|^| Home -> Cover story -> അരികെ…

അരികെ…

Sathyadeepam

ഫാ. തോമസ് പാട്ടത്തില്‍ചിറ CMF

കഥ

അടച്ചിട്ട തന്‍റെ മുറിയില്‍ തുറന്നുവച്ച ലാപ്ടോപ് കമ്പ്യൂട്ടറിനു മുന്നില്‍ വികാരാധീനനായി അയാളിരുന്നു… മുഴുസ്ക്രീനില്‍ തെളിഞ്ഞു മറയുന്ന ഹൃദയഭേദകങ്ങളായ ദൃശ്യങ്ങളിലൂടെ ഇടയ്ക്കിടെ ഈറനണിഞ്ഞ ആ മിഴിയിണകള്‍ ഇമചിമ്മാതെ പരതിനടന്നു… മുഖത്ത് നല്ല ഉറക്കക്ഷീണം. കഴിഞ്ഞ കുറേ മണിക്കൂറുകളിലെ മനോവ്യഥകള്‍ അയാളുടെ മാനസികനില തന്നെ തകര്‍ത്തിരുന്നു… പിന്നെങ്ങനെയുറങ്ങാന്‍…? പുറത്ത് സൈറണ്‍ മുഴക്കിക്കൊണ്ട് പരക്കം പായുന്ന വാഹനങ്ങളുടെ നിലയ്ക്കാത്ത ശബ്ദം. ചിലതിലെ ഉച്ചഭാഷിണികളില്‍ നിന്ന് സര്‍ക്കാര്‍വക പൊതുജനങ്ങള്‍ക്കു നല്കുന്ന ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാം. അവിടെ ഉത്ഭവിച്ച കൊറോണ എന്ന മാരകമായ പകര്‍ച്ചവ്യാധി പരത്തിയ പേടിയുടെ പിടിയിലാണ് ആ നാടും മെക്കാവോ നഗരവും. അതുമൂലം മരണമടഞ്ഞവരുടെ എണ്ണം നാള്‍ക്കുനാള്‍ ഏറി വരികയുമാണ്. ആയതിനാല്‍, കുറച്ചുകാലത്തേക്ക് ജനങ്ങള്‍ വിദേശയാത്രകള്‍ കഴിവതും ഒഴിവാക്കാനാണ് ഭരണകൂടത്തിന്‍റെ ഉപദേശം. അഥവാ, അടിയന്തിരാവശ്യങ്ങള്‍ക്കായി രാജ്യത്തിനു വെളിയില്‍ സഞ്ചരിക്കേണ്ടി വരുന്നവര്‍ കര്‍ശനമായ വൈദ്യ പരിശോധനകള്‍ക്കും, അവര്‍ ചെന്നിറങ്ങുന്നയിടങ്ങളില്‍ ആഴ്ചകളോളം മാറ്റിപ്പാര്‍പ്പിക്കപ്പെട്ട അവസ്ഥയിലുള്ള നിരീക്ഷണങ്ങള്‍ക്കും വിധേയരാകേണ്ടി വരുന്ന വല്ലാത്ത ഒരവസ്ഥയാണ് നിലവിലുള്ളത്. അതുകൊണ്ടുതന്നെ പലരും അത്യാവശ്യയാത്രകള്‍ പോലും ഒഴിവാക്കുകയാണ്.

