ആരോഗ്യരംഗം അനാരോഗ്യകരം?

ആരോഗ്യരംഗം അനാരോഗ്യകരം?

ദൈവികദാനമായ ജീവനെ സംരക്ഷിക്കുന്ന ആരോഗ്യരംഗവും ദൈവിക പ്രവൃത്തിതന്നെ. സര്‍ക്കാര്‍ – സ്വകാര്യ ആരോഗ്യശുശ്രൂഷാ രംഗത്ത് പടരുന്ന അപകട കരമായ ചില മാറ്റങ്ങളിലേക്ക് കൈചൂണ്ടുന്ന ലേഖനം. സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെയും സ്വകാര്യമാനേജുമെന്‍റുകളുടെയും രോഗികളുടെയും നിരീക്ഷണങ്ങള്‍ കോര്‍ത്തിണക്കി മലയാളിയുടെ ആരോ ഗ്യ സംരക്ഷണ മേഖലയെക്കുറിച്ച് സത്യദീപം സീനിയര്‍ സബ ്എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം. തയ്യാറാക്കിയ ഫീച്ചര്‍

40 വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്നത്: മധ്യകേരളത്തിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഒരു പാവപ്പെട്ട മനുഷ്യന്‍. കടുത്ത പനിയും ശ്വാസം മുട്ടലും അനുബന്ധ പ്രയാസങ്ങളും കൊണ്ട് വിഷമിച്ച അയാളെ ഡോക്ടര്‍ പരിശോധിക്കുന്നു. രോഗിയോടും കൂടെയുള്ള മകളോടും വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞ് ഡോക്ടര്‍ മരുന്നു കുറിച്ചു. കുറിപ്പടിയുമായി കൗണ്ടറിലെത്തിയ അവര്‍ക്ക് കുറച്ചു മരുന്നുകള്‍ കിട്ടി. ഒരു ഗുളിക പുറത്തുനിന്നു വാങ്ങണം. അതിനു ഗത്യന്തരമില്ലാതെ വിഷമിച്ചു നിന്ന ഘട്ടത്തില്‍ പരിശോധനാ മുറിയില്‍ നിന്നു പുറത്തേക്കു വന്ന ഡോക്ടറെ വീണ്ടും കണ്ടുമുട്ടി. വിവരം ആരാഞ്ഞ ഡോക്ടര്‍ കുറച്ചുപണം അവര്‍ക്കു നല്‍കി. കണ്ണീരോടെ ആ അച്ഛനും മകളും അദ്ദേഹത്തെ താണു വണങ്ങി. വിറയാര്‍ന്ന സ്വരത്തില്‍ ആ രോഗി പറഞ്ഞു:ڔ"സാര്‍ ദൈവമാണ്".

ഡോക്ടര്‍ ദൈവമാകില്ല, പക്ഷെ ദൈവത്തിന്‍റെ രൂപത്തില്‍ അവതരിക്കും. രോഗിയുടെ മുന്നില്‍ ഡോക്ടര്‍ ദൈവമായി അവതരിക്കുന്നുണ്ടോ എന്ന ചോദ്യം ഇന്ന് ഏറെ പ്രസക്തമാണ്. ചികിത്സ തേടി എത്തുന്ന രോഗി ആശുപത്രികള്‍ക്കും ഡോക്ടര്‍ക്കും ഒരു ഇര മാത്രമായി തീരുന്നുണ്ടോ? സ്വകാര്യ ആശുപത്രികളും കോര്‍പ്പറേറ്റുകളുടെ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലുകളും ലാഭം മാത്രം ലക്ഷ്യമിടുന്ന ബിസിനസ് കേന്ദ്രങ്ങളാകുന്നുവോ എന്ന പരാതിയില്‍ കഴമ്പില്ലാതില്ല. അത്തരത്തില്‍ നമ്മുടെ ആരോഗ്യമേഖലയില്‍ കച്ചവട താത്പര്യവും മത്സരബുദ്ധിയും വര്‍ദ്ധിച്ചിരിക്കുന്നു.

