|^| Home -> Cover story -> അല്മായരുടെ ദൈവശാസ്ത്ര പഠനത്തിന്‍റെ പ്രസക്തി ഇന്നു സഭയില്‍

അല്മായരുടെ ദൈവശാസ്ത്ര പഠനത്തിന്‍റെ പ്രസക്തി ഇന്നു സഭയില്‍

Sathyadeepam

സി.ഒ. ജേക്കബ്

സഭയുടെ സുവിശേഷവത്കരണ പ്രക്രിയയില്‍ ദൈവജനത്തെ സജ്ജരാക്കാനുതകുന്ന പ്രവര്‍ത്തന ശൈലികളാണു രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തീരുമാനങ്ങളെത്തുടര്‍ന്നു സാര്‍വത്രികസഭ ആഹ്വാനം ചെയ്തിരിക്കുന്നത്. മാത്രമല്ല, സഭ ദൈവജനത്തിന്‍റെ കൂട്ടായ്മയും ശബ്ദവുമായി നിലകൊള്ളേണ്ടതിന്‍റെ ആവശ്യകതയും കൗണ്‍സില്‍ എടുത്തുപറഞ്ഞിരുന്നു. സാര്‍വത്രികസഭയുടെ ഈ ആഹ്വാനം വിവിധ കര്‍മ്മപരിപാടികളിലൂടെ അല്മായ ശാക്തീകരണത്തിനുതകുമാറു രൂപപ്പെടുത്തുവാന്‍ ശ്ലാഘനീയമായ പങ്കാണു കേരളസഭ നിര്‍വഹിച്ചുവരുന്നത്. ഇവയില്‍ ശ്രദ്ധാര്‍ഹമാണ് അല്മായരെയും മറ്റു സന്ന്യസ്തരെയും ദൈവശാസ്ത്ര പഠനമേഖലയിലേക്ക് ആകൃഷ്ടരാക്കുവാന്‍ തക്കവിധം ദൈവശാസ്ത്രപഠനമേഖലയുടെ പുതിയ വാതായനങ്ങള്‍ അവര്‍ക്കായി തുറന്നുകൊടുക്കുവാന്‍ സഭാനേതൃത്വം തയ്യാറായി മുന്നോട്ടുവന്നിട്ടുള്ളത്. അടിസ്ഥാനപരമായി ദൈവജനം വിശ്വാസമെന്തെന്ന് അറിയാന്‍ ആഗ്രഹിക്കുന്നവരാണ്. ഈ തൃഷ്ണയാണ് അവരെ ദൈവശാസ്ത്ര പഠനമേഖലയിലേക്ക് ആനയിക്കുന്നതും. പരിശുദ്ധാത്മാവ് സഭയില്‍ പ്രവര്‍ത്തനനിരതനാണ് എന്ന വസ്തുതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.

ദൈവശാസ്ത്രവും രക്ഷാകരപദ്ധതിയും: “സഭാപിതാക്കന്മാര്‍ ദൈവശാസ്ത്രവും (Theolologia), രക്ഷാകരപദ്ധതിയും (Oikonoia) തമ്മില്‍ വേര്‍തിരിക്കാറുണ്ട്. ത്രിത്വൈക ദൈവത്തിന്‍റെ ആന്തരികജീവിതത്തിന്‍റെ രഹസ്യത്തെ സംബന്ധിക്കുന്നതാണു ദൈവശാസ്ത്രം; ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുകയും തന്‍റെ ജീവന്‍ പകര്‍ന്നു കൊടുക്കുകയും ചെയ്യുന്ന എല്ലാ പ്രവൃത്തികളെയും സൂചിപ്പിക്കുന്നതാണു രക്ഷാകരപദ്ധതി. രക്ഷാപദ്ധതിവഴി ദൈവശാസ്ത്രം നമുക്കു വെളിപ്പെടുത്തപ്പെടുന്നു. ദൈവശാസ്ത്രം രക്ഷാപദ്ധതി പൂര്‍ണമായും വിശദമാക്കുന്നു” (cf. ccc 236). ദൈവം തന്‍റെ രക്ഷാപദ്ധതി വഴി ദൈവശാസ്ത്രം നമുക്കു വെളിപ്പെടുത്തിത്തരുമ്പോള്‍ തീക്ഷ്ണതയോടെ ദൈവത്തെ അന്വേഷിക്കുന്ന ദൈവജനം അതില്‍ ആകൃഷ്ടരാകുന്നുവെന്നതു ദൈവികപദ്ധതി പടിപടിയായി പൂവണിയുന്നുവെന്നതിന്‍റെ ദൃഷ്ടാന്തമാണ്.

