അര്‍ണോസ് പാതിരിയും മലയാള ഭാവനയും

അര്‍ണോസ് പാതിരിയും മലയാള ഭാവനയും

വി.ജി. തമ്പി

മലയാളിയുടെ സാഹിത്യലോകത്തിന് ഒരു പുത്തന്‍ ചക്രവാളം നല്കിയ ഈ ചരിത്ര പുരുഷന്‍റെ ഓര്‍മ്മയ്ക്ക് 285 വയസ്സ്…

മലയാളത്തിന്‍റെ ആത്മഭാവനയെ പുതുക്കിപ്പണിത മഹാമനീഷിയായിരുന്നു അര്‍ണോസ് പാതിരി. തന്‍റെ മിഷണറി സ്വപ്നങ്ങളില്‍ കവിതയുടെ മഹാസൗന്ദര്യം നിറച്ചു. മലയാളിയുടെ ഭാവനാമണ്ഡലത്തെ വിസ്തൃതവും അഗാധവുമാക്കി. കേരളകവിതയുടെ ചരിത്രത്തില്‍ ഒരു പുതിയ പാരമ്പര്യം കൂട്ടിച്ചേര്‍ത്തു. അതുവരെയും മലയാള വായനയിലും ആഖ്യാനങ്ങളി ലും കടന്നുവന്നിട്ടില്ലാത്ത ഒരു ആശയലോകം, വൈകാരികാനുഭവം, മൂല്യബോധം, പാത്രസൃഷ്ടി, ഭാഷാച്ചേരുവകള്‍, പദകോശം എന്നിങ്ങനെ ഭാവനാവ്യവഹാരങ്ങളില്‍ ഭാവുകത്വത്തിന്‍റെ പുതിയൊരു പാരമ്പര്യമാണ് അര്‍ണോസ് പാതിരിയുടെ കവിതകള്‍ ഉണര്‍ത്തിയെടുത്തത്. മലയാളിയുടെ ഭാവനാജീവിതത്തില്‍ പുതിയൊരു ആകാശവും ഭൂമിയുമായിരുന്നു അര്‍ണോസ് കാവ്യപ്രപഞ്ചം.
ബൈബിള്‍ ആയിരുന്നു പാതിരിയുടെ ഭാവനയുടെ രക്തം, വിശ്വാസത്തിന്‍റെ ലഹരി. സര്‍ഗ്ഗാത്മകതയുടെ ഊര്‍ജ്ജം. ദൈവികത ചരിത്രത്തിലൂടെ വെളിപ്പെടുത്തിയതിന്‍റെ മഹത്തായ വാങ്മയമാണ് വേദപുസ്തകം. ബൈബിള്‍ അവതരിപ്പിച്ച പുതിയ മാനവികത, ഭൗതികവും ആത്മീയവുമായ ധര്‍മ്മസന്ദിഗ്ദ്ധതകള്‍, സഹനം, പാപം, മാനസാന്തരം, ബലി, രക്തസാക്ഷിത്വം, സ്ത്രൈണ ആത്മീയത, നരകം, മോക്ഷം, സ്നേഹം, കരുണ എന്നിങ്ങനെ അനുഭവത്തിന്‍റെ ഭിന്നതലങ്ങള്‍ മലയാളം ആദ്യമായി അനുഭവിച്ചു തുടങ്ങുന്നത് അര്‍ണോസ് പാതിരിയുടെ കവിതകളിലൂടെയാണ്. അതൊരു സാംസ്കാരിക സങ്കലനത്തിന്‍റെ വീര്യമുള്ള വീഞ്ഞായി മാറി. ബൈബിളിന്‍റെ ജ്ഞാനസൗന്ദര്യം മലയാള ഭാവനയെയും ഭാഷയെയും തളിര്‍പ്പിച്ചു. ഭാഷ, ശൈലി, പദം, സ്വരവിശേഷം അന്തരീക്ഷം, ദര്‍ശനം എന്നിവയിലെല്ലാം. ആവിഷ്കാരത്തിന്‍റെ പുതുരക്തം വീഴ്ത്തി പുതിയ അര്‍ത്ഥബോധനതന്ത്രങ്ങളുണ്ടായി. ദൈവവും മനുഷ്യനും തമ്മിലുള്ള ഗാഢമായ ആലിംഗനങ്ങള്‍, ആത്മാവും മാംസവും തമ്മിലുള്ള നിത്യസംഘര്‍ഷങ്ങള്‍, നന്മതിന്മകളുടെ ഏറ്റുമുട്ടലുകള്‍, രക്ഷാകര പദ്ധതിയിലൂടെയുള്ള പുതിയ പ്രത്യാശകള്‍, സഹനാനുഭവങ്ങളുടെ ആത്മീയമായ സമാശ്വാസങ്ങള്‍…. 18-ാം നൂറ്റാണ്ടുവരെയുള്ള മലയാള ആഖ്യാനങ്ങളൊന്നും സ്പര്‍ശിക്കാത്ത എത്രയോതരം അനുഭവപ്രപഞ്ചങ്ങളാണ് അര്‍ണോസിലൂടെ സ്വീകരിക്കപ്പെട്ടത്.
