Latest News
|^| Home -> Cover story -> ആര്‍ച്ച്ബിഷപ്പ് ജോസഫ് ചേന്നോത്ത്: മാര്‍പാപ്പയെ മലയാളം പഠിപ്പിച്ച നയതന്ത്രജ്ഞന്‍

ആര്‍ച്ച്ബിഷപ്പ് ജോസഫ് ചേന്നോത്ത്: മാര്‍പാപ്പയെ മലയാളം പഠിപ്പിച്ച നയതന്ത്രജ്ഞന്‍

Sathyadeepam

വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍
നാല്പത്തിയേഴു വര്‍ഷം നീണ്ട സ്തുത്യര്‍ഹമായ ശുശ്രൂഷ

വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തില്‍ നാല്പത്തിയേഴു വര്‍ഷം സ്തുത്യര്‍ഹമായ ശുശ്രൂഷ ചെയ്ത് ജപ്പാനിലെ അപ്പസ്‌തോലിക നുണ്‍സിയോ ആയിരിക്കുമ്പോള്‍ ദിവംഗതനായ ആര്‍ച്ച്ബിഷപ്പ് ജോസഫ് ചെന്നോത്തിന് പ്രാര്‍ത്ഥനാനിര്‍ഭരമായ ആദരാഞ്ജലികള്‍.

