പൂര്‍വ്വിക പാപങ്ങളും ശിക്ഷയും

പൂര്‍വ്വിക പാപങ്ങളും ശിക്ഷയും

സുനില്‍ ഞാവളളി

'ഞങ്ങളോ, ഞങ്ങളുടെ പൂര്‍വികരോ, ബന്ധുമിത്രാദികളോ, ചെയ്തുപോയ തെറ്റുകള്‍ക്ക് ഞങ്ങളേയോ ഞങ്ങളുടെ സന്തതി പരമ്പരകളേയോ ശിക്ഷിക്കരുതേ…'
നമ്മുടെ പ്രാര്‍ത്ഥനകളില്‍ സാധാരണയായി ചൊല്ലുന്ന ഒരപേക്ഷ.
ദൈവത്തോടുള്ള ഭക്തന്റെ ഏറ്റവും ദയനീയമായ യാചന.
ഒറ്റ നോട്ടത്തില്‍ തികച്ചും നിഷ്‌ക്കളങ്കമായ ഒരപേക്ഷ. എന്നാല്‍ തികച്ചും ക്രൈസ്തവ വിരുദ്ധമായ ഒരു പ്രാര്‍ത്ഥനയാണിത്.
'എന്തെന്നാല്‍, ഞാന്‍, നിന്റെ ദൈവമായ കര്‍ത്താവ്, അസഹിഷ്ണുവായ ദൈവമാണ്. എന്നെ വെറുക്കുന്ന പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്ക് അവരുടെ മക്കളെ മൂന്നും നാലും തലമുറവരെ ഞാന്‍ ശിക്ഷിക്കും' (പുറപ്പാട് 20:5) എന്നു നാം വായിക്കുന്നു. ഇതു തന്നെ 'എന്നാല്‍, കുറ്റവാളിയുടെ നേരെ കണ്ണടയ്ക്കാതെ പിതാക്കന്മാരുടെ കുറ്റങ്ങള്‍ക്കു മക്കളേയും മക്കളുടെ മക്കളേയും മൂന്നും നാലും തലമുറയോളം ശിക്ഷിക്കുന്നവന്‍' (പുറപ്പാട് 34:7) എന്നാവര്‍ത്തിക്കുന്നുമുണ്ട്.
സംഖ്യയുടെ പുസ്തകം പതിനാലാം അധ്യായം പതിനെട്ടാം വാക്യത്തില്‍ 'എന്നാല്‍ കുറ്റക്കാരനെ വെറുതെ വിടാതെ, പിതാക്കന്‍മാരുടെ അകൃത്യങ്ങള്‍ക്കു മക്കളെ മൂന്നും നാലും തലമുറവരെ ശിക്ഷിക്കുന്നവനുമാണെന്ന് അങ്ങ് അരുളിച്ചെയ്തിട്ടുണ്ടല്ലോ'യെന്ന് മോശ കര്‍ത്താവിനോട് പറയുന്നുമുണ്ട്. 'എന്തെന്നാല്‍, നിന്റെ ദൈവവും കര്‍ത്താവുമായ ഞാന്‍ എന്നെ വെറുക്കുന്നവരുടെ മൂന്നും നാലും തലമുറകള്‍വരെയുള്ള മക്കളെ അവരുടെ പിതാക്കന്മാരുടെ തിന്മ മൂലം ശിക്ഷിക്കുന്ന അസഹിഷ്ണുവായ ദൈവമാണ്' (നിയമ. 5:9) എന്നും തറപ്പിച്ചു പറയുന്നുണ്ട്.
പഴയ നിയമ ഗ്രന്ഥങ്ങളില്‍ പലയിടത്തും ഇതേ ആശയം നല്‍കുന്ന സൂചനകള്‍ ഉണ്ട്.
