അപ്രഖ്യാപിത അടിയന്തിരാവസ്ഥ

അപ്രഖ്യാപിത അടിയന്തിരാവസ്ഥ

ഫാ. സെദ്രിക് പ്രകാശ് എസ്.ജെ.

ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ട 1975 ജൂണ്‍ 25/26-ന്റെ കുപ്രസിദ്ധ രാത്രി ആരും മറന്നിട്ടുണ്ടാവില്ല. നാല്‍പത്തഞ്ചാം വാര്‍ഷികവേളയില്‍ ആ സംഭവത്തെ 'കൊണ്ടാടാന്‍' നേര്‍വഴിക്കു ചിന്തിക്കുന്ന ഇന്ത്യാക്കാരാരും തയ്യാറാകുകയില്ല. അടിയന്തിരാവസ്ഥയുടെ അടിച്ചേല്‍പിക്കലിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍ ഉണ്ടായേക്കാമെന്നു മാത്രം. ജനാധിപത്യത്തെ സ്‌നേഹിക്കുന്ന ആരും അവര്‍ക്കിടയില്‍ ഉണ്ടാകുകയില്ലെന്നു മാത്രം. രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും റദ്ദാക്കുകയോ നിഷേധിക്കുകയോ പിടിച്ചുവയ്ക്കുകയോ ചെയ്യുന്നത് തീര്‍ത്തും അസ്വീകാര്യമാണ്. 21 മാസങ്ങള്‍ ദീര്‍ഘിച്ച അടിയന്തിരാവസ്ഥ 1977 മാര്‍ച്ച് 21-നു പിന്‍വലിക്കപ്പെടുകയും പൗരന്മാരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും പുനസ്ഥാപിക്കപ്പെടുകയും ചെയ്തു. അടിയന്തിരാവസ്ഥ തീര്‍ച്ചയായും ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അദ്ധ്യായമാണ്. മറക്കാനാകാത്ത ഒരദ്ധ്യായം; തീര്‍ച്ചയായും രാജ്യം അന്നു മുതല്‍ ഒറ്റക്കെട്ടായി പറയുന്നതു പോലെ ഇനിയൊരിക്കലും ആവര്‍ത്തിക്കരുതാത്തതും.

ഇനി, 2020 ജൂണ്‍ 25/26-ലേയ്ക്കു ഫാസ്റ്റ് ഫോര്‍വേഡടിച്ചു വരിക. അതായത് ഇന്ന്! 'ഔദ്യോഗികമായി' പ്രഖ്യാപിക്കപ്പെട്ട അടിയന്തിരാവസ്ഥ ഇന്നില്ല. പക്ഷേ, ഒരു 'സൂപ്പര്‍ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലേയ്ക്ക്' ഇന്ത്യയെ ക്രമാനുഗതമായി എത്തിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് ദുഃഖകരവും ദുരന്താത്മകവുമായ യാഥാര്‍ത്ഥ്യം. ഏതു മാനദണ്ഡപ്രകാരം നോക്കിയാലും നാല്‍പത്തഞ്ചു വര്‍ഷം മുമ്പത്തെ അടിയന്തിരാവസ്ഥയേക്കാള്‍ ഗുരുതരമാണിത്. അതില്‍ യാതൊരു തര്‍ക്കവുമില്ല. രാജ്യത്തെ സ്വാധീനശേഷിയുള്ള ഒരു വിഭാഗം "എല്ലാം കൊള്ളാം" എന്ന അവസ്ഥയനുഭവിക്കുന്നു. കാരണം അവരുടെ താത്പര്യങ്ങളൊന്നും ലംഘിക്കപ്പെടുന്നില്ല. എന്നാല്‍ ബഹുഭൂരിപക്ഷവും വാ തുറക്കാന്‍ കൂടി ഭയപ്പെടുന്ന സ്ഥിതിയിലാണ്!

