വീട്ടിലിരുന്ന് വിളിച്ചു വരുത്തിയ വിജയങ്ങള്‍

വീട്ടിലിരുന്ന് വിളിച്ചു വരുത്തിയ വിജയങ്ങള്‍


അലെക്സിസ് ലിയോണ്‍

കമ്പ്യൂട്ടര്‍ എന്‍ജിനീയറിംഗിലും അനുബന്ധവിഷയങ്ങളിലുമായി അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവാണ് അലെക്സിസ് ലിയോണ്‍. ഈ പുസ്തകങ്ങളില്‍ പലതും ലക്ഷകണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞവയാണ്. ഇംഗ്ലീഷിലുള്ള പുസ്തകങ്ങളില്‍ ചിലത് ചൈനീസ് പോലുള്ള ഭാഷകളിലേയ്ക്കു പരിഭാഷ ചെയ്തിട്ടുണ്ട്. ഒരു അമേരിക്കക്കാരനൊപ്പം ചേര്‍ന്നും അമേരിക്കന്‍ പ്രസാധകര്‍ക്കു വേണ്ടിയും പുസ്തകരചന നടത്തിയിട്ടുണ്ട്. സ്വന്തമായി ലിയോണ്‍ ടെക് വേള്‍ഡ് എന്ന പ്രസാധനസംരംഭം സഹോദരന്‍ മാത്യൂ ലിയോണുമായി ചേര്‍ന്നു നടത്തുന്നുണ്ട്. മുട്ടുചിറ, നീരാക്കല്‍ കുടുംബാംഗമായ അലെക്സിസ് തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് ഒന്നാം റാങ്കോടെ ബി ടെക്കും ഒന്നാം ക്ലാസോടെ എം ടെക്കും നേടി, തൊണ്ണൂറുകളുടെ തുടക്കത്തില്‍ ടിസിഎസില്‍ സീനിയര്‍ സിസ്റ്റം അനലിസ്റ്റായി ജോലി ചെയ്തു. ജോലി വിട്ട ശേഷം സ്വന്തം കമ്പനി നടത്തുകയും തുടര്‍ന്ന് പുസ്തകരചനയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഇപ്പോള്‍ സഹോദരന്‍ മാത്യുവിനും കുടുംബത്തിനുമൊപ്പം തൃക്കാക്കര, മാന്നാത്ത് റോഡ്, നീരാക്കല്‍ വില്ലയില്‍ താമസിക്കുന്നു.

സാധാരണഗതിയില്‍ ഈ ആദ്യ ഖണ്ഡികയില്‍ നിന്നു തന്നെ മനസ്സിലാക്കാം, ജീവിതത്തിലും തൊഴിലിലും വിജയിച്ച ഒരു മലയാളി എന്ന്. എന്നാല്‍, ഒരു വാചകം കൂടി ഇതിനോട് അവശ്യം കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ കാലമായി വീല്‍ ചെയറില്‍ കഴിയുകയും വീട്ടില്‍ നിന്ന് കാര്യമായി പുറത്തിറങ്ങാതിരിക്കുകയും ചെയ്യുന്ന ഒരാള്‍ കൂടിയാണ് അലെക്സിസ്. അതിന്‍റെ പേരില്‍ സമൂഹത്തിന്‍റെ പ്രത്യേക പരിഗണനയോ സഹതാപമോ അദ്ദേഹം തീരെ ആഗ്രഹിക്കുന്നില്ല. എങ്കിലും തന്‍റെ ജീവിതകഥ മറ്റുള്ളവര്‍ക്കു പ്രചോദനമാകുമെങ്കില്‍ അത് ലോകമറിയുന്നതിനോടു വിരോധം പുലര്‍ത്തുന്നുമില്ല.

