അമേരിക്കന്‍ സഭ ട്രംപിനോടുള്ള നിലപാടുകള്‍ വ്യക്തമാക്കുന്നു

അമേരിക്കന്‍ സഭ ട്രംപിനോടുള്ള നിലപാടുകള്‍ വ്യക്തമാക്കുന്നു

സെദ്രിക് പ്രകാശ് എസ്.ജെ.

അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേറ്റ ഡൊണാള്‍ഡ് ട്രംപിന്‍റെ അഭയാര്‍ത്ഥി/കുടിയേറ്റ/മുസ്ലീം വിരുദ്ധ സമീപനങ്ങള്‍ക്കെതിരായ നിലപാട് അമേരിക്കന്‍ കത്തോലിക്കാസഭ ഇപ്പോള്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ തന്നെ ട്രംപിന്‍റെ വിവാദപരമായ പ്രസ്താവനകളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിമര്‍ശിച്ചിരുന്നു. മെക്സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മ്മാണം, ചില രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു വിസ നിഷേധം, അഭയാര്‍ത്ഥിനിരോധനം തുടങ്ങിയ നടപടികള്‍ ട്രംപ് നടപ്പാക്കാന്‍ തുടങ്ങിയതോടെ സഭാനേതാക്കള്‍ അവയ്ക്കെതിരെ രംഗത്തു വരാനും തുടങ്ങി. ഇറാഖ്-സിറിയ പ്രദേശത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ അക്രമങ്ങള്‍ക്ക് അവിടത്തെ ക്രൈസ്തവരും ന്യൂനപക്ഷങ്ങളും ഇരകളാകുന്നതിനെതിരെ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ഇടപെടല്‍ സഭ എന്നും അഭ്യര്‍ത്ഥിക്കുന്നുണ്ട്. അവിടത്തെ ക്രൈസ്തവര്‍ക്കു സാദ്ധ്യമായ സഹായങ്ങള്‍ എത്തിച്ചു നല്‍കാനും സഭ ശ്രമിക്കുന്നു. പക്ഷേ, മതവിശ്വാസത്തിന്‍റെ പേരില്‍ ഒരു വിഭാഗം മനുഷ്യര്‍ക്കെതിരെ വിവേചനം പുലര്‍ത്തുന്നതിനെ അനുകൂലിക്കാന്‍ ഇതൊരു കാരണമാകുന്നില്ല. അങ്ങനെ ചെയ്യുമ്പോള്‍ ഭീകരവാദികള്‍ ചെയ്യുന്നതുമായി എന്തു വ്യത്യാസം എന്ന ചോദ്യം ഉയര്‍ന്നു വരികയും ചെയ്യും.
അഭയാര്‍ത്ഥികള്‍ക്കുവേണ്ടി ലോകമെങ്ങും വിപുലമായ സേവനം ചെയ്യുന്ന സഭാവിഭാഗമാണ് ഈശോസഭയുടെ ജെസ്യൂട്ട് റെഫ്യൂജി സര്‍വീസ്. അഭയാര്‍ത്ഥിസേവനത്തില്‍ കര്‍മ്മനിരതരായിരിക്കുന്നതുകൊണ്ടു തന്നെ അഭയാര്‍ത്ഥികള്‍ക്കെതിരായ ട്രംപിന്‍റെ നടപടികളെ അവര്‍ക്ക് എതിര്‍ക്കാതിരിക്കാനാവില്ല. അമേരിക്കയിലെ ഈശോസഭാ യൂണിവേഴ്സിറ്റികളും ട്രംപിന്‍റെ വിവാദനടപടികള്‍ക്കെതിരെ രംഗത്തു വന്നിരിക്കുന്നു. ഇതു വിശദീകരിക്കുകയാണ്, ഗുജറാത്തിലെ മനുഷ്യാവകാശപ്രവര്‍ത്തകനും ഈശോസഭാംഗവുമായ ഫാ. സെദ്രിക് പ്രകാശ് എസ് ജെ. ഇപ്പോള്‍ ലെബനോനില്‍ ജെ.ആര്‍.എസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന അദ്ദേഹം, ട്രംപ് വിഷയത്തില്‍ അമേരിക്കയിലെ ഈശോസഭ സ്വീകരിക്കുന്ന നിലപാടുകളാണ് വിശദീകരിക്കുന്നതെങ്കിലും കത്തോലിക്കാസഭയുടെ പൊതുവായ സമീപനം തന്നെയാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്.