രാജ്യം നിപതിച്ചിരിക്കുന്ന ഗര്‍ത്തം എത്രത്തോളം അഗാധമാണെന്ന് ഒറ്റനോട്ടം കൊണ്ടറിയാം. യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ വലിയ ബുദ്ധിശേഷിയൊന്നും ആവശ്യമില്ല. ജനാധിപത്യത്തെ തകര്‍ക്കാനും ഭരണഘടന അമൂല്യമായി കരുതിയതിനെയെല്ലാം നശിപ്പിക്കാനും രാജ്യത്തിന്റെ സമ്പന്നമായ ബഹുത്വത്തെ ഇല്ലാതാക്കാനും ഭരണകൂടവും അവരുടെ പിണിയാളുകളായ മുതലാളിത്തകൂട്ടുകെട്ടുകളും വര്‍ഗീയ, മതഭ്രാന്ത ശക്തികളും സാദ്ധ്യമായതെല്ലാം ചെയ്യുന്നു.

സാമ്പത്തികമായി രാജ്യം തകര്‍ച്ചയിലാണ്. ജിഡിപി എക്കാലത്തേക്കാളും താഴ്ന്ന നിലയില്‍, തൊഴിലില്ലായ്മ എക്കാലത്തേക്കാളും ഉയര്‍ന്ന നിലയില്‍, ഏതാനും സമ്പന്നര്‍ വന്‍പണക്കാരായി വളരുമ്പോള്‍ പാവപ്പെട്ടവര്‍ പരമദാരിദ്ര്യത്തിലേയ്ക്കു കൂപ്പുകുത്തുന്നു, സമ്പന്നര്‍ക്കും ദരിദ്രര്‍ക്കുമിടയിലെ വിടവ് കുറ്റകരമായ വേഗതയില്‍ വര്‍ദ്ധിക്കുന്നു. ഇന്ധനവില ആഗോളമായി ഏറ്റവും താഴ്ന്നു നില്‍ക്കുമ്പോള്‍ ഭരണകൂടം ഇവിടെ ഇന്ധനവില ഏറ്റവും ഉയര്‍ന്ന നിരക്കിലേയ്ക്ക് എത്തിച്ചിരിക്കുന്നു. അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സികള്‍ ഇന്ത്യയ്ക്ക് ഏറ്റവും താഴ്ന്ന നിലവാരമാണ് നല്‍കിയിരിക്കുന്നത്.

വിലക്കയറ്റം അവിശ്വസനീയമായ ഉയരങ്ങളിലാണ്. എല്‍ഐസിയും എയര്‍ഇന്ത്യയും പോലെയുള്ള സുപ്രധാന പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാനൊരുങ്ങുന്നു. നിരവധി ബാങ്കുകള്‍ തകരുകയോ തകര്‍ച്ചയുടെ വക്കിലെത്തുകയോ ചെയ്തിരിക്കുന്നു. ഒരിക്കല്‍ തങ്ങള്‍ സമ്പൂര്‍ണ വിശ്വാസമര്‍പ്പിച്ചിരുന്ന ബാങ്കിംഗ് സംവിധാനത്തില്‍ സാധാരണ പൗരന്മാര്‍ക്കു വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഗവണ്‍മെന്റ് നിഷ്‌ക്രിയമായിരിക്കുകയും റിസര്‍വ് ബാങ്കിന്റെ അമൂല്യമായ കരുതല്‍ ധനശേഖരം അധാര്‍മ്മികമായി എടുത്തുപയോഗിക്കുകയും ചെയ്യുന്നു. നോട്ട് റദ്ദാക്കല്‍ ഭരണവര്‍ഗത്തിന് നോട്ടുകെട്ടുകള്‍ നല്‍കുകയും ജനലക്ഷങ്ങളുടെ ഉപജീവനവും ജീവിതവും തകര്‍ക്കുകയും ചെയ്തു. ധനകാര്യ തട്ടിപ്പുകളും വിവാദങ്ങളും നാട്ടുനടപ്പായിരിക്കുന്നു! അഴിമതി പ്രകടമായി. ന്യായമായ മാര്‍ഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട നിയമസഭാംഗങ്ങളെ മറ്റു പാര്‍ട്ടികളില്‍ നിന്നു അധികാരത്തിലിരിക്കുന്ന പാര്‍ട്ടി വിലയ്ക്കു വാങ്ങുന്നതും സംസ്ഥാന ഗവണ്‍മെന്റുകളുടെ ജനവിധിയെ അട്ടിമറിക്കുന്നതും രാജ്യത്തിന് അപമാനമായിരിക്കുന്നു. പ്രധാനമന്ത്രിയുടെ കെയര്‍ ഫണ്ട് എന്ന നിധിയിലേയ്ക്ക് വന്‍തുക ഭരണകൂടം സമാഹരിച്ചെങ്കിലും അത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിടാനോ സുതാര്യമാക്കാനോ തയ്യാറാകുന്നില്ല.