അല്മായരും ദൈവശാസ്ത്രപഠനവും: വിശ്വാസപരമായ തലത്തില്‍ എക്കാലത്തുമെന്നപോലെ ഇന്നും വലിയ വെല്ലുവിളികളാണു സഭ നേരിട്ടുകൊണ്ടിരിക്കുന്നത്. ബൈബിളിനെ അക്ഷരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുവാന്‍ മുതിരുന്നവര്‍, തെറ്റായ വ്യാഖ്യാനത്തിലൂടെ ദൈവജനത്തെ വഴിതെറ്റിക്കുന്ന സെക്ടുകള്‍, സത്യവിശ്വാസത്തിന്‍റെ അടിത്തറ തോണ്ടുവാന്‍ വെമ്പല്‍കൊള്ളുന്നവര്‍, കൗദാശികജീവിതത്തെ തള്ളിപ്പറയുന്നവര്‍, തിരുസഭ ക്രിസ്തുവിന്‍റെ തുടര്‍ച്ചയാണെന്നുപോലും തിരിച്ചറിയാത്തവര്‍, സത്യവിശ്വാസത്തെ അവികലമായി കാത്തുസൂക്ഷിച്ചു തലമുറകള്‍ക്കു കൈമാറാന്‍ ജീവത്യാഗം ചെയ്ത സഭാപിതാക്കന്മാരെപ്പോലും തള്ളിപ്പറയുന്ന വിഘടനവാദികള്‍ എന്നിവരെ ചെറുത്തു തോല്പിക്കാനും സത്യവിശ്വാസത്തെ പരിപോഷിപ്പിക്കുവാനും അതില്‍ ഉറച്ചുനില്ക്കാനും പര്യാപ്തമായ ദൈവികജ്ഞാനം ആഴമുള്ള ദൈവശാസ്ത്രപഠനത്തിലൂടെ അല്മായസമൂഹം സ്വായത്തമാക്കേണ്ടതു കാലോചിതമാണ്.

ദൈവശാസ്ത്രമേഖലയില്‍ പഠനങ്ങള്‍ നടത്തി ഇന്ത്യയിലും വിദേശങ്ങളിലുമായി ഗവേഷണങ്ങള്‍ പൂര്‍ത്തിയാക്കിയ ദൈവശാസ്ത്രജ്ഞര്‍ ഇന്നു കേരളത്തില്‍ ആയിരത്തില്‍പ്പരമുണ്ട്. അവരില്‍ ഭൂരിഭാഗം പേരും ശുശ്രൂഷാപൗരോഹിത്യമുള്ളവരും വിവിധ സഭാസമൂഹങ്ങള്‍ (Congregation) വഴി അവരുടെ തുടര്‍പഠനത്തിനും ഗവേഷണത്തിനും സാഹചര്യങ്ങള്‍ ദൈവപരിപാലനയുടെ ഭാഗമെന്നവണ്ണം പ്രയോജനപ്പെടുത്തിയവരും പ്രോത്സാഹനങ്ങള്‍ സ്വീകരിച്ചവരുമാണ്. എന്നാല്‍ അല്മായരും സന്ന്യാസിനികളും തങ്ങളുടേതായ വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ദൈവശാസ്ത്രപഠനമേഖലയിലേക്കു കടന്നുവരാന്‍ വിമുഖത കാട്ടിയവരാണ്. എന്നാല്‍ ഇതില്‍ നിന്നു വിഭിന്നമായി ഇന്നു ദൈവശാസ്ത്രമേഖലയിലേക്കു പഠനത്തിനായി ശുശ്രൂഷാമേഖലയിലുള്ള സമര്‍പ്പിതര്‍ക്കു പുറമേ ചുരുക്കം ചില അല്മായരെങ്കിലും കടന്നുവരുന്നതായി കാണാന്‍ കഴിയും.

കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പറയുന്നു: “സഭയ്ക്കു ഭരമേല്പിക്കപ്പെട്ട ദൈവത്തിന്‍റെ നിയമം ജീവന്‍റെയും സത്യത്തിന്‍റെയും മാര്‍ഗമായി വിശ്വാസികള്‍ക്കു കൈമാറ്റപ്പെടുന്നു. അതുകൊണ്ടു വിധിതീര്‍പ്പിനെ വിശുദ്ധീകരിക്കുകയും വ്രണിതമായ മനുഷ്യബുദ്ധിയെ കൃപാവരത്താല്‍ സുഖപ്പെടുത്തുകയും ചെയ്യുന്ന ദൈവികമായ രക്ഷാകരകല്പനകള്‍ പഠിപ്പിക്കപ്പെടുവാന്‍ വിശ്വാസികള്‍ക്ക് അവകാശമുണ്ട്” (cf. ccc. 2037). ദൈവശാസ്ത്രം ആത്യന്തികമായി ആനയിക്കപ്പെടേണ്ടതു ദൈവികരഹസ്യങ്ങളിലേക്കും അതുവഴിയായി ദൈവിക ഉള്‍ക്കാഴ്ചകളിലേക്കുമാണ്. അതിന്‍റെ പരിണതിയെന്നവണ്ണം അവര്‍ക്കു മനുഷ്യന്‍റെ പ്രശ്നങ്ങളിലേക്കു ദൈവികസ്നേഹത്തോടെ കടന്നുചെല്ലാന്‍ കഴിയണം. ഇതു ദൈവശാസ്ത്രപഠനത്തിന്‍റെ പ്രസക്തിയിലേക്കു വിരല്‍ചൂണ്ടുന്നു.

ഇന്നു കേരളത്തിലുള്ള ദൈവശാസ്ത്രപണ്ഡിതരില്‍ സിംഹഭാഗവും മുഖ്യധാരാ വ്യാഖ്യാനത്തിന്‍റെ പാരമ്പര്യത്തിനനുസരിച്ചു വിശ്വാസം പഠിപ്പിക്കുവാന്‍ വ്യാപൃതരാണെന്നതും അവരില്‍ ചിലരെങ്കിലും ദൈവശാസ്ത്രമൊഴികെ വേറിട്ട ജോലികളില്‍ വ്യാപൃതരാണെന്നതും ചില ദൈവശാസ്ത്രജ്ഞരെയെങ്കിലും അസ്വസ്ഥരാക്കുന്നുണ്ടോയെന്നു സന്ദേഹിക്കേണ്ടിയിരിക്കുന്നു (മാര്‍ട്ടിന്‍ കല്ലുങ്കല്‍, “ദൈവശാസ്ത്രം എന്താണ്, കേരളത്തിലെ ദൈവശാസ്ത്രജ്ഞര്‍ എന്തു ചെയ്യുന്നു?” – സത്യദീപം ലക്കം 14). “ക്രൈസ്തവധാര്‍മ്മികതയെ പഠിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന ജോലിയില്‍ അജപാലകരുടെ സമര്‍പ്പണവും ദൈവശാസ്ത്രജ്ഞരുടെ വിജ്ഞാനവും സകല ക്രൈസ്തവരുടെയും സന്മനസ്സുള്ള എല്ലാ മനുഷ്യരുടെയും സഹായവും സഭയ്ക്ക് ആവശ്യമാണ്” (ccc 2038) മതബോധനരംഗത്തുള്ള പ്രവര്‍ത്തനം ഒരു കൂട്ടായ കാഴ്ചപ്പാടോടെ മാത്രമേ കാണാന്‍ കഴിയൂ എന്നത് ഉദാത്തമായ സഭയുടെ ദര്‍ശനമാണ്. അതില്‍ ആത്യന്തികമായി ഭാഗഭാഗിത്വം നേരിട്ടോ അല്ലാതെയോ വഹിക്കാന്‍ ദൈവശാസ്ത്രജ്ഞരും വിളിക്കപ്പെട്ടിരിക്കുന്നുവെന്നതു വിസ്മരിച്ചുകൂടാ.

