ആഘോഷമായ ആദ്യകുര്‍ബാനസ്വീകരണം: ആനുകാലിക അര്‍ത്ഥതലങ്ങള്‍

ആഘോഷമായ ആദ്യകുര്‍ബാനസ്വീകരണം:  ആനുകാലിക അര്‍ത്ഥതലങ്ങള്‍

ഷാജി മാലിപ്പാറ

(കേരളസഭയിലെങ്ങും നടക്കുന്ന ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണം അനേകം കുഞ്ഞുങ്ങളെയും കുടുംബങ്ങളെയും
ഇടവകകളെയും ആഹ്ലാദിപ്പിക്കും. ആഴ്ചകള്‍ പലതായി അതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിട്ടും കാഹളം മുഴങ്ങിയിട്ടും.
ഈ മഹനീയകൃത്യത്തിന്‍റെ ആനുകാലികമായ അര്‍ത്ഥതലങ്ങള്‍ വിശകലനം ചെയ്യുന്ന ലേഖനം.)

ഓര്‍മ്മവച്ച നാള്‍ മുതല്‍ ഓസ്തിരൂപത്തില്‍ വരുന്ന ഈശോയെ കൈകൂപ്പിവന്ന് സ്വീകരിക്കാന്‍ കൊതിച്ച ബാല്യം നമുക്ക് മറക്കാന്‍ കഴിയുമോ? ഈശോയെ ലഭിച്ച അമ്മയോടും ഈശോയെ കൊടുത്ത അച്ചനോടും തനിക്കുമാത്രം തരാത്തതില്‍ പരിഭവിക്കുന്ന കുട്ടിത്തം. ആയിരംനാവുകളില്‍ കുര്‍ബാനയായി അലിയുന്ന ഈശോയെ തന്‍റെ നാവിലും ഉള്ളിലും അനുഭവിക്കാനുള്ള ആഗ്രഹം എത്ര മഹത്തരമാണ്!

ആദ്യകുര്‍ബാന സ്വീകരണാഘോഷത്തിലൂടെ കുഞ്ഞുങ്ങളുടെ ഈ ആഗ്രഹത്തെ സഭാമാതാവ് വര്‍ഷംതോറും അനുഗ്രഹിച്ചാശീര്‍വദിച്ച്, നിറവേറ്റിക്കൊടുക്കുന്നു.

വിശ്വാസത്തിന്‍റെ വികാസം
കുര്‍ബാനസ്വീകരണമെന്ന ആഘോഷത്തിന്‍റെ സ്വപ്നസമാനമായ പശ്ചാത്തലത്തിലാണ് വിശ്വാസത്തിന്‍റെ പാഠങ്ങള്‍ കുട്ടികള്‍ ഉത്സാഹത്തോടെ സ്വീകരിക്കുന്നത്. നമസ്കാരങ്ങള്‍ മനഃപാഠമാക്കല്‍, അനുഷ്ഠാനങ്ങള്‍ പരിശീലിക്കല്‍, ആചാരങ്ങള്‍ പാലിക്കല്‍, കുമ്പസാരത്തിന് ഒരുങ്ങല്‍ തുടങ്ങിയെത്രയോ കാര്യങ്ങള്‍! വാസ്തവത്തില്‍ വിശ്വാസത്തിന്‍റെ വികാസമാണ് ഇതിലൂടെ ഓരോ കുട്ടിയിലും സംഭവിക്കുന്നത്. ഇത്രമേല്‍ ബാഹ്യവും ആന്തരികവുമായ പ്രചോദനം ഇക്കാര്യങ്ങളില്‍ കുട്ടിക്കുണ്ടാവുന്ന മറ്റൊരു സന്ദര്‍ഭമില്ല.

ചിലരെങ്കിലും ഇപ്പോള്‍ പഠിച്ചതൊക്കെ പിന്നീട് വിട്ടുകളയുന്നതായും കുര്‍ബാനസ്വീകരണത്തില്‍ ഉത്സാഹം കുറയുന്നതായും കാണാറുണ്ട്. പക്ഷെ അതുകൊണ്ട് പഠിച്ചതെല്ലാം വൃഥാവിലായി എന്നു കരുതാനാവില്ല. സഭാമാതാവ് നല്‍കുന്ന പഠന-പരിശീലനങ്ങള്‍ ജീവിതത്തിന്‍റെ നിര്‍ണ്ണായകനിമിഷങ്ങളില്‍ കൂട്ടിനുണ്ടാവുകതന്നെ ചെയ്യും. ക്രമീകൃതവും കാലാനുസൃതവുമായ പരിശീലനപദ്ധതികളും പാഠപുസ്തകങ്ങളും മറ്റും കേരളസഭയില്‍ ആദ്യകുര്‍ബാനസ്വീകരണത്തിനായി ഇന്നു നിലവിലുണ്ട്. ഇടവകയിലും കുടുംബങ്ങളിലും കുട്ടികളുടെ ഒരുക്കം മെച്ചപ്പെടാന്‍ ഇവ സഹായിക്കുന്നു.

