമ്പന്നനും ദരിദ്രനും ഒന്നിച്ചുറങ്ങിയ ദിനങ്ങള്‍. സ്വരക്ഷ നോക്കാതെ അപരനെ സഹായിച്ചുകൊണ്ട് ഓടിനടന്ന ദൈവത്തിന്‍റെ മനസ്സുള്ള മനുഷ്യരെയാണു പ്രളയഭൂമിയില്‍ എല്ലായിടത്തും കണ്ടത്. 'നല്ല അയല്‍ക്കാര'നായി ജീസസ് യൂത്തു മുന്നേറ്റത്തിലെ യുവാക്കളും പ്രളയമുഖത്തു സജീവമായിരുന്നു. ഗവണ്‍മെന്‍റും ധാരാളം സന്നദ്ധപ്രവര്‍ത്തകരും സംഘടനകളുമെല്ലാം സദാ സന്നദ്ധരായി പ്രളയസ്ഥലങ്ങളിലും ദുരിതാശ്വാസക്യാമ്പുകളിലും ഉണ്ടായിരുന്നുവെന്നു നമുക്കറിയാം. എന്നാല്‍ അതില്‍ നിന്നെല്ലാം കുറേക്കൂടി വ്യത്യസ്തമായ ചിന്തകളും പ്രവര്‍ത്തനങ്ങളുമായിരുന്നു ജീസസ് യൂത്ത് ചെയ്തതും ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതും. 'നല്ല അയല്‍ക്കാരന്‍' (Reaching out to Rain-Ravaged Lives) എന്ന പദ്ധതിയില്‍ അവര്‍ ചെയ്തതും തുടരുന്നതുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചു ജീസസ് യൂത്ത് അംഗങ്ങളായ അഡ്വ. റൈജു വര്‍ഗീസും ശ്രീ. ബേര്‍ളി ഏണസ്റ്റും പങ്കുവയ്ക്കുന്നു.

ജീസസ് യൂത്ത് യുവജന മുന്നേറ്റം സാമൂഹ്യ പ്രതിബദ്ധതയ്ക്കു വളരെയധികം പ്രാധാന്യം കൊടുക്കുന്നുണ്ട്. ഇതിനായി ഒരു ഔട്ട്റീച്ച് മിനിസ്ട്രി തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ദുരന്തമോ സാമൂഹികവിപത്തോ എന്തുതന്നെ ഉണ്ടായാലും പെട്ടെന്നു തീരുമാനമെടുക്കാനും പ്രവര്‍ത്തിക്കാനും ഞങ്ങള്‍ മടിച്ചുനില്ക്കാറില്ല. ആഗസ്റ്റ് 10 ആയപ്പോള്‍ത്തന്നെ കേരളത്തിന്‍റെ പല ഭാഗങ്ങളെയും പ്രളയം വിഴുങ്ങിത്തുടങ്ങിയിരുന്നു. പലയിടത്തും ദുരിതാശ്വാസക്യാമ്പുകള്‍ ആരംഭിച്ചിരുന്നു. ഇനി ചിന്തിച്ചുനില്ക്കാന്‍ സമയമില്ലെന്ന ഉള്‍വിളിയില്‍ പെട്ടെന്നുതന്നെ എല്ലാവരും ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ശ്രീ ബേര്‍ളി ഏണസ്റ്റ് കോര്‍ഡിനേറ്ററായി 'നല്ല അയല്ക്കാരന്‍' എന്ന പേരില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ആഗസ്റ്റ് 14, 15 തീയതികളില്‍ കളമശ്ശേരി എമ്മാവൂസില്‍ വച്ച് ഒരു വോളണ്ടിയേഴ്സ് ട്രെയിനിംഗ് ക്യാമ്പ് നടത്തി. 15-ന് രാത്രി മുതല്‍ തന്നെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു വോളണ്ടിയേഴ്സ് പോയിത്തുടങ്ങി. പ്രളയത്തിനു നടുവിലായാലും ദുരിതാശ്വാസ ക്യാമ്പുകളിലായാലും എന്തും ചെയ്യാന്‍ സന്നദ്ധരായിട്ടാണ് ഈ യുവജനങ്ങള്‍ ഇറങ്ങിപുറപ്പെട്ടത്. ഈ ക്യാമ്പ് പ്രവര്‍ത്തനങ്ങളിലൂടെയും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലൂടെയും നമ്മുടെ ജീവിതരീതിയുടെ തനിമയും ലക്ഷ്യവും തിരിച്ചറിയുവാന്‍ പലര്‍ക്കും സാധിച്ചതിനു ദൈവത്തിനു നന്ദി പറയുന്നു. ചില സ്ഥലങ്ങളില്‍ സര്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ കോര്‍ഡിനേറ്റ് ചെയ്തതുപോലും നമ്മുടെ യുവാക്കളായിരുന്നു.

സാമൂഹ്യ പ്രതിബദ്ധത ജീസസ് യൂത്തിനെ സംബന്ധിച്ചിടത്തോളം പുതുതായി ഉണ്ടായ സംഭവമല്ല. അതുകൊണ്ട് ഈ പ്രളയദുരന്തത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടായില്ല. മനുഷ്യരുടെ സ്നേഹകൂട്ടായ്മയുടെ വലിയ കാഴ്ചകളും അനുഭവങ്ങളും നിറഞ്ഞ ദിവസങ്ങളായിരുന്നു അതെല്ലാം.