ഇക്കാര്യത്തില്‍ ഡോക്ടര്‍മാരെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മാനേജുമെന്‍റുകളുടെ ഇംഗിതം നടപ്പാക്കിയില്ലെങ്കില്‍ അവരുടെ പണിപോകും. അതുകൊണ്ട് ആവശ്യമെങ്കിലും ഇല്ലെങ്കിലും എല്ലാ ടെസ്റ്റുകളും നടത്തണം. നാഡിപിടിച്ചു രോഗം നിര്‍ണയിച്ചിരുന്ന ഡോക്ടര്‍മാരുണ്ടായിരുന്നു. എന്നാല്‍ യന്ത്രസഹായമില്ലാതെ മരുന്നുകുറിക്കാന്‍ ഡോക്ടര്‍മാര്‍ പ്രയാസപ്പെടുന്ന സാഹചര്യമാണ് ഇന്നുള്ളത്. കൃത്യതയാര്‍ന്ന രോഗനിര്‍ണയത്തിനും പിഴവില്ലാത്ത ചികിത്സയ്ക്കും ടെസ്റ്റുകള്‍ നടത്തണം. എന്നാല്‍ പകര്‍ച്ചപ്പനിയുമായി വരുന്നയാളെ ട്രെഡ്മില്ലില്‍ കയറ്റി നിറുത്തിയാലോ? ചില രോഗികള്‍ ഇത്തരത്തില്‍ ചെലവേറിയ രോഗനിര്‍ണയോപാധികള്‍ അഭിലഷിക്കുന്നുണ്ടെന്നതു വേറെകാര്യം. അങ്ങനെയുള്ളവര്‍ അതു ചോദിച്ചുവാങ്ങട്ടെ. ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്ന ഒരു ശരാശരിക്കാരനെ സംബന്ധിച്ച് ആരോഗ്യപരിരക്ഷ എന്നത് വലിയ ചെലവേറിയ കാര്യമായിത്തീര്‍ന്നിരിക്കുകയാണ്. ആശുപത്രി മാനേജുമെന്‍റുകളുടെയും ഡോക്ടര്‍മാരുടെയും പ്രതിബദ്ധതയും ധാര്‍മ്മികതയും ഇന്നു ചോദ്യം ചെയ്യപ്പെടുന്നുണ്ട്. യഥാസമയം ചികിത്സ കിട്ടാതെയും അപകടത്തില്‍ പെടുന്നവര്‍ക്ക് അഭയമാകാതെയും ഉള്ള അവസ്ഥയ്ക്ക് എന്താണു പരിഹാരം?

കത്തോലിക്കാ സഭകളുടെ ആശുപത്രികളും ഇതില്‍ നിന്നു വളരെയൊന്നും ഭിന്നമല്ല എന്ന ആരോപണവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രിയുണ്ടല്ലോ എന്ന ന്യായം പറഞ്ഞ് സഭവക ആശുപത്രിയില്‍ സൗജന്യം നിഷേധിക്കുന്നവരുണ്ട്. ഇനി എന്തെങ്കിലും സൗജന്യം കിട്ടാന്‍ ഡയറക്ടറച്ചനെ സമീപിക്കുമ്പോള്‍ 52,000 രൂപയില്‍ നിന്ന് വെട്ടിക്കിട്ടുന്നത് 2000 രൂപയുടെ ചില്ലറക്കുറവുകള്‍. അതേസമയം, വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികളേക്കാള്‍ എന്തുകൊണ്ടും സാധാരണ ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത് കത്തോലിക്കാ സഭയുടെ ആശുപത്രികളാണെന്ന സത്യം വിസ്മരിച്ചുകൂടാ. സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സ കിട്ടാതെ വരുമ്പോള്‍ സ്വകാര്യ ആശുപത്രികളില്‍ അഭയം തേടുന്നവര്‍ക്ക് സഭയുടെ ആശുപത്രികള്‍ സമാശ്വാസം പകരുന്നുണ്ട്. ചികിത്സാ ചെലവുകള്‍ അവിടെ താരതമ്യേന കുറവാണ്. പക്ഷെ, അര്‍ഹിക്കുന്നവന് അതിരുകളില്ലാതെ കാരുണ്യം കാണിക്കേണ്ട മനോഭാവം അവിടെയും അധികം കാണാനാകില്ല.

മുന്‍കാലങ്ങളെ അപേക്ഷിച്ച് നമ്മുടെ ആരോഗ്യമേഖലയില്‍ അനാരോഗ്യകരമായ ദുഷ്പ്രവണതകള്‍ വര്‍ദ്ധിതമാകുന്നുവെന്നുതന്നെയാണ് ഈ രംഗത്തു വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്നവര്‍ അഭിപ്രായപ്പെടുന്നത്. അതിനു പലകാരണങ്ങളുണ്ട്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍ – രോഗീബന്ധം വഷളാകാന്‍ ഒരു കാരണം, ഡോക്ടര്‍മാരുടെ അപര്യാപ്തതയാണെന്ന് സര്‍ക്കാര്‍ സര്‍വീസില്‍ കാല്‍ നൂറ്റാണ്ടുകാലമായി സേവനം ചെയ്യുന്ന ഡോ. അപ്പു സിറിയക് ചൂണ്ടിക്കാണിക്കുന്നു. ഒരു സര്‍ക്കാര്‍ ആശുപത്രിയിലോ പ്രൈമറി ഹെല്‍ത്ത് സെന്‍ററിലോ ഉള്ള ഡോക്ടര്‍ക്കു മാനേജു ചെയ്യാന്‍ പറ്റാത്തത്ര തിരക്കുകളുണ്ട്. അവിടെ ഒരുപക്ഷെ വേഗത്തില്‍ രോഗിയെ പരിശോധിക്കേണ്ടിവരും. രോഗിയുടെ അസ്വസ്ഥതകളും സമ്മര്‍ദ്ദങ്ങളും മറ്റുവിശേഷങ്ങളുമൊന്നും കേള്‍ക്കാന്‍ സാധിച്ചില്ലെന്നുവരും. അതു രോഗിയെ വിഷമിപ്പിച്ചേക്കാം. സ്വകാര്യ ആശുപത്രിയുമായി താരതമ്യം ചെയ്ത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശരിയല്ലെന്ന നിലപാടില്‍ അവര്‍ എത്തിച്ചേരും – ഡോ. അപ്പു സിറിയക് പറയുന്നു. സ്വകാര്യ ആശുപത്രികളില്‍ ഒരു ഡോക്ടര്‍ 20 – 30 രോഗികളെ പരിശോധിക്കുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അതിന്‍റെ എട്ടും പത്തും ഇരട്ടി രോഗികളെയാണു നോക്കേണ്ടിവരുന്നത്. ഒരുപക്ഷെ ചികിത്സയുടെ ഗുണനിലവാരത്തെയും ഇതു ബാധിച്ചേക്കാം.