1993 ഡിസംബര്‍ 26 നു അലെക്സിസിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹശേഷം ജനുവരി 15 നു തന്നെ സ്വിറ്റ്സര്‍ലന്‍റിലേയ്ക്ക് ജോലിയുടെ ഭാഗമായി ഒരു യാത്രയും ഉണ്ടായിരുന്നു. അതൊരു മധുവിധു യാത്ര കൂടിയായി ആസൂത്രണം ചെയ്തിരുന്നു. വിവാഹത്തിനൊരുക്കമായി വസ്ത്രങ്ങള്‍ വാങ്ങുന്നതിനു പ്രതിശ്രുത വധുവും അമ്മയും ചെന്നൈയിലെത്തിയിരിക്കുന്നു. അവര്‍ക്കടുത്തേയ്ക്ക് പോകുമ്പോള്‍ ഡിസംബര്‍ 2 നായിരുന്നു അലെക്സിസിന്‍റെ ജീവിതപദ്ധതികളെ മാറ്റി മറിച്ച അപകടമുണ്ടാകുന്നത്. ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ അലെക്സിസിനെ മറ്റൊരു ഓട്ടോറിക്ഷയിലാണ് ആശുപത്രിയിലേയ്ക്കു കൊണ്ടുപോയത്. ശരീരഭാരമുണ്ടായിരുന്ന അദ്ദേഹത്തെ ഓട്ടോറിക്ഷയിലേയ്ക്ക് എടുത്തു കിടത്തുകയും കൊണ്ടുപോകുകയും ചെയ്തതിലെ അശാസ്ത്രീയത സ്പൈനല്‍ കോഡിനേറ്റ പരുക്കിനെ ഗുരുതരമാക്കി. സ്പൈനല്‍ കോഡിനു പരിക്കേല്‍ക്കുന്നവരെ വൈദഗ്ദ്ധ്യമുള്ളവരുടെ സഹായത്തോടെ ആംബുലന്‍സില്‍ ശ്രദ്ധാപൂര്‍വം കൊണ്ടുപോകണം എന്ന ബോധവത്കരണം ഇന്നു കുറേയൊക്കെ നടക്കുന്നുണ്ട്. എന്നിട്ടും ഇക്കാര്യം അവഗണിക്കപ്പെടുമ്പോള്‍ 1993-ലെ കാര്യം പറയേണ്ടല്ലോ.

ശസ്ത്രക്രിയകളുടേയും ചികിത്സകളുടേയും മാസങ്ങളാണ് തുടര്‍ന്നു വന്നത്. കഠിനമായിരുന്നു അക്കാലം. ചെന്നൈ മലര്‍ ഹോസ്പിറ്റലില്‍ ഒന്നര മാസം, വെല്ലൂര്‍ സിഎംസിയില്‍ മൂന്നു മാസം, തൃശൂര്‍ അമലയില്‍ ആയുര്‍വേദ ചികിത്സയുമായി മൂന്നു മാസം. വെല്ലൂരിലെ ഫിസിയോ തെറാപി കാലത്താണ് തന്‍റെ ശരീരമെത്തിച്ചേര്‍ന്നിരിക്കുന്ന പുതിയ സ്ഥിതിയെ പൂര്‍ണമായി തിരിച്ചറിഞ്ഞതും സ്വീകരിച്ചതും. വീല്‍ചെയറിലായിരിക്കും ഇനി തന്‍റെ സഞ്ചാരങ്ങളെന്നും പകുതി തളര്‍ന്ന ശരീരമുപയോഗിച്ചു പരമാവധി കാര്യങ്ങള്‍ തനിയെ ചെയ്യാന്‍ പഠിക്കുകയാണ് ഇനിയാവശ്യമെന്നും മനസ്സിലാക്കി. അതിനായി കഠിനമായ വ്യായാമമുറകള്‍ പരിശീലിച്ചു.