ദൈവം പ്രത്യേകമായി തെരഞ്ഞെടുത്ത് പരിപാലിക്കുന്നവരായിട്ടും അതെല്ലാം തരം പോലെ മറന്ന് അവിശ്വസ്തരായ ദൈവത്തിന്റെ സ്വന്തം ജനത. ദൈവവുമായി ഉടമ്പടിയിലേര്‍പ്പെട്ടവര്‍, അതിനൊത്ത വിശുദ്ധി ജീവിതത്തില്‍ പാലിക്കാതിരിക്കുകയും ഈജിപ്തിലെ അടിമത്വത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് നേതൃത്വം നല്‍കിയ മോശയ്‌ക്കെതിരെയും എന്തിനേറെ ദൈവത്തെത്തന്നെയും നിന്ദിക്കുകയും ചെയ്യുന്നത് സംഖ്യയിലും നിയമാവര്‍ത്തനത്തിലും കാണാം.


അടിസ്ഥാനപരമായി ഇസ്രായേല്‍ ജനത ഗോത്ര സമൂഹമാണെന്ന കാര്യം വിസ്മരിക്കരുത്. പല ഗോത്രങ്ങളും ഗോത്രപിതാക്കന്മാരുമുള്ള ഒരു സമൂഹത്തിന് സംഭവിക്കാവുന്ന ദുരന്തമാണിത്. ചിന്തകള്‍ വ്യത്യസ്തമെന്നതു പോലെ പ്രവൃത്തികളും വ്യത്യസ്തമായിരിക്കും.
കുട്ടികള്‍ വഴി തെറ്റാതിരിക്കാന്‍ മുതിര്‍ന്നവര്‍ ചെയ്യുന്നതു പോലെ പേടിപ്പിച്ചു നിര്‍ത്തുകയെന്ന നയം പ്രവാചകരിലൂടെയോ അല്ലാതെയോ പഴയ നിയമം ചിലപ്പൊഴെങ്കിലും പിന്തുടരുന്നുണ്ട്. സ്വന്തം മക്കളായതിനാല്‍ അ ത്ഹിതകരവുമാണ്.
പക്ഷെ ഇത്തരം വാദങ്ങളെ പഴയ നിയമം തന്നെ ഖണ്ഡിക്കുന്നുമുണ്ട്. എസെക്കിയേലിന്റെ പുസ്തകം പതിനെട്ടാം അധ്യായം മുഴുവനായും ഈ വിഷയത്തെ വിചാരണ ചെയ്യുന്നുണ്ട്. 'കര്‍ത്താവ് എന്നോട് അരുളി ചെയ്തു. പിതാക്കന്മാര്‍ പുളിക്കുന്ന മുന്തിരിങ്ങ തിന്നു, മക്കളുടെ പല്ലു പുളിച്ചു എന്ന് ഇസ്രായേല്‍ ദേശത്തെക്കുറിച്ചുള്ള പഴമൊഴി നിങ്ങള്‍ ഇപ്പോഴും ആവര്‍ത്തിക്കു ന്നതെന്തിന്? ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാനാണേ, ഈ പഴമൊഴി ഇനിയൊരിക്കലും ഇസ്രായേലില്‍ നിങ്ങള്‍ ആവര്‍ത്തിക്കുകയില്ല. എല്ലാവരുടേയും ജീവന്‍ എന്റേതാണ്' (എസെ 18: 1-4) തുടര്‍ന്ന് എസെക്കിയേല്‍ പ്രവാചകന്‍ ഈ വിഷയം വിശകലനം തുടരുന്നു. 'പിതാവിന്റെ ദുഷ്ടതകള്‍ക്കുള്ള ശിക്ഷ പുത്രന്‍ അനുഭവിക്കാത്തതെന്ത് എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. പുത്രന്‍ നിയമാനുസൃതവും ന്യായപ്രകാരവും വര്‍ത്തിക്കുകയും എന്റെ കല്‍പ്പനകള്‍ അനുസരിക്കുകയും ചെയ്താല്‍ അവന്‍ തീര്‍ച്ചയായും ജീവിക്കും. പാപം ചെയ്യുന്നവന്‍ മാത്രമായിരിക്കും മരിക്കുക. പുത്രന്‍ പിതാവിന്റെ തിന്മകള്‍ക്കു വേണ്ടിയോ പിതാവ് പുത്രന്റെ തിന്മകള്‍ക്കു വേണ്ടിയോ ശിക്ഷിക്കപ്പെടുകയില്ല.