അതേസമയം ചെലവുകുറഞ്ഞതും മെച്ചപ്പെട്ടതുമായ ചികിത്സ ഇന്നു സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണെന്ന് ഡോ. അപ്പു സമര്‍ത്ഥിക്കുന്നു. സ്വകാര്യ ആശുപത്രികളിലേതുപോലെ ആഞ്ചിയോപ്ലാസ്റ്റി, ഡയാലിസിസ് തുടങ്ങിയവയൊക്കെ ജില്ലാ ആശുപത്രികളില്‍ നടത്താം. ഹൃദയമാറ്റ ശസ്ത്രക്രിയ മെഡിക്കല്‍ കോളജില്‍ നടത്തുന്നുണ്ട്. സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് 40 ലക്ഷം രൂപ വേണ്ടിവരുമ്പോള്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 10 ലക്ഷത്തിനു സാധ്യമാണ്. പാവപ്പെട്ടവര്‍ക്ക് ഇതു വലിയ ആശ്വാസമാണ്. ഒരു പനി വന്നാല്‍ രക്തം പരിശോധിച്ച് ആന്‍റിബയോട്ടിക്ക് മരുന്നുകള്‍ വാങ്ങാന്‍ സ്വകാര്യ ആശുപത്രിയില്‍ 800 മുതല്‍ 1000 രൂപവരെ ചെലവാകുന്നിടത്ത് സര്‍ക്കാരിന്‍റെ പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ ഇതു സൗജന്യമാണ്. സര്‍ക്കാരിന്‍റെ പുതിയ ഇ ഹെല്‍ത്ത് പദ്ധതിപ്രകാരം തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ആശുപത്രികള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി പരിവര്‍ത്തിപ്പിച്ച് കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കിവരുന്നുണ്ടെന്നും ഡോ. അപ്പു പറഞ്ഞു.

ചികിത്സയുടെ പേരില്‍ അനഭിലഷണീയമായ പലതും സ്വകാര്യ മേഖയില്‍ കാണാനാവുമെന്ന് ഡോ. അപ്പു സൂചിപ്പിച്ചു. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നു വിരമിച്ച ഒരു ഗൈനക്കോളജിസ്റ്റ് പേരുകേട്ട ഒരു സ്വകാര്യ ആശുപത്രിയില്‍ നിയമനം തേടിയപ്പോള്‍ അവര്‍ക്കു മുന്നില്‍ മാനേജുമെന്‍റുവച്ച ചില നിബന്ധനകള്‍ ഇതിന്‍റെ ഉദാഹരണമാണ്. രോഗികളെ കാന്‍വാസ് ചെയ്യണം, എല്ലാ ടെസ്റ്റുകളും നടത്തണം, നോര്‍മല്‍ ഡെലിവറിക്കു പകരം കഴിവതും സിസേറിയന്‍ നിര്‍ദ്ദേശിക്കണം…. നല്ല തുക ശമ്പളം നല്‍കും പുറമെ, ഇന്‍സന്‍റീവും തരപ്പെടുത്തും! പണത്തോട് ആര്‍ത്തിയില്ലാത്ത, പ്രൊഫഷനോട് സത്യസന്ധത പുലര്‍ത്തിയ ആ ഡോക്ടര്‍ ജോലി വേണ്ടെന്നു വച്ചു.

സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികളില്‍ ഇത്തരത്തിലുള്ള പല അഴിമതികളും നടക്കുന്നുണ്ട്. അപൂര്‍വമായ ടെസ്റ്റുകള്‍ നടത്തപ്പെടുന്ന എറണാകുളത്തെ ഒരു ലാബില്‍ നിന്ന് ഒരുലക്ഷം രൂപ പ്രതിമാസം കമ്മീഷനായി കൈപ്പറ്റുന്ന ഡോക്ടറുണ്ട്. പരിശോധനകള്‍ക്കു കുറിച്ചുകൊടുക്കുമ്പോള്‍ അത് ഏതു ലാബില്‍ വേണമെന്ന നിര്‍ദ്ദേശവും ഡോക്ടര്‍ നല്‍കും. ഡോക്ടര്‍മാരുടെ വിദേശയാത്രകളും വിനോദയാത്രകളും സമ്മേളനങ്ങളുമൊക്കെ സ്പോണ്‍സര്‍ ചെയ്യുന്നത് മരുന്നുകമ്പനികളാണെന്ന സത്യം പരസ്യമാണ്. മരുന്നു കമ്പനികളും ലാബുകളും ഈ തുക ഈടാക്കുന്നത് പാവപ്പെട്ട രോഗികളില്‍ നിന്നാണ്. കരള്‍രോഗവുമായി ചികിത്സയ്ക്കു വന്ന ഒരാളെ ജനറല്‍ ആശുപത്രിയില്‍ സ്കാനിംഗിനു വിട്ട കാര്യം ഡോ. അപ്പു അനുസ്മരിച്ചു. 3500 രൂപയാണ് എം ആര്‍ ഐ സ്കാനിംഗിനു ജനറല്‍ ആശുപത്രിയല്‍ നല്‍കേണ്ടത്. പക്ഷെ രോഗിക്കും കൂടെയുള്ളവര്‍ക്കും വേഗം കാര്യം നടക്കണം. അവര്‍ പ്രൈവറ്റ് ലാബിലെത്തി. എല്ലാ ഡിസ്ക്കൗണ്ടുകളും കഴിച്ച് അവര്‍ ചോദിച്ചത് 7500 രൂപ!