അമേരിക്കയെ സംബന്ധിച്ചും ലോകത്തിലെ നല്ലൊരു ഭാഗത്തെ സംബന്ധിച്ചും സംഘര്‍ഷാത്മകമാണ് ഇക്കാലം. യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് തന്‍റെ തിരഞ്ഞെടുപ്പു വാഗ്ദാനങ്ങള്‍ നടപ്പാക്കാനാരംഭിച്ചിരിക്കുന്നു. സ്ഥാനാരോഹണം കഴിഞ്ഞ് വെറും പത്തു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ വിവാദപരമായ നിരവധി ഉത്തരവുകളില്‍ അദ്ദേഹം ഒപ്പുവച്ചു. അഭയാര്‍ത്ഥി പദ്ധതി 120 ദിവസം റദ്ദാക്കിയതും ഏഴു രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് അമേരിക്കയിലേയ്ക്ക് 90 ദിവസത്തെ യാത്രാവിലക്കേര്‍പ്പെടുത്തിയതുമാണ് അതില്‍ ചിലത്. ഭീകരകേന്ദ്രങ്ങളെന്നാരോപിച്ച് ഇറാഖ്, ഇറാന്‍, സിറിയ, ലിബിയ, യെമന്‍, സോമാലിയ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണു വിലക്ക്. മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മാണം, "അന്യരുടെ കുറ്റകൃത്യങ്ങള്‍" ഓരോ ആ ഴ്ചയും പ്രസിദ്ധപ്പെടുത്തുക തുടങ്ങിയവയും ഇതില്‍ പെടുന്നു. സമൂഹത്തില്‍ നിരവധി ധ്രുവീകരണങ്ങള്‍ക്ക് ഇതിടയാക്കിയിട്ടുണ്ട്. അമേരിക്കയിലും പുറത്തും ഇതിനെതിരെ വന്‍ ബഹുജന പ്രതിഷേധങ്ങളും നടന്നു വരുന്നു. മനുഷ്യാവകാശങ്ങളോടും നീതിയോടും സ്വാതന്ത്ര്യത്തോടും സമാധാനത്തോടും പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളും പൊതുസമൂഹവും ഈ ഉത്തരവുകളെ നിയമവിരുദ്ധവും ക്രൂരവും വഴിതെറ്റിയതും ആയി കാണുന്നു.
അമേരിക്കന്‍ കത്തോലിക്കാസഭ ഈ വിഷയത്തില്‍ സ്വന്തം നിലപാടു വ്യക്തമാക്കാന്‍ മടിച്ചിട്ടില്ല. അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടി സുധീരവും അസന്ദിഗ്ധവും ആയ നിലപാടുകള്‍ എടുത്തിട്ടുള്ള ചരിത്രമാണ് അമേരിക്കന്‍ ജെസ്വീട്ട് സഭാ സമൂഹത്തിനു വിശേഷിച്ചുമുള്ളത്. തിരഞ്ഞെടുപ്പു ഫലം വന്ന് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ജെസ്യൂട്ട് റെ ഫ്യൂജി സര്‍വീസ്, അമേരിക്കയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ലിയോ ജെ ഡോണോവന്‍ ഇക്കാര്യം വിശദീകരിച്ചിരുന്നു. "ഈ സാഹചര്യത്തോട് ജെആര്‍ എസ്/യുഎസ്എ എങ്ങനെയാണു പ്രതികരിക്കേണ്ടത്? നമുക്കു മുമ്പില്‍ പ്രത്യക്ഷമാകുന്ന ഭീതിയോടും സ്വാര്‍ത്ഥതയോടും അനുകമ്പരാഹിത്യത്തോടും നാം എപ്രകാരം പ്രതികരിക്കണം? അമേരിക്കയിലും ലോകമെമ്പാടുമുള്ള അഭയാര്‍ത്ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരെ അനുയാത്ര ചെയ്യാനും സേവിക്കാനുമുള്ള ജെആര്‍എസിന്‍റെ പ്രതിബദ്ധതയെ ശക്തിപ്പെടുത്താന്‍ മാത്രമാണ്, അമേരിക്കയില്‍ നടന്ന വിഭാഗീയത വളര്‍ത്തിയ തിരഞ്ഞെടുപ്പു പ്രചാരണവും അതിന്‍റെ അത്ഭുതകരമായ ഫലവും സഹായിക്കുക എന്ന് ഞാന്‍ വ്യക്തമാക്കിക്കൊള്ളട്ടെ. ഈ പ്രതിബദ്ധത പരമമാണ്. എല്ലാവരും ദൈവത്തിന്‍റെ മക്കളാണെന്നും എല്ലാവരും തുല്യാന്തസ്സോടെ ഒരേ കുടുംബാംഗങ്ങളെന്ന നിലയില്‍ പരസ്പരം ബന്ധപ്പെട്ടവരാണെന്നുമുള്ള സഭാപ്രബോധനത്തിന്‍റെ അടിത്തറയിന്മേലാണ് അതു നിലകൊള്ളുന്നത്. ഈ സാഹചര്യത്തില്‍, ഏറ്റവും നിരാലംബരായ ഈ ജനങ്ങള്‍ക്ക് സൗഖ്യവും സഹയാത്രയും വിദ്യാഭ്യാസവും നല്‍കാനും അവര്‍ക്കായി സംസാരിക്കാനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത അചഞ്ചലമായി തുടരുന്നു. അനിശ്ചിതത്വത്തിന്‍റെ ഈ സമയത്ത് ഇതു കൂടുതല്‍ പ്രധാനമാകുന്നു."
ട്രംപിന്‍റെ സ്ഥാനാരോഹണ ദിവസം തന്നെ ഫാ. ഡോണോവന്‍ അദ്ദേഹത്തിന് ഒരു തുറന്ന കത്ത് അയച്ചിരുന്നു. "നവാഗതര്‍ക്കു നമ്മുടെ രാജ്യം നല്‍കുന്ന സ്വാഗതമാണ് ഒരു ജനതയെന്ന നിലയില്‍ നാമാരാണെന്നു വെളിപ്പെടുത്തുന്നത്. മര്‍ദ്ദനങ്ങളില്‍ നിന്ന് അഭയം തേടാന്‍ അഭയാര്‍ത്ഥികള്‍ക്കുള്ള അവകാശങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധതയുടെ അടയാളമാണത്. നമുക്കിടയിലെ അപരിചിതരെ, വിശേഷിച്ചും അപകടത്തില്‍പെട്ടിരിക്കുന്നവരെ സ്വാഗതം ചെയ്യണമെന്ന യഹൂദ, ക്രിസ്ത്യന്‍ സുവിശേഷങ്ങളിലെ ആഹ്വാനത്തോടു പ്രതികരിക്കാനുള്ള ഞങ്ങളുടെ ആഗ്രഹത്തെയും അതു പ്രതിഫലിപ്പിക്കുന്നു. എല്ലാ സ്ത്രീപുരുഷന്മാര്‍ക്കും പൊതുവായ ഒരു മനുഷ്യാന്തസ്സ് ഉണ്ട്. വിശ്വാസത്തിന്‍റെ കണ്ണില്‍ എല്ലാവരും സ്നേഹവാനായ ഒരേ സ്രഷ്ടാവിന്‍റെ മക്കളാണ്." ഈ കത്ത് ഒരു വെല്ലുവിളിയുമായിരുന്നു, "മനുഷ്യവംശത്തി ന്‍റെ അവസാനത്തെ മികച്ച പ്രത്യാശ എന്ന ഖ്യാതിയാണ് അഭയാര്‍ത്ഥികളോടുള്ള പ്രതികരണത്തിലെ ഉദാരതയില്‍ നിന്ന് അമേരിക്കയ്ക്കുണ്ടായിരുന്നത്. നമ്മുടെ ഉന്നത ധാര്‍മ്മികമൂല്യങ്ങളെയും അതു പ്രകാശിപ്പിക്കുന്നു." ഒരു അഭ്യര്‍ത്ഥനയോടെയാണ് അത് അവസാനിപ്പിച്ചത്, "അമേരിക്കയെ വീണ്ടും മഹത്രാജ്യമാക്കും എന്ന താങ്കളുടെ വാഗ്ദാനം നിറവേറ്റുന്നതിനുള്ള നടപടികളെ കുറിച്ച് ആലോചിക്കുമ്പോള്‍ നീതിനിഷ്ഠവും മാനവീകവുമായ അമേരിക്കന്‍ അഭയാര്‍ത്ഥി സഹായത്തിന്‍റെ അടിത്തറയായി നില്‍ക്കുന്ന ഹൃദയമഹത്ത്വത്തെ കുറിച്ച് ഓര്‍ ക്കുക. സ്വഭവനങ്ങളില്‍ നിന്നു പുറത്താകുവാന്‍ നിര്‍ബന്ധിതരായ മനുഷ്യരോട് താങ്കള്‍ മഹാമനസ്കതയോടെ പ്രതികരിക്കുന്നതു കാണാനാണ് നമ്മുടെ രാജ്യവും ലോകവും കാത്തിരിക്കുന്നത്."
