അന്നക്കുട്ടി എന്ന വെണ്ണക്കട്ടി : അല്‍ഫോന്‍സാമ്മയുടെ ജീവിതം

അന്നക്കുട്ടി എന്ന വെണ്ണക്കട്ടി : അല്‍ഫോന്‍സാമ്മയുടെ ജീവിതം

ആഗസ്റ്റ് 19-ലെ വി. അല്‍ഫോന്‍സാമ്മയുടെ പിറന്നാളോര്‍മ്മയില്‍….

ഹോര്‍മിസ് തരകന്‍ DGP (Former DGP & Chief, R&AW)

ഭാരതീയ കത്തോലിക്കാ സഭയില്‍നിന്ന് വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ വനിത, സീറോ മലബാര്‍ സഭയില്‍ നിന്നും കേരളത്തില്‍നിന്നും വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട ആദ്യവ്യക്തി എന്നൊക്കെ പലവിധത്തിലുള്ള ബഹുമതികള്‍ക്കാണ് മുട്ടുചിറയിലെ മുട്ടത്തുപാടത്തെ ഔസേപ്പ്, മറിയം ദമ്പതികളുടെ മകളായി ജനിച്ച അന്നക്കുട്ടി അര്‍ഹയായിത്തീര്‍ന്നിരിക്കുന്നത്. അല്‍ഫോന്‍സാ എന്ന പേര് സ്വീകരിച്ച ആ സന്യാസിനിയോട് എനിക്കും എന്റെ പത്‌നി മോളിക്കും പ്രത്യേക ആദരവ് ഉണ്ട്. കാരണം പലതാണ്. ഞങ്ങള്‍ ഇരുവരുടെയും അമ്മ വീട് ഭരണങ്ങാനത്തിന് അടുത്ത ചെറുഗ്രാമങ്ങളില്‍ ആണ്. അതുകൊണ്ട് ആ നാടിന്റെ അഭിമാനമായ മഹിളാരത്‌നത്തോടുള്ള സ്‌നേഹവും ബഹുമാനവും ചെറുപ്പം മുതലെ ഞങ്ങളില്‍ നിറഞ്ഞിരുന്നു. മോളിയുടെ ജന്മദിനവും അല്‍ഫോന്‍സാമ്മയുടേതുതന്നെ ആണ് – ആഗസ്റ്റ് 19. 1986 ഫെബ്രുവരി 8-ാം തീയതി കോട്ടയത്തുവച്ച് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അല്‍ഫോന്‍സാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച ചടങ്ങിന്റെ മേല്‍നോട്ട ചുമതല അന്ന് മദ്ധ്യമേഖലാ ഡി.ഐ.ജി. ആയിരുന്ന എനിക്കും ഉണ്ടായിരുന്നു.
അങ്ങനെയൊക്കെ അല്‍ഫോന്‍സാമ്മയുടെ പാവനമായ ജീവിതത്തെക്കുറിച്ച് അറിയാന്‍ പല അവസരങ്ങള്‍ ഉണ്ടായിട്ടും ആ മഹാചരിതയുടെ മാഹാത്മ്യത്തിന്റെ അളവ് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് റോമുളൂസ് അച്ചന്റെ 'സ്‌നേഹബലി' എന്ന പുസ്തകം വായിച്ചപ്പോള്‍ ആണ്. ബാംഗ്ലൂര്‍ സുല്‍ത്താന്‍ പാളയില്‍ വാഴ്ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ പേരിലുള്ള പള്ളിയില്‍ 2008 ഒക്‌ടോബറില്‍ അവര്‍ വിശുദ്ധയായി നാമകരണം ചെയ്യപ്പെട്ടപ്പോള്‍ നടത്തിയ സമ്മേളനത്തില്‍ സംസാരിക്കാന്‍ ആയുള്ള തയ്യാറെടുപ്പിനിടയ്ക്കാണ് ഞാന്‍ ആ പുസ്തകം വായിച്ചത്. നിര്‍ഭാഗ്യവശാല്‍ പ്രസംഗം തുടങ്ങിയപ്പോഴേ കണ്ഠസംബന്ധമായ പ്രശ്‌നത്താല്‍ എന്റെ സ്വരം നഷ്ടപ്പെട്ടു. അന്നു പറയാന്‍ വയ്യാതെ പോയ ചില കാര്യങ്ങള്‍ ആണ് ഈ ലേഖനത്തിന്റെ ഉള്ളടക്കം.