സാമൂഹ്യമേഖലയില്‍ കൂട്ടക്കുഴപ്പങ്ങളാണ്. വിദ്യാഭ്യാസസംവിധാനം ക്രമത്തില്‍ തകരുന്നു. വിദ്യാഭ്യാസത്തിന്റെ ദേശസാത്കരണത്തിന്റെ സൂചനകള്‍ ശക്തമാണ്. ഭരണഘടനാവിരുദ്ധമായിട്ടാണ് കശ്മീരില്‍ 2019 ആഗസ്റ്റില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. ഇന്നും ബഹുഭൂരിപക്ഷം കശ്മീരികളും ഒരു വലിയ ജയിലില്‍ എന്നതു പോലെയാണു ജീവിക്കുന്നത്. ചൈനയും നേപ്പാളും പാക്കിസ്ഥാനും ആയി ഉണ്ടായിരിക്കുന്ന സംഘര്‍ഷങ്ങള്‍ രാജ്യത്തിന്റെ നേതൃദാരിദ്ര്യത്തിന്റെ തെളിവാണ്.

അധികാരത്തിലിരിക്കുന്നവരും അവരുടെ കൂലിപ്പടയാളികളും ചേര്‍ന്ന് മറ്റുള്ളവര്‍ക്കു നേരെ തങ്ങളുടെ വിദ്വേഷപ്രഭാഷണങ്ങളിലൂടെ വിഷം ചീറ്റുന്നു. പ്രധാനപ്പെട്ട അച്ചടി, ഇലക്‌ട്രോണിക് മാധ്യമങ്ങളെല്ലാം വിലയ്ക്കു വാങ്ങപ്പെട്ടു, സ്വന്തം രാഷ്ട്രീയ യജമാനന്മാര്‍ക്കു മുമ്പില്‍ മുട്ടിലിഴയുകയാണ് അവ. അഭിപ്രായസ്വാതന്ത്ര്യം ഏറെക്കുറെ ഒരു പഴങ്കഥ ആയിരിക്കുന്നു. സത്യത്തിനും നീതിക്കും വേണ്ടി നിലപാടെടുത്തിരിക്കുന്ന നിരവധി പത്രപ്രവര്‍ത്തകരും എഴുത്തുകാരും ഗ്രന്ഥകാരന്മാരും, (വിശേഷിച്ചും ഓണ്‍ലൈന്‍ പോര്‍ട്ടലുകളിലും സോഷ്യല്‍ മീഡിയായിലും എഴുതുന്നവര്‍) പ്രതികാരനടപടികള്‍ക്കു വിധേയരായിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി മോദി ദത്തെടുത്ത വരാണസിയിലെ ഗ്രാമത്തില്‍ ലോക്ഡൗണ്‍ കാലത്തു പട്ടിണിയായിപ്പോയ മനുഷ്യരെ കുറിച്ചെഴുതിയതിനു സുപ്രസിദ്ധ പത്രപ്രവര്‍ത്തക സുപ്രിയ ശര്‍മ്മയ്‌ക്കെതിരെ കേസെടുത്തത് ഇക്കഴിഞ്ഞ ദിവസങ്ങളിലാണ്. ദോമാരി ഗ്രാമത്തില്‍ സുപ്രിയ അഭിമുഖം നടത്തിയ സ്ത്രീകളിലൊരാള്‍ തന്റെ പ്രസ്താവന പിന്‍വലിച്ചു. മറുവശത്ത്, വിഷവും വിദ്വേഷവും വിഭാഗീയതയും മണ്ടത്തരങ്ങളും പരത്തുന്ന പത്രപ്രവര്‍ത്തകവേഷധാരികള്‍ക്ക് എന്തും ചെയ്യാവുന്ന സ്ഥിതി.

