ആത്മീയതയിലെ അപകടങ്ങള്‍

ആത്മീയതയിലെ അപകടങ്ങള്‍

ഫാ. ജയിംസ് പന്നാംകുഴി ഒ.എസ്.ബി.

ക്രൈസ്തവ ആത്മീയമേഖലയ്ക്ക്, വിശ്വാസജീവിതത്തിന്, നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിലും വചനത്തിലും അധിഷ്ഠിതമായ ഒരു അടിസ്ഥാനമുണ്ട്. എന്നാല്‍ ഈ അടുത്തകാലത്ത് അതിനെയെല്ലാം തകിടം മറിക്കുന്ന അന്ധവിശ്വാസത്തിലേക്കും വിശ്വാസരാഹിത്യത്തിലേക്കുമൊക്കെ വിശ്വാസികള്‍ നീങ്ങിത്തുടങ്ങിയിട്ടുണ്ട് എന്നത് വേദനാജനകമായ ഒരു കാര്യമാണ്. കൂടോത്രം, മന്ത്രവാദം, ക്ഷുദ്രപ്രയോഗം, തുടങ്ങിയ പൈശാചിക പ്രവണതകള്‍ പല സ്ഥലങ്ങളിലുമുള്ളതായി കേട്ടിട്ടുണ്ട്. ഇത്തരം അന്ധവിശ്വാസങ്ങളും പൈശാചിക പ്രവൃത്തികളും മനുഷ്യനന്മയ്ക്കുവേണ്ടിയല്ല, മറിച്ച് മനുഷ്യനാശത്തിനായി പലരും ചെയ്യാറുമുണ്ട്. അടുത്തകാലത്ത് ഇതുമായി ബന്ധപ്പെട്ട് ക്രൈസ്തവ വിശ്വാസികളെ വഴിതെറ്റിച്ച് ഇത്തരം അന്ധവിശ്വാസങ്ങള്‍ കൊണ്ടു മുതലെടുത്ത് മറ്റുള്ളവരെ ചൂഷണം ചെയ്യുന്ന ചില വ്യാജപ്രവാചകന്മാര്‍ കൂടുതലായി രംഗപ്രവേശം ചെയ്തിട്ടുണ്ട് എന്നത് വിശ്വാസികള്‍ എല്ലാവരും തിരിച്ചറിയേണ്ടതുണ്ട്.

നോട്ടു പിന്‍വലിക്കല്‍ കൊണ്ടും ജി.എസ്.റ്റി നികുതിയുടെ അവ്യക്തതകൊണ്ടും കാര്‍ഷിക ഉല്പന്നങ്ങളുടെ വിലക്കുറവുകൊണ്ടും സാധാരണ ജനങ്ങള്‍ സാമ്പത്തിക മേഖലയില്‍ വീര്‍പ്പുമുട്ടുന്ന ഒരു സാഹചര്യമാണ് ഇന്നു നമ്മുടെ നാട്ടിലുള്ളത്. ഇത് ധാരാളം കുടുംബങ്ങളെ, പ്രത്യേകിച്ചും ഇടത്തരം കുടുംബങ്ങളെ തകര്‍ച്ചയിലേക്കു നയിക്കാന്‍ കാരണമായിത്തീര്‍ന്നിട്ടുണ്ട്. എവിടെപ്പോയാലാണ് ആശ്വാസം കിട്ടുന്നതെന്നോര്‍ത്ത് നട്ടംതിരിയുകയാണ് അവര്‍. വിശ്വാസികള്‍ എന്നു സ്വയം വിലയിരുത്തുന്ന നാം അവിശ്വാസികള്‍ ചെയ്യുന്ന കര്‍മ്മങ്ങള്‍ ചെയ്യാന്‍ മടിക്കുന്നവരാണ്. അതു കൊണ്ട് വിശ്വാസികളുടെയിടയില്‍ അത്തരം കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്ന ആളുകളുണ്ടെങ്കില്‍ അവരുടെ സിദ്ധിവൈഭവം ഈ പാവപ്പെട്ട ജനങ്ങള്‍ ഒരു പിടിവള്ളിയായി കണക്കാക്കുകയും അവര്‍ പറയുന്നത് ദൈവികസത്യമായി കരുതി കണ്ണടച്ചു വിശ്വസിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ചും ഒരു ബനഡിക്റ്റൈന്‍ കുരിശും ഒരു കൊന്തയും കൈയ്യിലുണ്ടെങ്കില്‍ പറയുകയും വേണ്ട. ഇവരുടെ പ്രാര്‍ത്ഥന കേട്ടാല്‍ ദൈവം തമ്പുരാന്‍ വീണ്ടും മനുഷ്യനായി അവതരിച്ച് ഇപ്പോള്‍ ഇറങ്ങിവന്ന് എല്ലാം സാധ്യമാക്കിത്തരും എന്നു തോന്നും. ഭക്തിയുടെ പ്രകടനം കൊണ്ട് സാധാരണ ജനങ്ങളെ മയക്കി വീഴ്ത്താന്‍ ഇവര്‍ വിരുതന്മാരാണ്.