ആര്‍ച്ച്ബിഷപ്പ് കുരിയാക്കോസ് ഭരണികുളങ്ങര

വത്തിക്കാനിലെ പ്രശസ്തമായ ഡിപ്ലോമാറ്റിക് അക്കാദമിയിലെ പരിശീലനത്തിനു ശേഷം മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലും മാര്‍പാപ്പയെ പ്രതിനിധീകരിച്ച് സേവനം ചെയ്തിട്ടുള്ള ആര്‍ച്ചുബിഷപ്പ് ചെന്നോത്ത്, ആയിരുന്നിട്ടുള്ള കാമറോണില്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം അതേ തസ്തികയില്‍ ജോലി ചെയ്യുവാന്‍ എനിക്കും അവസരമുണ്ടായിട്ടുണ്ട്. ഒരേ നയതന്ത്രവിഭാഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നതു കൊണ്ടും ഒരേ മാതൃരൂപതയിലെ അംഗം എന്ന നിലയിലും ആര്‍ച്ച്ബിഷപ്പുമായി വളരെ ഹൃദ്യമായ ബന്ധം പുലര്‍ത്തിയിരുന്നത് ഈ അവസരത്തില്‍ സ്മരിക്കുന്നു. അദ്ദേഹം സ്‌പെയ്‌നില്‍ ആയിരുന്നപ്പോള്‍ ഞങ്ങള്‍ നടത്തിയ സ്‌പെയിന്‍ സന്ദര്‍ശനം ആര്‍ച്ച്ബിഷപ്പ് ചെന്നോത്തിന്റെ ആദിത്യ മര്യാദയുടെ വലിയ മാതൃകയായി മനസ്സില്‍ നിറയുന്നു.
തന്റെ നയതന്ത്രപാതയില്‍ ഒരു കാലഘട്ടം വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റില്‍ സേവനം ചെയ്യുവാന്‍ അദ്ദേഹത്തിനു ഇടയായിട്ടുണ്ട്. ഭാഗ്യവശാല്‍ അക്കാലത്താണ് ഭാഗ്യസ്മരണാര്‍ഹനായ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം നടന്നത്. പരിശുദ്ധ പിതാവിന്റെ രീതിയനുസരിച്ച് സന്ദര്‍ശിക്കുന്ന അതത് രാജ്യങ്ങളിലെ തദ്ദേശീയ ഭാഷയില്‍ ചില വാക്യങ്ങള്‍ അഭിസംബോധനകളും ആ ഭാഷയില്‍തന്നെ നടത്തുക പതിവായിരുന്നു. ഭാരത സന്ദര്‍ശനവേളയില്‍ ഹിന്ദിയും മറാഠിയും മലയാളവും എല്ലാം പറയേണ്ടിയിരുന്നു. മാര്‍പാപ്പയെ ആരു മലയാളം പഠിപ്പിക്കും എന്ന ചോദ്യമുയര്‍ന്നപ്പോള്‍ തന്റെ കേന്ദ്ര കാര്യാലയത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന മോണ്‍സിഞ്ഞോര്‍ ജോസഫ് ചേന്നോത്തിനാണ് ആ ചരിത്ര നിയോഗം വീണുകിട്ടിയത്. വളരെ നാളത്തെ പരിശ്രമം കൊണ്ട് പോളണ്ടുകാരനായ മാര്‍പാപ്പയെ ആവശ്യമായ മലയാളം വാചകങ്ങള്‍ അനായാസം സംസാരിക്കുവാന്‍ മോണ്‍സിഞ്ഞോര്‍ ചേന്നോത്തിനു സാധിച്ചു. ആ ഭാരത സന്ദര്‍ശനവേളയില്‍ ആദ്യന്തം മാര്‍പാപ്പയെ അനുഗമിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
യൂറോപ്പില്‍ ബെല്‍ജിയം, നോര്‍വേ, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളിലെ വത്തിക്കാന്‍ എംബസികളില്‍ സേവനം ചെയ്യാന്‍ കഴിഞ്ഞത് വത്തിക്കാന്‍ നയതന്ത്ര വിഭാഗത്തിലെ ഒരംഗത്തിനു സവിശേഷമായ സേവന പാതയാണ്. അതിനു ശേഷമാണ് തായ്‌വാനിലെ മിഷന്‍ തലവനായി (ഇവമൃഴല റ’അളളമശൃല)െ മോണ്‍സിഞ്ഞോര്‍ ചേന്നോത്ത് നിയമിതനായത്. തുടര്‍ന്ന് 1999-ല്‍ സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കു, ചാഡ് എന്നീ രാജ്യങ്ങളില്‍ നുണ്‍ഷിയോ ആയി ആദ്യ നിയമനം ലഭിച്ചു. ആക്കാലത്തു അയല്‍ രാജ്യമായ കാമറൂണില്‍ സേവനം ചെയ്തിരുന്ന ലേഖകന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ഇടയായത് സന്തോഷപൂര്‍വ്വം ഓര്‍മിക്കുന്നു. പിന്നീട് ടാന്‍സാനിയയിലും ജപ്പാനിലും മാര്‍പാപ്പയുടെ പ്രതിനിധിയായി സേവനം ചെയ്തു.
ജപ്പാനില്‍ ആയിരുന്നപ്പോഴാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചരിത്ര പ്രധാനമായ ജപ്പാന്‍ സന്ദര്‍ശനം നടന്നത്. ഇതിനു വേണ്ട എല്ലാ ക്രമീകരണങ്ങള്‍ക്കും ചുക്കാന്‍ പിടിച്ചത് ആര്‍ച്ച്ബിഷപ്പ് ജോസഫ് ചേന്നോത്ത് ആയിരുന്നു. അതിനുശേഷം അധികം താമസിയാതെ സേവനത്തില്‍ നിന്നും വിരമിക്കാന്‍ ഇരിക്കെ ആയിരുന്നു അദ്ദേഹം രോഗബാധിതനായത്. വത്തിക്കാന്‍ സ്ഥാനപതികള്‍ സാധാരണ എഴുപത്തിയഞ്ചു വയസ്സിലാണ് വിരമിക്കുക.
തന്റെ സേവന രംഗങ്ങളിലെല്ലാം തന്റെ സ്വതസിദ്ധമായ സൗമ്യഭാവത്തോടെ നയവും തന്ത്രവും തെളിയിച്ച ഒരു നയതന്ത്ര പ്രതിഭയും വൈദീക ശ്രേഷ്ഠനുമായിരുന്നു ആര്‍ച്ച്ബിഷപ്പ് ചേന്നോത്ത്. സഹപ്രവര്‍ത്തകരോട് സ്‌നേഹവും ബഹുമാനവും പുലര്‍ത്തിയിരുന്ന അദ്ദേഹം, കൂടെ പ്രവര്‍ത്തിച്ചിരുന്ന മോണ്‍സിഞ്ഞോര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും അങ്ങേയറ്റം ബഹുമാനിതനായിരുന്നു. എവിടെ ആയിരുന്നാലും പ്രത്യേകിച്ച് ആഫ്രിക്കയില്‍ പ്രാദേശിക മെത്രാന്‍ സമിതി അംഗങ്ങളോട് വളരെ സൗഹൃദപരമായ ബന്ധം പുലര്‍ത്തുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതാതു രാജ്യങ്ങളിലെ പല മെത്രാന്മാരും ഇക്കാര്യം പറയുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