ന്യൂനപക്ഷങ്ങളെ, വിശേഷിച്ചും മുസ്ലീങ്ങളേയും ക്രൈസ്തവരേയും തുടര്‍ച്ചയായി അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. ആള്‍ക്കൂട്ടാക്രമണം പതിവായിരിക്കുന്നു. ഇതിന്റെ ഇരകളാകട്ടെ എപ്പോഴും ന്യൂനപക്ഷമതസ്ഥരുമായിരിക്കും. ഒഡിഷ യില്‍ പതിനാലുകാരനായ ഒരു ക്രിസ്ത്യന്‍ ബാലനെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊന്നിട്ട് ഏറെയായില്ല. പള്ളികളെ തുടര്‍ച്ചയായി ആക്രമിക്കുന്നു. അടുത്തയിടെ കേരളത്തില്‍ ഒരു ആന ദയനീയമായി കൊല്ലപ്പെട്ടു. ഉടനെ ഒരു കേന്ദ്രമന്ത്രി അതിനെ വര്‍ഗീയമായി ചിത്രീകരിക്കുകയും മുസ്ലീം ഭൂരിപക്ഷമുള്ള ജില്ലയിലാണ് അതു നടന്നതെന്നു തെറ്റായി പറയുകയും ചെയ്തു. തബ്ലീഗ് സമ്മേളനത്തിനു ശേഷം കോവിഡിനെ മുസ്ലീം വൈറസ് എന്നു വിശേഷിപ്പിച്ചവര്‍ ഒഡിഷയില്‍ നടത്തിയ രഥയാത്രയുടെ കാര്യം മിണ്ടാതിരുന്നത് ഭരണകൂടം ന്യൂനപക്ഷങ്ങളെ മോശക്കാരാക്കുന്നതിനും ഇരട്ടനീതി നടപ്പാക്കുന്നതിനും ഉദാഹരണമാണ്. ഇന്ത്യയില്‍ മതസ്വാതന്ത്ര്യം ഇല്ലാതാകുന്നുവെന്ന് അമേരിക്കയുടെ ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവന്നത് ഈയിടെയാണ്.

മനുഷ്യാവകാശങ്ങള്‍ക്കും നീതിക്കും സമാധാനത്തിനും ബഹുത്വത്തിനും വേണ്ടി നിലപാടെടുക്കുന്നവര്‍ക്കെതിരെ കള്ളക്കേസുകളെടുക്കുകയും അപമാനിക്കുകയും ആക്രമിക്കുകയും കൊല്ലുക പോലും ചെയ്യുന്നു. ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകരെ ഔദ്യോഗികവും സംഘാതവുമായ വിധത്തില്‍ ആക്രമിക്കുന്നതിനെക്കുറിച്ചുള്ള തെളിവുകള്‍ സിറ്റിസന്‍ ലാബും ആംനെസ്റ്റി ഇന്റര്‍നാഷണലും ചേര്‍ന്നു പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലുണ്ട്. പലരേയും ജയിലുകളില്‍ അടച്ചിരിക്കുകയാണ്. ഹര്‍ഷ് മന്ദര്‍, യോഗേന്ദ്ര യാദവ് തുടങ്ങിയ ജനാധിപത്യവാദികള്‍ കള്ളക്കേസുകള്‍ നേരിടുന്നു. സന്നദ്ധസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ നിയമനിര്‍മ്മാണങ്ങളിലൂടെ ക്രമാനുഗതമായി നിര്‍ജീവമാക്കുന്നു.