ബാഹ്യമായ ബഹളങ്ങള്‍ക്കൊന്നും ചെവികൊടുക്കാതെ അയാള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലേക്കു മാത്രം മിഴി നട്ടിരുന്നു… സമയം വൈകുന്നേരം അഞ്ചുമണി. ഇപ്പോള്‍ തന്‍റെ ജന്മനാട്ടില്‍ ഉച്ചകഴിഞ്ഞ് ഏതാണ്ട് രണ്ടരമണി സമയം. വീട്ടില്‍ നിന്നും താന്‍ കാതങ്ങള്‍ അകലെയാണെങ്കിലും അവിടുത്തെ കാഴ്ചകളെല്ലാം തത്സമയം അരികെയെന്ന പോലെ സ്ക്രീനില്‍ കാണാനെങ്കിലും കഴിയുന്നുണ്ടല്ലോ എന്ന ആശ്വാസം. വീടും മുറ്റവുമെല്ലാം ജനനിബിഢമാണ്. വരുന്നവരും പോരുന്നവരുമായി അനേകം പേരുണ്ട്. കൂടുതലും സുപരിചിതര്‍. ചിലരുടെ കൈകളില്‍ പുഷ്പ ചക്രങ്ങളും പൂച്ചെണ്ടുകളും. മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനകളും പാട്ടുകളുംകൊണ്ട് മുഖരിതമായ അന്തരീക്ഷം. അതിനിടയിലും ‘ഇളയമോന് മാത്രം എത്താന്‍ പറ്റാതെ പോയല്ലോ, കഷ്ടം…’ എന്നുള്ള ആരുടെയൊക്കെയോ പരിഭവങ്ങള്‍…. വെള്ള വിരിച്ച പന്തലില്‍ നടുവില്‍ നീണ്ട മേശമേല്‍ ശ്വേതപ്പൂക്കള്‍ കൊണ്ട് അലംകൃതമായ പെട്ടിയില്‍ ശുഭ്രവസ്ത്രങ്ങളാല്‍ പൊതിയപ്പെട്ട് മയങ്ങുന്ന തന്‍റെ എല്ലാമായ അമ്മ…. അപ്പന്‍റെ മരണശേഷം സ്വന്തമെന്നു പറയാനും കാണാന്‍ കൊതിക്കാനും തനിക്ക് ആകെയുണ്ടായിരുന്ന മുഖം… വല്ലപ്പോഴാണെങ്കിലും ഉത്സാഹത്തോടെ വീട്ടില്‍ ചെല്ലാറുണ്ടായിരുന്ന ഒരേയൊരു കാരണം…. അവളിപ്പോള്‍ ഓര്‍മയായി മാറിക്കൊണ്ടിരിക്കുകയാണ്… രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ‘അമ്മാ, ഞാനിനി ചൈനയിലേക്കു പോവാ…’ എന്ന് നിയമനം കിട്ടിയശേഷം കട്ടിലിനരികിലിരുന്നു അറിയിച്ചപ്പോള്‍ അത് പുറം രാജ്യമല്ലേ അത്രയും ദൂരെയൊക്കെ പോണോ, കുഞ്ഞേ… എനിക്കു വയസ്സും വല്ലായ്മയുമൊക്കെയായി… പെട്ടെന്നൊന്നു കാണണോന്നു തോന്നിയാ….? എന്നുള്ള അവളുടെ പാതിവിഴുങ്ങിയ പതറിയ ചോദ്യം അയാളുടെ കാതോരങ്ങളില്‍ മുഴങ്ങി. നേരാ, വേണമെങ്കില്‍ ഇങ്ങനെയൊരു സാഹസം അന്നു ഒഴിവാക്കാമായിരുന്നു. പക്ഷേ, അധികാരികളോടു പറ്റില്ല എന്നൊന്നും പറയാന്‍ തോന്നിയേയില്ല. അല്ല, അങ്ങനെയൊക്കെ പറയാന്‍ തുടങ്ങിയാല്‍ പിന്നെ താന്‍ സ്വന്തം കൈപ്പടയില്‍ എഴുതി വായിച്ച് ഒപ്പുവച്ചു നല്കിയ വാഗ്ദാനങ്ങള്‍ക്കൊക്കെ എന്തുവില?… ചിന്തകള്‍ അങ്ങനെ പലതും ചങ്കിനുള്ളില്‍ ചേക്കേറാന്‍ തിടുക്കം കൂട്ടി…

