അക്ഷരലോകത്തെ മൃദുല സാന്നിദ്ധ്യം

അക്ഷരലോകത്തെ മൃദുല സാന്നിദ്ധ്യം

സി. ശോഭ സി.എസ്.എന്‍

കുറച്ചെങ്കിലും വായനാശീലമുള്ളവര്‍ക്കിടയില്‍ ആ പേര് കേള്‍ക്കാത്തവര്‍ കുറവായിരിക്കും. സിസ്റ്റര്‍ ജെമ്മ സിഎസ്എന്‍. ഏതാണ്ട് നാലു പതിറ്റാണ്ടിലേറെ അക്ഷരങ്ങളുടെ ലോകത്ത് തന്‍റേതായ ഒരിടം കണ്ടെത്തിയ എഴുത്തുകാരിയായിരുന്നു സിസ്റ്റര്‍ ജെമ്മ. ക്രൈസ്തവര്‍, പ്രത്യേകിച്ച് സ്ത്രീകള്‍, അതിലും പ്രത്യേകമായി ഒരു സന്യാസിനി സാഹിത്യലോകത്ത് തീരെ അപരിചിതരായിരുന്ന ഒരു കാലത്തായിരുന്നു സിസ്റ്റര്‍ ജെമ്മ ഒരു എഴുത്തുകാരിയെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടത്. അതിനുമുമ്പ് പ്രസിദ്ധ കവയിത്രിയായ സിസ്റ്റര്‍ മേരി ബെനീഞ്ഞ മാത്രമായിരിക്കണം ശ്രദ്ധിക്കപ്പെടുന്ന ഒരു സാന്നിദ്ധ്യമായുണ്ടായിരുന്നത്.
സാഹിത്യത്തോടുള്ള അഭിരുചി ജന്മസിദ്ധമായിരുന്നു സി. ജെമ്മയ്ക്ക്. കഥ, കവിത, ലേഖനം, ഏകാങ്കം, ജീവചരിത്രം, കഥാപ്രസംഗം, ബാലസാഹിത്യം, തര്‍ജ്ജമ തുടങ്ങി സാഹിത്യത്തിന്‍റെ എല്ലാ ശാഖകളിലും സിസ്റ്റര്‍ തന്‍റെ മികവു കാണിച്ചിട്ടുണ്ട്. വിരിയാത്തപൂവ്, പുലരിപ്പൂക്കള്‍, അമ്മയ്ക്കു പകരം, മലനാടിന്‍റെ മിഷനറി, മമ്മ മാര്‍ഗരറ്റ്, പരിശുദ്ധാത്മാവില്‍ നവജീവന്‍, ബൈബിള്‍ ഏകാങ്കങ്ങള്‍, കണവനു കാഴ്ചവയ്ക്കാന്‍, കരയുന്നില്ല ഞങ്ങള്‍, കുട്ടികളുടെ സ്നേഹിതന്‍, പപ്പാ പറഞ്ഞ കഥ, പുല്പറമ്പില്‍ മാര്‍ക്കോസിന്‍റെ ജീവചരിത്രം, കാഷിയായിലെ വിശുദ്ധ റീത്ത തുടങ്ങി 18 പുസ്തകങ്ങള്‍ സി. ജെമ്മ എഴുതിയിട്ടുണ്ട്.
കോതമംഗലം രൂപതയിലെ കല്ലൂര്‍ക്കാട് 1932 ഫെബ്രുവരി 9-ന് പുല്പറമ്പില്‍ കുര്യാക്കോസ് മറിയാമ്മ ദമ്പതികളുടെ മകളായി ജ നിച്ച മോനിക്കയെന്ന പെണ്‍കുട്ടിയാണ് നസ്രത്ത് സന്യാസ സഭയി ലെ സിസ്റ്റര്‍ ജെമ്മയായി രൂപാന്തരപ്പെട്ടത്. ഏഴു സഹോദരങ്ങളാണ് മോനിക്കയ്ക്കുണ്ടായിരുന്നത്. 1953 ല്‍ നസ്രത്തു സന്യാസിയായി വ്രതവാഗ്ദാനം നടത്തി. സാഹിത്യത്തോട് സിസ്റ്റര്‍ ജെമ്മയ്ക്കുള്ള അഭിരുചി തിരിച്ചറിഞ്ഞ സഭാധികാരികള്‍ സിസ്റ്ററിന്‍റെ ജീവിതത്തെ ആ മേഖലയിലേക്കുതന്നെ തിരിച്ചുവിടുകയായിരുന്നു. 1950 -ല്‍ ബഹുമാനപ്പെട്ട മാവുങ്കലച്ചന്‍ എറണാകുളത്ത് ആരംഭിച്ച അമ്മ മാസികയുടെ പ്രവര്‍ത്തനങ്ങള്‍ അങ്കമാലിയിലേക്കു മാറ്റിയതോടെ നസ്രത്തു സന്യാസിനിമാരെ സഹപ്രവര്‍ത്തകരായി ക്ഷണിച്ചു. അക്കാലം മുതല്‍ (1961 മുതല്‍) സിസ്റ്റര്‍ ജെമ്മ പ്രൂഫ് റീഡര്‍, സഹപത്രാധിപര്‍ എന്ന നിലയില്‍ അമ്മ മാസികയ്ക്കുവേണ്ടി പ്രവര്‍ത്തിച്ചു. 