രാമനിലേക്കും കൃഷ്ണനിലേക്കും പകുക്കപ്പെട്ട കേരള കവിതയുടെ ആവിഷ്ക്കാരങ്ങളില്‍ ക്രിസ്തുകൂടി ചേര്‍ക്കപ്പെടുകയായിരുന്നു. അതുവരെയും മലയാള സാഹിത്യത്തിന്‍റെ 'ഇഡിയം' ഹൈന്ദവ സൗന്ദര്യശാസ്ത്രം രൂപപ്പെടുത്തിയത് മാത്രമായിരുന്നു. ഈ അര്‍ത്ഥത്തിലാണ് അര്‍ണോസ്പാതിരി പുതിയൊരു പാരമ്പര്യം സൃഷ്ടിച്ചു എന്ന് പറയുന്നത്. ദൈവികതയെ മാനുഷികതയില്‍ നിര്‍വചിക്കുകയും ലയിപ്പിക്കുകയുമായിരുന്നു പാതിരിയുടെ കവിതകള്‍. തീര്‍ത്തും വ്യത്യസ്തവും മൗലികവുമായ നൈതികാദര്‍ശം ആ കവിതകള്‍ മുന്നോട്ടുവെച്ചു. ബൈബിളിന്‍റെ ഔദ്യോഗിക വായനകള്‍ക്കപ്പുറം ഭാവനയുടെ ഒരു അപരജന്മം ആ കവിതകളെ നിത്യനവീനമാക്കി നിര്‍ത്തി. ബൈബിളിന്‍റെ മലയാള പരിഭാഷ ഉണ്ടാകുന്നതിന് ഒരു നൂറ്റാണ്ടു മുമ്പു തന്നെ അര്‍ണോസ് പാതിരി ബൈബിളിന്‍റെ കാവ്യാഖ്യാനങ്ങള്‍ അവതരിപ്പിച്ചുകഴിഞ്ഞു.
കവിതകൊണ്ട് ജീവിതത്തെ അറിയാനും കവിതകൊണ്ട് ദൈവത്തെയും പ്രപഞ്ചരഹസ്യങ്ങളെയും അറിയാനും വാഴ്വിന്‍റെ നിരവധി വിഷമ സമസ്യകളെ അറിയാനും ശ്രമിച്ച കവിതയുടെ യഥാര്‍ത്ഥ മിഷണറി എന്ന് അര്‍ണോസ് പാതിരിയെ വിശേഷിപ്പിക്കാം. സ്വ ന്തം കവിത്വം കൊണ്ടാണ് അര്‍ണോസ് മിഷണറി ദൗത്യങ്ങളെ വികസിപ്പിച്ചെടുത്തത്.
യൗവനത്തിലേക്ക് വിരിഞ്ഞിറങ്ങുന്ന ഇരുപതാമത്തെ വയസ്സിലാണ് അര്‍ണോസ് പാതിരി കേരളത്തിലെത്തുന്നത്. ക്രിസ്തുജീവിച്ച അത്രയും വര്‍ഷങ്ങള്‍ കേരളക്കരയില്‍ അദ്ദേഹം ജീവിച്ചു. ഈ മുപ്പത്തിമൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ മിഷണറി ദൗത്യത്തെ സര്‍ഗാത്മകമായ രീതിയില്‍ കവിത്വംകൊണ്ട് സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. മലയാള ഭാവനയെ പുത്തന്‍പാനകൊണ്ട് പുതുക്കി നിര്‍മ്മിക്കുകയായിരുന്നു അര്‍ണോസ്.
