അവിടെ അങ്ങനെ ഇവിടെ ഇങ്ങനെ

അവിടെ അങ്ങനെ ഇവിടെ ഇങ്ങനെ

മാര്‍ഷല്‍ ഫ്രാങ്ക്

അമേരിക്കയില്‍ ന്യൂയോര്‍ക്കില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഒരു ഹൈന്ദവക്ഷേത്രനിര്‍മാണം നടന്നുവരുന്നു. ഇന്ത്യയില്‍നിന്നു തൊഴില്‍ തേടിപോയി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ ഹിന്ദുക്കള്‍ക്ക് അവരുടെ മതപരമായ ആചാരാനുഷ്ഠാനങ്ങള്‍ക്കും ഹോമപൂജാദികര്‍മങ്ങള്‍ക്കും അതുവഴി തീര്‍ത്ഥാടനത്തിനുമായാണു ക്ഷേത്രം നിര്‍മിക്കുന്നത്. കുടിയേറ്റക്കാരായ ഹിന്ദുക്കള്‍ മുന്‍കയ്യെടുത്തു ക്ഷേത്രം നിര്‍മാണത്തിനു മുതിര്‍ന്നപ്പോള്‍ അമേരിക്കയിലെ രാഷ്ട്ര-സംസ്ഥാന-പ്രാദേശിക ഭരണകൂടങ്ങള്‍ ആവശ്യമായ അനുമതിയും ഒത്താശയും നിര്‍ലോപമായി നല്കുകയായിരുന്നു. ജന്മംകൊണ്ടും കര്‍മംകൊണ്ടും ക്രൈസ്തവരായ അമേരിക്കയിലെ സുമനസ്സുകളായ ജനങ്ങളും അവരുടെ സ്ഥാപനങ്ങളും ഉദാരമായ സാമ്പത്തികസഹായം നല്കിയതുകൊണ്ടാണ് ഈ ക്ഷേത്രം അവിടെ യാഥാര്‍ത്ഥ്യമാകുന്നത്.

വളരെയധികം പ്രാധാന്യവും അതുവഴി വിലപിടിപ്പുള്ളതുമായ 168 ഏക്കര്‍ സ്ഥലത്താണ് എല്ലാവിധ ആധുനികസൗകര്യങ്ങളോടും കൂടിയുളള ഈ ക്ഷേത്രം നിര്‍മ്മിക്കപ്പെടുന്നത്. 2017 ആഗസ്റ്റ് 18-ാം തീയതി ഭക്തര്‍ക്ക് ആരാധനയ്ക്കായി ഈ ആരാധനാലയത്തിന്‍റെ ശ്രീകോവില്‍ തുറന്നുകൊടുക്കുവാന്‍ തീരുമാനിച്ചിരുന്നു. ഈ മംഗളമുഹൂര്‍ത്തത്തിനെത്തുന്ന സന്ദര്‍ശകവിശ്വാസികള്‍ക്ക് എല്ലാവിധ ഭൗതികസാഹചര്യങ്ങളും പരുവപ്പെടുത്തുന്നതില്‍ ബദ്ധശ്രദ്ധരായി അമേരിക്കന്‍ ഭരണകൂടം കാര്യങ്ങള്‍ നീക്കിക്കൊണ്ടിരിക്കുന്നു.

2017 മേയ് രണ്ടാം വാരത്തില്‍ ജര്‍മനിയിലെ പ്രധാന നഗരത്തില്‍ ഒരു സമരം നടന്നു. എണ്ണത്തില്‍ തുലോം തുച്ഛമായ സമരക്കാരുടെ ആവശ്യങ്ങളിലെ പ്രത്യേകതകൊണ്ടാണ് ദേശീയ-അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഇതിനു പ്രാധാന്യം കല്പിക്കപ്പെട്ടത്. ജര്‍മനിയിലെ സമരക്കാര്‍ ഇന്ത്യക്കാരാണ്. മതിയായ യാത്രാരേഖകളില്ലാതെ അനധികൃതമായി അവിടെ എത്തിപ്പെട്ടവരാണ് ഇവര്‍. ഇപ്പോള്‍ അഭയാര്‍ത്ഥികളുടെ പട്ടികയില്‍പ്പെടുത്തി അവര്‍ക്കായി ഒരുക്കിയിരിക്കുന്ന ക്യാമ്പുകളിലാണു താമസം. ഭക്ഷണം, വസ്ത്രം, ഔഷധങ്ങള്‍ തുടങ്ങി ജീവസന്ധാരണത്തിന് ആവശ്യമായ എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്കു ലഭിച്ചുവരുന്നു. അഭയാര്‍ത്ഥികളോടു പൊതുവേ അനുകമ്പാര്‍ദ്രമായ സമീപനമാണ് ജര്‍മന്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നത്. ഇവര്‍ക്കു മുമ്പില്‍ മിക്ക രാഷ്ട്രങ്ങളുടെയും അതിര്‍ത്തി വാതിലുകള്‍ കൊട്ടിയടയ്ക്കുകയാണു പതിവ്. എന്നാല്‍ ഉയര്‍ന്ന നീതിബോധവും മാനുഷികമൂല്യങ്ങളും കൊടിയടയാളമായി സ്വീകരിച്ചു പോന്നിട്ടുള്ള ജനാധിപത്യ ഭരണകൂടങ്ങള്‍ നിലവിലുള്ള പാശ്ചാത്യ ക്രൈസ്തവരാഷ്ട്രങ്ങള്‍ ഇതില്‍നിന്നെല്ലാം വ്യത്യസ്തമായ നിലപാടാണു സ്വീകരിച്ചിട്ടുള്ളത്.