ഒരു വിശുദ്ധയുടെ ജീവിതം നമ്മുടെയൊക്കെ ജീവിതത്തെക്കാള്‍ എങ്ങനെയൊക്കെ വ്യത്യസ്തമാണ് എന്നതിനേക്കാള്‍ എ ത്ര സാമ്യമുള്ളതാണ് എന്നതാണ് 'സ്‌നേഹബലി'യില്‍നിന്ന് വ്യക്തമാകുന്നത്. പ്രാധാന വ്യത്യാസം ഇതാണ് – നിര്‍ണ്ണായക നിമിഷ ങ്ങളില്‍ പ്രലോഭനങ്ങളില്‍പ്പെട്ടുപോകാതിരിക്കാനും, തിന്മയെ അകറ്റിനിര്‍ത്താനും, അപാരമായ വേദനയുടേയും വിഷമങ്ങളുടേയും ഇടയ്ക്കുപോലും ദൈവവിശ്വാസം നിലനിര്‍ത്തുവാനും വിശുദ്ധയ്ക്ക് സാധിക്കുന്നു. അല്‍ഫോന്‍സാമ്മയുടെ കുമ്പസാരക്കാരന്‍ കൂടെ ആയിരുന്ന റോമുളൂസ് അച്ചന്‍ ചില അവസരങ്ങളില്‍ അമ്പരിപ്പിക്കുന്ന വാസ്തവങ്ങള്‍ തന്നെ അല്‍ഫോന്‍സാമ്മയുടെ ജീവിതത്തില്‍ നിന്നടര്‍ത്തി നമ്മുടെ മുമ്പില്‍ പ്രകാശനം ചെയ്യുന്നു. സുന്ദരിയായ ഈ വിശുദ്ധ കന്യാസ്ത്രീക്ക് നേരിടേണ്ടി വന്ന പരീക്ഷണങ്ങളെക്കുറിച്ചു പറയുവാന്‍ അദ്ദേഹം മടിച്ചിട്ടില്ല.
എന്താണ് ഈ സ്ത്രീയുടെ പ്രത്യേകത? സൗന്ദര്യമോ? അല്‍ ഫോന്‍സാമ്മ അതീവ സുന്ദരിയായി ആയിരുന്നു എന്നത് വാസ്ത വം തന്നെയാണ്. റോമുളൂസ് അച്ചന്‍ പറഞ്ഞിരിക്കുന്നത് ഇന്നു പ്രചാരത്തിലുള്ള അല്‍ഫോന്‍സാമ്മയുടെ ഫോട്ടോകള്‍ക്ക് ആ സൗന്ദര്യപ്പൊലിമയുടെ ഒരംശംപോലും പകര്‍ത്താന്‍ കഴിഞ്ഞിട്ടില്ല എന്നാണ്. നാമകരണത്തോടനുബന്ധിച്ച് ഒരു പത്രം അല്‍ ഫോന്‍സാമ്മയുടെ സഹപാഠി, അന്ന് തൊണ്ണൂറില്‍ ഏറെ വയസ്സുണ്ടായിരുന്ന ലക്ഷ്മിക്കുട്ടി അമ്മയുടെ വാക്കുകള്‍ ഉദ്ധരിക്കുകയുണ്ടായി, "അന്നക്കുട്ടിയെ ഞങ്ങള്‍ വെണ്ണക്കുട്ടി എന്നാണ് വിളിച്ചിരുന്നത്. അത്ര സുന്ദരി ആയിരുന്നു അവള്‍." എന്നാല്‍ ഈ അസാധാരണ സൗന്ദര്യമല്ല അല്‍ഫോന്‍സാമ്മയെ പ്രശസ്ത ആക്കിയത്.