തിരഞ്ഞെടുപ്പു കമ്മീഷന്‍ പോലെയുള്ള ഭരണഘടനാസംവിധാനങ്ങള്‍ കൂട്ടിലിട്ട തത്തകളെ പോലെ രാഷ്ട്രീയ യജമാനന്മാരുടെ ഇംഗിതങ്ങള്‍ക്കൊത്തു തുള്ളുന്നു. രാജ്യത്തെ പരമോന്നത കോടതി പോലും വളയ്ക്കാവുന്ന അവസ്ഥയിലെത്തി. ഒരു മുന്‍ ചീഫ് ജസ്റ്റിസ് രാജ്യസഭാംഗത്വം സ്വീകരിക്കുന്നു എന്നതുതന്നെ നമ്മുടെ നീതിന്യായ സംവിധാനം എത്തപ്പെട്ടിരിക്കുന്ന പരിതാപകരമായ അവസ്ഥയുടെ സൂചനയാണ്. പരമോന്നത നീതിപീഠത്തില്‍ നിന്ന് ഈയിടെയുണ്ടായ വിധിന്യായങ്ങള്‍ പക്ഷഭേദത്തിന്റെയും നീതിനടത്തിപ്പിലെ പ്രകടമായ അനീതിയുടെയും ഞെട്ടിക്കുന്ന ഉദാഹരണങ്ങളാണ്. പരമോന്നത സംവിധാനങ്ങള്‍ പോലും ഇങ്ങനെയാകുമെങ്കില്‍ രാജ്യത്തിന്റെ ഭാവിയെ കുറിച്ച് അതു നല്ല സൂചനയല്ല നല്‍കുന്നത്.

ഭരണഘടനയുടെ സത്തയും ചൈതന്യവും മാറ്റാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നു. സാമ്പത്തിക, സാമൂഹ്യ, രാഷ്ട്രീയ തലങ്ങളിലെല്ലാം ഇന്ത്യയെ സംബന്ധിച്ച അന്താരാഷ്ട്ര വിലയിരുത്തലുകളും സൂചകങ്ങളുമെല്ലാം കുത്ത നെ താഴോട്ടു പോകുന്നു. ആഗോള വിശപ്പു സൂചകം സംബന്ധിച്ച 2019-ലെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യ 117 രാജ്യങ്ങളില്‍ 102-ാം സ്ഥാനത്താണ്. ദശലക്ഷകണക്കിനു വരുന്ന ഇന്ത്യന്‍ കുട്ടികളുടെ ഭാവി സംബന്ധിച്ച് യുണിസെഫ് റിപ്പോര്‍ട്ട് നടത്തുന്ന പ്രവചനം ഭയാനകമാണ്.

ഇന്ത്യയില്‍ പത്രസ്വാതന്ത്ര്യം കൂപ്പുകുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കുന്ന ഹിന്ദു ദേശീയവാദ ഭരണകൂടം പൊതുസമൂഹത്തെ അടിച്ചമര്‍ത്തുകയാണെന്നും സ്വതന്ത്രജനാധിപത്യത്തെക്കുറിച്ചു പഠിക്കുന്ന ഒരു സ്വീഡിഷ് ഏജന്‍സിയുടെ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ഏറ്റവുമധികം 'സ്വേച്ഛാധിപത്യവത്കരണം' നടക്കുന്ന 10 രാജ്യങ്ങളിലൊന്നാണ് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ. ഈ പട്ടികയിലെ മറ്റു രാജ്യങ്ങള്‍ ഹങ്കറി, തുര്‍ക്കി, പോളണ്ട്, സെര്‍ബിയ, ബ്രസീല്‍, മാലി, തായ്‌ലന്‍ഡ്, നിക്കരാഗ്വ, സാംബിയ എന്നിവയാണ്.

