അശ്വത്ഥാമാവിന്‍റെ പാലുകുടി

അശ്വത്ഥാമാവിന്‍റെ പാലുകുടി

അഗസ്റ്റിന്‍ ചിലമ്പിക്കുന്നേല്‍, വെണ്ണല

പാണ്ഡവ, കൗരവ രാജകുമാരന്മാരുടെ ഗുരുവായ ദ്രോണാചാര്യര്‍, അവരുടെ ഗുരുവാകുന്നതിനുമുമ്പ് പരമദരിദ്രനായിരുന്നു. ആ സമയത്ത് ദ്രോണാചാര്യരുടെ മകനായ അശ്വത്ഥാമാവ് പാഠശാലയില്‍ പഠിക്കാന്‍ പോയിരുന്നു. സഹപാഠികള്‍ പാലുകുടിച്ചു എന്നു കേട്ടപ്പോള്‍ പാല് എന്താണെന്നും എങ്ങനെയിരിക്കുമെന്നും അശ്വത്ഥാമാവ് അന്വേഷിച്ചു. സഹപാഠികള്‍ അയാളെ കബളിപ്പിക്കുവാന്‍ നിശ്ചയിച്ചു. പിറ്റേന്ന് പച്ചരി അരച്ചു വെള്ളത്തില്‍ കലക്കി പാലാണെന്നും പറഞ്ഞ് അശ്വത്ഥാമാവിനെ കുടിപ്പിച്ചു. പിന്നീടാണ് താന്‍ കബളിപ്പിക്കപ്പെട്ടു എന്ന വിവരം അശ്വത്ഥാമാവ് മനസ്സിലാക്കിയത്.

യുദ്ധവീരനായ ജൂലിയസ് സീസറിനെതിരെ ഗൂഢാലോചന നടത്തി ബ്രൂട്ടസും കൂട്ടരും അദ്ദേഹത്തെ വധിച്ചു. ആ സമയത്ത് സെനറ്റര്‍ ആയ മാര്‍ക്ക് ആന്‍റണി നടത്തിയ പ്രസംഗം ചരിത്രപ്രസിദ്ധമാണ്. ബ്രൂട്ടസിനേയും കൂട്ടരേയും അനുകൂലിച്ച് തുടങ്ങിയ ആ പ്രസംഗത്തിന്‍റെ അവസാനം ബ്രൂട്ടസും കൂട്ടാളികളും വധിക്കപ്പെടുകയും മാര്‍ക്ക് ആന്‍റണി അധികാരത്തില്‍ എത്തുകയും ചെയ്തു. ഇതു ചരിത്രം. ഇതു രണ്ടും തമ്മില്‍ എന്തു ബന്ധം?

ഈ അടുത്തകാലത്ത് നമ്മുടെ രാജ്യത്ത് പശുക്കളെ കൊല്ലുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. പശുക്കളെ 'ഗോമാതാവ്' എന്ന നിലയില്‍ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം വരുന്ന ഹൈന്ദവജനതയ്ക്ക് വളരെ സന്തോഷകരമായ ഒരു തീരുമാനമാണ് നടത്തിയത് എന്ന് ഭരണാധികാരികള്‍ക്കും അവരെ കണ്ണുമടച്ച് അനുകൂലിക്കുന്നവര്‍ക്കും അവകാശപ്പെടാം. ആ അവകാശവാദം അസ്ഥാനത്തല്ലെന്ന് മാധ്യമവാര്‍ത്തകള്‍ തെളിയിക്കുന്നുമുണ്ട്. അക്കാര്യവും അവിടെ നില്‍ക്കട്ടെ, നമുക്ക് പാലുകുടിയിലേക്ക് മടങ്ങിവരാം.

കാര്‍ഷിക പ്രാധാന്യമുള്ള ഇന്ത്യയിലെ മഹാഭൂരിപക്ഷം കൃഷിക്കാരും പശുവിനെ വളര്‍ത്തുന്നവരാണ്. കുടുംബാംഗങ്ങള്‍ക്ക് പാലും പാലുല്പന്നങ്ങളും കൂടാതെ കൃഷിക്കാവശ്യമായ ചാണകം, ഗോമൂത്രം തുടങ്ങിയവയും സ്വന്തം വീട്ടില്‍ത്തന്നെ അവര്‍ ഉല്പാദിപ്പിക്കുന്നു. പാലുവിറ്റ് ഉപജീവനം നടത്തുന്ന അസംഖ്യം കുടുംബങ്ങളും ഈ രാജ്യത്ത് ഉണ്ട്.

പശുവിനെ കൊല്ലാന്‍ പാടില്ല എന്ന കര്‍ശനനിരോധനം മാര്‍ക്ക് ആന്‍റണിയുടെ പ്രസംഗം പോലെയാണ്. പ്രത്യക്ഷത്തില്‍ മഹാഭൂരിപക്ഷത്തിനേയും 'സുഖിപ്പിക്കുന്ന' നിയമം! പക്ഷേ, ഫലമോ?