പഠിക്കുവാനും വളരെ മിടുക്കി ആയിരുന്നു അന്നക്കുട്ടി എന്ന അല്‍ഫോന്‍സാമ്മ. സ്‌കൂളിലെ സാഹിത്യ സമാജത്തിന്റെ സെക്രട്ടറി ആയിരുന്നു അവള്‍. വാഴപ്പ ള്ളി എം.എച്ച് സ്‌കൂളില്‍ ആണ് അല്‍ഫോന്‍സാമ്മ മലയാളം ഹയര്‍ പരീക്ഷയ്ക്ക് പഠിക്കുവാന്‍ പോയത്. അവിടെ അവളുടെ ഗുരുനാഥന്‍ ആയിരുന്ന വിദ്വാന്‍ രാമന്‍പിള്ള അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മശക്തിയെപ്പറ്റി പറയുന്ന വാക്കുകള്‍ റോമുളൂസ് അച്ചന്‍ ഉദ്ധരിക്കുന്നുണ്ട്. വാകനാട് പ്രൈമറി സ്‌കൂളില്‍ താല്‍ക്കാലികാദ്ധ്യാപികയായി ഒരു വര്‍ഷം ജോലി ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികളുടേയും സഹാധ്യാപകരുടെയും ഹെഡ്മിസ്ട്രസിന്റേയും സ്‌നേഹാദരങ്ങള്‍ക്ക് അവള്‍ പാത്രമായി. അന്ന് വാകനാട് സ്‌കൂള്‍ 3-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ആയിരുന്ന ഏലിക്കുട്ടി തോമസ് തന്റെ ഗുരുനാഥയുടെ വാത്സല്യം തുളുമ്പുന്ന വാക്കുകളും സ്‌നേഹമസൃണമായ പെരുമാറ്റവും മനസ്സില്‍ സൂക്ഷിക്കുന്നുവെന്ന് നാമകരണത്തോട് അനുബന്ധമായി വന്ന പത്രവാര്‍ത്തകളില്‍ വായിക്കുക യുണ്ടായി. എന്നാല്‍ ഈ പഠനശേഷിയോ ബുദ്ധി സാമര്‍ത്ഥ്യ മോ അല്ല അല്‍ഫോന്‍സാമ്മയെ പ്രശസ്ത ആക്കിയത്.
റോമുളൂസ് അച്ചന്‍ അല്‍ ഫോന്‍സാമ്മയുടെ ശവസംസ്‌കാരവേളയില്‍ പ്രസംഗിച്ചതുപോലെ, "ധനികയായ ഒരു കുടുംബിനി, ബിരുദധാരിണി, കവയിത്രി, കഥാകാരി, സിനിമാതാരം എന്നീ നിലകളില്‍ ലോകത്തിന് മഹ ത്തായ സേവനം അനുഷ്ഠിക്കുക യും ലോകപ്രസിദ്ധി നേടുകയും ചെയ്യാന്‍ കഴിവുണ്ടായിരുന്ന ഈ യുവതീരത്‌നം അവളുടെ ജീവിതകാലം മുഴുവന്‍ കന്യാകാലയത്തിന്റെ മതില്‍ക്കെട്ടുകള്‍ക്കുള്ളില്‍ ലോകത്തിന് മഹത്തരം എന്നു കരുതുവാന്‍ സാധിക്കുന്ന യാതൊന്നും ചെയ്യാന്‍ ആവാതെ രോഗശയ്യയില്‍ കഴിച്ച് ജീവിതം പാഴാക്കി മരണമടഞ്ഞതായി തോന്നുന്നു. എന്നാല്‍ ഈ കന്യകയെ ഏറെ അടുത്തറിഞ്ഞിട്ടുള്ള ചുരുക്കം ചില ആളുകളില്‍ ഒ രാള്‍ എന്ന നിലയില്‍ ഞാന്‍ പറയുന്നു, എന്റെ ഹൃദയത്തിന്റെ അ ത്യഗാധമായ വിശ്വാസത്തില്‍ നിന്ന് ഞാന്‍ പറയുന്നു, കേരളത്തില്‍ എന്നല്ല ഭാരതത്തില്‍ ത ന്നെ ഈ രണ്ടായിരം വര്‍ഷങ്ങള്‍ ക്കിടയില്‍ ഉണ്ടായിട്ടുള്ള ഉല്‍ക്കൃഷ്ട വ്യക്തികളില്‍ ദൈവസമ ക്ഷം വളരെ മാഹാത്മ്യം നേടിയ ആ പുണ്യകന്യകയുടെ ശവസംസ്‌കാരത്തില്‍ ആണ് നാം പങ്കു കൊള്ളുന്നത്." അന്ന് അദ്ദേഹം പ്രവചിക്കുകയുണ്ടായി, "ഇവളു ടെ പുണ്യശരീരം അടക്കപ്പെടുന്ന ഈ ഭരണങ്ങാനം ഗ്രാമം ഭാഗ്യപ്പെട്ടതും ദൈവം തിരുമനസ്സാകുന്നെങ്കില്‍ ഭാരതത്തിന്റെ ലിസ്യൂ ആയി പരിണമിക്കുകയും ചെ യ്യും. കേരളത്തിന്റെ അല്ല, ഭാരതത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും തീര്‍ത്ഥാടകര്‍ ഇവളുടെ നിര്‍മ്മല ശരീരം ഉള്‍ക്കൊള്ളുന്ന കുഴിമാടം സന്ദര്‍ശിക്കും. ഭാരതത്തിലെ മെത്രാന്മാരെന്നല്ല, ദൈവം തിരുമനസ്സാകുന്ന പക്ഷം, കര്‍ദ്ദിനാളന്മാര്‍ തന്നെ ഇന്ന് അജ്ഞാതയായ ഈ കന്യകയുടെ കുഴിമാടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥിക്കും."
ഇതൊക്കെ ഇന്ന് വാസ്തവമായിത്തീര്‍ന്നിരിക്കുന്നു. അ ജ്ഞാതമായ ആ കന്യകയുടെ ശ വസംസ്‌കാരം അതീവ ലളിതം ആയിരുന്നു. സഹോദരികളും ഒ ന്നുരണ്ടമ്മമാരുമല്ലാതെ വേറെ ആരും ഉണ്ടായിരുന്നില്ല ആ ചടങ്ങിന്. ആ സഹോദരിയുടെ വിശുദ്ധിയേയും സ്‌നേഹത്തേയും കു റിച്ച് അറിവുണ്ടായിരുന്ന സ്‌കൂള്‍ കുട്ടികള്‍ ആ കുഴിമാടം സ്ഥിരമാ യി സന്ദര്‍ശിക്കുമായിരുന്നു. അവരാണ് ആ കുഴിമാടം തീര്‍ത്ഥാടന കേന്ദ്രമാക്കിയത്. ആ കുട്ടികളുടെ ചെറിയ ആഗ്രഹങ്ങളും ആവശ്യങ്ങളും നിറവേറ്റപ്പെട്ടപ്പോള്‍ അല്‍ ഫോന്‍സാമ്മ ചെറിയ കാര്യങ്ങ ളുടെ പുണ്യവതി എന്നറിയപ്പെട്ടു തുടങ്ങി. ക്രമേണ അല്‍ഫോന്‍ സാമ്മയോടുള്ള ഭക്തി ഒരു വലി യ പ്രസ്ഥാനമായി മാറി. സഭാ നേ തൃത്വത്തിന്റെ ഔപചാരികമായ അംഗീകരം ഈ നൂറ്റാണ്ടിലേ ലഭിച്ചുള്ളൂ എങ്കിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ നാല്പതുകള്‍ കഴിയുന്നതിനു മുമ്പുതന്നെ ഭരണങ്ങാന ത്തെ നാനാജാതി മതസ്ഥര്‍ ആയ ഗ്രാമീണര്‍ അല്‍ഫോന്‍സാമ്മയെ വിശുദ്ധ ആയി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.