ഇവരുടെ ഉദാരമനസ്കതയും നീതിബോധവും മനുഷികമൂല്യങ്ങളോടുള്ള ബുഹമാനവും സഹായമനഃസ്ഥിതിയും മുതലെടുത്തു മതതീവ്രവാദികളും ഭീകരപ്രവര്‍ത്തകരും അഭയാര്‍ത്ഥി വേഷത്തില്‍ ഈ രാഷ്ട്രങ്ങളില്‍ കടന്നുകൂടുന്നുവെന്നുള്ളതു മറ്റൊരു യാഥാര്‍ത്ഥ്യം. എങ്കിലും ഇവരോടു മുഖം തിരിക്കാതെ ഇപ്പോഴും അഭയാര്‍ത്ഥികളെ സ്വീകരിച്ചുകൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തി ജര്‍മനിയിലെത്തിച്ചേര്‍ന്നവരാണ് ഇന്ത്യക്കാരായ കഥാപുരുഷര്‍. ഈ സമരക്കാര്‍ താമസിക്കുന്ന അഭയാര്‍ത്ഥിക്യാമ്പ് ജര്‍മന്‍ പൊലീസിന്‍റെ വലയത്തിലാണിപ്പോള്‍. അവരുടെ സമരത്തിനാധാരമായ ആവലാതികളും ആവശ്യങ്ങളും ഇങ്ങനെ സംഗ്രഹിക്കാം:

1. ക്യാമ്പുകളില്‍നിന്നും മാറ്റി ഉടന്‍തന്നെ സ്ഥിരമായതും ഉറപ്പുള്ളതുമായ വീടുകള്‍ ഇവര്‍ക്കു നല്കണം.

2. ഇവര്‍ക്കു നിയമവിധേയമായി ജര്‍മനിയില്‍ സ്ഥിരതാമസമാക്കുവാന്‍ പാകത്തില്‍ പൗരത്വത്തിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിക്കണം.

3. എല്ലാ ജര്‍മന്‍കാര്‍ക്കും ഇപ്പോള്‍ ലഭ്യമായ സൗജന്യ ആരോഗ്യ, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ ഇവര്‍ക്കും ഇവരുടെ സന്തതികള്‍ക്കും ലഭിക്കണം.

ഇതിലൊക്കെ ഉപരിയായി അതീവപ്രാധാന്യമുള്ളതും യുദ്ധകാലാടിസ്ഥാനത്തില്‍ ജര്‍മന്‍ ഭരണകൂടം സാധിച്ചുകൊടുക്കേണ്ടതുമായ ആവശ്യം അടിവരയിട്ടു ചുവടെ ചേര്‍ത്തിരിക്കുന്നു; ഹൈന്ദവവിശ്വാസികളായ ഇവര്‍ക്കു മതപരമായ ആരാധന നടത്താന്‍ സര്‍ക്കാര്‍ ചെലവില്‍ ക്ഷേത്രം നിര്‍മിച്ചു നല്കണം.

ഇവരുടെ ആവശ്യങ്ങള്‍ക്കു ചെവികൊടുത്തു ജര്‍മന്‍ ഭരണകൂടം ആവശ്യങ്ങളോട് അനുഭാവ പൂര്‍വമായ സമീപനം കൈക്കൊള്ളാമെന്ന ഉറപ്പിന്മേല്‍ ഇന്ത്യക്കാര്‍ അനിശ്ചിതകാല ഉപവാസസമരം പിന്‍വലിച്ചതായി അറിയുന്നു.

