Latest News
|^| Home -> Cover story -> ആമ്മേന്‍ പറയട്ടെ നമ്മുടെ അപ്പന്മാര്‍

ആമ്മേന്‍ പറയട്ടെ നമ്മുടെ അപ്പന്മാര്‍

Sathyadeepam

മരിയ റാന്‍സം

മേല്‍ത്തരം വീഞ്ഞ് ഒടുവിലേക്കായി കരുതിവച്ച കലവറക്കാരന്‍റെ കൗശലംപോലെ കലണ്ടറിലെ അവസാന താളുകള്‍. ലോകരക്ഷ എന്ന വലിയ ക്യാന്‍വാസില്‍ വിചിന്തനം ചെയ്യപ്പെടുന്നതിനൊപ്പം ആഘോഷങ്ങള്‍ക്കായി മാത്രം കൂട്ടുകൂടുന്ന രണ്ടു ചങ്ങാതിമാര്‍ വലിച്ചുകെട്ടുന്ന ഒരു ചുവന്ന റിബണിന്‍റെ ലാളിത്യത്തിലേക്കു വരെ ചുരുക്കപ്പെടുന്ന ക്രിസ്തുമസ്. ഭൂമി മുഴുവനുമൊരു കുഞ്ഞിപൈതലിനായി അലങ്കരിക്കപ്പെടുന്ന ആഘോഷങ്ങള്‍ക്ക് ചാരുതയേറുന്നതു കുടുംബങ്ങളോടു ചേര്‍ത്തു വയ്ക്കുമ്പോഴാണ്. കാത്തിരിക്കുന്ന ഹൃദയങ്ങളിലേക്കു കടന്നുചെല്ലാന്‍ നമ്മള്‍ ആഗ്രഹിക്കുന്നതും ക്രിസ്തുമസ് കാലത്തല്ലേ? ലൂക്കാ സുവിശേഷകന്‍ പിറവിയെക്കുറിച്ചുള്ള വിവരണങ്ങള്‍ നല്കുന്നതും രണ്ടു കുടുംബങ്ങളിലൂടെയാണ്. കുഞ്ഞിക്കാലെന്ന സ്വപ്നംപോലും നഷ്ടപ്പെട്ട വൃദ്ധദമ്പതികളായ സഖറിയായും ഭാര്യ എലിസബത്തും വിവാഹജീവിതത്തെക്കുറിച്ചുള്ള സ്വപ്നത്തിലായിരിക്കുന്ന ജോസഫും ഭാര്യ മറിയവും റിയലിസ്റ്റിക് സിനിമയുടെ തിരക്കഥപോലെ തോന്നുന്ന വായനയില്‍ നമുക്കു മുന്നിലെത്തുന്നു.

