Latest News
|^| Home -> Cover story -> അതിജീവനത്തിന്റെ ഒരു കുട്ടനാടൻ ബ്ലോ​ഗ്

അതിജീവനത്തിന്റെ ഒരു കുട്ടനാടൻ ബ്ലോ​ഗ്

Sathyadeepam


ബിഷപ് തോമസ് തറയില്‍
ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍

കുട്ടനാടിനെ സംബന്ധിച്ച് ഈ വര്‍ഷം ഇത് മൂന്നാമത്തെ പ്രളയമാണ് കടന്നുപോയത്. ജൂണ്‍ മാസത്തിലെ ആദ്യത്തെ മഴ തന്നെ വളരെ അസാധാരണമായ ഒന്നായിരുന്നു. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ മാത്രമായിരുന്നു അതു കൂടുതല്‍ ബാധിച്ചത്. ജൂലൈ മാസത്തിലെ കടുത്ത മഴയില്‍ വലിയ പ്രളയം കുട്ടനാട്ടില്‍ ഉണ്ടായി. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് അടയ്ക്കുകയും ജനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറി വിവിധ ക്യാമ്പുകളില്‍ തങ്ങുകയും ചെയ്തു. അത് കുട്ടനാടു മേഖലയില്‍ ഒതുങ്ങി നിന്നുവെന്നു പറയാം. എങ്കിലും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷി ച്ച് ഒത്തിരി പേരെ അതു ബാധിച്ചു. സ്കൂളുകളൊക്കെ അടച്ചിരിക്കുകയായിരുന്നു. അതില്‍ നിന്നു കരേറി വരുന്ന സമയത്താണ് ആഗസ്റ്റ് 10-നു ശേഷമുള്ള വലിയ പ്രളയം ഉണ്ടായത്. കുട്ടനാട്ടിലെ ജനത സാധാരണ പ്രളയത്തില്‍ തകര്‍ന്നു പോകുന്നവരല്ല. അവിടെത്തന്നെ പിടിച്ചു നില്‍ക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചു. പക്ഷെ ഡാമുകള്‍ തുറന്നപ്പോള്‍ വെള്ളം ക്രമാതീതമായി ഒഴുകിയെത്തിയതോടെ ജനങ്ങള്‍ക്കു പലായനം ചെയ്യേണ്ടി വന്നു.

വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഞങ്ങള്‍ക്ക് ആദ്യം നേരിടേണ്ടി വന്ന വെല്ലുവിളി ജനങ്ങളെ ചങ്ങനാശ്ശേരി ആലപ്പുഴ പട്ടണങ്ങളിലെ ക്യാമ്പുകളില്‍ എത്തിക്കുക എന്നതായിരുന്നു. അതില്‍ വലിയ പ്രയാസം വന്നത്, സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയാണ്. അതിന് സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. അവര്‍ക്ക് ആവശ്യത്തിനു ബോട്ടുകളില്ല. കുട്ടനാട്ടില്‍ റോഡുഗതാഗതം വ്യാപകമായതോടെ തദ്ദേശീയരായ പലരും വള്ളങ്ങളും ബോട്ടുകളുമൊക്കെ ഉപേക്ഷിച്ചിരുന്നു. ഇതു രക്ഷാപ്രവര്‍ത്തനത്തെ ദോഷകരമായി ബാധിച്ചു എന്നതാണു വസ്തുത. പ്രളയത്തിന്‍റെ ആദ്യദിനങ്ങളില്‍ വൈദികരുടെ നേതൃത്വത്തില്‍ പരമാവധി വള്ളങ്ങള്‍ സംഘടിപ്പിച്ച് ജാതിഭേദമെന്യേ ആളുകളെ കിടങ്ങറയിലെത്തിച്ച് അവിടെ നിന്നു പ്രത്യേക ബോട്ടില്‍ ചങ്ങനാശ്ശേരിയില്‍ എത്തിച്ചു. അവിടെ ഞങ്ങളുടെ എല്ലാ സ്ഥാപനങ്ങളും റിലീഫ് ക്യാമ്പുകളായി പ്രവര്‍ത്തിക്കുകയായിരുന്നു.