ഗ്രാമീണ മേഖലയുമായി തട്ടിച്ചു നോക്കുമ്പോള്‍ പട്ടണപ്രദേശങ്ങളോടാണ് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും ഏറെ ആഭിമുഖ്യമെന്ന് ശിശുരോഗവിദഗ്ധയായ ഡോ. സുമ ജില്‍സണ്‍ പറഞ്ഞു. അതുകൊണ്ടുതന്നെ നഗരങ്ങളില്‍ ചികിത്സയ്ക്കു ചെലവേറും. ഗ്രാമങ്ങളില്‍ 350 – 400 രൂപയ്ക്കു നടത്തുന്ന സ്കാനിംഗ് പട്ടണത്തിലെത്തുമ്പോള്‍ 1000 രൂപയായി ഉയരുന്നു. പട്ടണത്തിലെ ആശുപത്രികള്‍ ഒരിക്കലും നഷ്ടത്തിലല്ല പ്രവര്‍ത്തിക്കുന്നത്, മറിച്ച് വന്‍ലാഭം കൊയ്യുന്നുമുണ്ട് – ഡോ. സുമ പറയുന്നു, നഗര – ഗ്രാമ വ്യത്യാസം ചികിത്സയിലും പ്രതിഫലിക്കുന്നു. ഡോക്ടര്‍മാരുടെ ശമ്പളത്തിലും ഡോക്ടര്‍ – രോഗീ ആഭിമുഖ്യങ്ങളിലും ഇതു ദൃശ്യമാണ്. നഗരങ്ങളിലെ ആശുപത്രികളില്‍ പേരും പ്രശസ്തിയുമുള്ള ഡോക്ടറെ നിലനിറുത്താന്‍ ആശുപത്രികള്‍ മത്സരിക്കുമ്പോള്‍ ഒരു ഫിസിഷ്യന്‍ ചെയ്യുന്നതിനേക്കാള്‍ കുറവു ജോലി ചെയ്യുന്ന സ്പെഷ്യലിസ്റ്റിനാണു ഡിമാന്‍റ്. ചികിത്സാരംഗത്തെ 'നഗരവത്കരണം' മൂലം ഗ്രാമങ്ങളിലെ ആശുപത്രികള്‍ അടച്ചുപൂട്ടുന്ന സ്ഥിതിവിശേഷമാണെന്നും ഡോ. സുമ നിരീക്ഷിക്കുന്നു.

ഡോക്ടര്‍മാരുടെ പ്രതിബദ്ധതക്കുറവിന് ഇന്നത്തെ വൈദ്യശാസ്ത്ര വിദ്യാഭ്യാസ രീതികളും ഒരുപരിധിവരെ കാരണമാകുന്നുണ്ടെന്ന് ഡോ. സുമ വിശദീകരിക്കുന്നു. സ്വാശ്രയത്തില്‍ പഠിച്ചുവരുന്ന ഉന്നതകുലജാതരായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധാരണക്കാരുടെ പ്രയാസങ്ങള്‍ മനസ്സിലാകണമെന്നില്ല. രോഗികളുടെ ബുദ്ധിമുട്ടും അവര്‍ക്ക് അറിയില്ല. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ പഠിക്കുമ്പോഴുള്ളതുപോലെ രോഗികളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്താന്‍ സാഹചര്യം ലഭിക്കണമെന്നുമില്ല.

രോഗികളുടെ കാര്യമെടുത്താല്‍, വിലകൂടിയ മരുന്നുകളും ടെസ്റ്റുകളും കൊടുത്തില്ലെങ്കില്‍ ഡോക്ടര്‍ക്കു കഴിവില്ലെന്നു വിധിക്കുന്നവരുണ്ട്. ടെസ്റ്റുകള്‍ നടത്താന്‍ രോഗിയാണു പറയുന്നത്. അമിതമായ ഉത്കണ്ഠയാണു കാരണം. ഈ വിധത്തില്‍ രോഗികള്‍ ഡോക്ടര്‍മാരെ സമ്മര്‍ദ്ദത്തിലാക്കുന്ന സാഹചര്യമുണ്ടെന്നു ഡോ. സുമ സൂചിപ്പിക്കുന്നു. പനിക്കു മരുന്നെഴുതുമ്പോള്‍ രോഗിയാണു പറയുന്നത്, പലതരം പനികളാണല്ലോ നാട്ടില്‍, ബ്ലഡ് നോക്കിയാലോ? വേണ്ട എന്നു പറയാന്‍ മാത്രം ഡോക്ടര്‍ റിസ്ക്കെടുക്കുന്നില്ല. ഒടുവില്‍ ടെസ്റ്റുകള്‍ നടത്തി ഒരുകുഴപ്പവുമില്ലെന്നു വിധിക്കുമ്പോഴുള്ള മറുപടി : ഒരു പനി വന്നു രൂപ 2000 പോയി! ഡോക്ടര്‍മാരേക്കാള്‍ വൈദഗ്ധ്യമുള്ളവരായി സ്വയം പ്രഖ്യാപിക്കുന്ന "ഗൂഗിള്‍"ഡോക്ടര്‍മാരുടെ കാലമാണിത് . ഇന്‍റര്‍നെറ്റില്‍ നോക്കി രോഗകാരണവും ചികിത്സാ രീതികളുമൊക്കെ മനസ്സിലാക്കിയാണിവരുടെ വരവ്. ഇത്തരക്കാരെ മെരുക്കാനാണു പാട്. ഇവരാണ് ഡോക്ടര്‍മാരുടെ സമയം അപഹരിക്കുന്നവര്‍, ഡോ. സുമ പറയുന്നു