അത്ഭുതങ്ങളുടെ അവസരം
പരിശീലനത്തിന്‍റെ തുടക്കം മുതല്‍ ആദ്യകുര്‍ബാന സ്വീകരണം കഴിഞ്ഞുള്ള ഏതാനും ദിവസംവരെയുള്ള നാളുകളില്‍ കുട്ടികളിലൂടെ ഈശോ കുടുംബങ്ങള്‍ക്കു നല്‍കുന്ന അനുഗ്രഹങ്ങള്‍ അനവധിയാണ്. കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്ന മാനസാന്തരം, രോഗസൗഖ്യം, അഭിവൃദ്ധി തുടങ്ങിയവ അവയില്‍ ചിലതുമാത്രം. ഈശോ നഷ്ടമായ കുടുംബങ്ങളിലേക്കും മക്കള്‍ക്കൊപ്പം നിന്ന് ദിവ്യകാരുണ്യം സ്വീകരിക്കുന്ന മാതാപിതാക്കളിലേക്കും ഈശോ കടന്നുവരുന്ന അനുഭവങ്ങള്‍ അനവധിയാണ്. ആദ്യകുര്‍ബാന സ്വീകരിച്ച്, ഹൃദയത്തിലെഴുന്നള്ളിവന്ന ഈശോയോട് കുഞ്ഞുങ്ങള്‍ ചോദിക്കുന്നതൊക്കെ അവിടുന്ന് നല്‍കുമെന്ന പ്രത്യാശ നമ്മുടെ വിശ്വാസത്തിന്‍റെ ഭാഗം തന്നെയാണ്.

ചാരുതയാര്‍ന്ന ചടങ്ങുകള്‍
'ഓ! സ്നേഹരാജനാമുണ്ണിയീശോ, കുഞ്ഞുങ്ങളാം…' എന്ന ഗാനത്തോടെ ആരംഭിക്കുന്ന ആഘോഷമായ കുര്‍ബാനസ്വീകരണത്തിന്‍റെ ചടങ്ങുകള്‍ എത്ര ഹൃദ്യവും ഭക്തിസംവര്‍ദ്ധകവുമാണ്. കുഞ്ഞുങ്ങള്‍ക്ക് ജീവിതത്തിലേറ്റവും പ്രധാനപ്പെട്ട ദിവസമായി അതു മാറുന്നു. മാമ്മോദീസ അവര്‍ക്ക് ഓര്‍മ്മയില്ല. കുട്ടിക്കാലത്ത് ഇനി മറ്റൊരു ആഘോഷം അവര്‍ക്കായി ഇല്ല. ഇടവകസമൂഹവും വൈദികരും സന്യസ്തരും ബന്ധുമിത്രാദികളുമൊക്കെ കുട്ടികള്‍ക്ക് സാന്നിദ്ധ്യമരുളുന്നു. ഗ്രൂപ്പ്ഫോട്ടോയും സ്നേഹവിരുന്നുമൊക്കെ പള്ളിയിലെ ചടങ്ങുകളെ കൂടുതല്‍ ഊഷ്മളമാക്കുന്നു.

കൂട്ടായ്മയുടെ കൂദാശകള്‍
മറ്റു കൂദാശകളൊക്കെ മിക്കവാറും തനിച്ച് നടത്തപ്പെടുമ്പോള്‍ ഇടവകസമൂഹത്തിലെ ഒരേ പ്രായത്തിലുള്ള കുട്ടികള്‍ ഒരുമിച്ച് ഇവ സ്വീകരിക്കുന്നു. പരസ്പരം സ്നേഹിച്ചും സഹകരിച്ചും പങ്കുവച്ചും വളരുന്ന കുട്ടികളിലേക്ക് ഒരേസമയം ഈശോ വരുന്നത്, സഭാത്മകവും സാമൂഹികവുമായി അര്‍ത്ഥപൂര്‍ണ്ണമായ ഒരു സംഗതിയാണ്. ഇതിനെ സ്വകാര്യവത്കരിക്കാനുള്ള പ്രവണതകളെ നാം ഒഴിവാക്കണം. ഗൃഹപ്രവേശം പോലുള്ള കുടുംബപരമായ ആഘോഷങ്ങളോടു ചേര്‍ത്തുള്ള ആദ്യകുര്‍ബാനസ്വീകരണം ഈയര്‍ത്ഥത്തില്‍ നിരുത്സാഹപ്പെടുത്തേണ്ടതാണ്. ഒരു വീട്ടിലെ ഒന്നിലധികം കുട്ടികളുടെ കുര്‍ബാനസ്വീകരണം ഒരുമിച്ചുനടത്തുന്നതും അഭികാമ്യമല്ല. ആഘോഷിക്കാന്‍ എളുപ്പമാണെങ്കിലും ഇടവകയെന്ന കുടുംബത്തെ മുന്നില്‍ കണ്ടുകൊണ്ടുള്ള വിശ്വാസവളര്‍ച്ചയാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്.