മുഖ്യാധാരാ വ്യാഖ്യാനത്തിനനുസരിച്ചു വിശ്വാസം പഠിപ്പിക്കുവാന്‍ സെമിനാരികളിലും മറ്റും പകരക്കാരില്ലാത്ത അവസ്ഥയില്‍ ആ വിടവു നികത്തുവാന്‍ ചുമതലപ്പെട്ട ദൈവശാസ്ത്രജ്ഞര്‍ ചെയ്യുന്ന സേവനം സഭയെ സംബന്ധിച്ചു തികച്ചും അനിവാര്യവും സ്തുത്യര്‍ഹവും ചാരിതാര്‍ത്ഥ്യജനകവുമായ ശുശ്രൂഷയാണ്. മത ബോധനമേഖലയില്‍ തികച്ചും പണ്ഡിതരുടെ അപര്യാപ്തതയുണ്ടെന്നുള്ളതു വസ്തുതയാണ്. അത് അല്മായരുടെയും സന്ന്യസ്തരുടെയും സമഗ്രമായ ദൈവശാസ്ത്രപഠനത്തിന്‍റെ പ്രസക്തിയാണു ചൂണ്ടിക്കാണിക്കുക.

വിദേശത്തുള്ള ദൈവശാസ്ത്ര പഠനമോ അദ്ധ്യാപനമോ അല്മായരും നടത്തിപ്പോരുന്നു എന്ന വസ്തുത അവിടെ അതിനു സാഹചര്യങ്ങള്‍ ഉണ്ടെന്നുള്ളതുകൊണ്ടാണെന്നതു വ്യക്തമാണല്ലോ? നമ്മുടെ നാട്ടിലെ അതിനുള്ള സാധ്യതകള്‍ തിരിച്ചറിഞ്ഞു കാലോചിതമായി അവ ഉപയോഗിക്കാന്‍ ശ്രമിക്കുക എന്നതു യുക്തിസഹമാണ്.

ഭാരതസഭയില്‍ അങ്ങോളമിങ്ങളോമുള്ള മിഷന്‍ മേഖലകളില്‍ സേവനം ചെയ്യുന്ന വൈദികരും സന്ന്യസ്തരുമുള്‍പ്പെടുന്ന സമര്‍പ്പിതസമൂഹത്തോടൊപ്പം ആ ശുശ്രൂഷയിലുള്ള അല്മായ ഭാഗഭാഗിത്വം തീരെ പരിമിതമാണ്. സഭയുടെ മിഷന്‍ മേഖല സന്ദര്‍ശിച്ച് അല്പമെങ്കിലും ശുശ്രൂഷയില്‍ പങ്കാളിയാകാന്‍ ഇറങ്ങിത്തിരിച്ച ഈ ലേഖകന്‍ കണ്ടത് ആ മേഖലയിലെ വൈദികരും കന്യാസ്ത്രീകളും അനുഭവിക്കുന്ന യാതനകളും തിരസ്കരണവും പരിമിതികളുമാണ്. അവര്‍ വളരെ സ്നേഹത്തോടെ ശുശ്രൂഷകളില്‍ വ്യാപൃതരായി വിശ്രമമെന്തെന്ന് അറിയാതെ പാവപ്പെട്ടവരുടെയിടയില്‍ കര്‍ത്താവിനെ പരിചയപ്പെടുത്തുന്നു. “വിളവധികം വേലക്കാരോ ചുരുക്കം” (മത്താ. 9:38) എന്ന നാഥന്‍റെ വാക്കുകള്‍ മാറ്റൊലിയായി ഇന്നും കേള്‍ക്കാന്‍ കഴിയും. സഭയുടെ മിഷന്‍ മേഖലയിലെ സാന്നിദ്ധ്യം അപര്യാപ്തമാണെന്നു കാണാന്‍ കഴിയും. കേരളത്തില്‍ വേരുറപ്പിച്ചു പൂത്തുലഞ്ഞ സഭയുടെ വസന്തം ഇനിയും അധികമായി കേരളത്തിനു പുറത്തും നിറസാന്നിദ്ധ്യമായി ശുശ്രൂഷയ്ക്കായി സജ്ജമാകേണ്ടിയിരിക്കുന്നു. അതിനായുള്ള സഭയുടെ സുദീര്‍ഘമായ അഭിവാഞ്ഛയുടെ സഫലീകരണമെന്നവണ്ണം കൈവന്ന പരി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 10.10.17-ലെ അനുമതി പത്രം കാലോചിതവും പ്രതീക്ഷയ്ക്കു വക നല്കുന്നതുമാണ്.