വലിയ ആശങ്ക നിറഞ്ഞ നിമിഷങ്ങളും മണിക്കുറുകളുമായിരുന്നു അത്. പലയിടത്തു നിന്നും ഫോണ്‍ കോളുകള്‍. കുടുങ്ങിക്കിടക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങളാണ് എല്ലാവരും വിളിച്ചു പറയുന്നത്. അവിടെയെല്ലാം ഞങ്ങള്‍ക്ക് കാണാനായത് നാനാജാതി മതസ്ഥരായ ആളുകളുടെ ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ്. നിരവധിപേര്‍ സഹായിക്കാന്‍ സന്നദ്ധരായി വന്നു. ചങ്ങനാശ്ശേരി പാലാത്തറ കണ്‍സ്ട്രക്ഷന്‍സിന്‍റെ മുപ്പതോളം ടോറസ് വണ്ടികള്‍ പ്രളയബാധിതരെ കിടങ്ങറ പാലത്തില്‍നിന്ന് ചങ്ങനാശ്ശേരി വരെ കൊണ്ടുവരാന്‍ നിരന്തരമായി ഓടുകയായിരുന്നു. അവരുടെ വണ്ടികളില്‍ പലതിനും കേടുപാടുകള്‍ സംഭവിക്കുകയുമുണ്ടായി. അതൊക്കെ ഇല്ലായിരുന്നുവെങ്കില്‍ ആയിരക്കണക്കിനു പേര്‍ അവിടങ്ങളില്‍ കുടുങ്ങിപ്പോകുമായിരുന്നു. ഞങ്ങളുടെ വൈദികര്‍ രാത്രിയും പകലുമില്ലാതെ ബോട്ടിലും വള്ളങ്ങളിലും യാത്ര ചെയ്ത് വീടുവീടാന്തരം കയറിയിറങ്ങി ആളുകളെ കണ്ടെത്തി വാഹനങ്ങളില്‍ കയറ്റിവിടാന്‍ യത്നിച്ചു. ഈ ഘട്ടത്തില്‍ മത്സ്യത്തൊഴിലാളി സഹോദരങ്ങളുടെ വലിയ സഹായം ലഭിച്ചു. ആലപ്പുഴ കൊല്ലം രൂപതകളോട് ഞങ്ങള്‍ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. അവിടത്തെ പിതാക്കന്മാര്‍ ബോട്ടുകള്‍ വിട്ടു തന്നു. പിന്നീട് നേവിയുടെ ബോട്ടുകളും വന്നു ചേര്‍ന്നു.

കുട്ടനാട്ടിലെ 95 ശതമാനം പേരും ക്യാമ്പുകളില്‍ കഴിയേണ്ടി വന്ന അവസ്ഥ ഇതിനുമുമ്പ് ഉണ്ടായിട്ടുണ്ടോ എന്നറിഞ്ഞു കൂടാ. ഈ ഘട്ടത്തില്‍ അതിരൂപതയിലെ വൈദികരെയും ശുശ്രൂഷകരെയും വളരെ സന്തോഷത്തോടെ ഞാന്‍ ഓര്‍ക്കുന്നു. ഇടവകകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട രക്ഷാദൗത്യം, സിസ്റ്റേഴ്സ് ചെയ്ത വലിയ സേവനങ്ങള്‍… എല്ലാം നന്ദിയോടെ അനുസ്മരിക്കേണ്ടതാണ്. ക്യാമ്പുകളില്‍ ചെന്നപ്പോള്‍ വൈദികരും സിസ്റ്റേഴ്സുമെല്ലാം ചെയ്ത സേവനങ്ങളെക്കുറിച്ച് ആവേശത്തോടെ സംസാരിക്കുന്നവരെ കാണാനിടയായി. മിക്കയിടങ്ങളിലും അവസാനത്തെ വ്യക്തിയെ വരെ കയറ്റി വിട്ടിട്ടാണ് വികാരിയച്ചന്മാര്‍ യാത്രയായത്. ഈ വിധത്തില്‍ നാനാജാതി മതസ്ഥര്‍ക്ക് സഭ ഏറ്റവും അടുത്ത് അനുഭവപ്പെട്ട സാഹചര്യമായിരുന്നു ഇത്തവണത്തെ പ്രളയം.

