Latest News
|^| Home -> Cover story -> അക്ബറിന്‍റെ കൊട്ടാരത്തിലെ ക്രിസ്ത്യന്‍ പുരോഹിതരും ദേവാലയവും

അക്ബറിന്‍റെ കൊട്ടാരത്തിലെ ക്രിസ്ത്യന്‍ പുരോഹിതരും ദേവാലയവും

Sathyadeepam

അക്ബര്‍ ചക്രവര്‍ത്തിയുടെ കാലത്ത് മുഗള്‍ തലസ്ഥാനമായിരുന്ന ഫത്തേപുര്‍ സിക്രിയിലെ കൊട്ടാരത്തില്‍ താമസിച്ച് ചക്രവര്‍ത്തിക്കു ക്രിസ്ത്യന്‍ മതപ്രബോധനം നല്‍കുകയും മതാന്തരസംവാദത്തില്‍ പങ്കെടുക്കുകയും ചെയ്ത കത്തോലിക്കാ വൈദികരെക്കുറിച്ചും അവര്‍ക്കായി നിര്‍മ്മിച്ച ക്രിസ്ത്യന്‍ ചാപ്പലിനെക്കുറിച്ചും വിവരിക്കുകയാണു പുരാവസ്തു ഗവേഷകനായ ശ്രീ. കെ.കെ. മുഹമ്മദ്. അക്ബറിന്‍റെ കൊട്ടാരക്കെട്ടിലുണ്ടായിരുന്ന ക്രിസ്ത്യന്‍ പള്ളി പുരാവസ്തുഖനനത്തിലൂടെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണു ലേഖകന്‍.

അക്ബര്‍ ചക്രവര്‍ത്തി തന്‍റെ തലസ്ഥാനമാക്കിയ ഫത്തേപുര്‍ സിക്രിയില്‍ അദ്ദേഹം തന്നെ നിര്‍മ്മിച്ച ക്രിസ്ത്യന്‍ ദേവാലയം അക്ബറിന്‍റെ മതനയത്തിന്‍റെയും ക്രിസ്തുമതത്തോട് അദ്ദേഹം പുലര്‍ത്തിയ സമീപനത്തിന്‍റെയും ഒരു തെളിവാണ്. സര്‍വമതങ്ങളേയും കുറിച്ചുള്ള സംവാദത്തിനു അക്ബര്‍ രൂപീകരിച്ച ഇബാദത് ഖാനായില്‍ സംവാദങ്ങള്‍ക്കായി ക്ഷണിക്കപ്പെട്ട ക്രിസ്ത്യന്‍ പണ്ഡിതന്മാരുടെ പ്രാര്‍ത്ഥനാവശ്യത്തിനായാണ് ഈ ദേവാലയം നിര്‍മ്മിതമായത്.

യേശുക്രിസ്തുവിന്‍റെ പ്രബോധനത്തിലും ക്രൈസ്തവികതയിലും ചക്രവര്‍ത്തി സജീവമായ താത്പര്യം പ്രകടമാക്കിയിട്ടുണ്ട്. 1573 ല്‍ സൂററ്റ് പിടിച്ചടക്കുമ്പോഴാണ് അക്ബര്‍ ക്രൈസ്തവികതയെ ആദ്യമായി കണ്ടുമുട്ടുന്നത്. ആന്‍റണി കബ്രാളിന്‍റെ നേതൃത്വത്തിലുള്ള ഗോവന്‍ ക്രൈസ്തവര്‍ പ്രകടിപ്പിച്ച ധീരത അദ്ദേഹത്തെ ആകര്‍ഷിച്ചു. ഇതിനു ശേഷം രണ്ടു ക്രൈസ്തവര്‍ 1578 മാര്‍ച്ചില്‍ ഫത്തേപുര്‍ സിക്രിയിലെത്തി അക്ബറിനെ കണ്ടു. സത്ഗാവിലെ പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ പീറ്റര്‍ തവാരെസ്, ബംഗാളിന്‍റെ വികാരി ജനറാള്‍ ഗിലീനെസ് പെരേര എന്നിവരായിരുന്നു അവര്‍. പെരേര ആദ്യഘട്ടത്തില്‍ തന്നെ ഇസ്ലാമിനെയും പ്രവാചകന്‍ മുഹമ്മദ് നബിയേയും വിമര്‍ശിക്കാനാരംഭിച്ചു. ആ ഘട്ടത്തില്‍ അക്ബറിന് അതിനെ അംഗീകരിക്കാനായില്ല. പക്ഷേ രണ്ടു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം അത്തരം വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തനായി എന്നു മാത്രമല്ല, ആക്ഷേപഹാസ്യശൈലിയില്‍ സ്വന്തം അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ട് അതില്‍ പങ്കാളിയാകാനും തുടങ്ങി. പക്ഷേ ആ സംവാദങ്ങളൊന്നും അദ്ദേഹത്തിന്‍റെ ആത്മീയതൃഷ്ണകളെ ശമിപ്പിച്ചില്ല. രാജാവിന്‍റെ ആത്മീയ-ബൗദ്ധിക തൃഷ്ണകളെ ശമിപ്പിക്കുന്നതിനുള്ള സ്വന്തം അപര്യാപ്തതകള്‍ സ്വയം മനസ്സിലാക്കിയ ആ ക്രൈസ്തവര്‍, ക്രൈസ്തവികതയെ കുറിച്ചു രാജാവിനെ ഏറ്റവും ആധികാരികതയോടെ പഠിപ്പിക്കുന്നതിനു രണ്ടു ജെസ്യൂ ട്ട് വൈദികരെ നിര്‍ദേശിച്ചു.

ജെസ്യൂട്ട്സ് അതിനകം യൂറോപ്പില്‍ സാന്നിദ്ധ്യമറിയിച്ചിരുന്നു. 1542-ല്‍ സമൂഹത്തിന്‍റെ സ്ഥാപകപിതാക്കന്മാരിലൊരാളായ ഫ്രാന്‍സിസ് സേവ്യര്‍ പുതിയ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ മാര്‍ട്ടിം ഡി അല്‍ഫോണ്‍സോയോടൊപ്പം ഇന്ത്യയില്‍ വരികയും ഇന്ത്യാക്കാരുടെ വൈദികപരിശീലനത്തിനായി സെ. പോള്‍ കോളേജ് സ്ഥാപിക്കുകയും ചെയ്തു.