1968-86 വരെ അങ്കമാലി ഹോം സയന്‍സ് കോളേജ് ലൈബ്രേറിയനായിരുന്നു. പിന്നീട് വീണ്ടും അമ്മ മാസികയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ സിസ്റ്റര്‍ 1993 മുതല്‍ 97 വരെ അമ്മയുടെ മുഖ്യപത്രാധിപരായിരുന്നു.
ബൈബിളിന്‍റെ മലയാളവിവര്‍ത്തന സമിതിയംഗമായും, മതബോധന കമ്മിറ്റിയംഗമായും, കെസിബിസി സാഹിത്യകാര ഡയറക്ടറി പത്രാധിപ സമിതിയംഗമായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒപ്പം കുറച്ചുനാള്‍ വിയാനി പ്രിന്‍റിംഗ്സ് പ്രസിലും ജോലി നോക്കി. ഏതാനും അംഗീകാരങ്ങ ളും സിസ്റ്റര്‍ ജെമ്മയെ തേടിയെത്തിയിട്ടുണ്ട്. എ.കെ.സി.സി. അ വാര്‍ഡ്, ക്രൈസ്തവ സാഹിത്യസമിതി അവാര്‍ഡ്, മേരി വിജയം അവാര്‍ഡ് എന്നിവ.
മാതൃത്വത്തിന്‍റെ വാത്സല്യവും ശക്തിയും സിസ്റ്റര്‍ ജെമ്മയുടെ എഴുത്തിന്‍റെ പ്രത്യേകതയായിരുന്നു. കുടുംബത്തെക്കുറിച്ച് വ്യാകുലപ്പെടുന്ന ഒരു ഹൃദയത്തിന്‍റെ ആത്മഗതങ്ങളായിരുന്നു അവ. ലേഖനങ്ങളെക്കാള്‍ കവിതകള്‍ക്കായിരുന്നു കുറേക്കൂടി ശക്തിയും സൗ ന്ദര്യവും. സമൂഹത്തില്‍ നന്മയുടെ മൂല്യങ്ങള്‍ കുറഞ്ഞു വരുന്നതുകണ്ട് എന്നും അസ്വസ്ഥമായി ആ ഹൃദയം. ആ സങ്കടവും രോഷവുമൊക്കെ കവിതകളായി പുറത്തു വന്നു. സിസ്റ്ററിന് ഏതാണ്ട് 80 വയസുള്ളപ്പോഴാണ് ട്രെയിന്‍ യാത്രയ്ക്കിടെ സൗമ്യ കൊല്ലപ്പെട്ടത്. അന്നെഴുതിയ കവിത തന്നെ ഇതിന് ഉദാഹരണം. ആ സംഭവത്തില്‍ തോന്നിയ വലിയ ദുഃഖവും അമര്‍ഷവും വല്ലാത്തൊരു നിസ്സഹായതയിലാണ് ഈ കവയിത്രിയെ എ ത്തിക്കുന്നത്.
'ആരോടു വിതുമ്പുവാന്‍ ആരോടു കയര്‍ക്കുവാന്‍
ആകവെ ഉള്ളു നീറി ഒരിറ്റു കണ്ണുനീര്‍ മാത്രം.'
ആരോടും കലഹിക്കാതെ എഴുത്തിലും ജീവിതത്തിലും മൃദുലമായ ഒരു സാന്നിദ്ധ്യമായിരുന്നു ഈ എഴുത്തുകാരി. 'അവന്‍ നടന്നു പോയപ്പോള്‍ പുല്ലറിഞ്ഞില്ല' എ ന്ന കവിത പോലെ ഒരു ജീവിതം.
നീണ്ട 37 വര്‍ഷങ്ങള്‍, ജീവിച്ച ഒരിടത്തുനിന്നും പോകുമ്പോഴുണ്ടാകുന്ന സങ്കടമൊന്നുമില്ലാതെ വളരെ പ്രശാന്തതയോടെ യാത്രയായ ആ രംഗം ഇപ്പോഴും മനസ്സിലുണ്ട്.
മൃതസംസ്ക്കാര വേളയില്‍ ബ ഹുമാനപ്പെട്ട ജോര്‍ജ്ജ് ഓലിയപ്പു റം അച്ചന്‍ പറഞ്ഞതാണതിന്‍റെ ശരി… 'ഓര്‍മ്മിക്കാന്‍ കൊള്ളാവുന്ന ഒരു ജീവിതം.'

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org