ഈ അടുത്തനാളുകളിലുണ്ടായ ഏതാനും ചില അനുഭവങ്ങളുടെ ഒരു വിലയിരുത്തല്‍ നടത്തിയാല്‍ നമ്മുടെ വിശ്വാസികള്‍ മുകളില്‍ പറഞ്ഞരീതിയില്‍ വഴിതെറ്റിക്കപ്പെടുന്നുണ്ടെന്നുറപ്പാണ്. ഉദാഹരണത്തിന്, സാമ്പത്തികമായി തകര്‍ന്നു നില്ക്കുന്ന ഒരു പാവപ്പെട്ട കുടുംബം. ആരോ പറഞ്ഞു, ഒരു സ്ഥലത്ത് ഒരു സഹോദരനുണ്ട്, അദ്ദേഹത്തെ വിളിച്ചാല്‍ കാര്യങ്ങളൊക്കെ ശരിയാകും, അദ്ദേഹം വീട്ടില്‍ വന്നാല്‍ മതി, എല്ലാം ശരിയാകും. അതുകേട്ട് ഫോണ്‍ നമ്പര്‍ വാങ്ങി ആ സഹോദരനെ വീട്ടില്‍ വിളിച്ചു വരുത്തി. ഒരു കുരിശും കൊന്തയും കൈയ്യിലേന്തി വളരെ ഭക്തിപൂര്‍വ്വം പ്രാര്‍ത്ഥിച്ചു. അതിനുശേഷം പറഞ്ഞു, നിങ്ങളുടെ വീടിനകത്തും പുറത്തുമായി എട്ടു തകിടുകള്‍ കാണുന്നുണ്ട്. ആരോ കൂടോത്രം ചെയ്തിട്ടിരിക്കുന്നതാണ്. അതെടുത്തുമാറ്റണം എങ്കിലേ നിങ്ങളുടെ സാമ്പത്തിക തകര്‍ച്ച മാറുകയുള്ളു. ഈ എട്ടെണ്ണവും ഒരുമിച്ച് എടുക്കാന്‍ പറ്റില്ല. ഒരെണ്ണം എടുക്കുമ്പോഴേക്കും ഞാന്‍ തളര്‍ന്നു പോകും. അത്രമാത്രം ശക്തിയുള്ളതാണ്. അതുകൊണ്ട് എട്ടുദിവസം വരേണ്ടിവരും. അങ്ങനെ എട്ടു ദിവസം വന്ന് എട്ടു തകിടുകള്‍ വീടിനകത്തുനിന്നും പുറത്തുനിന്നുമായി എടുത്തു. കൃത്യമായ സ്ഥലം പറഞ്ഞു കാണിച്ചിട്ടാണ് എല്ലാം എടുക്കുന്നത്. ഓരോ വരവിനും 1500 രൂപ വച്ചു കൊടുത്തു. കാരണം സ്വന്തം കാറിനാണ് ദൂരെനിന്നു വരുന്നത്. പാവം കുടുംബനാഥന്‍ വിചാരിച്ചു ഇനി തങ്ങളുടെ സാമ്പത്തിക പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും എന്ന്. പക്ഷെ മാസങ്ങള്‍ പലതു കഴിഞ്ഞിട്ടും ഉണ്ടായിരുന്ന കടബാധ്യതകള്‍ കൂടിയതല്ലാതെ ഒന്നുംതന്നെ സംഭവിച്ചില്ല.