ഈശോസഭ അമേരിക്കയില്‍ നിരവധി യൂണിവേഴ്സിറ്റികള്‍ നടത്തുന്നുണ്ട്. അവയില്‍ ചിലത് വളരെ പ്രമുഖവുമാണ്. പ്രസിഡന്‍റിന്‍റെ വിവാദ ഉത്തരവുകളെ തുടര്‍ന്ന് സുവിശേഷമൂല്യങ്ങളോടും ജെസ്യൂട്ട് തനിമയോടും മനുഷ്യാവകാശങ്ങളോടും എല്ലാവരേയും സ്വാഗതം ചെയ്യുന്ന വൈവിധ്യപൂര്‍ണമായ അമേരിക്കന്‍ സമൂഹത്തോടുമുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു വ്യക്തമാക്കുന്ന പ്രസ്താവനകള്‍ ഏതാണ്ടെല്ലാ ജെസ്യൂട്ട് യൂണിവേഴ്സിറ്റികളും പുറപ്പെടുവിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റി അദ്ധ്യക്ഷന്‍റെ പ്രസ്താവന നോക്കുക: ഞങ്ങളുടെ ഒന്നിച്ചുള്ള ജീവിതത്തിന് അടിത്തറ പാകുന്നത് ഞങ്ങളുടെ കത്തോലിക്കാ, ജെസ്യൂട്ട് വ്യക്തിത്വമാണ്. ഈ ദൗത്യബോധം വഴികാട്ടുന്നതനുസരിച്ച്, മതാന്തരസംഭാഷണത്തിനും ഇതര മതപാരമ്പര്യങ്ങളോടുള്ള തുറവിനും ഞങ്ങള്‍ സവിശേഷമായ ഊന്നലേകുന്നുണ്ട്. ക്യാംപസില്‍ സജീവമായ ഒരു മുസ്ലീം സമൂഹമുണ്ടായിരിക്കുന്നതിനെ ഞങ്ങള്‍ പിന്തുണയ്ക്കുന്നതും ഇതിന്‍റെ ഭാഗമാണ്."
ബോസ്റ്റണ്‍ കോളേജ് അദ്ധ്യക്ഷന്‍ വളരെ വ്യക്തമായി പറഞ്ഞു, "ഒരു അഭയരാഷ്ട്രമെന്ന നിലയിലുള്ള ഈ രാജ്യത്തിന്‍റെ ദൗത്യത്തെക്കുറിച്ചുള്ള അമേരിക്കന്‍ ധാരണകള്‍ക്കും മതത്തിന്‍റെയോ ജന്മനാടിന്‍റെയോ അടിസ്ഥാനത്തിലുള്ള വിവേചനം നടത്താത്ത ഒരു സമൂഹമെന്ന നിലയിലുള്ള സ്ഥാനത്തിനും വിരുദ്ധമാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്ന ഉത്തരവുകള്‍."