മാതൃ ഇടവക ദേവാലയമായ സെന്റ് തോമസ് ചര്‍ച്ച്, കോക്കമംഗലം

മാര്‍പാപ്പയുടെ പ്രതിനിധികള്‍ പ്രാദേശികസഭയുടെ വത്തിക്കാന്‍ കാര്യാലയവുമായുള്ള ബന്ധം സഭാതലത്തില്‍ നിലനിര്‍ത്തേണ്ടവരാണ്. മെത്രാന്മാരുടെ തിരഞ്ഞെടുപ്പ്, വൈദീകപരിശീലനം, സന്യസ്തരുടെ വിഷയങ്ങള്‍, പ്രേഷിത പ്രവര്‍ത്തനങ്ങള്‍ സന്നദ്ധസംഘടനകളുടെ സാമ്പത്തിക സഹായങ്ങള്‍ എല്ലാം നുണ്‍ഷ്യോയുടെ ഓഫീസാണ് ചെയ്തിരുന്നത്. സഭാതലത്തിലുള്ള സഹകരണം ഉറപ്പിക്കുന്നതോടൊപ്പം അതാതു രാജ്യങ്ങളിലെ ഗവണ്‍മെന്റുമായുള്ള രാഷ്ട്രീയ ബന്ധം മെച്ചപ്പെടുത്തുകയും വത്തിക്കാന്‍ സ്ഥാനപതിയുടെ ദൗത്യമാണ്. പ്രശ്‌നകലുഷിതമായ ആഫ്രിക്കന്‍ സാഹചര്യങ്ങളെ അതിവിദഗ്ദ്ധമായി കൈകാര്യം ചെയ്യുവാന്‍ ആര്‍ച്ച്ബിഷപ്പ് ചേന്നോത്തിനു സാധിച്ചു. ജപ്പാനിലും അവിടുത്തെ ഗവണ്‍മെന്റുമായും വളരെ നല്ല ബന്ധം പുലര്‍ത്തിയിരുന്നതിന്റെ തെളിവാണ് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആ രാജ്യം സന്ദര്‍ശിക്കാന്‍ സാധിച്ചു എന്നത്. 2011 മുതല്‍ ആര്‍ച്ച്ബിഷപ്പ് ജപ്പാനില്‍ സേവനം ചെയ്യുകയായിരുന്നു.
സര്‍വത്രികസഭയില്‍ ശുശ്രൂഷ ചെയ്യുകയായിരുന്നെങ്കിലും മാതൃസഭയായ സീറോ മലബാര്‍ സഭയോടും എറണാകുളം-അങ്കമാലി അതിരൂപതയോടും പ്രത്യേക സ്‌നേഹവും കടപ്പാടും പുലര്‍ത്തിയിരുന്ന വ്യക്തിയാണ് ആര്‍ച്ച്ബിഷപ്പ് ചേന്നോത്ത്. സീറോ മലബാര്‍ സഭയുടെ ഏതു സംരംഭത്തിനും തന്നാലാകുന്ന സഹായ സഹകരണങ്ങള്‍ ഉദാരമായി ചെയ്യുവാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നത് ഈ അവസരത്തില്‍ നന്ദിപൂര്‍വം സ്മരിക്കുന്നു.
അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും ഈ അവസരത്തില്‍ അനുശോചനങ്ങള്‍ അറിയിക്കുകയും പ്രാര്‍ത്ഥനാശംസകള്‍ നേരുകയും ചെയ്യുന്നു. പിതാവിന്റെ മാതൃഇടവകയായ കോക്കമംഗലത്തെ വികാരിയച്ചനും വിശ്വാസസമൂഹത്തിനും അനുശോചനങ്ങള്‍!

Leave a Comment

*
*