Latest News
|^| Home -> Cover story -> ഡോ. അംബേദ്കര്‍ ഒരു ചരിത്രേതിഹാസം

ഡോ. അംബേദ്കര്‍ ഒരു ചരിത്രേതിഹാസം

Sathyadeepam

ജോണ്‍ തറപ്പേല്‍, പൊതി
ദലിത് കത്തോലിക്കാ മഹാജനസഭ

യുഗപുരുഷനായ ഡോ. ബി.ആര്‍. അംബേദ്ക്കറിന്‍റെ ജന്മദിനം ഏപ്രില്‍ 14-ന് രാജ്യം ഒരിക്കല്‍കൂടി അനുസ്മരിക്കുകയാണ്. ഭരണഘടനാശില്പിയും, ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയുമായ ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ഒരു സര്‍ക്കാരിന്‍റെ – അതു കേന്ദ്രമാകട്ടെ, സംസ്ഥാനമാകട്ടെ കടമകള്‍ എന്താണെന്ന് ചൂണ്ടി കാണിച്ചുകൊണ്ട് പറഞ്ഞു: ഭരണഘടനാപരമായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്ന ഒരു സര്‍ക്കാരിന്‍റെ കടമകളില്‍ ഒന്ന് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനമാണ്. ദേശീയ വരുമാനം സാരമായ തോതില്‍ ഉയരാനും, ആനുകൂല്യങ്ങള്‍ എല്ലാ ആധുനിക പരിഷ്കൃത മനുഷ്യരും ന്യായമായി അനുഭവിക്കുന്ന സുഖസൗകര്യങ്ങള്‍ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാക്കാനും, അനുഭവിക്കാനും ആവശ്യമായ മാര്‍ഗ്ഗങ്ങളും, ഉപാധികളും, സര്‍ക്കാര്‍ കൈക്കൊള്ളേണ്ടതാണ്.

അംബേദ്കര്‍ കണ്ട സ്വപ്നം ഇന്നും അപരിഹാര്യമായി തുടരുന്നു എന്നത് ഖേദകരമാണ്. സ്വാതന്ത്ര്യം ലഭിച്ചനാള്‍ മുതല്‍ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനു വേണ്ടി വിവിധ സര്‍ക്കാരുകള്‍ ചെലവഴിച്ച തുക ഓരോരുത്തര്‍ക്കും വീതിച്ചു കൊടുത്തിരുന്നു എങ്കില്‍ ജനം സ്വയം പര്യാപ്തത നേടുമായിരുന്നു എന്ന് തോന്നിപ്പോകുന്നു. എന്തായാലും രാഷ്ട്രശില്പികളുടെ സ്വപ്നം ഇതായിരുന്നോ? ഇതിനെല്ലാം ആരാണ് ഉത്തരവാദി എന്ന് ഒരു ഹിതപരിശോധന നടത്തേണ്ടിയിരിക്കുന്നു. ഭരണഘടനയുടെ മൗലീക തത്ത്വങ്ങള്‍ക്കനുസരിച്ച് ഭരണം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ട ചുമതല പാര്‍ലമെന്‍റിനാണ്. പക്ഷെ, ലോകത്തിലെ ഏറ്റവും നല്ല എഴുതപ്പെട്ട ഭരണഘടനയാണ് ഇന്ത്യയുടേതെന്ന് ലോകരാഷ്ട്രങ്ങള്‍ പോലും പ്രശംസിക്കുമ്പോള്‍ അധികാരത്തിന്‍റെ കടിഞ്ഞാണ്‍ പൂര്‍ണ്ണമായും കൈക്കലാക്കി സാര്‍വ്വഭൗമന്മാരായി വാഴുന്ന ഇവിടുത്തെ ഭരണക്കാരും രാഷ്ട്രീയക്കാരും, രാഷ്ട്രീയത്തിന്‍റെ ആത്മാവായ “ധര്‍മ്മത്തെ” തൃണവല്‍ഗണിച്ചുകൊണ്ട്, നമ്മുടെ ഭരണഘടനാസിദ്ധാന്തത്തെ തന്നെ ഗളഹസ്തം ചെയ്യുന്ന പ്രവണതയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അഹിംസാ സിദ്ധാന്തം ആഹ്വാനം ചെയ്ത മഹാത്മാ ഗാന്ധി വധിക്കപ്പെട്ടു. കൊല ചെയ്യരുതെന്ന് ഭരണഘടനയില്‍ എഴുതി ചേര്‍ത്ത മതേതര രാജ്യത്ത് കൊലപാതകം നിത്യസംഭവമാകുന്നു. മുമ്പെങ്ങും ഇല്ലാത്തവിധം അസഹിഷ്ണുതയും, അരാജകത്വവും വര്‍ദ്ധിക്കുന്നു. നിയമവും, ഭരണഘടനയും, ജുഡീഷ്യറിയുമെല്ലാം ഭരിക്കുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും മാത്രമുള്ളതായി മാറുന്ന അവസ്ഥകണ്ട് ജനം പകച്ചു നില്‍ക്കുന്ന ഗതികേടിലേക്ക് നമ്മുടെ ഭരണകൂടവും, ഭരണഘടനാ സംവിധാനങ്ങളും, ഒപ്പം ജനങ്ങളുടെ അവസാന അഭയകേന്ദ്രമായ ജുഡീഷ്യറിയുമെല്ലാം തരംതാഴുകയാണ്. കപട രാഷ്ട്രീയത്തിന്‍റെ വികൃതമുഖങ്ങളുടെ ഭീഭത്സരൂപങ്ങള്‍ കണ്ട് പാവം ജനങ്ങള്‍ അന്ധാളിച്ചു നില്‍ക്കുന്നു.