വീല്‍ ചെയര്‍ യാത്രകള്‍ പരിശീലിച്ചു കഴിഞ്ഞതോടെ പുറംലോകത്തേക്കിറങ്ങാന്‍ അലെക്സിസ് തയ്യാറായി. ടി സി എസ് ജോലി തുടരാന്‍ അനുവദിച്ചു. വീല്‍ ചെയറില്‍ ചെന്നു ജോലി ചെയ്യാവുന്ന തരത്തില്‍ ഓഫീസില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു. അങ്ങനെ 1994 ഒക്ടോബറില്‍ തിരികെ ജോലിക്കു കയറി. കൈകള്‍ മാത്രം ഉപയോഗിച്ചു ഓടിക്കാവുന്ന തരത്തില്‍ രൂപമാറ്റം വരുത്തിയ കാറിലായിരുന്നു ഓഫീസ് യാത്രകള്‍. സഹോദരന്‍ മാത്യു സഹായിക്കും.

നാലു വര്‍ഷം ടാറ്റയില്‍ ജോലി ചെയ്തു. അതിനു ശേഷം ജോലി രാജി വച്ചു. സ്വന്തമായി സൈബര്‍നെറ്റ് എന്ന ഒരു സോഫ്റ്റ്വെയര്‍ കമ്പനി രൂപീകരിച്ചു. ഇതിനു സമാന്തരമായി തന്നെ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയെ കുറിച്ചുള്ള പുസ്തകങ്ങളുടെ രചന ആരംഭിച്ചിരുന്നു.

1995 ലാണ് ആദ്യത്തെ പുസ്തകം വരുന്നത്. മെയിന്‍ഫ്രെയിം പ്രോഗ്രാമിംഗിനെ കുറിച്ച് ജോലിയുടെ ഭാഗമായും അല്ലാതെയും ധാരാളം പഠിച്ചിരുന്നു. കുറെ നോട്ടുകളും കൈവശമുണ്ടായിരുന്നു. ഈ വിഷയത്തില്‍ അന്ന് ഇന്ത്യയില്‍ ലഭ്യമായിരുന്നത് ഐബിഎം മാനുവലുകളും ഏതാനും വിദേശപുസ്തകങ്ങളും മാത്രമായിരുന്നു. വലിയ വിലയും സങ്കീര്‍ണമായ ഭാഷയും അവയെ ഇന്ത്യയിലെ തുടക്കക്കാര്‍ക്ക് അനാകര്‍ഷകമാക്കി. ഈ സാഹചര്യത്തില്‍ ഈ വിഷയത്തെ കുറിച്ച് ഒരു പുസ്തകമെഴുതിയാലെന്ത് എന്ന ചിന്ത വന്നു. അഞ്ചു പ്രസാധകര്‍ക്ക് ഈ വിഷയം അവതരിപ്പിച്ചു കത്തെഴുതി. എല്ലാവരും അനുകൂലമായി പ്രതികരിച്ചു. പുസ്തക് മഹല്‍ എന്ന പ്രമുഖ പ്രസാധക സ്ഥാപനത്തിന്‍റെ മേധാവിയായ വികാസ് ഗുപ്തയാകട്ടെ വീട്ടില്‍ നേരിട്ടു വന്നു കണ്ടു. ആദ്യപുസ്തകത്തിനുള്ള അഡ്വാന്‍സും നല്‍കിയാണു മടങ്ങിയത്. ആ പുസ്തകം വന്‍വിജയമായിരുന്നു. അതൊരു ജൈത്രയാത്രയുടെ തുടക്കമായി. പിന്നീടും പ്രസാധകര്‍ അലെക്സിസ് ലിയോണിനെ തേടി വരാന്‍ തുടങ്ങി.