വൈരുദ്ധ്യങ്ങളുടെ നീണ്ട നിരയാണു പിന്നീടു നമ്മള്‍ കാണുന്നത് കാലങ്ങള്‍ കാത്തിരുന്ന് ആരാധനയ്ക്കായി കുറി വീണ്, പുറത്തു പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്ന ജനത്തെ സാക്ഷിനിര്‍ത്തി ധൂപാര്‍ പ്പണം നടത്തുന്ന സഖറിയാ. അത്യുന്നതന്‍റെ അരുളപ്പാടിനായി കാതോര്‍ക്കേണ്ട വിശുദ്ധമായ അന്തരീക്ഷത്തില്‍, ബലിപീഠത്തിനു വലതു ഭാഗത്തായി ദൈവദൂതനെ കാണുന്നു. പിന്‍ഗാമി ഇല്ലായെന്ന അപമാനത്തെക്കുറിച്ചുള്ള തേങ്ങല്‍ തന്നെയാവണം സഖറിയായുടെ മനസ്സിലുയര്‍ന്നത് എന്നു വ്യക്തമാക്കുന്ന അരുളപ്പാടാണ് ദൂതന്‍ നല്കുന്നത്. നിന്‍റെ പ്രാര്‍ത്ഥന കേട്ടിരിക്കുന്നു. ജീവിതസായന്തനത്തില്‍ പിറന്ന ശിശുക്കളെക്കുറിച്ചുള്ള വിവരണങ്ങള്‍ ഏറെയുള്ള വേദപുസ്തകം ഹൃദിസ്ഥമാക്കേണ്ട ഗണത്തില്‍പ്പെട്ട പുരോഹിതനുമാണ്. എന്നിട്ടും ഒരു പുരോഹിത പുത്രനുണ്ടാകേണ്ട എല്ലാ യോഗ്യതയെയും അതിലംഘിക്കുന്ന ഗുണങ്ങളോടുകൂടി ഒരു ശിശു ജനിക്കുമെന്ന ദൈവികദൂത് സഖറിയായുടെ ബുദ്ധിക്ക് അംഗീകാരിക്കാനാവുന്നില്ല. സംശയം ചോദ്യമായി ഉയരുന്നു. ഇതെങ്ങനെ സംഭവിക്കും? മൂകനായ ഭര്‍ത്താവില്‍ നിന്നു നടന്ന കാര്യങ്ങള്‍ കൃത്യമായി ഗ്രഹിക്കാനിടയില്ല. എങ്കിലും വാര്‍ദ്ധക്യത്തിന്‍റെ എല്ലാ പരിമിതികളോടും കൂടിത്തന്നെ, മനുഷ്യരുടെ മുന്നില്‍ തനിക്കുണ്ടായ അപമാനം നീക്കാന്‍ കര്‍ത്താവ് കടാക്ഷിച്ചുവെന്ന് വിശ്വസിച്ച ഭാഗ്യവതിയായ എലിസബത്തിലേക്കാണ് പിന്നീടു നാമെത്തുക. പുരുഷനില്ലാതെ സൃഷ്ടിയുണ്ടായതിനെക്കുറിച്ചന്നുവരെ കേട്ടുകേള്‍വിപോലുമില്ല – ദൈവസന്നിധിയില്‍ നിന്നെത്തുന്ന ദൂതനെന്നുള്ള പരിചയപ്പെടുത്തലുമില്ല. വിവാഹനിശ്ചയം മാത്രം കഴിഞ്ഞ കന്യകയുടെ അടുത്തേയ്ക്കു ദൂതനെത്തുന്നു. കടുത്ത പ്രതികൂലസാഹചര്യത്തില്‍ സംഭവിക്കുന്ന കാര്യങ്ങളോടുപോലും ആമ്മേന്‍ ആമ്മേന്‍ പറയുന്ന പെണ്‍മനസ്സിന്‍റെ പ്രതിനിധിയായ മറിയവും ഹൃദയംകൊണ്ടു ചോദിക്കുന്നു – ഇതെങ്ങനെ സംഭവിക്കും? പ്രതികരണങ്ങള്‍ ഒന്നെങ്കിലും പിന്നീടു സംഭവിക്കുന്ന കാര്യങ്ങള്‍ പക്ഷപാതപരമാണ്. മൂകനാക്കപ്പെട്ട സഖറിയായും വസ്തുനിഷ്ഠമായി കാര്യങ്ങള്‍ വിവരിച്ചു വഴികാട്ടിയെകൂടി ലഭിക്കുന്ന മറിയവും. സാധാരണ കന്യകയായ മറിയത്തില്‍നിന്നു രക്ഷകന്‍റെ അമ്മയിലേക്കുള്ള മാറ്റത്തിലേക്കു മറിയത്തെ ഒരുക്കിയത് എലിസബത്തായിരിക്കുമെന്നതില്‍ പെണ്ണിനെ അറിയുന്ന ആര്‍ക്കും തര്‍ക്കമുണ്ടാകില്ല.