മിഷണറിമാരുടെ ഭാഷാപ്രയത്നങ്ങള്‍ വൈജ്ഞാനികമേഖലകളില്‍ ഒതുങ്ങി നിന്നപ്പോള്‍ അര്‍ണോസ് സര്‍ഗ്ഗാത്മകതയുടെ ഏറ്റവും സൂക്ഷ്മവും സാന്ദ്രവുമായ കാവ്യഭാഷയെയാണ് ഉണര്‍ത്തിയത്. ഭാഷകള്‍ പഠിക്കുക, വ്യാകരണം പഠിക്കുക, നിഘണ്ടുക്കള്‍ നിര്‍മ്മിക്കുക, അച്ചടിശാലകള്‍ തുടങ്ങുക, വര്‍ത്തമാന പത്രങ്ങള്‍ ആരംഭിക്കുക എന്നിങ്ങനെ ആശയസംവേദനത്തിന്‍റെ വിവിധ മേഖലകളിലൊക്കെയും മിഷണറിമാര്‍ പ്രവര്‍ത്തിച്ചത് അവര്‍ വ്യാപരിച്ച ജനസമൂഹത്തില്‍ വേദസന്ദേശങ്ങളെ വ്യാപിപ്പിക്കാന്‍ വേണ്ടിയാണ്. എന്നാല്‍ അഗാധമായ രീതിയിലുള്ള വ്യാപനം നടക്കണമെങ്കില്‍ മാതൃഭാഷയില്‍ കവിത്വംകൊണ്ട് സാധിക്കണമെന്ന് അര്‍ണോസ് മനസ്സിലാക്കി. ഒരു ജനതയെ ആഴത്തില്‍ സ്പര്‍ശിക്കണമെങ്കില്‍ അവര്‍ സംസാരിക്കുന്ന മാതൃഭാഷയുടെ മര്‍മ്മത്തില്‍ വിരലമര്‍ത്തണം. ഭാഷയ്ക്കുള്ളിലെ ഭാഷയായ കവിതയെ തൊടണം. എന്നാല്‍ മാത്രമേ ആ ജനതയുടെ ഓര്‍മ്മകളെയും സ്വപ്നങ്ങളെയും ദാഹങ്ങളെയും ചക്രവാളങ്ങളെയും വിളിച്ചുണര്‍ത്തുവാന്‍ കഴിയൂ. അതാണ് പാതിരി ചെയ്തത്.
കവി എന്ന നിലയില്‍ മാത്രമല്ല, നിഘണ്ടുകാരന്‍, വൈയാകരണന്‍, വാസ്തുശില്പി എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വ്യക്തിത്വം അര്‍ണോസിലുണ്ട്. എന്നാല്‍ കവിത്വമാണ് കാലാതീതമായ ആ വ്യക്തിത്വത്തിന്‍റെ കാതല്‍. മറ്റെന്തിലുമുപരി കവിത്വം കൊണ്ട് വേരുപിടിച്ചതാണ് ആ വ്യക്തിത്വം. ആര്‍ക്കും തടഞ്ഞുനിര്‍ത്താനാവാത്ത കവിതയുടെ കുതിച്ചൊഴുക്ക് അതിലുണ്ട്. അറിവിനുമപ്പുറമുള്ള അനുഭൂതിയുടെ ചരിത്രമാണ് കവിത. കവിതയുടെ നിര്‍മ്മാണാത്മകമായ ഭാവാത്മകമായ ശക്തിയില്‍ അര്‍ണോസിന് പരിപൂര്‍ണ്ണ ബോധ്യമുണ്ടായിരുന്നു. കവിതയുടെ ജ്ഞാന സൗന്ദര്യം കൊണ്ടാണ് തന്‍റെ മിഷണറി ദൗത്യങ്ങളെ അര്‍ണോസ് പൂരിപ്പിച്ചത്. കബീറും സൂര്‍ദാസും എഴുത്തച്ഛനും പൂന്താനവും തുടര്‍ന്ന അതേ ഭക്തിപ്രസ്ഥാനത്തിന്‍റെ സാംസ്കാരിക ചരിത്രമുഹൂര്‍ത്തങ്ങളിലേക്കാണ് അര്‍ണോസ് പാതിരിയും ആത്മവിശ്വാസത്തോടെ പ്രവേശിക്കുന്നത്. കവിതയുടെ ആന്തരികപരിവര്‍ത്തന ശക്തി ആത്മീയമായ പുതിയ മാനവികതയെ സൃഷ്ടിക്കുവാന്‍ ഭക്തിപ്രസ്ഥാനത്തിലെ കവികള്‍ക്കൊപ്പം അര്‍ണോസും യത്നിച്ചു. ക്രൈസ്തവ ആത്മീയതയുടെ സര്‍ഗാത്മകധാരയിലാണ് അര്‍ണോസിലെ ഭക്തികാവ്യ പാരമ്പര്യം മൗലികവും വേറിട്ടതുമാകുന്നത്.