ഞങ്ങളുടെ എല്ലാ സ്ഥാപനങ്ങളും പള്ളികളും ദുരിതാശ്വാസ ക്യാമ്പുകളാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ആവശ്യത്തിന് സ്കൂളുകളും മറ്റുമുള്ളതുകൊണ്ട് കൂടുതല്‍ പള്ളികള്‍ ക്യാമ്പുകളാക്കേണ്ടി വന്നില്ല. ഇതര മതസ്ഥരുടെ സ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമെല്ലാം ക്യാമ്പുകളായി. ഞങ്ങളുടെ ദുരിതാശ്വാസ ക്യാമ്പുകള്‍ വളരെ നന്നായി പ്രവര്‍ത്തിച്ചു എന്നതില്‍ സന്തോഷമുണ്ട്. നിരവധി പേര്‍ തങ്ങളുടെ സന്മനസ്സില്‍നിന്ന് വലിയ സംഭാവനകള്‍ നല്‍കുകയുണ്ടായി.

ഇനി ശ്രദ്ധിക്കേണ്ടത് ജനങ്ങളുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളിലാണ്. വീടും പരിസരങ്ങളും ശുചീകരിക്കുന്ന ഘട്ടമാണിത്. എല്ലാം നഷ്ടപ്പെട്ടതില്‍നിന്നു വീണ്ടും തുടങ്ങേണ്ട അവസ്ഥയാണ് ഒട്ടെല്ലാവരും അഭിമുഖീകരിക്കുന്നത്. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് വലിയ സഹായവും പിന്തുണയും എല്ലാ രൂപതകളില്‍നിന്നും കിട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് രൂപതയില്‍നിന്നും ബല്‍ത്തങ്ങാടി രൂപതയില്‍നിന്നും വൈദികരുടെ നേതൃത്വത്തില്‍ ഒരു സംഘം ഇവിടെ വന്നു ശുചീകരണ പ്രയത്നങ്ങളില്‍ പങ്കാളികളായി. പാലാ രൂപതയിലെ പിതാക്കന്മാരുടെ നേതൃത്വത്തില്‍ എഴുപതോളം വൈദികര്‍ വന്ന് ചേന്നങ്കേരി ഇടവകയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുകയുണ്ടായി. കൂടാതെ നമ്മുടെ എല്ലാ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ വീടുകള്‍ ക്ലീന്‍ ചെയ്യാനുള്ള പരിശ്രമങ്ങള്‍ നടന്നു വരുന്നു.

കുട്ടനാട്ടിലെ വീടുകളുടെ ഒരു പ്രത്യേകത, കഴിഞ്ഞ മൂന്നു വര്‍ഷമായി വെള്ളം കയറി ഇറങ്ങിക്കിടക്കുന്നു എന്നതാണ്. ഏറ്റവും താഴ്ന്ന പ്രദേശങ്ങളായ കൈനകരി -കുട്ടമംഗലം തുടങ്ങിയ സ്ഥലങ്ങളിലെ വീടുകളില്‍നിന്നു വെള്ളം ഇറങ്ങിയിട്ടില്ല. വെള്ളം ഇറങ്ങിയ ശേഷം പരിശോധിക്കുമ്പോഴായിരിക്കും വീടുകളുടെ ബലക്ഷയം മനസ്സിലാകുക. അത്തരത്തില്‍ കണക്കെടുപ്പും വിലയിരുത്തലും തന്നെ ദുഷ്ക്കരമാകുന്ന സാഹചര്യമാണുള്ളത്. കുട്ടനാട്ടില്‍ കാര്‍ഷിക വൃത്തിയെ ആശ്രയിച്ചു കഴിയുന്നവരെ സംബന്ധിച്ച് ഈ വര്‍ഷത്തെ രണ്ടു കൃഷി അവര്‍ക്കു നഷ്ടപ്പെട്ടു. കണ്ടങ്ങളില്‍ ഇപ്പോഴും വെള്ളം കയറിക്കിടക്കുന്നു. സ്ഥിര വരുമാനക്കാരും വിദേശങ്ങളില്‍ ജോലി ചെയ്യുന്നവരുമൊക്കെ ഈ ദുരന്തത്തെ പലവിധത്തില്‍ അതിജീവിച്ചേക്കാം. പക്ഷെ മറ്റുള്ളവരെ സംബന്ധിച്ചിടത്തോളം വലിയ ദുഃഖകരമായ അവസ്ഥ തന്നെയാണ് നിലനില്‍ക്കുന്നത്.