വേറൊരു കുടുംബനാഥന്‍ പറഞ്ഞു, അച്ചാ എന്‍റെ വീട്ടിലും കടയിലുമുള്ള എല്ലാ തകിടുകളും എടുത്തു മാറ്റിയ ഏതാനും മണിക്കൂറുകള്‍ക്കിടയിലാണ് എന്‍റെ മകളുടെ വിവാഹം ഉറപ്പിച്ചത്. കാരണം ഒരു തകിട് എടുത്തുമാറ്റിയാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ അടുത്ത തകിട് ശത്രുക്കള്‍ കൊണ്ടുവന്നിടും. തകിടില്ലാത്ത സമയത്തേ വീട്ടില്‍ സമാധാനമുണ്ടാകുകയുള്ളൂ. എന്നും വീടിന്‍റെ പരിസരത്തും കടയുടെ മുറ്റത്തും എന്തെങ്കിലുമൊക്കെ സാധനങ്ങള്‍ കാണും. ഈ തകിടുകള്‍ എടുത്തു മാറ്റാന്‍ വിദഗ്ധനായ ഒരാള്‍ എന്‍റെ വീട്ടില്‍ വര്‍ഷങ്ങളായി വരാറുണ്ട്. കുറെ വര്‍ഷങ്ങളായി നടക്കുന്ന ഒരു കാര്യമാണിത്. വിദ്യാഭ്യാസവും അത്യാവശ്യം സാമ്പത്തികവുമുള്ള ഒരു കുടുംബനാഥനാണിദ്ദേഹം. കേള്‍ക്കാന്‍ രസമുണ്ടെങ്കിലും ഞാനല്പം എതിര്‍ത്തു സംസാരിച്ചപ്പോള്‍ അദ്ദേഹത്തിനതിഷ്ടപ്പെട്ടില്ല. തകിടെടുക്കുന്ന സഹോദരനില്‍ അടിയുറച്ച വിശ്വാസമാണ്. ആ സഹോദരന്‍ വീട്ടില്‍ വന്നപ്പോള്‍ പ്രാര്‍ത്ഥിച്ചത് ഫോണില്‍ നിന്ന് എന്നെ കേള്‍പ്പിച്ചു. ഏതു വിശ്വാസിയേയും വിസ്മയിപ്പിക്കുന്ന രീതിയിലുള്ള ആകര്‍ഷകമായ പ്രാര്‍ത്ഥന.

ഇങ്ങനെ ആത്മീയതയുടെ മൂടുപടമണിഞ്ഞുകൊണ്ട് കൈയടക്കം, കണ്‍കെട്ട്, ജാലവിദ്യ എന്നിവകള്‍ കൊണ്ട് മറ്റുള്ളവരെ കബളിപ്പിച്ച്, ചൂഷണം ചെയ്ത് വിശ്വാസികളെ വഴിതെറ്റിക്കുന്ന ധാരാളം തട്ടിപ്പു വീരന്മാര്‍ ഇന്നു സമൂഹത്തിലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. ഇത് വേണ്ടപ്പെട്ടവര്‍ തിരിച്ചറിയുകയും അതിനെതിരായ സത്വര നടപടികള്‍ സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ ധാരാളം വിശ്വാസികള്‍ ഇനിയും വഴിതെറ്റിപ്പോകുകയും അന്ധവിശ്വാസികളായി മാറുകയും ചെയ്യും.