മനുഷ്യജീവിതത്തിലെ ഗംഭീരസംഘര്‍ഷങ്ങളെയും ജ്ഞാനാന്വേഷണങ്ങളെയും ആവിഷ്ക്കരിക്കാനുള്ള തീവ്രവാക്മയം പാതിരിയില്‍നിന്ന് മലയാള ഭാവുകത്വം കണ്ടെത്തുകയാണ് ചെയ്തത്. പാതിരി കാവ്യരംഗത്ത് പ്രവേശിക്കും മുമ്പ് മനുഷ്യജീവിതാനുഭവത്തിന്‍റെ സത്തയായി നിന്നത് കര്‍മ്മസിദ്ധാന്തമായിരുന്നു. എഴുത്തച്ഛന്‍റെ രചനകളില്‍ വ്യക്തിസംഘര്‍ഷങ്ങള്‍ക്കുപരി കര്‍മ്മ സിദ്ധാന്തത്തിന്‍റെ സമവായങ്ങളാണ് കണ്ടെത്താന്‍ കഴിയുക. എന്നാല്‍ ഏകാകിത, ഒറ്റപ്പെടല്‍, നിസ്സഹായത, ആത്മസംഘര്‍ഷം തുടങ്ങി വ്യക്തിസങ്കടങ്ങളുടെയും അവയുടെ അതിജീവനത്തിന്‍റെയും ഇതിവൃത്തങ്ങള്‍ അര്‍ണോസ് പാതിരിയിലാണ് തുടക്കം കുറിച്ചത്. സ്വകാര്യതയുടെ രക്തം തളിച്ചാണ് പാതിരി തന്‍റെ കാവ്യഭാവനയെ അഗാധമാക്കിയത്. അടക്കാനാവാത്ത ഗൃഹാതുരത്വം, മാതൃസ്മരണ, മാതൃബാധയോളം തീവ്രമായ സ്വകാര്യമുറിവുകളില്‍നിന്ന് ഒഴുകിപ്പടരുകയായിരുന്നു ആ കവിതകള്‍ എന്ന് നമുക്ക് വായിച്ചെടുക്കാനാവും. അതുകൊണ്ടാണ് ആ കവിതകള്‍ക്കിത്രയും വൈകാരികമായ ആധികാരികത ലഭിച്ചത്.
കൗമാരത്തില്‍ നാടും വീടും വിട്ട് അന്യനാട്ടിലെത്തിയ അത്യന്തം സംവേദനക്ഷമതയും കാവ്യനിര്‍ഭരവുമായ ഒരു മനസ്സിന്‍റെ മാതൃവിരഹവേദന പാതിരിയുടെ കവിതകളിലെല്ലാം ശക്തമായ അടിയൊഴുക്കായി ആഖ്യാനങ്ങളെ നനച്ചുകൊണ്ടിരുന്നു. മിശിഹാ ചരിത്രമാണ് പുത്തന്‍പാനയെങ്കി ലും അതിന് ആഴമേറിയ വൈകാരിക തീവ്രത ലഭിച്ചത് അതുകൊണ്ടാണ്. നഷ്ടപ്പെട്ട മാതൃപരിലാളനയുടെ അബോധാഭിലാഷങ്ങള്‍, ദുഃഖം, വ്യാകുലപ്രബന്ധം, പുത്തന്‍ പാനയുടെ പല പാദങ്ങളിലെ കന്യാമറിയ വര്‍ണ്ണനകള്‍ എന്നിടങ്ങളില്‍ ഹൃദയശോഭ പരത്തുന്നുണ്ട്. തനിക്കുള്ളില്‍ അമര്‍ന്നു കിടക്കു ന്ന വൈകാരിക തരംഗങ്ങള്‍ അണപൊട്ടിയൊഴുകിയതുകൊണ്ടാ ണ് കവിതകള്‍ക്കിത്രയും അനുഭവക്ഷമത ലഭിച്ചത്.
