അള്‍ത്താരയ്ക്കരികിലെ ഏഴു പതിറ്റാണ്ടുകള്‍

അള്‍ത്താരയ്ക്കരികിലെ ഏഴു പതിറ്റാണ്ടുകള്‍

68 വര്‍ഷങ്ങള്‍ എറണാകുളം അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര പള്ളിയില്‍ ദേവാലയശുശ്രൂഷിയായി സേവനം ചെയ്ത പൗലോസുചേട്ടന്‍ 85-ാം വയസ്സില്‍ ഇന്നു വിശ്രമജീവിതത്തിലാണ്.
1401-ല്‍ സ്ഥാപിക്കപ്പെട്ട മഞ്ഞപ്ര മാര്‍ സ്ലീവാ പള്ളിയിലെ ആദ്യ കപ്യാരായത് അവുപ്പാടന്‍ കുടുംബത്തില്‍ നിന്നായിരുന്നു. ആ ശുശ്രൂഷ തലമുറയായി കൈമാറിക്കിട്ടിയ ഏഴാം തലമുറയിലെ അവസാന കണ്ണിയായിട്ടാണു പൗലോസ് അവുപ്പാടന്‍ വിരമിച്ചത്. ഏഴു പതിറ്റാണ്ടു നീണ്ട ദേവാലയശുശ്രൂഷയുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണു പൗലോസ് ചേട്ടന്‍.

എറണാകുളം അങ്കമാലി അതിരൂപതയിലെ മഞ്ഞപ്ര ഇടവകയില്‍ അവുപ്പാടന്‍ ചെറിയാന്‍ – അന്നമ്മ ദമ്പതികളുടെ മകനായി 1934 ജൂണ്‍ 3-ന് ജനനം. 1401-ല്‍ സ്ഥാപിതമായ മാര്‍ സ്ലീവാ പള്ളിയുടെ ആദ്യ കപ്യാരായി സേവനം ചെയ്തത് അവുപ്പാടന്‍ കുടുംബാംഗമായിരുന്നു. അതു തലമുറയായി കൈമാറി ഏഴാം തലമുറയിലെത്തി അവസാനത്തെ കണ്ണിയായി എന്നില്‍ എത്തിനില്‍ക്കുന്നു. 85-ാം പിറന്നാളിലെത്തി ആരോഗ്യപ്രശ്നങ്ങളാല്‍ വിശ്രമിക്കുന്നു. ഭാര്യ ത്രേസ്യാക്കുട്ടി. ഭാര്യയും നാലു മക്കളുമടങ്ങുന്ന കുടുംബം; മക്കളെല്ലാം വിവാഹിതര്‍.

ഞങ്ങളുടെ കുടുംബം അറിയപ്പെടുന്നതു കപ്യാര്‍ കുടുംബം എന്നാണ്. പള്ളിയിലെ പാട്ടുകാര്‍, കണക്കെഴുത്ത് എല്ലാം ഞങ്ങളുടെ കുടുംബാംഗങ്ങളായിരുന്നു. അതുകൊണ്ടു ഞങ്ങളുടെ വീട്ടുപേരു തന്നെ ഈ ശുശ്രൂഷയുടെ പേരിലാണ് അറിയപ്പെടുന്നത്. ഒരുപക്ഷേ, എനിക്കു തോന്നുന്നു, സഭയുടെ ചരിത്രത്തില്‍ തന്നെ ഇതാദ്യമായിട്ടായിരിക്കും. 1401 മുതല്‍ ഒരു കുടുംബംതന്നെ തലമുറ കൈമാറി ഇങ്ങനെ സേവനം ചെയ്യുന്നത്.