ഈ രാജ്യത്തെ സാധാരണ കൃഷിക്കാര്‍ പശുക്കളും കാളകളും ഉള്‍പ്പെടെ നാലോ അഞ്ചോ മൃഗങ്ങളെ മാത്രം വളര്‍ത്തുന്നവരാണ്. കറവയില്ലാത്ത സമയത്ത് ഒരു പശുവിനെ പോറ്റുവാന്‍ ധാരാളം പണച്ചെലവുണ്ട്. എന്നാലും പശുവിനെ പോറ്റിവളര്‍ത്തണം. പക്ഷേ, അവസാനം ഒരിക്കലും കറവ ലഭിക്കുകയില്ലാത്ത അവസ്ഥയില്‍ അതിനെ കശാപ്പുകാര്‍ക്ക് വില്‍ക്കും. മാംസവ്യാപാരികള്‍, മാംസം ഭക്ഷിക്കുന്നവര്‍, തുകല്‍ വ്യാപാരികള്‍, എല്ലുപൊടിയുണ്ടാക്കുന്നവര്‍ ഇങ്ങനെ ചങ്ങലയുടെ കണ്ണികള്‍ പോലെ ഒരു പ്രവര്‍ത്തനം ഇതിലൂടെ നടന്നിരുന്നു. എന്നാല്‍ കശാപ്പുനിയന്ത്രണവും പശുവിനെ കശാപ്പു ചെയ്യുന്നതിന്‍റെ നിരോധനവും എങ്ങോട്ട് എത്തിക്കും. കന്നുകാലികളെ കശാപ്പു ചെയ്യുന്നതിനുള്ള നിയന്ത്രണം സാധാരണ കൃഷിക്കാര്‍ക്ക് കന്നുകാലികളെ വളര്‍ത്തുക എന്നുള്ള കാര്യം അസാധ്യമാക്കും. അപ്പോള്‍ സാധാരണക്കാര്‍ക്കും അതിനു താഴെയുള്ളവര്‍ക്കും പാലും പാലുല്പന്നങ്ങളും അപ്രാപ്യമാകും. കന്നുകാലികളെ വളര്‍ത്തുക എന്നുള്ളത് വന്‍കിട കമ്പനികള്‍ക്കു മാത്രം സാധിക്കുന്ന കാര്യമാകും. പാലും പാലുല്പന്നങ്ങളും മാംസവും വന്‍കിട കമ്പനികളുടെ ഉത്പന്നങ്ങളായി മാറും. അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് നമ്മള്‍ അവ വാങ്ങേണ്ടിവരും.

ഇപ്പോള്‍ മില്‍മ ഏറ്റവും നല്ല പാല്‍ ലിറ്ററിന് 44 രൂപയ്ക്ക് വില്‍ക്കുമ്പോള്‍ ചില സ്ഥാപനങ്ങള്‍ ലിറ്ററിന് 60 രൂപയും മറ്റു ചില സ്ഥാപനങ്ങള്‍ 66 രൂപ 60 പൈസയും വില ഈടാക്കുന്നു. അമുല്‍, മില്‍മ, പിഡിഡിപി തുടങ്ങിയ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടപ്പെടുമ്പോള്‍ ഗാട്ട്കരാര്‍, ആസിയന്‍ കരാര്‍ എന്നിവയിലെ വ്യവസ്ഥകളനുസരിച്ച് വിദേശത്തും സ്വദേശത്തുമുള്ള ബഹുരാഷ്ട്രകുത്തകഭീമന്മാര്‍ ഇന്ത്യയിലെ ജനങ്ങളെ 'പാലു കുടിപ്പിക്കാന്‍' ഉത്സാഹപൂര്‍വ്വം എത്തും. പക്ഷേ അവര്‍ നിശ്ചയിക്കുന്ന വില കൊടുക്കേണ്ടിവരുമെന്നു മാത്രം. അപ്പോഴാണ് ഇന്ത്യയിലെ സാധാരണക്കാരുടെ കുട്ടികള്‍ അശ്വത്ഥാമാവിനെപ്പോലെ പാലു കുടിക്കേണ്ടി വരിക. ചാണകവും ഗോമൂത്രവുമൊന്നുമില്ലാത്ത അവസ്ഥ സംജാതമാകുമ്പോള്‍ സാധാരണ കര്‍ഷകന്‍റെ കൃഷിയുടെ അവസ്ഥ എന്തായിത്തീരും? അതിനാല്‍ ഈ നിയമം ഏതെങ്കിലും ഒരു മതക്കാരെ പോഷിപ്പിക്കാനോ മറ്റേതെങ്കിലും മതക്കാരെ ശോഷിപ്പിക്കാനോ തയ്യാറാക്കപ്പെട്ടതല്ല. പ്രത്യുത സ്വദേശത്തും വിദേശത്തുമുള്ള ബഹുരാഷ്ട്രകുത്തക കമ്പനികളുടെ താത്പര്യ സംരക്ഷണത്തിനു വേണ്ടിയുള്ളതാണ് എന്നുവരുന്നു. ഗോമാതാവിന്‍റെ ദിവ്യാന്നത്തിനു പിന്നില്‍ മറഞ്ഞിരുന്നുകൊണ്ടുള്ള മൃഗരാജന്‍റെ ക്രൗര്യം നിറഞ്ഞ ചിരി ഇപ്പോള്‍ ദൃശ്യമാകുന്നില്ലേ?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org