'നീതിമാന്‍ തന്റെ നീതിയുടെ ഫലവും ദുഷ്ടന്‍ തന്റെ ദുഷ്ടത യുടെ ഫലവും അനുഭവിക്കും' (എസെ 18:19-20) എന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നുണ്ട്.
അവനവന്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ക്ക് അവനവന്‍ തന്നെയനുഭവിക്കുമെന്ന ഭാരതീയ ചിന്ത ഇവിടെ ചേര്‍ന്നു വരുന്നു.
യേശുക്രിസ്തുവിന്റെ വരവോടെ പഴയ നിയമം പുതിയ നിയമത്തിന് വഴിമാറുകയാണ്. അഥവാ പഴയ നിയമം പുതിയ നിയമത്തില്‍ ലയിക്കുകയാണ്. ആ ലയനം വിപ്ലവകരമായ വ്യതിചലനവുമാണ്. പഴയ നിയമ ചിന്തകളെ പൊളിച്ചെഴുതുകയാണ്, നവീകരിക്കുകയാണ്, യേശു ചെയ്യുന്നത്.
ദൈവം സ്‌നേഹമാണെന്ന് യേശു പഠിപ്പിച്ചു.
ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെയും കരുണയുടേയും കൃ പാനിധിയാണ് ദൈവം.
അതുവരെ നിലനിന്നിരുന്ന പല ചിന്താരീതികളെയും യേശു തിരുത്തി. മലയിലെ പ്രസംഗം യേശുവചനങ്ങളുടെ സൂര്യപ്രഭയാര്‍ന്ന പൂര്‍ണതയാണ്.
'കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്നു പറഞ്ഞിട്ടുള്ളതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ദുഷ്ടനെ എതിര്‍ക്കരുത്. വലതു കരണത്തടിക്കുന്നവന് മറ്റേ കരണംകൂടി കാണിച്ചു കൊടുക്കുക' (മത്താ. 5:38-39) തുടങ്ങി 'ശത്രുക്കളെ സ്‌നേഹിക്കുവിന്‍' തുടങ്ങിയ പ്രബോധനങ്ങളിലൂടെ കടന്നുപോകുമ്പോള്‍, ഹമുറാബിയുടെ നിയമസംഹിതകളേ മാത്രമല്ല, അതുവരെയുണ്ടായിരുന്ന 'ലോകത്തിന്റെ' ധാരണകളെ മുഴുവന്‍ പൊളിച്ചെഴുതുകതന്നെയാണ് യേശു ചെയ്തത്.
അവസാനം കുരിശിലെ ആത്മത്യാഗത്തിലൂടെ, ഉത്ഥാനത്തിലൂടെ, യേശു ദൈവവും കര്‍ത്താവുമാണെന്ന് വെളിപ്പെടുമ്പോള്‍; പറയുന്നതു തന്നെയാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അവിടുന്ന് ലോകത്തിന് കാണിച്ചു തരികയായിരുന്നു.
യേശു പഠിപ്പിച്ച ദൈവം, പ്രതികാരം ചെയ്യുന്നവനല്ല.
പാപികളെ തേടി വന്നവന്‍. പശ്ചാത്തപിക്കുന്നവനെ നെഞ്ചോടു ചേര്‍ക്കുന്നവന്‍.
യേശു പ്രഘോഷിച്ച ദൈവരാജ്യം മാനസാന്തരപ്പെടുന്നവരുടേ താണ്.