ഈ സാഹചര്യത്തില്‍ സഭ കൂടുതല്‍ സജ്ജമായി കേരളത്തിനു പുറത്തുള്ള മിഷന്‍ മേഖലയിലെ ശുശ്രൂഷകളെ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. അതിലേക്കായി തത്പരരായ അല്മായ സമൂഹത്തിന്‍റെയും സന്ന്യസ്തരുടെയും ദൈവശാസ്ത്രപഠനമേഖലയിലെ സാന്നിദ്ധ്യം പ്രയോജനപ്പെടുമെന്നും ഒരു പരിധിവരെ പ്രേഷിതപ്രവര്‍ത്തനത്തിനു സഹായകമാകുമെന്നതിനും തര്‍ക്കമില്ല. കാരണം ദൈവശാസ്ത്രപഠനത്തിലൂടെ മനുഷ്യബുദ്ധിക്ക് അതീതമായ ദൈവരഹസ്യങ്ങളെയാണു നാം ആശ്ലേഷിക്കുന്നത്. ദൈവികശക്തിയില്ലാതെ ഇത് ഒരിക്കലും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല. രഹസ്യത്തിന്‍റെ പ്രധാന ഘടകം ദൈവികവെളിപ്പെടുത്തലാണ്. ഈ രഹസ്യം യേശുവിന്‍റെ മരണത്തിലൂടെ മനുഷ്യകുലത്തെ മുഴുവന്‍ രക്ഷിക്കുകയെന്ന ദൈവികപദ്ധതിയാണ് – എല്ലാറ്റിനെയും യേശുവില്‍ ഒന്നിപ്പിക്കുക (എഫേ. 1:9)