വൈ2കെ പ്രശ്നം കമ്പ്യൂട്ടര്‍ മേഖലയില്‍ സജീവശ്രദ്ധാവിഷയമായിരിക്കെ അതിനെ കുറിച്ചെഴുതിയ പുസ്തകം മൂന്നു ലക്ഷം കോപ്പികളെങ്കിലും വിറ്റു പോയിട്ടുണ്ട്. ഇന്‍റര്‍നെറ്റ് പ്രചാരം നേടിത്തുടങ്ങിയ കാലത്ത് പ്രസിദ്ധീകരിച്ച ഇന്‍റര്‍നെറ്റ് ഫോര്‍ എവരിവണ്‍ എന്ന പുസ്തകവും ലക്ഷകണക്കിനു കോപ്പികള്‍ പ്രചരിച്ചിരുന്നു. 1997 ല്‍ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകം ഇന്നും ഓരോ വര്‍ഷവും രണ്ടായിരത്തഞ്ഞൂറോളം കോപ്പികള്‍ വിറ്റുകൊണ്ടിരിക്കുന്നു. ഇന്‍റര്‍നെറ്റ് എല്ലാ വീടുകളിലുമെത്തിയെങ്കിലും തുടക്കക്കാര്‍ക്ക് അതെന്നും പഠിക്കാനുള്ള വിഷയം തന്നെയാണല്ലോ. ഇ-മെയില്‍ ഐഡി ഉണ്ടാക്കുന്നതെങ്ങനെ എന്നതാണ് ആ പുസ്തകത്തിലെ ഒരദ്ധ്യായം. അതിനൊടുവില്‍ ഐഡി ഉണ്ടാക്കിയ ശേഷം തനിക്കൊരു മെയില്‍ അയക്കണമെന്നാവശ്യപ്പെട്ട് അലെക്സിസ് തന്‍റെ മെയില്‍ ഐഡി നല്‍കിയിരുന്നു. ആയിരകണക്കിനു മെയിലുകള്‍ ആ ഇനത്തില്‍ അലെക്സിസിനു ലഭിച്ചു. പലതും വളരെ രസകരങ്ങളായിരുന്നു. ചിലര്‍ കമ്പ്യൂട്ടര്‍ വാങ്ങാന്‍ പണം ചോദിച്ചുകൊണ്ടു മെയിലയക്കും. അവര്‍ക്ക് ബില്‍ഗേറ്റ്സിന്‍റെ മെയില്‍ ഐഡി അയച്ചു കൊടുക്കും! (അലെക്സിസിന്‍റെ ഇ-മെയില്‍: alexis@lnl.net)

ഇന്ത്യയിലെ വൈജ്ഞാനിക പുസ്തക പ്രസാധകരില്‍ പ്രമുഖരായ ടാറ്റാ മക്ഗ്രോ ഹില്‍ അലെക്സിസിന്‍റെ പതിനഞ്ചിലേറെ പുസ്തകങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇവയില്‍ ചിലതു ചൈനീസ് ഭാഷയിലേയ്ക്കു വിവര്‍ത്തനം ചെയ്തിട്ടുണ്ട്. അമേരിക്കയിലെ ആര്‍ടെക് ഹൗസ് എന്ന പ്രസാധകര്‍ക്കു വേണ്ടി സോഫ്റ്റ്വെയര്‍ കോണ്‍ഫിഗറേഷന്‍ മാനേജ്മെന്‍റിനെ കുറിച്ചെഴുതിയ പുസ്തകം മൂന്നു വര്‍ഷം ആ പ്രസാധകരുടെ ബെസ്റ്റ് സെല്ലറായി തുടര്‍ന്നു.

കുറെയേറെ പുസ്തകങ്ങള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള പാഠപുസ്തകങ്ങളായി അംഗീകരിക്കപ്പെട്ടവയാണ്. ജവഹര്‍ലാല്‍ നെഹ്രു ടെക്നിക്കല്‍ യൂണിവേഴ്സിറ്റി, കേരള ടെക്നിക്കല്‍ യൂണിവേഴ്സിറ്റി എന്നിവയുള്‍പ്പെടെ പല യൂണിവേഴ്സിറ്റികളിലും റഫറന്‍സ് പുസ്തകങ്ങളായി അലെക്സിസ് ലിയോണ്‍സിന്‍റെ പുസ്തകങ്ങള്‍ ഉണ്ട്.

ഇപ്പോള്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറിംഗിനെ കുറിച്ച് ഒരു പ്രസാധകസ്ഥാപനം ആവശ്യപ്പെട്ട പ്രകാരമുള്ള പുസ്തകരചനയിലാണ് അലെക്സിസ്. സ്വന്തം പ്രസാധക കമ്പനിക്കുവേണ്ടിയുള്ള പുസ്തകങ്ങളുടെ രചനയും തുടരുന്നു.