മാര്‍ക്വെറ്റ് യൂണിവേഴ്സിറ്റി വ്യക്തമാക്കുന്നു: "യൂറോപ്പിലെ പരാജിത വിപ്ലവങ്ങളില്‍ നിന്നു രക്ഷ തേടിയും ജനാധിപത്യവും മനുഷ്യാവകാശങ്ങളും കരസ്ഥമാക്കാനും അമേരിക്കയിലേയ്ക്കു വന്ന ജര്‍മ്മന്‍ ജനതയെ 135 വര്‍ഷം മുമ്പ് മാര്‍ക്വെറ്റ് യൂണിവേഴ്സിറ്റി സേവിച്ചു. ഇപ്പോള്‍ തുറന്നു സംസാരിക്കാന്‍ ഞങ്ങളുടെ കത്തോലിക്കാ-ജെസ്യൂട്ട് വ്യക്തിത്വം ഞങ്ങളെ പ്രേരിപ്പിക്കുന്നു. ഞങ്ങള്‍ ഞങ്ങളുടെ അന്താരാഷ്ട്ര വിദ്യാര്‍ത്ഥി സമൂഹത്തോടൊപ്പവും ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളാല്‍ സഹനമനുഭവിക്കുന്ന കുടുംബങ്ങളുള്ള മറ്റു വിദ്യാര്‍ത്ഥികള്‍ക്കൊപ്പവും ഞങ്ങള്‍ നിലയുറപ്പിക്കുന്നു."

കാനഡയിലെയും അമേരിക്കയിലെയും ജെസ്യൂട്ട് കോണ്‍ഫറന്‍സിന്‍റെ പ്രസ്താവനയും സംശയങ്ങള്‍ക്കതീതമായിരുന്നു, "അഭയാര്‍ത്ഥികളെ തടയുകയും ഏഴു രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യരെ നിരോധിക്കുകയും ചെയ്യുന്ന ട്രംപ് ഭരണകൂടത്തിന്‍റെ ഉത്തരവുകളെ, അനുകമ്പയും മനഃസാക്ഷിയും രൂപപ്പെടുത്താന്‍ യത്നിക്കുന്ന ഒരു ആഗോള സന്യാസസഭയുടെ അംഗങ്ങളെന്ന നിലയില്‍ ഞങ്ങള്‍ അപലപിക്കുന്നു. ഞങ്ങളുടെ ദൗത്യത്തിനും അമേരിക്കന്‍, ക്രൈസ്തവമൂല്യങ്ങള്‍ക്കും എതിരാണ് ഈ ഉത്തരവുകള്‍. മുസ്ലീങ്ങളായാലും ക്രൈസ്തവരായാലും ദൈവത്തിന്‍റെ എല്ലാ മക്കള്‍ക്കുമൊപ്പം നിലയുറപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനം ഞങ്ങള്‍ തുടരും. ലോകം വലിയ പ്രശ്നത്തിലാണ്. നമ്മുടെ അനേകം സഹോദരങ്ങള്‍ വളരെയധികം ഭീതിയിലാഴ്ന്നിരിക്കുന്നു. അപരിചിതരെ സ്വാഗതം ചെയ്യാനും വി വിധ വിശ്വാസപാരമ്പര്യങ്ങളെയും സംസ്കാരങ്ങളെയും തുറവോടും പരസ്പരധാരണയോടും കൂടി സമീപിക്കാനും ഞങ്ങളുടെ കത്തോലിക്കാ, ജെസ്യൂട്ട് പാരമ്പര്യം ഞങ്ങളെ പ്രേരിപ്പിക്കുന്നു. നാം ഭയത്തിനു കീഴ്പ്പെടരുത്. നാം മനുഷ്യാവകാശങ്ങളും മതസ്വാതന്ത്ര്യവും സംരക്ഷിക്കുന്നതു തുടരണം. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതുപോലെ, ഒരു ക്രിസ്ത്യാനിയെ പോലെ ജീവിക്കാതെ നിങ്ങള്‍ക്കൊരു ക്രിസ്ത്യാനിയെന്നു പറയാനാവില്ല."
ട്രംപിന്‍റെ വിവാദ ഉത്തരവുകള്‍ക്കെതിരെ സംസാരിക്കുന്നത് അമേരിക്കയിലെ ഈശോസഭക്കാര്‍ മാത്രമല്ല. മറ്റു നിരവധി സഭാ, മത നേതാക്കളും വിദ്യാഭ്യാസ ചിന്തകരും ബുദ്ധിജീവികളും അഭിഭാഷകരും പൗരാവകാശ പ്രസ്ഥാനങ്ങളും കോര്‍പ്പറേറ്റ് മേധാവികളും സാധാരണക്കാരും ഇതു പറയുന്നുണ്ട്.