ക്രൈസ്തവികതയെ കുറിച്ചു കൂടുതല്‍ അറിയുന്നതിന് 1578 ഒടുവില്‍ അക്ബര്‍ ഗോവയിലേയ്ക്കു വൈസ്രോയിക്കും ആര്‍ച്ചുബിഷപ്പിനും ജെസ്യൂട്ട്സിനും കത്തുകളയച്ചു. തന്‍റെ രാജസഭയിലേയ്ക്കു പണ്ഡിതരായ ഏതാനും വൈദികരെ അയക്കണമെന്നതായിരുന്നു ആവശ്യം. “രണ്ടു പണ്ഡിതരായ വൈദികരെ അയയ്ക്കണമെന്ന് എന്‍റെ പേരില്‍ നിങ്ങളോട് ആവശ്യപ്പെടുന്നതിനായി എന്‍റെ സ്ഥാനപതിയായ അബ്ദുള്ളയേയും ഡൊമിനിക് ഫിരെസിനെയും ഞാനയയ്ക്കുന്നു. ആ വൈദികര്‍ നിയമത്തേയും സുവിശേഷത്തെയും കുറിച്ചുള്ള പ്രധാന പുസ്തകങ്ങള്‍ കൊണ്ടുവരണം. നിയമം പഠിക്കാനും അതില്‍ ഏറ്റവും പൂര്‍ണതയുള്ളതെന്ത് എന്നു കണ്ടെത്താനും ഞാനാഗ്രഹിക്കുന്നു. സ്ഥാനപതി മടങ്ങുമ്പോള്‍ അദ്ദേഹത്തിനൊപ്പം വരാന്‍ ശങ്കിക്കേണ്ടെന്ന് അവരോടു പറയണം. വരുന്ന വൈദികരെ ഏറ്റവും കാരുണ്യപൂര്‍വകമായും ആദരപൂര്‍വകമായും ഞാന്‍ സ്വീകരിക്കുന്നതാണെന്നറിയുക. അവരുടെ വരവ് എനിക്കു വലിയ സന്തോഷം നല്‍കും. നിയമവും അതിന്‍റെ പൂര്‍ണതയും ഞാന്‍ അറിഞ്ഞു കഴിഞ്ഞാല്‍ അവര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ തിരിച്ചുപോകാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കും. ബഹുമതികളും സമ്മാനങ്ങളും നല്‍കാതെയായിരിക്കില്ല ഞാനവരെ പോകാനനുവദിക്കുക. അതുകൊണ്ട് വരാന്‍ നേരിയ ഭയം പോലും അവര്‍ക്കുണ്ടാകേണ്ടതില്ല. അവരെ ഞാനെന്‍റെ സംരക്ഷണത്തില്‍ ഏറ്റെടുക്കുന്നു.”

സ്ഥാനപതിമാരായ അബ്ദുള്ളയും ഡൊമിനിക്കും 1579 സെപ്തംബറില്‍ ഗോവയില്‍ എത്തിച്ചേര്‍ന്നു. ‘നിരസിക്കാന്‍ കഴിയാത്ത തരത്തില്‍ അവിശ്വസനീയമാം വിധം ദൈവപരിപാലനയനുസരിച്ചുള്ളതാണ്’ ഇന്ത്യയിലെ ഏറ്റവും ശക്തനായ രാജാവില്‍ നിന്നുള്ള ക്ഷണമെങ്കിലും വൈസ്രോയി ലൂയിസ് ഡി അതെയ്ദായ്ക്കു തന്‍റേതായ പരിമിതികളുണ്ടായിരുന്നു. കാരണം രാഷ്ട്രീയപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു മിഷണറിമാരെ രാജാവ് പിന്നീടു ബന്ദികളായി ഉപയോഗിച്ചേക്കാമെന്ന ഭീതി അവിടെ തങ്ങി നിന്നിരുന്നു.

1579 നവംബറില്‍ ഗോവയിലെ ആര്‍ച്ചുബിഷപ്പിന്‍റെ അരമനയില്‍ സമ്മേളിച്ചിരുന്ന ഗോവ, കൊച്ചി, മലാക്ക, ചൈന എന്നിവിടങ്ങളിലെ സഭാദ്ധ്യക്ഷന്മാരുടെ അനുകൂലമായ അഭിപ്രായം കിട്ടിയതിനു ശേഷമാണ് വൈദികരുടെ സംഘത്തെ അയയ്ക്കാന്‍ പോര്‍ട്ടുഗീസ് വൈസ്രോയി തീരുമാനിച്ചത്. അനുകൂലവും പ്രതികൂലവുമായ എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷം ഈശോസഭാ വൈദികരെ ഫത്തേപുര്‍ സിക്രിയിലേയ്ക്ക് അയയ്ക്കാന്‍ തീരുമാനമായി. അന്തസ്സാര്‍ന്ന ഈ ദൗത്യമേറ്റെടുക്കാന്‍ അന്നു സെ. പോള്‍ കോളേജില്‍ നിരവധി പേര്‍ സന്നദ്ധരായിരുന്നു. പക്ഷേ അന്നത്തെ പ്രൊവിന്‍ഷ്യല്‍ ഫാ. റുയി വിസെന്‍റെ നിരവധി ആലോചനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ശേഷം ഇറ്റലിയില്‍നിന്നു ഫാ. റുഡോള്‍ഫ് അക്വവിവാ, സ്പെയിനില്‍ നിന്നു ഫാ. ആന്‍റണി മോണ്‍സെറേറ്റ്, പേര്‍ഷ്യന്‍ ഭാഷ അറിയുന്ന അര്‍മീനിയക്കാരനായ ഫാ. ഫ്രാന്‍സിസ് ഹെന്‍റിക്വസ് എന്നിവരെയാണ് ഈ മഹാദൗത്യത്തിനായി തിരഞ്ഞെടുത്തത്.

1579 നവംബര്‍ 17 നു ഈ സംഘം ഗോവയില്‍ നിന്നു യാത്രയാരംഭിച്ചു. ഗോവയില്‍ നിന്നു ദാമനിലേയ്ക്ക് അവര്‍ കപ്പലില്‍ യാത്ര പുറപ്പെട്ടു. സൂററ്റില്‍ അവര്‍ക്ക് ഒരു മാസം തങ്ങേണ്ടി വന്നു. ഈ സമയത്ത് വൈദികര്‍ പേര്‍ഷ്യന്‍ ഭാഷ പഠിച്ചു. മുഗളന്മാരുടെ ഔദ്യോഗികഭാഷയായ പേര്‍ഷ്യന്‍ അറിയുന്നതു രാജാവുമായി സംസാരിക്കുന്നതിനു സഹായകരമാകുമായിരുന്നു.

സൂററ്റില്‍നിന്ന് വൈദികര്‍ മണ്‍ഡു, ഉജ്ജൈന്‍, സാരംഗ്പുര്‍, സിരോഞ്ജ്, നര്‍വാര്‍, ധോല്‍പുര്‍ വഴി ആഗ്രയിലേയ്ക്കു പോയി.