വിഷമിച്ചിരിക്കാനും വിഷാദിയാകാനുമാണെങ്കില്‍ അലെക്സിസിനു ന്യായമായ കാരണങ്ങളുണ്ട്. എന്നാല്‍ ഒരു വാതിലടയുമ്പോള്‍ ഒരുപാടു ജനലുകള്‍ തുറക്കുന്നുണ്ടെന്ന സത്യത്തിലേയ്ക്ക് അദ്ദേഹം ശ്രദ്ധ തിരിച്ചു. ഇല്ലായ്മകള്‍ക്കു പകരം ഉള്ളവയില്‍ നോക്കാന്‍ പഠിച്ചു. വിദ്യാഭ്യാസമുണ്ട്, നല്ല ജോലിയുണ്ട്, സര്‍വപിന്തുണയും നല്‍കുന്ന കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്. കാലുകളുടെ തളര്‍ച്ച മാത്രമേ സംഭവിച്ചിട്ടുള്ളൂ. സംസാരിക്കാനും കേള്‍ക്കാനും ചിന്തിക്കാനും എഴുതാനും ജോലി ചെയ്യാനുമുള്ള കഴിവുകള്‍ തെല്ലും തളര്‍ന്നിട്ടില്ല. അങ്ങനെ ചിന്തിക്കാന്‍ തുടങ്ങിയപ്പോള്‍ അപകടവും അതുമൂലമുണ്ടായ പ്രശ്നങ്ങളും അവഗണിക്കാന്‍ തുടങ്ങി.

എന്തുകൊണ്ട് എനിക്കിത് എന്നതാണ് അപകടങ്ങളും രോഗങ്ങളും മറ്റു പ്രതിസന്ധികളും വരുമ്പോള്‍ പലരുടേയും മനസ്സിലുയരുന്ന ആദ്യചോദ്യം. അത്തരം പല ചോദ്യങ്ങള്‍ അലെക്സിസിന്‍റെ മനസ്സിനേയും തുടക്കത്തില്‍ അലട്ടാതിരുന്നില്ല. അവയ്ക്കുത്തരം നല്‍കിയതു തന്‍റെ ദൈവവിശ്വാസമാണെന്നു അലെക്സിസ് പറയുന്നു. ഇപ്പോള്‍ അത്തരം ചോദ്യങ്ങളൊന്നുമില്ല. ശാന്തവും പ്രത്യാശാഭരിതവുമായ ഹൃദയത്തോടെ ജീവിതത്തെ കാണുകയും തനിക്കു ലഭിച്ചിരിക്കുന്ന അനുഗ്രഹങ്ങളെ ആസ്വദിക്കുകയും മറ്റുള്ളവര്‍ക്ക് അനുഗ്രഹമായി മാറുകയും ചെയ്തു മുന്നോട്ടു പോകുകയാണ് അദ്ദേഹം.

അനേകം വര്‍ഷങ്ങളായി അലെക്സിസ് തീരെ പുറത്തു പോകാറില്ല. നമ്മുടെ പൊതുസ്ഥലങ്ങള്‍ പാരാപ്ലീജിക് സൗഹൃദപരമല്ല എന്നത് ഒരു കാരണം. ചെന്നൈയിലെ ആയുര്‍വേദ ചികിത്സയ്ക്കിടെ ഗുരുതരമായി പൊള്ളലേറ്റ കാലിനു ചൂടേല്‍ക്കുന്നത് പ്രശ്നമാണെന്നത് മറ്റൊരു കാരണം. പക്ഷേ പുറത്തു പോകുന്നില്ല എന്നതുകൊണ്ട് അലസമോ അലക്ഷ്യമോ അല്ല അലെക്സിസിന്‍റെ ദിനചര്യ. രാവിലെ ആറിനെഴുന്നേല്‍ക്കും. കുളിച്ചൊരുങ്ങി, ഒമ്പതരയ്ക്കു സ്റ്റഡി റൂമിലെത്തും. ഒന്നര മണി വരെ വായനയും എഴുത്തും. പിന്നെ ഭക്ഷണം കഴിച്ചു കിടക്കും. ആറരയോടെ എഴുന്നേല്‍ക്കും. പിന്നെ രാത്രി ഏതാണ്ട് ഒരു മണി വരെ വായനയും എഴുത്തും തുടരും.