യൗവ്വനാരംഭത്തില്‍ പഠിച്ച വിദേശഭാഷയായ മലയാളത്തില്‍ പാതിരിയുടെ കാവ്യഭാവന അമ്പരപ്പിക്കുന്ന ഒരു സൗന്ദര്യലോകം സൃഷ്ടിച്ചു. സ്വന്തം ഭാഷയിലായിരുന്നു പാതിരി കവിതകള്‍ എഴുതിയിരുന്നതെങ്കില്‍ തന്‍റെ സമകാലികനും നാട്ടുകാരനുമായ വിശ്വോത്തര കവി ഗൊയ്ഥെയ്ക്ക് തുല്യമായ സ്ഥാനം ലോകകവിതയില്‍ അര്‍ണോസിനു ലഭിക്കുമായിരുന്നുവെന്നതാണ് സത്യം. അത്രയും മൗലികമായ കാവ്യസൗന്ദര്യം പാതിരിയില്‍ വിദേശഭാഷയായിരുന്നിട്ടും മലയാളത്തിലെഴുതിയപ്പോഴും സംഭവിച്ചിട്ടുണ്ട്. 'രണ്ടാം എഴുത്തച്ഛന്‍' എന്ന് സുകുമാര്‍ അ ഴീക്കോട് വിശേഷിപ്പിച്ചത് ഇത്തരമൊരു അതിശയകാവ്യ വ്യക്തിത്വം അര്‍ണോസ് പാതിരിയില്‍ കണ്ടതുകൊണ്ടാണ്. ലോകത്തിലെ മഹാകലാകാരന്മാരെയെല്ലാം നിത്യമായി വശീകരിച്ച യേശുഭാവനയുടെ ഊര്‍ജ്ജം പാതിരിയുടെ പ്രതിഭയെ സജീവവും ചലനാത്മകവുമാക്കിയെന്നു പറയാം.
ഇരുപതാം വയസ്സില്‍ കേരളത്തിലെത്തി 33 വര്‍ഷം ഇവിടെ ജീവിച്ചു. 53-ാം വയസ്സില്‍ മരിച്ചു. ചെറിയൊരു ആയുഷ്ക്കാലത്തിനിടയില്‍ അര്‍ണോസിന്‍റെ ആന്തരീകജീവിതം അവിശ്വസനീയമാംവി ധം അത്ഭുതങ്ങളുടേതായിരുന്നു. അതത്രയും ആസകലം സൗന്ദര്യാത്മകവും സാഹസികവുമായിരുന്നു. അത്യന്തം പ്രതികൂലമായ കാലാവസ്ഥകളിലൂടെയാണ് ആ ജീവിതം കടന്നുപോയത്. കവി ആത്യന്തികമായി ഭാഷയിലാണ് വിപ്ലവം നടത്തുന്നത്. ക്രൈസ്തവചട്ടങ്ങളില്‍ നിന്നുകൊണ്ട് കേരളത്തിലെ ഒരു കവിക്ക് നടത്തേണ്ട സമരങ്ങള്‍ പല രീതിയിലായിരിക്കും. സവര്‍ണ ഹൈന്ദവഭാഷയുടെ 'ഇഡിയം' മായ്ച്ചുവരക്കേണ്ടിവന്നു. അതോടൊപ്പം ഉദയംപേരൂര്‍ സൂനഹദോസിന്‍റെ ചട്ടങ്ങളോടും വിലക്കുകളോടും പൊരുതേണ്ടിവന്നു. ഭാഷയെ മതേതരമായി സ്വതന്ത്രമാക്കിക്കൊണ്ടല്ലാതെ കവിതയില്‍ യഥാര്‍ത്ഥ വിളവെടുപ്പ് സാധ്യമാകുകയില്ല. അര്‍ണോസ് കവിതകളിലൂടെ മലയാള ഭാഷയ്ക്ക് പുതിയൊരു പദകോശം ലഭിച്ചു. ആ കവിതകളില്‍ നിന്നെല്ലാം കൂടി മലയാളഭാഷയ്ക്ക് ലഭിച്ചത് ആയിരത്തോളം പുതിയ പദങ്ങളാണ്. മലയാളത്തിന്‍റെ കാവ്യാഖ്യാന ചരിത്രത്തില്‍ അര്‍ണോസ് പാതിരിയെ ഗൗരവപൂര്‍വ്വം കണ്ടെടുക്കേണ്ട കാലമായിരിക്കുന്നു. 