എല്ലാ മേഖലകളിലും ഇപ്രകാരം തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കെ, പൗരത്വഭേദഗതി നിയമം, ദേശീയ ജനസംഖ്യാരജിസ്റ്റര്‍, പൗരത്വരജിസ്റ്റര്‍ എന്നിവ കൊണ്ടു വരാനും ഇന്ത്യന്‍ ഭരണകൂടം തയ്യാറായി. ഇവ മൂന്നും ഇന്ത്യന്‍ ഭരണ ഘടനയുടെ അന്തസ്സത്തയെ ഹനിക്കുന്നതും ജനാധിപത്യച്ചട്ടക്കൂടിനെ തകര്‍ക്കുന്നതുമാണ്. പാവപ്പെട്ടവരില്‍, അരികുവത്കരിക്കപ്പെട്ടവരില്‍, ന്യൂനപക്ഷങ്ങളില്‍, ആദിവാസികളും ദളിതരും പോലെയുള്ള മറ്റു ദുര്‍ബല വിഭാഗങ്ങളില്‍ ഇവ പ്രത്യാഘാതങ്ങളുണ്ടാക്കും. 'ഹിന്ദുത്വ' രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള വളരെ വ്യക്തമായ തന്ത്രമാണ് ഇതെല്ലാം.

പകര്‍ച്ചവ്യാധിയും തദ്ഫലമായ ലോക്ഡൗണും മൂലം ദേശീയ പ്രക്ഷോഭങ്ങള്‍ താത്കാലിക വിരാമത്തിലാണ്. മാര്‍ച്ച് 24 മുതല്‍ എല്ലാ മേഖലകളിലും നിന്നുള്ള ലക്ഷകണക്കിനു ജനങ്ങള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും തെരുവുകളില്‍ പ്രതിഷേധത്തിലായിരുന്നു. ജനവിരുദ്ധ നിയമങ്ങളും അനുബന്ധ നടപടികളും നിരുപാധികം പിന്‍വലിക്കണമെന്ന് അവരാവശ്യപ്പെട്ടു. യുവജനങ്ങളും വയോധികരും വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും സാമൂഹ്യപ്രവര്‍ത്തകരും പൗരപ്രമുഖരും ഗ്രാമീണരും നഗരവാസികളും എല്ലാം കരുത്തും ഐക്യവും പ്രകടിപ്പിച്ച പ്രക്ഷോഭങ്ങളായിരുന്നു അവ. സ്വാതന്ത്ര്യത്തിനു ശേഷം ഇങ്ങനെയൊരു പ്രക്ഷോഭം ഇന്ത്യ ആദ്യമായി കാണുകയായിരുന്നു. ഇതേകുറിച്ച് ആഗോള ചിന്തകരും മറ്റും എഴുതിയ ഉജ്ജ്വലമായ ലേഖനങ്ങളും പ്രസ്താവനകളും പൊതുമണ്ഡലത്തില്‍ ഇന്നു ലഭ്യമാണ്.