മനോഹരമായി സംവിധാനം ചെയ്തിരിക്കുന്ന മുറിയുടെ ചുറ്റുമുള്ള ഭിത്തികളിലെല്ലാം പുസ്തക ഷെല്‍ഫുകളാണ്. എല്ലാത്തരം പുസ്തകങ്ങളും അവയിലുണ്ട്. എഴുതുന്നത് പ്രധാനമായും ടെക്നോളജി ആണെങ്കിലും വായന അങ്ങനെയല്ല. ചരിത്രവും തത്ത്വശാസ്ത്രവും ഫിക്ഷനും അതില്‍ തന്നെ ക്ലാസ്സിക്കുകളും ത്രില്ലറുകളും എല്ലാം വായിക്കും.

മലയാളത്തില്‍ എം ടി, ടി പത്മനാഭന്‍, മുകുന്ദന്‍ എന്നിങ്ങനെയാണു വായനയുടെ ഇഷ്ടങ്ങള്‍. ആനുകാലികങ്ങള്‍ വായിക്കുന്നതു കുറവാണ്. ഇംഗ്ലീഷില്‍ എല്ലാം വായിക്കും. ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്നത് യുവാല്‍ ഹരാരിയുടെ പ്രസിദ്ധമായ പുസ്തകമാണ്. മനുഷ്യരാശിയുടെ ഒരു ഹ്രസ്വചരിത്രം.

ഇഷ്ടപ്പെട്ട പുസ്തകങ്ങള്‍ ആവര്‍ത്തിച്ചു വായിക്കും. എം ടി യുടെ രണ്ടാമൂഴം പത്തു തവണയെങ്കിലും വായിച്ചിട്ടുണ്ട്. ഫാ. ബോബി ജോസ് കട്ടികാടിന്‍റെ പുസ്തകങ്ങളും ആവര്‍ത്തിച്ചു വായിക്കാന്‍ ഇഷ്ടപ്പെടുന്നവയാണ്. ബൈബിളും സ്ഥിരമായി വായിക്കും. സമരിയാക്കാരി സ്ത്രീയും ക്രിസ്തുവും തമ്മില്‍ കിണറ്റിന്‍ കരയില്‍ വച്ചു നടത്തുന്ന സംവാദമാണ് ബൈബിളിലെ പ്രിയപ്പെട്ട ഒരു ഭാഗം.

ഫേസ്ബുക്കിലും വാട്സാപ്പിലും ഒന്നും അലെക്സിസിനെ കാണാനാവില്ല. എല്ലാത്തിലും ചേര്‍ന്നിരുന്നു. വലിയ സമയനഷ്ടമാണെന്നായിരുന്നു പ്രാഥമിക അനുഭവങ്ങള്‍. അതിന്‍റെ അടിസ്ഥാനത്തില്‍ അവ വേണ്ടെന്നു വച്ചു. സ്വന്തം വെബ്സൈറ്റില്‍ ബ്ലോഗ് എഴുതുമായിരുന്നു. രണ്ടു വര്‍ഷമായി സജീവമല്ല.

വീല്‍ ചെയറില്‍ കഴിയുന്നവരോ ഭിന്നശേഷിക്കാരോ സമൂഹത്തിന്‍റെ സഹതാപമല്ല അര്‍ഹിക്കുന്നത്, പ്രോത്സാഹനവും പിന്തുണയുമാണെന്നു അലെക്സിസ് വ്യക്തമാക്കി. വീല്‍ചെയറുകളില്‍ കഴിയുന്നവരെ കൂടി പരിഗണിക്കുന്നതാകണം നമ്മുടെ കെട്ടിടങ്ങളും പൊതുവാഹനങ്ങളും സൗകര്യങ്ങളുമെല്ലാം. ഇപ്പോള്‍ കുറെയൊക്കെ അതിനെ കുറിച്ചുള്ള അവബോധം വര്‍ദ്ധിച്ചു വരുന്നുണ്ട്.