അന്ത്യകര്‍മ്മങ്ങള്‍ക്കായി എത്തിയ ഇടവക വികാരിയും കൂട്ടരും ഓര്‍മകളില്‍ നിന്നും അയാളെ പെട്ടെന്നു തട്ടിയുണര്‍ത്തി. പ്രാര്‍ത്ഥനകള്‍ ആരംഭിച്ചപ്പോള്‍ അയാളുടെ മിഴികള്‍ നനഞ്ഞു. തനിക്കായിരുന്നില്ലേ അതിന്‍റെയൊക്കെ അവകാശം…? തന്‍റെ അസാന്നിധ്യം ഇപ്പോള്‍ അവിടെ തീര്‍ത്തിരിക്കുന്ന വലിയ ശൂന്യത അയാളുടെ ഹൃദയത്തെ വല്ലാതെ ഭാരപ്പെടുത്തി. അന്ത്യചുംബനമര്‍പ്പിക്കാന്‍ ഓരോരുത്തരായി എത്തുന്നു… കരയുന്ന ചില കണ്ണുകള്‍… വിതുമ്പുന്ന ചില ചുണ്ടുകള്‍…. അവരുടെയൊക്കെ ദൃഷ്ടികള്‍ വെറുതേയാണെങ്കിലും ഇനിയുമാരെയോ തിരയുന്നുണ്ടോ….? തങ്ങള്‍ക്ക് ആശ്വാസമായി അരികിലുണ്ടാകേണ്ടിയിരുന്ന ആരെയോ ഒരാളെ അവര്‍ക്കവിടെ നഷ്ടപ്പെടുന്നുണ്ടോ….? ഉണ്ട്… തീര്‍ച്ചയായും…. അതു തനിക്കേ മനസ്സിലാകൂ…. തനിക്കു മാത്രം…. അതെ, എല്ലാവര്‍ക്കും ഒടുവിലായി ആ മാതൃകവിളില്‍ മുത്തമേകേണ്ടവനായ താന്‍ മാത്രം അവിടെയില്ല…! തുടര്‍ന്ന്, മൃതദേഹവും വഹിച്ചുകൊണ്ട് പള്ളിയിലേക്കുള്ള വിലാപയാത്ര…. ദൈവാലയത്തിലെയും സെമിത്തേരിയിലെയും ശേഷകര്‍മ്മങ്ങളും പ്രാര്‍ത്ഥനകളും….. ഒടുവില്‍ ശവപ്പെട്ടിയുടെ മൂടി അവളുടെ മുഖം മെല്ലെ മറച്ചു. ആ അമ്മ മുഖം അവസാനമായി ഒരുവട്ടം കൂടി കാണാന്‍ അയാള്‍ സ്ക്രീനിലേക്കു തന്‍റെ മുഖം ചേര്‍ത്തുപിടിച്ചു. ആറടി മണ്‍കുഴിയിലേക്ക് താഴ്ന്നുപോകുന്ന അമ്മയെന്ന ആ അമുല്യഓര്‍മയ്ക്ക് നിറ നയനങ്ങള്‍കൊണ്ട് അയാള്‍ യാത്രാമൊഴി ചൊല്ലി…

‘ജോസച്ചാ…’, ആരോ വെളിയില്‍നിന്നും വിളിച്ചു. മറുപടിക്കുകാത്തുനില്ക്കാതെ വാതില്‍ തുറന്നു വന്നത് സഹവൈദികന്‍ പോള്‍ ആയിരുന്നു. അവരിരുവരും ഒരുമിച്ചാണ് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്കായി ആ വ്യാളിയുടെ നാട്ടിലെത്തിയത്. ‘വരൂ… അടക്കൊക്കെ കഴിഞ്ഞില്ലേ..? ഇനി വന്ന് എന്തെങ്കിലും കഴിക്ക്… അമ്മ മരിച്ചപ്പോള്‍ തുടങ്ങി രണ്ടു ദിവസമായില്ലേ ഇത്തിരിവെള്ളം പോലും കുടിച്ചിട്ട്…? തോളില്‍ തലോടിക്കൊണ്ടുള്ള സുഹൃത്തിന്‍റെ സാന്ത്വനം… താങ്ക്യൂ… അച്ചന്‍ പൊയ്ക്കോ, ഞാന്‍ വന്നോളാം…. അതിനു മുമ്പു കുര്‍ബാനയര്‍പ്പിക്കണം…. അമ്മയുടെ ആത്മശാന്തിക്കുക്കുവേണ്ടി പ്രാര്‍ത്ഥിക്കണം… പതിഞ്ഞ സ്വരത്തില്‍ അയാള്‍ പറഞ്ഞു.