അധികാരവും അവകാശങ്ങളും, നിഷേധിക്കപ്പെടുന്ന ജനതയില്‍ നീറിപുകയുന്ന അസംതൃപ്തി ആദ്യമാദ്യം വിസമ്മതമായും, പിന്നീട് പ്രതിഷേധമായും, ഒടുവില്‍ വിപ്ലവമായും കലാശിക്കുമെന്നാണ് സാമൂഹ്യ ചിന്തകര്‍ പറയുന്നത്. അതിന്‍റെ അപകടകരമായ ഭവിഷ്യത്തും ഗൗരവവും തിരിച്ചറിഞ്ഞ രാജ്യസ്നേഹിയും; ഉല്‍പ്പതൃഷ്ണുവുമായ ഡോ. ബി.ആര്‍. അംബേദ്കര്‍ സ്വന്തം രാജ്യത്ത് വിപ്ലവവും, രക്തച്ചൊരിച്ചിലും ഒഴിവാക്കപ്പെടണമെന്ന് ശഠിച്ചുകൊണ്ട് അക്രമരഹിതമായ ഒരു മാര്‍ഗ്ഗമെന്ന നിലക്ക് സുശക്തവും, ഉഗ്രശേഷിയുള്ളതുമായ ഒരു ഭരണഘടനയാണ് അനിവാര്യമെന്ന് വാദിച്ചു. ഭരണഘടന എത്ര നല്ലതായാലും അതു നടപ്പിലാക്കുന്നവര്‍ കൊള്ളരുതാത്തവര്‍ ആയാല്‍ അതു മോശമായിത്തീരും. മറിച്ച് അത് പ്രയോഗത്തില്‍ വരുത്തുന്നവര്‍ നല്ലവരായാല്‍ ഭരണഘടന മോശമായാലും ഫലം നല്ലതായിത്തീരും എന്നു പറഞ്ഞ അദ്ദേഹം കാലികധര്‍മ്മങ്ങളെ പഴിചാരി നിഷ്ക്രിയത്വവും, ഷണ്ഡത്വവും പേറി സമയം നഷ്ടപ്പെടുത്താതെ, സാമൂഹ്യ നവോത്ഥാനത്തിന്‍റെ മുന്നണിപ്പോരാളിയായി ഇന്ത്യയില്‍ സാമൂഹ്യവിപ്ലവത്തിന് തുടക്കം കുറിച്ചു. മാതൃരാജ്യത്തിന്‍റെ നിലനില്പ്പിന് ദോഷം വരാതെയും, ഐക്യത്തിനും അഖണ്ഡതയ്ക്കും പോറലേല്ക്കരുതെന്നുള്ള നിശ്ചയദാര്‍ഢ്യത്തോടെയും അക്രമരഹിത മാര്‍ഗ്ഗം അവലംബിച്ച അദ്ദേഹം അധഃസ്ഥിത ജനതയ്ക്ക് തുല്യനീതിയും സമത്വവും നേടിയെടുക്കുന്നതിന് ജ്വലിക്കുന്ന അഗ്നിനക്ഷത്രമായി