വി. മത്തായി സുവിശേഷകനിലൂടെ കര്‍ത്താവു വ്യക്തമായി പറയുന്നു: ഇതാ ക്രിസ്തു ഇവിടെ അല്ലെങ്കില്‍ അവിടെ എന്ന് ആരെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കരുത്. കാരണം, കള്ളക്രിസ്തുമാരും വ്യാജപ്രവാചകന്മാരും പ്രത്യക്ഷപ്പെടുകയും സാധ്യമെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കത്തക്കവിധം വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കുകയും ചെയ്യും. ഇതാ ഞാന്‍ മുന്‍കൂട്ടി നിങ്ങളോടു പറഞ്ഞിരിക്കുന്നു. അതുകൊണ്ട് അവന്‍ മരുഭൂമിയിലുണ്ടെന്ന് അവര്‍ പറഞ്ഞാല്‍ നിങ്ങള്‍ പുറപ്പെടരുത്. അവന്‍ മുറിക്കുള്ളിലുണ്ട് എന്നു പറഞ്ഞാലും നിങ്ങള്‍ വിശ്വസിക്കരുത്. കിഴക്കുനിന്നു പടിഞ്ഞാറോട്ടു പായുന്ന മിന്നല്‍പ്പിണര്‍ പോലെ ആയിരിക്കും മനുഷ്യപുത്രന്‍റെ ആഗമനം. ശവമുള്ളിടത്ത് കഴുകന്മാര്‍ വന്നു കൂടും (മത്താ 24:23-28).

പഴയനിയമകാലത്ത് രണ്ടുതരം പ്രവാചകന്മാരുണ്ടായിരുന്നു. സത്യപ്രവാചകന്മാരും വ്യാജപ്രവാചകന്മാരും. സത്യപ്രവാചകന്മാര്‍, ദൈവം പറയുന്ന കാര്യങ്ങള്‍ ജനത്തെ അറിയിക്കുവാനും ജനത്തിന്‍റെ കാര്യങ്ങള്‍ ദൈവത്തെ അറിയിക്കുവാനും ദൈവത്തിനും ജനത്തിനും മദ്ധ്യേ നില്ക്കുന്നവരാണ്. ഇവിടെ ജനത്തിനിഷ്ടമുള്ളതാണെങ്കിലും അനിഷ്ടമായതാണെങ്കിലും അവര്‍ ജനത്തെ അറിയിക്കും. എന്നാല്‍ വ്യാജ പ്രവാചകന്മാര്‍ സ്തുതിപാഠകരാണ്. അവര്‍ക്കു രണ്ടു പ്രത്യേകതകളുണ്ട്:

– അവര്‍ ജനത്തിനിഷ്ടമുള്ളതാണ് പറയുന്നത്. രാജാക്കന്മാരുടെ ഇഷ്ടമനുസരിച്ചു പ്രവചിക്കുന്നവരാണിവര്‍.

– അവര്‍ ഉപജീവനത്തിനു വേണ്ടിയാണ് പ്രവാചകവൃത്തി ചെയ്തിരുന്നത് (ആമോ 7:12).

ആത്മീയ മേഖലയില്‍ ഭാവി പറയുന്ന ധാരാളം പ്രവാചകന്മാര്‍ ഇന്നു രംഗത്തുണ്ട്. വഴിയരികിലിരിക്കുന്ന കാക്കാലന്മാര്‍ തത്തയെക്കൊണ്ട് കാര്‍ഡ് എടുപ്പിച്ചു ഭാവി പറയുന്നതുപോലെ ദൈവവചനം തുറന്നു വച്ച് ഭാവി പറയുന്ന ആളുകള്‍ കൂടിക്കൊണ്ടിരിക്കുകയാണ്. എന്താണു കഴിഞ്ഞകാലത്തു സംഭവിച്ചത്, നാളെ എന്തു സംഭവിക്കും എന്നൊക്കെ പ്രവചിക്കുന്നവരുടെ അടുത്തേക്ക് ആളുകള്‍ ഓടിക്കൂടുന്ന കാലമാണിത്. സാധാരണ ജനങ്ങള്‍ക്ക് അതുമതി. അതുകൊണ്ടാണ് മത്താ 24:28-ല്‍ പറയുന്നത് ശവമുള്ളിടത്ത് കഴുകന്മാര്‍ വന്നുകൂടും. ഇവിടെ ശവം എന്നു സൂചിപ്പിക്കുന്നത്, ബലഹീനരായ ജനത്തെയാണ്. അവരുടെ ബലഹീനതയെ ചൂഷണം ചെയ്ത് ഉപജീവനം നടത്തുന്ന കഴുകന്മാരെ നാം തിരിച്ചറിയണം.