അര്‍ഹരായ രോഗികള്‍ക്ക് അധികസഹായം ചെയ്യാന്‍ ആശുപത്രികള്‍ക്കു കഴിയുമെന്നും അതു ചെയ്യാന്‍ അവര്‍ തയ്യാറാകണമെന്നും ഡോ. സുമ ജില്‍സണ്‍ പറയുന്നു. വന്‍ലാഭം നോക്കാതെ പരസ്നേഹത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും ക്രൈസ്തവ സാക്ഷ്യം നല്‍കാന്‍ കത്തോലിക്കാ ആശുപത്രികള്‍ പരിശ്രമിക്കണം. പാവപ്പെട്ടവര്‍ക്കുള്ള സൗജന്യം കടത്തുകഴിക്കലാകരുത്. മരുന്നു വാങ്ങി വില്‍ക്കുന്നതില്‍ നിന്നു 30 ശതമാനമെങ്കിലും ലാഭം ആശുപത്രിക്കു കിട്ടുന്നുണ്ട്. ഹൃദയശസ്ത്രക്രിയയിലെ സ്റ്റെന്‍റുകളിലൂടെയും മറ്റും വന്‍തുകയാണ് ലാഭം കിട്ടുന്നത്. എംആര്‍പി വിലയില്‍ ഇതെല്ലാം നല്‍കുമ്പോള്‍ പ്രത്യക്ഷത്തില്‍ അപാകതയില്ല. പക്ഷെ അതിലൂടെ കൈവരുന്ന അമിതലാഭത്തിന്‍റെ കണക്ക് ആരും വ്യക്തമാക്കാറില്ല.

സഭയുടെ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും ധാര്‍മ്മികതയിലൂന്നിയ ആരോഗ്യസേവനത്തിന്‍റെ സാക്ഷികളാകാനും ലാഭത്തിന്‍റെ കണക്കുകള്‍ മാറ്റിവയ്ക്കേണ്ടിവരും. സ്വന്തം താത്പര്യങ്ങള്‍ക്കപ്പുറം മാനുഷികതയുടെ ഭാവവും രൂപവും സ്വീകരിക്കാന്‍ നേതൃസ്ഥാനത്തുള്ളവര്‍ തയ്യാറാകേണ്ടിവരും. എന്നാല്‍ ഡയറക്ടറച്ചന്മാരുടെ ബന്ധുക്കളെ നിയമിക്കാന്‍ വേണ്ടി കഴിവുള്ള ഡോക്ടര്‍മാരെപ്പോലും പുറത്താക്കുന്നവരുണ്ട്. മെഡിക്കല്‍ – പാരാമെഡിക്കല്‍ സ്റ്റാഫിനോടു മയമില്ലാതെ പെരുമാറുന്ന സാഹചര്യങ്ങളും ആരോഗ്യരംഗത്തെ വഷളാക്കുന്നുണ്ട്. കരുണാര്‍ദ്രവും നിസ്വാര്‍ത്ഥവും സുതാര്യവുമായ ആതുരശുശ്രൂഷയാണു ലക്ഷ്യമെങ്കില്‍ നമ്മുടെ ആശുപത്രികള്‍ക്കു മുന്നില്‍ ക്രിസ്തു പച്ചമനുഷ്യനായി അവതരിക്കണം – ഡോ. സുമ ജില്‍സണ്‍ അനുസ്മരിപ്പിക്കുന്നു.