സന്തോഷത്തിന്‍റെ സന്ദര്‍ഭം
കുട്ടികള്‍ക്കും അവരുടെ പ്രിയപ്പെട്ടവര്‍ക്കും സന്തോഷം പകരുന്ന സന്ദര്‍ഭത്തില്‍ "ഞാന്‍ വേണ്ടപ്പെട്ടവളാണ്, എന്നെ എല്ലാവര്‍ക്കും ഇഷ്ടമാണ്" എന്നുള്ള വിചാരം കുഞ്ഞുങ്ങളില്‍ വളര്‍ന്നുവരുന്നു. കുര്‍ബാനസ്വീകരണത്തിന് ഒരുങ്ങുന്ന ഒരു കുട്ടിക്ക് നല്‍കുന്ന പരിഗണന അത്ര വലുതാണ്. കുടുംബബന്ധങ്ങളും അയല്‍പക്കബന്ധങ്ങളും ഊഷ്മളമാകാന്‍ ചിലപ്പോഴെങ്കിലും ഇതു കാരണമായിത്തീരാറുണ്ട്. സമ്മാനങ്ങളും ആശംസകളും സ്നേഹപ്രകടനങ്ങളും കൊണ്ട് കുട്ടിക്കും വീട്ടുകാര്‍ക്കും സന്തോഷമുണ്ടാകുന്നുവെന്നത് ഈ നല്ല സന്ദര്‍ഭത്തിന്‍റെ വൈകാരികവും സാമൂഹികവുമായ മാനത്തെയാണ് വെളിവാക്കുന്നത്.

ആഘോഷത്തിന്‍റെ ആധിക്യം
എന്തിനുമേതിനും ആഘോഷങ്ങള്‍ ഏറിവരുന്ന ഇക്കാലത്ത് കുര്‍ബാനസ്വീകരണവും ആഘോഷപൂരിതമാണ്. പരിശുദ്ധമായൊരു കൂദാശാകര്‍മ്മത്തിന് യോജിക്കാത്ത ആഘോഷങ്ങള്‍ ഒഴിവാക്കണം. ഒപ്പം മറ്റൊരു കാര്യംകൂടി – ആഘോഷങ്ങള്‍ക്കെന്നല്ല, ആവശ്യങ്ങള്‍ക്കുപോലും ഞെരുങ്ങുന്നവര്‍ ഒപ്പമുണ്ടാകാം. അവരെ കരുതുവാന്‍ നമുക്കു കനിവുണ്ടാകണം. ഒപ്പമുള്ള മറ്റുകുട്ടികള്‍ക്കുള്ളതൊന്നും തനിക്ക് കിട്ടാഞ്ഞ് നൊമ്പരപ്പെടാന്‍ ഈശോയെ സ്വീകരിക്കുന്ന കുരുന്നുകള്‍ക്ക് ഇടവരരുത്. അതിനുവേണ്ടത് ചെയ്യാനു ള്ള കടമ കൂടി നാം ഏറ്റെടുക്കണം.

ദിവ്യകാരുണ്യസ്വീകരണം കാരുണ്യത്താല്‍ പ്രകാശിതമാകണം. കി ട്ടുന്ന സമ്മാനങ്ങളൊക്കെ വാരിക്കെട്ടിവയ്ക്കാതെ കുറച്ചെങ്കിലും മറ്റുള്ളവര്‍ക്കുകൂടി പങ്കുവയ്ക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കണം.

കുഞ്ഞുങ്ങള്‍ വളരട്ടെ, കൊതി തീരാതെ!
ആഘോഷമായ കുര്‍ബാനസ്വീകരണം കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് ഈശോയെ സ്വീകരിക്കാനുള്ള കൊതി കൂടുമോ കുറയുമോ? ഒരേ ഉത്തരം ആയിരിക്കില്ല ലഭിക്കുന്നത്. എന്നാല്‍ വാസ്തവത്തില്‍ ഒരേയൊരുത്തരമേ ലഭിക്കാവൂ-ഈശോയെ സ്വീകരിക്കാനുള്ള കൊതി കൂടുകയാണെന്ന ഉത്തരം. ഈയിടെ ഒരിടവകയിലെ കുഞ്ഞുങ്ങളോടു ചോദിച്ചു: "ഈശോയെ സ്വീകരിക്കാനുള്ള കൊതി എത്രനാള്‍ വേണം?"

ഒരു കുട്ടി വിളിച്ചുപറഞ്ഞു: "മരണം വരെ വേണം…."

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org