കാര്യങ്ങള്‍ ഇങ്ങനെയായിരിക്കേ ഒരാള്‍ ചെയ്ത തെറ്റുകള്‍ക്ക് അയാളുടെ സന്തതി പരമ്പരകളെ ദൈവം ശിക്ഷിക്കുമോ? ക്രിസ്തു പഠിപ്പിച്ച ദൈവവും വിജാതിയ ദൈവങ്ങളും തമ്മിലുള്ള വ്യത്യാസമെന്താണ്?
'അവന്‍ കടന്നു പോകുമ്പോള്‍, ജന്മനാ അന്ധനായ ഒരുവനെ കണ്ടു, ശിഷ്യന്മാര്‍ യേശുവിനോടു ചോദിച്ചു: റബ്ബീ, ഇവന്‍ അന്ധനായി ജനിച്ചത് ആരുടെ പാപം നിമിത്തമാണ്, ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടേയോ?'
യേശു മറുപടി പറഞ്ഞു: 'ഇവന്റെയോ ഇവന്റെ മാതാപിതാക്കന്മാരുടേയോ പാപം നിമിത്തമല്ല, പ്രത്യുത ദൈവത്തിന്റെ പ്രവൃത്തികള്‍ ഇവനില്‍ പ്രകടമാകേണ്ടതിനാണ്' (യോഹ 9, 1-3). ഇതു പറഞ്ഞ് 'ലോകത്തിന്റെ പ്രകാശ'മായവന്‍ അവനു കാഴ്ച നല്‍കുകയാണ്.
സുവിശേഷകന്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം കാര്യങ്ങള്‍ വ്യക്തമാക്കുന്നു. ഒരു രോഗവും പീഡകളും വ്യാധികളും വൈകല്യങ്ങളും ദൈവത്തില്‍ നിന്നല്ല.
രോഗവും കഷ്ടപ്പാടുകളും പാപത്തിന്റെ ഫലമാണെന്ന് യഹൂദര്‍ വിശ്വസിച്ചിരുന്നു. യഹൂദ റബ്ബിമാര്‍ അപ്രകാരം പഠിപ്പിച്ചിരുന്നു.
കര്‍മ്മഫലവും പുനര്‍ജന്മവും ഹൈന്ദവ വിശ്വാസത്തില്‍ മുഖ്യമാണ്. മനുഷ്യര്‍ അനുഭവിക്കുന്ന ഏതു തരത്തിലുള്ള യാതനകളും മുജ്ജന്മ പാപഫലമാണെന്നും അതനുസരിച്ച് പുനര്‍ജന്മം നരനോ നരിയോ പുഴുവോ ആയി മാറാമെന്നും ഹൈന്ദവര്‍ വിശ്വസിക്കുന്നു.
പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കുന്ന, തികച്ചും യുക്തിഭദ്രമാണെന്ന ഒരു തോന്നല്‍ ഈ ചിന്തയില്‍ ഉണ്ട്. എന്നാല്‍ ദൈവ ത്തിന്റെ കൃപയ്ക്ക് ഇവിടെ പ്രസക്തിയില്ല.
ആരുടെ പാപം നിമിത്തമാണ് ഒരാള്‍ അന്ധനായി തീരുന്നതെന്നാണ് ശിഷ്യന്മാര്‍ ഉയര്‍ത്തുന്ന ചോദ്യം. മനുഷ്യന്റെ വലിയ പ്രശ്‌നങ്ങള്‍, ദൈവത്തിന്റെ സ്വയം വെളിപ്പെടുത്തലിന്റെയും കൃപയുടേയും സൗഖ്യദായക നിമിഷങ്ങളുടേയും രംഗമായി മാറുകയാണി വിടെ.