എന്താണ് ഈ വിശുദ്ധയുടെ ജീവിതം നമ്മെ പഠിപ്പിക്കു ന്നത്? ഭരണങ്ങാനത്തു വന്നു താമസിച്ച് സമഗ്രമായ പഠനം നടത്തിയ ശേഷം കോറീന്‍ ജി ഡെംപ്‌സി എഴുതിയ ഒരു പുസ്തകം ഉണ്ട്. Kerala Christian Sainthood എന്ന ആ പു സ്തകത്തില്‍ അവര്‍ ചാണ്ടിക്കാണിക്കുന്നതെന്തെന്നാല്‍, അല്‍ഫോന്‍സാമ്മയോടുള്ള ഭക്തിയെക്കുറിച്ച് സഭയുടെ കാഴ്ചപ്പാടും ഭക്തജനങ്ങളുടെ കാഴ്ചപ്പാടും തമ്മില്‍ വ്യത്യാസം ഉണ്ട് എന്നുള്ളതാണ്. സന്യാസജീവിതത്തിന്റേയും പരിത്യാഗത്തിന്റേയും ഉല്‍കൃഷ്ട മാതൃക ആയിരുന്ന അല്‍ ഫോന്‍സാമ്മ ഭക്തജനങ്ങള്‍ പിന്തുടരേണ്ട വഴി കാണിച്ചുതരുന്നു എന്നതാണ് സഭയുടെ വീക്ഷണം. എന്നാല്‍ ഭക്തജനങ്ങള്‍ ആകട്ടെ, തങ്ങളുടെ അസുഖങ്ങളും പ്രശ്‌നങ്ങളും പരിഹരിക്കുവാനുള്ള ഒരു മദ്ധ്യസ്ഥ ആയാണ് ഈ വിശുദ്ധയെ കണക്കാക്കുന്നത്. സഭയുടെ കാഴ്ചപ്പാട് തിന്മയും നന്മയുമായുള്ള പോരാട്ടത്തില്‍ അല്‍ഫോന്‍സാമ്മയുടെ സഹനശക്തി നന്മയുടെ ജയത്തിന് നാടകീയമായ വിധത്തില്‍ ഉപകരിച്ചു എന്നാണ്. ഭക്തജനങ്ങളും അല്‍ഫോന്‍ സാമ്മയുടെ സഹനത്തിന്റെ മാഹാത്മ്യം അംഗീകരിക്കുന്നു. ഈ സഹനംകൊണ്ട് വിശുദ്ധ പ്രത്യേകശക്തികള്‍ നേടി എന്നും മനസ്സിലാക്കുന്നു. എങ്കിലും ഈ ശക്തികള്‍ വഴി ശാരീരികവും ലൗകികവുമായ മെച്ചങ്ങള്‍ നേടിയെടുക്കാന്‍ ആണ് ഭക്തജനത ശ്രവിക്കുന്നത്. എന്നാണ് കോറീന്‍ ഡെം പ്‌സിയുടെ കണ്ടുപിടുത്തം. മറ്റു വാക്കുകളില്‍ പറഞ്ഞാല്‍ സ്വയം വളരെയധികം വേദന സഹിച്ച അല്‍ഫോന്‍സാമ്മ യ്ക്ക് മറ്റുള്ളവരുടെ വേദന മാറ്റിക്കൊടുക്കേണ്ട ചുമതല യാണ് കേരളത്തിലെ ഭക്തജനങ്ങള്‍ ഏല്പിച്ചിരിക്കുന്നത് എന്ന്. ഇതു ശരിയാണോ എന്നു നാമും ചിന്തിക്കേണ്ടതുണ്ട്. എന്റെ അഭിപ്രായത്തില്‍ ഈ ഗവേഷണം ഒരു പ്രധാന കാര്യം കണക്കിലെടുത്തിട്ടില്ല. അല്‍ഫോന്‍സാമ്മയോട് പ്രാര്‍ത്ഥിക്കുന്ന കൂടുതല്‍ പേരും അവരുടെ സ്വന്തം രോഗശാന്തിക്കോ ഗുണത്തിനോ വേണ്ടിയല്ല പ്രാര്‍ത്ഥിക്കുന്നത്. പ്രത്യുത അവരുടെ പ്രിയപ്പെട്ടവരുടെ രോഗശാന്തിക്കും ഗുണത്തിനും മറ്റുമായിട്ടാണ്. അതിനെ കുറ്റം പറയാന്‍ ആര്‍ ക്കാണ് അധികാരം? അല്‍ഫോന്‍സാമ്മ അവരുടെ ആത്മീയ പിതാവായ ലൂയിസ് അച്ചന് അയച്ച കത്തുകളില്‍നിന്ന് വ്യക്തമാകുന്നതുപോലെ, തന്റെ വേദനയും തന്റെ ദുഃഖങ്ങളും മാറിക്കിട്ടുവാന്‍ വിശുദ്ധ ഒരിക്കലും പ്രാര്‍ത്ഥിച്ചില്ല. പക്ഷേ, മറ്റുള്ളവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാന്‍ അവള്‍ ഒരിക്കലും മടിച്ചുമില്ല. 'ദൈവികരഹസ്യങ്ങള്‍ നിറഞ്ഞ കന്യക' എന്ന അദ്ധ്യായത്തില്‍ റോമുളൂസ് അച്ചന്‍ ഇത്തരം പല കഥകളും ഉദ്ധരിച്ചിട്ടുണ്ട്.
അല്‍ഫോന്‍സാമ്മ ആരെയും മതപരിവര്‍ത്തനം നടത്തിയില്ല, ആരേയും മാമ്മോദീസാ മുക്കിയില്ല. തന്റെ സന്യാസ ജീവിതത്തിന്റെ, വിരക്തജീവിതത്തിന്റെ മേന്മകൊണ്ട് ക്രി സ്തുവിന് സാക്ഷ്യം വഹിക്കുന്നവളായി. ക്രിസ്തുശിഷ്യ യുടെ ജീവിതം എങ്ങനെയാണെന്ന് നല്ല മനസ്സുള്ള ആയിരിക്കണക്കിന് വിവിധ മതസ്ഥരെ മനസ്സിലാക്കുവാന്‍ അവര്‍ ക്കു സാധിച്ചു. ആയിരം പൂര്‍ണ്ണചന്ദ്രന്മാരെ കാണുന്നതുവരെ കോഴിക്കോട്ടു നിന്നും എല്ലാ വര്‍ഷവും മുടങ്ങാതെ തിരവല്വാറില്‍ ത്യാഗരാജ സംഗീതോത്സവത്തിനും ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ അടുത്തും പോയിരുന്ന ഒരു മാന്യവനിതയെ, ശ്രീമത് രുഗ്മിണി മേനോനെ എനിക്കറിയാം. ഒരു ക്രിസ്ത്യാനി ജീവിക്കേണ്ടത് എങ്ങനെ എന്ന് മറ്റുള്ളവര്‍ക്ക് കാണിച്ചു കൊടുക്കുന്നവര്‍ ആണ് വിശുദ്ധര്‍. അവരുടെ മാതൃക പിന്തുടരുവാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും അതിനു ശ്രമിക്കുന്നവര്‍ ആണ് സത്യത്തില്‍ ക്രിസ്തുവിന്റെ അനുയായികള്‍. വലിയ ത്യാഗങ്ങളൊന്നും ചെയ്യാന്‍ നമുക്ക് സാധിച്ചെന്ന് വരില്ല. എങ്കിലും അയല്‍ക്കാരനെ സ്‌നേഹിക്കണം എന്ന ശാസന എങ്കിലും ഉള്‍ക്കൊള്ളുവാനും അതനുസരിച്ച് ജീവിക്കുവാനും നമുക്കു കഴിഞ്ഞാല്‍ മാത്രമേ മറ്റുള്ളവര്‍ക്ക് നമ്മുടെ മതത്തെക്കുറിച്ച് മതിപ്പുണ്ടാകൂ. അതാണ് അല്‍ഫോന്‍സാമ്മയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത് എന്നെനിക്കു തോന്നുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org