നീണ്ട 68 വര്‍ഷക്കാലം ദേവാലയശുശ്രൂഷിയായി സേവനമനുഷ്ഠിച്ചു. പണ്ടത്തെ ഫോര്‍ത്ത് ഫോറം പഠിക്കുമ്പോള്‍ പിതാവിന്‍റെ മരണം. പഴയ ഏഴാം ക്ലാസ്സ് പാസ്സായി എങ്കിലും മറ്റു ജോലികള്‍ അന്വേഷിക്കാതെ പാരമ്പര്യത്തെ മുറുകെപ്പിടിച്ചു 12-ാം വയസ്സു മുതല്‍ ദേവാലയശുശ്രൂഷയില്‍ കര്‍മനിരതനായി. അപ്പൂപ്പന്‍റെ ഒക്കത്തിരുന്നു മണിക്കയറില്‍ പിടിച്ചു തുടങ്ങിയ ദേവാലയശുശ്രൂഷാരംഭം ഇന്നും മധുരിക്കുന്ന ഓര്‍മകള്‍. എന്‍റെ ജ്യേഷ്ഠനും ഇതേ പാതയില്‍ത്തന്നെ സേവനം ചെയ്തു മണ്‍മറഞ്ഞു.

68 വര്‍ഷത്തെ ദൈവദാസവേലയിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ മണ്‍മറഞ്ഞുപോയ എത്രയെത്ര വൈദികര്‍ അവര്‍ക്കൊപ്പമുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാം കഴിഞ്ഞുപോയ കാലത്തെ നല്ല ഓര്‍മകളായി ഞാന്‍ ഇന്നും സൂക്ഷിക്കുന്നു. അവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു. ഇന്നു മഞ്ഞപ്ര ഇടവകയില്‍ നിന്നും പിരിഞ്ഞു സ്വതന്ത്ര ഇടവകകളായി പ്രവര്‍ത്തിക്കുന്ന വിവിധ ഇടവകകളിലേക്ക് അന്നു വാഹനസൗകര്യമൊന്നുമില്ലാത്ത അവസ്ഥ. ഇടവകയിലെ അച്ചന് ഒരു സൈക്കിളുപോലും ഇല്ലാത്ത കാലം. രാത്രിയില്‍ രോഗീലേപനം കൊടുക്കുവാനും മറ്റും പോകുന്ന കാര്യം ഇന്നും ഓര്‍മയില്‍ നില്ക്കുന്നു.

രാവിലെ ഏഴു മണിയുടെ കുര്‍ബാനയുടെ കൂടെ വിവാഹം നടത്തുക. പതിനഞ്ചും ഇരുപതും ദമ്പതികളാണ് ഒരു ദിവസം വിവാഹിതരാകുന്നത്. കൂട്ട മാമ്മോദീസ, കൂട്ടമരണങ്ങള്‍ (വസൂരി പിടിപെട്ട മരണങ്ങള്‍) രാത്രിയില്‍ ആരും കാണാതെ ശവസംസ്കാരം. ആത്മഹത്യ ചെയ്യുന്നവര്‍ക്കും കൂദാശ സ്വീകരിക്കാത്തവര്‍ക്കും പ്രത്യേക സ്ഥലം (തെമ്മാടിക്കുഴി).

പള്ളിയുടെ മുഖ്യവരുമാനം കൃഷിയായിരുന്നു. നെല്ലായിരുന്നു ഞങ്ങളുടെ ശമ്പളം (12 പറ). കൃഷിസ്ഥലം നഷ്ടപ്പെട്ടതിനുശേഷമായിരുന്നു ശമ്പളം കാശായി നല്കിത്തുടുങ്ങിയത്.

മഞ്ഞപ്ര ഇടവകയിലെ ഓരോ കുടുംബത്തെയും വ്യക്തികളെയും എനിക്കു നന്നായി അറിയാം. തിരിച്ച് അവര്‍ക്ക് എന്നെയും. ഇന്നത്തെപ്പോലെ കമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കുന്ന കാര്യങ്ങള്‍ പഴയ കണക്കുകളും കാര്യങ്ങളുമെല്ലാം പഴയ രജിസ്റ്ററുകളില്‍നിന്നു തപ്പിയെടുത്തു നല്കണമായിരുന്നു. ഇന്നു കാലം മാറിയതിന്‍റെ പ്രശ്നങ്ങളുണ്ട്. ഇടവകയില്‍ ധാരാളം പുതിയ കുടുംബങ്ങള്‍ വന്നുചേര്‍ന്നു. ഇന്നും പഴയ സ്നേഹങ്ങള്‍ പുതുക്കുവാനും എന്നെ കാണുവാനും വരുന്ന ചിലരൊക്കെയുണ്ട്. അവര്‍ക്കൊക്കെ എന്‍റെ സ്നേഹവും നന്ദിയും അറിയിക്കുന്നു.