ദേശീയതലത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ആധുനിക ഇന്ത്യ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു മാനവീകപ്രതിസന്ധി ഉണ്ടാകുകയായിരുന്നു. ഇന്ത്യയിലെ കുടിയേറ്റത്തൊഴിലാളികളുടെ ജീവിതങ്ങളെ അതു ഗുരുതരമായ വിധത്തില്‍ ബാധിച്ചു. ലക്ഷക്കണക്കിനു കുടിയേറ്റക്കാര്‍ ഭക്ഷണവും പണവും പാര്‍പ്പിടവും ഇല്ലാതെ സ്തംഭിച്ചു നിന്നുപോയി. ഭരണഘടനയുടെ 14, 15, 19, 21 വകുപ്പുകള്‍ നല്‍കുന്ന മൗലികാവകാശങ്ങള്‍ ഈ തൊഴിലാളികള്‍ക്കു നിഷേധിക്കപ്പെടുകയും സംസ്ഥാനാന്തര അതിര്‍ത്തികളില്‍ അവര്‍ വലിയ പോലീസ് അതിക്രമങ്ങള്‍ക്കു വിധേയരാകുകയും ചെയ്തു. വീടെത്താനുള്ള യാത്രയ്ക്കിടെ തളര്‍ന്നു വീണും പട്ടിണിയും ആത്മഹത്യയും പോലീസ് മര്‍ദ്ദനവും രോഗവും അപകടവും മൂലവും അനേകര്‍ മരിച്ചു. കോവിഡ് കാലത്ത് കോവിഡ് മൂലമല്ലാത്ത ഇത്തരം 667 മരണങ്ങള്‍ ഇന്ത്യയിലുണ്ടായെന്നാണു കണക്ക്. ഇതില്‍ 205 മരണങ്ങള്‍, കുടിയേറ്റത്തൊഴിലാളികള്‍ കാല്‍നടയായി വീടെത്താനുള്ള യാത്രയ്ക്കിടെയാണ് 114 പേര്‍ പട്ടിണിയും സാമ്പത്തിക പ്രതിസന്ധിയും മൂലം മരിച്ചു. ഇപ്പോഴും, വീടുകളിലെത്താനാകാതെ വിവിധ സ്ഥലങ്ങളിലായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ച് സര്‍ക്കാരിന് യാതൊരു ധാരണയുമില്ല എന്ന് വിവരാവകാശനിയമപ്രകാരം വെളിപ്പെടുത്തപ്പെട്ടു.

പകര്‍ച്ചവ്യാധിയുടെ കാലത്ത് തൊഴിലാളികള്‍ വല്ലാതെ സഹനമനുഭവിച്ചു. രണ്ടു മാസത്തോളമാണ് അവര്‍ക്കു ഭരണകൂടം യാത്രാസൗകര്യം നിഷേധിച്ചത്. കൂലി കിട്ടാനും അവര്‍ക്കു മാര്‍ഗങ്ങളില്ലായിരുന്നു. ലോക്ക്ഡൗണ്‍ തീരുമ്പോള്‍ തന്നെ ജോലികള്‍ തുടരാന്‍ കഴിയുന്ന തരത്തില്‍ അവരെല്ലാം ജോലിസ്ഥലങ്ങളില്‍ തന്നെ കഴിയട്ടെ എന്നൊരു നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. എന്നാല്‍ നടന്നിട്ടായാല്‍ പോലും വീട്ടിലെത്തണമെന്ന നിശ്ചയദാര്‍ഢ്യം തൊഴിലാളികള്‍ കാണിക്കുമെന്നു സര്‍ക്കാരിനു സങ്കല്‍പിക്കാനായില്ല. ജന്മനാട്ടിലെത്താന്‍ നൂറു കണക്കിനു മൈലുകള്‍ നടക്കാന്‍ അവര്‍ തയ്യാറായി. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ ഇതു നിഷേധിച്ചെങ്കിലും.

പകര്‍ച്ചവ്യാധിക്കിടെ കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പാരിസ്ഥിതിക മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നാല്‍പതിലേറെ പദ്ധതികള്‍ക്കാണ് പച്ചക്കൊടി കാട്ടിയത്. ചങ്ങാത്തവലയത്തിലെ മുതലാളിമാരുടേതാണ് ഈ പദ്ധതികള്‍ മിക്കവാറും. പരിസ്ഥിതിയെ കൊള്ളയടിക്കാനും കവര്‍ന്നെടുക്കാനുമുള്ള ലൈസന്‍സുകളാണ് ഈ അനുമതികളെല്ലാം. നമ്മുടെ അമൂല്യമായ ജൈവവൈവിദ്ധ്യവും ദുര്‍ബലമായ പരിസ്ഥിതിയുമാണ് ഇവ വഴി തകര്‍ക്കപ്പെടുക. പരിസ്ഥിതിയെ തകര്‍ക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുക എന്ന മട്ടിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. പശ്ചിമഘട്ടം, അരാവല്ലി മലകള്‍, ദിബാംഗിലെ ഡാം, സ്വകാര്യകമ്പനികള്‍ക്കു കല്‍ക്കരി ഖനികള്‍ വില്‍ക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇതു കാണാം.