സ്രഷ്ടാവിന്‍റെ പിറവിക്കായി പങ്കുചേര്‍ക്കപ്പെട്ട നാലു പേരില്‍ മററുള്ളവരില്‍ നിന്നും വ്യത്യസ്തമായി, ദൈവികപദ്ധതിയോടു സഹകരിക്കാനോ വിയോജിക്കാനോ സ്വാതന്ത്ര്യമുണ്ടായിരുന്ന ഒരാള്‍. സ്വപ്നത്തില്‍ ദൂതന്‍ പറഞ്ഞത് ഇടംവലം നോക്കാതെ വിശ്വസിക്കാനും അരനിമിഷം വൈകാതെ പലായനം ചെയ്യാനുമൊക്കെ ധൈര്യപ്പെടുന്ന ജോസഫ്. രക്ഷകന്‍റെ കാവലാള്‍. പൊക്കിള്‍ക്കൊടി മുറിക്കാന്‍പോലും ഒരു പെണ്ണിന്‍റെ കൂട്ടില്ലാതെ നിറവയറുമായി മൈലുകള്‍ താണ്ടാന്‍ മറിയം തയ്യാറായത് ലെബനോണിലെ ദേവദാരുകണക്ക് ദൃഢമാക്കപ്പെട്ട ജോസഫിലുള്ള വിശ്വാസംകൊണ്ട് തന്നെയാണ് എന്ന് വിശ്വസിക്കാനാണ് എന്നിലെ പെണ്ണിനിഷ്ടം. ശക്തനായവനില്‍ ശരണപ്പെടുന്ന ജോസഫ്. സ്വന്തം കുടുംബത്തിന്‍റെ പ്രശ്നങ്ങള്‍ക്ക് പരിഹാരം സ്വയം കണ്ടെത്താന്‍-ജീവിതത്തിന്‍റെ അച്ചുതണ്ട് സ്വന്തം ബുദ്ധിയുപയോഗിച്ച് നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സഖറിയായുടെ മറുപതിപ്പ്.

ഈ നാലുപേര്‍ക്കുമിടയിലുള്ള അനുപാതമാണ് ക്രിസ്തുമസ് പാതിരാകുര്‍ബാനയിലും നമ്മള്‍ കാണുക. വീഞ്ഞുകോപ്പയില്‍ മുങ്ങിപ്പോയ പങ്കാളിയെ ഉറക്കികിടത്തിയും, വിരല്‍ത്തുമ്പിലൂടെ വഴുതിപ്പോയ കൗമാരക്കാരനെയോ കൗമാരക്കാരിയെയോ ഓര്‍ത്ത് നെടുവീര്‍പ്പിട്ടും, എന്‍റെ തമ്പുരാന് അബദ്ധം സംഭവിക്കില്ലെന്ന് ഏങ്ങലടിച്ചും പള്ളിയുടെ മുക്കാല്‍പങ്കുമവരാണ്.

ഓഖി ചുഴറ്റിയെറിഞ്ഞിട്ടും അവള്‍ക്ക് പോകാന്‍ മറ്റൊരിടമില്ല. നഷ്ടങ്ങളില്‍ ഏറെ ഉലയുന്നത് അവളാണെങ്കിലും തച്ചച്ചെറുക്കന്‍റെ മുറിപ്പാടിനരികെ സ്വസ്ഥയാകാന്‍ കഴിയുന്നത് അവള്‍ക്കാണെന്ന് നമ്മുടെ ബലിക്കല്ലിനുചുറ്റുമായി നില്‍ക്കുന്ന ഈ അനുപാതം പറയാതെ പറയുന്നുണ്ട്. അത്ഭുതകരമായ ഒരു കാഴ്ചയുണ്ട്-കച്ചവടം കത്തിക്കയറുന്ന വെള്ളിയാഴ്ച ഉച്ചനേരം. മാര്‍ക്കറ്റിലെ കടകളുടെ ഷട്ടറുകള്‍ പലതും പാതി താഴ്ന്നുകഴിഞ്ഞു. കച്ചവടത്തിന്‍റെയും കുടുംബത്തിന്‍റെയും ചുക്കാന്‍പിടിച്ച തഴമ്പ് കൈകളിലും, നിസ്ക്കാരതഴമ്പ് നെറ്റിയിലും പേറുന്നവര്‍ തിരക്കിട്ടോടുകയാണ്. കുടുംബത്തിന്‍റെ ഇരുമുടിക്കെട്ട് തലയിലേറ്റി കരിമലകയറുന്നതും ഈ ജോസഫുമാര്‍ തന്നെ. സ്രഷ്ടാവിന്‍റെ പകലിന്‍റെ വേലയിലെ കൂട്ടുവേലക്കാരാണ് തങ്ങളെന്ന് ബോധ്യമുള്ള അപ്പന്മാര്‍.