രാജ്യാന്തര ആരോഗ്യസൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാണെന്ന് കണക്കുകള്‍ ഉദ്ധരിച്ച് എറണാകുളം ലൂര്‍ദ്ദ് ഹോസ്പിറ്റലിലെ ഹൃദ്രോഗവിഭാഗത്തിന്‍റെ സ്ഥാപക തലവനായ ഡോ. ജോര്‍ജ് തയ്യില്‍ പറയുമ്പോള്‍ നമ്മുടെ നാട്ടില്‍ ഈയിടെ പടര്‍ന്നേറിയ ഡെങ്കു, എച്ച്1 എന്‍1, എലിപ്പനി, പന്നിപ്പനി, ജപ്പാന്‍ പനി, ടൈഫോയ്ഡ് തുടങ്ങിയ പകര്‍ച്ച വ്യാധികളുടെ സംക്രമണം തടയാന്‍ കേരള ആരോഗ്യവകുപ്പ് പരാജയപ്പെട്ടുവെന്ന് അദ്ദേഹം വിലയിരുത്തുന്നു. എന്നാല്‍ ഡോക്ടര്‍ – രോഗീ ബന്ധത്തിന്‍റെ സുതാര്യത കേരളത്തിലാണു കൂടുതല്‍. ആരോഗ്യാവബോധത്തിലും മലയാളികള്‍ ഏറെ മുന്നിലാണ്. കേരളത്തിന്‍റെ ഉയര്‍ന്ന സാക്ഷരത രോഗത്തെപ്പറ്റിയും അതിന്‍റെ സങ്കീര്‍ണതകളെപ്പറ്റിയും മലയാളിക്ക് നല്ല അറിവു നല്‍കുന്നു. അതുകൊണ്ടുതന്നെ രോഗങ്ങളെപ്പറ്റിയുള്ള ഉത്കണ്ഠയും തിടുക്കവും അവര്‍ പ്രദര്‍ശിപ്പിക്കും. അവിടെ ചില ഹൈടെക് കോര്‍പ്പറേറ്റ് ആശുപത്രികള്‍ ചില മുതലെടുപ്പുകള്‍ നടത്തിയേക്കാമെങ്കിലും കേരളത്തിലെ ചികിത്സാരംഗം ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളേക്കാള്‍ സംശുദ്ധമാണ് – ഡോ. തയ്യില്‍ വിശദീകരിക്കുന്നു.

സാങ്കേതിക മികവുള്ള ആധുനിക യന്ത്രസാമഗ്രികളുപയോഗിച്ചുള്ള പരിശോധനയും ചികിത്സയും സ്വകാര്യ ആശുപത്രികളിലാണ് കൂടുതലുള്ളത്. പരിചരണത്തിന്‍റെ കാര്യത്തിലും സ്വകാര്യ മേഖലയാണു മുന്നില്‍. സര്‍ക്കാര്‍ ആശുപത്രികള്‍ പരിതാപകരമായ അവസ്ഥയില്‍ നിന്നു മെച്ചപ്പെട്ടുവരുന്നുണ്ട്. മികച്ച ഡോക്ടര്‍മാരും മെച്ചപ്പെട്ട സൗകര്യങ്ങളും സര്‍ക്കാര്‍ ആശുപത്രികളുടെ നിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നുമുണ്ട്. എന്നാല്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകളെ വെല്ലുന്ന സൗധങ്ങള്‍ പണിതുയര്‍ത്തി സമൂഹത്തിലെ ശേഷിയുള്ളവരെ മാത്രം 'പരിചരിക്കാന്‍' വെമ്പുന്ന കോര്‍പ്പറേറ്റു സ്ഥാപനങ്ങള്‍ നാടിനു ശാപമാണെന്ന് ഡോ. ജോര്‍ജ്ജ് തയ്യില്‍ പറയുന്നു. പാവങ്ങള്‍ ഏറെയുള്ള നമ്മുടെ നാട്ടില്‍ അവര്‍ക്കു നേരെ കതകടയ്ക്കുന്ന പ്രവണത തെറ്റാണ്. മെഡിക്കല്‍ ടൂറിസം മാത്രം ലക്ഷ്യമാക്കി വിദേശത്തുള്ള പണക്കാര്‍ക്കായി നടത്തുന്ന സ്ഥാപനങ്ങളെ നിയന്ത്രിക്കേണ്ടത് സര്‍ക്കാരിന്‍റെ കടമയാണ് – ഡോ. തയ്യില്‍ അഭിപ്രായപ്പെട്ടു.

ആതുരശുശ്രൂഷാ രംഗത്ത് ക്രൈസ്തവ സഭകളുടെ ആശുപത്രികള്‍ നിസ്തുലമായ സേവനം കാഴ്ചവയ്ക്കുന്നുവെന്ന നിഗമനമാണ് ഡോ. തയ്യിലിന്‍റേത്. ഇവിടത്തെ ആരോഗ്യമേഖല വലിയ പാളിച്ച കൂടാതെ പോകുന്നത് ക്രൈസ്തവ ആശുപത്രികളുടെ സാന്നിധ്യം ഉള്ളതുകൊണ്ടാണ്. അല്‍പമൊക്കെ അപശബ്ദങ്ങള്‍ ഉണ്ടാകാമെങ്കിലും ക്രൈസ്തവ സ്ഥാപനങ്ങള്‍ പൊതുവായ നൈതികമൂല്യങ്ങള്‍ വെടിയാതെ ഇപ്പോഴും നിര്‍ദ്ധനരുടെയും നിരാലംബരുടെയും അഭയകേന്ദ്രങ്ങളായി നിലകൊള്ളുന്നുണ്ടെന്ന് ഇദ്ദേഹം നിരീക്ഷിക്കുന്നു.