300 വര്‍ഷങ്ങളുടെ പിന്നാമ്പുറങ്ങളിലെ കാവ്യരംഗത്തെ നോക്കിക്കാണുമ്പോള്‍ മലയാള ഭാഷയും മലയാള കവിതയും എത്തിച്ചേര്‍ന്ന അവസ്ഥയെ എങ്ങനെയാണ് അര്‍ണോസ് പാതിരി അതിലംഘിക്കാന്‍ ശ്രമിച്ചത് എന്നത് ഒരു പ്രധാന പഠനവിഷയമാകേണ്ടതാണ്. ചെറുശ്ശേരിയേയും എഴുത്തച്ഛനേയും പൂന്താനത്തേയും അനുകരിച്ച് വേണ്ടത്ര കാവ്യശുദ്ധിയില്ലാത്ത ഭാഷയിലാണ് പാതിരി എഴുതിയതെന്ന ഉത്തരവാദിത്വമില്ലാത്ത വിമര്‍ശനങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഭാഷാശുദ്ധിക്കുവേണ്ടി ചേറ്റിക്കൊഴിക്കാന്‍ പണ്ഡിതന്മാരും വ്യാഖ്യാതാക്കളും ശ്രമിച്ചിട്ടും അര്‍ണോസിന്‍റെ കാവ്യഭാഷയ്ക്കൊരു വിധ്വംസക സൗന്ദര്യമുണ്ടെന്നതാണ് സത്യം. നിലവിലുള്ള ഭാഷാവ്യവസ്ഥയെ ആ കവിതകള്‍ പിളര്‍ത്തുകയും അപരിചിതമായ ഒട്ടേറെ ആഖ്യാനങ്ങള്‍ ക്ക് ഇടം കണ്ടെത്തുകയും ചെ യ്തു. സംസ്കൃതത്തിനൊപ്പം ഒട്ടേറെ നാടോടി വഴക്കങ്ങളും ഗ്രാമീണഭാവനകളും ബൈബിളിലെ ഭൂപ്രകൃതികളും കാലാവസ്ഥകളും ആത്മീയ രുചികളും ചേര്‍ന്ന് ഭാഷയില്‍ പുതിയ അടരുകളും അതിന്‍റെ കവിഞ്ഞൊഴുക്കുകളും സംഭവിച്ചു. കവിത ഒരു പ്രതിസംസ്കൃതിയും നവപാരമ്പര്യവും ആകുന്നതാണ് ഇവിടെ നാം കാണുന്നത്. വായനയിലെ പുനര്‍ഭാവനകള്‍കൊണ്ട് നികത്തപ്പെടേണ്ട ഭാവവിശുദ്ധിയുടെ ആന്തരികദീപ്തിയാണ് ഭാവിവായനകളില്‍ നിന്ന് കണ്ടെടുക്കപ്പെടേണ്ടത്. കാലം കഴിയുംതോറും ഏറ്റവും വലിയ കവികള്‍ക്കുമാത്രം സൃഷ്ടിക്കാന്‍ കഴിയുന്ന വിശുദ്ധികള്‍, തീവ്രതകള്‍, ധന്യതകള്‍ അര്‍ണോസ് കവിതകളില്‍ നാം വായിക്കും.
സ്ത്രൈണതയുടെ വൈകാരികാനുഭവങ്ങളില്‍ ഊന്നിക്കൊണ്ടാണ് പാതിരിയുടെ കൃതികള്‍ മിക്കവയും എഴുതപ്പെട്ടിട്ടുള്ളതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. യേശുവിന്‍റെ ജീവിതം അമ്മയുടെ ഹൃദയഭേദകമായ ഏഴ് മുറിവുകളിലൂടെയാണ് പകര്‍ത്തപ്പെട്ടിരിക്കുന്നത്. മാതാവിന്‍റെ ഹൃദയം പിളര്‍ത്തിയ ഏഴ് വാളുകള്‍.
അമ്മ കന്യാമണിതന്‍റെ നിര്‍മ്മലദുഃഖങ്ങളിപ്പോള്‍
നന്മയാലേ മനസ്സുറ്റു കേട്ടുകൊണ്ടാലും
എന്ന ആമുഖത്തോടെ പ്രതിപാദിക്കുന്നു. ദൈവമാതൃത്വത്തിന് മാനുഷികഭാവങ്ങള്‍ പകരുന്ന ദൈവത്തെ മനുഷ്യന്‍റെ ഉടലില്‍ നിര്‍ത്തി അവതരിപ്പിക്കുന്ന, ദൈവശാസ്ത്രത്തിനൊരു പ്രതിസംസ്കൃതി രചിക്കുകയാണ് അര്‍ണോസ് പാതിരി.