ഒരു "അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ" സാഹചര്യത്തിലാണ് നാമിപ്പോള്‍ കഴിയുന്നതെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു. ജനാധിപത്യത്തിന്റെ മൂടുപടമണിഞ്ഞ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തില്‍ സ്വേച്ഛാധിപത്യം ഉള്‍ച്ചേര്‍ക്കപ്പെട്ടിരിക്കുന്നു എന്നതു വ്യക്തമാണ്. ബഹുത്വമാര്‍ന്നതും നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം തുടങ്ങിയ മൂല്യങ്ങളു ള്ളതുമായ സാമൂഹ്യഘടന തകര്‍ച്ച നേരിടുകയാണ്. ന്യൂനപക്ഷങ്ങളും പാര്‍ശ്വവത്കൃതരും ദളിതരും ആദിവാസികളും എല്ലാമുള്‍പ്പെടുന്ന വിഭാഗങ്ങള്‍ ക്രൂരമായ അടിച്ച മര്‍ത്തലിനു വിധേയരാകുന്നു.

ഖലീല്‍ ജിബ്രാന്റെ പഴയൊരു കവിതയെ ഉപജീവിച്ച് പന്ത്രണ്ടു വര്‍ഷം മുമ്പ് അമേരിക്കന്‍ കവി ലോറന്‍സ് ഫെര്‍ലിംഗെറ്റി എഴുതിയ ഒരു കവിത ഈ ഘട്ടത്തില്‍ ഓര്‍ക്കാതിരിക്കാനാവില്ല:

"ആളുകള്‍ ആടുകളായിരിക്കുന്ന
അവരെ ഇടയന്മാര്‍ തെറ്റായി നയിക്കുന്ന
രാജ്യത്തിനു ദുരിതം

നേതാക്കള്‍ നുണയരായിരിക്കുന്ന,
ജ്ഞാനികള്‍ മൗനികളായിരിക്കുന്ന
രാജ്യത്തിനു ദുരിതം

കീഴടക്കിയവരെ വാഴ്ത്താനും
മര്‍ദ്ദിച്ചും അക്രമിച്ചും ലോകം ഭരിക്കാന്‍ ലക്ഷ്യമിടുന്ന
മുഠാളന്മാരെ വീരന്മാരാക്കാനുമല്ലാതെ
സ്വന്തം ശബ്ദമുയര്‍ത്താത്ത
രാജ്യത്തിനു ദുരിതം

സ്വന്തമല്ലാത്തൊരു ഭാഷയുമറിയാത്ത
സ്വന്തമല്ലാത്തൊരു സംസ്‌കാരവുമറിയാത്ത
രാജ്യത്തിനു ദുരിതം

പണം ശ്വസിക്കുന്ന
നിറച്ചുണ്ടവരുടെ ഉറക്കമുറങ്ങുന്ന
രാഷ്ട്രത്തിനു ദുരിതം, ജനത്തിനു ദുരിതം

സ്വന്തം അവകാശങ്ങള്‍ ഒലിച്ചുപോകാനനുവദിക്കുന്ന
സ്വന്തം സ്വാതന്ത്ര്യം ഒഴുകിയകലാനിടയാക്കുന്ന
ജനത്തിനു ദുരിതം

സ്വാതന്ത്ര്യത്തിന്റെ മധുരഭൂമികേ,
മാതൃരാജ്യമേ നിന്റെ കണ്ണീര്‍!"

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org