അമ്മമാരുടെ ജപമണിയില്‍ കാര്യങ്ങള്‍ ഉരുണ്ടിരുന്ന കാലമല്ല ഇതെന്ന് സൂചനകള്‍ ഓര്‍മ്മപ്പെടുത്തുമ്പോള്‍ – അധ്വാനത്തിന്‍റെ അധികഭാഗവും ചെലവഴിച്ച് നല്‍കുന്ന വിദ്യാഭ്യാസമോ സമ്പാദ്യമോ സൗകര്യങ്ങളോ പുതിയ തലമുറയുടെ നല്ല ഭാവിക്ക് ഉതകുമോ എന്ന് ഉറപ്പില്ലാത്ത കാലഘട്ടത്തില്‍ – ദൈവേഷ്ടത്തിനു മുന്നില്‍ സഖറിയായേപ്പോലെ നിശബ്ദരാക്കപ്പെടാതിരിക്കട്ടെ നമ്മുടെ അപ്പന്മാര്‍. എന്നെ വായിക്കുന്ന നിങ്ങളുടെ മനസ്സിലും ഒരു നനവ് പടരുന്നുണ്ടാവും-എന്‍റെയപ്പനൊരല്‍പ്പം കൂടെ ശ്രദ്ധ വച്ചിരുന്നുവെങ്കില്‍ കുടുംബം കുറച്ചുകൂടി മെച്ചപ്പെട്ടതാകുമായിരുന്നു എന്നൊരു തേങ്ങലോ, പകല്‍ മേഘസ്തംഭമായും രാത്രി അഗ്നിസ്തംഭമായും കുടുംബത്തിനുമേല്‍ കുടപിടിച്ച അപ്പനെക്കുറിച്ചുള്ള ഓര്‍മ്മയിലോ ആകാമത്. ഒന്നാലോചിച്ചു നോക്കിയേ, പാറമേല്‍ പണിത വീടുകളെല്ലാം അപ്പന്മാരുടേതായിരുന്നു. നമ്മുടെ വരുംതലമുറയില്‍നിന്ന് നെടുവീര്‍പ്പുകള്‍ ഉയരാതിരിക്കട്ടെ. തച്ചച്ചെറുക്കന്‍റെ തലയെടുപ്പോടെ ജീവിതത്തെ നോക്കിക്കാണാന്‍ അധ്വാനവും സ്വപ്നങ്ങളും ബലിപീഠത്തിനു മുന്നില്‍ അടിയറവച്ച് സ്വസ്ഥരാവാന്‍ കഴിയുന്ന ജോസഫ്മാരും അവരുടെ തോളോടുചേര്‍ന്ന് ഒരേ സ്വപ്നം കാണുന്ന മറിയമാരും ചേര്‍ന്ന് കാക്കട്ടെ നമ്മുടെ ഉണ്ണികളെ.

അവര്‍ക്കെന്നെന്നും സ്തുതിയായിരിക്കട്ടെ. ആമേന്‍.

Leave a Comment

*
*