ആണിമേല്‍തൂങ്ങി നിന്‍റെ ഞരമ്പെല്ലാം വലിക്കുന്നു
പ്രാണവേദന സകലം സഹിച്ചോ പുത്രാ
കണ്ണിന്നാനന്ദകരനാമുണ്ണി നിന്‍റെ തിരുമേനി
മണ്ണുവെട്ടിക്കിളക്കുംപോല്‍ മുറിച്ചോ പുത്രാ
ചത്തുപോയ മൃഗംശ്വാക്കളെത്തിയങ്ങു പറിക്കുംപോല്‍
കുത്തി നിന്‍റെ പുണ്ണിലും പുണ്ണാക്കിയോ പുത്രാ"
തുടങ്ങിയ വരികളില്‍ ഉടലിലൂടെ തുളഞ്ഞുകയറുന്ന വേദനകള്‍ മറ്റൊരു മലയാള കവിതയിലും ഇത്രയ്ക്കും തീവ്രമായിട്ടില്ല.
ഇതിഹാസതുല്യമായ ദാര്‍ശനിക സാന്ദ്രതകൊണ്ട് അര്‍ണോസ് പാതിരിയുടെ അമ്പരപ്പിക്കുന്ന ഭാവനാവിസ്മയം ചതുരന്ത്യത്തിലാണ് നാം അനുഭവിക്കുക. ഭാഷയില്‍ ഇത്രയ്ക്ക് സങ്കീര്‍ണഘടനയുള്ള കവിതകള്‍ അധികം ഉണ്ടായിട്ടില്ല. ദാന്തെയുടെ ഡിവൈന്‍ കോമഡിയുടെ ശില്പ പൂര്‍ണതയാണ് ഈ കൃതിക്കുള്ളത്. നരകകാണ്ഡം, ശുദ്ധീകരണകാണ്ഡം, സ്വര്‍ഗ്ഗകാണ്ഡം എന്നീ ആത്മീയ കാലാവസ്ഥകളെ അതിന്‍റെ സമസ്ത സങ്കീര്‍ണതകളോടും കൂടി ദാന്തെ അവതരിപ്പിച്ചിരിക്കുന്നു. അതിന്‍റെ ചുവടുപിടിച്ച് മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം എന്നീ ശീര്‍ഷകങ്ങളില്‍ മനുഷ്യജീവിതാന്ത്യത്തിലെ നാല് ഘട്ടങ്ങളെ അഭിമുഖീകരിക്കുന്ന കവിതയാണ് ചതുരന്ത്യം. മരണാനന്തര ജീവിതവുമായുള്ള ഈ അഭിമുഖീകരണത്തില്‍ കവിയുടെതന്നെ ആത്മച്ഛായ വരികളില്‍ കലര്‍ന്നുകിടപ്പുണ്ട്. മരണത്തെ മുന്‍നിര്‍ത്തിയുള്ള ജീവിതത്തിന്‍റെ വിരുദ്ധഭാവങ്ങള്‍ ദുഃഖം, നിരാശ, ലജ്ജ, അസൂയ, ഭയം, കാമം, പക, പ്രത്യാശ, വിശ്വാസം എന്നിവയെയെല്ലാം ചേര്‍ത്തുവെച്ചുകൊണ്ട് ഒരു ഐതിഹാസിക ഭാവനയോടെ രചിച്ച ഈ കവിതയ്ക്ക് മലയാളത്തില്‍ സമാനതകളില്ല. 519 ഈരടികളില്‍ സര്‍വ്വദുഃഖങ്ങള്‍ക്കും കാരണമാകുന്ന ആസക്തികളെ പടവെട്ടി മോക്ഷമാര്‍ഗ്ഗത്തിലേക്ക് മുന്നേറുന്ന ആഖ്യാനഘടനയാണുള്ളത്. വിശദീകരണാതീതമായ കാലാതീതവശ്യതയുള്ള മഹാരചനയാണിത്. ആനന്ദത്തിനുള്ള കരച്ചിലുകള്‍, രക്ഷയ്ക്കുവേണ്ടിയുള്ള സഹനങ്ങള്‍, ശാന്തിക്കുള്ളിലെ ഭാവതീവ്രതകള്‍, ഹൃദയസ്തോഭങ്ങള്‍, സ്വര്‍ഗ്ഗവും ഭൂമിയും ചേര്‍ന്നൊരുക്കിയ ആത്മീയപീഡകള്‍… ചതുരന്ത്യം എന്ന് ബൃഹദ് ആഖ്യാനത്തിലൂടെ കടന്നുപോകുമ്പോള്‍ ഹൃദയം സ്തംഭിച്ചുപോകുന്ന