കുറച്ചു നാളുകള്‍ക്കു മുമ്പാണ്. പ്രസിദ്ധനായ ഒരു ഡോക്ടറോട് സംസാരിക്കവേ ഒരു ബന്ധുവിന്റെ കാര്യം പറയേണ്ടി വന്നു. ബന്ധുവും അദ്ദേഹത്തിന്റെ മൂന്നു സഹോദരങ്ങളും ക്യാന്‍സര്‍ ബാധിതരായിരുന്നു. ഇതില്‍ രണ്ടു പേര്‍ മരിച്ചു. അമ്മയും ക്യാന്‍സറായാണ് മരിച്ചത്. 'നിങ്ങള്‍ ഒരു നല്ല ധ്യാനഗുരുവിനെ കാണണം. ദൈവശാപം ഉണ്ട്. അതുകൊണ്ടാണ് തലമുറകളായി രോഗം തുടരുന്നത്. പൂര്‍വ്വികരായി ചെയ്ത പാപത്തിന്റെ ഫലമാണ്.' ബന്ധുവിന്റെ തുടര്‍ചികിത്സയെപ്പറ്റി ആരായവേയാണ്, സംശയ ലേശമെന്യേയാണ്, ഡോക്ടറുടെ പരിഹാര നിര്‍ദ്ദേശം.
ധ്യാനഗുരുക്കന്മാരും അവരെ ചുറ്റിപ്പറ്റി വളരുന്ന 'കൗണ്‍സിലര്‍' മാരും കണിയാന്മാരുടെ വേഷ ത്തിലവതരിക്കുന്ന സമകാലീന കാഴ്ചകളില്‍ ഡോക്ടര്‍മാര്‍ വരെ അകപ്പെടുന്നു. ഇവരില്‍ ചിലരാകട്ടെ 'മൂന്നും നാലും തലമുറ'യെന്നത് വ്യാഖ്യാനിച്ച് ഏഴു തലമുറ വരെ ഒരാള്‍ ചെയ്ത പാപത്തി ന്റെ ശാപം നിലനില്‍ക്കും എന്നും തറപ്പിച്ചു പറയുന്നു. അപ്പോള്‍ എട്ടാം തലമുറ മുതല്‍ ഉണ്ടാകില്ലല്ലോയെന്ന് ഇവരോട് ചോദിക്കരുത്. കൗണ്‍സിലിംഗും വ്യാജ പ്രഘോഷണവുമായി ഈ നവകണിയാന്മാര്‍ തെറ്റിദ്ധരിപ്പിക്കുന്ന താരേയാണ്?
നമുക്ക് കണ്ടെത്താനാവാത്ത, പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങ ളെ നൂറ്റാണ്ടുകളായി മനുഷ്യന്‍ ഇത്തരം ആള്‍ക്കാരിലൂടെ പരിഹരി ക്കാന്‍ പോംവഴി തേടാറുണ്ട്.
ജീവശാസ്ത്രം അംഗീകരിക്കുന്ന പല കണ്ടെത്തലുകളുമുണ്ട്. അതിലൊന്ന് ജനിതകഘടകങ്ങളില്‍ പാരമ്പര്യം നിര്‍ണായകമാണെന്നാണ്. കോശങ്ങളുടേയും ജീവികളുടേയും സന്തതികളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ പാരമ്പര്യമായി തുടരാമെന്ന് പൂര്‍വ്വ ജനിതകശാസ്ത്രം (Epigenetics) സമ്മതിക്കുന്നു. ന്യൂക്ലിയോടൈഡ് ശ്രേ ണിയിലെ മാറ്റം ഉള്‍പ്പെടാത്ത ജീ നുകളുടെ പ്രവര്‍ത്തനപരമായും മാറ്റങ്ങള്‍ ഉണ്ടാകാം. അത്തരം മാറ്റങ്ങള്‍ വരുത്തുന്ന മെക്കാനി സങ്ങളുടെ ഉദാഹരണങ്ങള്‍
ഡിഎന്‍എ മെത്തിലൈലേഷന്‍, ഹിസ്റ്റോണ്‍ പരിഷ്‌കരണം എന്നിവയില്‍ ഉള്‍പ്പെടും. അവയില്‍ ഓരോന്നും അന്തര്‍ലീനമായ ഡിഎന്‍എ സീക്വന്‍സില്‍ മാറ്റം വരുത്താതെ ജീനുകള്‍ എങ്ങനെയാണ് പ്രകടിപ്പിക്കുന്നതെന്ന് വ്യക്തമാക്കുന്നു.