സീറോ-മലബാര്‍ സഭയുടെ പങ്ക്: ഇന്നു സീറോ-മലബാര്‍ സഭയുടെ പല അതിരൂപതകളിലും ദൈവശാസ്ത്ര പഠനകോഴ്സുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇവ അല്മായരുടെയും സന്ന്യസ്തരുടെയും പഠനത്തെ ലക്ഷ്യമാക്കിയിട്ടുള്ളതും ഡിപ്ലോമാ, ഡിഗ്രിതല നിലവാരം ലക്ഷ്യം വച്ചിട്ടുള്ളതുമാണ്. ഇവയിലൂടെ അനേകര്‍ പഠനരംഗത്തേയ്ക്കു വരുന്നുണ്ട്. തലശ്ശേരി അതിരൂപത 2007 മുതല്‍ അല്മായര്‍ക്കു പടിപടിയായി ദൈവശാസ്ത്രപഠനസൗകര്യമൊരുക്കിയിട്ടുണ്ട്. ഈ മേഖലയിലേക്ക് അല്മായരെയും സമര്‍പ്പിതരെയും ആകര്‍ഷിക്കത്തക്ക വിധമാണ് ആല്‍ഫാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സയന്‍സ് എന്ന പേരില്‍ രൂപീകൃതമായ ഈ സംരംഭം പ്രവര്‍ത്തിച്ചുപോരുന്നത്. ക്രാന്തദര്‍ശിയും അന്നത്തെ അതിരൂപതാ മേലദ്ധ്യക്ഷനുമായിരുന്ന മാര്‍ ജോര്‍ജ് വലിയമറ്റം പിതാവിന്‍റെ ഒരു വലിയ സ്വപ്നമായിരുന്നു അല്മായസന്ന്യസ്തസമൂഹത്തെ ബൈബിള്‍, ദൈവശാസ്ത്രരംഗത്തു പരിജ്ഞാനമുള്ളവരാക്കി അതുവഴി സഭയുടെ വിവിധ ശുശ്രൂഷാ സുവിശേഷവത്കരണ ആരാധനാമേഖലകളില്‍ കര്‍മ്മനിരതരാക്കി സഭാചൈതന്യത്തെ പരിപോഷിപ്പിക്കണമെന്നത്. അല്മായര്‍ സഭയോടു ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ മുമ്പോട്ടു കടന്നുവരാന്‍ പ്രേരകമാകുന്നത് അവര്‍ സഭയെ അറിയുകയും മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുകയും തുടര്‍ന്ന് ആഴമായി സഭയെ സ്നേഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണെന്ന വസ്തുതയാണിതിനു നിദാനം. അതിനു വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ദൗത്യനിര്‍വഹണം സര്‍വാത്മനാ ഏറ്റെടുത്തു ഡോക്ടറല്‍തലത്തില്‍ അതിനെ എത്തിച്ചതിനു പിന്നില്‍ സീറോ മലബാര്‍ സഭയിലെ അറിയപ്പെടുന്ന ബൈബിള്‍ പണ്ഡിതരില്‍ പ്രധാനിയും വാഗ്മിയും ലാളിത്യംകൊണ്ടു സകലരുടെയും മനസ്സില്‍ ആത്മബന്ധം പുലര്‍ത്താന്‍ കഴിയുംവിധം ദൈവികജ്ഞാനം പകര്‍ന്നുകൊടുക്കാന്‍ സദാ സന്നദ്ധനുമായ മാര്‍ പാംപ്ലാനി പിതാവും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച മറ്റു പണ്ഡിതഗണവുമാണ്. ഈ സ്ഥാപനത്തിന് ഇന്നു വിവിധ രാജ്യങ്ങളിലായി 59 കേന്ദ്രങ്ങളാണുള്ളത്.

ക്രൈസ്തവ ദൈവശാസ്ത്രപഠനത്തിന്‍റെ എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുസ്തകങ്ങള്‍ ഇതിലേക്കായി ഇംഗ്ലീഷിലും മലയാളത്തിലും സജ്ജമാക്കി അതിന്‍റെ ആധികാരികത കത്തോലിക്കാ ബിഷപ്സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യയുടെ ഡോക്ട്രിനല്‍ കമ്മീഷന്‍ പരിശോധിച്ചു ബോദ്ധ്യപ്പെട്ടിട്ടുള്ളവയാണ് പഠിതാക്കള്‍ക്കു നല്കിപ്പോരുന്നത്. ക്ലാസ്സുകള്‍ തിരഞ്ഞെടുക്കപ്പെട്ട സ്റ്റഡി സെന്‍ററുകളിലൂടെയും ടെലിവിഷന്‍ ചാനല്‍ പ്രക്ഷേപണങ്ങളിലൂടെയും വിലയിരുത്തല്‍ പഠന പഠിതാക്കളുടെ ഡിസേര്‍ട്ടേഷന്‍ പരിശോധനയിലൂടെയും സെമസ്റ്റര്‍ പരീക്ഷകളിലൂടെയും ക്ലാസ്സ് അസ്സെസ്മെന്‍റുകളിലൂടെയും നിര്‍വഹിക്കപ്പെടുന്നു. ദൈവശാസ്ത്രപണ്ഡിതരുടെ നേതൃത്വത്തില്‍ ദൈവശാസ്ത്രം, ഏഷ്യന്‍ ക്രിസ്ത്യാനിറ്റി, ജൂഡോ-ക്രിസ്ത്യന്‍ സ്ക്രിപ്ച്ചേഴ്സ് എന്നീ ശാഖകളില്‍ ഗവേഷണം നടത്തുന്നതിനും വേദിയൊരുക്കുന്നു. ഇതിലേക്കായി ആല്‍ഫയില്‍ സജ്ജമാക്കിയിരിക്കുന്ന ലൈബ്രറിക്കു പുറമേ ആലുവായിലെ സെന്‍റ് ജോസഫ്സ് പൊന്തിഫിക്കല്‍ ലൈബ്രറി, വടവാതൂരിലെ സെന്‍റ് തോമസ് പൗരസ്ത്യ വിദ്യാപീഠം, കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരി, പൂനയിലെ ജ്ഞാനദീപ വിദ്യാപീഠം, ബാഗ്ലൂരിലെ ധര്‍മ്മാരാം വിദ്യാക്ഷേത്രം എന്നിവിടങ്ങളിലെ ലോകോത്തര ലൈബ്രറിസൗകര്യം പഠിതാക്കള്‍ക്കു പ്രയോജനപ്പെടുത്തത്തക്കവിധം ക്രമീകരണം നടത്തിയിട്ടുണ്ട്.