ഭിന്നശേഷിക്കാര്‍ എല്ലാവരും അവരവരുടേതായ കഴിവുകളും സര്‍ഗാത്മകതയും തങ്ങള്‍ക്കും സമൂഹത്തിനും വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കണമെന്ന് അലെക്സിസ് നിര്‍ദേശിച്ചു. "സ്വന്തം ജീവിതാവസ്ഥയെ കുറിച്ചു പരിതപിച്ചുകൊണ്ടിരുന്നാല്‍ വിഷാദം ബാധിക്കുകയും ജീവിതം വെറുതെയാകുകയും ചെയ്യും. എന്നാല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക. പൂര്‍ണമായ ഒരു സാധാരണ ജീവിതം സാദ്ധ്യമാകുന്നില്ലെങ്കില്‍ പോലും 70 ശതമാനത്തോളം സാധാരണ ജീവിതം തിരിച്ചു പിടിക്കാന്‍ ഒരു പാരാപ്ലീജിക് വ്യക്തിക്കു സാധിക്കും."

കോവിഡ് 19 മൂലം ഇന്ന് ആളുകള്‍ വീട്ടിലിരിക്കാന്‍ നിര്‍ബന്ധിതരായിരിക്കുന്നു. പലര്‍ക്കും അത് അസ്വസ്ഥതയുണ്ടാക്കുന്നു. ആ അസ്വസ്ഥതയുമായി വിശുദ്ധവാരാചാരണത്തിലേയ്ക്കു പ്രവേശിക്കുകയാണ് ക്രൈസ്തവര്‍. വീട്ടിലിരുന്ന് വിശുദ്ധവാരാചരണം പതിറ്റാണ്ടുകളായി നടത്തുന്നയാളാണ് അലെക്സിസ്. ആണ്ടുവട്ടത്തിലെ ഒരാചാരമല്ല അലെക്സിസിനെ സംബന്ധിച്ച് പീഢാനുഭവവും ഉയിര്‍പ്പും. വീട്ടിലിരുന്നുകൊണ്ട് ഓരോ ദിനവും ഇതെല്ലാം ആവര്‍ത്തിച്ചനുഭവിക്കുന്ന അദ്ദേഹത്തിനു ജീവിതം ആത്യന്തികമായി പീഢാനുഭവത്തെ തുടര്‍ന്നുള്ള ഉയിര്‍പ്പനുഭവമായി അവശേഷിക്കുകയും ചെയ്യുന്നു.

"ദൈവം എല്ലാ വാതിലുകളും അടയ്ക്കുമ്പോള്‍ ഒരു ജനല്‍ തുറന്നിടുന്നു. അടഞ്ഞ വാതിലുകളില്‍ മുട്ടി ഊര്‍ജം പാഴാക്കുമ്പോള്‍ തുറന്ന ജനലുകളില്‍ കൂടി വരുന്ന ഇളംകാറ്റിനെ അറിയാനും ആസ്വദിക്കാനും കഴിയാതെ പോകുന്നു." പ്രതിസന്ധിഘട്ടത്തില്‍ അലെക്സിസിന്‍റെ വീക്ഷണത്തെ മാറ്റിമറിച്ച ഒരു ചിന്തയാണിത്. ഇന്ന്, അടഞ്ഞ വാതിലിനു സമീപം തുറന്ന അനേകം ജനലുകള്‍ അലെക്സിസ് കാണുക മാത്രമല്ല, അനേകര്‍ക്ക് അറിവിന്‍റെ അനേകം ജാലകങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്തു.

ഷിജു ആച്ചാണ്ടി

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org