എന്തു ഭക്ഷിക്കും എന്തു പാനം ചെയ്യും എന്തു ധരിക്കും എന്നു വിചാരിച്ചു നിങ്ങള്‍ ആകുലരാകേണ്ട. വിജാതീയരാണ് ഇവയെല്ലാം അന്വേഷിക്കുന്നത് (മത്താ. 6:31-32) എന്നു കര്‍ത്താവു പറയുമ്പോള്‍ അതിന്‍റെ അര്‍ത്ഥം മനസ്സിലാക്കി ജീവിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. ഇത്തരം പ്രവാചകന്മാരുടെ അടുത്തേക്കു പോകുന്നവര്‍, തങ്ങള്‍ വിജാതീയരാണ് എന്ന് സ്വയം പ്രഘോഷിക്കുകയാണ്. പിന്നെ നാം വിശ്വാസികളാണ് എന്നു പറയുന്നതിന് എന്തര്‍ത്ഥമാണുള്ളത്? കര്‍ത്താവു പറയുന്നു: നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു ലഭിക്കും (മത്താ. 6:33). എന്നാല്‍ കര്‍ത്താവിന്‍റെ ഈ പ്രബോധനത്തില്‍ വിശ്വസിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. അതിലും വിശ്വാസം വ്യാജപ്രവാചകന്മാരുടെ പ്രബോധനത്തിലാണ്. അവിടുത്തെ രാജ്യം സ്നേഹത്തിന്‍റെ രാജ്യമാണ്. അവിടുത്തെ നീതി എല്ലാവരേയും എല്ലാത്തിനേയും ഉള്‍ക്കൊള്ളുന്നതാണ്. ഇവ രണ്ടും പ്രായോഗികമാക്കിയാല്‍ വിശ്വാസജീവിതത്തില്‍ വളരുവാന്‍ എളുപ്പമാണ്. ഇവ രണ്ടും അനുഭവിച്ചു കൊണ്ടു ള്ള ജീവിതമാണ് സ്വര്‍ഗ്ഗീയ ജീവിതം. കര്‍ത്താവു പറയുന്നു: നിരവധി വ്യാജപ്രവാചകന്മാര്‍ പ്രത്യക്ഷപ്പെട്ട് അനേകരെ വഴി തെറ്റിക്കും (മത്താ 24:12).

കാണുന്നതെല്ലാം പൈശാചികമാണെന്നു പറഞ്ഞ് ജനത്തെ വഞ്ചിക്കുന്ന ഇക്കൂട്ടരുടെ പിറകെ നാം പോകരുത്. പിശാചില്ലെന്നല്ല. പിശാചുമുണ്ട്, പൈശാചിക പ്രവണതകളുമുണ്ട്. അതുകൊണ്ടാണല്ലോ എല്ലാ മനുഷ്യരും നന്മയ്ക്കു പകരം തിന്മ ചെയ്യുന്നതും നന്മയുടെ വിളനിലമാകേണ്ട പവിത്രമായ കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നത്. അധര്‍മ്മം വര്‍ദ്ധിക്കുന്നതിനാല്‍ പലരുടെയും സ്നേഹം തണുത്തുപോകും (മത്താ 24:12). ഈ അധര്‍മ്മം വിതക്കുന്നത് അഥവാ വര്‍ദ്ധിപ്പിക്കുന്നത് പിശാചാണ്. എന്നാല്‍ ജീവിതത്തിലുണ്ടാകുന്ന അനര്‍ത്ഥങ്ങളെല്ലാം പൈശാചികമാണെന്നു പറയുന്നത് ശരിയല്ല. മനുഷ്യനിലുള്ള സ്വാഭാവിക പ്രവണതകളെ നാം മറക്കരുത്. മനുഷ്യന്‍റെ വിവേകവും വിശ്വാസവുമാണ് അവനെ നയിക്കേണ്ടത്. അതു പരിശുദ്ധാത്മാവു നല്കുന്നതാണ്. ചില സഹനങ്ങളിലൂടെ നാം കടന്നു പോകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെങ്കില്‍ അതു പൈശാചികമാണെന്നു പറയാന്‍ പാടില്ല. ഒരുപക്ഷെ, അതൊരു രോഗമായിരിക്കാം, ഒരു കടബാധ്യതയായിരിക്കാം, ഏതെങ്കിലും കഷ്ടനഷ്ടമായിരിക്കാം. ദൈവത്തിലാശ്രയിച്ച് പല തരത്തിലുള്ള പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ടു പോകുന്നതാണ് യഥാര്‍ത്ഥ ക്രൈസ്തവ വിശ്വാസജീവിതം. അതു പ്രത്യാശയിലുള്ള ജീവിതമാണ്, സ്നേഹാധിഷ്ഠിത ജീവിതമാണ്, അത് ദൈവഹിതമറിഞ്ഞുള്ള ജീവിതമാണ്. അതായത് ദൈവിക പുണ്യങ്ങളില്‍ പദമൂന്നിയ ജീവിതം. നേരെ മറിച്ച് ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം പൈശാചികമാണെന്നും കൂടോത്രമാണെന്നും ക്ഷുദ്രപ്രയോഗമാണെന്നുമൊക്കെ പറഞ്ഞാല്‍ ബലഹീനരായ ജനങ്ങള്‍ എളുപ്പത്തില്‍ വിശ്വസിക്കും. ഇന്ന് എല്ലാം പൈശാചികമാണെന്നു പറയുന്നതാണ് ജനങ്ങള്‍ക്കും ഇഷ്ടം. ഇത്തരത്തില്‍ മനുഷ്യരെ അന്ധവിശ്വാസികളാക്കാന്‍ എളുപ്പമാണ്.