സെ. പോള്‍ കോളേജില്‍ പഠിച്ചിറങ്ങുന്നവരുടെയും ജെസ്യൂട്ട് സിന്‍റെയും പാണ്ഡിത്യത്തെക്കുറിച്ച് ഏറെ കേട്ടിരുന്ന അക്ബര്‍ കൊട്ടാരത്തില്‍ വൈദികര്‍ക്കായി അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു. വൈദികര്‍ക്കായി ക്ഷണപത്രമയച്ച് ഏതാണ്ട് ഒന്നരക്കൊല്ലത്തിനു ശേഷമെത്തുന്ന വൈദികരെ വലിയ ആവേശത്തോടെയാണ് അദ്ദേഹം സ്വീകരിച്ചത്. “അവര്‍ നാലു ദിവസങ്ങള്‍ കഴിയുമ്പോള്‍ എത്തും” എന്നിങ്ങനെ ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു അവസാനദിനങ്ങളില്‍ അക്ബര്‍. ഒടുവില്‍, 1580 ഫെബ്രുവരി 28 ഞായറാഴ്ച വൈകീട്ട് അവര്‍ ഫത്തേപുര്‍ സിക്രിയിലെത്തിച്ചേര്‍ന്നു.

ചക്രവര്‍ത്തിയുമായുളള വൈദികരുടെ ആദ്യ കൂടിക്കാഴ്ച വളരെ ഊഷ്മളവും ഹൃദ്യവുമായിരുന്നു. അത് അന്നു രാത്രി 8 വരെ നീണ്ടു നിന്നു. രാജാവിന്‍റെ ചോദ്യങ്ങള്‍ ഹെന്‍റിക് ഫാ. റുഡോള്‍ഫിനു പരിഭാഷപ്പെടുത്തിക്കൊടുത്തു. തുടര്‍ന്ന് വൈദികരുമായി ദീര്‍ഘസംഭാഷണങ്ങള്‍ നടന്നു.

അതിനു ശേഷം വലിയൊരു തുക വൈദികര്‍ക്കു നല്‍കാന്‍ രാജാവ് ഉത്തരവിട്ടു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എല്ലാ മതനേതാക്കള്‍ക്കും രാജാവ് ഇപ്രകാരം പണം നല്‍കുക പതിവായിരുന്നു. എന്നാല്‍ നിത്യച്ചിലവുകള്‍ക്കു വേണ്ട ചെറിയൊരു തുക മാത്രം മതിയെന്നു പറഞ്ഞ വൈദികര്‍ വലിയ തുക സ്വീകരിക്കാന്‍ തയ്യാറായില്ല. ഇതു രാജാവിനെ അത്ഭുതപ്പെടുത്തി. നിരവധി മുസ്ലീം പണ്ഡിതന്മാരുടെ ആര്‍ത്തി പിടിച്ച രീതിയുമായാണ് രാജാവ് ഇതിനെ താരതമ്യപ്പെടുത്തിയത്. ഇതില്‍ വളരെയധികം ആദരവു തോന്നിയ രാ ജാവ് ജെസ്യൂട്ടുകളുടെ ലളിതമായ ജീവിതശൈലിയെ കുറിച്ചു കൊട്ടാരസദസ്സില്‍ പറയുകയും സ്വന്തമായി അവരൊന്നും സൂക്ഷിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടുകയും ചെയ്തു. ജന്മം കൊണ്ട് അര്‍മീനിയക്കാരനും രാജാവിന്‍റെ പരിഭാഷകനുമായ ഡൊമിനിക് ഫിരെസിനെ വൈദികര്‍ക്കു വേണ്ട കാര്യങ്ങള്‍ ഏര്‍പ്പാടു ചെയ്യാന്‍ രാജാവു ചുമതലപ്പെടുത്തി.

വൈദികരും മുസ്ലീങ്ങളുമായുള്ള ആദ്യസംവാദം ഖുറാന്‍, ക്രൈസ്തവവിശ്വാസം, അന്ത്യവിധി, പുനരുത്ഥാനം തുടങ്ങിയവയെ കുറിച്ചായിരുന്നു. ഖുറാനില്‍ ബൈബിളിനെയും യേശുവിനെയും മറിയത്തേയും കുറിച്ചു നിരവധി പരാമര്‍ശങ്ങളുള്ളതിനാല്‍ ഖുറാന്‍റെ വെളിച്ചത്തില്‍ തന്നെ ബൈബിളിന്‍റെ ആധികാരികത ഉറപ്പിക്കാവുന്നതാണെന്നു വൈദികര്‍ വാദിച്ചു. ഖുറാന്‍ പക്ഷേ മറ്റൊരു ഗ്രന്ഥം കൊണ്ടു സാക്ഷ്യപ്പെടുത്താനാവില്ല. റോബര്‍ട്ട് കാറ്റൈന്‍ എന്ന ഇംഗ്ലീഷുകാരന്‍ 1143-ല്‍ പരിഭാഷപ്പെടുത്തി 1543-ല്‍ അച്ചടിച്ച ഖുറാന്‍ പരിഭാഷ വച്ചുകൊണ്ട് വൈദികര്‍ നടത്തിയ വാദത്തെ ഖണ്ഡിക്കാന്‍ മുസ്ലീം പണ്ഡിതര്‍ക്കു സാധിച്ചില്ല. ഈ ഖുറാന്‍ പരിഭാഷ ഉപയോഗിച്ച് മുസ്ലീം മതപണ്ഡിതരെ ഫലപ്രദമായി നിശബ്ദരാക്കാന്‍ വൈദികര്‍ക്കു സാധിച്ചു. മുസ്ലീം മതപണ്ഡിതര്‍ക്കിടയിലുണ്ടായിരുന്ന അനൈക്യവും ശണ്ഠകളും അവരുടെ തോല്‍വിക്ക് ആക്കം വര്‍ദ്ധിപ്പിച്ചു.

കുറച്ചു ദിവസങ്ങള്‍ക്കു ശേഷമുള്ള സംവാദം മുസ്ലീങ്ങള്‍ക്ക് ഖുറാന്‍ വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗത്തേയും ബൈബിളിലെ സ്വര്‍ഗത്തേയും സംബന്ധിച്ചായിരുന്നു. ഇസ്ലാമിക പറുദീസ നിറച്ചും ഒരു പുരുഷന്‍റെ താഴ്ന്ന അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന ഭക്ഷണവിഭവങ്ങളും സ്ത്രീകളുമാണു വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നതെന്നും എന്നാല്‍ ബൈബിളിലെ പറുദീസ മനുഷ്യരുടെ ഉന്നതമായ അഭിരുചികളെയാണു തൃപ്തിപ്പെടുത്തുകയെന്നും വൈദികര്‍ അഭിപ്രായപ്പെട്ടു (സുറ 47:15) (മത്താ. 22:30). മുസ്ലീം പണ്ഡിതര്‍ക്കു പലതിനും ഉത്തരം പറയാനാകുന്നില്ലെന്നു കണ്ട രാജാവ് ഉത്തരം നല്‍കേണ്ട ജോലി സ്വയം ഏറ്റെടുത്തു. പക്ഷേ അതിനാധാരമായ തെളിവുകള്‍ ഖുറാനില്‍ നിന്നു നല്‍കാന്‍ രാജാവിനു സാധിച്ചില്ല. ഖുറാനില്‍ നിന്ന് ഉദ്ധരിച്ചല്ല രാജാവ് മറുപടി നല്‍കുന്നതെന്നു വൈദികര്‍ തിരിച്ചടിച്ചപ്പോള്‍ രാജാവിന് അതൊരു ചിരിയോടെ സമ്മതിക്കേണ്ടി വന്നു.