ഡിഎന്‍എയുടെ സൈലന്‍സര്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റെപ്രസര്‍ പ്രോട്ടീനുകളുടെ പ്രവര്‍ത്തനത്തിലൂടെ ജീന്‍ എക്‌സ്പ്രഷന്‍ നിയന്ത്രിക്കാന്‍ കഴിയും. ഈ എപിജനെറ്റിക് മാറ്റങ്ങള്‍ സെല്‍ ഡിവിഷനുകളിലൂടെ നിലനില്‍ക്കും. കോശത്തിന്റെ ആയുസ് വരെ മാത്രമല്ല അവ ഒന്നിലധികം തലമുറകളോളം നീണ്ടു നില്‍ക്കുകയും ചെയ്യാം. അവ ജീവിയുടെ അന്തര്‍ലീനമായ ഡിഎന്‍എ ശ്രേണിയില്‍ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ലെങ്കിലും ജനിതകേതര ഘടകങ്ങള്‍ വ്യത്യസ്തമായി പെരുമാറാന്‍ കാരണമാകുന്നു.
(ഡിഎന്‍എ ക്രമത്തില്‍ മാറ്റം ഇല്ലാതെ ഒരു ക്രോമസോം മാറ്റങ്ങള്‍ ഫലമായുണ്ടാകുന്ന പാരമ്പര്യ സ്വഭാവമാണ് എപിജെനെറ്റിക്‌സ് എന്ന പദത്തിലൂടെ വിവക്ഷിക്കുന്നത്).
സങ്കീര്‍ണമായ ജനിതകശാസ്ത്ര പഠനം വളരെയേറേ പുരോഗമിക്കവേ കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു.
രോഗങ്ങള്‍, വൈകല്യങ്ങള്‍, സ്വഭാവ സവിശേഷതകള്‍ തുടങ്ങിയ അനേകം കാര്യങ്ങള്‍ പാരമ്പര്യമായി പ്രകടമാകാം. അത് പൂര്‍വികര്‍ ചെയ്ത തെറ്റുകുറ്റങ്ങള്‍ കൊണ്ടല്ല, ജനിതക ഘടകങ്ങള്‍ മൂലമാണെന്ന് ആധുനിക ജീവശാസ്ത്രവും സമ്മതിക്കുന്നു.
ക്രൈസ്തവ പാരമ്പര്യമനുസ രിച്ച് പാപം ചെയ്യുന്നവന്‍ ശിക്ഷിക്കപ്പെടുമെന്നത് നിസ്തര്‍ക്കമാണ്. ക്രിസ്തുവിന്റെ നിരവധി പ്ര ബോധനങ്ങള്‍ അതാവര്‍ത്തിച്ചുറ പ്പിക്കുന്നു. എന്നാല്‍ പാപി മാനസാന്തരപ്പെടുകയും അനുതപിച്ച് പ്രായശ്ചിത്തമനുഷ്ഠിക്കുകയും ചെയ്താല്‍ ദൈവമവനോട് കൃപ കാണിക്കും. ദൈവത്തിന്റെ കാരുണ്യത്തേയും സ്‌നേഹാതിരേകത്തേയും അളക്കാന്‍ മനുഷ്യനാര്?