ക്യാമ്പിനുശേഷം എന്ത്? എന്ന ചോദ്യത്തിന് ഇതിനകം ഞങ്ങള്‍ ഉത്തരം കണ്ടെത്തിയിരുന്നു. പലയിടത്തും വീടുകള്‍ വൃത്തിയാക്കാന്‍ ജീസസ് യൂത്ത് വോളണ്ടിയേഴ്സ് മുന്നിലുണ്ടായിരുന്നു. ഹരിതമിഷനോടൊപ്പവും നമ്മുടെ യുവജനങ്ങള്‍ സഹകരിച്ചിരുന്നു. ഇടുക്കിയില്‍ പന്നിയാര്‍കുട്ടിയും ബഥേലും ഉരുള്‍പൊട്ടലില്‍ തകര്‍ന്ന ഗ്രാമങ്ങളാണ്. ദിവസങ്ങളോളമെടുത്താണ് ഇവിടുത്തെ വീടുകള്‍ വൃത്തിയാക്കിയത്. ദുരന്തത്തിനുശേഷം എല്ലാം ഒന്നില്‍നിന്നു തുടങ്ങേണ്ട അവസ്ഥയിലാണു പലരും. ഇവര്‍ക്കുവേണ്ടി കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന തീരുമാനത്തിന്‍റെ ഫലമായി ഏറ്റവും ദുരിതബാധിതരും അത്യാവശ്യക്കാരുമായ ജനങ്ങളുള്ള കുറച്ചു ഗ്രാമങ്ങള്‍ ഒരു വര്‍ഷത്തേയ്ക്കു ദത്തെടുത്തു. ഇവര്‍ക്കാവശ്യമുള്ള എല്ലാ ഗൃഹോപകരണങ്ങളും കുട്ടികളുടെ പഠനോപകരണങ്ങളും അടുക്കളസാമഗ്രികളും വാങ്ങിക്കൊടുത്തു. എല്ലാ വീടുകളുംതന്നെ സന്ദര്‍ശിക്കുകയും അവരോടൊക്കെ സംസാരിച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ഇപ്പോഴും വീടുകള്‍ സന്ദര്‍ശി ച്ച് അവരോടു സംസാരിക്കുന്നതു തുടര്‍ന്നുകൊണ്ടിരിക്കുന്നു. പലയിടത്തും മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി. കൗണ്‍സലിംഗ് ആവശ്യമായവര്‍ക്കു ചെയ്തുകൊടുത്തു. യുവജനങ്ങള്‍ക്കായി പല പരിപാടികളും ചെയ്തു. ഇതെല്ലാം ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു.

കൂടാതെ ഈ ദത്തെടുത്ത ഗ്രാമങ്ങളിലെ ആയിരം കുടുംബങ്ങള്‍ക്കു മാസം 3000 രൂപ വീതം ഒരു വര്‍ഷം കൊടുക്കണമെന്ന് ആഗ്രഹിക്കുന്നു. ഇതിനകം 300-ഓളം പേര്‍ക്കു കൊടുത്തുതുടങ്ങി. പല വീടുകളുടെയും അറ്റകുറ്റപ്പണി, മുഴുവന്‍ പണി എല്ലാം ചെയ്യാനുണ്ട്.

ഈ പ്രവര്‍ത്തനങ്ങള്‍ ഒരു ആവേശത്തില്‍ ചെയ്ത് അവസാനിപ്പിക്കാനുള്ളതല്ല. ഇതൊരു തുടര്‍പദ്ധതിയാണ്. ദുരിതബാധിതര്‍ക്ക് ഒരു നിലനില്പായി വരുന്നതുവരെ അവരോടൊപ്പം ചേര്‍ന്നുനില്ക്കണമെന്നാണു ജീസസ് യൂത്ത് മുന്നേറ്റത്തിലെ യുവജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ഞങ്ങളുടെ തീം "Back to home – back to school – back to Life" എന്നതാണ്. അതുകൊണ്ടുതന്നെ ഇതിനു നല്ല പിന്തുണയും സഹായവും വേണം.

"Family to family support system" ആണു നമ്മള്‍ ആഗ്രഹിക്കുന്നതും ചെയ്തുകൊണ്ടിരിക്കുന്നതും. ഇതില്‍ ആര്‍ക്കു വേണമെങ്കിലും പങ്കാളികളാകാം. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ പലരും ഇപ്പോഴും ഉണ്ടാകാം. എല്ലാവര്‍ക്കും സ്വസ്ഥവും സമാധാനപൂര്‍ണവും സുരക്ഷിതവുമായ ജീവിതം ഉണ്ടാകുവാന്‍ നമ്മള്‍ കൈകോര്‍ക്കണം.

ആത്മാവില്‍ അഗ്നിച്ചിറകുള്ള യുവാക്കള്‍ വിചാരിച്ചാല്‍ നടക്കാത്ത എന്തെങ്കിലുമുണ്ടോ? അതും ക്രിസ്തുവെന്ന അഗ്നിയില്‍ എരിയുന്ന യുവാക്കള്‍. ജീസസ് യൂത്ത് പ്രവര്‍ത്തകര്‍ ക്രിസ്തു വാഹകരാണ്. അവന്‍റെ സ്നേഹാഗ്നിയില്‍ എരിയുന്നവരാണ്. അവന്‍റെ ആത്മാവില്‍ നയിക്കപ്പെടുന്നവരാണ്. ഇനിയും സഭയ്ക്കും സമൂഹത്തിനുംവേണ്ടി ധാരാളം നന്മ ചെയ്യുവാന്‍ ഓരോ ജീസസ് യൂത്ത് പ്രവര്‍ത്തകനും ഇടയാകട്ടെ എന്ന് ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org