അടുത്ത ദിനം സംവാദം തുടര്‍ന്നപ്പോള്‍, വളരെ ഉന്നതമായ ആദരവു നല്‍കിയാണ് യേശുക്രിസ്തുവിനെ കുറിച്ചു ഖുറാന്‍ സംസാരിക്കുന്നതെന്നു വൈദികര്‍ വാദിച്ചു. കന്യകയില്‍ നിന്നു ജനിച്ചവന്‍ (സുറ 19,21-30, 21,92), പാപമില്ലാത്തവന്‍ (സുറ 919,31-35) തുടങ്ങിയ ഭാഗങ്ങളും മറ്റു നിരവധി വിശേഷണങ്ങളും അവര്‍ ചൂണ്ടിക്കാട്ടി. “എന്നാല്‍, അവിശ്വാസിയും പാപിയുമായിരുന്നു താനെന്നു മുഹമ്മദ് തുറന്നു പറയുന്നുണ്ട്. അദ്ദേഹം അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടില്ല. പക്ഷേ എന്നിട്ടും തന്നെ ക്രിസ്തുവിനു മേല്‍ പ്രതിഷ്ഠിക്കുന്നു” (സുറ 3, 50; 5,75). ഒരു വ്യക്തി തന്നെക്കുറിച്ചു സ്വയം നല്‍കുന്ന സാക്ഷ്യം തെളിവായി സ്വീകരിക്കാനാവില്ലെന്നു പരിപൂര്‍ണമായ യുക്തിയുടെ ബലത്തില്‍ വൈദികര്‍ വാദിച്ചു. അതിനാല്‍ മുഹമ്മദ് സ്വയം ഉന്നയിക്കുന്ന വാദങ്ങളെല്ലാം മുഖവിലയ്ക്കെടുക്കാനാവില്ല. മുഹമ്മദിനു മുമ്പുള്ള പ്രവാചകരാരും തങ്ങള്‍ക്ക് അനുകൂലമായി ഒന്നും പറഞ്ഞിട്ടില്ല.

തങ്ങള്‍ക്കിടയിലെ അനൈക്യവും പൂര്‍ണമായ ആശയക്കുഴപ്പവും മൂലം മറുപടി കൊടുക്കാന്‍ കഴിയാതിരുന്ന മുസ്ലീങ്ങള്‍ വൈദികരെ വെല്ലുവിളിച്ചു. ബൈബിളും ഖുറാനും കൈയില്‍ പിടിച്ച് ഒരു തീക്കുണ്ഠത്തിലേയ്ക്കു പ്രവേശിക്കുക. പൊള്ളലേല്‍ക്കാതെ തിരിച്ചു വരുന്നവന്‍റേത് സത്യമതം. പക്ഷേ ഇങ്ങനെയൊരു തീക്കളിക്ക് വൈദികര്‍ തയ്യാറായില്ല. യുക്തി കൊണ്ടു തെളിയിക്കാന്‍ കഴിയാതെ വരുമ്പോഴാണ് അത്ഭുതങ്ങളില്‍ അഭയം പ്രാപിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇതെല്ലാം ജുഗുപ്സാവഹമായി തോന്നിയ രാജാവ് ഈ വിഷയത്തിലുള്ള എല്ലാ വാദങ്ങളും അവസാനിപ്പിച്ചു. വൈദികര്‍ക്കടുത്ത് നിരന്തരമായി തോറ്റുകൊണ്ടേയിരുന്ന മുസ്ലീം പണ്ഡിതര്‍ക്ക് അതൊരു ആശ്വാസമായിരുന്നു. സംവാദം അവസാനിപ്പിച്ചതിനു മുസ്ലീംപക്ഷത്തുനിന്നു രാജാവിനു പ്രശംസ ലഭിച്ചു. 8 ദിവസങ്ങള്‍ക്കുള്ളിലാണ് ഈ സംഭവവികാസങ്ങളെല്ലാം ഉണ്ടായത്.

തങ്ങളുടെ ആവേശം അതിരു കടന്നു പോയി എന്നു തോന്നിയ വൈദികര്‍ കൊട്ടാരത്തിലേയ്ക്കു പോയില്ല. രാജാവിന്‍റെ വിളി വരുന്നതും കാത്തിരുന്നു. താനിതില്‍ അഭിപ്രായം പറയുന്നില്ല എന്ന രാജാവിന്‍റെ വാക്കുകളെ അവര്‍ പല തരത്തില്‍ വ്യാഖ്യാനിച്ചു നോക്കി. അതു മുസ്ലീങ്ങള്‍ക്ക് അനുകൂലമാണോ, അല്ലയോ? പരസ്പരവിരുദ്ധമായ പല നിഗമനങ്ങളില്‍ അവരെത്തിച്ചേര്‍ന്നു. ഏതാനും ദിവസങ്ങള്‍ കഴിഞ്ഞിട്ടും രാജാവിന്‍റെ വിളി വരാതായപ്പോള്‍ അതിനായി കാത്തു നില്‍ക്കാതെ നേരെ രാജകൊട്ടാരത്തിലേയ്ക്കു ചെന്നു മഞ്ഞുരുക്കുന്നതായിരിക്കും നല്ലതെന്നു വൈദികര്‍ക്കു തോന്നുകയും കൊട്ടാരത്തിലേയ്ക്കു ചെല്ലുകയും ചെയ്തു. അവരെ കണ്ട മാത്രയില്‍ രാജാവ് അകത്തേയ്ക്കു വിളിക്കുകയും തുര്‍ക്കിയിലെന്ന പോലെ മുഗള്‍ സാമ്രാജ്യത്തിലും പള്ളികള്‍ പണിയുന്നതിനെ കുറിച്ച് ആലോചിക്കുകയും ചെയ്തു.