ശാരീരിക രോഗങ്ങള്‍ക്കൊപ്പം മനസ്സ് അസ്വസ്ഥമാകുന്നതുമൂലമുള്ള രോഗങ്ങള്‍ക്കും ചികിത്സ ആവശ്യമുള്ള ആരോഗ്യകാലാവസ്ഥയാണ് കേരളത്തിലുള്ളതെന്ന് തൃശ്ശൂര്‍ ജൂബിലി മെഡിക്കല്‍ കോള ജിന്‍റെ സ്ഥാപകഡയറക്ടറായ ഫാ. ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് അഭിപ്രായപ്പെടുന്നു. അതുകൊണ്ടുതന്നെ ആശുപത്രികള്‍ നല്ല കൗണ്‍സലിംഗ് കേന്ദ്രങ്ങള്‍ കൂടിയാകണം. ഇന്നു ഡോക്ടര്‍മാരുടെ പ്രതിബദ്ധത പ്രതീക്ഷിക്കുന്നത്രയില്ല. ഡോക്ടര്‍മാര്‍ക്ക് മാന്യമായി ജീവിക്കാനുള്ള പണം ലഭിക്കണം. എന്നാല്‍ അതിനുവേണ്ടി ഇടവേളകള്‍ പോലുമില്ലാതെ മൂന്നു നാലു ആശുപത്രികളില്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുമ്പോള്‍ രോഗീശുശ്രൂഷ എന്ന പരമമായ ലക്ഷ്യം പാളുന്നു. ഇതു ഡോക്ടര്‍മാര്‍ ആത്മശോധന ചെയ്യണം – ഫാ. ഡോ. ആലപ്പാട്ട് സൂചിപ്പിക്കുന്നു.

രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സമയം മാറ്റിവയ്ക്കണമെന്നു ഡോക്ടര്‍മാരെ അനുസ്മരിപ്പിക്കുന്ന ആലപ്പാട്ടച്ചന്‍ ഒരു ഡോക്ടര്‍ എങ്ങനെയാവണം എന്നു കോഴിക്കോടു മെഡിക്കല്‍ കോളജിലെ പഠനകാലം മുതലുള്ള തന്‍റെ അനുഭവങ്ങളിലൂടെ പങ്കുവയ്ക്കുന്നു: ദൈവദാനമായ അറിവ് ഉപയോഗിച്ച് ഡോക്ടര്‍ വിനയപൂര്‍വം രോഗികളെ സ്നേഹത്തോടെ ചികിത്സിക്കുക. മരുന്നുകളുടെയും പരിശോധനകളുടെയും ചെലവ് പരമാവധി കുറയ്ക്കുക. സഹപ്രവര്‍ത്തകരെ വിശ്വാസത്തിലെടുക്കുക, ആദരിക്കുക. ജീവന്‍റെ പക്ഷത്ത് ഉറച്ചു നില്‍ക്കുക. മരുന്നു കമ്പനികള്‍, ഉപകരണ വിതരണക്കാര്‍ എന്നിവരില്‍ നിന്ന് അകലം പാലിക്കുക.

ആരോഗ്യാവബോധം കൂടുതലുള്ള മലയാളികള്‍ക്ക് മരണഭയവും കൂടുതലാണെന്ന് അച്ചന്‍ നിരീക്ഷിക്കുന്നു. അതുകൊണ്ടുതന്നെ നിസ്സാര രോഗങ്ങള്‍ക്കുവരെ സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സവേണമെന്നാണ് ഇടത്തരക്കാര്‍ പോലും നിര്‍ബന്ധം പിടിക്കുന്നത്. ഇതു ചൂഷണം ചെയ്യുന്ന വാണിജ്യതാത്പര്യമുള്ള ആശുപത്രികളുടെ പരസ്യങ്ങളില്‍ വഞ്ചിതരാകുന്നവരില്‍ അഭ്യസ്തവിദ്യരുമുണ്ടെന്ന് ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് പറയുന്നു. സര്‍ക്കാര്‍ ആശുപത്രികളുടെ വികസനത്തിനും മറ്റും വന്‍തുകകള്‍ ചെലവാക്കുന്നുണ്ടെങ്കിലും അതു ഫലം കാണുന്നില്ലെന്ന് അച്ചന്‍ ആരോപിക്കുന്നു. സ്വകാര്യ രംഗത്ത് ആതുരസേവനം വ്യവസായമായി കാണുന്നവരുണ്ട്. എന്നാല്‍ മിഷന്‍ ആശുപത്രികള്‍, പോരായ്മകള്‍ ഉണ്ടെങ്കില്‍ത്തന്നെ, രോഗീശുശ്രൂഷ സുവിശേഷ പ്രവൃത്തിയായി കാണുന്നു. പക്ഷെ ന്യൂജെന്‍ കോര്‍പ്പറേറ്റ് ആശുപത്രികള്‍, യേശു ആഗ്രഹിക്കുന്ന സേവനമാണോ നടത്തുന്നതെന്നു ചിന്തിക്കണം. വലിയ തുക കൊടുക്കുന്നവര്‍ക്കു മാത്രം മികച്ച ചികിത്സ മതിയോ? പാവപ്പെട്ടവര്‍ക്ക് പ്രത്യേക സെക്ഷന്‍തന്നെ വേണം. വെല്ലൂര്‍ മോഡല്‍ ഇതിന് ഉദാഹരണമാണ് – ഫാ. ഡോ. ആലപ്പാട്ട് വിശദീകരിക്കുന്നു.