ദൈവശാസ്ത്ര പഠനസാദ്ധ്യതകളെ ദൈവജനം എങ്ങനെ ഉള്‍ക്കൊള്ളുന്നു?
ഇതിനകം തന്നെ അയ്യായിരത്തില്‍പ്പരം പഠിതാക്കള്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ളതും കാലിക്കറ്റ് സര്‍വകലാശാലയുടെ ക്രിസ്ത്യന്‍ ചെയറിന്‍റെ അംഗീകാരമുള്ളതുമായ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുണ്ട്. ഇതില്‍ അല്മായരും സന്യസ്തരും ഉള്‍പ്പെടുന്നു. ആറു സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള B.Th ഡിഗ്രി കോഴ്സിലും തുടര്‍ന്നു നാലു സെമസ്റ്റര്‍ ദൈര്‍ഘ്യമുള്ള M.Th ഡിഗ്രി കോഴ്സിലും നാലായിരത്തില്‍പ്പരം പഠിതാക്കള്‍ പങ്കെടുത്തിരുന്നു. ഇവരില്‍ (അമേരിക്ക, കാനഡ, ആസ്ത്രേലിയ, അറേബ്യന്‍ രാജ്യങ്ങള്‍, ജര്‍മ്മനി, സിംഗപ്പൂര്‍, തുടങ്ങിയ രാജ്യങ്ങളില്‍ പാര്‍ക്കുന്ന നമ്മുടെ) പ്രവാസി മലയാളികള്‍ക്കു പുറമെ കേരളത്തിലങ്ങളോമിങ്ങോളമുള്ള തത്പരരായ അല്മായരും സന്യസ്തരുമുള്‍പ്പെടുന്നു.

ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയുള്‍പ്പെടെ ആറു സ്റ്റഡി സെന്‍ററുകളിലൂടെയും പഠനസാഹചര്യമൊരുക്കിയിട്ടുണ്ട്. വിശ്വാസപരിപോഷണ സാദ്ധ്യതകള്‍ തുലോം വിരളമായ മുസ്ലീം രാഷ്ട്രങ്ങളില്‍ പാര്‍ക്കുന്ന നമ്മുടെ വിശ്വാസസമൂഹത്തിന് ഈ സംവിധാനത്തിലൂടെ ആവശ്യമായ ക്രൈസ്തവ വിശ്വാസ പരിപോഷണ സാഹചര്യമൊരുക്കുവാന്‍ കഴിയുന്നുവെന്നതു ചാരിതാര്‍ത്ഥ്യജനകമാണ്. 700-ല്‍പ്പരം പഠിതാക്കള്‍ ഈ രാജ്യങ്ങളില്‍ നിന്നു BTh തലത്തില്‍ ദൈവശാസ്ത്ര പഠനം നടത്തിപ്പോരുന്നു. ഇത്രമാത്രം വലിയ ഒരു വിശ്വാസസമൂഹത്തെ ആ നാടുകളിലെ സാഹചര്യങ്ങളില്‍ ദൈവശാസ്ത്രപഠനത്തിനു സജ്ജമാക്കുവാന്‍ കഴിയുകയെന്നതു ദൈവപരിപാലനയുടെയും അതിനു പിന്നില്‍ അക്ഷീണം പ്രയത്നിച്ച പാംപ്ലാനി പിതാവിന്‍റെയും ടീമംഗങ്ങളുടെയും ആത്മസമര്‍പ്പണത്തിന്‍റെ ദൃഷ്ടാന്തമാണ്. കൂടാതെ അവിടെ പഠനത്തിനു മുമ്പോട്ടു വരുന്ന പ്രവാസികളിലൂടെ അവിടെയുള്ള ക്രൈസ്തവവിശ്വാസസമൂഹത്തെ, ഏകോപിപ്പിച്ചു സഭയുടെ മുഖ്യധാരയിലേക്കു കൊണ്ടുവന്ന് അവരുടെ വിശ്വാസജീവിതത്തെ പരിപോഷിപ്പിക്കുവാന്‍ കാരണമായിത്തീരുന്നു.