ഇന്നു മനുഷ്യന്‍ ഒരു പരിധിവരെ വികാരങ്ങളുടെ തലത്തില്‍ മാത്രം ജീവിക്കുന്നവരാണ്. വിശ്വാസം വികാരങ്ങള്‍ക്കു വഴിമാറിക്കൊടുക്കുന്ന ജീവിതം, അല്ലെങ്കില്‍ വികാരങ്ങള്‍ക്കു വേണ്ടി വിശ്വാസത്തെ മാറ്റി വയ്ക്കുന്ന ജീവിതം. അതുകൊണ്ടുതന്നെയാണ് ധ്യാനകേന്ദ്രങ്ങളില്‍ വൈകാരികമായി ഉണര്‍ത്തപ്പെടുമ്പോള്‍ ഉണര്‍വ്വുണ്ടാകുകയും ധ്യാനം കഴിഞ്ഞ് ഏതാനും നാളുകള്‍ കഴിയുമ്പോള്‍ ആ വൈകാരികഭാവം നഷ്ടമാകുകയും ചെയ്യുന്നത്. ഈ ഉണര്‍വ്വ് ഒരു വ്യക്തിയെ ആത്മീയമായോ വിശ്വാസപരമായോ വളര്‍ത്തണമെന്നു നിര്‍ബന്ധമില്ല. ചിലപ്പോള്‍ ചിലര്‍ക്ക് അതു സഹായകമായേക്കാം.

ധ്യാനകേന്ദ്രങ്ങള്‍ വൈകാരികതയെക്കാള്‍ കൂടുതല്‍ വിശ്വാസതലത്തില്‍ ജനങ്ങളെ വളര്‍ത്താനാണ് പരിശ്രമിക്കേണ്ടത്. വൈകാരികതയില്‍ നിന്നുയര്‍ന്ന് വിശ്വാസത്തിലേക്ക് ഒരാള്‍ വളരുമ്പോഴാണ് ധ്യാനത്തിന് യഥാര്‍ത്ഥ ഫലമുണ്ടാകുന്നത്. വൈകാരിക ഭാവങ്ങള്‍ ക്ഷണികമാണ്. വിശ്വാസമാണ് നിലനില്ക്കുന്നത് അഥവാ നിലനില്ക്കേണ്ടത്. വിശ്വാസമുള്ള വ്യക്തിക്ക് ഏതു ജീവിത സാഹചര്യങ്ങളോടും പൊരുത്തപ്പെടാന്‍ കഴിയും. ദൈവത്തിലാശ്രയിച്ചു മുന്നോട്ടു നീങ്ങാന്‍ കഴിയും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org