ദൈവത്തിനുവേണ്ടി ദാസ്യവേല ചെയ്യുക എന്നതാണ് ഒരു കപ്യാരുടെ ജോലി. ദേവാലയത്തില്‍ വൈദികന്‍ പരികര്‍മം ചെയ്യുന്നു. ഏതു തിരുകര്‍മത്തിലും വൈദികനൊപ്പം തന്നെ ഒരു സ്ഥാനം കപ്യാര്‍ക്കുമുണ്ടാകും എന്നു ഞാന്‍ വിശ്വസിക്കുന്നു. ഉപജീവനത്തിന് ഒരു മാര്‍ഗമായി ഞാന്‍ ഈ ശുശ്രൂഷയെ കണ്ടിട്ടില്ല. ദൈവേഷ്ടത്തിനായി ചെയ്യുന്ന ശുശ്രൂഷ. പുരോഹിതനോടൊപ്പം തന്‍റെയും ജീവിതം ദൈവത്തിനു സമര്‍പ്പിക്കുന്നു.

ആദ്യകാലങ്ങളില്‍ സുറിയാനി ഭാഷയായിരുന്നു തിരുക്കര്‍മങ്ങളും ലേഖനവായനകളും. അതു പുരോഹിതര്‍ തന്നെ നടത്തുമായിരുന്നു. അര്‍ത്ഥം മനസ്സിലാകാത്ത കുറേ പാട്ടുകള്‍ കാണാപാഠം പഠിച്ചു പാടുക, ധൂപം ആട്ടുക, സ്തോത്രക്കാഴ്ച സ്വീകരിക്കുക ഇതായിരുന്നു. തിരുക്കര്‍മങ്ങള്‍ മലയാളത്തിലേക്കു മാറ്റിയ ആദ്യകാലഘട്ടങ്ങളില്‍ പാട്ടുപാടുക, ലേഖനവായന എന്നിവ കൂടി ഞങ്ങളുടെ ജോലിയായി. അള്‍ത്താര ബാലന്മാരുടെയും ഗായകസംഘത്തിന്‍റെയും വരവോടുകൂടി ഞങ്ങളുടെ ജോലി അല്പം ലഘൂകരിക്കപ്പെട്ടു. അള്‍ത്താരബാലന്മാരായിരുന്നു ഏറ്റവും അടുത്ത സഹായികള്‍. സ്വന്തം കാര്യങ്ങള്‍ക്ക് അത്യാവശ്യമായി പുറത്തുപോകേണ്ടിവന്നാല്‍ ഇവരാണു സഹായിക്കുന്നത്.

ഈ ശുശ്രൂഷയില്‍ നിന്നു ലഭിക്കുന്ന വേതനംകൊണ്ടു ഉപജീവനത്തിനു തികയുമായിരുന്നില്ല. എന്നാല്‍ അന്നത്തെ ബഹു. വൈദികര്‍ അറിഞ്ഞു സഹായിച്ചിരുന്നു. ദൈവത്തിനുവേണ്ടി ചെയ്യുന്ന ശുശ്രൂഷയായതുകൊണ്ടു മനസ്സിന് ആനന്ദവും അതുവഴി ധാരാളം ദൈവാനുഗ്രഹങ്ങളും കിട്ടി. ഈ ശുശ്രൂഷയില്‍നിന്നും സ്വന്തം ഇഷ്ടത്താല്‍ പിരിഞ്ഞുപോന്നതല്ല. അധികാരികളെ അനുസരിക്കുക എന്ന പാഠം ഉള്‍ക്കൊണ്ടു എന്നു മാത്രം. എന്‍റെ ആഗ്രഹം മരണംവരെ എനിക്ക് ആകാവുന്നിടത്തോളം കാലം ദേവാലയത്തില്‍ ശുശ്രൂഷ ചെയ്യണം എന്നതായിരുന്നു. അവിടെനിന്നും പോന്നതിനുശേഷം ഏറെ പിരിമുറുക്കം എനിക്ക് അനുഭവിക്കേണ്ടി വന്നു. കാരണം ഞാന്‍ ആ ശുശ്രൂഷയുടെ അടിമയായി മാറിയിരുന്നു.