സമാധാനത്തിന്‍റെ അപ്പസ്തോലനായി പ്രോജ്വലിച്ചു നിന്നു. കര്‍മ്മരഹിതമായ ഒരു തപസ്സല്ല; മനുഷ്യജീവിതത്തിന്‍റെ കടമ, മറിച്ച്, കര്‍മ്മനിരതമായ ജീവിതമാണ് ആവശ്യം എന്ന ആപ്തവാക്യത്തിലടിയുറച്ച് ജീവിച്ചു സമുദ്ധാരകനും പ്രാമാണികനുമായ ഡോ. ബി.ആര്‍. അംബേദ്ക്കര്‍. വിപ്ലവവും അരാജകത്വവും സൃഷ്ടിക്കുന്ന രക്തദാഹികളായ ക്ഷുദ്രജീവികളോട് അദ്ദേഹത്തിനു പുച്ഛമായിരുന്നു. ഭരണഘടനയുടെ ഡ്രാഫ്റ്റിംഗ് കമ്മറ്റി ചെയര്‍മാനായിരുന്ന ഡോ. ബി.ആര്‍. അംബേദ്ക്കര്‍ ജനാധിപത്യം എന്നത് ഭരണസംവിധാനത്തിന്‍റെ ഒരു കേവല രൂപമല്ല, ഒരു സംയോജിത ജീവിതശൈലിയാണ്, സംശ്ലിഷ്ഠമായ അനുഭവങ്ങളുടെ വിനിമയമാണ് എന്ന് ദൃഢമായി വിശ്വസിച്ചു. സാരാംശത്തില്‍ അത് സഹവര്‍ത്തികളോട് ഭക്ത്യാദരങ്ങള്‍ പുലര്‍ത്തുന്ന മനോഭാവമാണ് എന്ന് പഠിപ്പിച്ചു. ഡോ. ബി.ആര്‍. അംബേദ്ക്കറിന്‍റെ ജീവിതമാതൃക പിന്‍തുടരാന്‍ ശ്രമിക്കേണ്ടതിനു പകരം നാം ഇന്ന് അംബേദ്ക്കറിസത്തെ തമസ്ക്കരിക്കാനും ചരിത്രത്തെ വികൃതമാക്കാനും ശ്രമിക്കുകയാണ്. എങ്കിലും ഇന്ത്യയുടെ സമകാലിക സാഹചര്യങ്ങളില്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ദര്‍ശനങ്ങള്‍ക്കും, മൂല്യങ്ങള്‍ക്കും ഏറെ പ്രസക്തി യുണ്ട്. കാലം മായ്ക്കാത്ത കാല് പാടുകള്‍ അവശേഷിപ്പിച്ചു പോയ ആ മഹാനുഭാവമന്‍റെ ദീപ്തസ്മരണയ്ക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാം.

Leave a Comment

*
*