സര്‍ക്കാര്‍ തലത്തില്‍ ഇപ്പോള്‍ കുറേ പദ്ധതികളും സഹായ വാഗ്ദാനങ്ങളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അത് സുതാര്യവും സത്യസന്ധവുമായി വിതരണം ചെയ്യപ്പെടാനുള്ള പരിശ്രമം ഉണ്ടാകണം. അടിസ്ഥാന ആവശ്യങ്ങള്‍ക്കു വേണ്ടി ജനങ്ങള്‍ക്കു വലിയ തുക ആവശ്യമായി വരും. ഗ്യാസ് സിലിണ്ടര്‍, സ്റ്റൗ തുടങ്ങിയവയൊക്കെ നഷ്ടപ്പെട്ടവര്‍ അനവധിയാണ്. അതുപോലെ കുടിവെള്ളം – അതാണ് കുട്ടനാട്ടിലെ വലിയ പ്രശ്നം. അത് എത്തിക്കാനുള്ള പരിശ്രമങ്ങളിലാണ് ഇപ്പോള്‍ രൂപതയും കൂടുതല്‍ ശ്രദ്ധിക്കുന്നത്. ഭാവിയില്‍ കുടിവെള്ള ശുദ്ധീകരണ പ്ലാന്‍റുകളടക്കമുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അതു വലിയ ഉപകാരമാകും.

സമുദ്ര നിരപ്പിനു താഴെയുള്ള ഭൂപ്രദേശം കുട്ടനാടു കഴിഞ്ഞാല്‍ പിന്നെ ലോകത്തുള്ളത് ഹോളണ്ടാണ്. ഹോളണ്ട് വളരെ മനോഹരമായിട്ടാണ് സംരക്ഷിക്കപ്പെടുന്നത്. എന്നാല്‍ അശാസ്ത്രീയമായ വികസനരീതികള്‍ മൂലമോ മറ്റോ നമുക്കതിനു സാധിച്ചിട്ടില്ല. കുട്ടനാടു പ്രൊജക്ടിന്‍റെ മൂന്നിലൊന്നു പോലും നടപ്പിലായിട്ടില്ല. അവിടെ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സ്വാഭാവിക മാര്‍ഗങ്ങള്‍ അടയുന്നു. തണ്ണീര്‍മുക്കം ബണ്ടാണെങ്കിലും തോട്ടപ്പള്ളി സ്പില്‍വേയാണെങ്കിലും സമയാസമയങ്ങളില്‍ തുറക്കുകയും അതിന്‍റെ പരിപാലനത്തില്‍ ശ്രദ്ധിക്കുകയും വേണം. സര്‍ക്കാര്‍ രേഖകളില്‍ ഇതെല്ലാം ചെയ്യുന്നുണ്ട്. പക്ഷെ പ്രളയം ശക്തമാകുമ്പോഴാണ് പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ അധികൃതരുടെ ശ്രദ്ധ പതിയുന്നതുപോലും. അതിനാല്‍ ദീര്‍ഘ കാലാടിസ്ഥാനത്തില്‍, ഭൂപ്രകൃതിയുടെ കാര്യത്തിലും മറ്റും കുട്ടനാടിനെ ഒരു പ്രത്യേക പ്രദേശമായിക്കണ്ട് സംരക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിക്കണം. അതുപോലെ പരിസ്ഥിതി സംരക്ഷണത്തിന്‍റെ കാര്യത്തില്‍ നാം ജനങ്ങളെ കുറേക്കൂടി ബോധവത്കരിക്കണം. അതിലുപരി പ്രളയം വന്നാലും നാടുപേക്ഷിച്ചു പോകാത്ത രീതിയില്‍ അതിനെ ശാസ്ത്രീയമായി നേരിടാന്‍ ജനങ്ങളെ ഒരുക്കേണ്ടതുണ്ട്. പ്രളയം വന്നാല്‍ വേണ്ട മുന്‍കരുതലുകളെക്കുറിച്ചും അവബോധം നല്‍കണം.