മൂന്നു ദിവസങ്ങള്‍ക്കു ശേഷം അവര്‍ വീണ്ടും കൊട്ടാരത്തിലേയ്ക്കു ചെല്ലുകയും രാജാവുമായി തങ്ങള്‍ക്കു മാത്രമായി ഒരു സ്വകാര്യകൂടിക്കാഴ്ചയ്ക്ക് അവസരം ചോദിക്കുകയും ചെയ്തു. രാജാവ് അപ്പോള്‍ തന്നെ അവരെ ഒരിടത്തേയ്ക്കു മാറ്റി നിറുത്തി സംസാരിക്കാന്‍ സന്നദ്ധനായി. അതു ക്രിസ്തുമതത്തിലേയ്ക്കുള്ള രാജാവിന്‍റെ മതപരിവര്‍ത്തനത്തെക്കുറിച്ചു ചോദിക്കാനുള്ള ഒരു സുവര്‍ണാവസരമായി കണ്ടു വൈദികര്‍. വൈദികര്‍ അതു പരോക്ഷമായ വാക്കുകളില്‍ സൂചിപ്പിച്ചു. സത്യമതം കണ്ടെത്താനുള്ള പരിശ്രമത്തിന്‍റെ ഭാഗമായാണ് രാജാവ് തങ്ങളെ വിളിപ്പിച്ചതെന്നു ചൂണ്ടിക്കാട്ടിയ അവര്‍ അതു ബോദ്ധ്യപ്പെടുത്താന്‍ തങ്ങള്‍ സന്നദ്ധരാണെന്നും അറിയിച്ചു. മതപരിവര്‍ത്തനത്തിനുള്ള ആദ്യഘട്ടമെന്ന നിലയില്‍ രാജാവ് അക്രൈസ്തവമായ ആചാരാനുഷ്ഠാനങ്ങളില്‍ നിന്നു ക്രമത്തില്‍ വിട്ടുമാറണമെന്നു വൈദികര്‍ നിര്‍ദേശിച്ചു. അതൊക്കെ ദൈവത്തിന്‍റെ കരങ്ങളിലാണെന്ന തന്ത്രപരമായ മറുപടി പറഞ്ഞ അദ്ദേഹം താന്‍ ഭാര്യയേയോ മക്കളേയോ രാജ്യത്തേയോ കുറിച്ച് ഒന്നും ആകുലപ്പെടുന്നില്ലെന്നും പറഞ്ഞു.

ഈസ്റ്ററിനു മുമ്പുള്ള ശനിയാഴ്ച വൈദികര്‍ രാജാവിന് ഈസ്റ്റര്‍ ആശംസകള്‍ നേരാന്‍ ചെന്നു. പതിവു ചര്‍ച്ചകള്‍ക്കു ശേഷം രാജാവ് അവര്‍ക്കു കൂടുതല്‍ സൗകര്യങ്ങളുള്ള പാര്‍പ്പിടം കാണിച്ചു കൊടുത്തു അങ്ങോട്ടു മാറാന്‍ ആവശ്യപ്പെട്ടു. ആ കൂടിക്കാഴ്ചയില്‍ വൈദികര്‍ സന്തുഷ്ടരാകുകയും “അന്ന് രാജാവ് മറ്റെന്നത്തേക്കാളും നമ്മുടെ മതത്തോടു കൂടുതല്‍ താത്പര്യമുള്ളതായി കാണപ്പെട്ടുവെന്നു” പിന്നീട് എഴുതുകയും ചെയ്തു.

പിന്നെയും മൂന്നു മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും രാജാവില്‍ നിന്നു മതംമാറ്റത്തെ കുറിച്ചുള്ള സമ്മതസൂചനകളൊന്നുംകിട്ടാതെ വന്ന വൈദികര്‍ വീണ്ടും രാജാവിനെ കാണാന്‍ തീരുമാനിച്ചു. പക്ഷേ ഈ നീക്കം പ്രതീക്ഷിച്ചിരുന്ന രാജാവ് മതം മാറ്റത്തെ കുറിച്ചുള്ള ചോദ്യങ്ങളെല്ലാം തന്ത്രപൂര്‍വം ഒഴിവാക്കി. അതു മനസ്സിലായ വൈദികര്‍ രാജാവിനു മതപാഠങ്ങള്‍ നല്‍കുന്നത് നിറുത്താന്‍ തീരുമാനിച്ചു. എന്തുകൊണ്ടു തനിക്കുള്ള മതപഠനം നിറുത്തിയെന്നു ചോദിക്കാന്‍ രാജാവ് നിര്‍ബന്ധിതനായി. അതിന് ഏതു നിമിഷവും തങ്ങള്‍ സന്നദ്ധരാണെന്നും എന്നാല്‍ ആവശ്യമായ ഒരുക്കത്തിനു വിധേയനാകാന്‍ രാജാവ് തയ്യാറില്ലാത്തതിനാല്‍ തങ്ങള്‍ക്കതില്‍ നിന്നു പിന്‍വലിയേണ്ടി വന്നതാണെന്നും അവര്‍ വ്യക്തമാക്കി. ആദ്യഭാര്യയുടെ മാത്രം കൂടെ കഴിയുക എന്നതാണ് ആദ്യത്തെ വ്യവസ്ഥ. മധ്യകാല ഇന്ത്യയില്‍ ഒരു ചക്രവര്‍ത്തിക്ക് അത് അസാദ്ധ്യമായിരുന്നു. മാത്രവുമല്ല സാമ്രാജ്യത്തിലെ എല്ലാ ജാതിമതസ്ഥരേയും ഏക കൂട്ടായ്മയായി വളര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ക്ക് രാജാവിന്‍റെ മതംമാറ്റം തിരിച്ചടിയാകും. ബൗദ്ധികമായി ചായ്വുണ്ടെങ്കിലും പ്രായോഗികബുദ്ധിയുള്ള രാഷ്ട്രതന്ത്രജ്ഞന്‍ എന്ന നിലയില്‍, എല്ലാവരേയും ഒന്നിപ്പിച്ചു നിറുത്തുന്ന രാജ്പുത് നയവുമായി മുന്നോട്ടു പോകുക എന്നതാണ് അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിക്കപ്പെടുന്നത്. വി. യോഹന്നാന്‍, നിക്കോദേമൂസ്, ജപ്പാനിലെ നിരവധി രാജാക്കന്മാര്‍ എന്നിങ്ങനെ നിരവധി ഉദാഹരണങ്ങള്‍ നിരത്തി തങ്ങളുടെ വാദമുഖങ്ങള്‍ വൈദികര്‍ വിശദീകരിക്കുകയും രാജാവിനു തങ്ങളുടെ പ്രബോധനങ്ങള്‍ക്കു മതിയായ ശ്രദ്ധ കൊടുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അതില്‍നിന്നു പിന്തിരിയുന്നതാണ്, രാജാവിനും തങ്ങള്‍ക്കും മേല്‍ ദൈവത്തിന്‍റെ ശാപം പതിയാതിരിക്കാന്‍ നല്ലതെന്നു വ്യക്തമാക്കുകയും ചെയ്തു. രാജാവ് അതു സമ്മതിക്കുകയും ഭാവിയില്‍ അവരെ അനുഗമിക്കാമെന്നു വാക്കു കൊടുക്കുകയും ചെയ്തു.