മഞ്ഞപ്ര ഇടവകയില്‍ സാധാരണ ദിവസങ്ങളില്‍ രണ്ടു കുര്‍ബാനകളാണുള്ളത്. രാവിലെ 5.30 നും 7 മണിക്കും. ആദ്യത്തെ കുര്‍ബാനയ്ക്ക് ഒരുക്കുവാനായി 4 മണിക്കെങ്കിലും പള്ളിയിലെത്തണം. അസുഖവുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ കിടന്ന നാളില്‍ അല്ലാതെ ഒരു ദിവസംപോലും ഈ പതിവു മുടക്കിയിട്ടില്ല. റാന്തല്‍ വിളക്കുമായാണ് ആദ്യകാലത്തു പോയിരുന്നത്. 1957-ല്‍ ബഹു. സെബാസ്റ്റ്യന്‍ നാല്പാട്ടച്ചന്‍റെ കാലത്താണു പള്ളിയില്‍ വൈദ്യുതി ലഭിക്കുന്നത്.

13-ാം വയസ്സില്‍ ആരംഭിച്ച ഈ ചിട്ടയായ ജീവിതം മാറിയപ്പോള്‍ ഏറെ ബുദ്ധിമുട്ടനുഭവിച്ചു. രാവിലെ പതിവുപോലെ നേരത്തെ ഉണരുക, ചാടിയെഴുന്നേല്ക്കുക ഇങ്ങനെ പല പ്രശ്നങ്ങളും അനുഭവിച്ചു. പിന്നീട് പിരിഞ്ഞതിനുശേഷം കുറച്ചുനാള്‍ പ്രതിഫലമില്ലാതെ ശുശ്രൂഷ ചെയ്തിരുന്നു.

എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ഭാഗ്യമായി ഞാന്‍ കാണുന്നത് ഈ ജീവിതകാലമത്രയും ഞാന്‍ വേല ചെയ്ത നാഥന്‍റെ ജന്മസ്ഥലവും സുവിശേഷപ്രഘോഷണം നടത്തിയ വിശുദ്ധ സ്ഥലവും കാണുവാന്‍ ദൈവം എന്നെ അനുവദിച്ചു എന്നതാണ്.

ഇന്ന് ഞാന്‍ അനാരോഗ്യവാനായി വീട്ടില്‍ ഭാര്യയോടും കുടുംബത്തോടുമൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു. എന്‍റെ ശുശ്രൂഷാരംഗത്ത് എല്ലാ കാര്യങ്ങളിലും കുടുംബാഗങ്ങളുടെ സഹകരണമുണ്ടായിരുന്നു. വിവാഹജീവിതത്തിന്‍റെ 64-ാം വാര്‍ഷികം (ഫെബ്രുവരി 18) ആഘോഷിച്ചു.

എന്‍റെ ജീവിതവഴിയില്‍ എന്നെ കൈപിടിച്ചു നടത്തിയ വൈദികര്‍, അല്മായര്‍, സന്യാസിനികള്‍, ഇടവകക്കാര്‍, സഹപ്രവര്‍ത്തകര്‍ എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. രോഗാവസ്ഥയില്‍ എന്നെ സന്ദര്‍ശിച്ച എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ച ബഹു. ആലഞ്ചേരി പിതാവ്, എടയന്ത്രത്ത് പിതാവ്, മനത്തോടത്ത് പിതാവ് തുടങ്ങി സഭയിലെ മറ്റു പിതാക്കന്മാര്‍ക്കും മറ്റ് എല്ലാവര്‍ക്കും നന്ദി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org