ഈശോസഭക്കാരെ സംബന്ധിച്ച് അടുത്തിടെ നടന്ന അവരുടെ പൊതുസമ്മേളനത്തിന്‍റെ നിലപാടും ഇതിനു പ്രേരണ നല്‍കുന്നു, "അനുരഞ്ജനത്തെ കുറിച്ചുള്ള ഫാദര്‍ ജനറല്‍ അഡോള്‍ഫോ നിക്കോളാസിന്‍റെ കത്തും ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രബോധനവും ഈ ദര്‍ശനത്തിന് കൂടുതല്‍ ആഴം നല്‍കുന്നു. ദരിദ്രരും നിഷ്കാസിതരുമായ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യവും വിശ്വാസവും നീതിയും അനുരഞ്ജനദൗത്യത്തിന്‍റെ കേന്ദ്ര സ്ഥാനത്തു പ്രതിഷ്ഠിക്കുന്നതാണ് ഈ കത്തും പ്രബോധനവും. നാം എന്തു ചെയ്യണം എന്നു ചോദിക്കുന്നതിനേക്കാള്‍ ഈ മഹാദൗത്യത്തിലേയ്ക്ക് ദൈവം നമ്മെ ക്ഷണിക്കുന്നതെങ്ങനെയെന്നു മനസ്സിലാക്കുകയാണു നാം ചെയ്യേണ്ടത്."
അഭയാര്‍ത്ഥികളും കുടിയേറ്റക്കാരും ഭവനരഹിതരും പോലെയുള്ളവരെ കുറിച്ച് ഈ രേഖ വ്യ ക്തമാക്കുന്നു, "ഇത്തരം മനുഷ്യരോടുള്ള ശത്രുതാപരമായ സമീപനത്തിന്‍റെ മുമ്പില്‍ ആതിഥ്യത്തിന്‍റെ കൂടുതല്‍ ഉദാരമായ സംസ്കാരം എല്ലായിടത്തും വളര്‍ത്താന്‍ നമ്മുടെ വിശ്വാസം നമ്മെ ആഹ്വാനം ചെയ്യുന്നു. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള സേവനം വളര്‍ത്തേണ്ടതിന്‍റെ ആവശ്യകത ഈ സമ്മേളനം തിരിച്ചറിയുന്നു."
അമേരിക്കന്‍ ജെസ്യൂട്ട്സിന്‍റെ ഈ നിലപാട് ഈ ഉത്തരവുകളിന്മേല്‍ എന്തു സ്വാധീനമാണു ചെലുത്തുക എന്നത് ഊഹാതീതമാണ്. ട്രംപിന്‍റെ അടുത്ത സഹപ്രവര്‍ത്തകരില്‍ ചിലര്‍ ജെസ്യൂട്ട് സ്ഥാപനങ്ങളില്‍ പഠിച്ചവരാണ്. ക്രൈസ്തവരാണെന്നു സ്വയം പരസ്യമായി അവകാശപ്പെടുന്ന മറ്റു ചിലരുമുണ്ട്. അവരുടെ ഹൃദയമലിയുമോ? മനസാക്ഷിക്കുത്തുണ്ടാകുമോ? ക്രൈസ്തവമല്ലാത്ത ഈ നിലപാടില്‍ നിന്ന് അവര്‍ താഴെയിറങ്ങുമോ? ദുഷ്കരമായ ചോദ്യങ്ങളാണ്. പക്ഷേ ഉത്തരങ്ങള്‍ ലോകത്തിനറിയണം. മറുവശത്ത്, ഈ നിലപാടിന്‍റെ പ്രത്യാഘാതങ്ങള്‍ ഈശോസഭക്കാര്‍ നേരിടേണ്ടി വരുമോ? അമേരിക്കന്‍ ജെസ്യൂട്ടുക ളും അവരുടെ സഹകാരികളും ഏതായാലും അവരുടെ പ്രതിബദ്ധവും ധീരവുമായ നിലപാടിലടെ അമേരിക്കയ്ക്കും ലോകത്തിനും, വിശേഷിച്ചും അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും പുറംതള്ളപ്പെട്ടവര്‍ക്കും പൂര്‍ണഹൃദയത്തോടെയുള്ള ഒരുറപ്പ് ഇതിനകം കൊടുത്തിട്ടുണ്ട്: "എന്തു സംഭവിച്ചാലും ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പം നില്‍ക്കും!" ഒരു പുതിയ പ്രത്യാശ! ലോകത്തിനാകെയും ഒരു മാതൃക!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org