രാജാവ് ഇസ്ലാമില്‍ വിശ്വസിക്കുന്നില്ലെന്ന കിംവദന്തി വ്യാപകമായി പരക്കുകയും ക്രിസ്തുമതത്തോടുള്ള അദ്ദേഹത്തിന്‍റെ അടുപ്പം പ്രസിദ്ധമാകുകയും ചെയ്തു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധങ്ങള്‍ ആരംഭിച്ചു. തദ് ഫലമായി രാജാവ് ഒരു മാസത്തേയ്ക്കു വൈദികരുമായി ബന്ധപ്പെട്ടില്ല. വൈദികര്‍ കാണാന്‍ ചെന്നപ്പോള്‍ താത്പര്യം കാണിച്ചില്ല. വൈദികര്‍ ഇതു അബുള്‍ ഫാസിലിനോടു പറയുകയും അദ്ദേഹം ഈ വികാരം രാജാവിനെ അറിയിക്കുകയും ചെയ്തു. അടുത്ത തവണ രാജാവ് ഇവരെ കണ്ടപ്പോള്‍ ചിരിക്കുകയും എന്തുകൊണ്ട് തന്നെ പോര്‍ട്ടുഗീസ് പഠിപ്പിക്കുന്നില്ല എന്നു ചോദിക്കുകയും ചെയ്തു. മതപരമായ കാര്യങ്ങളില്‍ അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല.

ഇതൊക്കെയാണു കത്തോലിക്കാ പുരോഹിതന്മാര്‍ അക്ബറുമായി മതസംവാദത്തിനെത്തിയതിന്‍റെ ചരിത്രവിവരങ്ങള്‍. ഇപ്രകാരം മാസങ്ങള്‍ ഫത്തേപുര്‍ സിക്രിയില്‍ താമസിച്ച വൈദികര്‍ക്കായി അക്ബര്‍ ഒരുക്കിയ സൗകര്യങ്ങള്‍ പിന്നീടു ഉത്ഖനനത്തിലൂടെ കണ്ടെടുക്കുന്നതിലും പഠനവിധേയമാക്കുന്നതിലും പങ്കു വഹിക്കാന്‍ ഈ ലേഖകന് അവസരമുണ്ടായി. ആഗ്രാ ഗേറ്റിനടുത്തുള്ള ശരായിയിലാണ് ആദ്യം വൈദികര്‍ താമസിച്ചത്. ആദ്യഘട്ടത്തിലെ സംവാദങ്ങള്‍ക്കു ശേഷം വൈദികരുടെ പാണ്ഡിത്യത്തില്‍ ആകൃഷ്ടനായ രാജാവ് അവര്‍ക്കു കൂറെക്കൂടി സൗകര്യങ്ങളുളള താമസസ്ഥലം ഏര്‍പ്പാടാക്കി. ഈസ്റ്ററിനു ശേഷം വൈദികര്‍ താമസമാക്കിയ സ്ഥലത്ത് അവര്‍ പുതിയ ചാപ്പല്‍ സജ്ജമാക്കി. ചാപ്പല്‍ അക്ബര്‍ സന്ദര്‍ശിക്കുകയും അതില്‍ ഒരു ക്രിസ്ത്യാനിയെ പോലെ തലപ്പാവു മാറ്റിയും മുസ്ലീമിനെ പോലെ കൈകൂപ്പിയും മുട്ടുകുത്തിയും ഹിന്ദുവിനെ പോലെ സാഷ്ടാംഗം പ്രണമിച്ചും ആരാധന നടത്തുകയും ചെയ്തു. തുടര്‍ന്ന് തന്‍റെ മൂന്നു പുത്രന്മാരെ കൂട്ടി ചാപ്പലിലെത്തിയ അക്ബര്‍ അവരോടു ക്രിസ്തുവിന്‍റെയും പ. മാതാവിന്‍റെയും ചിത്രങ്ങള്‍ക്കു മുമ്പില്‍ വണങ്ങാന്‍ ആവശ്യപ്പെട്ടു. ആ ചിത്രങ്ങള്‍ അതുപോലെ തന്നെ വരച്ചുണ്ടാക്കുവാന്‍ കൊട്ടാരത്തിലെ ചിത്രകാരന്മാരോടു നിര്‍ദേശിച്ചു.

കൊട്ടാരസദസ്സില്‍ വൈദികരോടു തികഞ്ഞ ആദരവോടും സൗഹാര്‍ദ്ദത്തോടും കൂടിയാണ് അക്ബര്‍ ചക്രവര്‍ത്തി ഇടപെട്ടിരുന്നത്. അവര്‍ എന്തെങ്കിലും വാദമുഖങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ രാജാവ് കൈയടിച്ചു പ്രോത്സാഹിപ്പിക്കും, മറ്റുള്ളവര്‍ കേള്‍ക്കാതെ വിളിച്ചു മാറ്റി നിറുത്തി സംസാരിക്കും, ഫാ. റുഡോള്‍ഫിന്‍റെ തോളില്‍ കൈയിട്ട് അദ്ദേഹം സംസാരിച്ചു നടക്കുമായിരുന്നു, പലപ്പോഴും അവരുടെ താമസസ്ഥലത്തേയ്ക്കു ചക്രവര്‍ത്തിയുടെ ഭക്ഷണവിഭവങ്ങള്‍ കൊടുത്തു വിടുകയും ചെയ്യും. ക്രിസ്തുമതത്തില്‍ നിന്നു ഇസ്ലാം സ്വീകരിച്ചവരുണ്ടെങ്കില്‍ അവര്‍ക്കു പുനഃമതപരിവര്‍ത്തനം ചെയ്യാന്‍ അനുമതി കൊടുത്തു. ക്രിസ്ത്യാനികളെ പോലെ വസ്ത്രം ധരിക്കാനും സാമ്രാജ്യത്തിന്‍റേതായ ജോലികള്‍ കൊടുക്കാനും തയ്യാറായി. ഒരു കത്തോലിക്കന്‍ മരിച്ചപ്പോള്‍ കത്തിച്ച തിരികളും കുരിശുമായി നഗരത്തിലൂടെ പ്രദക്ഷിണം നടത്തി തികച്ചും കത്തോലിക്കാ ആചാരങ്ങളോടെ മൃതസംസ്കാരകര്‍മ്മം നടത്താന്‍ അദ്ദേഹം വൈദികര്‍ക്ക് അനുമതി നല്‍കി. കൂടാതെ മകനായ മുറാദ് രാജകുമാരനെ പോര്‍ച്ചുഗീസ് ഭാഷയും ക്രിസ്തുമതതത്വങ്ങളും പഠിക്കാന്‍ ഫാ. മോണ്‍സെറേറ്റിന്‍റെ പക്കലയച്ചു. ഈശോയോടും മറിയത്തോടുമുള്ള പ്രാര്‍ത്ഥനകള്‍ ചൊല്ലിയും കുരിശു വരച്ചുമാണ് രാജകുമാരന്‍ ഈ പഠനം ആരംഭിച്ചിരുന്നത്. ഇതെല്ലാം കൊട്ടാരസദസ്സിലെ മുസ്ലീം പണ്ഡിതന്മാരുടെ എതിര്‍പ്പു വിളിച്ചു വരുത്തിയിരുന്നു. ചക്രവര്‍ത്തി ഇസ്ലാമിനെതിരെ പ്രവര്‍ത്തിക്കുകയാണെന്ന പേരില്‍ ഫത്വകള്‍ പുറപ്പെടുവിക്കപ്പെട്ടു. ഇതിനു തങ്ങളും കാരണക്കാരായതിനാല്‍ തങ്ങള്‍ക്കെതിരെയും മതമൗലികവാദികളുടെ എതിര്‍പ്പുണ്ടായേക്കുമെന്നു വൈദികര്‍ ഭയപ്പെട്ടിരുന്നു. ഇക്കാരണത്താല്‍ കൂടുതല്‍ സുരക്ഷിതമായ ഒരിടത്തേയ്ക്കു വൈദികരുടെ താമസം അക്ബര്‍ ചക്രവര്‍ത്തി വീണ്ടും മാറ്റി. മറ്റുള്ളവരാല്‍ ശ്രദ്ധിക്കപ്പെടാതെ തനിക്കു സംഭാഷണം നടത്തുന്നതിന് ഉപയുക്തമായ സ്ഥലമായിരിക്കണം അതെന്നും രാജാവ് നിഷ്കര്‍ഷിച്ചു.