വായനാമുഹൂര്‍ത്തങ്ങളുണ്ട്. ഇതിലെ വിചി ത്ര ഭാവനകളും ആവിഷ്കാര പുതുമകളും ഭ്രമാത്മക കല്പനക ളും മലയാള കവിതയുടെ ചരിത്രം വേണ്ടതുപോലെ അടയാളപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. ഒട്ടേറെ പ്രാചീന വിശ്വാസപാരമ്പര്യങ്ങളും ദാന്തെയുടെ ഇരുള്‍ വെളിച്ചമുള്ള നരകവര്‍ണ്ണനകളും അര്‍ണോസ് പാതിരിയുടെ ആഖ്യാനത്തിന് പ്രേരണയായിട്ടുണ്ടാകും. സ്വര്‍ഗ്ഗവും നരകവും ഒരേ സമയം ചൂതാടുന്ന മനുഷ്യാത്മാവിന്‍റെ നിസ്സഹായ നിലവിളികള്‍ കൊണ്ട് മുഖരിതമാണ് ഈ കാ വ്യം. തത്ത്വവിചാരങ്ങളാലും നാടകീയധ്വനികളാലും ക്രൈസ്തവ വിശ്വാസപാരമ്പര്യത്തിന്‍റെ ദാര്‍ശനികപാരമ്യമാണ് ഈ കവിതകളില്‍ നാം വായിച്ചെടുക്കുന്നത്. ധര്‍മ്മസന്ദിഗ്ധതകളുടെ ഭാവനാഭൂപടത്തിന്‍റെ ചുരുളുകള്‍ അഴിച്ചെടുക്കുന്നു, ഭൂമിക്കപ്പുറമുള്ള വെളിച്ചത്തിന്‍റെ ഊര്‍ജ്ജസ്രോതസ്സ് കവിതയില്‍ അന്വേഷണ വിഷയമാക്കുന്നുണ്ട്. യൂറോപ്യന്‍ ഭാഷകളിലെ നിരവധി കാവ്യാലങ്കാരങ്ങള്‍ ഈ കവിതയില്‍ വന്നു നിറയുന്നു.
അര്‍ണോസ് പാതിരിയുടെ കാവ്യഭാവനയുടെ ഹൃദയതത്ത്വം അന്വേഷിക്കുവാനുള്ള ഒരു പ്രാരംഭ വായനമാത്രമാണിത്. ആ കവിതകളുടെ സ്വത്വസ്ഥാനത്തിലേക്കു ള്ള, പ്രകാശസാന്നിധ്യത്തിലേക്കുള്ള, ദര്‍ശനമഹിമകളെക്കുറിച്ചുള്ള ഏറ്റവും ചെറിയ സന്ദര്‍ശനം മാത്രമായി ഈ വിചാരത്തെ കണ്ടാല്‍ മതിയാകും. അര്‍ണോസ് കവിതകളിലെ ശബ്ദസുഖവും അര്‍ത്ഥസുഖവും ഭാവചൈതന്യവും വലിയ കവികള്‍ക്കു മാത്രം സാക്ഷാല്‍ക്കരിക്കാന്‍ കഴിയുന്ന സാംസ്കാരികമായ അനുഭവതലവും ഇനിയും വേണ്ടത്ര മലയാള കാവ്യനിരൂപണം വായിച്ചെടുത്തിട്ടുണ്ടോ എന്ന് സംശയമാണ്. ആ കവിതകള്‍ എത്തിച്ചേര്‍ന്നിരിക്കുന്ന ഉദാത്തതയുടെ സ്ഥലവിസ്തൃതിയാകും മലയാളഭാവനയുടെ ഭാവി വിചാരം. അര്‍ണോസ് പാതിരി കേരള സംസ്കാരത്തിന്‍റെ പൊതുനിക്ഷേപമാണ്. നമ്മുടെ സാഹിത്യചരിത്രം ഉപേക്ഷിച്ചുകളഞ്ഞ മൂലക്കല്ലുകളാണ് പാതിരിയുടെ കവിതകള്‍. അത് അന്തസ്സോടെ വീണ്ടെടുക്കപ്പെടണം. മലയാളത്തിന്‍റെ ഭാവനയിലും ഭാഷയിലും കൂടുതല്‍ ജ്ഞാനസൗന്ദര്യത്തിന്‍റെ തെളിച്ചം പകരാന്‍ അര്‍ണോസ് കവിതകള്‍ക്ക് കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org