ആശുപത്രികള്‍ തമ്മിലുള്ള മത്സരം ഈ രംഗത്തെ അപഹാസ്യമാക്കുന്നുണ്ട്. കൂടുതല്‍ പണം മുടക്കി വളരെക്കുറച്ച് രോഗികള്‍ക്ക് അത്ഭുതം ജനിപ്പിക്കുന്ന ചികിത്സ നല്‍കി പത്രങ്ങളിലൂടെ പ്രസിദ്ധി നേടുന്നതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ നല്‍കുന്നതല്ലേ ക്രൈസ്തവമെന്ന് ആലപ്പാട്ടച്ചന്‍ ചോദിക്കുന്നു. മിഷനാശുപത്രികള്‍ പാവങ്ങള്‍ക്കൊപ്പം നിന്നാല്‍ അന്യമതസ്ഥര്‍പോലും സാധുജനസംരക്ഷണത്തിന് നമ്മോടൊപ്പമുണ്ടാകുമെന്നാണ് ജൂബിലി മിഷന്‍ ആശുപത്രിയിലെ തന്‍റെ അനുഭവമെന്നും അച്ചന്‍ സാക്ഷ്യപ്പെടുത്തുന്നു. ആശുപത്രികളുടെ സുതാര്യവും സുഗമവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാനേജുമെന്‍റും ഡോക്ടര്‍മാരടങ്ങുന്ന സ്റ്റാഫും രോഗികളും സ്നേഹത്തിന്‍റെ അച്ചുതണ്ടില്‍ ഒന്നിച്ചു പോകണമെന്നും ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട് നിര്‍ദ്ദേശിക്കുന്നു.

40 വര്‍ഷം മുമ്പു നടന്ന ഒരു സംഭവത്തെ അനുസ്മരിച്ചു തുടങ്ങിയ ഈ ലേഖനം, മൂന്നു മാസം മുമ്പ് നമ്മുടെ മനസ്സാക്ഷിയെ കൊളുത്തി വലിച്ച മറ്റൊരു സംഭവം ഓര്‍മ്മിച്ചുകൊണ്ട് അവസാനിപ്പിക്കാം. തമിഴ്നാട്ടിലെ തിരുനല്‍വേലി സ്വദേശിയായ മുരുകന്‍. കൊല്ലത്ത് കൊട്ടിയത്താണ് അയാളുടെ വാസം. പശുകറവയാണ് ഉപജീവനം. കൂട്ടുകാരനുമൊന്നിച്ച് ബൈക്കില്‍ യാത്ര ചെയ്യവേ ദേശീയ പാതയില്‍ വച്ച് അപകടത്തില്‍ പെട്ടു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ മുരുകനെ പൊലീസ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വെന്‍റിലേറ്റര്‍ ഇല്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ മടക്കി. തുടര്‍ന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്കു പോയി. അവിടെയും ഇതുതന്നെ മറുപടി. (ഇതില്‍ ഏതോ ഒരു ആശുപത്രി മുരുകന്‍റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി അന്വേഷിച്ചുവെന്ന് ആംബുലന്‍സ് ഡ്രൈവര്‍ പറയുന്നു). കൊല്ലത്തു നിന്ന് 72 കി. മീറ്റര്‍ അകലെ തിരുവനന്തപുരത്തേക്കു മുരുകനെയുംകൊണ്ട് ആംബുലന്‍സ് പാഞ്ഞു. അവിടെ മെഡിക്കല്‍ കോളജിലും വെന്‍റിലേറ്റര്‍ ഒഴിവില്ല. അവിടെയുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്കും ചെന്നു, അവരും മടക്കി. ആംബുലന്‍സ് ഡ്രൈവര്‍ വീണ്ടും കൊല്ലത്തേക്കു തിരിച്ചു. അവസാന ശ്രമമെന്ന നിലയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ കൂടി കയറി. എന്തോ ന്യായം പറഞ്ഞ് അവരും കൈമലര്‍ത്തി. ഒടുവില്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ അഭയം പ്രാപിച്ചു. അവിടെ മുരുകന്‍റെ മരണം സ്ഥിരീകരിച്ചു. തലേരാത്രി 11 മണിക്ക് അപകടത്തില്‍ പെട്ട മുരുകന്‍ പിറ്റേപ്രഭാതത്തില്‍ 6 മണിക്കാണ് മരിച്ചത്. 7 മണിക്കൂര്‍ അഞ്ച് ആശുപത്രികള്‍ ആ ജീവന്‍ പന്താടുകയായിരുന്നു.

സാക്ഷര കേരളം, ആരോഗ്യകേരളം എന്നൊക്കെ ബാനറുകള്‍ കെട്ടിയും മുദ്രാവാക്യം വിളിച്ചും ഇനിയും നാം ഡോക്ടേഴ്സ് ഡേയും നൈറ്റിംഗേല്‍സ് ഡേയും ആരോഗ്യദിവസവുമൊക്കെ ആചരിക്കും. അപ്പോഴൊക്കെ ഒരുപക്ഷെ, അശരീരിപോലെ നമ്മുടെ ചെവികളില്‍ വന്നു പതിച്ചേക്കാവുന്ന ഒരു ചോദ്യമുണ്ട് : " മുരുകനെപ്പോലുള്ളവരുടെ അയല്‍ക്കാരായി വര്‍ത്തിക്കേണ്ടവര്‍ ആരാണ് ? "

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org