ഒരു വ്യഭിചാരിണിയെ നിയമജ്ഞരും ഫരിസേയരും യേശുവിന്റെയരികിലെത്തിച്ച് 'ഈ സ്ത്രീ വ്യഭിചാരത്തില്‍ പിടിക്കപ്പെട്ടവളാണ്. ഇങ്ങനെയുള്ളവരെ കല്ലെറിയണമെന്നാണ് മോശ നിയമത്തില്‍ കല്‍പ്പിച്ചിരിക്കുന്നത്. നീ എന്തു പറയുന്നു?' എന്നു ചോദിക്കുന്നുണ്ട്. യേശു ഉത്തരമൊന്നും പറയാതെ കുനിഞ്ഞ് വിരല്‍കൊണ്ട് നിലത്ത് എഴുതിക്കൊണ്ടിരുന്നു. അവര്‍ ആവര്‍ത്തിച്ചു ചോദിച്ചു കൊണ്ടിരുന്നപ്പോള്‍ 'നിങ്ങളില്‍ പാപം ഇല്ലാത്തവന്‍ ആദ്യം അവളെ കല്ലെറിയട്ടെ'യെന്ന് യേശു നിര്‍ദ്ദേശിക്കുന്നു. ഇതുകേട്ട അവര്‍ ഓരോരുത്തരായി പിരിഞ്ഞു പോയി. അവസാനം യേശുവും കുറ്റാരോപിതയായ സ്ത്രീയും മാത്രം ശേഷിച്ചു. 'സ്ത്രീയേ, അവര്‍ എവിടെ? ആരും നിന്നെ വിധിച്ചില്ലേ?' അവള്‍ പറഞ്ഞു: 'ഇല്ല കര്‍ത്താവേ.'
യേശു പറഞ്ഞു: 'ഞാനും നിന്നെ വിധിക്കുന്നില്ല; പൊയ്‌ക്കൊള്ളുക. ഇനിമേല്‍ പാപം ചെയ്യരുത്' (യോഹ 8:11) അതിമനോഹരമായി പാപത്തെക്കുറിച്ച് യേശു ഇവിടെ പഠിപ്പിക്കുന്നു. ഏതെങ്കിലും വിധത്തില്‍ പാപം ചെയ്യാത്ത വര്‍ ഉണ്ടാകില്ല. പാപം ചെയ്യാത്ത വനു മാത്രമേ ശിക്ഷിക്കാനര്‍ഹത യുള്ളൂ. (പാപം ചെയ്യാത്തവന്‍ ദൈവം മാത്രമാണ്) അതിനാല്‍ സാക്ഷാല്‍ ദൈവപുത്രനായ യേശുവും വിധിക്കുന്നില്ല. പക്ഷെ ഇനിമേല്‍ പാപം ചെയ്യരുത്, എന്ന ഒറ്റ വ്യവസ്ഥ മാത്രമേയുള്ളൂ. ആ വ്യവസ്ഥ അനുഷ്ഠിക്കണമെങ്കില്‍ പശ്ചാത്താപവും പ്രായശ്ചിത്തവും അനിവാര്യമാണ്.
ദൈവകൃപയെ അളക്കാനും വിധിക്കാനും മുഢന്‍മാര്‍ ശ്രമിക്കുന്നതിന്റെ അര്‍ത്ഥരാഹിത്യവും ഇവിടെ വെളിപ്പെടുന്നു.
പാടത്തു പണിയെടുത്തവന്‍ വരമ്പത്ത് കൂലിമേടിച്ചോണം. പാപം ചെയ്യുന്നവനാരോ അവന്‍ തന്നെ അതിന്റെ പ്രതിഫലവും കൈപ്പറ്റണം. അവന്റെ സന്തതി പരമ്പരകള്‍ 'പ്രതിഫലം' ചോദിച്ചു പിന്നീട് വരരുത്.
അതിനാല്‍ രോഗവും ദുരിതങ്ങളും ഒരാളെയോ അയാളുടെ കുടുംബാംഗങ്ങളേയോ വേട്ടയാടുന്നുവെങ്കില്‍ അതു ദൈവത്താലല്ല. നന്മ മാത്രം നിറഞ്ഞവനില്‍ നിന്ന് തിന്മ എങ്ങനെയുണ്ടാകും?
'പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍ ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല, അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല, ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്, ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു' (യാക്കോ. 1:13-15).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org