ഈ സൂചനകളെല്ലാം വച്ചുകൊണ്ടാണ് ചാപ്പലിനായി ഈ ലേഖകന്‍ ഉത്ഖനനം തുടങ്ങിയത്. ക്രൈസ്തവികതയുമായി ബന്ധപ്പെട്ട കുരിശോ കാസയോ മറ്റു വസ്തുക്കളോ കിട്ടുമെന്ന യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. കാരണം 1583 ഫെബ്രുവരിയില്‍ തന്നെ എല്ലാ വൈദികരും ഫത്തേപുര്‍ സിക്രി വിട്ടിരുന്നു. അവര്‍ എന്തെങ്കിലും അവിടെ ഉപേക്ഷിച്ചു പോകുന്ന പ്രശ്നമില്ലായിരുന്നു. എന്നാല്‍ 1585 വരെ ഫത്തേപുര്‍ തലസ്ഥാനമായി തുടര്‍ന്നിരുന്നു. അതിനാല്‍ ചാപ്പല്‍ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി അവിടെ നിലനിറുത്തിയിരുന്നിരിക്കാം. അതിനാല്‍, സുഗന്ധശേഖരം സൂക്ഷിച്ചിരുന്ന ഖുഷ്ബു ഖാന കണ്ടെത്തിയാല്‍ അതു ചാപ്പലാണെന്നുറപ്പിക്കാമായിരുന്നു. കാരണം ഖുഷ്ബു ഖാനയാണു ചാപ്പലായി പരിവര്‍ത്തിപ്പിച്ചതെന്നു ഫാ.മോണ്‍സെരേറ്റ് എഴുതിയിട്ടുണ്ട്. സൂചനകളനുസരിച്ച് ഉത്ഖനനം ചെയ്ത സ്ഥലത്തു നിന്നു സുഗന്ധദ്രവ്യക്കുപ്പികള്‍ കണ്ടെത്തിയതോടെ അഭ്യൂഹങ്ങള്‍ക്കെല്ലാം വിരാമമായി. സുഗന്ധദ്രവ്യങ്ങള്‍ വാറ്റിയെടുക്കുന്നതിനുള്ള ഫര്‍ണസ് വീണ്ടുമുള്ള ഖനനത്തില്‍ അവിടെ നിന്നു കിട്ടി. ഖുഷ്ബു ഖാന ചാപ്പലായി പരിവര്‍ത്തനപ്പെടുത്തിയപ്പോള്‍ ഫര്‍ണസ് അഴിച്ചു മാറ്റി തറയില്‍ കുഴിച്ചിട്ടിരിക്കാമെന്ന ഞങ്ങളുടെ അനുമാനം ശരി വയ്ക്കുന്നതായിരുന്നു കണ്ടെത്തല്‍. സുഗന്ധദ്രവ്യശാലയില്‍ മാറ്റങ്ങള്‍ വരുത്തിയാണു ചാപ്പല്‍ ഉണ്ടാക്കിയതെന്ന ഫാ. മോണ്‍സുരേറ്റിന്‍റെ എഴുത്ത് അനുസരിച്ചുള്ള മാറ്റങ്ങളാണ് അവിടെ ഞങ്ങള്‍ കണ്ടത്.

ഈ ചാപ്പലില്‍ ക്രിസ്മസ് ആഘോഷത്തിന് അക്ബര്‍ വന്നതിന്‍റെ വിവരണങ്ങളുണ്ട്. അവിടെ രാജാവിന്‍റെ പരിഭാഷകനായിരുന്ന കത്തോലിക്കാവിശ്വാസി ഡൊമിനിക് ഫിരെസിന്‍റെ വിവാഹം കത്തോലിക്കാ ആചാരപ്രകാരം വൈദികര്‍ നടത്തുകയും അതിനു ശേഷം പോര്‍ച്ചുഗീസ് ശൈലിയില്‍ വിരുന്നു നടത്തുകയും ചെയ്തു. ഈ കര്‍മ്മങ്ങളില്‍ അക്ബര്‍ ചക്രവര്‍ത്തി അതിവിശിഷ്ടരായ ഏതാനും അതിഥികളെ കൂട്ടി പങ്കെടുത്തു. ഫാ. അക്വവിവാ പേര്‍ഷ്യന്‍ ഭാഷയില്‍ പറഞ്ഞതെല്ലാം വധുവിനു പേര്‍ഷ്യന്‍ ഭാഷ അറിയാത്തതുകൊണ്ടു അക്ബര്‍ തന്നെയാണ് വധുവിനു പ്രാദേശിക ഭാഷയിലേയ്ക്കു പരിഭാഷപ്പെടുത്തി നല്‍കിയത്. വിവാഹവിരുന്നും അതുപോലുള്ള പരിപാടികളും നടത്തിയതെന്നു കരുതാവുന്ന ചില അവശേഷിപ്പുകളും അവിടെ നിന്നു കിട്ടി. അള്‍ത്താരയും സങ്കീര്‍ത്തിയുമായി ഉപയോഗിച്ച ഭാഗങ്ങളും തിരിച്ചറിയാനായി.