മൃതസംസ്കാരശുശ്രൂഷയുടെ നേര്‍ക്കാഴ്ചകള്‍ തത്സമയം തനിക്കു കാണാന്‍ വീഡിയോ സംവിധാനമൊരൊക്കിയ നാട്ടിലെ കൂട്ടുകാരനു നന്ദി പറഞ്ഞിട്ട് തന്‍റെ ഫേസ്ബുക്ക് പേജില്‍ വിറയാര്‍ന്ന വിരല്‍ത്തുമ്പുകള്‍ കൊണ്ട് അയാള്‍ കുറിച്ചു: ‘എന്‍റെ അമ്മ ഇനിയില്ല…. വലിയ ഒരു കര്‍ഷക കുടുംബത്തിലേക്ക് എന്‍റെ അപ്പന്‍ അവളെ കല്യാണം കഴിച്ചുകൊണ്ടു വന്നപ്പോള്‍ അവള്‍ വളരെ ചെറുപ്പമായിരുന്നിരിക്കണം…. ജോലിഭാരം മൂലം അവള്‍ പല തവണ തലചുറ്റി വീണിട്ടുണ്ട്. എന്നിട്ടും, അവള്‍ വലിയൊരു കുടുംബത്തിന്‍റെ നാഥയായി…. പത്തു വര്‍ഷങ്ങള്‍ക്കു മുമ്പു തന്‍റെ ഭര്‍ത്താവ് സ്വര്‍ഗ്ഗത്തിലേക്ക് വാസം മാറ്റിയ നാള്‍ വരെ അയാളുടെ നിഴലായി കൂടെ നടക്കുന്നത് അവള്‍ക്കൊരു ഹരമായിരുന്നു…. അതിനു ശേഷം മാത്രമേ അവള്‍ സ്വന്തം തീരുമാനങ്ങളും ആഗ്രഹങ്ങളും പറയുന്നതായി ഞാന്‍ കേട്ടിട്ടുള്ളൂ…. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി അവള്‍ കിടപ്പിലായിരുന്നു… അവള്‍ക്കൊരു പരാതിയുമില്ലായിരുന്നു… തന്‍റെ ഓര്‍മശക്തി കുറഞ്ഞു തുടങ്ങിയപ്പോഴും ‘കാണാന്‍ വന്നോര്‍ക്കൊക്കെ കഴിക്കാന്‍ എന്തെങ്കിലും കൊടുത്തോ…?’ എന്നായിരുന്നു അവള്‍ അന്വേഷിച്ചിരുന്നത്. വിടചൊല്ലാന്‍ അവളുടെ അരികിലെത്താന്‍ എനിക്കായില്ല… ദൂരവ്യാപകമായിക്കൊണ്ടിരിക്കുന്ന കൊറോണ സംബന്ധമായ യാത്രാ നിയന്ത്രണങ്ങള്‍ എന്നെ അതിനനുവദിച്ചില്ല… പക്ഷേ …. അവള്‍ക്കറിയാം… അകലെയാണെങ്കിലും ഞാന്‍ അവളുടെ അരികെയുണ്ടെന്ന്…

Dearest amma… farewell… kisses.. I miss you….

കരഞ്ഞുണങ്ങിയ മുഖം കഴുകിത്തുടച്ച്, കുര്‍ബാന കുപ്പായങ്ങളണിഞ്ഞ് അയാള്‍ അടുത്തുള്ള ചാപ്പലിലെ അള്‍ത്താരയിലേക്കു നടന്നു…

Leave a Comment

*
*