അള്‍ത്താരയിലേയ്ക്ക് ഉയര്‍ത്തിയ അത്ഭുതങ്ങള്‍

അള്‍ത്താരയിലേയ്ക്ക് ഉയര്‍ത്തിയ അത്ഭുതങ്ങള്‍

തൃശൂര്‍ പെരിഞ്ചേരി ചൂണ്ടല്‍ ജോഷി, ഷിബി ദമ്പതികളുടെ മൂന്നാമത്തെ മകനായ ക്രിസ്റ്റഫറിനുണ്ടായ അത്ഭുത രോഗശാന്തിയാണ് മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കാന്‍ സഭ പരിഗണിച്ചത്. 2009 ഏപ്രില്‍ ഏഴിനു തൃശൂര്‍ അമല ആശുപത്രിയില്‍ ജനിച്ച ക്രിസ്റ്റഫറിനു ഗുരുതരമായ ശ്വാസതടസ്സം ഉണ്ടായിരുന്നു. ഹൃദയത്തിനും ശ്വാസകോശങ്ങള്‍ക്കുമുള്ള തകരാറാണു കാരണമെന്നു ഡോ. വി കെ ശ്രീനിവാസന്‍ കണ്ടെത്തി. രാത്രി കുഞ്ഞിന്‍റെ സ്ഥിതി സങ്കീര്‍ണമായി. ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ ആച്ചാണ്ടി സി എം ഐ കുഞ്ഞിനു ജ്ഞാനസ്നാനം നല്‍കി. മരുന്നുകള്‍ ഫലിക്കാതെ വന്നു. ഡോക്ടര്‍ തന്‍റെ നിസ്സഹായാവസ്ഥ മാതാപിതാക്കളെ അറിയിച്ചു.

ഈ ഘട്ടത്തിലാണ് കുഞ്ഞിന്‍റെ പിതാവ് ജോഷിയുടെ അമ്മ മദര്‍ മറിയം ത്രേസ്യയുടെ തിരുശേഷിപ്പുമായി ആശുപത്രിയിലെത്തിയത്. തീവ്രപരിചരണവിഭാഗത്തില്‍ മരണവുമായി മുഖാമുഖം കിടന്നിരുന്ന കുഞ്ഞിന്‍റെ അരികില്‍ തിരുശേഷിപ്പു വച്ചു. കുടുംബമൊന്നാകെ തീവ്രമായ പ്രാര്‍ത്ഥനകളിലേയ്ക്കു കടന്നു. ഏകദേശം 20 മിനിറ്റു കഴിഞ്ഞപ്പോഴേയ്ക്കും കുഞ്ഞ് ശ്വാസോച്ഛ്വാസം ചെയ്യുന്നതായി മാതാപിതാക്കള്‍ക്കു തോന്നി. നഴ്സിനെ വിളിച്ചു ഇതറിയിച്ചപ്പോള്‍ അവര്‍ നോക്കി. കുഞ്ഞ് നന്നായി ശ്വസിക്കുന്നതായി അവര്‍ കണ്ടു. ഡോക്ടറെ വിളിച്ചു വരുത്തി. കുഞ്ഞിന്‍റെ ശ്വസനം സാധാരണ നിലയിലാണെന്നും ഈ രോഗസൗഖ്യത്തിനു വൈദ്യശാസ്ത്രപരമായ വിശദീകരണങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്‍റെ ചികിത്സയോ മരുന്നുകളോ കൊണ്ടല്ല കുഞ്ഞ് ശ്വസിക്കാന്‍ തുടങ്ങിയതെന്നു ഡോക്ടര്‍ പറഞ്ഞു. അതു മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥ ശക്തി കൊണ്ടു നടന്ന ഒരു അത്ഭുത രോഗശാന്തിയാണെന്ന് അവിടെ കൂടിയിരുന്നവര്‍ മനസ്സിലാക്കി. ഇത് റിപ്പോര്‍ട്ട് ചെയ്യുകയും വത്തിക്കാന്‍റെ നേതൃത്വത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണങ്ങള്‍ ഇതേ കുറിച്ചു നടത്തുകയും ചെയ്തു. ഈ പ്രക്രിയയ്ക്കൊടുവിലാണ് ഇതൊരത്ഭുതമാണെന്നു മാര്‍പാപ്പ പ്രഖ്യാപിച്ചതും മദര്‍ മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനു വഴി തെളിഞ്ഞതും.

വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനു പരിഗണിച്ച അത്ഭുതരോഗശാന്തി അമ്മാടം സ്വദേശി മാത്യു പല്ലിശേരിയുടെ കാലിലെ മുടന്ത് സുഖപ്പെട്ടതാണ്. ഇരുകാലുകളിലും മുടന്തുണ്ടായിരുന്ന മാത്യു, ഇളയമ്മ സിസ്റ്റര്‍ എവുജിനയുടെ നിര്‍ദേശപ്രകാരം 41 ദിവസം മറിയം ത്രേസ്യയുടെ മാദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിച്ചു. മുപ്പത്തിമൂന്നാം ദിവസമായപ്പോള്‍ രാത്രി രണ്ടു കന്യാസ്ത്രീകള്‍ വന്ന് മുടന്തുള്ള കാല് ഉഴിയുന്നതായി ദര്‍ശനമുണ്ടായി. പിറ്റേന്ന് ഒരു കാലിന്‍റെ മുടന്ത് മാറി. അടുത്ത വര്‍ഷം ഇതിന്‍റെ വാര്‍ഷികവേളയില്‍ നന്ദിസൂചകമായി വീണ്ടും 41 ദിവസത്തെ പ്രാര്‍ത്ഥനയിലേയ്ക്കു മാത്യുവും കുടുംബവും പ്രവേശിച്ചു. 39-ാം ദിവസമായപ്പോള്‍ ദര്‍ശനമുണ്ടായി. പിറ്റേന്ന് രണ്ടാമത്തെ കാലും മടക്കു നിവര്‍ന്നു സുഖപ്പെട്ടതായി കണ്ടു. 1972 ല്‍ സംഭവിച്ച ഈ രോഗശാന്തി സഭ പിന്നീട് മദര്‍ മറിയം ത്രേസ്യായുടെ മാദ്ധ്യസ്ഥത്താല്‍ നടന്ന അത്ഭുതമാണെന്നു സ്ഥിരീകരിക്കുകയും മദറിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org