ഫാ. അക്വവിവായുടെ മുഖ്യമായ നേതൃത്വത്തില്‍ 1580 മുതല്‍ 1583 വരെ നടന്ന ഈ മിഷനു പക്ഷേ അക്ബര്‍ ചക്രവര്‍ത്തിയുടെ മതംമാറ്റം എന്ന ലക്ഷ്യത്തിലെത്താനായില്ല. പക്ഷേ ഫാ. അക്വവിവായെ അക്ബര്‍ വലിയ ആദരവോടെ കാണുകയും പ്രസംഗിക്കാനും പഠിപ്പിക്കാനുമുള്ള അനുവാദം നല്‍കുകയും ചെയ്തു. മുഗള്‍ ചിത്രകലയില്‍ ഈ സ്വാധീനം പ്രതിഫലിച്ചിട്ടുണ്ട്. പ്രൊവിന്‍ഷ്യല്‍ ഫാ. അക്വവിവായെ ഗോവയിലേയ്ക്കു തിരിച്ചുവിളിച്ചു. വലിയ ദുഃഖത്തോടെയാണു അക്ബ റും അക്വവിവായും പിരിഞ്ഞത്. ക്രിസ്തുവിനു വേണ്ടി രക്തസാക്ഷിയാകണമെന്നായിരുന്നു ഫാ. അക്വവിവായുടെ വലിയ അഭിലാഷം. ഇസ്ലാമിനെതിരായ കടുത്ത വിമര്‍ശനങ്ങള്‍ മൂലം ഏതെങ്കിലും മതമൗലികവാദികള്‍ അതിനു തുനിഞ്ഞേക്കുമെന്ന ഭയം അക്ബറിനും ഉണ്ടായിരുന്നു. ഏതായാലും അതു സംഭവിക്കാതെ അക്വവിവ ഗോവയില്‍ മടങ്ങിയെത്തി. 1583 ജൂലൈ 27-ന് മറ്റ് നാല് ജെസ്യൂട്ട് മിഷണറിമാര്‍ക്കൊപ്പം ഗോവയിലെ കുങ്കോളിമില്‍ വച്ച് ഫാ. അക്വവിവ കൊല്ലപ്പെട്ടു. വിവരമറിഞ്ഞ അക്ബര്‍ പൊട്ടിക്കരഞ്ഞു. തന്‍റെ പ്രിയപ്പെട്ട സുഹൃത്തിനു നല്‍കിയ ആത്മാര്‍ത്ഥമായ ഒരു അഞ്ജലിയായിരുന്നു അത്.

ഫാ. റുഡോള്‍ഫ് അക്വവിവാ ഇതിനകം യൂറോപ്പില്‍ വളരെ പ്രസിദ്ധനായി. അന്നത്തെ ലോകത്തിലെ ഏറ്റവും ശക്തരായ രാജാക്കന്മാരില്‍ ഒരാളായ അക്ബറുമായി വ്യക്തിപരമായ അടുപ്പമുണ്ടായിരുന്ന രക്തസാക്ഷിയെന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രസിദ്ധിക്കു നിദാനം. അദ്ദേഹത്തിന്‍റെയും സഹപ്രവര്‍ത്തകരുടേയും മൃതദേഹങ്ങള്‍ റക്കോള്‍ പള്ളിയില്‍ കബറടക്കപ്പെടുകയും പിന്നീട് ഓള്‍ഡ് ഗോവയിലെ സെ. പോള്‍ പള്ളിയിലേക്കു മാറ്റുകയും ചെയ്തു. ഇതു 1862-ല്‍ വീണ്ടും ഓള്‍ഡ് ഗോവയിലെ സെന്‍റ് കത്തീഡ്രലിലേയ്ക്കും ഒരു ഭാഗം റോമിലേയ്ക്കും ബോംബെയിലെ ഫോര്‍ട്ട് ചാപ്പലിലേയ്ക്കും കൊണ്ടു പോയി. സെന്‍റ് കത്തീഡ്രലിലെ തിരുശേഷിപ്പ് തിരിച്ചറിയപ്പെട്ടത് ഈ ലേഖകന്‍ വഴിയാണ്. ഫത്തേപുര്‍ സിക്രിയിലെ ചാപ്പല്‍ കണ്ടെത്തിയ കാര്യം ചര്‍ച്ച ചെയ്തുകൊണ്ട് സേവ്യര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടറായ വൈദികനുമൊത്ത് കത്തീഡ്രലിലെ വിവിധ ചാപ്പലുകള്‍ കണ്ടു നടക്കുകയായിരുന്നു ഞാന്‍. അപ്പോള്‍ ചാപ്പലുകളിലൊന്നില്‍ ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് തിരുശേഷിപ്പുകളുടെ ഒരു പേടകം ഞങ്ങള്‍ കണ്ടെത്തി. സൂക്ഷിച്ചു നോക്കിയപ്പോള്‍ കോങ്കോളിം രക്തസാക്ഷിയുടെ പേടകമാണതെന്ന ലിഖിതം ഞങ്ങളതില്‍ കണ്ടു. വീണ്ടും അടുത്തു പരിശോധിച്ചപ്പോള്‍ റുഡോള്‍ഫ് അക്വവിവായുടെ പേരും അതിലെഴുതിയിരിക്കുന്നതു കണ്ടു. പേടകത്തിന്‍റെ ആധികാരികത അതുറപ്പാക്കി. ഒരു പുരാവസ്തു വിദ്യാര്‍ത്ഥിയെന്ന നിലയില്‍ എന്‍റെ ജീവിതത്തിലെ ഏറ്റവും വിസ്മയകരമായ ഒരനുഭവമായിരുന്നു അത്. ഫത്തേപുര്‍ സിക്രിയില്‍ അക്ബറിന്‍റെ കൊട്ടാരത്തിലെ ചാപ്പലില്‍ ഫാ. റുഡോള്‍ഫിനെ ഞാന്‍ കണ്ടു, പിന്നെ ഗോവയിലെ കത്തീഡ്രലിലും.

Comments

One thought on “അക്ബറിന്‍റെ കൊട്ടാരത്തിലെ ക്രിസ്ത്യന്‍ പുരോഹിതരും ദേവാലയവും”

  1. A P Poulose says:

    ഖുശ്ബു ഖാനയിലെ ഖനനങ്ങളുടെയോ അവിടുന്നു കിട്ടിയ സാധനങ്ങളുടെയോ ഫോട്ടോ ചേർക്കമായിരുന്നു..

Leave a Comment

*
*