കുട്ടനാട്ടിലെ ജനങ്ങളുടെ അതിജീവന സിദ്ധി വളരെ വളരെ ശക്തമാണ്. വെള്ളപ്പൊക്കം ഏറ്റവും കഠിനമായി ബാധിച്ചത് കുട്ടനാടിനെയാണ്. കൂടുതല്‍ വസ്തു നാശം ഉണ്ടായെങ്കിലും ഏറ്റവും കുറവ് ആള്‍നാശം സംഭവിച്ചത് ഇവിടെയാണ്. അതിജീവനത്തിനുള്ള വലിയ സിദ്ധി ദൈവം ഞങ്ങള്‍ക്ക് തന്നിട്ടുണ്ട്. വലിയ ദൈവവിശ്വാസമുള്ള നിരവധി പേര്‍ ഇവിടെയുണ്ട്. നിരന്തരമായ വെള്ളപ്പൊക്കവും കെടുതികളുമൊക്കെ തരണം ചെയ്യാനുള്ള മനക്കരുത്ത് ഞങ്ങള്‍ ആര്‍ജിച്ചിട്ടുണ്ട്. പക്ഷെ ഇത്തവണത്തെ വെള്ളപ്പൊക്കം ഞങ്ങളെ ഒത്തിരി ഭയപ്പെടുത്തിയതായി തോന്നുന്നു. നാടുവിട്ടു പോകണമെന്നാഗ്രഹിക്കുന്നവരും ഭാവിജീവിതം എങ്ങനെ കരുപ്പിടിപ്പിക്കാനാവും എന്ന് ആശങ്കപ്പെടുന്നവരും ഞങ്ങള്‍ക്കിടയിലുണ്ട്. അതിനൊരു പരിഹാരം ആത്മീയമായി ഇവരെ ശക്തിപ്പെടുത്തുക എന്നതാണ്. ദുരന്തങ്ങളെ ഒഴിവാക്കുന്ന ദൈവമല്ല നമ്മുടെ ദൈവം. കുരിശില്‍ മരിച്ചു രക്ഷനേടിയ ദൈവമാണ് നമ്മുടേത്. അതിനാല്‍ ഏതു ദുരന്തത്തെയും മഹത്ത്വത്തിന്‍റെ പശ്ചാത്തലത്തില്‍ നേരിടാമെന്നുള്ള സുവിശേഷ സന്ദേശം നല്‍കി ഇവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരാനാകും. ഹോംമിഷനും കൗണ്‍സലിംഗുകളും ഉള്‍പ്പെടെ മാനസികവും ആത്മീയവുമായി ഉണര്‍വ്വിലേക്കു ജനങ്ങളെ നയിക്കാനുള്ള പദ്ധതികള്‍ പലതും ആസൂത്രണം ചെയ്തു വരികയാണ്.

പ്രളയത്തില്‍ കേരളം നടുങ്ങിയപ്പോള്‍ ഈ മഹാദുരന്തത്തെ നേരിടാന്‍ എല്ലാവരും ഒറ്റെക്കട്ടായി കൈകോര്‍ത്തു എന്നത് വലിയൊരു അത്ഭുതപ്രതിഭാസമാണ്. നമ്മുടെ ജനം വളരെ പക്വതയുള്ള സമൂഹമാണ് എന്നതിന്‍റെ ലക്ഷണവും കൂടിയാണത്. നമുക്കു ലഭിച്ചിട്ടുള്ള സാര്‍വത്രിക വിദ്യാഭ്യാസവും നമ്മുടെ സമൂഹത്തിലെ മൂല്യങ്ങളും അതിനു നമ്മെ സഹായിച്ചിട്ടുണ്ട്. സഹോദരനോടു കരുതലുണ്ടാകണം എന്ന ചിന്ത ജാതിമതഭേദമെന്യേ എല്ലാവരിലും ദൃശ്യമാണ്. ഈ ചിന്തയുടെ രൂപീകരണത്തില്‍ നമ്മുടെ ക്രൈസ്തവ വിദ്യാലയങ്ങളും സ്ഥാപനങ്ങളും ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ടെന്നും ഞാന്‍ പറയും.

(അഭിമുഖ സംഭാഷണത്തെ ആസ്പദമാക്കി സീനിയര്‍ സബ് എഡിറ്റര്‍ ഫ്രാങ്ക്ളിന്‍ എം തയ്യാറാക്കിയത്)

Leave a Comment

*
*