ഈ പഠനശൃംഖലകളിലൂടെ ഭാരതസഭയുടെ പ്രവാസികള്‍ ഉള്‍ക്കൊള്ളുന്ന ഒരു വലിയ സമൂഹം ക്രിസ്തുവിന്‍റെ തുടര്‍ച്ചയായ സഭയിലൂടെ ദൈവസ്നേഹത്തിന്‍റെ ആഴം തിരിച്ചറിയാന്‍ തങ്ങളെത്തന്നെ പ്രതിഷ്ഠിച്ചുവെന്നത് ഏറെ ശ്ലാഘനീയമാണ്. ഇതിലൂടെ ദൈവജനത്തിലേക്കു പകരുന്ന ദൈവികജ്ഞാനത്തിലൂടെ ആത്യന്തികമായി “കര്‍ത്താവേ എനിക്കു നീ മാത്രം മതി” എന്ന് വി. അക്വിനാസിനെപ്പോലെ ഏറ്റുപറയുവാന്‍ ഏവരും തങ്ങളെത്തന്നെ സമര്‍പ്പിക്കുമെന്നതു ദൈവപരിപാലനയുടെ നേര്‍ക്കാഴ്ചയായിരിക്കും.

(ലേഖകന്‍ ആല്‍ഫയില്‍നിന്ന് ബിബ്ലിക്കല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റ് ചെയ്തു. ഇപ്പോള്‍ ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുന്നു).

Comments

3 thoughts on “അല്മായരുടെ ദൈവശാസ്ത്ര പഠനത്തിന്‍റെ പ്രസക്തി ഇന്നു സഭയില്‍”

 1. George PS says:

  It is a very welcome thing for the laity to study theology and to deepen and grow in their faith. Sameeksha , Kalady offers a two year diploma course in theology for the laity especially meant for retired persons.The most important feaure of this course is that it is fashioned as per the needs, requirements, and convenience of the learners.Those young people who are intersted and who find time can also benifit from this. The syllabus is very inclusive and free interaction from the teachers and learners are promoted. This is better for priests also, as they find an opportunity to interact with the laity and share the experience of the older generation as well as refresh their knowledge and deepen their vision. There are many other centers too like Subodhana, the APA (Atma Purna Anubhava) held by Anjali Ashram in Mysore along with many distance learning programs. This type of dialogue is very rare in our faith formation. As one who participated and succesfully completed this diploma,and another two year corse offered by POC in the 1980s, I can very well recommend this to our senior citizens.This is done free of charge, but very few are utilising it. They have another programme of monthly seminars on very relevant topics and participated by eminent people in the field. Along with this, I must say that speaking and studying 2nd Vatican alone is not enough, it should be practiced. The irony is that many of our parishes still run on the Pre-Vatican model. Will this situation change? Not only laity but even priests and religious should be eqipped with the teachings of 2nd Vatican. What we find today is a mad race for ritualistic adaptation! Hence my earnest request is for ‘openness and receptivity’! Sorry for this long response!

 2. Sophy Thomas says:

  ഗള്‍ഫ് രാജ്യങ്ങളില്‍ സൗദി അറേബ്യയുള്‍പ്പെടെ ആറു സ്റ്റഡി സെന്‍ററുകളിലൂടെയും പഠനസാഹചര്യമൊരുക്കിയിട്ടുണ്ട്.
  Is there is any study center in Saudi Arabia
  If there is I would like to know about that , I am living in Saudi Arabia

  1. Thomas says:

   Hi Sophy,
   Is there such a resource centre in Qatar?
   Regards.

Leave a Comment

*
*