ഇനി ഒരു ഇന്ത്യന്‍ കഥ: ക്രിസ്ത്യന്‍ ദേവാലയം അടിച്ചുതകര്‍ത്തു. ദേവമാതാവിന്‍റെയും ക്രൂശിതനായ ക്രിസ്തുവിന്‍റെയും തിരുസ്വരൂപങ്ങള്‍ നശിപ്പിക്കപ്പെട്ടു. ദേവാലയത്തിനുള്ളിലെ ബെഞ്ചും കസേരയും ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കു കേടുപാടുകള്‍ വരുത്തി. തെലുങ്കാന സംസ്ഥാനത്തിന്‍റെ തലസ്ഥാനമായ ഹൈദരാബാദ് പ്രവിശ്യയില്‍ മെദ്ചാല്‍ ജില്ലയില്‍ കുണ്ടപ്പള്ളി ഗ്രാമത്തിലാണ് സംഭവം. 2017 മേയ് മൂന്നാം വാരത്തിലാണ് ഈ ഹീനകൃത്യം നടന്നത്. മുഖ്യധാരാമാധ്യമങ്ങളും സര്‍ക്കാരും ഈ വാര്‍ത്ത തമസ്കരിക്കുവാന്‍ വളരെയധികം ശ്രമിച്ചു. പകല്‍വെളിച്ചത്തില്‍ ഒരു പറ്റം ഹിന്ദു തീവ്രവാദികള്‍ വലിയ ആരവത്തോടുകൂടി സംഘടിച്ചുവന്നാണ് ഇതു ചെയ്തത്. 2017 മേയ് 13-ാം തീയതി ആശീര്‍വദിക്കപ്പെട്ട ഫാത്തിമാ മതാവിന്‍റെ നാമധേയത്തിലുളള കത്തോലിക്കാ ദേവാലയമാണു കേവലം ഒരാഴ്ചയ്ക്കുള്ളില്‍ തകര്‍ത്തത്.

പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ ഇടയക്കുട്ടികള്‍ക്കു പരി. മാതാവു പ്രത്യക്ഷപ്പെട്ടു സന്ദേശം നല്കിയതിന്‍റെ നൂറാം വാര്‍ഷികം ലോകമെങ്ങും ആഘോഷിക്കുന്ന സമയമാണിത്. അതിന്‍റെ സ്മരണ നിലനിര്‍ത്തുന്നതിന്‍റെ ഭാഗമായാണു ചെറിയൊരു തുണ്ടുഭൂമിയില്‍ അംഗബലത്തില്‍ തികച്ചും ന്യൂനപക്ഷമായ കുണ്ടപ്പള്ളി ഗ്രാമത്തില്‍ പിന്നാക്ക ദളിത് വിഭാഗത്തില്‍പ്പെട്ട കത്തോലിക്കര്‍ നെടുനാളത്തെ അദ്ധ്വാനത്തിന്‍റെ ഫലമായി നിര്‍മിച്ച ഈ ചെറിയ ദേവാലയത്തിനു ഫാത്തിമാ മാതാവിന്‍റെ പേരു നല്കിയത്. പ്രസ്തുത ആരാധനാലയമാണ് ആശീര്‍വദിക്കപ്പെട്ടു കേവലം ഒരാഴ്ചയ്ക്കുള്ളില്‍ ക്രൂരമായി തകര്‍ക്കപ്പെട്ടത്. സര്‍ക്കാരും പ്രാദേശിക ഭരണകൂടവും നിര്‍ദ്ദേശിച്ച കെട്ടിടനിര്‍മാണചട്ടങ്ങളിലെ എല്ലാ നിബന്ധനകളും നിയന്ത്രണങ്ങളും പാലിച്ച് ഇന്ത്യക്കാരായ തെലുങ്കു ക്രിസ്ത്യാനികള്‍ നിര്‍മിച്ച ആരാധനാലയമാണ് ഇത്തരത്തിലുള്ള ദുര്‍ഗതിക്കു വിധേയമായത്.

മൂന്നു രാജ്യങ്ങളില്‍ നടന്ന മൂന്നു സംഭവങ്ങളാണിവ. ഇവയുടെ താരതമ്യവിശകലനം കൂടുതല്‍ ദീര്‍ഘിപ്പിക്കേണ്ടതില്ല. കാരണം, അത് ആര്‍ക്കും സുവ്യക്തമാണ്. ഭാരതമെന്നു കേട്ടാല്‍ അഭിമാനിക്കുന്നവരും ആര്‍ഷഭാരതം ആധുനിക ലോകത്തിനു വഴി കാട്ടണമെന്നു ചിന്തിക്കുന്നവരും ഇതു കാണണം, മനസ്സിലാക്കണം. ലോകമേ തറവാട് എന്ന് ഉദ്ഘോഷിക്കുന്ന ഭാരതം, അതിന്‍റെ സ്വന്തം പൗരന്മാരോടു ചെയ്യുന്നതിങ്ങനെ. പാശ്ചാത്യലോകം അന്യരാജ്യങ്ങളില്‍ നിന്നു വന്നവരോടു ചെയ്യുന്നതിങ്ങനെ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org